പ്രവാസി നിക്ഷേപകരോട് അല്‍പം കാരുണ്യമാകാം
2018 ആദ്യമാണ് ഒമാനിലെ പ്രവാസിയായിരുന്ന പുനലൂര്‍ സ്വദേശി സുഗതന്‍ എന്ന നിക്ഷേപകന്‍ രാഷ്ട്രീയക്കാരുടെ പീഡനം മൂലം ആത്മഹത്യ ചെയ്യുന്നത്. നാല്‍പതു കൊല്ലം വിദേശത്തായിരുന്ന സുഗതന്‍ ഗള്‍ഫിലെ അനുഭവസമ്പത്തും സമ്പാദ്യവും കൊണ്ടായിരുന്നു ജന്മനാട്ടില്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ എത്തിയത്. ഭരണകക്ഷിയുടെ യുവജന വിഭാഗത്തിന്റെ നിരന്തര പീഡനം മൂലം അദ്ദേഹത്തിന് സ്വന്തം സ്ഥാപനത്തില്‍ തൂങ്ങിമരിക്കേണ്ടി വന്നു. ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് കണ്ണൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്യുന്നത്. നൈജീരിയയില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് സ്വന്തം നാട്ടില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തന അനുമതി നല്‍കാത്തില്‍ മനംനൊന്താണ് ആത്മഹത്യ. അനുഭവ സമ്പത്തും നിക്ഷേപവുമായി വരുന്നവരെ ഹാര്‍ദമായി സ്വീകരിക്കുന്നതിനു പകരം അവരെ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്ന ഭരണ വര്‍ഗം എല്ലാ കാലത്തും നമ്മുടെ നാടിന്റെ ശാപമാണ്. കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് ആര്‍ക്കെങ്കിലും നിഷേധിക്കാനാകുമോ? നിര്‍മാണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോള്‍ പൊളിഞ്ഞു പോകുന്ന റോഡും പാലവും പണിയാനേ സര്‍ക്കാരിനാകൂ. തലയെടുപ്പുള്ള വികസന അടയാളങ്ങള്‍ പ്രവാസികള്‍ ചോര നീരാക്കിയതിന്റെ ഫലമാണ്. സര്‍ക്കാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പ്രവാസി നിക്ഷേപകരെ പുഛത്തോടെ കാണുന്ന സമീപനം ഇതോടെ മാറും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. നാലു പതിറ്റാണ്ട് ഗള്‍ഫില്‍ പണിയെടുത്തതിന്റെ ബാക്കിപത്രവുമായി നാട്ടില്‍ രണ്ടു മുറി കട പണിത കുന്നംകുളത്തുകാരനായ അബ്ദുല്‍ ഹമീദിനോട് വികലാംഗര്‍ക്കുള്ള ശൗച്യാലയം കൂടി പണിതാലേ അനുമതി നല്‍കൂ എന്ന് പറഞ്ഞ് മടക്കിയ ഉദ്യോഗസ്ഥരും, പ്രവാസലോകത്തെ കച്ചവടവും സമ്പാദ്യവും നഷ്ടപ്പെട്ടു തന്റെ കുടിയിരിപ്പില്‍ ഫാം തുടങ്ങാന്‍ വന്ന ചാവക്കാട്ട് പുന്നയൂരിലെ ഫൈസലിനെ വട്ടം കറക്കി ഗള്‍ഫിലേക്കു തന്നെ തിരിച്ചയച്ച ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. അവഗണനയില്‍ മനം മടുത്ത് ജീവിതമവസാനിപ്പിച്ചാല്‍ അനാഥമായിപ്പോകുന്ന സ്വന്തം കുടുംബത്തെ ഓര്‍ത്താണ് പല പ്രവാസി നിക്ഷേപകരും ഇന്ന് ജീവനോടെയിരിക്കുന്നത്. എണ്ണിച്ചുട്ട അവധി ദിനങ്ങളുമായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന ഒരുപാട് കാലത്തെ ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുന്നു. ലോക സാമ്പത്തിക മേഖലയില്‍ നേരിടുന്ന അസ്ഥിരത ഗള്‍ഫ് മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതോടൊപ്പം സ്വദേശിവല്‍ക്കരണവും ലെവിയും വാറ്റുമടക്കമുള്ള അധിക നികുതികളും പ്രവാസികളെ മുള്‍മുനയില്‍ നിര്‍ത്തുന്നു. നിലയില്ലാക്കയങ്ങളില്‍ മുങ്ങിത്താഴുന്ന പ്രവാസികള്‍ സുരക്ഷിത കേന്ദ്രം തേടി നിക്ഷേപത്തിനായി ജന്മനാട്ടില്‍ എത്തുമ്പോള്‍ ജീവിതം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക് തള്ളിവിടുന്നവര്‍ സ്വന്തം നാടിനെത്തന്നെയാണ് നശിപ്പിക്കുന്നത്.
'ജീവിതാക്ഷരങ്ങള്‍' ബാക്കിവെച്ചത്
'ജീവിതാക്ഷരങ്ങള്‍' വായിക്കുകയായിരുന്നില്ല; അനുഭവിക്കുകയായിരുന്നു. സ്വന്തം ഗ്രാമക്കാരനായ എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു പരിഭവമുണ്ട്; തന്റെ ബാല്യകാല സുഹൃത്തുക്കളോട് അദ്ദേഹം വേണ്ടത്ര നീതികാട്ടിയോ? പലരും ഇതിനകം വിടപറഞ്ഞുപോയി. തൂലികയുടെ ഒരു തലോടല്‍ കൊണ്ട് ചരിത്രത്തിന്റെ ഭാഗമാകുമായിരുന്ന പലര്‍ക്കും ആ സൗഭാഗ്യം നഷ്ടപ്പെട്ടു.
ചടുലമായ നര്‍മോക്തികളുടെയും ലോലമായ മനസ്സിന്റെയും ഉടമയാണദ്ദേഹം. വീണുകിട്ടുന്ന ഇടവേളകളില്‍ നാട്ടിലെ മരണവീടുകളും വിവാഹവേദികളും പൊതുപരിപാടികളും തന്റെ സാന്നിധ്യത്തിന്റെ ഭാഗമാക്കാന്‍ അദ്ദേഹം നിഷ്ഠ വെക്കാറുണ്ട്. എങ്കിലും അദ്ദേഹം 'മറ്റൊരു ലോക'ത്താണ് ജീവിച്ചുപോന്നത്. മനസ്സും ഒട്ടൊക്കെ ശരീരവും തന്റെ നാട്ടുകാരില്‍നിന്നും വീട്ടുകാരില്‍നിന്നും അകലെ. വൈജ്ഞാനിക വ്യാപാരത്തിന്റെയും ആശയസംവാദങ്ങളുടെയും ലോകത്തായിരിക്കും. പക്ഷേ, ആ ലോകം അദൃശ്യമായ ഒരു നിയന്ത്രണ സീമക്കകത്തായിരിക്കും. എഴുതിയതും പറഞ്ഞതും ചിന്തിച്ചതുമെല്ലാം സൃഷ്ടിപരമായിരുന്നു; സോദ്ദേശകവും. അതുകൊണ്ടുതന്നെയാവാം, ആ ആവനാഴികള്‍ ഒരിക്കലും ഒഴിയാറില്ല. നിര്‍ത്സരികള്‍ വറ്റാറില്ല. സംഭാവനകള്‍ ശുഷ്‌കമാവാറില്ല. മഹാരഥന്മാരുടെ സിദ്ധികള്‍ കൂമ്പടയുമ്പോഴും മഷികള്‍ വറ്റുമ്പോഴും വാക്കുകള്‍ക്ക് വിക്കു ബാധിക്കുമ്പോഴും അദ്ദേഹം അരങ്ങുനിറഞ്ഞുനില്‍ക്കുന്നു. അഭൗമമായ ഒരു ഉറവിടം അദ്ദേഹത്തിന്റെ ധിഷണയെ തലോടിക്കൊണ്ടേയിരിക്കുന്നു. 'എന്നാല്‍ നുരയും പതയും വേഗം വറ്റിപ്പോകുന്നു; ജനങ്ങള്‍ക്ക് പ്രയോജനപ്രദമായത് ഭൂമിയില്‍ അവശേഷിക്കേുന്നു.'
'ജീവിതാക്ഷരങ്ങ'ളുടെ സമാപനത്തില്‍ കുറിക്കേണ്ടത്, 'അവസാനിച്ചു' എന്നല്ല, 'അപൂര്‍ണം' എന്നായിരുന്നു. അത്യന്തം വിനീതമായി, അതീവ സൂക്ഷ്മതയോടെ ചുരുള്‍ നിവര്‍ത്തപ്പട്ട ഒരാത്മകഥനമായിരുന്നു അത്. 'ഞാന്‍' എന്ന വില്ലന്‍ കടന്നുവരുന്നത് പേടിച്ചതിനാല്‍ മാത്രം, മര്‍മപ്രധാനമായ പല സന്ദര്‍ഭങ്ങളും സംഭവങ്ങളും ബോധപൂര്‍വം ഒഴിവാക്കപ്പെട്ടതുപോലെ അനുഭവപ്പെട്ടു.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ആറ് പതിറ്റാണ്ടുകളെങ്കിലും ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം സമുദായവുമായി നിരന്തര ബന്ധമുള്ളതാണ്. ഈ മേഖലകളില്‍ താനുമായി ബന്ധപ്പെട്ട ഇടപെടലുകളുടെ സ്വതന്ത്രവും സമഗ്രവുമായ വിശകലനത്തിന്, മുന്‍പറഞ്ഞ വിനയവും വലിയ അളവില്‍ വിലങ്ങായിട്ടുണ്ട്.
ഇസ്‌ലാമും പ്രസ്ഥാനവും മുസ്‌ലിം സമുദായവും കേരളീയ ഭൂമികയില്‍ പിന്നിട്ട ഒട്ടനേകം പരീക്ഷണ ഘട്ടങ്ങളില്‍ പാറപോലെ പ്രതിരോധം തീര്‍ത്ത ഒ. അബ്ദുര്‍റഹ്മാനെ കേരളീയ സമൂഹം കണ്ടിട്ടുണ്ട്. പ്രബോധനത്തിന്റെയും മാധ്യമം പത്രത്തിന്റെയും മീഡിയാ വണ്ണിന്റെയും സാരഥിയായി തന്റെ ധീരമായ നിലപാടുകള്‍ പ്രഖ്യാപിക്കാനും പൊതുജനാഭിപ്രായത്തിന് നേര്‍ ദിശ നല്‍കാനും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ സുവിദിതമാണ്. മറ്റേതെങ്കിലും വിഭാഗങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ പട്ടും വളയും നല്‍കി സ്വീകരിക്കപ്പെടാനും സ്ഥാനമോഹങ്ങള്‍ കൊണ്ട് അനുമോദിക്കപ്പെടാനും യോഗ്യതയുള്ളതാണ് ആ വ്യക്തിത്വം.
ആത്മകഥനത്തിന് പൂരകമായി ഒരു ജീവചരിത്ര രചനയും ഒ. അബ്ദുര്‍റഹ്മാന്റെ കാര്യത്തില്‍ അനിവാര്യമായിതോന്നുന്നു. സ്വയം പ്രോജക്ട് ചെയ്യപ്പെടുമെന്ന് ഭയപ്പെട്ടതുകൊണ്ടുമാത്രം അദ്ദേഹം സ്പര്‍ശിക്കാതെ വിട്ട ഒട്ടനേകം ജീവിത മുഹൂര്‍ത്തങ്ങള്‍, നിര്‍ണായക സംഭവങ്ങള്‍, അനുഭവങ്ങള്‍ അനാവരണം ചെയ്യപ്പെടാന്‍, അത്തരമൊരു ചരിത്ര രചനയിലൂടെയേ കഴിയൂ. അതില്ലാതെ പോകുന്നത്, ആ മഹല്‍ ജീവിതത്തോടും സേവനങ്ങളോടും കാട്ടുന്ന കൃതഘ്‌നത മാത്രമല്ല, ചരിത്രത്തോടും വരും തലമുറകളോടും ചെയ്യുന്ന അപരാധം കൂടിയാണ്. ജീവിച്ചിരിക്കുന്നവരുടെ സേവനങ്ങള്‍ വിലമതിക്കാനും നന്മകളെ പുകഴ്ത്താനും നേട്ടങ്ങളെ ആദരിക്കാനും നമ്മുടെ സമൂഹം വിമുഖത കാട്ടാറുണ്ട്. ആ മനോഭാവത്തിന് പക്ഷേ, പൂര്‍വിക മാതൃകകളുടെ പിന്‍ബലമില്ല. പ്രശംസയും ഉപകാരസ്മരണയും അഭിലഷണീയ ഗുണങ്ങളായി ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഒരാള്‍ 'സ്മര്യപുരുഷനായി'ത്തീരുമ്പോള്‍ മാത്രം അയാള്‍ 'വാഴ്ത്തപ്പെട്ടവനായി' മാറുന്നതില്‍ പന്തികേടുണ്ട്.
അബ്ദുര്‍റഹ്മാന്‍ സാഹിബിന് സ്വയം പൂരിപ്പിക്കാന്‍ കഴിയുന്ന ചില അപൂര്‍ണതകള്‍ ശ്രദ്ധയില്‍പെടുത്തട്ടെ. ജമാഅത്തെ ഇസ്‌ലാമിയെ മാത്രം തന്റെ ജീവിതപാതയായി വരിക്കാനുള്ള കാരണങ്ങള്‍ അദ്ദേഹം ന്യായങ്ങള്‍ നിരത്തി വിശദീകരിച്ചു കണ്ടു. ഇതര പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനാവാതെ മാറിനില്‍ക്കുകയും അവയെ വിമര്‍ശനവിധേയമാക്കുകയും ചിലപ്പോഴെങ്കിലും കടന്നാക്രമിക്കുകയും ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ച കാര്യങ്ങളും കാരണങ്ങളും എന്തൊക്കെ? മുസ്‌ലിം സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയെ, സമുദായത്തിലെ ഉല്‍പതിഷ്ണു-യാഥാസ്ഥിതിക വിഭാഗങ്ങളെ, മതേതര രാഷ്ട്രീയ പാര്‍ട്ടികളെയും ചിന്താധാരകളെയും താന്‍ എന്തുകൊ് എതിര്‍ക്കുന്നു? അവയിലെ ഏതെല്ലാം ഘടകങ്ങള്‍ യഥാര്‍ഥ ഇസ്‌ലാമിക ചിന്താധാരയുമായി ഏറ്റുമുട്ടുന്നു? ഈ വിഷയങ്ങള്‍ ആത്മകഥനത്തിന്റെ ഭാഗമല്ലാതിരിക്കാം. എങ്കിലും ഒ. അബ്ദുര്‍റഹ്മാനെ വായിക്കുകയും മനസ്സാ പിന്‍പറ്റുകയും ചെയ്യുന്ന വലിയൊരു അനുവാചകവൃന്ദത്തെ ആകര്‍ഷിക്കാനും ബോധ്യപ്പെടുത്താനും ആ വിശദീകരണങ്ങള്‍ സഹായകമാവും. ഈ വിഷയം അദ്ദേഹം സഗൗരവം പരിഗണിക്കുമെന്നാശിക്കുന്നു.
കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രാരംഭകാലം തൊട്ടേ അതിനെ സര്‍വാത്മനാ ഉള്‍ക്കൊള്ളുകയും പില്‍ക്കാലത്ത് പ്രസ്ഥാനത്തിന്റെ സാരഥികളുടെ സന്തത സഹചാരിയായി മാറുകയും ചെയ്ത അബ്ദുര്‍റഹ്മാന്‍ സാഹിബിന് നിര്‍വഹിക്കാന്‍ കഴിയുന്ന ഒരപൂര്‍വ സേവനമാണ് പ്രസ്ഥാനത്തിന്റെ ചരിത്ര രചന. തീര്‍ച്ചയായും ആ രചന വസ്തുനിഷ്ഠവും വിമര്‍ശനാത്മകവുമായിരിക്കും. 'കര്‍മങ്ങളില്‍ ഏറ്റവും മികച്ചവ അവസാനം നിര്‍വഹിക്കുന്നതും ആയുസ്സില്‍ ഏറ്റവും സാഫല്യദായകം ജീവിത സായാഹ്നവുമായിരിക്കേണമേ നാഥാ!'
കെ.ടി അബ്ദുല്ല ചേന്ദമംഗല്ലൂര്‍
തിരുത്താന്‍ തയാറായാല്‍ ഭാവി പ്രതീക്ഷാനിര്‍ഭരമാണ്
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ ലേഖനങ്ങള്‍ (ലക്കം 03) ചിന്തനീയമായിരുന്നു. നിരവധി കാരണങ്ങള്‍ നിരത്തി പരാജയപ്പെട്ടവര്‍ ആശ്വാസം കണ്ടെത്തുന്നു. എന്നാല്‍ മുസ്‌ലിം സമൂഹം ചില ആത്മവിചാരങ്ങള്‍ നടത്തേണ്ടതുണ്ട്.
ഒരു വിരല്‍ അന്യരിലേക്ക് ചൂണ്ടുമ്പോള്‍ നാല് വിരലുകള്‍ തന്നിലേക്ക് ചൂണ്ടിക്കൊണ്ടേയിരിക്കുന്നു എന്ന് മുസ്‌ലിം സമുദായവും ഇസ്‌ലാമിക പ്രസ്ഥാനവും ഓര്‍ക്കേണ്ടതാണ്. സ്വാതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും മുസ്‌ലിം സമുദായം ദൗത്യ നിര്‍വഹണത്തിന്റെ ഭാഗമായി ഇവിടെ എന്തൊക്കെയാണ് ക്രിയാത്മകമായി ചെയ്തത്? നമ്മുടെ ദിശ എത്രത്തോളം കൃത്യമായിരുന്നുവെന്ന് കാര്യങ്ങള്‍ ആഴത്തില്‍ പരിശോധിക്കുമ്പോഴറിയാം. നിരാശപ്പെടേ കാര്യം മുസ്‌ലിം സമൂഹത്തിനില്ല. എങ്കിലും, ഇത് അനിവാര്യമായ തിരിച്ചടിയാണെന്ന് അംഗീകരിച്ചേ മതിയാകൂ. പക്ഷേ, ഉയിര്‍ത്തെഴുന്നേല്‍പ് സാധ്യമാണ്. അല്ലാഹു സത്യവിശ്വാസികളെയും കപടവിശ്വാസികളെയും വേര്‍തിരിക്കുന്ന സന്ദര്‍ഭമായിരുന്നു.
ദേശീയതാ ഉന്മാദം വേണ്ടുവോളം സൃഷ്ടിച്ച രാഷ്ട്രീയ പ്രചാരണമാണ് ഒരു ഭാഗത്ത് നടന്നത്. വോട്ടിംഗ് മെഷീനുകള്‍ കൃത്രിമത്വം കാണിച്ചു. പട്ടിണി കിടന്നാലും 'യുദ്ധം കാണണ'മെന്ന വികാരം ജനമനസ്സുകളില്‍ വേരുറപ്പിച്ചു. ഫാഷിസ്റ്റുകളുടെ വിജയം എളുപ്പമാക്കിയത് ഇവയൊക്കെയാണ്. അതിനപ്പുറം സമുദായത്തിന്റെ അനാവശ്യ തീവ്രവാദവും നിര്‍ജീവതയും ശത്രുവിന്റെ പണി എപ്പോഴും പ്രയാസരഹിതമാക്കി. ഒരുകാലത്ത് അച്ചടക്കത്തോടു കൂടിയ പഴുതടച്ച പ്രവര്‍ത്തനമാണ് ഇടതു പക്ഷത്തിന് വിജയം സമ്മാനിച്ചത്; ഒപ്പം ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ കഴിഞ്ഞതും. ഇന്നത് സംഘ്പരിവാറിനൊപ്പമാണ്.
രാഷ്ട്രീയ-സാമ്പത്തിക നെറികേടുകള്‍ നാട്ടിലും മറുനാടുകളിലും അരങ്ങു തകര്‍ക്കുന്നു. ഇതിനെതിരെ ജനവികാരമുയര്‍ത്തി പ്രക്ഷോഭം നയിക്കേണ്ട സത്യവിശ്വാസി ഇന്നെവിടെ? അക്രമിയായ ഫറോവയുടെ മുഖത്ത് നോക്കി മൂസാ(അ) സംസാരിച്ചപ്പോഴാണ് പുതുലോകം പിറന്നത്. ഈജിപ്തിന്റെ ഭരണാധികാരിയോട് രാജ്യത്തിന്റെ ഖജനാവുകള്‍ എന്നെ ഏല്‍പിക്കൂ എന്ന് യൂസുഫ്(അ) പറഞ്ഞപ്പോഴാണ് മിസ്വ്ര്‍ സമ്പദ് സമൃദ്ധിയിലേക്ക് നീങ്ങിയത്. ഫത്ഹ് മക്കയിലൂടെ അറേബ്യയുടെ നിയന്ത്രണം പ്രവാചകന്‍ (സ) കൈപ്പിടിയിലൊതുക്കിയപ്പോഴാണ് മുഴുവന്‍ മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെട്ടത്. ഈ ദൗത്യം നിര്‍വഹിക്കേണ്ട മുസ്‌ലിം സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെയും ഇന്നത്തെ അവസ്ഥയെന്താണ്? ഖുര്‍ആന്‍ സൂചിപ്പിക്കുന്നു: ''അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ പ്രവര്‍ത്തിക്കാത്ത കാര്യങ്ങള്‍ പറയുന്നതെന്തിന്? പ്രവര്‍ത്തിക്കാത്തത് പറഞ്ഞുകൊണ്ടിരിക്കുക അല്ലാഹുവിങ്കല്‍ അത്യധികം വെറുപ്പുള്ള കാര്യമാണ്. അല്ലാഹു സ്‌നേഹിക്കുന്നതോ സുഭദ്രമായ ഭിത്തിയെന്നോണം ഒറ്റക്കെട്ടായി അണിനിരന്ന്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവരെയത്രെ'' (സൂറത്തുസ്സ്വഫ്ഫ്: 2-4).
അല്ലാഹുവിന്റെ ഖലീഫ എന്ന അര്‍ഥത്തില്‍ ഒറ്റക്കെട്ടായി രാഷ്ട്രീയ പോരാട്ടത്തിന് മുസ്‌ലിം സമുദായം തയാറാവണം. അതിന് ഇസ്‌ലാമിക പ്രസ്ഥാനം പുതിയൊരു അജണ്ടയുണ്ടാക്കി നേതൃത്വം നല്‍കണം. തലമറന്ന് എണ്ണ തേക്കാതിരുന്നാല്‍ ഇരുട്ടിന്റെ ശക്തികളെ പരാജയപ്പെടുത്താന്‍ റബ്ബ് സഹായിക്കും. യൂനുസ് നബിയെ അല്ലാഹു തിരുത്തിയതുപോലെ ഈ കാലഘട്ടത്തില്‍ നേതാക്കളെ തിരുത്താന്‍ അണികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് സവിനയം ഉണര്‍ത്തട്ടെ.
കെ. സ്വലാഹുദ്ദീന്‍ കോഴിക്കോട്
Comments