Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 02

3112

1440 ദുല്‍ഖഅദ് 29

ഇല്‍ഹാന്‍ ഉമര്‍ വെള്ള മേധാവിത്വത്തെ വിറപ്പിക്കുന്ന പോരാട്ടവീര്യം

പി.കെ. നിയാസ്

വാഷിംഗ്ടണ്‍ ഡി.സിയില്‍ കാപിറ്റോളിന് അഭിമുഖമായുള്ള  ജെഫേഴ്‌സണ്‍ ബില്‍ഡിംഗിലാണ് യു.എസ് കോണ്‍ഗ്രസ് ലൈബ്രറി. പതിനാലു കോടിയോളം പുസ്തകങ്ങളുടെ വന്‍ ശേഖരമുള്ള ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥാലയം. അമേരിക്കയുടെ ശില്‍പികളിലൊരാളും 1776-ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കേന്ദ്ര ബിന്ദുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിത്വവും 1801 മുതല്‍ 1809 വരെ രാജ്യത്തിന്റെ പ്രസിഡന്റുമായിരുന്ന തോമസ് ജെഫേഴ്‌സന്റെ പേരിലുള്ള ലൈബ്രറിയില്‍ അദ്ദേഹം തന്നെ സംഭാവന ചെയ്ത 6,500-ലേറെ പുസ്തകങ്ങളുടെ ശേഖരമുണ്ട്. അക്കൂട്ടത്തില്‍ പെടുന്നതാണ് രണ്ട് വാള്യങ്ങളിലായുള്ള വിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷ. 
വംശീയതക്കെതിരെ പ്രസംഗിച്ച വംശീയവാദി, അടിമത്തത്തിനെതിരെ പ്രകടനം നയിക്കുമ്പോള്‍ തന്നെ പരോക്ഷമായി അതിനെ ന്യായീകരിച്ച വ്യക്തി തുടങ്ങിയ ആക്ഷേപങ്ങള്‍ നിലനില്‍ക്കുമ്പോഴും ജെഫേഴ്‌സന്‍ വായിച്ച ഖുര്‍ആന്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. 2007-ലായിരുന്നു അത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ തന്നെ പ്രഥമ മുസ്‌ലിം അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് പ്രതിനിധി കീത്ത് മൗറിസ് എല്ലിസന്‍ സത്യപ്രതിജ്ഞ ചെയ്തത് ജെഫേഴ്‌സന്‍ വായിച്ചിരുന്ന ഖുര്‍ആന്‍ പരിഭാഷയില്‍ കൈവെച്ചുകൊണ്ടായിരുന്നു. ജനപ്രതിനിധി സഭയില്‍ മിന്നസോട്ടയെ പ്രതിനിധാനം ചെയ്‌തെത്തിയ എല്ലിസന്‍ വേണ്ടിവന്നു രണ്ടു നൂറ്റാണ്ടു കാലം ഒരൊറ്റ മുസ്‌ലിമിനെപ്പോലും കോണ്‍ഗ്രസിന്റെ പടി കയറ്റാത്ത അമേരിക്കന്‍ രാഷ്ട്രീയത്തിന് മറുകുറിപ്പെഴുതാന്‍. ഇസ്‌ലാം ആശ്ലേഷിച്ച കത്തോലിക്കനായിരുന്നു എല്ലിസന്‍.
എല്ലിസനുശേഷം രണ്ടു വനിതകള്‍ ഖുര്‍ആന്‍ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഈ വര്‍ഷാദ്യം യു.എസ് കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചു. പക്ഷേ, അത് ജെഫേഴ്‌സന്റെ ഖുര്‍ആന്‍ ആയിരുന്നില്ല. സോമാലിയന്‍ വംശജ ഇല്‍ഹാന്‍ അബ്ദുല്ലാഹി ഉമറും ഫലസ്ത്വീനില്‍ വേരുകളുള്ള റശീദ ത്വലൈബും കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രഥമ മുസ്‌ലിം വനിതകളായി മാറി. രണ്ടു വര്‍ഷം മുമ്പ് മിന്നസോട്ട ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇല്‍ഹാന്‍ സത്യപ്രതിജ്ഞ ചെയ്തത് ഖുര്‍ആനില്‍ കൈവെച്ചുകൊണ്ടായിരുന്നു.
2007 മുതല്‍ തുടര്‍ച്ചയായി ആറു തവണ ഒരേ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എല്ലിസന്‍, മിന്നസോട്ടയിലെ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കേണ്ടതിനാല്‍ കോണ്‍ഗ്രസിലേക്ക് വീണ്ടും ജനവിധി തേടാനില്ലെന്ന് 2018-ല്‍ പ്രഖ്യാപിച്ചതോടെയാണ് ഇല്‍ഹാന്‍ ഉമര്‍ എന്ന മുസ്‌ലിം വനിത ചിത്രത്തിലേക്ക് കടന്നുവരുന്നത്.
പൗരാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും വംശീയതക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്കൊപ്പമാണ് മിന്നസോട്ടയിലെ ജനങ്ങളെന്ന് അടിവരയിടുന്നതായിരുന്നു അറ്റോര്‍ണി ജനറല്‍ പദവിയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ എല്ലിസന്റെയും കോണ്‍ഗ്രസിലേക്ക് ഇല്‍ഹാന്‍ ഉമറിന്റെയും തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ എതിരാളി ജെന്നിഫര്‍ സെലിന്‍സ്‌കിയെ ബഹുദൂരം പിന്നിലാക്കിയാണ് ഇല്‍ഹാന്‍ വിജയം കൊയ്തത്. ഇല്‍ഹാന് 267,703 വോട്ടുകള്‍ (80 ശതമാനം) ലഭിച്ചപ്പോള്‍ എതിരാളിക്ക് കിട്ടിയത് 74,500 വോട്ടുകള്‍ മാത്രം. നിരവധി റെക്കോര്‍ഡുകളുടെ അകമ്പടിയോടെയായിരുന്നു മിന്നുന്ന ആ വിജയം. കോണ്‍ഗ്രസ് അംഗമാകുന്ന ആദ്യ സോമാലീ അമേരിക്കന്‍, യു.എസ് പൗരത്വം നേടിയ ശേഷം ഈ പദവിയിലെത്തുന്ന പ്രഥമ ആഫ്രിക്കക്കാരി, മിന്നസോട്ടയില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിത, അമേരിക്കന്‍ കോണ്‍ഗ്രസില്‍ അംഗമാകുന്ന രണ്ട് മുസ്‌ലിം വനിതകളിലൊരാള്‍ (റശീദ ത്വലൈബ് മിച്ചിഗണിനെയാണ് പ്രതിനിധാനം ചെയ്യുന്നത്).

യുദ്ധഭൂമിയില്‍നിന്ന്
സോമാലിയന്‍ തലസ്ഥാനമായ മൊഗാദീശുവില്‍ അധ്യാപക പരിശീലകനായ നൂര്‍ ഉമര്‍ മുഹമ്മദിന്റെയും യമനി പാരമ്പര്യമുള്ള ഫദൂമ അബൂകര്‍ ഹാജി ഹുസൈന്റെയും ഏഴു മക്കളില്‍ ഏറ്റവും ഇളയവളായി 1982-ല്‍ ജനിച്ച ഇല്‍ഹാന്‍ ഉമര്‍ വെള്ള മേധാവിത്വത്തെ വിറപ്പിക്കുന്ന പോരാട്ടവീര്യത്തിന്റെ പ്രതീകമായതിനു പിന്നില്‍ സംഭവബഹുലമായ ചരിത്രമുണ്ട്. രണ്ടു വയസ്സുള്ളപ്പോള്‍ ഉമ്മയെ നഷ്ടപ്പെടുകയും യുദ്ധവും അഭയാര്‍ഥി ക്യാമ്പുകളിലെ ജീവിതവും അനുഭവിച്ചറിയുകയും ചെയ്ത ഇല്‍ഹാന്‍ പിതാവിനും പിതാമഹനുമൊപ്പം പത്താം വയസ്സിലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. യുദ്ധഭൂമിയിലെ തീക്ഷ്ണത അനുഭവിച്ചറിഞ്ഞ ആ പെണ്‍കുട്ടിക്ക് മിന്നസോട്ടയിലെ പാഠശാലയില്‍ അനുഭവിക്കേണ്ടി വന്നത് കടുത്ത വിവേചനം. മുസ്‌ലിമും സോമാലിയക്കാരിയുമെന്നത് അവളെ ആക്ഷേപിക്കാനുള്ള ലൈസന്‍സായിരുന്നു വെള്ളക്കാരായ സഹപാഠികള്‍ക്ക്. ഹിജാബില്‍ പശ തേക്കുക, കോണിപ്പടിയില്‍നിന്ന് തള്ളിയിടുക, ജിം ക്ലാസില്‍ പോകുമ്പോള്‍ ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയവയായിരുന്നു അവരുടെ വിനോദങ്ങള്‍. 'നിന്റെ സാന്നിധ്യം ഏതൊക്കെയോ നിലയില്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്ന് കരുതുന്നതിനാലാണ് അവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്' എന്ന് പിതാവ് പലപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസുമായുള്ള അഭിമുഖത്തില്‍ ഇല്‍ഹാന്‍ മനസ്സ് തുറക്കുകയുണ്ടായി.
കടുത്ത മുസ്‌ലിം വിരുദ്ധ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ സമരത്തിലെ മുന്നണിപ്പോരാളിയായതോടെയാണ് ഇല്‍ഹാന്‍ ശ്രദ്ധിക്കപ്പെടുന്നത്. മുസ്‌ലിംകള്‍ക്ക് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നായിരുന്നു 2016-ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിന്റെ മുദ്രാവാക്യങ്ങളിലൊന്ന്. സോമാലിയ ഉള്‍പ്പെടെ ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ച് പ്രസിഡന്റെന്ന നിലയില്‍ അത് നടപ്പാക്കുകയും ചെയ്തു. പിന്നീട് സുപ്രീം കോടതി പ്രസ്തുത നടപടികള്‍ തടഞ്ഞുവെന്നത് മറ്റൊരു കാര്യം. ഇസ്‌ലാം അമേരിക്കയെ വെറുക്കുന്നുവെന്നും 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണദിനം ന്യൂജഴ്‌സിയിലെ മുസ്‌ലിംകള്‍ ആഘോഷിക്കുകയായിരുന്നുവെന്നുമുള്ള നിരുത്തരവാദപരമായ ആരോപണങ്ങളും ട്രംപ്  ഉന്നയിക്കുകയുണ്ടായി.

ട്രംപുമായി നേര്‍ക്കുനേര്‍
വംശീയത തുളുമ്പുന്ന പരാമര്‍ശങ്ങളിലൂടെ വെള്ള മേധാവിത്വ അജണ്ട നടപ്പാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും അമേരിക്കന്‍ ജനത അതില്‍ വഞ്ചിതരാകരുതെന്നും ഇല്‍ഹാന്‍, റശീദ ത്വലൈബ് (മിച്ചിഗണ്‍), അലക്‌സാണ്ട്രീയ ഒകേഷിയോ കോര്‍ട്ടസ് (ന്യൂയോര്‍ക്ക്), അയന്ന പ്രെസ്‌ലെ (മസാച്ചുസെറ്റ്‌സ്) എന്നീ ഡെമോക്രാറ്റുകളായ കോണ്‍ഗ്രസ് അംഗങ്ങള്‍  പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. വംശീയതക്കെതിരെ തുറന്ന പോരാട്ടത്തിലേര്‍പ്പെട്ട ഈ നാല്‍വര്‍ സംഘം 'ദി സ്‌ക്വാഡ്' എന്ന പേരിലാണ് സാമൂഹിക മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. അമേരിക്കയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ 'സ്വന്തം രാജ്യങ്ങളിലേക്ക്' മടങ്ങിക്കൊള്ളൂ എന്ന് ട്വീറ്റ് ചെയ്താണ് ട്രംപ് തന്റെ വംശീയ മനസ്സ് ഇവര്‍ക്കെതിരെ പുറത്തെടുത്തത്. അമേരിക്കയെ സ്‌നേഹിക്കാത്തവരാണ് ഇവരെന്നും പ്രസിഡന്റ് ആരോപിച്ചു. ഇല്‍ഹാന്‍ ഒഴികെയുള്ള മൂന്നു പേരും അമേരിക്കയില്‍തന്നെ ജനിച്ചവരാണെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചുള്ള പരാമര്‍ശമായിരുന്നു ട്രംപിന്റേത്. തന്റെ ഭാര്യ അമേരിക്കന്‍ പൗരത്വം ലഭിച്ച സ്ലോവേനിയക്കാരിയാണെന്നതൊന്നും പ്രസിഡന്റിന് പ്രശ്‌നമായില്ല. ഇല്‍ഹാനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന കമന്റുകളും ട്രംപില്‍നിന്നുണ്ടായി. വംശീയ പരാമര്‍ശങ്ങളില്‍ മാപ്പുപറയുന്നതിനു പകരം വീണ്ടും അവരെ അപമാനിക്കാനാണ് ട്രംപ് തുനിഞ്ഞത്.
ഇതോടെ കോണ്‍ഗ്രസും പ്രശ്‌നത്തില്‍ ഇടപെട്ടു. വംശീയ വിദ്വേഷം മറനീക്കി പുറത്തുവന്ന പ്രസിഡന്റിന്റെ പരാമര്‍ശങ്ങളെ അപലപിക്കുന്ന പ്രമേയം 187-നെതിരെ 240 വോട്ടുകള്‍ക്ക് ജനപ്രതിനിധി സഭ പാസ്സാക്കി. മുഴുവന്‍ ഡെമോക്രാറ്റുകള്‍ക്കും ഒരു സ്വതന്ത്രനും പുറമെ ട്രംപിന്റെ പാര്‍ട്ടിക്കാരായ നാലു റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രസിഡന്റിനെ അപലപിക്കുന്ന പ്രമേയത്തിന് അനൂകൂലമായി വോട്ടു ചെയ്തു.
പ്രസിഡന്റ് പദത്തില്‍ രണ്ടാമൂഴത്തിന് തയാറെടുക്കുന്ന ട്രംപ് കഴിഞ്ഞ ദിവസത്തെ റാലിയില്‍ ഇല്‍ഹാന്‍ ഉമറിനെതിരെ കടന്നാക്രമണം നടത്തി. റാലിയില്‍ ട്രംപ് അനുകൂലികളായ ആയിരങ്ങള്‍ നടത്തിയ പ്രകടനം അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന വംശീയ ഭ്രാന്തിന്റെ നേര്‍ചിത്രമായിരുന്നു. 'അവളെ തിരിച്ചയക്കൂ' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. വംശീയതയും വെള്ള മേധാവിത്വവും അമേരിക്കന്‍ ജനതയില്‍ കുത്തിവെക്കാനും അതുവഴി അവരില്‍ ധ്രുവീകരണം സൃഷ്ടിച്ച് അധികാരം നിലനിര്‍ത്താനുമാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഡെമോക്രാറ്റ് നേതാക്കള്‍ ആരോപിക്കുന്നു. 2020-ലെ തെരഞ്ഞെടുപ്പില്‍ മിന്നസോട്ടയില്‍ (ഇല്‍ഹാമിന്റെ മണ്ഡലം) തന്റെ വിജയം സുനിശ്ചിതമാണെന്നും സെമിറ്റിക് വിരുദ്ധയായ അവരെ വോട്ടര്‍മാര്‍ ഒറ്റപ്പെടുത്തുമെന്നുമുള്ള ട്രംപിന്റെ പരാമര്‍ശം ഇതോട് ചേര്‍ത്തുവായിക്കണം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ പ്രസിഡന്റിനെ പരാജയപ്പെടുത്താന്‍ യോജിച്ച പോരാട്ടം വേണമെന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്‍പിക്കപ്പെടുന്ന ഡെമോക്രാറ്റ് സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സ് പ്രതികരിച്ചത്. ട്രംപിന്റെ കാടന്‍ നിലപാടിനെതിരെയും ഇല്‍ഹാന്‍ ഉമറിന് പിന്തുണ പ്രഖ്യാപിച്ചും രാജ്യത്തെ ജൂത സംഘടനകളും രംഗത്തുവന്നു. ഉമര്‍ സുരക്ഷിതയായി ഇരിക്കേണ്ടതുണ്ടെന്നും അവരുടെ നേതൃപാടവത്തെ ആദരിക്കുന്നുവെന്നുമാണ് പുരോഗമന ജൂത സംഘടന 'ബെന്‍ഡ് ദി ആര്‍ക്' ട്വീറ്റ് ചെയ്തത്. നല്ല പൗരയും മാതാവും സുഹൃത്തും കോണ്‍ഗ്രസിലെ സുപ്രധാന അംഗവുമാണ് ഇല്‍ഹാനെന്ന് പ്രമുഖ അമേരിക്കന്‍ നടി പൈപ്പര്‍ പെറാബോയും ട്വിറ്ററില്‍ കുറിച്ചു.
ട്രംപിന്റെയും അനുയായികളുടെയും വംശീയ തീവ്രതക്കെതിരെ ആഗോളതലത്തിലും പ്രതികരണമുയരുന്നുണ്ട്. ഉമറിന് പിന്തുണ പ്രഖ്യാപിച്ച് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദും രംഗത്തുവന്നു. വ്യത്യസ്ത രാജ്യക്കാരായ ജനങ്ങളാണ് അമേരിക്കയെ കെട്ടിപ്പടുത്തതെന്നും അതിനു വിരുദ്ധമായ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നുമാണ് മെര്‍ക്കല്‍ പറഞ്ഞത്. പാകിസ്താന്‍ വംശജനായ തന്നെ 'തിരിച്ചയക്കൂ'വെന്ന് ബ്രിട്ടനില്‍ മുദ്രാവാക്യം ഉയര്‍ന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് സാജിദ് ജാവീദ് ചോദിക്കുന്നു. നാലു വനിതാ കോണ്‍ഗ്രസ് അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച ട്രംപിനെ വിമര്‍ശിച്ച് ഏതാണ്ട് 150 ബ്രിട്ടീഷ് എം.പിമാരാണ് തുറന്ന കത്തെഴുതിയത്. #IStandWithilhan എന്ന ഹാഷ്ടാഗിലൂടെ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഇല്‍ഹാന്‍ ഉമറിനെ പിന്തണച്ച് ആയിരങ്ങളാണ് രംഗത്തുവരുന്നത്.
യു.എസ് കോണ്‍ഗ്രസിലേക്കുള്ള ഇല്‍ഹാന്റെ പ്രവേശനം തന്നെ 181 വര്‍ഷമായി നിലനില്‍ക്കുന്ന തലമറയ്ക്കല്‍ നിരോധത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു. മുസ്‌ലിമെന്ന നിലയില്‍ തല മറയ്ക്കാനുള്ള അവകാശം പിടിച്ചുവാങ്ങിയാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇസ്രയേലിനെ അന്ധമായി പിന്തുണക്കുന്ന അമേരിക്കയുടെ വിദേശ നയത്തെ നിശിതമായി വിമര്‍ശിച്ചതിന് സയണിസ്റ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും മാത്രമല്ല, ഡെമോക്രാറ്റുകളിലെ ചിലരും ഇല്‍ഹാനെ സെമിറ്റിക് വിരുദ്ധയായി മുദ്രകുത്തി. അമേരിക്കയുടെ ഇസ്രയേലീ പിന്തുണയുടെ പിന്നില്‍ സയണിസ്റ്റ് അനുകൂല ലോബിയുടെ പണക്കൊഴുപ്പാണെന്ന പരാമര്‍ശം വലിയ കോളിളക്കമുണ്ടാക്കി. ഇല്‍ഹാന്‍ രാജിവെക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ഡെമോക്രാറ്റുകളില്‍നിന്നും ശക്തമായ വിമര്‍ശനമുണ്ടായതോടെ ഇല്‍ഹാന് ഖേദം പ്രകടിപ്പിക്കേണ്ടിവന്നു. ഇസ്രയേലിന്റെ അധിനിവേശ ക്രൂരതകള്‍ക്കെതിരെ നിലവില്‍ വന്ന ബി.ഡി.എസ് പ്രസ്ഥാനത്തെ പിന്തുണച്ചതിനും ഇല്‍ഹാനും റശീദയും വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്.   
ഇല്‍ഹാനെ ലക്ഷ്യമിട്ട് ട്രംപ് നടത്തിയ ട്വീറ്റുകളും പ്രസ്താവനകളും നുണകളായിരുന്നു. 9/11 സംഭവത്തില്‍ അവര്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ മോര്‍ഫ് ചെയ്ത വീഡിയോകള്‍ വരെ അതില്‍പെടും. ട്രംപ് തനിച്ചായിരുന്നില്ല ഇല്‍ഹാനെതിരെ പട നയിച്ചത്. പരദേശി സ്പര്‍ധ പച്ചയായി പ്രകടിപ്പിക്കുന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരും കൂട്ടിനുണ്ടായിരുന്നു. ട്രംപുമായി പലപ്പോഴും ഏറ്റുമുട്ടാറുള്ള ഫോക്‌സ് ന്യൂസിലെ ചില ആങ്കര്‍മാര്‍ പോലും മുസ്‌ലിം ആക്റ്റിവിസ്റ്റ് ആയതിന്റെ പേരില്‍ ഇല്‍ഹാന്റെ വേഷവിധാനത്തെ പരസ്യമായി ചോദ്യം ചെയ്യാറുണ്ട്. ഇല്‍ഹാന്‍ ഉമറിന്റെ ഹിജാബും ഇസ്‌ലാമിക വിശ്വാസവും യു.എസ് ഭരണഘടനയുമായി യോജിച്ചുപോകില്ലെന്ന പരാമര്‍ശത്തിന്റെ പേരില്‍ അവതാരക ജെനിന്‍ പിറോയെ കുറച്ചുകാലത്തേക്ക് സസ്‌പെന്റ് ചെയ്യാന്‍ ഫോക്‌സ് ന്യൂസ് നിര്‍ബന്ധിതമായത് ഈയിടെയാണ്. സസ്‌പെന്‍ഷന്‍ വാര്‍ത്ത അറിഞ്ഞയുടന്‍ അവതാരകയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്ന ട്രംപിനെയാണ് കണ്ടത്.   
വ്യക്തിപരമായി തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ മുന്നില്‍ ഒരിക്കല്‍ പോലും പതറിയിട്ടില്ല ഇല്‍ഹാന്‍. ട്രംപിന്റെ വംശീയവും വര്‍ഗീയവുമായ നിലപാടുകള്‍ക്കെതിരെ ഇല്‍ഹാന്‍ ഉമര്‍ നടത്തുന്ന പോരാട്ടത്തില്‍ മറ്റു മൂന്ന് വനിതാ കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമല്ല, അമേരിക്കയുടെ ബഹുസ്വരതയെ മാനിക്കുന്നവരൊക്കെ പങ്കു ചേരുന്നുണ്ട്. ഭയപ്പെടുത്തി ഇരുത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടെന്നാണ് ട്രംപിന്റെ നിരന്തരമായ വംശവിരുദ്ധ പ്രസ്താവനകള്‍ക്ക് ഇല്‍ഹാന്‍ നല്‍കുന്ന മറുപടി. വംശീയത ട്രംപിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. വംശീയവാദി മാത്രമല്ല, ഫാഷിസ്റ്റ് കൂടിയാണ് ട്രംപ്. മൂന്ന് പതിറ്റാണ്ടു മുമ്പ് നടന്ന സെന്‍ട്രല്‍ പാര്‍ക്ക് ബലാത്സംഗ സംഭവത്തില്‍ കുറ്റക്കാരെന്ന് വിധിക്കപ്പെട്ട നിരപരാധികളായ അഞ്ച് കറുത്ത വര്‍ഗക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അന്ന് ഒരു ദിനപത്രത്തില്‍ മുഴുപുറം പരസ്യം നല്‍കിയ ട്രംപിന്റെ നിലപാട് അവര്‍ ചൂണ്ടിക്കാട്ടി. ടീനേജര്‍മാരായ ഇവര്‍ ഏഴു വര്‍ഷത്തോളം ശിക്ഷ അനുഭവിച്ച ശേഷമാണ് സീരിയല്‍ റെയ്പിസ്റ്റായ യഥാര്‍ഥ പ്രതി 2002-ല്‍ പിടിയിലാവുന്നത്. അമേരിക്കന്‍ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട പ്രസ്തുത സംഭവത്തിലെ സത്യാവസ്ഥ ബോധ്യപ്പെട്ടിട്ടും അഞ്ചു കറുത്ത വര്‍ഗക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന തന്റെ നിലപാട് മാറ്റാന്‍ ട്രംപ് തയാറായിട്ടില്ല. ഇര വെള്ളക്കാരിയും തെറ്റായി പ്രതി ചേര്‍ക്കപ്പെട്ടവര്‍ കറുത്ത വര്‍ഗക്കാരായതുമാണ് ട്രംപിന്റെ നീതിബോധത്തിന്റെ സാരാംശം. കഴിഞ്ഞ ദിവസം ന്യൂഓര്‍ലന്റില്‍ ഇലക്ഷന്‍ പ്രചാരണവേളയില്‍ മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും ട്രംപ് കുലുങ്ങിയില്ല.
ഇല്‍ഹാന്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ക്കും പ്രചോദനമാവുകയാണ്. യു.എസ് രാഷ്ട്രീയത്തില്‍ ക്രിയാത്മകമായ ഇടപെടലിന് മുസ്‌ലിം സമൂഹം താല്‍പര്യം പ്രകടിപ്പിക്കുന്നതായി അമേരിക്കന്‍ മുസ്‌ലിംകളുടെ സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പായ 'എംഗേജ്'  ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ നിരീക്ഷണമനുസരിച്ച് 2018-ല്‍ മാത്രം നൂറോളം മുസ്‌ലിംകള്‍ വിവിധ രാഷ്ട്രീയ പദവികളിലേക്ക് മത്സരിക്കുകയുണ്ടായി. കിത്ത് എല്ലിസന്‍ മിന്നസോട്ടയിലെ അറ്റോര്‍ണി ജനറല്‍ പദവിയില്‍ എത്തിയത് ഒരു ഉദാഹരണം. 2001-നു ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്. കഴിഞ്ഞ നവംബറിലെ മിഡ്ടേം ഇലക്ഷനില്‍ 2010-നെയും 2014-നെയും അപേക്ഷിച്ച് 25 ശതമാനത്തിലേറെയായിരുന്നു മുസ്‌ലിം വോട്ടര്‍മാരുടെ വര്‍ധന.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

മരിച്ചവരെ അപമാനിക്കരുത്
സുബൈര്‍ കുന്ദമംഗലം