Prabodhanm Weekly

Pages

Search

2019 ജൂലൈ 05

3108

1440 ദുല്‍ഖഅദ് 01

എം. കുഞ്ഞുമുഹമ്മദ്

ഡോ. ടി.വി മുഹമ്മദലി


ചാവക്കാട് ടൗണ്‍ മേഖലയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് സ്വാധീനമുറപ്പിച്ച പ്രമുഖരില്‍ ജീവിച്ചിരിപ്പുണ്ടായിരുന്ന ഏക കണ്ണിയാണ് എം. കുഞ്ഞുമുഹമ്മദ് (ഗീത കുഞ്ഞുമുഹമ്മദ്) സാഹിബ്. മരിക്കുമ്പോള്‍ 85 വയസ്സായിരുന്നു. ഈയിടെ രോഗശയ്യയിലാകുന്നതുവരെ കര്‍മനിരതനായിരുന്നു. 1960-കളുടെ മധ്യത്തിലാണ് ചാവക്കാട് ടൗണില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം തുടങ്ങുന്നത്. കുഞ്ഞുമുഹമ്മദ് സാഹിബും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന ആര്‍.വി അബ്ദുല്ലക്കുട്ടി സാഹിബ്, കോഹിനൂര്‍ മുഹമ്മദുണ്ണി സാഹിബ്, പി.സി അഹമ്മദുണ്ണി സാഹിബ്, വി.കെ ഉസ്മാന്‍ സാഹിബ് തുടങ്ങിയവരും ജമാഅത്തിന്റെ പ്രവര്‍ത്തകരായി മാറി. ഇതോടെ നാട്ടിലെ കുടുംബപ്രശ്‌നങ്ങള്‍ മുതല്‍ കുടികിടപ്പവകാശം, പത്ത് സെന്റ് ഭൂമി പ്രശ്‌നം വരെ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നേടത്തോളം ജമാഅത്തെ ഇസ്‌ലാമിക്ക് സ്വാധീനമുണ്ടായി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇവരുടെ മുന്നിലെത്തിയാല്‍, പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്ന കെ.സി പൂക്കോയ തങ്ങള്‍, കെ.കെ മമ്മുണ്ണി മൗലവി തുടങ്ങിയവരുടെ ഉപദേശനിര്‍ദേശങ്ങള്‍ക്കൊത്ത് തീര്‍പ്പാക്കുകയായിരുന്നു പതിവ്.
ചാവക്കാട്ട് പൊതു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നത് ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കഌന്റെ ബാനറിലായിരുന്നു. കേരളത്തില്‍ വിദ്യാര്‍ഥി-യുവജന ക്യാമ്പുകള്‍ക്ക് തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്; ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. വി. മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍. അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രഫ. വി.എം സ്റ്റഡി സര്‍ക്ക്‌ളിന്റെയും മറ്റും പ്രവര്‍ത്തനങ്ങളിലും മുഴുകുകയായിരുന്നു പതിവ്. ഇതിന്റെയെല്ലാം മുന്‍നിരയില്‍ കുഞ്ഞുമുഹമ്മദ് സാഹിബ് സജീവമായിരുന്നു.
വാസു എന്ന തന്റെ സുഹൃത്തുമായി പങ്കു ചേര്‍ന്ന് ഗീത ഫര്‍ണിച്ചര്‍ മാര്‍ട്ട് എന്ന സ്ഥാപനം നടത്തിയിരുന്നതിനാല്‍ ഗീത കുഞ്ഞുമുഹമ്മദ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചാവക്കാട് ടൗണ്‍ ജുമാ മസ്ജിദ്, വിമന്‍സ് ഇസ്‌ലാമിയാ കോളേജ്, ഈദ്ഗാഹ് എന്നിവയുടെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം. ജമാഅത്ത് ചാവക്കാട് ടൗണ്‍ ഘടകത്തിന്റെ സാരഥിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (16-21)
ടി.കെ ഉബൈദ്‌