Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 02

3112

1440 ദുല്‍ഖഅദ് 29

യു.എ.പി.എ വിവേചന ഭീകരതയുടെ തലവാചകം

സമദ് കുന്നക്കാവ്

ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള മുഴുവന്‍ സ്വപ്‌നങ്ങളും ഹനിച്ചു കളയുന്ന ഭരണകൂട ഇടപെടലുകള്‍ വ്യാപകമാവുന്ന കാലത്താണ് നാമുള്ളത്. ഭരണകൂടത്തിന്റെ പരമാധികാര പ്രയോഗത്തില്‍നിന്ന് പൗരന്മാരും മുക്തരല്ലെന്ന തിരിച്ചറിവാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച പുതിയ സംവാദങ്ങള്‍ സാധ്യമാക്കുന്നത്. രൂപത്തിലും ഭാവത്തിലും ജനാധിപത്യമെന്ന് തോന്നിപ്പിക്കുന്ന ആധുനിക അധികാര സംവിധാനങ്ങളെല്ലാം ഇന്ന് നിവര്‍ന്നു നില്‍ക്കുന്നത് ജനജീവിതങ്ങളെ ഞെരിച്ചുടക്കുന്ന ഭരണകൂട മുഷ്ടിയുടെ ബലത്തിലാണ്. ജനാധിപത്യം വാഴുന്നു എന്ന് കരുതപ്പെടുന്ന രാജ്യങ്ങളിലെല്ലാം ഇത്തരമൊരു സ്ഥിതിവിശേഷം നിലനില്‍ക്കുന്നുണ്ട്. പൗരസമൂഹത്തിന്റെ നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ പുറമെ ഔപചാരികമായി നിലനില്‍ക്കുമ്പോള്‍തന്നെ സൂക്ഷ്മതലത്തില്‍ അവ ഇല്ലാതാകുന്ന വൈരുധ്യം ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഇന്ന് പ്രകടമാണ്. ഇന്ത്യയടക്കമുള്ള ജനാധിപത്യ രാഷ്ട്രങ്ങളും ഇതില്‍നിന്നൊഴിവല്ല.
ഇന്ത്യയില്‍ മനുഷ്യാവകാശങ്ങളുടെ ഭാവിയെന്ത് എന്ന അത്യന്തം പ്രസക്തമായ ചോദ്യം തന്നെയാണ് പൗരന്മാര്‍ എന്ന നിലയില്‍ നമ്മെ ഉത്തരം മുട്ടിക്കുന്നത്. ജനങ്ങള്‍ ഭരണകൂടത്തെ സ്‌നേഹിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണെന്നും സര്‍ക്കാറിനു നേരെ അവര്‍ വിമര്‍ശനമോ എതിര്‍പ്പോ പ്രകടിപ്പിക്കാന്‍ പാടില്ലെന്നുമുള്ള കൊളോണിയല്‍ യുക്തി തന്നെയാണ് ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാഷ്ട്രത്തിലും നിലനില്‍ക്കുന്നത്. സര്‍ക്കാറുകളെ സര്‍ഗാത്മകമായി വിമര്‍ശിക്കാനും വിസമ്മതം രേഖപ്പെടുത്താനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ഇത്തരം പൊതുബോധങ്ങളും ഉഗ്രശാസനകളും പരിമിതപ്പെടുത്തുന്നു. രാജ്യമെന്നാല്‍ ഭരണകൂടവും ഭരണകൂടമെന്നാല്‍ രാജ്യവും എന്നതാണ് ഇതിലൂടെ നിരന്തരം പ്രക്ഷേപണം ചെയ്യപ്പെടുന്നത്. ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നും ഒരു കാലത്ത് മുഴങ്ങിയ വിളംബരം ഇതിന്റെ തന്നെ ഭാഗമായിരുന്നു. ഇന്ത്യയെന്ന ഉടലായി നരേന്ദ്ര മോദി മാറുകയും മോദി വിമര്‍ശകര്‍ ആ ശരീരത്തില്‍നിന്നും വെട്ടിമാറ്റപ്പെട്ട അവയവങ്ങളായിത്തീരുകയും ചെയ്യുന്ന പുതിയ സ്ഥിതിവിശേഷം അതിന്റെ ഏറ്റവും ഭീകരമായ തുടര്‍ച്ചയാണ്. മോദി ജയിക്കുമ്പോള്‍ ഇന്ത്യ ജയിച്ചു എന്ന് പറയുമ്പോഴും, മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്താനിലേക്ക് പോകട്ടെ എന്ന് പറയുമ്പോഴും ഇവിടെ രാജ്യം മോദിയാവുകയാണ്. രാജ്യവും ഭരണകൂടവും ഒന്നാണെന്ന അന്ധവിശ്വാസം അണ്ണാക്ക് തൊടാതെ വിഴുങ്ങുമ്പോഴാണ് ഭരണകൂടം ആസൂത്രണം ചെയ്യുന്ന ഭീകരാക്രമണങ്ങളും തീവ്രവാദവേട്ടയും രാജ്യത്തിന്റെ പൊതുതാല്‍പര്യമാകുന്നത്. യു.എ.പി.എ എന്ന ഭീകരനിയമം അടിച്ചേല്‍പിക്കപ്പെട്ട് തുറന്ന ജയിലില്‍ കഴിയാന്‍ വിധിക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയും ജയിലറകളില്‍ ഇപ്പോഴും ജീവിതം ഹോമിച്ചു തീര്‍ക്കുന്ന എണ്ണമറ്റ തടവുകാരും ഈ യുക്തിയില്ലായ്മയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ്.
ഭരണകൂടത്തിന്റെ വികസന കാഴ്ചപ്പാടുകളും വികസന താല്‍പര്യങ്ങളും എപ്പോഴും രാജ്യത്തിന്റെ വികസനമായാണ് കൊട്ടിഘോഷിക്കപ്പെടാറുള്ളത്. അതിലൂടെ ജനവിരുദ്ധ വികസനത്തിന് എതിരു നില്‍ക്കുന്നവര്‍ വികസന വിരോധികള്‍ മാത്രമല്ല രാജ്യദ്രോഹികളുമായിത്തീരുന്നു. ഭരണകൂടത്തിനെതിരായുള്ള ജനങ്ങളുടെ ചോദ്യം ചെയ്യലുകളും അതിന്റെ ഭാഗമായി രൂപപ്പെടുന്ന ജനകീയ സമരങ്ങളും രാജ്യവിരുദ്ധമെന്ന പേരില്‍ എപ്പോഴും അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. വംശം, ജാതി, വര്‍ണം, വര്‍ഗം, ഭാഷ തുടങ്ങി പല അടരുകളിലൂടെയും രൂപപ്പെട്ടുവരുന്ന മുന്‍വിധികളിലൂടെയാണ് ഭരണകൂടം രാജ്യത്തിനകത്തുള്ള അതിന്റെ ശത്രുക്കളെ പടച്ചുണ്ടാക്കുന്നത്. മുസ്‌ലിംകള്‍, ദലിതുകള്‍, ആദിവാസികള്‍, സ്ത്രീകള്‍, ജനകീയ സമര നേതാക്കള്‍ പോലുള്ള ഇന്ത്യന്‍ ദേശീയതയുടെ ഭൂപടത്തില്‍നിന്ന് ചരിത്രപരമായി തെറിച്ചുനില്‍ക്കുന്നവര്‍ ഈ ഭരണകൂട വേട്ടയുടെ പ്രഹരശേഷി കൂടുതല്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. അഥവാ, ജനങ്ങളുടെ ജീവിച്ചിരിക്കാനുള്ള അവകാശം ഭരണകൂടത്തിന്റെ ഔദാര്യമാകുന്ന സ്ഥിതിവിശേഷമാണ് ഇന്ത്യയിലുള്ളത്; സ്റ്റേറ്റിന്റെ കൃപാവായ്പില്‍ മാത്രം ന്യൂനപക്ഷമടക്കമുള്ള പൗരന്മാര്‍ കഴിഞ്ഞുകൂടേണ്ടിവരുന്ന ഒരവസ്ഥ. പൗരാവകാശങ്ങളെ തെല്ലും പരിഗണിക്കാത്ത, ന്യൂനപക്ഷ അവകാശങ്ങളുടെ ധ്വംസനം ഹോബിയായി കൊണ്ടു നടക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അധികാരവാഴ്ച രാജ്യത്തെ കൂടുതല്‍ ഭീതിതമായ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു. രാജ്യസുരക്ഷയും പൊതു നന്മയും ലക്ഷ്യം വെച്ചുള്ള നിയമനിര്‍മാണം അഭികാമ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. എന്നാല്‍, രാജ്യസുരക്ഷയുടെ ലേബലില്‍ പാര്‍ലമെന്റും നിയമസഭകളും പാസ്സാക്കിയെടുക്കുന്ന പല നിയമങ്ങളും ന്യൂനപക്ഷവിരുദ്ധവും പൗരാവകാശങ്ങള്‍ ധ്വംസിക്കുന്നവയുമാണ്. ഹിന്ദുത്വ ഫാഷിസത്തിന്റെ അധികാര നൈരന്തര്യത്തിനും അവരുടെ വികസനതാല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിനും പുതിയ പുതിയ ഭീകര നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. യു.എ.പി.എ, എന്‍.ഐ.എ നിയമ ഭേദഗതി ബില്ലുകളിലൂടെ സംഘ്പരിവാര്‍ ഭരണകൂടം ഇന്ത്യയില്‍ വഴിയൊരുക്കുന്നത് അത്തരമൊരു കിരാത വാഴ്ചക്കാണ്.

ഭീകര നിയമങ്ങളുടെ നാള്‍വഴികള്‍
1857-ല്‍ ഇന്ത്യയില്‍ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായിക്കൊണ്ടാണ് ഇന്ത്യയില്‍ ഭീകരനിയമങ്ങള്‍ നിലവില്‍ വരുന്നത്. ഇന്ത്യന്‍ പൗരന്മാരെ അടിച്ചൊതുക്കി ഇവിടത്തെ പ്രകൃതി വിഭവങ്ങളും പൊതുസമ്പത്തും കൊള്ളയടിക്കുന്നതിനു വേണ്ടി ബ്രിട്ടീഷുകാര്‍ പടച്ചെടുത്തതായിരുന്നു അവ. 1857 മുതല്‍ 1947 വരെയുള്ള 90 വര്‍ഷക്കാലം നീണ്ടുനിന്ന ഈ കൊളോണിയല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യാനന്തരം റദ്ദു ചെയ്യപ്പെടേണ്ടതായിരുന്നു. പക്ഷേ, സംഭവിച്ചത് മറിച്ചാണ്. ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്തിന് അനുയോജ്യവും കാലോചിതവുമായ നിയമങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിനു പകരം ഭരണകൂടങ്ങള്‍ ചെയ്തത് അതിനേക്കാള്‍ ഭീകര നിയമങ്ങള്‍ ചുട്ടെടുത്തു എന്നതാണ്. പ്രിവന്റീവ് ഡിറ്റക്ഷന്‍ ആക്ട്, ഡിഫന്‍സ് ഓഫ് ഇന്ത്യന്‍ റൂള്‍സ്, എസ്മ, ടാഡ, പോട്ട, അഫ്‌സ്പ, യു.എ.പി.എ തുടങ്ങിയവ അതില്‍ ചിലതു മാത്രം. 
ഇന്ത്യയില്‍ ഡ്രാക്കോണിയന്‍ നിയമങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത് മഹാത്മാഗാന്ധിയാണ്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി തന്നെയാണ് ഈ നിയമങ്ങള്‍ക്കെതിരെയും അദ്ദേഹം നിലകൊണ്ടത്. ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയുടെ കാലത്തു തന്നെ '124 എ വകുപ്പ്' രാജ്യദ്രോഹ കുറ്റത്തിന്റെ പേരില്‍ സ്വാതന്ത്ര്യസമര നേതാക്കള്‍ക്കു നേരെ ചാര്‍ത്തപ്പെട്ടിരുന്നു. ഗാന്ധിജി ഈ കിരാത നിയമത്തെ 'പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്താനായി ആവിഷ്‌കരിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജകുമാരന്‍' എന്നാണ് വിശേഷിപ്പിച്ചത്.
1922-ല്‍ 'യങ് ഇന്ത്യ'യില്‍ വന്ന ഗാന്ധിജിയുടെ മൂന്ന് ലേഖനങ്ങളുടെ പേരില്‍ അദ്ദേഹത്തെയും പത്രത്തിന്റെ പബ്ലിഷര്‍ ശങ്കര്‍ ലാല്‍ ബാങ്കറിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഭരണകൂടം തടവിലിടുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഗാന്ധിജി പിന്നീട് പ്രസ്താവിച്ചു: ''നിയമംകൊണ്ട് സൃഷ്ടിക്കാവുന്നതോ നിയന്ത്രിക്കാവുന്നതോ അല്ല ദേശസ്‌നേഹം. ഒരാള്‍ക്ക് മറ്റൊരാളോട് സ്‌നേഹമില്ലെങ്കില്‍ തന്റെ നീരസം പ്രകടിപ്പിക്കാന്‍ അയാള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം. ദേശദ്രോഹ നിയമത്തിനു കീഴില്‍ ചാര്‍ജ് ചെയ്യപ്പെട്ട ചില കേസുകള്‍ ഞാന്‍ പരിശോധിച്ചു. ഇന്ത്യ കണ്ട വലിയ രാജ്യസ്‌നേഹികള്‍ ദേശദ്രോഹികളായി തുറുങ്കിലടക്കപ്പെട്ടിരിക്കുന്നു. അവരിലൊരാളായി, ഇതേ നിയമത്തിനു കീഴില്‍ ജയിലിലടക്കപ്പെട്ടത് എന്റെ ഭാഗ്യമായി കരുതുന്നു.'' 
ഗാന്ധിജി സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഭാഗമായി കണ്ട ഈ ഭീകര നിയമം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷവും രാജ്യത്തുനിന്ന് എടുത്തുനീക്കപ്പെട്ടില്ല. 1951-ല്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് 124 എ വകുപ്പിനെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു: ''എന്റെ അഭിപ്രായത്തില്‍ ഈ വകുപ്പ് അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതും നിന്ദ്യവുമാണ്. നാം പാസ്സാക്കുന്ന ഒരു നിയമത്തിലും ഇതിന് സ്ഥാനം ലഭിക്കരുത്.''
ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ബീഭത്സതയെ ഓര്‍മപ്പെടുത്തുന്ന ഈ ഡ്രാക്കോണിയന്‍ ആക്ട് രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ ഉണ്ടാവരുതെന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ശഠിച്ചിട്ടും പക്ഷേ അതിന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ഭാഗമായി തുടരുന്നു. ഏറ്റവുമവസാനം അതിപ്പോള്‍ യു.എ.പി.എ ഭേദഗതിയുടെ പ്രഛന്ന വേഷവുമണിഞ്ഞ് ജനജീവിതത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു.

യു.എ.പി.എ: വിവേചന ഭീകരതയുടെ തലവാചകം
മുസ്‌ലിം, ദലിത്, ആദിവാസി സമൂഹത്തിനെതിരെ ഇന്ത്യയില്‍ ശക്തിയാര്‍ജിക്കുന്ന വിവേചന ഭീകരതയുടെ വ്യാപ്തി നമ്മെ ബോധ്യപ്പെടുത്തുകയാണ് യു.എ.പി.എ. ന്യൂനപക്ഷ വിഭാഗത്തെ സവിശേഷം ഉന്നം വെച്ചുകൊണ്ട് തന്നെയാണ് യു.എ.പി.എ പടച്ചെടുക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്യപ്പെട്ട യു.എ.പി.എ കേസുകളെക്കുറിച്ച് ജാമിഅ മില്ലിയ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ പഠനം നടത്തിയപ്പോള്‍ ഭീകരവാദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മധ്യപ്രദേശിലെ ഓരോ ജില്ലയില്‍ പോലും എണ്ണമറ്റ മുസ്‌ലിം യുവാക്കള്‍ യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കണ്ടെത്തുകയുണ്ടായി. നിയമത്തിന്റെ എല്ലാ നൈതികതക്കും എതിരാണ് യു.എ.പി.എ. ഏതൊരാളെയും ഭീകരവാദിയാക്കാനും അനന്തകാലം അയാളെ ജയിലില്‍ തളച്ചിടാനും യു.എ.പി.എ കാരണമാകുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി നിയമങ്ങള്‍ വളച്ചൊടിക്കുമ്പോഴായിരുന്നു മുമ്പ് നീതിനിഷേധങ്ങള്‍ സംഭവിച്ചിരുന്നത്. എന്നാല്‍, യു.എ.പി.എ, അഫ്‌സ്പ പോലുള്ള ഭീകര നിയമങ്ങള്‍ അതിന്റെ നിര്‍മാണ ഘടനയില്‍ തന്നെ ജനവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമാണ്. അതാകട്ടെ എന്‍.ഐ.എക്കും പോലീസിനും പരിധിവിട്ട അധികാരം നല്‍കുകയും നിരപരാധികള്‍ക്കുമേല്‍ കുറ്റം ചുമത്താന്‍ അവസരം നല്‍കുകയും ചെയ്യുന്നു. ഭരണകൂടം നോട്ടമിടുന്ന ഏതൊരു വ്യക്തിയെയും തടവിലിടാന്‍ ഇനി യു.എ.പി.എ മതി. ചാര്‍ജ്ഷീറ്റ് എന്ന പേരില്‍ ഒരു കടലാസ് കോടതിയില്‍ സമര്‍പ്പിച്ചാല്‍ പ്രതിക്ക് ജാമ്യം പോലും കിട്ടുകയില്ല. തീവ്രവാദ വേട്ടയുടെ പേരില്‍ ഭരണകൂട ഏജന്‍സികള്‍ ദിനേന മുസ്‌ലിം ന്യൂനപക്ഷത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് മുസ്‌ലിം ചെറുപ്പക്കാരാണ് തീവ്രവാദികള്‍ എന്ന പേരില്‍ വിചാരണത്തടവുകാരായി ഇന്ത്യന്‍ ജയിലറകള്‍ക്കുള്ളിലുളളത്. നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്തെ മൊത്തം തടവുകാര്‍ 3,85,135 ആണ്. ഇതില്‍ വിചാരണത്തടവുകാരുടെ എണ്ണം ഏകദേശം 2,54, 857 വരും. രാജ്യത്തെ മൊത്തം ജയിലുകളിലെ 62 ശതമാനം വരുന്ന ഈ വിചാരണത്തടവുകാരില്‍ 21 ശതമാനം മുസ്‌ലിംകളാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയില്‍ 13 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. എന്നാല്‍, ജനസംഖ്യാനുപാതികമായി ജയിലിലുള്ള മുസ്‌ലിംകളുടെ എണ്ണം ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവരുടെ ഇരട്ടിയോളമാണ്.
വിചാരണാ നടപടികള്‍ അനിശ്ചിതമായി നീണ്ടുപോകുന്നു, പോലീസ് സമയബന്ധിതമായി കേസന്വേഷണം പൂര്‍ത്തിയാക്കുന്നില്ല, മതിയായ അഭിഭാഷകരില്ല, തടവുകാര്‍ക്ക് കേസ് നടത്താനുള്ള സാമ്പത്തിക ശേഷിയില്ല എന്നിവയെല്ലാമാണ് ഇതിന്റെ കാരണമായി പറയപ്പെടുന്നത്. എന്നാല്‍, ഇതിനെയെല്ലാം കവച്ചുവെക്കുംവിധമുള്ള ഉദ്യോഗസ്ഥ തലങ്ങളിലെ സവര്‍ണ ഫാഷിസ്റ്റ് മനോഭാവമാണ് യഥാര്‍ഥ പ്രശ്‌നം. പോലീസും അന്വേഷണ സംവിധാനങ്ങളും തങ്ങളോട് വിവേചനപരമായി  പെരുമാറുന്നുവെന്ന ന്യൂനപക്ഷ സംഘടനകളുടെ പരാതികളെ ശരിവെക്കുന്നതാണ് നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന ന്യൂനപക്ഷങ്ങളുടെ ആവശ്യം ഇന്നേവരെ ഒരു സര്‍ക്കാറും പരിഗണിച്ചിട്ടില്ല. രാജ്യത്തുയരുന്ന എതിര്‍ശബ്ദങ്ങളെ ഞെരിച്ചമര്‍ത്താനുള്ള മാര്‍ഗമായി വിചാരണത്തടവിനെ ഭരണകൂടങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ്, ശിക്ഷാ കാലയളവിന്റെ പകുതിയെങ്കിലും അനുഭവിച്ചവരെ വിട്ടയക്കണമെന്നുള്ള സുപ്രീംകോടതി വിധി നിര്‍ണായകമാകുന്നത്. 'ജയിലല്ല, ജാമ്യമാണ് നിയമം' എന്ന സുപ്രീംകോടതിയുടെ പ്രസക്തമായ വിധി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് മുസ്‌ലിം ന്യൂനപക്ഷത്തിനു നേര്‍ക്കുള്ള പക്ഷപാതപരമായ ഭരണകൂട ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുന്നത്.
1967-ല്‍ പ്രാബല്യത്തില്‍ വന്ന യു.എ.പി.എ നിരവധി തവണ ഭേദഗതി ചെയ്യപ്പെട്ടാണ് ഇപ്പോഴുള്ള ഭീകരരൂപം പ്രാപിച്ചത്. ടാഡയെയും പോട്ടയെയുമെല്ലാം വെല്ലുന്ന അതിബീഭത്സ നിയമമായി അത് മാറിയിരിക്കുന്നു. ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും അതിന്റെ നേതാക്കളെയും അടിച്ചമര്‍ത്താനായി 1908-ല്‍ നടപ്പില്‍ വരുത്തിയ ക്രിമിനല്‍ ലോ അമെന്റ്‌മെന്റ് ആക്ടിന്റെ (സി.എല്‍.എ) ഏറ്റവും പുതിയ ഹിംസാത്മക രൂപമാണിത്. 1908-ലെ സി.എല്‍.എ ഉപയോഗിച്ച് ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിലെ വിവിധ സംഘടനകളെ നിരോധിച്ചിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് നിരക്കാത്ത നിയമങ്ങള്‍ പാര്‍ലമെന്റും നിയമസഭകളും നിര്‍മിക്കാന്‍ പാടില്ല എന്നും അത്തരം നിയമങ്ങളുണ്ടായാല്‍ അവ അസാധുവാണെന്നുമുള്ള ഭരണഘടനാ ഖണ്ഡിക 13 അനുശാസനം നിലനില്‍ക്കുമ്പോള്‍ തന്നെയായിരുന്നു സി.എല്‍.എ എന്ന ഈ പഴയ വീഞ്ഞ് ഭരണഘടന ഭേദഗതിയിലൂടെ 1967-ല്‍ യു.എ.പി.എ എന്ന പേരില്‍ പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചത്. സംഘടനകളെ നിരോധിക്കാന്‍ സി.എല്‍.എ ആക്ടിലുണ്ടായിരുന്ന വകുപ്പുകള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് യു.എ.പി.എ പ്രാബല്യത്തില്‍ വരുന്നത്. യു.എ.പി.എയിലെ പ്രസ്തുത വകുപ്പ് ഉപയോഗിച്ച് സര്‍ക്കാര്‍ പില്‍ക്കാലത്ത് ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി, ഐ.എസ്.എസ് മുതലായ സംഘടനകളെയെല്ലാം നിരോധിക്കുകയുായി. 2004-ലും 2008-ലും 2012-ലുമുണ്ടായ ഭേദഗതികള്‍ക്ക് ശേഷം സമീപ ദിവസങ്ങളിലുണ്ടായ ഭേദഗതിയിലൂടെ സംഘടനകളെ മാത്രമല്ല, വ്യക്തികളെ കൂടി ടാര്‍ജറ്റ് ചെയ്യുന്ന ഭരണകൂട ഭീകരതയുടെ മൂര്‍ച്ചയേറിയ ആയുധമായി അത് മാറിയിരിക്കുന്നു.
1984-ല്‍ നിലവില്‍വന്ന ടാഡ, മനുഷ്യാവകാശ - പൗരാവകാശ പോരാട്ടങ്ങളുടെ ഫലമായി 1995-ല്‍ എടുത്തുനീക്കപ്പെടുകയുണ്ടായി. 2001-ല്‍ അമേരിക്കയിലെ ഇരട്ട ടവര്‍ ആക്രമണത്തിനു ശേഷം 2002-ല്‍ പോട്ട എന്ന പേരില്‍ ടാഡക്ക് രൂപമാറ്റം സംഭവിച്ചു. ഭരണകൂടങ്ങളുടെ നെറികെട്ട പോട്ട പ്രയോഗം  പൗരജീവിതം ദുസ്സഹമാക്കിയപ്പോള്‍ ജനവികാരം കണക്കിലെടുത്ത് അധികാരികള്‍ക്ക് പോട്ടയും എടുത്തുനീക്കേണ്ടിവന്നു. എന്നാല്‍, അതിനേക്കാള്‍ ഭീകരമായ നീരാളിക്കരങ്ങളുള്ള ഒന്നായി യു.എ.പി.എ ഇപ്പോള്‍ തല്‍സ്ഥാനത്ത് കയറിപ്പറ്റിയിരിക്കുന്നു.

ആര്‍ക്കും വിശുദ്ധ പശു ചമയാന്‍ അവകാശമില്ല
യു.എ.പി.എ 2004-ലും 2008-ലും 2012-ലുമെല്ലാം ഭേദഗതി ചെയ്യപ്പെടുമ്പോള്‍ രാജ്യത്തിന്റെ അധികാരസ്ഥാനം കൈയാളിയിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. 1967-ല്‍ യു.എ.പി.എ നിലവില്‍ വരുമ്പോള്‍ ശക്തമായ പ്രതിപക്ഷ സ്വരങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിയിരുന്നു. 2004-ലെ ഭേദഗതി സന്ദര്‍ഭത്തില്‍ നാമമാത്രശബ്ദമായി അത് ഒതുങ്ങി. 2004-ല്‍ രൂപപ്പെട്ട ഒരന്താരാഷ്ട്ര കരുനീക്കത്തിന്റെ ഭാഗമായിക്കൊണ്ടായിരുന്നു ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടത്. 2001-ല്‍ അമേരിക്കയില്‍ ആക്രമണം നടന്നപ്പോള്‍ യു.എന്‍ രക്ഷാസമിതി പുറപ്പെടുവിച്ച നിര്‍ദേശമനുസരിച്ച് ഇന്ത്യയില്‍ ഇത് പൊടിതട്ടിയെടുക്കുകയായിരുന്നു. അഥവാ, ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ എല്ലാ രാഷ്ട്രങ്ങളും നിയമങ്ങളുണ്ടാക്കണമെന്ന അമേരിക്കന്‍ ശാസനക്കനുസരിച്ചാണ് ഇന്ത്യയില്‍ യു.എ.പി.എ തട്ടിക്കൂട്ടപ്പെടുന്നത്. 2008-ലെ മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് യു.പി.എ സര്‍ക്കാര്‍ യു.എ.പി.എ ഭേദഗതിയുമായി വീണ്ടും ഭീകരവേട്ടക്കിറങ്ങുന്നത്. 'ഭീകരതക്കെതിരെ ആരുണ്ട്' എന്ന ചോദ്യം കോണ്‍ഗ്രസ് ഉയര്‍ത്തുകയും യാതൊരു വിമതസ്വരവുമില്ലാതെ ഇടതുപക്ഷവും മുസ്‌ലിം ലീഗും മറ്റു മതേതര പാര്‍ട്ടികളുമെല്ലാം ഏകോപിച്ച് കൈയടിച്ച് പാസ്സാക്കുകയുമായിരുന്നു അന്ന് ആ ഭേദഗതി. 2012-ല്‍ യു.എ.പി.എ നിയമങ്ങളെ കൂടുതല്‍ കര്‍ക്കശമാക്കിയും എന്‍.സി.ടി.സി, എന്‍.ഐ.എ മുതലായ അന്വേഷണ ഏജന്‍സികള്‍ക്ക് അമിതാധികാരം നല്‍കിക്കൊണ്ടും യു.പി.എ ഗവണ്‍മെന്റ് പുതിയ ഭേദഗതി കൊണ്ടുവന്നു. ആ ഭേദഗതിയിലൂടെ സംഘടനകളുടെ നിരോധന കാലയളവ് രണ്ടു വര്‍ഷമായിരുന്നത് അഞ്ചു വര്‍ഷമാക്കി വര്‍ധിപ്പിച്ചു. സംഘടനകള്‍ പണം സ്വരൂപിക്കുന്നതും ആയുധം ശേഖരിക്കുന്നതുമെല്ലാം ഭീകരപ്രവര്‍ത്തനത്തിന് വേണ്ടിയാണോ എന്ന് വ്യാഖ്യാനിക്കാനും തീരുമാനിക്കാനുമുള്ള അമിതാധികാരം ഭരണകൂടത്തിന് പതിച്ചുനല്‍കുകയും ചെയ്തു. ഈ നിയമഭേദഗതി പ്രകാരം ഇന്ത്യയില്‍ നാല്‍പതോളം സംഘടനകള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഒരൊറ്റ ഹിന്ദുത്വ സംഘടന പോലും സമാന തരത്തില്‍ നിരോധിക്കപ്പെട്ടിട്ടില്ല എന്നതാണ്  വിചിത്രമായ യാഥാര്‍ഥ്യം.
ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ ഗവണ്‍മെന്റ് നടപ്പാക്കിയതും ഇടതു-വലതു മതേതര പാര്‍ട്ടികള്‍ പിന്താങ്ങിയതുമായ യു.എ.പി.എ ആക്ടിന് ഹിന്ദുത്വ ഫാഷിസത്തിന്റെ അധികാരത്തുടര്‍ച്ചയുടെ അനുകൂല അന്തരീക്ഷത്തില്‍ ഒന്നുകൂടി ഊക്ക് കൂടിയിരിക്കുന്നു എന്നു മാത്രം. 'ഭീകരതക്കെതിരെ ആരുണ്ട്' എന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിയ ചോദ്യം കൂടുതല്‍ മൂര്‍ച്ചയോടെ 'ഭീകരവാദികളോടൊപ്പം ആരുണ്ട്' എന്ന് അമിത്ഷാ തിരിച്ചിട്ടപ്പോള്‍ കോണ്‍ഗ്രസിനും മുസ്‌ലിംലീഗിനുമെല്ലാം ആ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടി.
പോലീസിന് തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാവുന്ന വിധം കുറുക്കുവഴികള്‍ യു.എ.പി.എയില്‍ നേരത്തേ നിലവിലുണ്ട്. പോലീസ് തയാറാക്കുന്ന തിരക്കഥയനുസരിച്ചുള്ള കേസ് ഡയറി പരിശോധിച്ച് ആദ്യനോട്ടത്തില്‍തന്നെ പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതിക്ക് തോന്നിയാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ജാമ്യം നല്‍കേണ്ടതില്ല. ക്രിമിനല്‍ നടപടിക്രമമനുസരിച്ച് 15 ദിവസത്തേക്കുള്ള തടങ്കല്‍  യു.എ.പി.എ പ്രകാരം 30 ദിവസമായി  നീളും. ക്രിമിനല്‍ നടപടി പ്രകാരമുള്ള അധിക തടവാകട്ടെ 30 ദിവസമാണെങ്കില്‍ യു.എ.പി.എ പ്രകാരം  90 ദിവസമാണ്. ഇത്തരത്തില്‍ ആറ് മാസം വരെ ജാമ്യമില്ലാതെയും വിചാരണയില്ലാതെയും കസ്റ്റഡി ഇല്ലാതെയും നീട്ടിക്കൊണ്ടു പോകാം. അഥവാ, ജാമ്യമാണ് അവകാശം എന്ന മനുഷ്യപക്ഷത്തുനിന്നുള്ള വിധിയെ ഈ നിയമം അംഗീകരിക്കുന്നില്ല. അതുകാരണം കുറ്റാരോപിതര്‍ വര്‍ഷങ്ങളോളം ജയിലില്‍ നരകജീവിതം നയിക്കേണ്ടി വരുന്നു. യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ വിചാരണ എത്രനാള്‍ വേണമെങ്കിലും നീട്ടിക്കൊണ്ടു പോകാം. കോടതിയില്‍ അവരെ നേരിട്ട് ഹാജരാക്കണമെന്നു പോലുമില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജുഡീഷ്യല്‍ കസ്റ്റഡി രേഖപ്പെടുത്തിയാല്‍ മതി. തീവ്രവാദപ്പേരു പറഞ്ഞ് ഏതു വ്യക്തിയെയും സംഘടനയെയും ഭീകരവാദ പട്ടികയില്‍ പെടുത്താനും അവരുടെ സമ്പത്തും സ്ഥാപനങ്ങളും കണ്ടുകെട്ടാനും യു.എ.പി.എ പ്രകാരം സാധിക്കും. 
യു.എ.പി.എ വിവേചനരഹിതമായി നടപ്പാക്കപ്പെടുന്നു എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ വലിയ വിമര്‍ശനമായി പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍, യു.എ.പി.എ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതല്ല ആ നിയമം തന്നെ നിയമനിര്‍മാണത്തിന്റെ ദുരുപയോഗമാണ് എന്നതാണ് മൗലിക പ്രശ്‌നം. അഥവാ, നിരപരാധിയായ ഒരാളെ പോലും  പ്രതിയാക്കി നിയമനടപടി സ്വീകരിക്കാന്‍ ഭരണകൂടത്തിന് സാധിക്കുന്ന വിധത്തിലാണ് ഈ നിയമം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഭീകരവാദിയായി ആരോപിക്കപ്പെടുന്ന വ്യക്തി പ്രതിയാക്കപ്പെടുന്നതോടെ കുറ്റാരോപണം തെറ്റാണെന്നു തെളിയിക്കാനുള്ള ബാധ്യത അയാളുടേതു മാത്രമായിത്തീരുന്നു. ടാഡ, പോട്ട നിയമങ്ങളില്‍ ആ നിയമത്തിന്റെ ഉപയോഗത്തെക്കുറിച്ച് പരിശോധിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, യു.എ.പി.എയില്‍  അത്തരം വ്യവസ്ഥയോ അതിനുള്ള സാധ്യതകളോ ഇല്ല. യു.എ.പി.എ പ്രകാരമുള്ള കേസുകള്‍ അന്വേഷിക്കുന്നത് കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എ എന്ന ഏജന്‍സിയാണ്. എന്‍.ഐ.എക്ക് വളരെ കൂടുതല്‍ അധികാരം നല്‍കിയിരിക്കുകയാണ് ഈ യു.എ.പി.എ ഭേദഗതിയിലൂടെ.
എന്‍.ഐ.എയുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക പുതിയ ഭേദഗതി പ്രകാരം മാറിയിരിക്കുന്നു. പുതിയതായി ഉള്‍പ്പെടുത്തിയ കുറ്റകൃത്യങ്ങളടക്കം അന്വേഷിക്കുന്ന എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരുടെ അധികാരവും അധികാര പരിധിയും ഇനി മുതല്‍ ലഭിക്കും. കേസുകളുടെ വിചാരണ നടക്കുന്ന നിലവിലുള്ള കോടതികള്‍ക്കപ്പുറം വേറെയും  കോടതികള്‍ രൂപീകരിക്കാനുള്ള അവകാശവും പുതിയ ഭേദഗതി വഴി എന്‍.ഐ.എക്ക് ലഭ്യമാവും. മനുഷ്യക്കടത്ത്, കള്ളനോട്ട് നിര്‍മാണം, നിരോധിത ആയുധങ്ങളുടെ നിര്‍മാണവും വില്‍പനയും, സൈബര്‍ ഭീകരവാദം, 1908-ലെ സ്ഫോടന വസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവയാണ് പുതിയതായി പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍. എന്‍.ഐ.എക്ക് നല്‍കപ്പെടുന്ന ഈ അമിതാധികാരങ്ങള്‍ ന്യൂനപക്ഷങ്ങളടക്കമുള്ള പൗരസമൂഹത്തിന്റെ സ്വസ്ഥജീവിതത്തിലാണ്  അസ്വസ്ഥത സൃഷ്ടിക്കാന്‍ പോകുന്നത്.

ഗുണഭോക്താക്കള്‍ ആര്?
എന്താണ് ഭീകരവാദം എന്ന ചോദ്യത്തിന് സാധാരണ ലഭ്യമാകാറുള്ള മറുപടി, ഭരണഘടനാനുസൃതമായി നിലനില്‍ക്കുന്ന ഒരു ഭരണകൂടത്തെ നിയമവിരുദ്ധമായി അട്ടിമറിക്കാനുള്ള ശ്രമം എന്നാണ്. ഹിംസയും കൊള്ളയുമെല്ലാം അതില്‍ അന്തര്‍ലീനമായിരിക്കും. എന്നാല്‍, സമീപകാലത്ത് ഇന്ത്യയില്‍ അരങ്ങേറുന്ന തീവ്രവാദങ്ങളുടെ ഉള്ളടക്കം പരിശോധിച്ചാല്‍ ചില ദുരൂഹതകളും പ്രഹേളികകളും നിലനില്‍ക്കുന്നതായി കാണാം. രാജ്യത്തിനകത്ത് തീവ്രവാദമില്ലെന്നോ ഭീകരവാദമില്ലെന്നോ ഒറ്റവാക്കില്‍ ആരും തീര്‍പ്പുകല്‍പിക്കുകയില്ല. എന്നാല്‍, തീവ്രവാദം, ഭീകരവാദം തുടങ്ങിയ പദാവലികളെ മുന്‍നിര്‍ത്തിയുള്ള ഏതൊരു വായനയും ഭരണകൂടത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടു മാത്രമേ ഇന്ന് നമുക്ക് സാധ്യമാവുകയുള്ളൂ.
ഭരണകൂടം നോട്ടമിട്ട വിചാരണത്തടവുകാരില്‍ പലരും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ ഉന്മൂലനം ചെയ്യപ്പെടുന്നതായാണ് കാണുന്നത്. രാജ്യസുരക്ഷ, രാജ്യസ്നേഹം, വിദേശ ഇടപെടല്‍ തുടങ്ങിയ അതിവൈകാരിക പദങ്ങളിലൂടെയാണ് ഇത്തരം മനുഷ്യക്കുരുതികളെ ഭരണകൂടം ന്യായീകരിക്കുന്നത്. കശ്മീരിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും ഗുജറാത്തിലും മധ്യപ്രദേശിലുമെല്ലാം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഇന്ന് സാമൂഹിക ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഭരണകൂടത്തിന് അനഭിമതരാകുന്നവര്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ തുടച്ചുനീക്കപ്പെടുന്നതിന്റെ വിവരണമാണ് വിജയലക്ഷ്മിയുടെ 'ഊഴം' എന്ന കവിത. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ വന്നവര്‍ എന്ന് മുദ്രചാര്‍ത്തി കോളേജ് വിദ്യാര്‍ഥിനി ഇശ്റത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖ് എന്നിവരടങ്ങുന്ന നാലുപേരെ ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു മലയാളത്തിന്റെ ക്രാന്തദര്‍ശിയായ എഴുത്തുകാരി 'ഊഴം' എഴുതിയത്. ഭരണകൂടം മുന്‍കൂട്ടി തയാറാക്കിയ ഏറ്റുമുട്ടല്‍ തിരക്കഥയുടെ ഭാഗമായിരുന്നു ആ കൊലപാതകങ്ങള്‍. അത്തരം ഹതഭാഗ്യരുടെ നിലവിളികള്‍ ഇന്ത്യയില്‍ ഇന്നും തുടരുന്നുണ്ടെന്നാണ് ഏറ്റവും പുതിയ ഭോപ്പാല്‍, ഹരിയാന വെടിമുഴക്കങ്ങള്‍ തെളിയിക്കുന്നത്.
തീവ്രവാദത്തെയും ഭീകരവാദത്തെയും കുറിച്ചുള്ള ഭരണകൂടഭാഷ്യങ്ങളോട് മറുവാദങ്ങളുന്നയിക്കാന്‍ പാടില്ലാത്ത അവസ്ഥയും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലുള്ള ഏതൊരു ശ്രമവും ദേശവിരുദ്ധമായി ചിത്രീകരിക്കുകയാണ്  ഭരണകൂടം. അതുകൊണ്ടുതന്നെ തീവ്രവാദത്തിലെ രക്തച്ചൊരിച്ചിലുകളെ വിമര്‍ശിക്കുന്ന പൊതുസമൂഹം രാഷ്ട്രസുരക്ഷയുടെ പേരുപറഞ്ഞ് നടത്തുന്ന കൂട്ടക്കൊലകളെ ന്യായീകരിക്കുന്നു. ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന രാജ്യസ്നേഹത്തില്‍ പെട്ടുപോകുമ്പോഴാണ് ഇത്തരം വൈരുധ്യങ്ങള്‍ സംഭവിക്കുന്നത്. മുഖ്യമായും ഭരണകൂടവും ഭരണകൂടത്തിന്റെ ഭൗതിക സാമഗ്രികളും (പോലീസ്, പട്ടാളം, അന്വേഷണ ഏജന്‍സികള്‍) ദേശസ്നേഹത്തിന്റെ മകുടോദാഹരണങ്ങളാവുകയും എതിര്‍ത്തുനില്‍ക്കുന്നവര്‍ ദേശവിരുദ്ധതയുടെ പ്രതീകങ്ങളാവുകയും ചെയ്യുന്ന അതീവ ലളിതമായ വര്‍ഗീകരണ യുക്തിയാണ് നമ്മുടെ പൊതുബോധത്തിനുള്ളത്. എന്നാല്‍, ഭരണകൂടം തന്നെ ഹിംസാത്മക രൂപമാര്‍ജിക്കുകയും ഭരണകൂട സാമഗ്രികള്‍ കൂട്ടക്കൊലകളുടെ ഫാക്ടറിയാവുകയും ചെയ്യുന്ന സമകാലീന 'ജനാധിപത്യ' അന്തരീക്ഷത്തില്‍ മുന്‍വിധികളില്ലാതെ തീവ്രവാദമെന്ന പരികല്‍പ്പനയെ സമീപിക്കുക സാധ്യമല്ല. അത്തരം മുന്‍വിധികളോടെയുള്ള ഏതൊരു വിശകലന ശ്രമവും തീവ്രവാദമെന്ന വാക്കിനോടും പ്രയോഗത്തോടും വിയോജിക്കുന്നതുപോലെ തന്നെ അതിനെ കറവപ്പശുവാക്കുന്ന രാഷ്ട്രീയ - സാമൂഹിക സാമഗ്രികളോടും ഇടയുന്നതായിരിക്കും.
ഭരണകൂടത്തിന്റെ അക്രമണോത്സുകമായ പരമാധികാരത്തെ എങ്ങനെ അതിജീവിക്കാം എന്ന ആലോചനയാണ് വര്‍ത്തമാനകാലത്ത് ഓരോ ജനാധിപത്യവാദിയും നടത്തേണ്ടത്. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള മൗലികമായ യാഥാര്‍ഥ്യം, നമ്മള്‍ അലസരാകുന്ന നിമിഷത്തില്‍ തന്നെ നമ്മുടെ സ്വാതന്ത്ര്യവും അവകാശങ്ങളും കവര്‍ന്നെടുക്കപ്പെടും എന്നതാണ്. സമൂഹത്തില്‍ ഇന്ന് ഏതെങ്കിലും തരത്തില്‍ നീതിയും മനുഷ്യാവകാശങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ സമൂഹത്തിന്റെ ജാഗ്രത ഒന്നുകൊണ്ടു മാത്രമാണ്. ജനാധിപത്യബോധവും പൗരാവകാശങ്ങളും രൂപമെടുത്തത് ശൂന്യതയില്‍നിന്നായിരുന്നില്ല, തീക്ഷ്ണമായ അവകാശ സമരങ്ങളുടെ ഫലമായിട്ടായിരുന്നു. ഭരണകൂടത്തെ വിമര്‍ശിക്കാന്‍ സാധിക്കുന്ന സാമൂഹിക സാഹചര്യത്തെയാണ് നാം ജനാധിപത്യമെന്ന് വിളിക്കുന്നത്. അതല്ലാത്തൊരു സാഹചര്യം ഫാഷിസത്തിന്റേതാണ്. അതുകൊണ്ട് ഭരണകൂടത്തെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനുമുള്ള ഒരു പൊതു ഇടത്തെ വികസിപ്പിച്ചുകൊണ്ടു മാത്രമേ മനുഷ്യാവകാശങ്ങളെക്കുറിച്ച നിറമുള്ള സ്വപ്‌നങ്ങള്‍ നമുക്ക് നെയ്‌തെടുക്കാനാവൂ. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

മരിച്ചവരെ അപമാനിക്കരുത്
സുബൈര്‍ കുന്ദമംഗലം