Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 02

3112

1440 ദുല്‍ഖഅദ് 29

സത്യസന്ധമാകണം ജീവിതം

കെ.പി ഇസ്മാഈല്‍

വീട്ടിലെ റിപ്പയര്‍ പണികള്‍ക്ക് രണ്ട് പണിക്കാരെ കൊണ്ടുവന്നു. അവരുടെ പണി ഇടക്കിടെ ഉടമ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അല്‍പം പ്രായം കൂടിയ ആള്‍ അധ്വാനിച്ച് പണി ചെയ്യുന്നു. പ്രായം കുറഞ്ഞ ആള്‍ ഇടക്കിടെ പണി നിര്‍ത്തി ടൂളുകള്‍ റിപ്പയര്‍ ചെയ്യുന്നു. മാത്രമല്ല, അയാളുടെ പണികള്‍ അത്ര വൃത്തിയുമില്ല. ഇടക്ക് അയാള്‍ പിക്കാസ് നന്നാക്കാന്‍ തുടങ്ങി. പിക്കാസ് വീട്ടുടമയുടേതാണ്. അത് കരിങ്കല്ലിന്മേല്‍ വെച്ച് ചുറ്റിക കൊണ്ട് അടിക്കുകയാണ്. പ്രായമുള്ള ആള്‍ ചെയ്യുന്നതിനേക്കാള്‍ ചുരുങ്ങിയ പണിയേ അയാള്‍ ചെയ്യുന്നുള്ളൂ. ഉടമ അയാളുടെ പണികള്‍ ശ്രദ്ധിക്കുന്നതല്ലാതെ ശാസിക്കാന്‍ പോയില്ല.
പിന്നെ വിചാരിച്ചു, നാളെ അയാളെ അയക്കേണ്ടെന്ന് മേസ്തിരിയെ വിളിച്ചു പറയണമെന്ന്. എന്നാല്‍ അതും വേണ്ടെന്നുവെച്ചു. കാരണം താന്‍ പറഞ്ഞതുകൊണ്ട് അയാളെ ജോലിക്ക് എടുക്കാതെ വരാം. ഒരുപക്ഷേ അയാള്‍ക്ക് ജോലിനഷ്ടവും സംഭവിച്ചേക്കാം. തന്റെ ഇടപെടല്‍ കൊണ്ട് ഒരാളുടെ ജീവിതമാര്‍ഗം മുടങ്ങിപ്പോകുന്നത് അയാള്‍ ഇഷ്ടപ്പെട്ടില്ല. കുറച്ചു ദിവസത്തെ പണികള്‍ക്കിടയില്‍ തനിക്ക് അല്‍പം സാമ്പത്തികനഷ്ടമുണ്ടായേക്കാം. അതു സഹിക്കാം. മറ്റൊരാളുടെ ജീവിതമാര്‍ഗത്തിന് എന്തെങ്കിലും പ്രയാസമുണ്ടാക്കുന്നത് ശരിയല്ലല്ലോ.
പല ജോലിക്കാരും മറ്റുള്ളവര്‍ക്കു വേണ്ടിയാണ് ജോലി ചെയ്യുന്നത്. അതാണ് കുഴപ്പം. ഏതു ജോലിയും അവനവനു വേണ്ടി ചെയ്യണം. ഏതു ജോലി ചെയ്യുമ്പോഴും അത് അവനവനു വേണ്ടിയാണെന്ന് കരുതണം. എന്നാലേ അതിന്റെ പൂര്‍ണതയോടെയും ഭംഗിയോടെയും ചെയ്യാനാകൂ. ഓരോ ജോലിക്കാരനും കലാകാരനാകണം. കലാകാരന്‍ അവനവനു വേണ്ടിയാണ് വരയ്ക്കുന്നത്. വരയ്ക്കുമ്പോള്‍ അവന്റെ മനസ്സില്‍ അവന്‍ വരയ്ക്കുന്ന പ്രകൃതിഭംഗി മാത്രമേയുള്ളൂ. പ്രഭാതോദയം വരയ്ക്കുന്ന കലാകാരന്റെ മനസ്സില്‍ ആകാശത്തിന്റെ അരുണിമയും വൃക്ഷശിഖരങ്ങളും വര്‍ണാഭമായ മേഘക്കൂട്ടങ്ങളും ഒഴുകുന്ന അരുവിയുമാണ് നിറയെ. അതു പകര്‍ത്തുകയാണ് അവന്റെ ലക്ഷ്യം. മറ്റൊന്നും അവന്റെ ഭാവനാലോകത്ത് കടന്നുവരുന്നേയില്ല. അതുകൊണ്ട് തന്റെ പ്രവൃത്തിയില്‍ അവന്‍ വിജയിക്കുന്നു. ജോലിക്കാര്‍ ഇങ്ങനെ കലാകാരന്മാരാകുമെങ്കില്‍ വര്‍ണാഭവും കെട്ടുറപ്പുള്ളതുമായ ലോകം സൃഷ്ടിക്കാനാകും.
പണം കിട്ടാന്‍ വേണ്ടി മാത്രം പണിയെടുക്കുമ്പോഴാണ് കാപട്യവും വഞ്ചനയും കൃത്രിമത്വവും കടന്നുവരുന്നത്. അപ്പോള്‍ ആര്‍ക്കോ വേണ്ടി പാളം കെട്ടുന്നു, ആര്‍ക്കോ വേണ്ടി വാര്‍ക്കുന്നു. അങ്ങനെ കെട്ടുന്ന പാളമാണ് ഒടിഞ്ഞുകുത്തി വീണുപോകുന്നത്, അങ്ങനെ പണിയുന്ന റോഡുകളാണ് ഇളകിത്തെറിക്കുന്ന ജില്ലിക്കൂട്ടങ്ങളായി മാറുന്നത്.
ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ നിര്‍മിച്ച പാളങ്ങളും കെട്ടിടങ്ങളും വളരെ ഭദ്രമായി ഇന്നും നിലനില്‍ക്കുന്നു. ബ്രിട്ടീഷുകാരുടെ ആഗമനോദ്ദേശ്യം എന്തായിരുന്നാലും നിര്‍മാണത്തിലെ സത്യസന്ധത സവിശേഷമാണ്. അതേയവസരം വിനോദ പരിപാടികള്‍ക്കും മറ്റും നമ്മള്‍ നിര്‍മിച്ച വന്‍ നിര്‍മിതികള്‍ തകര്‍ന്നുവീണത് നാം കണ്ടതാണ്. നിര്‍മിതിയിലെ കൃത്രിമത്വമാണ് അവിടെ മുഴച്ചുനില്‍ക്കുന്നത്. ആര്‍ക്കോ വേണ്ടി ഏറ്റെടുക്കുകയും ആര്‍ക്കോ വേണ്ടി നിര്‍മിക്കുകയും ചെയ്യുന്നവ നാട്ടുകാര്‍ക്ക് ശാപമായി മാറുന്നു.
സത്യസന്ധമായ ജീവിതമാണ് തനിക്കും സമൂഹത്തിനും എപ്പോഴും ഗുണകരമാവുകയെന്ന പാഠമാണ് മനസ്സില്‍ ആദ്യം ഉറപ്പിക്കേണ്ടത്.

 

ഹിമാലയന്‍ താഴ്‌വരയില്‍ ദൈവസഹായം

വിഷന്‍ 2026-ന്റെ ഭാഗമായി ദത്തെടുത്ത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും പ്രോജക്ടുകള്‍ കാണാനും ഈയിടെ അവസരമുണ്ടായി. കൂട്ടത്തില്‍ അതിര്‍ത്തി പ്രദേശമായ സിക്കിമും ഹിമാലയത്തിന്റെ താഴ്‌വരകളും കാണാന്‍ പരിപാടിയിട്ടു. തലസ്ഥാനമായ ഗാങ്ങ് ടോക്കില്‍നിന്ന് ഞങ്ങള്‍ ലച്ചൂണിലേക്ക് പുറപ്പെട്ടു. മഞ്ഞു പെയ്യുന്ന മാമലകളും ഹിമക്കട്ടകള്‍ കുന്നുകൂടിയ ഹിമാലയന്‍ താഴ്‌വരകളും അവിടെയാണ്. രണ്ട് വണ്ടികളിലായി പതിനൊന്ന് പേരുണ്ടായിരുന്നു. ഹിമപാതത്തിന്റെ കൊടും തണുപ്പില്‍ പിടിച്ചുനില്‍ക്കാനാവുമോ എന്ന ആശങ്കയാല്‍ ചില സുഹൃത്തുക്കള്‍ താമസസ്ഥലത്തു തന്നെ കഴിഞ്ഞു. വശ്യമനോഹരമായ കാഴ്ചകളിലൂടെ ഏകദേശം പാതിവഴി പിന്നിട്ടപ്പോള്‍ കനത്ത മഞ്ഞു വീഴാന്‍ തുടങ്ങി. ചെങ്കുത്തായ റോഡുകള്‍ ഹിമകണങ്ങളാല്‍ മൂടി. ഞങ്ങളുടെ ഡ്രൈവര്‍ അമിത് സമര്‍ഥമായി വണ്ടി ഓടിച്ചുകൊണ്ടിരുന്നു. വൈകുന്നേരമായപ്പോഴേക്കും റോഡുകള്‍ വിജനമായി. വണ്ടികളെല്ലാം മടക്കയാത്ര ആരംഭിച്ചുകഴിഞ്ഞിരുന്നു. ഞങ്ങള്‍ കുറച്ചുകൂടി മുന്നോട്ടുപോയി ഹിമാലയന്‍ പര്‍വതനിരകളുടെ അടിഭാഗത്തെത്തി. അവിടെ ഞങ്ങളല്ലാതെ ആരും ഉണ്ടായിരുന്നില്ല. എങ്ങും മഞ്ഞുകട്ടകള്‍. വണ്ടി നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം റോഡുകള്‍ അദൃശ്യമായി. അല്‍പം പ്രയാസത്തോടെയാണെങ്കിലും ഞങ്ങള്‍ ലച്ചൂണ്‍ ഉത്തുംഗതയിലെത്തി. വൃക്ഷങ്ങളും ചെടികളും പര്‍വതനിരകളും അപ്പോഴേക്കും തൂവെള്ളയണിഞ്ഞിരുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന വണ്ടി വഴിയില്‍ കുടുങ്ങിയിരിക്കുകയാണെന്ന് വിവരം കിട്ടി.
ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു. വണ്ടി സ്റ്റാര്‍ട്ടാക്കി തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹിമക്കട്ടകളില്‍ ടയറുകള്‍ കുടുങ്ങി. വണ്ടി കിടന്നു തിരിയുകയല്ലാതെ മുന്നോട്ടോ പിന്നോട്ടോ പോകുന്നില്ല. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങളെല്ലാം വിറകുകൊള്ളി പോലെ വിറങ്ങലിച്ചു. സ്വറ്ററുകളുണ്ടായിട്ടും തണുപ്പ് ഉള്ളിലേക്ക് തുളച്ചുകയറാന്‍ തുടങ്ങി. ആകെ പരവശരായി ഞങ്ങള്‍ സഹായത്തിന് മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഒരിടത്തും റേഞ്ചില്ല. വിറങ്ങലിച്ചു വീഴാന്‍ അധികസമയം വേണ്ടിവരില്ലെന്നു തോന്നി. ഞങ്ങളുടെ യാത്രാ അമീര്‍ അബൂബക്കര്‍ കരുളായി ഈ സന്ദര്‍ഭത്തില്‍ നിരുദ്ധകണ്ഠനായി ഞങ്ങളെ അഭിമുഖീകരിച്ചു. അല്ലാഹുവിന്റെ നിശ്ചയം ഏതാണെങ്കിലും നാം ധൈര്യത്തോടെയും ക്ഷമയോടെയും നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം ഉണര്‍ത്തി. മഴ വന്നപ്പോള്‍ പാറയിടുക്കില്‍ അഭയം തേടിയ മൂന്നു പേരുടെ കഥ അദ്ദേഹം ഓര്‍മപ്പെടുത്തി. പാറക്കഷ്ണം വന്ന് ഗുഹാമുഖം അടഞ്ഞപ്പോള്‍ ഓരോരുത്തരും തങ്ങള്‍ ചെയ്ത അതിവിശിഷ്ടമായ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞാണ് അല്ലാഹുവിനോട് സഹായം തേടിയത്. ഇപ്പോള്‍ നമുക്കും അങ്ങനെ പ്രാര്‍ഥിക്കാനുള്ള അവസരമാണ്. അത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആത്മവിശ്വാസം കൈവന്നപോലെ. ഞങ്ങള്‍ പ്രതീക്ഷാപൂര്‍വം മേല്‍പോട്ട് കൈയുയര്‍ത്തി പ്രാര്‍ഥിച്ചു. അല്ലാഹുവിനെ മാത്രം ഓര്‍ത്ത്, വളരെ വിനയാന്വിതരായി... അപ്പോഴതാ ഡ്രൈവറുടെ ഒരു നിര്‍ദേശം; 'നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് വണ്ടി പൊക്കൂ. ഞാനൊന്ന് വണ്ടി ചാടിച്ചു നോക്കാം.' കേട്ട ഉടനെ എല്ലാവരും 'അല്ലാഹു അക്ബര്‍' ചൊല്ലി വണ്ടി പൊക്കുകയും ഉയരത്തില്‍ വണ്ടി മുന്നോട്ട് ചാടുകയും ചെയ്തു. അല്‍ഹംദു ലില്ലാഹ്, എല്ലാവരും സന്തോഷത്താല്‍ തുള്ളിച്ചാടി. അല്ലാഹുവിന് രണ്ട് റക്അത്ത് നന്ദി നമസ്‌കാരം നിര്‍വഹിച്ചു. വലിയൊരു ദുരന്ത മുഖത്തുനിന്ന് ദൈവസഹായം കൊണ്ട് മാത്രം ഞങ്ങള്‍ രക്ഷപ്പെട്ടു എന്നേ അതേപ്പറ്റി പറയാനൊക്കൂ. ഒരു മണിക്കൂര്‍ കൂടി അവിടെ കഴിയേണ്ടിവന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഞങ്ങളുടെ അടയാളം പോലും അവിടെ ബാക്കിയുണ്ടാവുമായിരുന്നില്ല. റോഡ് ദുഷ്‌കരവും ചെങ്കുത്തായതുമാണെന്ന് പിന്നീടാണ് ഞങ്ങള്‍ ആലോചിച്ചത്. അവിടെ വണ്ടി ചാടിക്കാന്‍ പാടില്ലായിരുന്നു. പക്ഷേ അല്ലാഹുവിന്റെ കാവല്‍, എല്ലാം ശുഭകരമായി. ഞങ്ങള്‍ സുരക്ഷിതരായി തിരിച്ചെത്തി.

ടി. അബ്ദുര്‍റഹ്മാന്‍, തിരൂര്‍ക്കാട്

 

ധീരമായ നിലപാടുകള്‍

അസഹിഷ്ണുതയും സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് ആള്‍ക്കൂട്ട ആക്രമണവും കൊലപാതകങ്ങളും അരങ്ങു വാഴുന്ന വിദ്വേഷകാലത്ത്, വെള്ളിനൂലഴക് പോലെ മനസ്സിനെ കുളിര്‍പ്പിച്ച  രണ്ട് പ്രതിഷേധസ്വരങ്ങള്‍  കാണാനിടയായി. 
അതിലൊന്ന് മതത്തിന്റെയും മതചിഹ്നങ്ങളുടെയും പേരിലുള്ള ആള്‍ക്കൂട്ട ആക്രമണത്തിലും, ആക്ടിവിസ്റ്റുകള്‍ക്കും ബുദ്ധിജീവികള്‍ക്കും നേരെയുള്ള ഭരണകൂട പീഡനത്തിലും, യു.എ.പി.എ ചൂഷണത്തിലും പ്രതിഷേധിച്ച് 2018-ലെ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം നിരസിച്ച കന്നട നാടക പ്രവര്‍ത്തകനും സംവിധായകനുമായ എസ്. രഘുനന്ദനയുടെ ധീരമായ നിലപാടാണ്. സാഹിത്യ - കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍നിന്നും രാജ്യം പ്രതീക്ഷിക്കുന്ന ശക്തമായ നിലപാട്. പുരസ്‌കാരങ്ങളെ തിരസ്‌കരിച്ച് എങ്ങനെ പ്രതിരോധം തീര്‍ക്കാമെന്ന് പഠിപ്പിച്ച എസ്. രഘുനന്ദന മാതൃക തന്നെ.
മറ്റൊന്ന് ത്രിപുരയില്‍നിന്നാണ്. സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിലേക്കും ക്രമസമാധാന തകര്‍ച്ചയിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷായുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഔദ്യാഗിക  കൂടിക്കാഴ്ചക്കു ചെന്ന സി.പി.എം വനിതാ എം.പി ജര്‍ണാ ദാസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ദുരനുഭവമാണ് അത്. കൂടിക്കാഴ്ചക്ക് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്നു. ത്രിപുരയിലെ വഷളായ ക്രമസമാധാനനില പുനഃസ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞ, കഴിയുമെങ്കില്‍ സ്ഥിതിഗതികള്‍ നേരില്‍ കാണാന്‍ ക്ഷണിക്കാന്‍ പോയ എം.പിയോട് ബി.ജെ.പിയില്‍ ചേരാനാണ്  രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടത്. താന്‍ കാണാന്‍ വന്നത് ബി.ജെ.പി പ്രസിഡന്റിനെയല്ല, മറിച്ച് ആഭ്യന്തര മന്ത്രിയെയാണെന്നും അവസാന ശ്വാസം വരെ ഫാഷിസ്റ്റ് നിലപാടുകള്‍ക്കെതിരെ നിലകൊള്ളുമെന്നും  പറഞ്ഞ് ആ എം.പി നല്ല മറുപടിയും കൊടുത്തു. അധികാരത്തിന്റെ അപ്പക്കഷ്ണം നുണയാന്‍ തരംപോലെ പാര്‍ട്ടികള്‍ തോറും കയറിയിറങ്ങുന്ന അവസരവാദികള്‍ നിറഞ്ഞിരിക്കുന്ന കാലത്ത്, മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറഞ്ഞ് പ്രതിഷേധിച്ച ജര്‍ണാ ദാസിന് അഭിവാദ്യങ്ങള്‍. കാലം തേടുന്ന രാഷ്ട്രീയവും അതു തന്നെ.  നന്മയാര്‍ന്ന, സാഹോദര്യ രാഷ്ട്രീയത്തിന് ഇതുപോലെ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ മനുഷ്യസ്‌നേഹികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് പോംവഴി.

വി.ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി


വൃത്തിയെക്കുറിച്ച്  വീണ്ടും വീണ്ടും ഉണര്‍ത്തേണ്ടതുണ്ട്

വൃത്തി വിശ്വാസത്തിന്റെ അര്‍ധ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും നിത്യജീവിതത്തില്‍ ശുചിത്വത്തിന് പ്രാധാന്യം നല്‍കുകയും ചെയ്ത ഇസ്‌ലാംസംസ്‌കൃതിയുടെ വക്താക്കളില്‍ അന്യം നിന്നുപോയ വൃത്തിബോധത്തെക്കുറിച്ച്, സോദാഹരണം ഉപന്യസിക്കുന്ന എ.പി ശംസീറിന്റെ 'ഇസ്‌ലാം-വൃത്തിയെക്കുറിച്ചുള്ള സൗന്ദര്യപാഠങ്ങള്‍' എന്ന ലേഖനം (ജൂലൈ 12) ശ്രദ്ധേയമായി.
നാം ജീവിക്കുന്ന ചുറ്റുപാടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് ഈ ഭൂമിയില്‍ നിലനില്‍ക്കാനുള്ള നമ്മുടെ അര്‍ഹതയെ വിളംബരം ചെയ്യുന്നതാണ്. ഈ ബോധം, തന്റെ അന്തരാളത്തില്‍ ജ്വലിപ്പിച്ചുനിര്‍ത്തേണ്ടത് മറ്റാരേക്കാളും സത്യവിശ്വാസിയാണ്. ഈ യാഥാര്‍ഥ്യം വിസ്മരിച്ച സമുദായം, വൃത്തിശൂന്യതയില്‍ മുന്നിലായിപ്പോകുന്ന വൈരുധ്യമാണ് കാണുന്നത്. വിശ്വാസിയുടെ വൃത്തിബോധത്തെയും സൗന്ദര്യസങ്കല്‍പങ്ങളെയും കാലാനുസൃതമായി നവീകരിക്കേണ്ടതുണ്ടെന്ന ലേഖകന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.

റഹ്മാന്‍ മധുരക്കുഴി

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

മരിച്ചവരെ അപമാനിക്കരുത്
സുബൈര്‍ കുന്ദമംഗലം