ജനാധിപത്യത്തിന്റെ ഒറ്റത്തുരുത്തുകള്‍
ലോക്‌സഭയിലെ സത്യപ്രതിജ്ഞ ചടങ്ങ്. അസദുദ്ദീന്‍ ഉവൈസി, ശഫീഖുറഹ്മാന്‍, അബൂതാഹിര്‍ ഖാന്‍, എസ്.ടി ഹസന്‍. പലരുടെ തലയില്‍ തൊപ്പിയുണ്ടായിരുന്നു. സഭയിലെ അറബിപ്പേരുകാരൊക്കെ ഇരിപ്പിടത്തില്‍നിന്നിറങ്ങി സത്യപ്രതിജ്ഞക്കായി മൈക്കിന് മുന്നിലേക്കെത്തുന്ന വേളകളില്‍ ജയ്ശ്രീറാം വിളികള്‍ മുഴങ്ങി. ഉദ്ദേശ്യം വ്യക്തമായിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം ഉവൈസി ജയ് ഭീം മുഴക്കി പ്രതികരിച്ചു. ഡോ. ഭീം റാവു അംബേദ്കര്‍ എഴുതിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും സംഘ് പരിവാറും ജനാധിപത്യ രാജ്യത്തെ ഭരണഘടനയും തമ്മില്‍ എന്ത് ബന്ധം എന്നുമൊക്കെ ഉവൈസി ആ പ്രതികരണത്തില്‍ പറയാതെ പറഞ്ഞു.
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ശശി തരൂരും സംസാരിച്ചുകൊണ്ടിരിക്കെ സ്പീക്കര്‍ ഓം ബിര്‍ലയുടെ അമര്‍ഷം കലര്‍ന്ന താക്കീതുകള്‍ സഭയെ ഇടക്ക് നിശ്ശബ്ദമാക്കി. പെട്ടെന്ന് ആ നിശ്ശബ്ദതയെ കീറിമുറിച്ച് സഭയിലെ പുതുമുഖം ഹൈബി ഈഡന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: 'സര്‍, ഞങ്ങള്‍ സഭയുടെ ഓട് പൊളിച്ച് ഇവിടെ കയറിക്കൂടിയവരല്ല. ജനാധിപത്യപരമായി നല്ല ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുപ്പ് ജയിച്ചു വന്നവരാണ്.'
22 വര്‍ഷം മുമ്പുള്ള ഒരു കേസില്‍ ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു. 2002-ലെ കലാപകാലത്ത് നരേന്ദ്രമോദിക്കെതിരെ ശക്തമായി നിലകൊണ്ടതിനുള്ള പ്രതികാരമല്ലേ ഇത്? വാദം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ജഡ്ജി ഡയസില്‍നിന്ന് പല തവണ ഉറങ്ങിപ്പോയി എന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യത്തിന് ശവപ്പറമ്പൊരുങ്ങുകയാണെന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കും മുകളിലാണ് ദൈവമിരിക്കുന്നത് എന്നതില്‍ കവിഞ്ഞ അമിതാത്മവിശ്വാസങ്ങളൊന്നും നമുക്കുണ്ടായിരുന്നില്ല. 2014-നു ശേഷം നരേന്ദ്ര മോദി മുഖം കാണിച്ച ആദ്യത്തെ പത്രസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ ശരീരഭാഷ ശ്രദ്ധിച്ചു കാണുമല്ലോ. ജനാധിപത്യത്തെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസമായിരുന്നില്ലേ അത്! അത്രമേല്‍ ലാഘവത്വമുണ്ടായിരുന്നു ആ മുഖത്ത്. ചോദ്യങ്ങളോട് പുഛമാണദ്ദേഹത്തിന്. അതുകൊണ്ടാകണം ധാര്‍ഷ്ട്യം കലര്‍ന്നൊരു നിശ്ശബ്ദത എപ്പോഴും മറുപടിയായി എറിഞ്ഞു തരുന്നത്. അദ്ദേഹത്തിന്റെ ശബ്ദത്തില്‍ മിക്കപ്പോഴും വിഡ്ഢിത്തങ്ങള്‍ മാത്രമാണ് നമ്മള്‍ കേട്ടത്. പക്ഷേ, ഇതിനൊക്കെ ഇടയിലും മനോഹരമായി അട്ടിമറിക്കാന്‍ കഴിയുന്ന എന്തോ ഒന്നാണ് ജനാധിപത്യം എന്ന് അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തി. സാങ്കേതിക വിദ്യകളെപ്പോലും തകര്‍ത്ത് ജനാധിപത്യത്തിന് വാരിക്കുഴിയൊരുക്കിയ ട്രയലുകള്‍ നാമൊരുപാട് കണ്ടതാണ്. തെരഞ്ഞെടുപ്പു കാലത്ത് തന്നെ രാഷ്ട്രപിതാവിനെ നിറയൊഴിച്ചു കൊന്നുകളഞ്ഞ ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് പറയാന്‍ മാത്രം ധൈര്യമുാകുന്നത് അട്ടിമറിക്കപ്പെടാനിരിക്കുന്ന ജനാധിപത്യത്തെക്കുറിച്ച ഉറച്ച ബോധ്യങ്ങളില്‍നിന്നാണ്.
നോക്കൂ, ഉത്തരേന്ത്യയെ വീണ്ടും മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു തുടങ്ങിയിരിക്കുന്നു. ഉത്തരേന്ത്യയെക്കുറിച്ച് ഏറ്റവുമധികം വിലപിച്ചിരുന്നത് നമ്മളായിരുന്നല്ലോ. ഉത്തരേന്ത്യകള്‍ ആവര്‍ത്തിക്കരുതെന്നും ആവര്‍ത്തിച്ചാല്‍ രാജ്യമിനിയുണ്ടായിക്കൊള്ളണമെന്നില്ല എന്നൊക്കെയുള്ള ഉറച്ച ബോധ്യങ്ങള്‍ നമുക്കുണ്ടായിരുന്നു. ആ ബോധ്യങ്ങളാണ് തെരഞ്ഞെടുപ്പിനെ അത്ര ഗൗരവത്തിലെടുക്കാതിരുന്നവരെ പോലും പോളിംഗ് ബൂത്തുകളിലെത്തിച്ചത്. നമ്മുടെ തീരുമാനം ശരിയായിരുന്നുവെന്ന് രാജ്യം പറഞ്ഞപ്പോള്‍ ഉത്തരേന്ത്യയില്‍ ഉത്തരേന്ത്യ തന്നെ ആവര്‍ത്തിച്ചു. അവരുടെ രാഷ്ട്രീയ നിരക്ഷരതയിലേക്കാണ് നമ്മള്‍ വിരല്‍ ചൂണ്ടിയത്. ഭാഷാ സാക്ഷരത എന്താണെന്ന് പോലുമറിയാത്തവരോട് രാഷ്ട്രീയ സാക്ഷരതയെക്കുറിച്ച് എങ്ങനെ സംവദിച്ചു തുടങ്ങും? അതിനുമപ്പുറം ഉത്തരേന്ത്യയില്‍ ജനാധിപത്യം എന്തിന്റെയൊക്കെയോ മറവില്‍ ഒളിച്ചുകടത്തപ്പെട്ടു. എത്ര പേര്‍ നമ്മളെപ്പോലെ ഉത്തരേന്ത്യയില്‍ രാജ്യത്തിന്റെ വിധിയും കാത്ത് ആധിയോടെ ടെലിവിഷനുകള്‍ക്ക് മുമ്പിലിരുന്നു കാണും!? ജനസംഖ്യയുടെ പകുതിയെങ്കിലും! ഭൂപടത്തില്‍ പ്രതീക്ഷയുടെ നിറം പടര്‍ന്ന ഒറ്റത്തുരുത്തുകള്‍ രാജ്യത്തെ രക്ഷിക്കട്ടെ.
Comments