ഉറക്കവും ഉണര്‍ച്ചയും
മാനത്ത് ഇരുട്ടു പരന്നു തുടങ്ങിയാല്‍ കുട്ടികളെ വീട്ടിനകത്തേക്കു വിളിച്ചുകയറ്റണം; ആ സമയം പുറത്ത് കളിക്കാന്‍ അനുവദിക്കരുത്. രാത്രിയുടെ ആദ്യഭാഗം അല്‍പം പിന്നിട്ടാല്‍ അത്യാവശ്യമെങ്കില്‍ അവരെ പുറത്തേക്കയക്കാം. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം. പ്രവാചകന്‍ പറയുന്നു: രാത്രിയായാല്‍ ചെറിയ കുട്ടികളെ പുറത്തേക്കു വിടരുത്. കാരണം പിശാച് ഭൂമിയില്‍ വിഹരിക്കുന്ന നേരമാണത്. എങ്കിലും രാത്രിയുടെ ആദ്യഭാഗം പിന്നിട്ടാല്‍ (ആവശ്യമെങ്കില്‍) അവരെ പുറത്തുവിടാം (സിഹാഹുസ്സിത്ത).
രാത്രിയിരുട്ടിയാല്‍ താഴെ വരുന്ന പ്രാര്‍ഥന ഉരുവിടാന്‍ പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹുമ്മ ബിക അംസയ്‌നാ വബിക അസ്വ്ബഹ്‌നാ വബിക നഹ്‌യാ വബിക നമൂതു വഇലൈഹിന്നുശൂര്‍ (അല്ലാഹുവേ, നിന്റെ അനുഗ്രഹത്താലാണ് ഞങ്ങള്‍ പ്രദോഷത്തില്‍ ജീവിക്കുന്നത്. നിന്റെ സഹായത്താലാണ് പ്രഭാതം ലഭിക്കുന്നതും. നിന്റെ കാരുണ്യത്താല്‍ ഞങ്ങള്‍ ജീവിക്കുന്നു. നിന്റെ വിളിയെത്തുമ്പോള്‍ മരണം പുല്‍കുന്നു. അവസാനം നിന്റെയടുക്കലാണ് ഞങ്ങള്‍ മടങ്ങിയെത്തുന്നത് - തിര്‍മിദി).
മഗ്‌രിബ് ബാങ്കിന്റെ നേരത്ത് ഇങ്ങനെ പ്രാര്‍ഥിക്കുക: അല്ലാഹുമ്മ ഹാദാ ഇഖ്ബാലു ലൈലിക വഇദ്ബാറു നഹാരിക വ അസ്വ്‌വാതു ദുആതിക ഫഗ്ഫിര്‍ലീ (തിര്‍മിദി, അബൂദാവൂദ്).
(അല്ലാഹുവേ, ഇത് നിന്റെ രാത്രി വന്നെത്തുന്ന, പകല്‍ മറയുന്ന നേരമാണ്. നിന്റെ വിളിയാളന്മാരുടെ -മുഅദ്ദിനുകള്‍- സമയവുമാണിത്. ഞങ്ങള്‍ക്ക് പൊറുത്തുതരിക).
ഇശാ നമസ്‌കാരത്തിനു മുമ്പ് ഉറങ്ങരുത്. അതുവഴി ഇശാ നമസ്‌കാരം നഷ്ടപ്പെടാനിടയുണ്ട്. ഉറക്കമാകുന്ന ആ 'മരണ'ത്തിനു ശേഷം, അല്ലാഹു മനുഷ്യന്റെ ജീവന്‍ അവനുതന്നെ തിരിച്ചുനല്‍കുമോയെന്ന് ആര്‍ക്കറിയാം! പ്രവാചകന്‍ (സ) ഒരിക്കലും ഇശാ നമസ്‌കാരത്തിനു മുമ്പ് ഉറങ്ങിയിരുന്നില്ല.
രാത്രിയായാല്‍ വീട്ടില്‍ വെളിച്ചം തെളിയിക്കുക. വെളിച്ചമില്ലാത്ത വീട്ടില്‍ ഉറങ്ങാതിരിക്കാന്‍ പ്രവാചകന്‍(സ) ഏറെ ശ്രദ്ധിച്ചിരുന്നു.
രാത്രി നേരത്തേ ഉറങ്ങി പുലര്‍ച്ചെ നേരത്തേ ഉണരുന്നതാവണം ജീവിതശൈലി. പ്രവാചകന്‍(സ) അരുള്‍ ചെയ്തു: ''ദൈവസ്മരണക്കു വേണ്ടിയോ അല്ലെങ്കില്‍ അത്യാവശ്യ വീട്ടാവശ്യങ്ങള്‍ക്കു വേണ്ടിയോ അല്ലാതെ ഇശാ നമസ്‌കാരശേഷം ഉണര്‍ന്നിരിക്കരുത്.''
പുലര്‍ച്ചെ നേരത്തേ എഴുന്നേറ്റല്ലോ എന്ന പേരില്‍ പകല്‍ ഉറങ്ങുന്നതും ശരിയല്ല. രാത്രി വിശ്രമത്തിന് നിശ്ചയിച്ചതാണെങ്കില്‍ പകല്‍ ഉണര്‍ന്നിരിക്കാനും ജീവിത വ്യവഹാരങ്ങള്‍ക്കു വേണ്ടിയും ഒരുക്കിയതാണ്. അല്ലാഹു, സൂറത്തുല്‍ ഫുര്‍ഖാനില്‍ പറയുന്നു: ''അവനാണ് രാത്രിയെ നിങ്ങള്‍ക്ക് വിരിപ്പും ഉറക്കത്തിനുള്ള സമയവുമാക്കിയത്. പകലിനെ അധ്വാനിക്കാന്‍ വേണ്ടിയും അവന്‍ നിശ്ചയിച്ചിരിക്കുന്നു'' (സൂക്തം: 47).
സൂറത്തുന്നബഇല്‍ പറയുന്നു: ''നിങ്ങളുടെ ഉറക്കിനെ നാം വിശ്രമവും രാത്രിയെ വിരിപ്പും പകലിനെ അധ്വാനസമയവും ആക്കിയിരിക്കുന്നു'' (സൂക്തം: 9-11).
സൂറത്തുന്നംലില്‍ ഇങ്ങനെ വന്നിരിക്കുന്നു: ''രാത്രിയെ നാം ഉറങ്ങാന്‍ വേണ്ടി നിശ്ചയിച്ചതും പകലിനെ അധ്വാനിക്കാന്‍ വേണ്ടി നാം വെളിച്ചത്തോടെ നിലനിര്‍ത്തിയതും അവര്‍ കാണുന്നില്ലേ? തീര്‍ച്ചയായും വിശ്വാസികള്‍ക്ക് ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്'' (സൂക്തം: 86).
പകല്‍വെളിച്ചത്തില്‍ ജീവിതായോധനങ്ങള്‍ കണ്ടെത്തുക, രാവിന്റെ ഇരുട്ടില്‍ വിശ്രമിക്കുക. ഇതാണ് ഈ സൂക്തങ്ങളുടെയെല്ലാം പൊരുള്‍. പകലിരുട്ടുംവരെ കഠിനമായി അധ്വാനിച്ച് ക്ഷീണിച്ച അവയവങ്ങള്‍ക്ക് രാത്രിയിലെ ഉറക്കോടെ പ്രഭാതമാകുമ്പോഴേക്കും നവോന്മേഷം ലഭിക്കുകയായി. പുതുരക്തവുമായി ജോലിസ്ഥലത്തേക്ക് ഇറങ്ങിപ്പുറപ്പെടുന്നു. എന്നാല്‍ സുഖലോലുപതക്കും കളിവിനോദങ്ങള്‍ക്കും വേണ്ടി രാത്രി മുഴുക്കെ ഉറങ്ങാതെ ചെലവഴിക്കുന്നവര്‍ അല്ലാഹു നിശ്ചയിച്ച ഈ നിയമങ്ങളെ പരിഹസിക്കുകയും ആരോഗ്യം സ്വയം നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. പകല്‍ മുഴുക്കെ ഉറങ്ങിത്തീര്‍ക്കുന്നവന്‍ തന്റെ നിര്‍ബന്ധ അനുഷ്ഠാനങ്ങളില്‍ അലസത കാട്ടുന്നവനായിരിക്കും. പകലുറക്കം രാത്രിയുറക്കത്തിന് പകരമാകാത്തതിനാല്‍ സ്വശരീരത്തിന് കിട്ടേ വിശ്രമം വിലക്കുകയുമാണ് ഇക്കൂട്ടര്‍. തീരെ ഉറങ്ങാതെ രാത്രി മുഴുക്കെ ശരീരത്തിന് പീഡയേല്‍പിച്ച് ആരാധനകളില്‍ മുഴുകുന്നതുപോലും പ്രവാചകന്‍(സ) ഇഷ്ടപ്പെട്ടിരുന്നില്ല.
അബ്ദുല്ലാഹിബ്‌നു അംറിനോട് ഒരിക്കല്‍ പ്രവാചകന്‍(സ) ചോദിച്ചു: 'താങ്കള്‍ നിരന്തരമായി നോമ്പനുഷ്ഠിക്കുകയും രാത്രി മുഴുക്കെ നമസ്‌കരിക്കുകയും ചെയ്യുന്നതായി കേട്ടത് സത്യമാണോ?' അദ്ദേഹം: 'അതേ; സത്യമാണ്.' അപ്പോള്‍ പ്രവാചകന്‍(സ) ഉപദേശിച്ചു: 'അങ്ങനെ ചെയ്യരുത്. ഇടക്ക് നോമ്പനുഷ്ഠിക്കുക. ഇടക്ക് നോമ്പൊഴിവാക്കി തിന്നുകയും കുടിക്കുകയും ചെയ്യുക. അപ്രകാരം ഇടക്ക് ഉറങ്ങുക; ഇടക്ക് എഴുന്നേറ്റ് നമസ്‌കരിക്കുക, കാരണം താങ്കളുടെ ശരീരത്തോടും കണ്ണിനോടും താങ്കള്‍ക്ക് ചില ബാധ്യതകളുണ്ട്' (ബുഖാരി).
കൂടുതല്‍ മിനുസമുള്ളതും സുഖദായകവുമായ വിരിപ്പ് ഉറങ്ങാന്‍ ഉപയോഗിക്കരുത്. ഭൗതികജീവിതം വിശ്വാസികള്‍ക്ക് സുഖലോലുപതക്കും ആലസ്യത്തിനും വിശ്രമത്തിനും വേണ്ടിയല്ല, പ്രത്യുത അവര്‍ക്കത് ത്യാഗത്തിനും സമര്‍പ്പണത്തിനുമുള്ളതാണ്. വിശ്വാസികള്‍ക്ക് ആ മനഃസ്ഥിതിയുണ്ടാകണമെങ്കില്‍ ത്യാഗസന്നദ്ധതയോടെ പ്രതികൂലാവസ്ഥകളെ മറികടക്കാന്‍ പറ്റുന്ന പരുക്കന്‍ ജീവിതം ശീലിക്കണം. ആഇശ(റ) ഉദ്ധരിക്കുന്നു: പ്രവാചകന്റെ (സ) വിരിപ്പ് ഉള്ളില്‍ ഈത്തപ്പന ഓല നിറച്ച് തോല്‍ കൊണ്ടുള്ളതായിരുന്നു (ശമാഇല്‍ തിര്‍മിദി).
പ്രവാചകന്‍(സ) ഉറങ്ങാന്‍ ഉപയോഗിച്ചിരുന്ന വിരിപ്പ് എങ്ങനെയുള്ളതായിരുന്നുവെന്ന് ഒരിക്കല്‍ പത്‌നി ഹഫ്‌സ്വ (റ)യോട് ചിലര്‍ അന്വേഷിച്ചു. അവര്‍ പറഞ്ഞു: 'ചണ കൊണ്ടുള്ള വിരിപ്പ് തറയില്‍ നിവര്‍ത്തി വിരിച്ചാണ് അവിടുന്ന് ഉറങ്ങിയിരുന്നത്. ഒരിക്കല്‍ അല്‍പം മാര്‍ദവം കിട്ടട്ടെ എന്ന് കരുതി അത് രണ്ട് മടക്കുകളാക്കി അവിടുത്തേക്ക് ഞാന്‍ വിരിച്ചുകൊടുത്തു.' പുലര്‍ച്ചെ പ്രവാചകന്‍(സ) അന്വേഷിച്ചു: 'രാത്രി എനിക്ക് എന്തായിരുന്നു വിരിച്ചു തന്നിരുന്നത്?' ഹഫ്‌സ്വ പറഞ്ഞു: 'താങ്കളുടെ അതേ വിരിപ്പുതന്നെ. പക്ഷേ, അല്‍പം മിനുസമാകാന്‍ രണ്ട് മടക്കുകളാക്കിയാണ് വിരിച്ചിരുന്നത്.' പ്രവാചകന്‍(സ) പറഞ്ഞു: 'പാടില്ല. അത് നിവര്‍ത്തി തന്നെയാണ് വിരിക്കേണ്ടത്. വിരിപ്പിന്റെ മാര്‍ദവം രാത്രി നമസ്‌കാരത്തിനു വേണ്ടി എഴുന്നേല്‍ക്കുന്നതിന് തടസ്സമാകുന്നുണ്ട്' (ശമാഇല്‍ തിര്‍മിദി).
ഭൗതികലോകത്ത് സുഖാഢംബരജീവിതം ഒഴിവാക്കി ത്യാഗസന്നദ്ധതയോടെ ജീവിക്കണമെന്ന പാഠമാണ് ഈ പ്രവാചക മാതൃകകള്‍ വിശ്വാസിക്കു നല്‍കുന്നത്.
ശരീരത്തില്‍ മാലിന്യങ്ങളില്ലാതെ വൃത്തിയോടെയാണ് ഉറങ്ങാന്‍ കിടക്കേണ്ടത്. ഉറങ്ങുന്നതിനു മുമ്പായി അംഗശുദ്ധി (വുദൂ) വരുത്തുകയും വേണം.
കൈയില്‍ ഖരദ്രവങ്ങളുണ്ടെങ്കില്‍ അവ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വേണം ഉറങ്ങാന്‍. അവ കഴുകാതെ കിടന്ന് വല്ല ജീവിയും വന്ന് കടിച്ചാല്‍ അതിന്റെ ഉത്തരവാദിത്തവും അയാള്‍ക്കു തന്നെ. വുദൂ എടുത്ത് ഉറങ്ങുന്നതായിരുന്നു പ്രവാചക മാതൃക. കുളി ആവശ്യമുള്ള ഘട്ടത്തില്‍ പലപ്പോഴും ഉറങ്ങേണ്ടിവന്നാല്‍ അഴുക്കുള്ള ശരീരഭാഗങ്ങള്‍ കഴുകിയും തുടര്‍ന്ന് വുദൂ എടുത്തുമാണ് അവിടുന്ന് ഉറങ്ങിയിരുന്നത്.
താമസസ്ഥലത്തെ വാതിലുകള്‍ അടച്ചും ആഹാരപദാര്‍ഥങ്ങളുള്ള പാത്രങ്ങള്‍ അടച്ചുവെച്ചുമാണ് ഉറങ്ങാന്‍ പോകേണ്ടത്. വിളക്ക് അണയ്ക്കണം. അടുപ്പില്‍ തീ കെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഒരിക്കല്‍ മദീനയിലെ വീടുകളിലൊന്നില്‍ രാത്രി തീ പടര്‍ന്നപ്പോള്‍ നബി(സ) പറഞ്ഞു: 'തീയണക്കുക; അത് നിങ്ങളുടെ ശത്രുവാകുന്നു.'
മറ്റൊരിക്കല്‍ അവിടുന്ന് അരുള്‍ചെയ്തു: 'രാത്രിയില്‍ ബിസ്മില്ലാ പറഞ്ഞുകൊണ്ട് വാതില്‍ അടക്കുക. ബിസ്മില്ലാ പറഞ്ഞ് തീ കെടുത്തുക; ബിസ്മില്ലാ പറഞ്ഞ് വെള്ളപ്പാത്രത്തിന്റെ മുഖഭാഗം മൂടിവെക്കുക. ബിസ്മില്ലാ പറഞ്ഞുകൊണ്ട് ആഹാരപാത്രങ്ങളും അടപ്പ് കൊണ്ട് മൂടുക. മൂടാന്‍ അടപ്പില്ലെങ്കില്‍ മറ്റെന്തെങ്കിലും വസ്തുവെടുത്ത് പാത്രത്തിനു മീതെ വെക്കണം' (സ്വിഹാഹുസ്സിത്ത).
കുടിവെള്ളം, ഗ്ലാസ്, വടി, തീപ്പെട്ടി അല്ലെങ്കില്‍ ടോര്‍ച്ച്, ബ്രഷ് എന്നിവ ഉറങ്ങാന്‍ നേരത്ത് അരികെ കൊണ്ടുവെക്കാം. അതിഥിയാണെങ്കില്‍ ആതിഥേയനോട് ടോയ്‌ലറ്റും മറ്റും എവിടെയാണെന്ന് മനസ്സിലാക്കിവെക്കണം. പ്രവാചകന്‍(സ) വിശ്രമിക്കുമ്പോഴെല്ലാം തൊട്ടടുത്ത് അത്യാവശ്യമുള്ള ചില വസ്തുക്കള്‍ വെക്കാറുണ്ടായിരുന്നു.
എണ്ണക്കുപ്പി, ചീര്‍പ്പ്, കത്രിക, ബ്രഷ്, തല ചൊറിയാനും മറ്റുമായി ചെറിയൊരു വടിക്കഷ്ണം മുതലായവ.
ഉറങ്ങി എഴുന്നേറ്റാല്‍ വസ്ത്രം, ചെരുപ്പ് തുടങ്ങിയവ പരതുന്നത് ഒഴിവാക്കാന്‍ അവ തൊട്ടരികെ തന്നെ കൊണ്ടു വെക്കണം. ഉപദ്രവകാരികളായ ക്ഷുദ്രജീവികള്‍ അതിനകത്ത് ഇല്ലായെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി ഉറങ്ങി എഴുന്നേറ്റ ഉടനെ അത് ധരിക്കുന്നതിനു പകരം ആദ്യമൊന്ന് കുടയുകയും വേണം.
ഉറങ്ങുന്നതിനു് മുമ്പ് വിരിപ്പ് നന്നായി തട്ടി കുടയണം. ഇടക്ക് എഴുന്നേറ്റു പോയി വീണ്ടും വന്ന് കിടക്കാനൊരുങ്ങുമ്പോഴും ഇക്കാര്യം ആവര്‍ത്തിക്കണം. പ്രവാചകന്‍(സ) അരുള്‍ ചെയ്യുന്നു: 'ആരെങ്കിലും രാത്രിയില്‍ വിരുപ്പില്‍നിന്നെഴുന്നേറ്റു പോയി വീണ്ടും അവിടെ വന്ന് കിടക്കുകയാണെങ്കില്‍ തന്റെ തുണി തലപ്പുകൊണ്ട് വിരിപ്പ് മൂന്ന് തവണ തുടക്കട്ടെ. കാരണം വിരിപ്പിനടിയില്‍ എന്താണ് വന്ന് കിടക്കുന്നതെന്ന് അയാള്‍ അറിയുന്നില്ല' (തിര്‍മിദി).
കിടപ്പുമുറിയിലെത്തിയാല്‍ താഴെപറയുന്ന പ്രാര്‍ഥന ഉരുവിടണം. പ്രവാചകന്റെ (സ) പ്രത്യേക സേവകന്‍ അനസ്(റ) ആ പ്രാര്‍ഥന ഉദ്ധരിക്കുന്നു:
അല്‍ഹംദു ലില്ലാഹില്ലദീ അത്വ്അമനാ വസഖാനാ വകഫാനാ വആവാനാ ഫകം മിമ്മന്‍ ലാ കാഫി ലഹു വലാ മുഅ്‌വി (ഞങ്ങള്‍ക്കു ഭക്ഷണവും പാനീയവും നല്‍കിയ, ഇടപാടുകളില്‍ മതിയായ സഹായം നല്‍കിയ, ജീവിക്കാന്‍ അഭയമേകിയ അല്ലാഹുവിനാണ് സകല സ്തുതിയും. യാതൊരു സഹായിയും അഭയകേന്ദ്രവും ലഭിക്കാത്ത എത്ര മനുഷ്യരാണുള്ളത്! - ശമാഇല്‍ തിര്‍മിദി).
വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
Comments