മരീചികയുടെ പിറകെ ഓടുന്നവര്‍
പതിനേഴാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോള്‍, ഭാവി പ്രധാനമന്ത്രി എന്ന് പലരാലും വിശേഷിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണില്‍ കളിക്കുകയായിരുന്നു. നിര്‍ത്താതെ കളി തുടര്‍ന്നപ്പോള്‍ അടുത്തിരിക്കുന്ന അമ്മ സോണിയാ ഗാന്ധിക്ക് അരുതെന്ന ഭാവത്തോടെ മകന്റെ നേരെ നോക്കേണ്ടിവന്നു. സംഭവം ദേശീയതലത്തില്‍ വാര്‍ത്തയായി. എങ്ങനെ വാര്‍ത്തയല്ലാതാവും? പ്രധാനമന്ത്രിയാവാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെന്നതിരിക്കട്ടെ, പ്രതിപക്ഷ നേതാവിനുള്ള മിനിമം അര്‍ഹതപോലും നേടിയെടുക്കാതെ നിരാശനും രോഷാകുലനുമാണ് രാഹുല്‍ എന്നതായിരുന്നല്ലോ പ്രസ്തുത വാര്‍ത്തയുടെ പൊരുള്‍. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന് നേരിട്ട അത്യന്തം വേദനാജനകമായ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് രാജി സമര്‍പ്പിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും പാര്‍ലമെന്ററി പാര്‍ട്ടി നേതൃപദവി പോലും നിരാകരിക്കുകയും ചെയ്തിരിക്കുകയാണ് രാഹുല്‍. അമ്മ സോണിയയും സഹോദരി പ്രിയങ്കയും കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളും സര്‍വശ്രമങ്ങളും നടത്തിയിട്ടും തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ ആ നാല്‍പത്തൊമ്പതുകാരന്‍ തയാറായിട്ടില്ല. താന്‍ ഇനി പാര്‍ട്ടിയുടെ സാരഥ്യം ഏറ്റെടുക്കാന്‍ സന്നദ്ധനല്ലെന്നു മാത്രമല്ല, നെഹ്‌റു കുടുംബത്തില്‍നിന്നൊരാളും ആ പദവി ഏറ്റെടുത്തു കൂടെന്നും രാഹുല്‍ തീര്‍ത്തുപറയുമ്പോള്‍ അതിലടങ്ങിയ സന്ദേശം ഗൗരവപ്പെട്ടതാണ്. കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി അണികളും അത് തിരിച്ചറിയാതെ പോവരുത്.
ഒന്ന്, വോട്ടിലും സീറ്റെണ്ണത്തിലും സംഭവിച്ച വന്‍തകര്‍ച്ച ഒരു കാര്യം സംശയാതീതമായി തെളിയിക്കുന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്വതന്ത്ര ഇന്ത്യയുടെ അഞ്ചര പതിറ്റാണ്ട് രാജ്യത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്തിയ പാര്‍ട്ടിയുടെ ജനകീയാടിത്തറ തകര്‍ന്നിരിക്കുന്നു. ദല്‍ഹി, യു.പി, ഹരിയാന, ബംഗാള്‍, ബിഹാര്‍, ഒഡിഷ, ഗുജറാത്ത്, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മാത്രമല്ല 2018-ല്‍ ബി.ജെ.പിയില്‍നിന്ന് ഭരണം പിടിച്ചെടുത്ത മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അടിയറവ് പറയേണ്ടി വന്നു. ജനസമ്മതി നേടിയ പ്രാദേശിക നേതാക്കള്‍ ഇല്ലെന്നതിനു പുറമെ നിലവിലെ നേതാക്കളുടെ തമ്മിലടിയും മക്കള്‍ രാഷ്ട്രീയവും തകര്‍ച്ചയുടെ കാരണങ്ങളാണ്. യുവാക്കളെ മുന്‍നിരയില്‍ കൊണ്ടുവന്ന് നേതൃത്വം ഏല്‍പിക്കാനുള്ള രാഹുലിന്റെ ശ്രമം വിഫലമായാണ് കലാശിച്ചിരിക്കുന്നത്.
രണ്ട്, പ്രാദേശിക മതേതര പാര്‍ട്ടികളോട് എന്ത് വിലകൊടുത്തും കൂട്ടുചേരാനും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ശിഥിലമാകാതിരിക്കാനുമുള്ള രാഹുല്‍ ഗാന്ധിയുടെ തന്ത്രം പ്രയോഗവല്‍ക്കരിക്കുന്നതില്‍ സംസ്ഥാന നേതൃത്വങ്ങള്‍ പരാജയപ്പെട്ടു. അവര്‍ സ്വന്തം കാര്യത്തിനും മക്കളുടെ പദവികള്‍ക്കും പ്രഥമ പരിഗണന നല്‍കിയപ്പോള്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഒഴിച്ച് ഒരിടത്തും മതേതര സഖ്യം യാഥാര്‍ഥ്യമായില്ല. ഈ അനൈക്യം സ്വാഭാവികമായും ബി.ജെ.പിക്ക് മുതലെടുക്കാന്‍ അവസരം നല്‍കി.
മൂന്ന്, കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന അജണ്ടയുമായി പ്രയാണമാരംഭിച്ച മോദി-അമിത്ഷാ കൂട്ടുകെട്ട് നെഹ്‌റു കുടുംബത്തിന്റെ പിടിയില്‍നിന്ന് ഇന്ത്യയെ പിടിച്ചെടുക്കാനുള്ള സര്‍വതന്ത്രവും പയറ്റിക്കൊണ്ടിരുന്നപ്പോള്‍ അതിലവര്‍ ഒരുവേള വിജയിച്ചാല്‍ പോലും മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന നെഹ്‌റുവിന്റെ ആശയപരിസരം ദുര്‍ബലമാക്കാന്‍ ഒരിക്കലും അനുവദിക്കുകയില്ലെന്ന് നിശ്ചയദാര്‍ഢ്യത്തോടെ പ്രഖ്യാപിക്കാനോ പ്രതിരോധം തീര്‍ക്കാനോ കോണ്‍ഗ്രസിന് സാധിച്ചില്ല. പകരം, തീവ്ര ഹിന്ദുത്വത്തോളം മൂര്‍ച്ച കൂടിയ മൃദു ഹിന്ദുത്വവുമായി കാവിപ്പടയെ നേരിടാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്യുക്തരായത്. ഡ്യൂപ്ലിക്കേറ്റിനെ എത്ര വര്‍ണശബളമാക്കിയാലും ഒറിജിനലിനെ വെല്ലാന്‍ കഴിയില്ലെന്ന ലളിത സത്യം പാര്‍ട്ടി മാനേജര്‍മാരും വക്താക്കളും മറന്നുകളഞ്ഞു. നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റായ അമേത്തിയില്‍ രാഹുല്‍ ഗാന്ധി മുഖംകുത്തി വീണപ്പോള്‍ ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക മുന്നേറ്റമായി അത്. ഇത് മനസ്സിലാക്കി തന്നെയാവണം രാഹുല്‍ നെഹ്‌റു കുടുംബത്തില്‍നിന്നാരും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കിനി വേണ്ട എന്ന് ശഠിക്കുന്നത്. പക്ഷേ, പ്രണബ് മുഖര്‍ജിയെപ്പോലുള്ള പ്രഗത്ഭരെ യഥാസമയം തന്ത്രപരമായി തഴഞ്ഞശേഷം ഇനിയിപ്പോള്‍ പകരക്കാര്‍ ആര്?
എത്രതന്നെ അഹിതകരവും തിക്തവുമാണെങ്കിലും ഒരു സത്യം സമ്മതിച്ചേ പറ്റൂ; ഹിന്ദുത്വത്തിന് അതിന്റെ എല്ലാവിധ അപകടങ്ങളോടും സംഹാരാത്മക സവിശേഷതകളോടും കൂടി ഐഡിയോളജിക് രണോത്സുകത അവകാശപ്പെടാന്‍ കഴിയും. മറ്റുവിധം പറഞ്ഞാല്‍ ഒരു ഗാന്ധിയോ നെഹ്‌റുവോ വല്ലഭായ് പട്ടേലോ തലതൊട്ടപ്പനായി എടുത്തുകാട്ടാനില്ലെങ്കില്‍പോലും തീവ്രദേശീയതയുടെ വക്താക്കള്‍ക്ക് ഇന്നത്തെ ലോക സാഹചര്യങ്ങളില്‍ ഭൂരിപക്ഷ മനസ്സുകളില്‍ ആന്ദോളനം സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്. അതിന് പോസിറ്റീവായ ഒരു മുദ്രാവാക്യവും ഉയര്‍ത്തണമെന്നില്ല. യഥാര്‍ഥമോ സാങ്കല്‍പികമോ ആയ ശത്രുവിനെക്കുറിച്ച അതിശയോക്തിപരമായ പ്രചാരണങ്ങളും ഒപ്പം സ്വന്തം നശീകരണ ശക്തിയെക്കുറിച്ച സ്‌തോഭജനകമായ അവകാശവാദങ്ങളും മതി. സ്‌നേഹം, സൗഹൃദം, സഹിഷ്ണുത, സാഹോദര്യം, മാനവികത തുടങ്ങിയ പദങ്ങള്‍ക്ക് ഇത്രമേല്‍ തറവില നഷ്ടപ്പെട്ട കാലം മുമ്പുണ്ടായിട്ടില്ല. പകരം ദേശഭക്തി, പ്രതിരോധം, ശക്തി, യുദ്ധം തുടങ്ങിയ പദപ്രയോഗങ്ങള്‍ കുരുന്നുഹൃദയങ്ങളില്‍ വരെ കടന്നുകയറിയിരിക്കുന്നു. നാശത്തിലേക്കാണ് ഈ പോക്കെന്ന് ചൂണ്ടിക്കാണിക്കേണ്ടവര്‍ 'ഞങ്ങളാണത് ആദ്യം പറഞ്ഞതും ചെയ്തതും' എന്നവകാശപ്പെടാന്‍ മാത്രം പ്രത്യയശാസ്ത്രപരമായ പ്രതിരോധം ദുര്‍ബലമായിട്ടുമുണ്ട്. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ബാലാകോട്ടിലെ ഓപറേഷന്‍ മോദി സര്‍ക്കാറിന്റെ വന്‍നേട്ടമായി അവതരിപ്പിക്കെ സോണിയാ ഗാന്ധി കൈയടിച്ചത് വാര്‍ത്തയായി. അഞ്ചുവര്‍ഷക്കാലത്തെ മോദി ഭരണത്തില്‍ കറന്‍സി റദ്ദാക്കലും അശാസ്ത്രീയമായ ജി.എസ്.ടിയും പെട്രോളിയം ഉല്‍പന്നങ്ങളുടെ നീതീകരണമല്ലാത്ത വിലക്കയറ്റവും യുവജനകോടികളുടെ തൊഴിലില്ലായ്മയും റഫാല്‍ ഇടപാടും ഇലക്ഷനില്‍ തിരിച്ചടിയാവുമെന്ന് കണ്ടപ്പോള്‍ തന്ത്രപൂര്‍വം പയറ്റിയതാണീ ഓപറേഷന്‍ എന്ന് ട്രഷറി ബെഞ്ചുകളുടെ നേരെ വിരല്‍ ചൂണ്ടി പറയേണ്ടവരാണ് പകരം കൈയടിച്ചുകൊണ്ട് അടിയറ പറയേണ്ടി വന്നതെന്നോര്‍ക്കുക. മിലിറ്റന്റ് നാഷ്‌നലിസത്തെ സോഫ്റ്റ് നാഷ്‌നലിസം കൊണ്ട് നേരിടേണ്ട ഗതികേടില്‍ വ്യതിരിക്ത വ്യക്തിത്വം കളഞ്ഞുകുളിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തില്‍നിന്ന് അവസരവാദികള്‍ നിത്യേനയെന്നോണം മറുകണ്ടം ചാടുന്നതില്‍ എന്താണത്ഭുതം?
ഇത് കോണ്‍ഗ്രസിന്റെ മാത്രം ദൈന്യാവസ്ഥയല്ല. പ്രത്യയശാസ്ത്രപരമായ അടിത്തറയോ ബദല്‍ ദര്‍ശനമോ ഇല്ലാത്ത, ജാതിയെയും വ്യക്തികളെയും കേന്ദ്രബിന്ദുവാക്കി കറങ്ങുന്ന മതേതരമെന്നവകാശപ്പെടുന്ന എല്ലാ പാര്‍ട്ടികളുടെയും പാപ്പരത്തമാണ്. മമതാ ബാനര്‍ജി എന്ന 'ധീരവനിത' യുടെ വിരല്‍തുമ്പില്‍ ചലിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നിലനില്‍പിനും അതിജീവനത്തിനുമായി ബി.ജെ.പിയോടു പടവെട്ടുന്ന ദൃശ്യമാണ് ബംഗാളില്‍. പണവും പേശീബലവും വേണ്ടുവോളമുള്ള കാവിപ്പടയുടെ മുമ്പില്‍ കാലിടറുകയാണ് മമത. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ത്രിപുരയുടെ വഴിയെ പോവാനുള്ള സാധ്യത അമിത്ഷായുടെ വെറും പകല്‍ക്കിനാവല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരുന്നത് വരെ മതേതര ഐക്യത്തിന്റെ ധ്വജവാഹകനായി മാധ്യമങ്ങളില്‍ നിറഞ്ഞ ആന്ധ്രയിലെ ടി.ഡി.പി മുഖ്യന്‍ ചന്ദ്രബാബു നായിഡുവും വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ മാളത്തിലൊളിക്കേണ്ട സ്ഥിതിയായി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അഞ്ചില്‍ നാല് രാജ്യസഭാ എം.പിമാരും ഹിന്ദുത്വ പാളയത്തില്‍ അഭയം തേടിയിരിക്കുന്നു. നിയമസഭാംഗങ്ങളെ മൊത്തം അമിത്ഷാ ഹൈജാക്ക് ചെയ്യുന്നേടത്തേക്കാണ് പോക്ക്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ചിരുന്ന എസ്.പി-ബി.എസ്.പി കൂട്ടുകെട്ട് അമ്പേ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മേലില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മായാവതി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ജയസാധ്യത ഉറപ്പിക്കുന്നതാണ് ഈ നടപടി എന്ന് മായാവതി തുറന്നു സമ്മതിക്കുകയും ചെയ്യുന്നു!
ആരൊക്കെ വലത്തോട്ട് ചാഞ്ഞാലും മതേതര ഭൂമികയില്‍ അചഞ്ചലരായി നിലയുറപ്പിച്ചു പോരാടുമെന്ന് അവകാശപ്പെട്ടവരും പ്രതീക്ഷിക്കപ്പെട്ടവരുമാണ് ഇടതുപക്ഷത്തെ ധീരസഖാക്കള്‍. തൃണമൂലിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കാന്‍ അവര്‍ക്ക് ആര്‍.എസ്.എസില്‍ അഭയം തേടുകയല്ലാതെ പോംവഴിയില്ലെന്ന ന്യായീകരണമാണിപ്പോള്‍ കേള്‍ക്കുന്നത്. കേരളത്തില്‍ എല്‍.ഡി.എഫിന്റെ സീറ്റുകള്‍ ഒരേയൊരെണ്ണത്തിലൊതുങ്ങിയതും വോട്ട് വിഹിതം 12 ശതമാനത്തോളം താഴോട്ട് പോയതും സി.പി.എമ്മിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. അണികളില്‍നിന്ന് ബി.ജെ.പിയിലേക്ക് ഒഴുക്ക് തുടങ്ങിയതായി സ്വാഭാവികമായും പാര്‍ട്ടി അംഗീകരിക്കുന്നില്ല. എന്നാല്‍ ശബരിമലയിലെ യുവതി പ്രവേശന പ്രശ്‌നത്തിന് വിശ്വാസപരമായ മാനം നല്‍കുന്നതില്‍ വലതുപക്ഷം വിജയിച്ചതായി സി.പി.എമ്മും സി.പി.ഐയും വിലയിരുത്തുന്നുമുണ്ട്. ശക്തമായി പണിതുയര്‍ത്തിയ നവോത്ഥാന വനിതാ മതില്‍ വിശ്വാസപ്രളയത്തില്‍ ഒലിച്ചുപോയി എന്നാണിതിനര്‍ഥം. ഇവിടെ പ്രത്യയശാസ്ത്ര ശൂന്യതയല്ല പ്രശ്‌നം. തീവ്ര വലതുപക്ഷത്തെ നേരിടാനുള്ള ആദര്‍ശപരമായ കരുത്തിന്റെ അഭാവവുമല്ല തടസ്സം. പിന്നെയോ, മതവിശ്വാസത്തെക്കുറിച്ച മാര്‍ക്‌സിസ്റ്റ് മൗലിക കാഴ്ചപ്പാട് തന്നെ തിരുത്തേണ്ട സാഹചര്യമാണ് രൂപപ്പെടുന്നത്.
അടുത്ത ദിവസം ഞാനുമായി സംവദിച്ച ഒരു മാര്‍ക്‌സിസ്റ്റ് പ്രമുഖന്‍ വിശ്വാസികളോടുള്ള സമീപനത്തില്‍ പാര്‍ട്ടിക്ക് പിഴച്ചു എന്ന് തുറന്നു സമ്മതിച്ചതോടൊപ്പം മോദിക്കു പകരം മറ്റാരായിരുന്നു പ്രധാനമന്ത്രിയായി അവതരിപ്പിക്കാനുണ്ടായിരുന്നത് എന്ന ചോദ്യവും ചോദിക്കാതിരുന്നില്ല.
ചുരുക്കത്തില്‍, തൊണ്ണൂറ് വര്‍ഷത്തെ സുചിന്തിതവും ആസൂത്രിതവും നിരന്തരവുമായ പ്രചാരണത്തിലൂടെയും പ്രബോധനത്തിലൂടെയും ഹിന്ദുത്വ ദേശീയത ലക്ഷ്യം നേടിക്കൊണ്ടിരിക്കെ അത് നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ പിറകിലേക്ക് രാജ്യത്തെ നയിക്കുകയാണെന്ന് തിരിച്ചറിയുന്നവരുടെ കൂട്ടായ്മ അനിവാര്യമാക്കിത്തീര്‍ക്കുന്നതാണ് ഒടുവിലത്തെ രാഷ്ട്രീയ-സാംസ്‌കാരിക ചിത്രം. ഭീരുക്കള്‍ക്കും ഉപരിപ്ലവകാരികള്‍ക്കും അവസരവാദികള്‍ക്കും അവ്വിധത്തിലൊരു കൂട്ടായ്മയുടെ ഭാഗമാകാന്‍ കഴിയില്ല. വിശ്വാസവൈവിധ്യങ്ങളെ അംഗീകരിക്കാനും അതിലുപരി പൊതുധാര്‍മികതയെ സ്വാംശീകരിക്കാനും മാനവികതയിലും സാമൂഹിക നീതിയിലും അടിയുറച്ച സമാധാനത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പണിയെടുക്കാനും കെല്‍പുറ്റ ഒരു പ്രസ്ഥാനത്തെയാണ് നിലവിലെ ഇന്ത്യന്‍ സാഹചര്യം തേടുന്നത്. മനുഷ്യാവകാശങ്ങളുടെയും മതനിരപേക്ഷ ജനാധിപത്യത്തിന്റെയും ഇടനാഴികകളില്‍ മുഴങ്ങുന്ന പലവിധ ശബ്ദങ്ങളുടെ ഏകീകരണത്തിലൂടെ, ശ്രമകരമെങ്കിലും സുസാധ്യമാണ് ആ ദിശയിലുള്ള കാല്‍വെപ്പുകള്‍. മറിച്ച് മരീചികയുടെ പിറകെ ഓടുന്നവര്‍ വീണ്ടും വീണ്ടും ചതിക്കപ്പെടുമെന്നു തീര്‍ച്ച.
Comments