Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 02

3112

1440 ദുല്‍ഖഅദ് 29

അധ്യാപനം, ഹോമിയോ ചികിത്സ, പിന്നെ കളരി അഭ്യാസവും

എം.വി മുഹമ്മദ് സലീം/സി.എസ് ഷാഹിന്‍

( ജീവിതം-3 )

ശാന്തപുരത്തെ പഠനത്തിനു ശേഷം എന്നെ കാസര്‍കോട് ആലിയ അറബിക്കോളേജില്‍ അധ്യാപകനായി നിയമിച്ചു. സേവന-വേതന വ്യവസ്ഥകളോ നിയമനക്കരാറോ ഒന്നുമില്ലാതെ അധ്യാപക ജീവിതം ആരംഭിച്ചു. 
ശാന്തപുരത്ത് പഠിക്കുമ്പോള്‍ തന്നെ ഒരു തീരുമാനം എടുത്തിരുന്നു; വൈജ്ഞാനിക പ്രവര്‍ത്തന മേഖലയില്‍നിന്നല്ലാത്ത വരുമാനമാര്‍ഗം കണ്ടെത്തണം, വൈജ്ഞാനിക സംരംഭങ്ങള്‍ക്ക് കോട്ടം തട്ടാതെ മറ്റൊരു വരുമാനം. ജോലിയില്‍ ചേര്‍ന്നതോടൊപ്പം കോട്ടയം ഹോമിയോ മിഷനില്‍നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ഹോമിയോപതി പഠിച്ചു തുടങ്ങി. അവര്‍ പാഠഭാഗങ്ങള്‍ അയച്ചുതരും. കൃത്യമായ ഇടവേളകളില്‍ പരീക്ഷയുണ്ടാകും. ഒടുവില്‍ അംഗത്വ സര്‍ട്ടിഫിക്കറ്റ് നല്‍കും. അങ്ങനെ പുതിയൊരു മേഖലയിലേക്കു കൂടി കാലെടുത്തുവെച്ചു. ഹോമിയോപതി പഠനം പൂര്‍ത്തിയായി. കോളേജിലെ വിദ്യാര്‍ഥികളില്‍ ചികിത്സ തുടങ്ങി. വിദ്യാര്‍ഥികളെ ചികിത്സിച്ചത് പരിചയം നേടാനും പഠിച്ചത് മനസ്സില്‍ പതിയാനും സഹായകമായി.  ആശുപത്രി അകലെയായിരുന്നതിനാല്‍ കുട്ടികളെ ചികിത്സക്ക് അയക്കാനുള്ള പ്രയാസവും ലഘൂകരിക്കാന്‍ സാധിച്ചു. സാധാരണ പനിയും ജലദോഷവും മാത്രമല്ല, സര്‍പ്പദംശനം മുതല്‍ മനോരോഗം വരെ ഇക്കാലത്ത് ചികിത്സിച്ച കേസുകളില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങളായി പ്രിന്‍സിപ്പലിന്റെ മകനുണ്ടായിരുന്ന ആസ്ത്മ പൂര്‍ണമായും സുഖപ്പെടുത്താന്‍ സാധിച്ചു.
ആലിയയില്‍ ചില പരിഷ്‌കരണങ്ങളും നടപ്പാക്കാന്‍ ശ്രമിച്ചു. പി ന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ചില വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കാന്‍ സംവിധാനമൊരുക്കി. പല സ്ഥാപനങ്ങളില്‍നിന്ന് വന്നുചേരുന്ന പഠിതാക്കളുടെ പഠന നിലവാരം  മൊത്തത്തില്‍ മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിച്ചു. ഹദീസിന്റെ നിദാനശാസ്ത്രം പഠിപ്പിക്കാന്‍ 'മിശ്കാത്തുല്‍ മസ്വാബീഹി'ന്റെ ആമുഖമായിരുന്നു പാഠ്യപദ്ധതിയില്‍ ഉണ്ടായിരുന്നത്. ഇത് പഠിപ്പിച്ചിരുന്ന ഗുരുനാഥന്‍  അനാരോഗ്യം മൂലം അവധിയെടുത്തതുകൊ് കൂടിയാണ് എന്നെ നിയമിച്ചത്. ഒരു വര്‍ഷം കൊണ്ടാണ് അത് പഠിപ്പിച്ചിരുന്നത്. 
വിഷയം വിശദമായി പഠിച്ചതാണെങ്കിലും മിശ്കാത്തുല്‍ മസ്വാബീഹിന്റെ ആമുഖം  ഞാന്‍ നേരത്തേ പഠിച്ചിരുന്നില്ല. അതിനാല്‍ അവതരണ രീതി നന്നായി ഗ്രഹിക്കാന്‍ ഗ്രന്ഥം വിശദമായി പഠിച്ച് കുറിപ്പുകള്‍ തയാറാക്കി. വിഷയം പഠിതാക്കള്‍ക്ക് ആദ്യം ലളിതമായി  മലയാളത്തില്‍ വിവരിച്ചുകൊടുത്തു. എല്ലാവര്‍ക്കും മനസ്സിലായെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഗ്രന്ഥം തുറക്കാന്‍ ആവശ്യപ്പെടൂ. ഒരു കുട്ടിക്ക്  കിടന്നുറങ്ങാന്‍ വീതിയുള്ള കിതാബ്! അത് കാണുമ്പോള്‍ തന്നെ പേടിയാകും. അങ്ങനെ പേടിക്കാന്‍ മാത്രമൊന്നും ഇല്ല എന്ന് സമീപനത്തിലൂടെ അവര്‍ക്ക് ബോധ്യപ്പെട്ടു. മൂന്ന് മാസം കൊണ്ട് ഈ വിധത്തില്‍ വിഷയം പഠിപ്പിച്ചു. നാലാമത്തെ മാസം റിവിഷനും ശേഷം പരീക്ഷയും നടത്തി. അടുത്ത സ്റ്റാഫ് മീറ്റിംഗില്‍, ''നാലാം ക്ലാസ്സിലെ ഉലൂമുല്‍ ഹദീസ് പൂര്‍ത്തിയായിരിക്കുന്നു. ഇനി മറ്റൊരു വിഷയം നിര്‍ദേശിക്കാം'' എന്ന് പറഞ്ഞു. രോഗം സുഖമായി തിരിച്ചെത്തിയ അധ്യാപകന്‍ ഇതംഗീകരിക്കാന്‍ വിസമ്മതിച്ചു. അദ്ദേഹത്തിന് ബോധ്യപ്പെടാന്‍ അവസരം നല്‍കണമെന്നായിരുന്നു എന്റെ നിര്‍ദേശം. 
പുസ്തകം പഠിപ്പിക്കുന്നതിനു പകരം വിഷയം പഠിപ്പിക്കുന്ന രീതി സ്വീകരിച്ചാല്‍ ധാരാളം സമയം ലാഭിക്കാം. വിദ്യാര്‍ഥികള്‍ക്ക് വിഷയം നന്നായി  മനസ്സിലാക്കാനും സാധിക്കും. അറബി ഗ്രാമറായ നഹ്വും സ്വര്‍ഫും അങ്ങനെ തന്നെയാണ് ഞാന്‍ പഠിപ്പിച്ചിരുന്നത്. മദീനത്തുല്‍ ഉലൂമില്‍നിന്നാണ് ഈ പുതിയ ബോധനരീതി മനസ്സിലാക്കിയത്. ഒരു വര്‍ഷത്തെ കഠിനാധ്വാനഫലമായി പിന്നാക്കം നിന്നിരുന്ന പഠിതാക്കളെ സഹപാഠികള്‍ക്കൊപ്പമെത്തിക്കാന്‍ ഇതുവഴി സാധിച്ചു. 
ഹദീസിന്റെ പ്രാമാണികത സമര്‍ഥിക്കുന്ന ഇമാം ശാഫിഈയുടെ രിസാല, അറബി സാഹിത്യാസ്വാദന കല പഠിപ്പിക്കുന്ന മുഖ്തസ്വറുല്‍ മആനി, കര്‍മശാസ്ത്ര നിദാനം നിര്‍ണയിക്കുന്ന ജംഉല്‍ ജവാമിഇഅ്  തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങളും പഠിപ്പിക്കാന്‍ ആലിയയില്‍ അവസരം ലഭിച്ചു.
ചില അഭിപ്രായ വ്യത്യാസങ്ങളും മറ്റും കാരണം ആലിയയില്‍ ജോലി തുടരാന്‍ കഴിയാതെ വന്നു. എല്ലാം വിശദീകരിച്ച് പ്രിന്‍സിപ്പലിന് കത്ത് നല്‍കി. രണ്ടു മാസം കഴിഞ്ഞ് ജോലിയില്‍നിന്ന് പിരിഞ്ഞുപോകാന്‍ അനുവദിക്കണമെന്ന് അതില്‍ ആവശ്യപ്പെട്ടു. 
ജോലിയോടൊപ്പം  ഹോമിയോ ചികിത്സക്ക് സൗകര്യമുള്ള ഒരിടം തേടി.   എടവണ്ണ മുണ്ടേങ്ങരയില്‍ പള്ളിയില്‍ ഖുത്വ്ബ, മദ്‌റസാ അധ്യാപനം, ഡിസ്‌പെന്‍സറി എന്നിവ ഒന്നിച്ചു കൊണ്ടുപോകാന്‍ അവസരമൊരുങ്ങി. എന്നാല്‍ ഞാന്‍ സജീവമായി ഇസ്‌ലാമിക വിജ്ഞാന മേഖലയില്‍ ഉണ്ടാവണം എന്നാഗ്രഹിക്കുന്ന ഗുരുനാഥന്മാര്‍ എന്നെ കോളേജിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്ലാനിട്ടു. മര്‍ഹൂം എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി അന്ന് ആക്ടിംഗ് അമീറായിരുന്നു. നേതൃത്വത്തോട് അനുവാദം വാങ്ങാതെ ആലിയ കോളേജ് വിട്ടുപോയതിന് അദ്ദേഹം വിശദീകരണം ആവശ്യപ്പെട്ടു. ആലിയയില്‍നിന്ന് കിട്ടിയ റിപ്പോര്‍ട്ടിനേക്കാള്‍ എന്റെ വിശദീകരണം അദ്ദേഹത്തിന് ബോധ്യമായി. ആലിയയുടെ സ്ഥാപകനായ മര്‍ഹൂം ഇസ്സുദ്ദീന്‍ മൗലവിയോട് എന്റെ പ്രയാസങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു.
'സമസ്ത'യുടെ ഒരു പറ്റം പണ്ഡിതന്മാര്‍ അക്കാലത്ത് ജമാഅത്ത് വിമര്‍ശനം പതിവാക്കിയിരുന്നു. നിലമ്പൂരിലെ പ്രവര്‍ത്തകരുടെ താല്‍പര്യപ്രകാരം കൂറ്റമ്പാറയില്‍ ഒരാഴ്ചക്കാലം നടന്ന ഒരു പ്രസംഗ പരമ്പരക്ക് ഞാന്‍ ഒരു മറുപടി തയാറാക്കി. മര്‍ഹൂം വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരായിരുന്നു വിമര്‍ശകരില്‍ മുന്‍പന്തിയില്‍. മൗദൂദി സാഹിബിന്റെ ഉര്‍ദു കൃതികളില്‍നിന്ന് നേരിട്ടുദ്ധരിച്ചായിരുന്നു നിരൂപണം. എന്നാല്‍ ഗ്രന്ഥകാരന്‍ ഉദ്ദേശിക്കാത്ത അര്‍ഥമായിരുന്നു മുസ്‌ലിയാര്‍ ഉദ്ധരണികള്‍ക്ക് നല്‍കിപ്പോന്നിരുന്നത്.  അതിനാല്‍ ഖണ്ഡനം എളുപ്പമായി. മര്‍ഹൂം ഇ.കെ ഹസന്‍ മുസ്‌ലിയാരായിരുന്നു മറ്റൊരു പ്രധാന വിമര്‍ശകന്‍. അദ്ദേഹം മൗദൂദി ഖണ്ഡനം എന്ന പേരില്‍ ഒരു ഗ്രന്ഥം രചിച്ചിരുന്നു. 
ഒരാഴ്ചക്കാലത്തെ പരമ്പരയില്‍ വന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം കൂടി നാലു മണിക്കൂര്‍ നീ പ്രസംഗത്തില്‍ വിശദമായി മറുപടി പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് ജമാഅത്ത് മറുപടി പറഞ്ഞു തുടങ്ങിയാല്‍ പ്രതിയോഗികള്‍ പത്തിമടക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് അവര്‍ക്ക് ബോധ്യമായി. 
ജമാഅത്തിന്റെ പ്രഖ്യാപിത നിലപാടായിരുന്നില്ല ഖണ്ഡന പ്രസംഗങ്ങള്‍. എങ്കിലും വന്ദ്യഗുരു വടക്കാങ്ങര അബ്ദുല്‍ ഖാദിര്‍ മൗലവി വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സ്വന്തം നാട്ടില്‍  വിമര്‍ശനങ്ങള്‍ക്ക് മറുപടി  പറയുമായിരുന്നു.  കൂറ്റമ്പാറയിലെ പരിപാടിയുടെ അലയൊലികള്‍ സമീപപ്രദേശങ്ങളിലുമുായി. പൂക്കോട്ടുംപാടത്തെ ഖത്വീബും ജമാഅത്ത് വിമര്‍ശനത്തിനിറങ്ങിയിരുന്നു. ആ വിമര്‍ശനങ്ങള്‍ ക്രോഡീകരിച്ച് പ്രവര്‍ത്തകര്‍ അയച്ചുതന്നു. മറുപടി പ്രസംഗം നടത്താമോ എന്നും ആരാഞ്ഞു. ഞാന്‍ അനുകൂലമായി പ്രതികരിച്ചു. പരിപാടി നിശ്ചയിച്ച് അവര്‍ വിവരമറിയിച്ചു. മുന്‍പരിചയത്തിന്റെ ആനുകൂല്യത്തില്‍ കാര്യങ്ങള്‍ ലളിതമായി വിശദീകരിച്ച് നാലു മണിക്കൂര്‍ പ്രസംഗിച്ചു. അപ്പോഴതാ ഖത്വീബും ശിഷ്യഗണങ്ങളും പ്രസംഗ സ്ഥലത്തേക്ക്. അവരെ ക്ഷണിച്ചിരുത്തി സംസാരിച്ചപ്പോള്‍ പ്രസംഗിക്കാന്‍ അനുവാദം വേണമെന്ന് ഖത്വീബ്. ചര്‍ച്ച കഴിഞ്ഞ് നമ്മളെത്തിയ തീരുമാനം ഞാന്‍ പ്രഖ്യാപിക്കാമെന്നേറ്റു. രണ്ടു മണിക്കൂര്‍ നീണ്ട ശാന്തമായ ചര്‍ച്ചക്കു ശേഷം ഖത്വീബുന്നയിച്ച വിമര്‍ശനങ്ങളൊന്നും നിലനില്‍ക്കുന്നവയല്ലെന്ന് തീര്‍പ്പായി. മലയാള ഭാഷയിലുള്ള അദ്ദേഹത്തിന്റെ പരിചയക്കുറവ് ഖുതുബാത്ത് വായിക്കുമ്പോള്‍ പ്രകടമായിരുന്നു. ജീവിതത്തില്‍ ഞാന്‍ നടത്തിയ ഏറ്റവും സമയമെടുത്ത പരിപാടിയായിരുന്നു അത്. നീണ്ട ആറു മണിക്കൂര്‍.  ഈ പരിപാടിക്കു ശേഷം പ്രസ്ഥാന പ്രവര്‍ത്തകര്‍ പതിന്മടങ്ങ് ആത്മധൈര്യത്തോടെ മുന്നോട്ടുവന്നു. എന്നാല്‍ ആലിയ കോളേജിലെ പ്രിന്‍സിപ്പലും ചില അധ്യാപകരും ഖണ്ഡന പ്രസംഗവും വാദപ്രതിവാദവും ജമാഅത്തിന്റെ നയമല്ലെന്നും അവ നടത്തുന്നത് അച്ചടക്ക ലംഘനമാണെന്നും ഓര്‍മിപ്പിച്ചു. ജമാഅത്ത് അംഗങ്ങള്‍ക്ക് അനുവദനീയമല്ലാത്ത ചിലത് സഹകാരികള്‍ക്ക് ആവാം എന്ന എന്റെ മറുപടി അവരെ തൃപ്തിപ്പെടുത്തിയില്ല.
വന്ദ്യഗുരു വടക്കാങ്ങര അബ്ദുല്‍ ഖാദര്‍ മൗലവിയുടെ താല്‍പര്യപ്രകാരം ഹോമിയോ ഡിസ്‌പെന്‍സറിയും ഞാനും ഒന്നിച്ച് വടക്കാങ്ങര ജന്നത്തുല്‍ ഹുദാ അറബിക്കോളേജിലേക്ക്മാറി. ഹോമിയോ പ്രാക്ടീസ് കുറച്ചുകൂടി വിശാലമായി ചെയ്യാനുള്ള സൗകര്യവും അവിടെ ഉായി. അക്കാലത്ത് വടക്കാങ്ങരയില്‍ ചികിത്സാ സൗകര്യം കുറവായിരുന്നു. പെരിന്തല്‍മണ്ണയിലോ മലപ്പുറത്തോ മഞ്ചേരിയിലോ എത്തിയാല്‍ മാത്രമേ ആശുപത്രി ഉണ്ടായിരുന്നുള്ളു. അതിനാല്‍ ഹോമിയോ ക്ലിനി ക് നാട്ടുകാര്‍ക്ക് ഒരനുഗ്രഹമായി. 
പ്രതിരോധ ചിന്ത സജീവമായ കാലമായിരുന്നു അത്. ആത്മരക്ഷ ഉറപ്പുവരുത്താന്‍ കളരി പരിശീലനം അന്ന് പല ഭാഗത്തും സംഘടിപ്പിക്കപ്പെട്ടു. വടക്കാങ്ങരയിലും കളരി പരിശീലനം തുടങ്ങി. ഞങ്ങള്‍ അധ്യാപകരും നാട്ടുകാരും ചില വിദ്യാര്‍ഥികളും അവിടെ പരിശീലിച്ചു. പാലക്കാട്ടുകാരനായ ഖാലിദ് കുരിക്കളായിരുന്നു ഞങ്ങളുടെ പരിശീലകന്‍. അക്കൊല്ലം നടന്ന കോളേജ് വാര്‍ഷികത്തിലെ ഒരു പ്രധാന പരിപാടി കളരിയഭ്യാസ പ്രകടനമായിരുന്നു. അപ്രതീക്ഷിതമായി ആക്രമണത്തിന് ഇടയായാല്‍ രക്ഷപ്പെടാനുള്ള അടവുകളായിരുന്നു പ്രകടനത്തിലെ പ്രധാന ഇനം. പുതുതായി അഭ്യസിച്ചു പഠിച്ച ചെറുപ്പക്കാരുടെ പരിപാടികളും അരങ്ങേറി. 
അക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവ് തെളിയിക്കാനുള്ള മാര്‍ഗമായി കിരുന്നത് വാര്‍ഷിക ആഘോഷങ്ങളായിരുന്നു. ജന്നത്തുല്‍ ഉലൂമിന്റെ വാര്‍ഷിക യോഗം ആഘോഷിക്കാന്‍ തീരുമാനിച്ചു. ഞാന്‍ ഒരു നാടകം തയാറാക്കി. 'മുവാസന' എന്നായിരുന്നു പേര്. നിലവിലുള്ള പഴയ മതവിദ്യാഭ്യാസ രീതിയും ആധുനിക രീതിയും തമ്മിലുള്ള താരതമ്യമായിരുന്നു  പ്രമേയം. സ്ഥാപനത്തിലെ  പഠിതാക്കള്‍  നാടകത്തിലൂടെ ആധുനിക വിദ്യാഭ്യാസത്തിന്റെ സവിശേഷതകള്‍ സദസ്സിനെ ബോധ്യപ്പെടുത്തി.  കുടുംബാസൂത്രണത്തിന്റെ പേരില്‍ സന്താന നിയന്ത്രണം നടത്തുന്നതിന്റെ മറുവശം ചിത്രീകരിക്കുന്ന മറ്റൊരു നാടകവും അരങ്ങേറി. നാട്ടിലെ സാധാരണക്കാരാണ് അത് അവതരിപ്പിച്ചത്. കോളേജ് നേടിയെടുത്ത പൊതു  ജനസ്വാധീനം തെളിയിക്കുന്ന പരിപാടി. ജുമുഅ ഖുത്വ്ബ, അധ്യാപനം, ചികിത്സ, കലാസംവിധാനം, ആയോധന കലകള്‍.... ഇങ്ങനെ വടക്കാങ്ങര കാലം സംഭവബഹുലമായി കഴിഞ്ഞുപോയി. 
പിന്നീട് എന്നെ ശാന്തപുരത്ത് അധ്യാപകനായി നിയമിച്ചു. ശാന്തപുരം സ്വദേശിയായ എം. അബൂബക്കര്‍ മൗലവി കൊടുങ്ങല്ലൂര്‍ മാടവനയിലെ ഖത്വീബും ഇമാമും അധ്യാപകനുമായിരുന്നു. നമസ്‌കാരത്തില്‍ പഴയ രീതികളാണ് വേണ്ടതെന്ന അഭിപ്രായമുള്ള മഹല്ലിലെ ഒരു വിഭാഗം, പള്ളി ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കി. പൂര്‍വികരുടെ രീതി പുനഃസ്ഥാപിക്കാത്ത പക്ഷം മഹല്ലുമായി നിസ്സഹകരിക്കും എന്നാണ് സന്ദേശം. തങ്ങള്‍ ഹാജരാക്കുന്ന പണ്ഡിതന്മാരുമായി സംവാദം നടത്തി പുതിയ രീതിക്ക്  ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പിന്‍ബലമുണ്ടെന്ന് ഉറപ്പാക്കിയാല്‍ ആവശ്യം പിന്‍വലിക്കാമെന്നും അവര്‍ സമ്മതിച്ചു.
അബൂബക്കര്‍ മൗലവിക്ക് തന്റെ ഗുരു മുഹമ്മദ് ശരീഫ് മൗലവിയെ ഓര്‍മ വന്നു. സംവാദത്തില്‍ അനിതരസാധാരണമായ വാചാലതയുടെ ഉടമയായിരുന്നു അദ്ദേഹം. മൗലവിയെ കൂട്ടാന്‍ അബൂബക്കര്‍ മൗലവി നേരെ ശാന്തപുരത്തേക്ക് തിരിച്ചു. അവിടെ എത്തിയപ്പോഴാണ് ശരീഫ് മൗലവി ലീവിലാണെന്ന് മനസ്സിലായത്. പിന്നീട് നടന്ന കൂടിയാലോചനയില്‍ പ്രിന്‍സിപ്പല്‍ എന്റെ പേര്‍ നിര്‍ദേശിച്ചു. ഞങ്ങള്‍ രാത്രി മാടവന ജുമുഅത്ത് പള്ളിയിലെത്തി. രാത്രി വൈകുവോളം കിതാബുകളില്‍നിന്ന് രേഖകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു. മൂന്നു വിഷയങ്ങളിലായിരുന്നു ചര്‍ച്ച.
1) ജമാഅത്ത് നമസ്‌കാര ശേഷമുള്ള കൂട്ടുപ്രാര്‍ഥന.
2) സ്വുബ്ഹ് നമസ്‌കാരത്തിലെ ഖുനൂത്ത്.
3) തറാവീഹ് നമസ്‌കാരത്തിന്റെ എണ്ണം ഇരുപതോ എട്ടോ?
കൂട്ടുപ്രാര്‍ഥനയും ഖുനൂത്തും പുനഃസ്ഥാപിക്കണമെന്നും തറാവീഹ് ഇരുപത് റക്അത്ത് നമസ്‌കരിക്കണമെന്നുമായിരുന്നു മറു വിഭാഗത്തിന്റെ ആവശ്യം.
കൊച്ചി ഖാദി ക്ലാപ്പന മുഹമ്മദ് മുസ്‌ലിയാരെയാണ് അവര്‍ സംവാദത്തിന് കൊണ്ടുവന്നത്. വിനീതനും ഭക്തനും ഇരുത്തം വന്ന പണ്ഡിതനുമാണ് അദ്ദേഹം. പ്രതിയോഗി ഏതു തരക്കാരനാണെന്ന് വിശദമായി അന്വേ ഷിച്ചറിയുന്നതു വരെ അദ്ദേഹം സംവാദ സ്ഥലത്തേക്ക് വന്നില്ല. അതിനാല്‍ ഞങ്ങള്‍ ചര്‍ച്ച തുടങ്ങിയത് രണ്ടാം ദിവസം ഇശാ നമസ്‌കാര ശേഷമാണ്. ചര്‍ച്ചക്കുള്ള നിബന്ധനകള്‍ അല്‍പം സങ്കീര്‍ണമായിരുന്നു. ഓരോ വിഷയവും അവതരിപ്പിക്കാന്‍ അര മണിക്കൂര്‍. എ പാര്‍ട്ടി, ബി പാര്‍ട്ടി എന്നിങ്ങനെ കക്ഷികളെ വേര്‍തിരിച്ചു. വിഷയം അവതരിപ്പിക്കുന്നത് രണ്ടു ഭാഗത്തിന്റെയും ഓരോ പ്രതിനിധികള്‍. എല്ലാം എഴുതിത്തയാറക്കണം. ടേപ്പ് റിക്കാര്‍ഡര്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സമ്മതമായില്ല. വിഷയം അവതരിപ്പിച്ചു കഴിഞ്ഞാല്‍ മറു കക്ഷി അര മണിക്കൂര്‍ ചര്‍ച്ച ചെയ്ത് രേഖപ്പെടുത്തണം. പിന്നീട് വിഷയാവതാരകന്‍ ഇരുപതു മിനിറ്റും മറുകക്ഷി ഇരുപതു മിനിറ്റും. അവസാനമായി ഓരോ കക്ഷിയും പത്തു മിനിറ്റ് കൂടി ചര്‍ച്ച ചെയ്ത് രേഖകള്‍ മധ്യസ്ഥനെ ഏല്‍പിക്കണം. മധ്യസ്ഥന്‍ ഇരു വിഭാഗത്തിന്റെയും ചര്‍ച്ചകള്‍ വിശദമായി പരിശോധിച്ച് തീരുമാനം അറിയിക്കും.
സങ്കീര്‍ണമെങ്കിലും ശാസ്ത്രീയവും ലളിതവുമായിരുന്നു ഈ സംവാദ രീതി. പിന്നീട് ഖണ്ഡന പ്രസംഗങ്ങളില്‍ ഇത് പ്രയോജനപ്പെടുത്താറുായിരുന്നു. വിഷയപ്രധാനമാണെന്നു മാത്രമല്ല, വിവേകവും വിചാരവും ചേര്‍ന്ന് സത്യത്തിലെത്താന്‍ ഏറെ സഹായകവുമായിരുന്നു ഈ രീതി. 
കൂട്ടുപ്രാര്‍ഥനയുടെ ചര്‍ച്ച പാതിരാ വരെ നീണ്ടു. അടുത്ത ദിവസം പ്രഭാത നമസ്‌കാരം മുതല്‍ ചര്‍ച്ച ചെയ്തത് സ്വുബ്ഹ് നമസ്‌കാരത്തിലെ ഖുനൂത്തായിരുന്നു. ആ ചര്‍ച്ച ഉച്ചവരെ നീണ്ടു. റമദാനിലെ രാത്രി നമസ്‌കാരമായ തറാവീഹിന്റെ എണ്ണത്തെ ക്കുറിച്ചുള്ള ചര്‍ച്ചയാണ് അവസാനം. രാത്രി ഇശാ വരെ അതും നീണ്ടു. മുസ്‌ലിയാര്‍ ഈ വിഷയത്തില്‍ ഗ്രന്ഥരചന നടത്തിയ വ്യക്തിയായതിനാല്‍ തികഞ്ഞ ആത്മധൈര്യത്തോടെയാണ് വിഷയം അവതരിപ്പിച്ചത്. തറാവീഹ് നബി(സ)യുടെ ചര്യയല്ല, ഖുലഫാഉകളുടെ ചര്യയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദമുഖം. ഇബാദത്തുകളില്‍ നബി(സ)യുടെ മാതൃക തന്നെ പിന്തുടരണമെന്ന വാദമാണ് ഞാനുന്നയിച്ചത്.
ഒരാഴ്ച കഴിഞ്ഞ് ഫലപ്രഖ്യാപനം വന്നപ്പോള്‍ മറുകക്ഷിക്ക് ഒരു വിഷയത്തിലും ബോധ്യം വരുന്ന കുറ്റമറ്റ തെളിവുകള്‍ സമര്‍പ്പിക്കാനായില്ലെന്നും, അതിനാല്‍ പള്ളിയില്‍ ആരാധനാരീതികളില്‍ ഒരു മാറ്റവും വേണ്ടതില്ലെന്നുമായിരുന്നു തീരുമാനം. 
ശാന്തപുരം കോളേജില്‍ പഠിപ്പിക്കുന്ന കാലത്ത് മലപ്പുറം കിഴക്കേത്തല വയലില്‍ കേരള ജമാഅത്തിന്റെ സംസ്ഥാന സമ്മേളനം നടന്നു. മലപ്പുറത്തുകാര്‍ കൈമെയ് മറന്ന് സേവനം ചെയ്ത വമ്പിച്ച സമ്മേളനമായിരുന്നു അത്. പ്രവര്‍ത്തകരുടെ ആവേശം ഉച്ചിയിലെത്തിയ സമയം. നൂരിഷാ തങ്ങളും സമസ്ത പണ്ഡിതരും ചേര്‍ന്ന് കോട്ടപ്പടിയില്‍ കിളിയമണ്ണില്‍ മൊയ്തു ഹാജിയുടെ മാളികയില്‍ വെച്ച് ഒരു ജമാഅത്ത് ഖണ്ഡനം നടത്തി. മറുപടി അനിവാര്യമാണെന്നായി പ്രവര്‍ത്തകര്‍. ജമാഅത്ത് അനുവദിച്ചാല്‍ പരിപാടി നടത്തിത്തരാം എന്നായി ഞാന്‍. പ്രവര്‍ത്തകരുടെ സമ്മര്‍ദം ഫലം കണ്ടു. അനുവാദം ലഭിച്ചു.  കോട്ടപ്പടി മൈതാനിയുടെ മുമ്പിലുള്ള ഒരു പീടികയുടെ മുകളിലായിരുന്നു പരിപാടി. വലിയ പ്രചാരവേലയില്ലാതെത്തന്നെ വിവിധ ആശയക്കാരായ വമ്പിച്ച ജനാവലി കോട്ടപ്പടിയെ ശ്വാസം മുട്ടിച്ചു. 
പരിപാടിയുടെ ഉദ്ഘാടനകര്‍മം മര്‍ഹൂം കെ.പി.കെ അഹ്മദ് മൗലവി നടത്തി. പരിപാടിക്കു മുമ്പ് വന്ദ്യ വയോധികനായ ഇസ്സുദ്ദീന്‍ മൗലവി സംസാരത്തില്‍ സംയമനം പാലിക്കണമെന്ന് ഞങ്ങള്‍ക്ക്  നിര്‍ദേശം നല്‍കിയിരുന്നു. മര്‍ഹൂം കെ.ടി അബ്ദുല്ല (അബ്ദുപ്പ) മൗലവിയും ഞാനും വിഷയങ്ങള്‍ പങ്കിട്ടെടുത്തു. ഉദ്ഘാടന ദിവസം തസ്വവ്വുഫിന്റെ വഴിതെറ്റലുകള്‍ വിശദീകരിക്കേണ്ടത് അബ്ദുല്ല മൗലവിയായിരുന്നു. ഞങ്ങള്‍ ശാന്തപുരത്തു വെച്ച് ആവിഷ്‌കരിച്ച ശൈലി നേതാക്കളുടെ ഉപദേശമനുസരിച്ച് അദ്ദേഹം കുറേയേറെ മയപ്പെടുത്തി. ഖണ്ഡന പ്രസംഗം കേള്‍ക്കാന്‍ വന്നവര്‍ക്ക് തൃപ്തിയാവുന്ന രീതിയായിരുന്നില്ല പുതിയത്. 
പിറ്റേന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന ദൗത്യമായിരുന്നു എനിക്ക് നിര്‍വഹിക്കാനുണ്ടായിരുന്നത്. പൂര്‍വികരുടെ ഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്ധരണികള്‍ നിരത്തി അറബി വാക്യങ്ങള്‍ വായിച്ച് അതില്‍ പറഞ്ഞ കാര്യം വിശദീകരിക്കുക. പിന്നീട് അതേ കാര്യം ജമാഅത്ത് സാഹിത്യങ്ങളില്‍നിന്നും ഉദ്ധരിക്കുക. ഈ ശൈലിയാണ് സ്വീകരിച്ചത്. സദസ്യരില്‍ ഒരു നല്ല ശതമാനം മതപണ്ഡിതന്മാരായിരുന്നു. തങ്ങളുടെ പ്രഗത്ഭരായ നേതാക്കളെ വിമര്‍ശിക്കുന്നത് കേള്‍ക്കാന്‍ 'സമസ്ത'ക്കാരായ  വിദ്യാര്‍ഥികള്‍ ധാരാളം സന്നിഹിതരായിരുന്നു. ജമാഅത്തിന് വൈജ്ഞാനിക അടിത്തറയില്ലെന്നും ചില സാഹിത്യങ്ങള്‍ മാത്രമാണ് കൈമുതലെന്നുമുള്ള ആരോപണം മേശപ്പുറത്ത് അട്ടിവെച്ച കിതാബുകള്‍ അവര്‍ കതോടെ ആവിയായി. ചര്‍ച്ച കേട്ടപ്പോള്‍ എല്ലാ ആശങ്കകളും നീങ്ങി. ഗതാഗത സൗകര്യം കുറവായതിനാല്‍ പതിനഞ്ചും ഇരുപതും കിലോമീറ്റര്‍ നടന്നാണ് പല പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തത്. 
ഒരു വാദപ്രതിവാദത്തിനുള്ള വെല്ലുവിളിയുമായി അവര്‍ നോട്ടീസ് വിതരണം ചെയ്‌തെങ്കിലും അതിന് സന്നദ്ധമാണെന്ന് പ്രഖ്യാപിച്ചതോടെ അവര്‍ പിന്‍വാങ്ങുകയായിരുന്നു.
ജമാഅത്തുമായുള്ള പൊതുജന സഹകരണം പിന്നീട് വിപുലമായി.  കോട്ടപ്പടി മൈതാനിയില്‍ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ മഹല്ലുകളെയും പങ്കെടുപ്പിച്ച് ഒരു പടുകൂറ്റന്‍ ഈദ്ഗാഹ് സംഘടിപ്പിക്കാന്‍ സാധിച്ചത് ഈ വര്‍ധിച്ച സഹകരണത്തിന്റെ ഫലമായിരുന്നു. ഭിന്നിപ്പ് കുറക്കാനും ഒന്നിക്കാനുമുള്ള ആഹ്വാനത്തിന് സ്വീകാര്യത കൂടി. സംസ്ഥാന സമ്മേളനത്തിന്റെ കണ്‍വീനറായിരുന്ന മര്‍ഹൂം എ.എം അബൂബക്കര്‍ സാഹിബിന്റെ ബുദ്ധിപരമായ സമീപനം ഐക്യസന്ദേശം വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.  

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

മരിച്ചവരെ അപമാനിക്കരുത്
സുബൈര്‍ കുന്ദമംഗലം