സംഘടിത പ്രബോധന യാത്ര
[പ്രവാസ സ്മരണകള്‍-4]
മര്‍കസുദ്ദഅ്‌വയില്‍ വിവിധ നാട്ടുകാരും ഭാഷക്കാരുമായ പുതിയ പ്രബോധകര്‍ എത്തിക്കൊണ്ടിരുന്നു. ഈജിപ്ത്, സുഡാന്‍, യമന്‍, ഇറാഖ്, മൗറിത്താനിയ, സോമാലിയ, ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു അവര്‍. പ്രബോധകരുടെ എണ്ണം കൂടിയപ്പോള്‍ പുതിയ പുതിയ പ്രവര്‍ത്തനരീതികള്‍ കണ്ടെത്തി നടപ്പിലാക്കിത്തുടങ്ങി. അതിനിടയിലായിരുന്നു സംഘടിത പ്രബോധന യാത്രകള്‍. വിവിധ ഭാഷക്കാരായ പ്രബോധകരുടെ ആറോ ഏഴോ പേരടങ്ങുന്ന സംഘം ഒരു വാഹനത്തില്‍ പുറപ്പെട്ട് നിശ്ചിത സ്ഥലം കേന്ദ്രീകരിച്ച് പള്ളികളില്‍ ബോധവത്കരണ ക്ലാസ്സുകളും ഉദ്‌ബോധനങ്ങളും നടത്തുകയാണ് പ്രവര്‍ത്തന രീതി. ഒന്നോ രണ്ടോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പ്രസ്തുത യാത്രകളില്‍ പ്രദേശത്തെ വഖ്ഫ് മന്ത്രാലയത്തിന്റെ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തും. വഖ്ഫ് മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭിച്ചിരുന്നു. പല പ്രാവശ്യവും അബൂദബിയിലെ വഖ്ഫ് മന്ത്രാലയത്തിന്റെ ഓഫീസില്‍ തന്നെ താമസിച്ചത് ഓര്‍ക്കുന്നു. അബൂദബി, അല്‍ഐന്‍, ഉമ്മുല്‍ ഖുവൈന്‍, റഅ്‌സുല്‍ ഖൈമ, ഫുജൈറ, കല്‍ബ, ഖോര്‍ഫുഖാന്‍, ദിബ്ബ, മസാഫി, മുവൈസ്, ലിവ, ത്വരീഫ് മുതലായ സ്ഥലങ്ങളിലെല്ലാം ഇവ്വിധം യാത്രകളില്‍ പങ്കാളിയായ അനുഭവമുണ്ട്. പുതിയ പുതിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക, പരിഷ്‌കൃതരും അപരിഷ്‌കൃതരുമായ സമൂഹങ്ങളുടെ ജീവിതരീതികള്‍ മനസ്സിലാക്കി അവരെയെല്ലാം അഭിമുഖീകരിക്കുക മുതലായ ബഹുമുഖമായ ഗുണങ്ങള്‍ ഇത്തരം യാത്രകള്‍ സാധിപ്പിച്ചു.
ഓരോ പ്രബോധകന്നും ദിനേനയുള്ള ക്ലാസ്സുകളുടെ സ്ഥലവും സമയവും നിശ്ചയിച്ചുകൊണ്ടുള്ള ടൈംടേബ്ള്‍ മുന്‍കൂട്ടി നല്‍കുക, മാസാന്ത പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കുക, ഓരോരുത്തരും ഓരോ മാസവും 'ബഹ്‌സ്' (ഗവേഷണ പ്രബന്ധം) എഴുതിക്കൊടുക്കുക എന്നിവയായിരുന്നു അതിലൊരിനം. മുദീറിന്റെ അധ്യക്ഷതയില്‍ പ്രബോധകരുടെ മാസാന്ത ഒത്തുചേരല്‍ പതിവായി. അതില്‍ സമകാലിക സാഹചര്യങ്ങള്‍ വിലയിരുത്തുകയും പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും. പുതുതായി സന്മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനും സത്യമാര്‍ഗം ആശ്ലേഷിക്കുന്നവര്‍ക്ക് ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നല്‍കാനും അവരുടെ തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കാനുമായി ഒരു പ്രത്യേക വിഭാഗം മര്‍കസില്‍ ആരംഭിച്ചു. അതിലൊരംഗമായിരുന്നു ഈയുള്ളവന്‍.
വര്‍ഷം തോറും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പരകളും മര്‍കസുദ്ദഅ്‌വയില്‍ നടക്കാറുണ്ടായിരുന്നു. യു.എ.ഇ ഇസ്‌ലാമിക കാര്യമന്ത്രാലയം, യൂനിവേഴ്‌സിറ്റികള്‍, ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളിലെ പ്രഗത്ഭരായ വ്യക്തികളാണ് വിഷയങ്ങള്‍ അവതരിപ്പിച്ചിരുന്നത്. അതോടനുബന്ധിച്ച് ചില മലയാള പ്രഭാഷണങ്ങളും ചിലപ്പോള്‍ സംഘടിപ്പിക്കപ്പെടാറുണ്ടായിരുന്നു. എനിക്കു പുറമെ കെ.ടി അബ്ദുര്‍റഹീം സാഹിബും അവിടെ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, ടി.കെ ഇബ്‌റാഹീം സാഹിബ് എന്നിവര്‍ ഒരിക്കല്‍ ദുബൈ സന്ദര്‍ശിച്ചപ്പോള്‍ മര്‍കസുദ്ദഅ്‌വയിലാണ് അവര്‍ക്ക് സ്വീകരണം നല്‍കിയത്.
പ്രബോധകരുടെ പരിശീലനാര്‍ഥം അപൂര്‍വമായി ചിലപ്പോള്‍ ദാറുല്‍ ഇഫ്തായിലെ പ്രമുഖ പണ്ഡിതന്മാരുടെ മേല്‍നോട്ടത്തില്‍ 'മുല്‍തഖദ്ദുആത്ത്' (പ്രബോധക സംഗമം) സംഘടിപ്പിക്കാറുണ്ടായിരുന്നു. മുന്‍കൂട്ടി നല്‍കുന്ന വിഷയങ്ങള്‍ അധികരിച്ച് ഓരോ പ്രബോധകനും പ്രസംഗം നടത്തി തന്റെ കഴിവ് പ്രകടപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു അത്. അതിഥികളായി എത്തുന്ന പണ്ഡിതന്മാര്‍ ഓരോന്നിനെയും നിരൂപണം നടത്തി അതിലെ നേട്ട കോട്ടങ്ങള്‍ വിശദീകരിക്കും. ആ നിലയില്‍ ഏറെ ഫലപ്രദമായിരുന്നു ആ സംഗമങ്ങള്‍.
റേഡിയോ -ടെലിവിഷന്‍ പരിപാടികള്‍
1993-ലാണ് ഗള്‍ഫില്‍ ആദ്യമായി ഒരു മലയാള റേഡിയോ സ്റ്റേഷന്‍ ആരംഭിക്കുന്നത്. ദുബൈയില്‍ ഉദ്യോഗസ്ഥനായിരുന്ന കണ്ണൂര്‍ സ്വദേശി എം.കെ അബ്ദുല്ലയാണ് മലയാള റേഡിയോ എന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ശ്രമമാരംഭിച്ചത്. റഅ്‌സുല്‍ ഖൈമ സ്വദേശിയായ ഒരു പ്രമുഖ വ്യക്തിയെ സ്‌പോണ്‍സറായി കണ്ടെത്തി. ദുബൈ കലാ-സാംസ്‌കാരിക മേഖലയില്‍ പ്രസിദ്ധനായിരുന്ന കെ.പി.കെ വെങ്ങരയെ പ്രോഗ്രാം ഡയറക്‌റായും ലഭിച്ചു. പ്രവര്‍ത്തന സൗകര്യം പരിഗണിച്ച് ദുബൈയില്‍നിന്നാവാം പ്രക്ഷേപണം എന്ന് തീരുമാനിച്ച് ദേരയിലെ ശലദാരി റൗണ്ട് എബൗട്ടിനടുത്ത് ഒരു കെട്ടിടത്തിലെ ഒരു നില വാടകക്കെടുത്തു. റെക്കോര്‍ഡിംഗില്‍ പരിചയസമ്പന്നനായ ഒരാളെ ലഭിച്ചു. എല്ലാം സജ്ജമായ ശേഷം ഒരിക്കല്‍ അബ്ദുല്ല എന്നെ ഫോണില്‍ വിളിച്ചു. റേഡിയോ പ്രോഗ്രാമില്‍ പരിപാടികള്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അത് താങ്കള്‍ ഏറ്റെടുക്കുമോ എന്നും അന്വേഷിച്ചു. മുന്‍പരിചയമില്ലെങ്കിലും ശ്രമിച്ചുനോക്കാമെന്ന് മറുപടി കൊടുത്തു. ഇസ്‌ലാമിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങള്‍ തയാറാക്കാന്‍ ആരംഭിച്ചു. കെ.ടി അബ്ദുര്‍റഹീം സാഹിബ് ദുബൈയിലുള്ള സന്ദര്‍ഭമായിരുന്നു. പരിപാടികളുടെ റെക്കോര്‍ഡിംഗ് ആരംഭിക്കുന്നതിനു മുമ്പാണ്, രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള എന്റെ ഏക മകന്‍ വഹീദിന്റെ ആകസ്മിക മരണവാര്‍ത്തയറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം ലഭിക്കുന്നത്. കെ.ടി അബ്ദുര്‍റഹീം സാഹിബിനെ വിളിച്ച് വിവരമറിയിക്കുകയും ഞാന്‍ ഏറ്റെടുത്ത റേഡിയോ പരിപാടിക്ക് താങ്കള്‍ തുടക്കം കുറിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. അങ്ങനെ എന്റെ അഭാവത്തില്‍ കെ.ടിയാണ് റേഡിയോ പരിപാടിക്ക് ആരംഭം കുറിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഞാന്‍ തന്നെയാണ് പരിപാടികള്‍ അവതരിപ്പിച്ചത്, ആഴ്ചയില്‍ ഒരിക്കല്‍ പത്ത് മിനിറ്റുള്ള പ്രഭാഷണങ്ങളായിരുന്നു സാധാരണ പരിപാടി. വിവിധ വിഷയങ്ങള്‍ തെരഞ്ഞെടുത്ത് എഴുതിത്തയാറാക്കിയാണ് പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. ഗള്‍ഫിലെ ആദ്യ മലയാള റേഡിയോ എന്ന നിലയില്‍ ഗള്‍ഫ് നാടുകളിലുടനീളം ധാരാളം ശ്രോതാക്കളുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞ്, റേഡിയോ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസകരമാണെന്ന് കണ്ടപ്പോള്‍ അതിന്റെ ഉടമസ്ഥന്‍ മറ്റാര്‍ക്കെങ്കിലുമത് കൈമാറാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പ് അതിന്റെ ഉടമാവകാശം വിലയ്ക്കു വാങ്ങുകയും അതിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്തു. റഅ്‌സുല്‍ ഖൈമ റേഡിയോ എന്നതിനു പകരം 'റേഡിയോ ഏഷ്യ' എന്നാക്കി പേര്‍. കെ.പി.കെ വെങ്ങരക്കു പകരം കൂടുതല്‍ പരിചയസമ്പന്നനായ വെട്ടൂര്‍ ജി. ശ്രീധരനെ പ്രോഗ്രാം ഡയറക്ടറാക്കി. റേഡിയോ നിലയം ദുബൈയില്‍നിന്ന് റഅ്‌സുല്‍ ഖൈമ പട്ടണത്തിന്റെ പ്രവേശന കവാടത്തിലെ വിശാലമായ ഒരു ഫഌറ്റിലേക്ക് മാറ്റി സ്ഥാപിച്ചു. പ്രക്ഷേപണത്തിന് ലബ്ധപ്രതിഷ്ഠരായ കലാകാരന്മാരെ നിയമിച്ചു. രാജീവ് ചെറായി, ആശാലത, ആശാ ശരത് എന്നിവര്‍ അവരില്‍ ചിലരാണ്. വാര്‍ത്താവതരണ വിഭാഗത്തില്‍, ആദ്യകാലത്ത് 'മാധ്യമ'ത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിശാം അബ്ദുസ്സലാം ചുമതലയേറ്റു. എന്റെ പരിപാടികള്‍ പഴയതുപോലെ തുടര്‍ന്നു.
പ്രശസ്തരായ പ്രമുഖ വ്യക്തികള്‍ ദുബൈ സന്ദര്‍ശിക്കുന്ന വേളയില്‍ അവരുമായുള്ള അഭിമുഖങ്ങള്‍ സംഘടിപ്പിച്ച് പ്രക്ഷേപണം ചെയ്യിക്കാനും ശ്രദ്ധിച്ചിരുന്നു. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാബിബ്, ടി. ആരിഫലി സാഹിബ്, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവരുമായുള്ള അഭിമുഖങ്ങള്‍ പ്രക്ഷേപണം ചെയ്തത് ഓര്‍ക്കുന്നു. ഒരിക്കല്‍ ശൈഖ് സാഹിബിന്റെ പത്തിലധികം പ്രഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയുണ്ടായി.
പ്രസ്ഥാനരംഗത്തെ പ്രമുഖ വ്യക്തികളുടെ നിര്യാണവാര്‍ത്ത യഥാസമയം വാര്‍ത്താ ബുള്ളറ്റിനുകളില്‍ ഉള്‍പ്പെടുത്തി പ്രക്ഷേപണം ചെയ്യിക്കാനും ശ്രദ്ധിച്ചിരുന്നു. എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ നിര്യാണവേളയില്‍ ആ വാര്‍ത്ത ഗള്‍ഫില്‍ ആദ്യമായി അറിയിച്ചത് റേഡിയോ ഏഷ്യയായിരുന്നു.
ചില വര്‍ഷങ്ങളില്‍ ഹജ്ജ്കാല വിവരങ്ങള്‍ പുണ്യഭൂമിയില്‍നിന്ന് നേരിട്ടറിയിക്കുന്ന റേഡിയോ ഏഷ്യയുടെ പ്രതിനിധിയായും ഈയുള്ളവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു വര്‍ഷം ഹാജിമാര്‍ മിനായിലായിരിക്കെ അതിശക്തമായ കാറ്റും മഴയുമുണ്ടായി. ഹാജിമാരുടെ ടെന്റുകളും സാധനസാമഗ്രികളും പേമാരിയിലും കൊടുങ്കാറ്റിലും പെട്ട് വലിയ നഷ്ടമുണ്ടായി. വിവരങ്ങളറിയാന്‍ മലയാളി സമൂഹമടക്കം പുറത്തുള്ളവര്‍ ജിജ്ഞാസപ്പെടുന്ന സമയം. ഹിശാം അബ്ദുസ്സലാം വാര്‍ത്താവതരണത്തിനിടെ എന്നെ നേരിട്ട് മൊബൈലില്‍ വിളിച്ചു. ഞാന്‍ മിനായിലെ ഒരു സുരക്ഷിത സ്ഥാനത്ത് നില്‍ക്കുകയായിരുന്നു. ഞാന്‍ മൊബൈലിലൂടെ അറിയാവുന്ന വിവരങ്ങളെല്ലാം അറിയിച്ചു. അന്വേഷണങ്ങള്‍ക്കെല്ലാം മറുപടി നല്‍കി. എന്നെ സംബന്ധിച്ചേടത്തോളം അതൊരു പുതിയ അനുഭവവും റേഡിയോ ഏഷ്യയെ സംബന്ധിച്ചേടത്തോളം അത് സംഭവസ്ഥലത്തുനിന്ന് നേരിട്ടറിയിച്ചതിന്റെ ക്രെഡിറ്റുമായി.
പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിച്ചുവരുന്നതുവരെ എന്റെ പരിപാടികള്‍ റേഡിയോ ഏഷ്യയില്‍ തുടര്‍ന്നു. ഞാന്‍ തിരിച്ചുപോന്ന ശേഷവും മുമ്പ് റെക്കോര്‍ഡ് ചെയ്ത ചില പ്രഭാഷണങ്ങള്‍ ഇടക്ക് പുനഃസംപ്രേഷണം ചെയ്യപ്പെടുന്നതായി അറിയാന്‍ കഴിഞ്ഞു.
ഒരു ഹജ്ജ്കാലത്ത് ഹജ്ജുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും ചോദ്യോത്തര രൂപത്തിലാക്കി റേഡിയോ ഏഷ്യയില്‍ ആറു ദിവസങ്ങളിലായി ഖണ്ഡശഃ പ്രക്ഷേപണം ചെയ്യുകയുണ്ടായി. ഐ.സി.സി പ്രവര്‍ത്തകനായ പി.എം മജീദ് (പാലപ്പെട്ടി) ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ മറുപടി പറയുകയും ചെയ്യുന്ന രീതിയിലായിരുന്നു അത്.
ദുബൈ ജീവിതകാലത്ത് ധാരാളം ടി.വി പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. വിശിഷ്യാ, റമദാന്‍ കാലത്ത്. ഇന്ത്യാ വിഷന്‍, കൈരളി, ജീവന്‍ മുതലായ ചാനലുകളിലാണ് കൂടുതല്‍ റമദാന്‍ പരിപാടികള്‍ പ്രത്യേകമായി സംപ്രേഷണം ചെയ്തിരുന്നത്. പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ചോദ്യോത്തരങ്ങള്‍ എന്നീ പരിപാടികളിലെല്ലാം പങ്കെടുക്കാന്‍ ഈയുള്ളവന് സൗകര്യം ലഭിച്ചിട്ടുണ്ട്.
ഓഡിയോ കാസറ്റുകള്‍
ക്ലാസ്സുകള്‍, പ്രഭാഷണങ്ങള്‍ എന്നിവയുടെ ഓഡിയോ കാസറ്റുകള്‍ തയാറാക്കി പ്രചരിപ്പിക്കുക എന്നത് ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. ഖുര്‍ആനിലെ അല്‍കഹ്ഫ്, അന്നൂര്‍, യാസീന്‍, അല്‍ഹുജുറാത്ത് എന്നീ അധ്യായങ്ങളുടെ വിസ്തരിച്ചുള്ള പഠനത്തിന് സഹായകമായ കാസറ്റുകളും, ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിലും വാരാന്ത ക്ലാസ്സുകളിലും നടക്കുന്ന വിഷയാധിഷ്ഠിത പ്രഭാഷണങ്ങളുടെ കാസറ്റുകളും റെക്കോര്‍ഡ് ചെയ്തവയില്‍ പെടും. മര്‍കസുദ്ദഅ്‌വയിലെ ഓഡിയോ വിഭാഗം വഴിയും ഐ.സി.സിയുടെ ശാഖകള്‍ വഴിയുമായിരുന്നു കാസറ്റുകള്‍ വിതരണം ചെയ്തിരുന്നത്.
(തുടരും)
Comments