ജന്മദേശം അന്യമാകുന്നവര്‍
(അസമിലെ പൗരത്വ നിഷേധം: വംശവെറിയാല്‍ വിസ്മരിക്കപ്പെടുന്ന ചരിത്ര സത്യങ്ങളും വര്‍ത്തമാന ദുരന്തവും-2)
അസമിലെ 3.9 കോടിയോളം വരുന്ന ജനങ്ങളുടെ രേഖകള്‍ പരിശോധിച്ച് പൗരത്വം സ്ഥിരീകരിക്കുന്ന ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പ്രക്രിയ മഹത്തായ യജ്ഞം തന്നെ. എന്നാല്‍ ഇതിന് പര്യാപ്തമായ സന്നാഹങ്ങള്‍ സജ്ജീകരിക്കപ്പെടുകയുണ്ടായോ? മതിയായ രേഖകള്‍ നല്‍കിയിട്ടും കാരണങ്ങളില്ലാതെ അവ നിരാകരിക്കുന്ന ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന ട്രൈബ്യൂണലുകളില്‍നിന്ന് നീതി പ്രതീക്ഷിക്കാനാകുമോ? കലാപങ്ങളും വെള്ളപ്പൊക്കവും ശിഥിലമാക്കിയ അനേകായിരം കുടുംബങ്ങള്‍ക്ക് യഥാസമയം താമസരേഖകള്‍ നല്‍കാനാകുമോ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഇല്ല എന്നുതന്നെയാണ് ഉത്തരം. സ്വന്തം മണ്ണില്‍ ഇടം നഷ്ടപ്പെട്ട് പുറത്താക്കപ്പെടാനിരിക്കുന്ന ജനലക്ഷങ്ങള്‍ അഭിമുഖീകരിക്കാനിരിക്കുന്ന പ്രതിസന്ധികളുടെ വ്യാപ്തി ഇപ്പോള്‍ പ്രവചിക്കാനാകില്ല.
പൗരത്വ രജിസ്റ്ററിന്റെ പശ്ചാത്തലം
അസം സമാധാന കരാര്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായി വിവിധ നടപടികള്‍ കൂടിയാലോചിക്കുന്നതിന് 2005 മെയ് അഞ്ചിന് ന്യൂദല്‍ഹിയില്‍ പ്രത്യേക യോഗം സംഘടിപ്പിക്കപ്പെടുകയുണ്ടായി. അസു (ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍) പ്രതിനിധികളും അസം ഗവണ്‍മെന്റിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും പ്രതിനിധികളുമാണ് പ്രസ്തുത യോഗത്തില്‍ സംബന്ധിച്ചത്. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) പരിഷ്‌കരിക്കണമെന്ന നിര്‍ദേശം ഈ യോഗത്തില്‍ അംഗീകരിക്കപ്പെട്ടു.
അസമിലെ ബഹുസഹസ്രം ജനങ്ങളുടെ പൗരത്വ രേഖകള്‍ പരിശോധിച്ച് പൗരത്വം സ്ഥിരീകരിക്കുന്ന വന്‍ പ്രോജക്ട് ആയിരുന്നു അത്. പദ്ധതി നടപ്പാക്കാന്‍ വേണ്ട വ്യവസ്ഥകളും ചട്ടവട്ടങ്ങളും ആവിഷ്‌കരിക്കാന്‍ ഡോ. ഭൂമിധര്‍ ദോമന്‍ അധ്യക്ഷനായി ഒരു കാബിനറ്റ് സബ് കമ്മിറ്റിക്കു രൂപം നല്‍കി. ഈ സമിതി തയാറാക്കിയ വ്യവസ്ഥകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും അത് 2008-ല്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ വ്യവസ്ഥകളെ ആധാരമാക്കിയായിരുന്നു പൗരത്വ രജിസ്‌ട്രേഷന്റെ പ്രാരംഭ പ്രക്രിയക്ക് 2010 ജൂണില്‍ ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറല്‍ ഉത്തരവിട്ടത്. രണ്ട് സര്‍ക്കിളുകളില്‍ പൗരത്വ രജിസ്റ്റര്‍ പരിഷ്‌കരിക്കുന്ന പൈലറ്റ് പ്രോജക്ടിനായിരുന്നു ഉത്തരവ്. ബാര്‍പേട്ട ജില്ലയിലെ ബാര്‍പേട്ട, കാംരൂപ് ജില്ലയിലെ ചായ് ഗാവോന്‍ എന്നിവയാണ് ആ സര്‍ക്കിളുകള്‍. എന്നാല്‍ സുതാര്യമല്ലാത്ത വ്യവസ്ഥകളോടെ ആരംഭിച്ച രജിസ്‌ട്രേഷന്‍ പ്രക്രിയ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ആള്‍ അസം മൈനോരിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ ഇതിനെതിരെ പ്രതിഷേധറാലി സംഘടിപ്പിക്കുകയും ചെയ്തു. 2010 ജൂലൈ 21-ന് പ്രകടനക്കാര്‍ക്കു നേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അതോടെ ആ പൈലറ്റ് പ്രോജക്ട് ഉപേക്ഷിക്കപ്പെട്ടു. പിന്നീട് നിലവില്‍വന്ന കാബിനറ്റ് വ്യവസ്ഥകള്‍ നേരിയ തോതില്‍ ലഘൂകരിച്ച് പുതിയ ഉപാധികളോടെ 2014 നവംബറില്‍ കേന്ദ്രം പുതിയ ഉത്തരവ് പ്രഖ്യാപിച്ചതോടെയാണ് ഇപ്പോഴത്തെ എന്‍.ആര്‍.സി പ്രക്രിയക്ക് തുടക്കം കുറിച്ചത്. 2015-ല്‍ കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗോഗോയ് മുഖ്യമന്ത്രി ആയിരിക്കെയാണ് പദ്ധതി നടപ്പാക്കലിന് ഔപചാരിക തുടക്കമായത്. 2016-ല്‍ അസമില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറിയതോടെ പൗരത്വ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഗതിവേഗം വര്‍ധിച്ചു. പദ്ധതി പെട്ടെന്ന് നടപ്പാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്നതായിരുന്നു ബി.ജെ.പിയുടെ ഉന്നം. പരമാവധി ആളുകളെ പൗരത്വ പട്ടികയില്‍നിന്ന് പുറത്താക്കുകയാണ് അവര്‍ക്കു വേണ്ടിയിരുന്നത്. അതിനായി അവര്‍ പക്ഷപാതിത്വം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി. സാങ്കേതിക പിഴവുകള്‍, അക്ഷരത്തെറ്റുകള്‍ എന്നിവയുടെ പേരില്‍ പോലും അവര്‍ പൗരത്വ രേഖകള്‍ തള്ളിക്കളഞ്ഞു. സംശയം ഉണ്ടെന്നു കാണിച്ച് പലരെയും ഡി-വോട്ടര്‍മാരായി തരംതാഴ്ത്തി.
തടങ്കല്‍ പാളയങ്ങള്‍
വേണ്ടത്ര രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് വിദേശികളായി ട്രൈബ്യൂണല്‍ തീര്‍പ്പു പ്രഖ്യാപിച്ചവരെ നാടുകടത്തുന്നതുവരെ പാര്‍പ്പിക്കാന്‍ അസം ഗവണ്‍മെന്റ് പ്രത്യേക ഡിറ്റക്ഷന്‍ ക്യാമ്പുകള്‍ സ്ഥാപിക്കുകയുണ്ടായി. ഇവ യഥാര്‍ഥത്തില്‍ ജയിലുകള്‍ തന്നെയായിരുന്നെന്ന് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഗോല്‍പാറ, കോക്രജാര്‍, സില്‍ചാര്‍, ജോര്‍ഹട്ട്, ദിബ്രുഗഢ്, തേസ്പൂര്‍ എന്നിവിടങ്ങൡലാണ് പ്രധാനമായും ഇത്തരം തടവുകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങളാണ് ഇവിടെ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന അന്തേവാസികളില്‍ ബഹുഭൂരിപക്ഷവും. വിവരശേഖരണത്തിനു വേണ്ട ചെലവ് വഹിക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് വിദേശി മുദ്രയെ നിയമപരമായി ചോദ്യം ചെയ്യാന്‍ സാധ്യമാകുന്നില്ല. അതേ വിധികളില്‍ പലരെയും ഇതിനകം സംസ്ഥാനത്തുനിന്ന് പുറത്താക്കിയതായി ഗതാഗതമന്ത്രി ഈയിടെ വ്യക്തമാക്കിയിരുന്നു. ക്ലേശഭരിതമാണ് തടങ്കല്‍ ക്യാമ്പിലെ അന്തേവാസികളുടെ ജീവിതം. കൃത്യസമയത്ത് അവര്‍ക്ക് ഭക്ഷണം ലഭ്യമാകാറില്ല. കൂടിയിരുന്ന് സംഭാഷണം നടത്താനോ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ ഉള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഉറങ്ങാനും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള സൗകര്യങ്ങളും പരിമിതം.
മറയില്ലാത്ത ഇരട്ടത്താപ്പ്
പൗരത്വ നിഷേധ കേസുകള്‍ സുപ്രീം കോടതിയിലെത്തിയപ്പോള്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ പകല്‍വെട്ടം പോലെ തെളിഞ്ഞ പക്ഷപാതം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു രംഗപ്രവേശം ചെയ്തത്. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ അഭയം തേടിയ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം അനുവദിക്കാമെന്ന് അസമിലെ പൗരത്വ രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഇതുസംബന്ധമായി പ്രത്യേക പൗരത്വ ഭേദഗതി വരെ ഒന്നാം മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കി. സി.പി.എം, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല ബി.ജെ.പിയുടെ സഖ്യകക്ഷികളും ബില്ലിനെ ശക്തമായി എതിര്‍ക്കുകയുണ്ടായി. 1955-ലെ പൗരത്വ ബില്‍ ഭേദഗതി വരുത്തിയാണ് പൗരത്വ ഭേദഗതി ബില്‍ 2019 അന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സഭയില്‍ അവതരിപ്പിച്ചത്. 2014-നു മുമ്പ് ഇന്ത്യയില്‍ താമസിച്ചുവരുന്ന മുസ്‌ലിംകളല്ലാത്ത അയല്‍ദേശക്കാര്‍ക്ക് പൗരത്വം അനുവദിക്കാനുള്ള ഈ നീക്കം ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. രേഖകളില്ലാതെ ആറുവര്‍ഷമായി കഴിയുന്നവരെപോലും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നഗ്നമായ അവകാശലംഘനങ്ങള്‍
ന്യൂനപക്ഷങ്ങളെ എത്രയും വേഗം സംസ്ഥാനത്തുനിന്നും രാജ്യത്തുനിന്നും പുറത്താക്കാന്‍ വെമ്പല്‍കൊള്ളുന്ന സര്‍ക്കാര്‍ നേരത്തേതന്നെ നടത്തിയ ചില കുടിയൊഴിപ്പിക്കലുകള്‍ പച്ചയായ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനെന്ന പേരില്‍ പോലീസിനെ കയറൂരിവിട്ട് നിര്‍ധന വിഭാഗങ്ങളുടെ ഹൗസിംഗ് കോളനികള്‍ നിര്‍ദാക്ഷിണ്യം പൊളിച്ചുമാറ്റിയ അധികൃതര്‍ ഇരകള്‍ക്ക് ചില്ലിക്കാശിന്റെ നഷ്ടപരിഹാരവും വകയിരുത്തുകയുണ്ടായില്ല.
2016-ല്‍ കാസിരംഗ മേഖലയിലെ മൂന്ന് ഗ്രാമങ്ങളില്‍ നടത്തിയ ഓപ്പറേഷനില്‍ രണ്ടുപേര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു. ബന്ദര്‍ദുബി ഗ്രാമത്തില്‍ 198 വീടുകളും ദിയോചറില്‍ 160 വീടുകളും പല്‍ക്കോവയില്‍ 12 വീടുകളും അധികൃതര്‍ പൊളിച്ചുമാറ്റി. ഭൂമിക്ക് പട്ടയം നേടിയവരായിരുന്നു ഇവിടങ്ങളില്‍ താമസിച്ചിരുന്നത്. ഒരുതരത്തിലുള്ള മുന്നറിയിപ്പും നല്‍കാതെ പൊടുന്നനെയായിരുന്നു പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും നടപടികള്‍. ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് താമസിക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുകയോ നഷ്ടപരിഹാരം അനുവദിക്കുകയോ ഉണ്ടായില്ല. ഹോളോയ്കുന്ദ ഗ്രാമത്തില്‍ 261 കുടുംബങ്ങളെ കുടിയിറക്കിയത് ഹൈക്കോടതി ഉത്തരവുകളെ പോലും മറികടന്നായിരുന്നു. മുന്‍ സര്‍ക്കാര്‍ ഇവിടെ ഭൂമി ഏറ്റെടുത്തിരുന്നതായി അവകാശപ്പെട്ടാണ് നിലവിലെ സര്‍ക്കാര്‍ ഇവിടെനിന്ന് ജനങ്ങളെ ഒഴിപ്പിച്ചത്. എന്നാല്‍ നടപടിക്കു മുമ്പേ ഗ്രാമത്തിലെ താമസക്കാര്‍ക്ക് ഒരുവിധത്തിലുള്ള നോട്ടീസോ അറിയിപ്പോ അധികൃതര്‍ നല്‍കിയിരുന്നില്ല. രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് മാത്രമായിരിക്കണം ഇത്തരം ഭൂമി ഏറ്റെടുക്കല്‍ നടക്കേണ്ടതെന്ന് ഹൈക്കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ ആയുധധാരികളായ പോലീസുകാര്‍, സി.ആര്‍.പി.എഫ് ജവാന്മാര്‍ എന്നിവരുടെ അകമ്പടിയോടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഗ്രാമീണരുടെ വീടുകള്‍ ഇടിച്ചുനിരത്തുകയായിരുന്നു. ഒടുവില്‍ സ്വന്തം വീടുകള്‍ ഗ്രാമീണര്‍ തന്നെ പൊളിച്ചുനീക്കിയെന്ന വ്യാജ റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ തയാറാക്കുകയുണ്ടായി. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കടുത്ത തണുപ്പുകാലങ്ങളില്‍ പോലും അധികൃതര്‍ ഇത്തരം കുടിയൊഴിപ്പിക്കലുകള്‍ നടത്തിവരുന്നു. വീട് നഷ്ടമാകുന്നവര്‍ക്ക് താല്‍ക്കാലിക താമസത്തിനായി പോലും ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനോ പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കാനോ നഷ്ടപരിഹാരം നല്‍കാനോ അധികൃതര്‍ തയാറാകാറില്ല. പിഞ്ചുകുട്ടികളും വൃദ്ധരും ഉള്‍പ്പെടെ കൊടും തണുപ്പിലേക്ക് വലിച്ചെറിയപ്പെടുന്ന ദുരവസ്ഥയാണ് ആവര്‍ത്തിക്കപ്പെടുന്നത്. ഇത്തരമൊരു ഒഴിപ്പിക്കലിനെ തുടര്‍ന്ന് ഫുര്‍ഹാരത ഗ്രാമത്തില്‍ മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിന് ജീവഹാനി വരെ സംഭവിച്ച ദാരുണ സ്ഥിതിവിശേഷവും ഉണ്ടായി.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം അസമില്‍ 2534 ഗ്രാമങ്ങളെയാണ് നദികള്‍ വിഴുങ്ങിയത്. വെള്ളപ്പൊക്കകാലത്ത് കരകവിഞ്ഞൊഴുകുന്ന ബ്രഹ്മപുത്രയും പോഷകനദികളും ഗ്രാമങ്ങളെയും ഗ്രാമീണരെയും തകര്‍ത്തെറിയുന്നു. 1951-നു ശേഷം ഏഴു ലക്ഷം ഹെക്ടര്‍ ഭൂമിയാണ് ഒഴുകിപ്പോയത്. സംസ്ഥാനത്തിന്റെ 40.16 ശതമാനം ഭൂമിയും വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളായി ദേശീയ പ്രളയ കമീഷന്‍ നേരത്തേ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. സംസ്ഥാനത്തെ 253 ഗ്രാമങ്ങളും 8093 ഹെക്ടര്‍ ഭൂമിയും ഉരുള്‍പൊട്ടല്‍-മണ്ണൊലിപ്പ് ഭീഷണിയിലാണ്. ഓരോ വര്‍ഷവും 253 ഗ്രാമങ്ങള്‍ വീതമാണ് മണ്ണൊലിപ്പിന്റെ ഭീഷണിയില്‍ ചെന്നു വീഴുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ളപ്പൊക്കം അസമില്‍ അനേകരെ ഭവനരഹിതരാക്കുന്നു. സ്ഥിരവാസം അസാധ്യമാക്കുന്നു. മണിപ്പൂര്‍, മിസോറാം തുടങ്ങിയ ഹൈറേഞ്ച് സംസ്ഥാനങ്ങളിലെ മഴവെള്ളവും അസമിലേക്കൊഴുകി പ്രളയനില രൂക്ഷമാക്കുന്നത് പതിവാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന മുറവിളികള്‍ അവഗണിക്കുകയാണ് അധികാരികള്‍. വെള്ളപ്പൊക്കങ്ങളില്‍ രേഖകളടക്കം സര്‍വസ്വവും നഷ്ടപ്പെടുന്നവര്‍ക്ക് അധികൃതര്‍ക്കു മുമ്പാകെ പൗരത്വ സ്ഥിരീകരണത്തിനായി എങ്ങനെ രേഖകള്‍ സമര്‍പ്പിക്കാനാകും? വെള്ളപ്പൊക്കത്തിലും കലാപത്തിലും രേഖകള്‍ നശിപ്പിക്കപ്പെടുന്ന ഇരകളോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത് എത്രമാത്രം അധാര്‍മികവും ബുദ്ധിശൂന്യവുമാണ്!
നടുക്കുന്ന അനുഭവങ്ങള്‍
ഗോല്‍പാറയിലെ ദമ്പതികളാണ് ശംസുല്‍ ഹഖും സെസ്മിന ബീഗവും. താമസിക്കുന്നത് ഒരു കൊച്ചു കൂരയില്‍. ശംസുല്‍ ഹഖ് ട്രക്ക് ഡ്രൈവറായി ഉപജീവനം നടത്തിവരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ ദമ്പതികള്‍ ഡി-വോട്ടര്‍മാരായി മാറിയിരിക്കുന്നു. ഇപ്പോഴവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദമില്ല. എന്തുകൊണ്ട് ഡി-വോട്ടറായി എന്നറിയാനുള്ള മാര്‍ഗവും മുമ്പിലില്ല. രേഖകള്‍ക്കു വേണ്ടിയോ ഐഡന്റിറ്റി കാര്‍ഡിനു വേണ്ടിയോ ഉള്ള അന്വേഷണങ്ങളുടെ അറിയിപ്പൊന്നും അവര്‍ക്ക് ലഭിച്ചിരുന്നുമില്ല. അറിയിപ്പുകള്‍ കൈമാറാന്‍ ചുമതലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം വരുത്തിയ വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്ന് പല കേസുകളും വ്യക്തമാക്കുന്നു. പോലീസുകാരുടെ മുസ്‌ലിം വിരുദ്ധ മനോനിലയെ സംബന്ധിച്ച് വസ്തുതാന്വേഷണ സംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിക്കുകയുണ്ടായി.
54-ാം വയസ്സില്‍ 'വിദേശി' ആയി പ്രഖ്യാപിക്കപ്പെട്ട അസംകാരിയാണ് ജൊയ്ഗുലുന്നിസ. 2010-ലാണ് അവര്‍ പരദേശിയായി പ്രഖ്യാപിക്കപ്പെട്ടത്. ആവശ്യമായ രേഖകള്‍ മുഴുക്കെ സമര്‍പ്പിച്ചിട്ടും ഉദ്യോഗസ്ഥര്‍ അത് മുഖവിലക്കെടുത്തില്ല. രണ്ടു വര്‍ഷക്കാലം അവരെ തടവില്‍ പാര്‍പ്പിച്ചു. ജയിലില്‍വെച്ച് രോഗിയായതിനെ തുടര്‍ന്ന് അവസാനം ആശുപത്രിയിലേക്കു മാറ്റി. 10 ദിവസം ചികിത്സ കഴിഞ്ഞ ശേഷവും രോഗശമനമുണ്ടായില്ല. തുടര്‍ന്ന് അവരെ സ്വന്തം വസതിയിലേക്കു തന്നെ മടക്കിയയച്ചു. ഉടനെ ആ സ്ത്രീ മരണമടയുകയും ചെയ്തു. ഖദീജ എന്ന 66 -കാരിയും സമാനമായ ദുരനുഭവം നേരിടുകയുണ്ടായി. 14 പേരക്കിടാങ്ങളുള്ള മുത്തശ്ശിയാണവര്‍. വര്‍ഷങ്ങളായി കത്രവാനിലാണ് താമസം. ഒരു ദിവസം രാത്രിയില്‍ ഒരു സംഘം പോലീസുകാര്‍ അവരുടെ വീട്ടില്‍ വന്നു കയറി പരിഭ്രാന്തി സൃഷ്ടിച്ച ശേഷം അവരെ അറസ്റ്റു ചെയ്തുകൊണ്ടുപോയി. അവര്‍ വിദേശപൗരയാണെന്നായിരുന്നു പോലീസുകാരുടെ പ്രഖ്യാപനം. അവരെ സംബന്ധിച്ച വിവരങ്ങള്‍ക്കായി വസ്തുതാന്വേഷണ സംഘം ബന്ധുക്കളെ സമീപിച്ചപ്പോള്‍ അവര്‍ അത്യധികം ഭയപ്പെട്ടിരുന്നതായി മനസ്സിലാക്കാന്‍ സാധിച്ചു. പോലീസുകാര്‍ വേഷം മാറി എത്തിയതാണോ എന്നതായിരുന്നു അവരുടെ ആശങ്ക. കുഴപ്പക്കാരല്ലെന്ന് ബോധ്യപ്പെട്ട ശേഷമാണ് സംസാരിക്കാന്‍ ആ കുടുംബം തയാറായത്.
നിഗമനങ്ങള്‍
വസ്തുതാന്വേഷണ സംഘാംഗമായി അസമില്‍ നടത്തിയ പര്യടനങ്ങള്‍ക്കൊടുവില്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ വായനക്കാരുമായി പങ്കുവെക്കാം:
- വംശീയ സ്വത്വങ്ങള്‍ പരിഗണിക്കാതെ മുഴുവന്‍ പൗരന്മാരെയും വിശ്വാസത്തിലെടുത്തുകൊണ്ടാകണമായിരുന്നു എന്‍.ആര്‍.സി പരിഷ്‌കരണം. പദ്ധതി നടപ്പാക്കാന്‍ അനുവദിച്ച സമയം തീര്‍ത്തും അപര്യാപ്തമായിരുന്നു.
- നിയമ പരിജ്ഞാനമില്ലായ്മയും നിരക്ഷരതയുമാണ് വലിയൊരു പറ്റം ജനസഞ്ചയത്തെ ഡി-വോട്ടര്‍മാരായി മുദ്രയടിക്കാന്‍ കാരണമായത്. നിരക്ഷരത മൂലം സംഭവിച്ച നിസ്സാര പിഴവുകള്‍ പോലും മാരക ഭവിഷ്യത്തുകള്‍ക്ക് നിമിത്തമായി.
- പദ്ധതിയുടെ സര്‍വ ഘട്ടങ്ങൡലും സുതാര്യതയുടെ അഭാവം മുഴച്ചുനിന്നു. വിദേശികളായി തീര്‍പ്പു കല്‍പ്പിക്കുന്ന ട്രൈബ്യൂണലിലെ പോലീസുകാര്‍ മുതല്‍ ജഡ്ജിമാര്‍ വരെ പക്ഷപാതപരമായാണ് പെരുമാറുന്നത്. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയിട്ടും മുസ്‌ലിം വോട്ടര്‍മാരെ ഒറ്റ ശ്വാസത്തിന് വിദേശികളായി പ്രഖ്യാപിച്ച നിരവധി സംഭവങ്ങള്‍ അസമില്‍ അരങ്ങേറി.
- പൊതുജനങ്ങള്‍ക്കിടയിലും ന്യൂനപക്ഷ സമുദായത്തിലും പ്രശ്‌നങ്ങളെ സംബന്ധിച്ച് നിലനില്‍ക്കുന്ന അവബോധമില്ലായ്മ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു.
- പ്രശ്‌നങ്ങളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പൊതുവേദികളില്‍ ഉന്നയിക്കുന്നതില്‍ മുസ്‌ലിം സംഘടനകള്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരാജയപ്പെട്ടിരിക്കുന്നു. ഇത് മുസ്‌ലിംകള്‍ക്കിടയിലെ ഭയാശങ്കകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
- മുസ്‌ലിം കുടുംബങ്ങള്‍ നദികളുടെ താഴ്‌വാരത്താണ് കൂടുതലായും പാര്‍ത്തുവരുന്നത്. ബ്രഹ്മപുത്ര നദിയുടെ കരകവിഞ്ഞൊഴുകല്‍, ആവര്‍ത്തിക്കുന്ന വെള്ളപ്പൊക്കം തുടങ്ങിയവ ഇടക്കിടെ താമസം മാറ്റാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. അതിനാല്‍ അവര്‍ ഹാജരാക്കുന്ന താമസരേഖകള്‍ സംശയജനകമായി ഉദ്യോഗസ്ഥര്‍ക്കനുഭവപ്പെടുന്നു.
- ശോചനീയമായ ജീവിത സാഹചര്യങ്ങളാണ് തടവുക്യാമ്പുകളില്‍ നിലനില്‍ക്കുന്നത്.
- പൗരത്വ രജിസ്റ്റര്‍ നടപടികള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉളവാക്കിയ പരിഭ്രാന്തി മുതലെടുത്ത് വര്‍ഗീയ ലഹളകള്‍ സൃഷ്ടിച്ച് അവരെ ആട്ടിയിറക്കാനും കശാപ്പിനിരയാക്കാനും ഫാഷിസ്റ്റ് ശക്തികള്‍ മുതിര്‍ന്നേക്കുമെന്ന ആശങ്കയും ശക്തമായിക്കൊണ്ടിരിക്കുന്നു.
(അവസാനിച്ചു)
വിവ: വി.പി.എ അസീസ്
Comments