Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 02

3112

1440 ദുല്‍ഖഅദ് 29

വംശവെറിയില്‍ വേരു പടര്‍ത്തിയ നവനാസ്തികത

ടി.കെ.എം ഇഖ്ബാല്‍

പടിഞ്ഞാറന്‍ നവനാസ്തികതയുടെ (New Atheism)  പ്രവാചകന്മാരായി അറിയപ്പെടുന്നവരാണ് റിച്ചാര്‍ഡ് ഡോക്കിന്‍സ് (Richard Dawkins), സാം ഹാരിസ് (Sam Harris), ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് (Christopher Hitchens), ഡാനിയല്‍ ഡെന്നറ്റ് (Daniel Dennet) എന്നീ നാല്‍വര്‍ സംഘം. മതങ്ങളെ, പ്രത്യേകിച്ച് ഇസ്‌ലാമിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള ഇവരുടെ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നതിനു മുമ്പ്, 2007-ല്‍ ഇവരൊന്നിച്ച് നടത്തിയ ഒരു സംഭാഷണം യൂട്യൂബില്‍ പ്രചാരം നേടുകയുണ്ടായി. The Four Horsemen (നാല് കുതിരക്കാര്‍) എന്ന തലക്കെട്ടില്‍ ആ സംഭാഷണം ഈയിടെ പുസ്തകമായി പുറത്തിറങ്ങി.
കമ്യൂണിസത്തോട് ചേര്‍ന്നുനിന്നിരുന്ന ആദ്യകാല നാസ്തികതയില്‍നിന്ന് ജൈവപരിണാമം സംഭവിച്ചിട്ടാണ്, യൂറോപ്പിലെയും അമേരിക്കയിലെയും ഇസ്‌ലാംവിരുദ്ധ തീവ്ര വലതുപക്ഷ ചിന്താഗതികളോട് ഒട്ടിനില്‍ക്കുന്ന നവനാസ്തികത രംഗത്തു വന്നത്. ഇതിന്റെ പ്രതിഫലനങ്ങളാണ് സ്വതന്ത്ര ചിന്തകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, കേരളത്തിലെ യുക്തിവാദികളിലും പ്രകടമാവുന്നത്. ഡോക്കിന്‍സിന്റെ God Delusion എന്ന പുസ്തകം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ പ്രമുഖ യുക്തിവാദി ബുദ്ധിജീവി സി. രവിചന്ദ്രന്റെ 'ആനയും ഉറുമ്പും: മൂലധനത്തിന് ഒരാമുഖം' എന്ന തലക്കെട്ടില്‍ യൂട്യൂബില്‍ ലഭ്യമായ പ്രഭാഷണം ഇത് തെളിയിക്കുന്നു. യുക്തിവാദികള്‍ക്ക് സഹജമായ ലളിതയുക്തിയിലൂടെ കൊളോണിയലിസത്തെയും മുതലാളിത്ത കുത്തകകളെയും പച്ചയായി ന്യായീകരിക്കുന്ന ഈ പ്രഭാഷണം സംഘ്പരിവാറിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് പരോക്ഷമായ പിന്തുണ നല്‍കുക കൂടി ചെയ്യുന്നുണ്ട്. കമ്യൂണിസത്തിനും മാര്‍ക്‌സിസത്തിനുമെതിരെ യുക്തിവാദ പക്ഷത്തു നിന്നുള്ള തുറന്ന വിമര്‍ശനം എന്ന പ്രത്യേകതയും ബൗദ്ധിക നിലവാരത്തില്‍ വളരെ താഴ്ന്ന പടിയില്‍ നില്‍ക്കുന്ന ഈ പ്രഭാഷണത്തിനുണ്ട്. കുറച്ചുമുമ്പ്, സംവരണത്തിനെതിരായ രവിചന്ദ്രന്റെ പ്രസ്താവന കേരളത്തില്‍ വിവാദമാവുകയുണ്ടായി. കേരളത്തിലെ യുക്തിവാദി പാളയത്തില്‍ ഇടതു-വലതു ചേരിതിരിവിനും ആശയസംഘര്‍ഷങ്ങള്‍ക്കും വഴിതുറന്നിരിക്കുകയാണ് രവിചന്ദ്രന്റെ നിലപാടുകള്‍.
വലതുപക്ഷ നവനാസ്തികത കേരളത്തിലും ചുവടുറപ്പിക്കുന്നു എന്ന് സൂചിപ്പിക്കാന്‍ മാത്രമാണ് രവിചന്ദ്രനെ പരാമര്‍ശിച്ചത്.
നേരത്തേ പറഞ്ഞ നാല്‍വര്‍ സംഘത്തിലേക്ക് തിരിച്ചുവരാം. അവരെ ബുദ്ധിജീവികള്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ നവനാസ്തികതയുടെ മിഷനറിമാര്‍ എന്ന് വിളിക്കുന്നതാണ് ശരി. കടുത്ത ഇസ്‌ലാംവിരുദ്ധതയാണ് നാലു പേരെയും ഒന്നിപ്പിക്കുന്ന ഘടകങ്ങളില്‍ പ്രധാനം. 9/11-നു ശേഷമാണ് നവനാസ്തികത ഒരു പ്രസ്ഥാനമായി യൂറോപ്പിലും അമേരിക്കയിലും രംഗപ്രവേശം ചെയ്യുന്നത് എന്നത് യാദൃഛികമല്ല. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് സാം ഹാരിസ് 2004-ല്‍ The End of Faith  (വിശ്വാസത്തിന്റെ അന്ത്യം) എന്ന പുസ്തകം എഴുതുന്നത്. അതിന് പിറകെ, ഡെന്നറ്റിന്റെ Breaking the Spell  (മായിക വലയം ഭേദിക്കുന്നു) എന്ന കൃതിയും ഡോക്കിന്‍സിന്റെ God Delusion (ദൈവ വിഭ്രാന്തി), ഹിച്ചന്‍സിന്റെ God is not Great (ദൈവം മഹാനല്ല) എന്നീ കൃതികളും പുറത്തുവന്നു. The Four Horsemen  എന്ന പുസ്തകത്തിലെ സംഭാഷണങ്ങളും പില്‍ക്കാലത്ത് അവരുടേതായി പുറത്തു വന്ന പ്രസ്താവനകളും ലേഖനങ്ങളും പ്രഭാഷണങ്ങളും പടിഞ്ഞാറന്‍ തീവ്ര വലതുപക്ഷത്തിന്റെ മുഖമുദ്രയായ വംശവെറിയും ഇസ്‌ലാമോഫോബിയയും പ്രതിഫലിപ്പിക്കുന്നതാണ്. ഇതിന്റെ ഏറ്റവും വൃത്തികെട്ട അനുകരണമാണ് കേരളത്തിലെ യുക്തിവാദികള്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌ലാം/മുസ്‌ലിം വിരുദ്ധ കാമ്പയിന്‍.
ഡോക്കിന്‍സിന്റെ ഇസ്‌ലാമോഫോബിക് കമന്റുകള്‍ പലതവണ വിവാദമായിട്ടുണ്ട്. 2015-ല്‍ അമേരിക്കയിലെ ടെക്‌സസിലെ 'ക്ലോക്ക് ബോയ്' എന്ന് വിളിക്കപ്പെട്ട പതിനാലു വയസ്സുകാരന്‍ അഹ്മദ് മുഹമ്മദ് എന്ന മുസ്‌ലിം വിദ്യാര്‍ഥിയെ ഭീകരവാദവുമായി ബന്ധപ്പെടുത്തി ഡോക്കിന്‍സ് ട്വീറ്റ് ചെയ്തപ്പോള്‍, God Delusion-ന്റെ കര്‍ത്താവ് ഇത്രയും തരംതാണുപോയോ എന്ന വിമര്‍ശനമുയര്‍ന്നു. വീട്ടില്‍ അസംബ്ള്‍ ചെയ്ത ക്ലോക്കുമായി അഹ്മദ് മുഹമ്മദ് സ്‌കൂളില്‍ ചെന്നപ്പോള്‍ ഒരു അധ്യാപിക അത് ബോംബാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും പോലീസ് എത്തി അഹ്മദിനെ അറസ്റ്റ്  ചെയ്യുകയും ചെയ്തതായിരുന്നു സംഭവം. അഹ്മദിനെ നിരപരാധിയെന്നു കണ്ട് വിട്ടയച്ചുവെങ്കിലും പ്രശ്‌നം വന്‍വിവാദമായി. സുഡാനീ വംശജനായ അഹ്മദ് ഇസ്‌ലാമോഫോബിയയുടെയും വംശവെറിയുടെയും ഇരയാണ് എന്ന് വിമര്‍ശനമുയര്‍ന്നു. പ്രസിഡന്റ് ബറാക് ഒബാമവരെ അഹ്മദിനെ അനുകൂലിച്ചുകൊണ്ട് പ്രസ്താവനയിറക്കി. അതിനിടയിലാണ് ബ്രിട്ടീഷുകാരനായ ഡോക്കിന്‍സ് കൗമാരപ്രായക്കാരനായ ഒരു ഐ.എസ് ആക്ടിവിസ്റ്റുമായി അഹ്മദിനെ താരതമ്യപ്പെടുത്തി ട്വീറ്റ് ചെയ്തത്. അഹ്മദിന്റെ ക്ലോക്കിനെ 'തട്ടിപ്പ്' (Hoax) എന്ന് പരിഹസിക്കുകയും ചെയ്തു. അഹ്മദ് സംഭവത്തില്‍ ഗൂഢാലോചനയാരോപിച്ച അമേരിക്കയിലെ തീവ്ര വലതുപക്ഷ ലോബിയുടെ ഭാഷയായിരുന്നു ഡോക്കിന്‍സിന്റേത്. കമന്റ് വിവാദമായപ്പോള്‍, തന്റെ ഉപമയില്‍ രണ്ടു കുട്ടികളുടെയും പ്രായം മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്ന ദുര്‍ബലമായ ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ഡോക്കിന്‍സ്.
ഈ സംഭവം ഉദ്ധരിച്ചുകൊണ്ട് പ്രമുഖ ആസ്‌ത്രേലിയന്‍ ഇടതുപക്ഷ എഴുത്തുകാരനായ ജെഫ് സ്പാരോ (Jeff Sparrow) ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഡോക്കിന്‍സ് ഉള്‍പ്പെട്ട നവനാസ്തികരെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്: ''നവനാസ്തികരില്‍ പലരും ആരോപിക്കുന്ന അധമത്വത്തിന്റെ (Dickishness) അടിസ്ഥാനം ഇതാണ്. ഞങ്ങള്‍ക്ക് എല്ലാം അറിയാം എന്ന് കരുതുന്ന ഒരു വരേണ്യവിഭാഗം പാവങ്ങളോട് 'നിങ്ങളൊക്കെ വിഡ്ഢികളാണ്' എന്നു പറയുന്ന തരത്തിലുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രതിരൂപമായി അത് മാറിയിരിക്കുന്നു. ആ വരേണ്യവിഭാഗം മിക്കപ്പോഴും വെളുത്തവരും അവരുടെ പരിഹാസത്തിനു വിധേയമാകുന്നവര്‍ എല്ലായ്‌പ്പോഴും മുസ്‌ലിംകളും ആയിരിക്കും'' (Jeff Sparrow: We can save Atheists from the New Atheists like Richard Dawkins and Sam Harris- The Guardian. Nov. 29,2015).

ഇടതുപക്ഷവുമായി ഇഴചേര്‍ന്നു നിന്നിരുന്ന നാസ്തികത, വലതുപക്ഷ നവ നാസ്തികതയിലേക്ക് രൂപ പരിണാമം സംഭവിച്ചതെങ്ങനെ എന്നും ലേഖകന്‍ വിശദീകരിക്കുന്നുണ്ട്.

2017-ല്‍ ഡോക്കിന്‍സിന്റെ കടുത്ത ഇസ്‌ലാംവിരുദ്ധ നിലപാടുകള്‍ കാരണം കാലിഫോര്‍ണിയയിലെ KPFA റേഡിയോ അദ്ദേഹത്തിന്റെ ഒരു പ്രഭാഷണപരിപാടി റദ്ദു ചെയ്യുകയുണ്ടായി. 'ഇസ്‌ലാമിനെ ലോകത്തെ ഏറ്റവും വലിയ തിന്മയായിട്ടാണ് ഞാന്‍ കാണുന്നത്' എന്ന ഡോക്കിന്‍സിന്റെ ട്വീറ്റും അതേ ആശയം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ടെലഗ്രാഫില്‍ ഡോക്കിന്‍സ് എഴുതിയ ലേഖനവുമാണ് പ്രസംഗം റദ്ദു ചെയ്യുന്നതിന് റേഡിയോ കാരണമായി ചൂണ്ടിക്കാണിച്ചത്. ഡോക്കിന്‍സ് ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നയാളാണ് എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
മുസ്‌ലിംകളല്ല, ഇസ്‌ലാം തന്നെയാണ് അപകടം എന്ന കാഴ്ചപ്പാടാണ് നവനാസ്തികര്‍ മുന്നോട്ടു വെക്കുന്നത്. ഈ വാദഗതിയുടെ ഏറ്റവും ശക്തനായ വക്താവാണ് അമേരിക്കക്കാരനായ സാം ഹാരിസ്. 'പരിഷ്‌കൃതമായ എല്ലാ വ്യവഹാരങ്ങളോടും ശത്രുത പുലര്‍ത്തുന്ന, അഹന്ത നിറഞ്ഞ' ആശയമായിട്ടാണ് ഇസ്‌ലാമിനെ ഹാരിസ് അവതരിപ്പിക്കുന്നത്. പാരീസിലെ ചാര്‍ളി എബ്‌ദോ ആക്രമണത്തെത്തുടര്‍ന്ന് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ 'തീവ്രവാദികള്‍ ഹൈജാക്ക് ചെയ്ത സമാധാനത്തിന്റെ മതമാണ് ഇസ്‌ലാം എന്ന ആശയം ഒരു മിഥ്യയാണ്' എന്ന് ഹാരിസ് എഴുതുമ്പോള്‍, ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന 'വൈറ്റ് സുപ്രമസി'യുടെ ഭാഷ കടമെടുത്താണ് ഹാരിസ് സംസാരിക്കുന്നത് എന്നു കാണാന്‍ കഴിയും. 'ചരിത്രം മരവിച്ചുപോയ ഒരു സംസ്‌കാരത്തെയാണ് നാം അഭിമുഖീകരിക്കുന്നത്' എന്ന് തുടര്‍ന്നെഴുതുന്ന ഹാരിസ്, മുസ്‌ലിം ലോകത്തെ 'ഉള്ളില്‍നിന്നും പരിഷ്‌കരിക്കേണ്ടതി'ന്റെ ആവശ്യകത പടിഞ്ഞാറന്‍ ലോകത്തെ ഉണര്‍ത്തുന്നുമുണ്ട്. ബ്രിട്ടനില്‍നിന്നും അമേരിക്കയിലേക്ക് താമസം മാറ്റുകയും അമേരിക്കയുടെ ഇറാഖ് യുദ്ധത്തെ പിന്തുണക്കുകയും ചെയ്ത ഹിച്ചന്‍സ്, ഇടതുപക്ഷ ചിന്താഗതിയില്‍നിന്ന് വലതുപക്ഷ നവനാസ്തികതയിലേക്ക് ചുവടുമാറ്റിയ ആളും കൂടിയാണ്. ബെന്നറ്റ് ഇസ്‌ലാമോഫോബിയ എന്ന വാക്കിനെത്തന്നെ ചോദ്യം ചെയ്യുന്നു. The Four Horsemen എന്ന പുസ്തകത്തിലെ സംഭാഷണങ്ങള്‍ക്കിടയില്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ വിമാനങ്ങളെ 'സെക്യുലരിസത്തിന്റെ യഥാര്‍ഥ പടയാളികള്‍' എന്ന് ഹിച്ചന്‍സ് വിശേഷിപ്പിക്കുകയും മറ്റു മൂന്നു പേര്‍ അത് തലകുലുക്കി സമ്മതിക്കുകയും ചെയ്യുന്നുണ്ടെന്ന് സ്റ്റീവന്‍ പോള്‍ പുസ്തകത്തെ നിരൂപണം ചെയ്തുകൊണ്ട് എഴുതിയ ഗാര്‍ഡിയന്‍ ലേഖനത്തില്‍ പറയുന്നു. (Steven Paul- The Four Horsemen, The Guardian Jan 31, 2019).

ഡോക്കിന്‍സിന്റെ കുപ്രസിദ്ധമായ മറ്റൊരു ഇസ്‌ലാമോഫോബിക് ട്വീറ്റ് ഇങ്ങനെ വായിക്കാം: 'നമ്മുടെ മഹത്തായ മധ്യകാല കത്തീഡ്രലുകളില്‍ ഒന്നായ വിന്‍ചസ്റ്ററിലെ മനോഹരമായ മണിനാദം കേട്ടുകൊണ്ടിരിക്കുകയാണ് ഞാന്‍. അല്ലാഹു അക്ബര്‍ എന്ന അക്രമാസക്തമായ ശബ്ദത്തേക്കാള്‍ എത്രയോ ഹൃദ്യം. അതോ, എന്റെ സാംസ്‌കാരിക പരിസരം കാരണം അങ്ങനെ തോന്നുന്നതോ?'
അല്‍ജസീറയുടെ പ്രശസ്തനായ പ്രസന്റര്‍ മെഹ്ദി ഹസന്‍ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി യൂനിയനില്‍ ഡോക്കിന്‍സുമായി നടത്തിയ സംവാദാത്മകമായ അഭിമുഖം ഒന്നര മില്യനിലധികം ആളുകളാണ് യൂറ്റിയൂബില്‍ വീക്ഷിച്ചത്. എല്ലാ ഇസ്‌ലാമോഫോബുകളെയും പോലെ, മുസ്‌ലിം ഭീകരവാദികളെ സൃഷ്ടിക്കുന്നത് ഇസ്‌ലാം ആണെന്ന് അഭിമുഖത്തില്‍ ഡോക്കിന്‍സ് വാദിക്കുന്നു. മതവിശ്വാസികളുടെ തിന്മകള്‍ മതത്തിലേക്ക് ആരോപിക്കുന്ന ഡോക്കിന്‍സ് അവരുടെ നന്മകള്‍ക്ക് പ്രേരകം മതമാണെന്ന് അംഗീകരിച്ചുകൊടുക്കാന്‍ തയാറല്ല. 'ഇല്ലാത്ത ദൈവത്തിലുള്ള വിശ്വാസം മനുഷ്യനെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കും എന്ന് കരുതുന്നത് അസംബന്ധമാണെ'ന്ന് ഡോക്കിന്‍സ് പറയുന്നു. അപ്പോള്‍ പിന്നെ, 'ഇല്ലാത്ത ദൈവത്തിലുള്ള വിശ്വാസം മനുഷ്യനെ തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കും എന്ന് കരുതുന്നതും അസംബന്ധമല്ലേ' എന്ന് നാസ്തികരോട് തിരിച്ചു ചോദിച്ചിട്ട് പ്രയോജനമില്ല.

'ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്തതൊന്നും സത്യമല്ല' എന്ന നാസ്തികരുടെ ലളിതയുക്തിയില്‍ ഉറച്ചുനില്‍ക്കുന്ന ഡോക്കിന്‍സിനോട് 'നിങ്ങളുടെ ഭാര്യ നിങ്ങളെ സ്‌നേഹിക്കുന്നു എന്നതിന്റെ ശാസ്ത്രീയമായ തെളിവെന്താണ്?' എന്ന് മെഹ്ദി ഹസന്‍ ചോദിക്കുന്നുണ്ട്. 'അവളുടെ കണ്ണില്‍നിന്നും മുഖഭാവത്തില്‍നിന്നും എനിക്കത് മനസ്സിലാക്കാന്‍ കഴിയും' എന്നാണ് ഡോക്കിന്‍സിന്റെ 'ബുദ്ധിപൂര്‍വകമായ' മറുപടി. ഇതേ യുക്തി ഉപയോഗിച്ചുകൊണ്ട് ഒരാള്‍ക്ക് ദൈവത്തില്‍ വിശ്വസിച്ചുകൂടേ എന്ന് സദസ്സില്‍നിന്ന് ഒരാള്‍ ചോദിച്ചപ്പോള്‍, 'ശരിയായിരിക്കാം, പക്ഷേ, കാണാനും കേള്‍ക്കാനും പറ്റാത്ത ദൈവത്തില്‍ നാം എന്തിന് വിശ്വസിക്കണം' എന്നാണ് ഡോക്കിന്‍സിന്റെ മറുചോദ്യം. നാസ്തിക ധാര്‍മികതയുടെ അടിത്തറയായി ഡോക്കിന്‍സ് മുന്നോട്ടുവെക്കുന്നത്, ക്രമപ്രവൃദ്ധമായ നാഗരിക വികാസപ്രക്രിയയിലൂടെ മനുഷ്യന് അവന്റെ സ്വാര്‍ഥത അതിജീവിക്കാന്‍ കഴിയുമെന്നും ഈ വികാസപ്രക്രിയയില്‍ മതത്തിന് ഒരു പങ്കുമില്ലെന്നുമുള്ള ചരിത്രവിരുദ്ധമായ വാദത്തെയാണ്. പരിണാമ ശാസ്ത്രജ്ഞനായ ഡോക്കിന്‍സിന്റെ പ്രശസ്തമായ മറ്റൊരു പുസ്തകമാണ് The Selfish Gene. മനുഷ്യനിലെ സ്വാര്‍ഥം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ സമൂഹത്തെ അത് അപകടകരമായ അവസ്ഥയില്‍ എത്തിച്ചേക്കാമെന്ന ആശങ്ക അഭിമുഖത്തില്‍ ഡോക്കിന്‍സും പങ്കുവെക്കുന്നുണ്ട്.
നാസ്തികതയെ മതത്തിന് പകരം വെക്കണമെങ്കില്‍ ദൈവവിമുക്തമായ ഒരു ധാര്‍മികതയെക്കുറിച്ച സങ്കല്‍പം വികസിപ്പിച്ചേ മതിയാവൂ എന്ന തിരിച്ചറിവ് നവനാസ്തികര്‍ക്കുണ്ട്. 'അതീസ്റ്റ് സ്പിരിച്ച്വാലിറ്റി'യെക്കുറിച്ച് ധാരാളമായി സംസാരിക്കുന്നത് സാം ഹാരിസ് ആണ്. നിരീശ്വരവാദികളിലെ 'നല്ല' മനുഷ്യരെയും മതവിശ്വാസികളിലെ 'ചീത്ത' മനുഷ്യരെയും ചൂണ്ടിക്കാണിച്ചുകൊണ്ട് 'മനുഷ്യനെ നന്നാക്കാന്‍ മതത്തിന് കഴിയില്ല' എന്ന വാദം യുക്തിവാദികള്‍ പണ്ടേ ഉന്നയിക്കാറുള്ളതാണ്. മതവിശ്വാസത്തില്‍നിന്നും ദൈവവിശ്വാസത്തില്‍നിന്നും തീര്‍ത്തും മുക്തമായ ഒരു സമൂഹം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നിരിക്കെ, 'നിരീശ്വര ധാര്‍മികത' വെറും ഒരു സങ്കല്‍പം മാത്രമാണ്.
മാനവിക മൂല്യങ്ങള്‍ എന്ന് യുക്തിവാദികള്‍ പറയുന്ന എല്ലാം തന്നെ മതവുമായും ദൈവവിശ്വാസവുമായും അഭേദ്യമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. എല്ലാ മനുഷ്യരിലും ദൈവം നിക്ഷേപിച്ച സഹജമായ മൂല്യബോധത്തെ വളര്‍ത്തുകയും വ്യവസ്ഥാപിതമാക്കുകയുമാണ് മതം ചെയ്യുന്നത്. മൂല്യബോധത്തോടൊപ്പം, മനുഷ്യനില്‍ സഹജമായി ഉള്ളതാണ് ദൈവബോധം. അത് മതം പുറത്തുനിന്ന് അടിച്ചേല്‍പിക്കുന്നതല്ല. എന്നിട്ടും ലോകത്ത് എന്തുകൊണ്ട് നിരീശ്വരവാദികള്‍ ഉണ്ടാവുന്നു എന്ന ചോദ്യം, എന്തുകൊണ്ട് കള്ളന്മാരും കുറ്റവാളികളും ഉണ്ടാവുന്നു എന്ന ചോദ്യത്തോടൊപ്പം ചോദിക്കേണ്ടതാണ്. നാസ്തികരായ ശാസ്ത്രജ്ഞന്മാര്‍ക്കു പോലും ദൈവം ഇല്ല എന്ന് തീര്‍ത്തു പറയാന്‍ കഴിയാതിരിക്കുന്നത്, അനിഷേധ്യമായ ഒരു യാഥാര്‍ഥ്യമായി ചരിത്രത്തിലുടനീളം ദൈവവിശ്വാസം നിലനില്‍ക്കുന്നു എന്നതുകൊണ്ടാണ്. എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും ദൈവം നാസ്തികരെ ഒരു വിഭ്രാന്തിയായി (Delusion) നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും.

മതം ഐ.സി.യുവിലാണെന്നും അത് ഉടനെ മരിക്കാന്‍ പോകുന്നുവെന്നും നാസ്തികന്മാര്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

ആധുനികതയുടെയും പരിഷ്‌കാരത്തിന്റെയും മാതൃകാ ലോകം എന്ന് കേരളത്തിലെ യുക്തിവാദികള്‍ വാഴ്ത്തുന്ന പടിഞ്ഞാറിന്റെ രാഷ്ട്രീയത്തില്‍ പോലും മതത്തിന്റെ സ്വാധീനം ഇന്നും ശക്തമാണ്. മതം തളരുകയല്ല, വളരുകയാണ്. മതവിശ്വാസത്തോടൊപ്പം ആള്‍ദൈവങ്ങളും അനാചാരങ്ങളും പെരുകിക്കൊണ്ടിരിക്കുന്നു. മതം അന്ധവിശ്വാസവും പൗരോഹിത്യവുമായി പരിണമിക്കുമ്പോള്‍ സംഭവിക്കുന്ന അപഭ്രംശങ്ങള്‍ മതത്തിനുള്ളില്‍നിന്നുകൊണ്ടു തന്നെ ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. മതത്തിനകത്തെ ജീര്‍ണതകളാണ് പലരെയും യുക്തിവാദത്തിലേക്ക് ആകര്‍ഷിക്കുന്നത്. ജീവിതത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍ നാസ്തികരായി മാറുന്ന പലരും പിന്നീട് മതവിശ്വാസത്തിലേക്കും തനി അന്ധവിശ്വാസങ്ങളിലേക്കും കൂറുമാറുന്ന അനുഭവങ്ങളും ധാരാളമാണ്.
മതവും ദൈവവുമില്ലാതെ മനുഷ്യസമൂഹം ഉണ്ടാവുന്ന ഒരുകാലം ചരിത്രാനുഭവങ്ങളില്‍നിന്നുകൊണ്ടോ സമകാലികലോകത്തുനിന്നുകൊണ്ടോ സങ്കല്‍പിക്കാന്‍ സാധ്യമല്ല എന്നാണ് പറഞ്ഞുവരുന്നതിന്റെ ചുരുക്കം.
യൂറോപ്യന്‍ നവോത്ഥാന കാലത്തിലും സെക്യുലര്‍ മോഡേണിറ്റിയിലും ഉറഞ്ഞുപോയ യുക്തിവാദികള്‍ സ്വയം നവീകരിക്കുന്നതില്‍ മതക്കാരേക്കാള്‍ പിറകിലാണെന്നു പറയേണ്ടിവരും. സെക്യുലര്‍ മോഡേണിറ്റി മുന്നോട്ടുവെച്ച മത-രാഷ്ട്ര വിഭജനം തന്നെ ഒരു മിഥ്യയാണെന്നാണ് പോസ്റ്റ് സെക്യുലര്‍ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ശാസ്ത്രത്തിലും തത്ത്വചിന്തയിലും ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ വികാസങ്ങളെക്കുറിച്ച് യുക്തിവാദികള്‍ ഏറക്കുറെ അജ്ഞരാണെന്നു വേണം പറയാന്‍. അവരുടെ ആധുനികതയോടുള്ള വിധേയത്വവും ഇസ്‌ലാംവിരോധവും കൊളോണിയല്‍ ദാസ്യവും സയണിസ്റ്റ് ഭ്രമവും എല്ലാം ഈ വിവരക്കേടിന് മാറ്റുകൂട്ടുക മാത്രമാണ് ചെയ്യുന്നത്.
കേരളത്തിലെ 'സോഷ്യല്‍ മീഡിയാ നാസ്തികത' സംഘ് പരിവാറിനെ വെല്ലുന്ന വിധം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ ഹേറ്റ് കാമ്പയിന്‍ കൊണ്ട് മുഖരിതമാണ്. ലോകത്തെ കോടിക്കണക്കിന് മനുഷ്യര്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു പ്രവാചകനെ പരസ്യമായി കള്ളനെന്നും വഞ്ചകനെന്നും സ്ത്രീലമ്പടനെന്നും അധിക്ഷേപിക്കുന്നത്, മറ്റെന്തിനേക്കാളുമേറെ, യുക്തിവാദികളുടെ സംസ്‌കാരഹീനതയെയാണ് വെളിപ്പെടുത്തുന്നത്. കുരിശുയുദ്ധ മനോഭാവത്തോടെ ക്രിസ്ത്യന്‍ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ പണ്ടെന്നോ എഴുതിവെച്ച നുണക്കഥകള്‍ പൊടി തട്ടിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഛര്‍ദിക്കുകയാണ് നവനാസ്തികതയുടെ കേരളീയ അവതാരങ്ങള്‍. പടിഞ്ഞാറന്‍ നവ നാസ്തികര്‍ പോലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേള്‍ക്കാറില്ല. ഈ വിമര്‍ശനങ്ങള്‍ക്ക് അവ ഉന്നയിക്കപ്പെട്ട കാലം തൊട്ട് മുസ്‌ലിം പണ്ഡിതന്മാര്‍ മറുപടി പറഞ്ഞുപോന്നിട്ടുണ്ട്. മറുപടികള്‍ ഇനിയും നല്‍കപ്പെട്ടുകൊണ്ടേയിരിക്കും. ആശയസംവാദത്തിനപ്പുറം, ഒരു റാഷിസ്റ്റ് കാമ്പയിന്‍ ആയി കേരളത്തില്‍ ഇത് പുനരവതരിക്കുന്നു എന്നതാണ് ഗൗരവത്തില്‍ കാണേണ്ട വിഷയം. മതവിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധയും വിദ്വേഷവും വളര്‍ത്തുന്നതില്‍ ഇത്തരം പ്രചാരവേലകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. മതങ്ങള്‍ പൊതുവെ വിമര്‍ശിക്കപ്പെടേണ്ടതാണ് എന്ന നിലപാടില്‍നിന്ന് സെമിറ്റിക് മതങ്ങളാണ് കൂടുതല്‍ അപകടകരം എന്നും അവയുടെ കൂട്ടത്തില്‍ ഇസ്‌ലാമാണ് ഏറ്റവും അപകടകരം എന്നുമുള്ള തീര്‍പ്പിലേക്ക് കേരളത്തിലെ യുക്തിവാദികള്‍ എത്തിച്ചേര്‍ന്നത് യാദൃഛികമാണെന്ന് കരുതാന്‍ വയ്യ. ഡോക്കിന്‍സിന്റെയും സാം ഹാരിസിന്റെയും ആരാധകന്മാര്‍ സ്വതന്ത്രചിന്തക്കും സഹിഷ്ണുതക്കും ഏല്‍പിക്കുന്ന പരിക്ക് പ്രബുദ്ധ കേരളം തിരിച്ചറിയാതെ പോകരുത്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

മരിച്ചവരെ അപമാനിക്കരുത്
സുബൈര്‍ കുന്ദമംഗലം