നാമൊന്നിച്ച് ഉണര്‍ന്നിറങ്ങേണ്ട സമയം
തബ്‌രിസ് അന്‍സാരിയെന്ന ഇരുപത്തിനാലുകാരന്‍ സംഘ് പരിവാറിന്റെ അവസാനത്തെ ഇരയാകില്ല. ആള്‍ക്കൂട്ട കൊലയെന്നു പേരിട്ട് അടിച്ചു കൊല്ലപ്പെടുന്ന മുസ്‌ലിം പേരുകാരില്‍ ഒരാള്‍ മാത്രം! ഇനി എത്ര പേര്‍, എവിടെയെല്ലാം, എങ്ങനെയെല്ലാം ക്രൂരമായി കൊലചെയ്യപ്പെടുമെന്ന് യാതൊരു നിശ്ചയവുമില്ല. ഈ അനിശ്ചിതത്വം കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലോ രൂപത്തിലോ ഒന്നുമല്ല, രാജ്യത്തെ 20 കോടിയിലേറെ വരുന്ന ഒരു ജനവിഭാഗത്തിന്റെ ജീവിതത്തില്‍ തന്നെയാണ്. രാജ്യമൊന്നാകെ തടവറയാവുകയും തെരുവുകള്‍ ഇടിമുറികളാവുകയും ചെയ്യുന്ന ഭീഷണമായ സാഹചര്യം ഫാഷിസത്തിന്റെ പുതിയ പകര്‍ന്നാട്ടമാണ്. ഭരണകൂടവും പട്ടാളവും മറ്റും ചേര്‍ന്ന് ഗ്യാസ് ചേമ്പറുകളും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുമൊക്കെയുണ്ടാക്കി കൂട്ടവംശഹത്യ നടത്തിയ ഫാഷിസ്റ്റ് രീതി, ഇന്ത്യയില്‍ ഇപ്പോള്‍ ആള്‍ക്കൂട്ടകൊലയുടെ രീതി സ്വീകരിക്കുന്നു. ബൈക്ക് മോഷണം ആരോപിച്ച് പിടികൂടി, ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ച്, കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചുകൊണ്ടിരുന്ന ആ ആറ് / ഏഴു മണിക്കൂറുകളെക്കുറിച്ച് ചിന്തിച്ച് നോക്കൂ! വംശവെറി സംഘ് പരിവാറിന്റെ ആള്‍ക്കൂട്ട ഭീകരതയെ എങ്ങനെയെല്ലാം രണോത്സുകമാക്കുന്നുവെന്നത് പുതിയ കാര്യമല്ല. പക്ഷേ, അതിനോടുള്ള രാജ്യത്തിന്റെ നിസ്സംഗതയെ നാം എങ്ങനെയാണ് വായിക്കേണ്ടത്!
വംശവെറിയുടെ പേരില്‍ ഇതുവരെ 849 ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടന്നതായും അതില്‍ 10514 പേര്‍ പല സ്വഭാവത്തില്‍ ഇരകളായതായും റീീേറമമേയമലെ.രീാ തയാറാക്കിയ കണക്കുകള്‍ പറയുന്നു. ഇത്തരം വംശീയ ആക്രമണങ്ങള്‍ കൂടുതല്‍ നടന്നത് ഉത്തര്‍ പ്രദേശിലാണ് (205). കര്‍ണാടക (107), ബിഹാര്‍ (58), ദല്‍ഹി (53), മധ്യപ്രദേശ് (49), ഝാര്‍ഖണ്ഡ് (42) എന്നിങ്ങനെ കണക്കുകള്‍ നീളുന്നു. പശുക്കടത്ത് ആരോപിച്ചാണ് കൂടുതല്‍ ആക്രമണങ്ങള്‍. മൊത്തം ഇരകളില്‍ 7839 പേര്‍ മുസ്‌ലിംകളാണ്. ആകെ കൊല്ലപ്പെട്ട 99 പേരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിംകള്‍, ഏതാനും ദലിതരും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഈ ഫാഷിസ്റ്റ് ആക്രമണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ബി.ജെ.പി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയതും പ്രതികള്‍ ശിക്ഷിക്കപ്പെടുകയോ, പ്രതികരണങ്ങള്‍ യഥാവിധി ഉയരുകയോ ചെയ്യാത്തതും ഫാഷിസ്റ്റ് അഴിഞ്ഞാട്ടത്തിന് സൗകര്യം കൂട്ടുകയാണെന്ന് വേണം പറയാന്‍.
രാജ്യത്തെ ജനാധിപത്യ - മതേതര വിശ്വാസികള്‍ പൊതുവിലും മുസ്‌ലിംകളും ദലിതരും വിശേഷിച്ചും ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള ശക്തവും കൃത്യവുമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങേണ്ടതുണ്ട്. വംശവെറിയുടെ അടിസ്ഥാനത്തിലുള്ള പൗരാവകാശ ധ്വംസനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരെ അന്തര്‍ദേശീയ ഇടപെടലുകള്‍ക്ക് സമ്മര്‍ദം ചെലുത്തുകയാണ് അതിലൊന്ന്. ചേര്‍ന്നു നില്‍ക്കാന്‍ മനസ്സുള്ള മുഴുവന്‍ മനുഷ്യസ്‌നേഹികളെയും അണിനിരത്തി, സവിശേഷ പരിപാടികളോടെയുള്ള ഒത്തുചേരലുകളും ദിനാചാരണങ്ങളും കാമ്പയിനുകളും മറ്റും ദേശവ്യാപകമായി സംഘടിപ്പിക്കണം. ജനനന്മയും രാജ്യത്തിന്റെ അഖണ്ഡതയും കാത്തുരക്ഷിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥി, യുവജന സംഘടനകള്‍ക്ക് ഈ രംഗത്ത് ക്രിയാത്മകമായി ഇടപെടാനാകും. മനുഷ്യരെ സ്‌നേഹിക്കുന്നവരേ, ഇത് നാം ഒന്നിച്ച് ഉണര്‍ന്നിറങ്ങേണ്ട സമയമാണ്.
Comments