പെരുംനുണയന്മാര്‍ ഒന്നിക്കുന്നു
ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഒരിടത്തും എത്തിക്കാനാവാതെ തെരേസ മെയ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വവും ബ്രിട്ടീഷ് പ്രധാനമന്ത്രി പദവും ഒഴിഞ്ഞപ്പോള്‍, പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അമ്പത്തിയഞ്ചുകാരനായ ബോറിസ് ജോണ്‍സണ്‍. അദ്ദേഹം തന്നെയാണ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയും. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ ജോണ്‍സണ്‍ നേടിയത് 92,153 വോട്ടുകള്‍. തൊട്ടടുത്ത എതിരാളിയും നിലവിലെ വിദേശകാര്യ സെക്രട്ടറിയുമായ ജെറമി ഹണ്ടിന് 46,656 വോട്ട് മാത്രമേ നേടാനായുള്ളൂ. അതായത് ജോണ്‍സണ്‍ നേടിയ വോട്ടിന്റെ പകുതി മാത്രം. ബോറിസ് ജോണ്‍സന്റെ കഴിഞ്ഞകാലം ചികയാന്‍ പോയാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ കഷ്ടമാണ്. ഒരു കാര്യത്തിലും ഒരു സ്ഥിരതയുമില്ല. നുണ പറയാന്‍ യാതൊരു മടിയുമില്ല. പലതരം ജോലികളും ചെയ്തുനോക്കിയിട്ടുണ്ട്. അതില്‍ പത്രപ്രവര്‍ത്തനവും നോവലെഴുത്തും വരെ പെടും. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതിലാണ് സാമര്‍ഥ്യം. ഇദ്ദേഹത്തെപ്പോലുള്ളവരുടെ പത്രപ്രവര്‍ത്തനമാണ് തൊണ്ണൂറുകള്‍ക്കു ശേഷം യൂറോപ്യന്‍ സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ ആഴത്തില്‍ വേരോടാന്‍ ഒരു കാരണമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ജോണ്‍സന്റെ കുടുംബവേരുകള്‍ തേടിപ്പോയാല്‍ അദ്ദേഹത്തിന്റെ അപ്പൂപ്പന്മാരിലൊരാള്‍ തുര്‍ക്കി വംശജനും മുസ്‌ലിമുമായ അലി കമാല്‍ ബക് ആണെന്ന് കണ്ടെത്താന്‍ കഴിയും. എന്നുവെച്ച് ഇസ്‌ലാമിനോടോ മുസ്‌ലിംകളോടോ അദ്ദേഹത്തിന് എന്തെങ്കിലും മമത ഉള്ളതായി ധരിക്കരുത്. പക്കാ സയണിസ്റ്റും ഇസ്‌ലാമോഫോബുമാണ് കക്ഷി. ഏറ്റവും ഇഷ്ടം ഇസ്രയേലിനോടാണത്രെ. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കഠിനമായി ഭര്‍ത്സിച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇസ്‌ലാം തീര്‍ത്തും അന്യമായ ആശയമാണെന്നും ഒരാകര്‍ഷകത്വവും അതിനില്ലെന്നുമായിരുന്നു ഒരിക്കല്‍ എഴുതിയത്. ബുര്‍ഖ ധരിച്ച സ്ത്രീകളെ കണ്ടാല്‍ ബാങ്ക് കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിക്കുമെന്നും മറ്റൊരിക്കല്‍ പരിഹസിച്ചു. നിഖാബ് ധരിക്കുന്നവര്‍ 'കത്തുപെട്ടികള്‍' ആണെന്നായിരുന്നു മറ്റൊരു പരിഹാസം. ആഫ്രിക്കന്‍ വംശജരെ 'പിക്കാനിനീസ്' ('നീഗ്രോ'പോലുള്ള ആക്ഷേപ വാക്ക്) എന്നും വിളിച്ചു.
മുമ്പു മുതല്‍ക്കേ കള്ളങ്ങള്‍ പറഞ്ഞാണ് ശീലം. കുറ്റബോധം ഒട്ടുമില്ല. 'ധാര്‍മികതയും ആദര്‍ശവും വളരെ കമ്മിയായ ഒരാളെയാണ് നമുക്ക് പ്രധാനമന്ത്രിയായി കിട്ടിയിരിക്കുന്നത്' എന്ന ഒരു ബ്രിട്ടീഷുകാരന്റെ വര്‍ത്തമാനം വളരെ ശരിയാണ്. പാര്‍ട്ടിയില്‍ ഉന്നത സ്ഥാനത്തെത്തിയത് പലരെയും കുതികാല്‍വെട്ടിയും മുതിര്‍ന്ന നേതാക്കളെ കുഴികളില്‍ ചാടിച്ചും. ബ്രെക്‌സിറ്റ് ചുഴിയില്‍ പെട്ടാണല്ലോ പ്രധാനമന്ത്രിമാരായിരുന്ന ഡേവിഡ് കാമറൂണിനും തെരേസ മെയ്ക്കും രാജിവെച്ചൊഴിയേണ്ടിവന്നത്. ജോണ്‍സനെപ്പോലുള്ള രണ്ടാം നിര നേതാക്കള്‍ മനപ്പൂര്‍വം ഉണ്ടാക്കിയ രാഷ്ട്രീയച്ചുഴിയില്‍ ഇവര്‍ പെടുകയാണത്രെ ഉണ്ടായത്. കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായി നിലകൊള്ളുക എന്നതായിരുന്നു അവരുടെ തന്ത്രം. യഥാര്‍ഥത്തില്‍, ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോകുന്നതിനെ അനുകൂലിക്കുന്ന ആളല്ല ജോണ്‍സണ്‍. പാര്‍ട്ടിയിലെ എതിരാളികള്‍ക്കെതിരെ അതൊരു ആയുധമായി പ്രയോഗിക്കുകയായിരുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകനുമാണ് കക്ഷി. താന്‍ അധികാരമേറ്റാല്‍ ആദ്യം ചര്‍ച്ച നടത്തുന്നത് ട്രംപുമായിട്ടായിരിക്കും എന്നും പറഞ്ഞിട്ടുണ്ട്. അതിനാല്‍ ട്രംപ്-ജോണ്‍സണ്‍ കൂട്ടുകെട്ടില്‍നിന്ന് നുണകളുടെ പൊടിപൂരം തന്നെ പ്രതീക്ഷിക്കാം. അത് ജൂനിയര്‍ ബുഷ്-ടോണി ബ്ലെയര്‍ ടീമിന്റെ നുണകളെ വെല്ലുന്ന തരത്തിലുമായിരിക്കും. സദ്ദാം ഹുസൈന്‍ അതിമാരകമായ രാസായുധങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് പച്ചക്കള്ളം പറഞ്ഞായിരുന്നല്ലോ ബുഷ്-ബ്ലെയര്‍ കൂട്ടുകെട്ട് ഇറാഖിനെ തകര്‍ത്തു കളഞ്ഞത്. ഇര(കള്‍)ക്ക് മാത്രമേ മാറ്റമുണ്ടാവുകയുള്ളൂ. ആ നുണകളെ യഥാസമയം പൊളിച്ചടുക്കിയില്ലെങ്കില്‍, ലോകം അതിന് കൊടുക്കേണ്ട വില വളരെ വലുതായിരിക്കും.
Comments