ഗിരീഷ് കര്‍ണാടിനെ വായിക്കുമ്പോള്‍
2012 നവംബറില്‍ മുംബൈയില്‍ പ്രശസ്തമായ ടാറ്റ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അരങ്ങേറുകയാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള മികച്ച എഴുത്തുകാരുടെ സംഗമ വേദിയാണീ ഫെസ്റ്റ്. ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകളും ധൈഷണിക സംവാദങ്ങളും കൊണ്ട് മുഖരിതമായ ഇടം. നവംബര്‍ 4-ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച നാടകകൃത്ത്, ഈയിടെ അന്തരിച്ച ഗിരീഷ് കര്‍ണാടിന് ഒരു സെഷനുണ്ടായിരുന്നു. 'ജീവിതവും അരങ്ങും'- ഇതായിരുന്നു വിഷയം. ഗിരീഷ് കര്‍ണാടെന്ന അതുല്യപ്രതിഭയെ കേള്‍ക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുമെത്തിയ നാടകപ്രേമികള്‍ തിങ്ങിനിറഞ്ഞ സദസ്സ്. സംസാരമാരംഭിച്ച് അല്‍പനേരം കഴിഞ്ഞയുടന്‍ സദസ്സിനെയൊന്നടങ്കം ഞെട്ടിച്ച് വിഷയത്തില്‍നിന്നു മാറി അത്യന്തം വൈകാരിക വിക്ഷോഭത്തോടെ അദ്ദേഹം മറ്റൊരു പ്രധാന കാര്യം പറയാന്‍ തുടങ്ങി; വി.എസ് നെയ്പാളായിരുന്നു വിഷയം. ഇതേ ടാറ്റാ ലിറ്റററി ഫെസ്റ്റിവെലില്‍ രണ്ട് ദിവസം മുമ്പ് പ്രശസ്ത ആംഗ്ലോ ഇന്ത്യന്‍ എഴുത്തുകാരനായ വി.എസ് നെയ്പാളിന് മേളയുടെ ആജീവനാന്ത പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. മേള കൊണ്ടാടിയ ആ വിഗ്രഹത്തെ ചരിത്രത്തിന്റെയും വസ്തുതകളുടെയും പിന്‍ബലത്തില്‍ പൊളിച്ചടുക്കുകയായിരുന്നു ഗിരീഷ് കര്‍ണാട്. ഇന്ത്യന്‍ മുസ്‌ലിംകളോട് നെയ്പാള്‍ എന്നും ഉള്ളില്‍ കാത്തുസൂക്ഷിച്ചിരുന്ന അങ്ങേയറ്റം വിഷലിപ്തമായ വിദ്വേഷവും അതിന് ന്യായങ്ങള്‍ ചമക്കാന്‍ സ്വയം രൂപപ്പെടുത്തിയെടുത്ത തെറ്റായ ചരിത്രബോധവുമാണ് ഗിരീഷ് കര്‍ണാടിനെ ചൊടിപ്പിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.ബി.സിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇന്ത്യയെയും ഇന്ത്യന്‍ സംസ്‌കാരത്തെയും നശിപ്പിച്ചത് മുസ്‌ലിംകളാണെന്ന് നെയ്പാള്‍ പറഞ്ഞ കാര്യം അദ്ദേഹം ഓര്‍ത്തെടുത്തു. അന്നു മുതല്‍ നെയ്പാളിന്റെ മുസ്‌ലിംവിരുദ്ധ വംശീയ മനോഭാവത്തെ തുറന്നു കാട്ടണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോഴാണതിന് അവസരം കൈവന്നതെന്നും അദ്ദേഹം അവിടെ വെച്ച് പ്രഖ്യാപിച്ചു. അന്നത് വലിയ വാര്‍ത്തയാവുകയും സാംസ്‌കാരിക ലോകത്ത് പുതിയ സംവാദമുഖങ്ങള്‍ തുറക്കുകയുമുണ്ടായി. സ്വന്തം ജീവിതത്തെക്കുറിച്ചും നാടകരചനയിലെ സര്‍ഗസപര്യയെക്കുറിച്ചും അരങ്ങില്‍ ഇതള്‍ വിരിയുന്ന ഗിരീഷ് കര്‍ണാടെന്ന അതുല്യ പ്രതിഭയുടെ തീയേറ്റര്‍ ഇന്ദ്രജാലങ്ങളെക്കുറിച്ചുമെല്ലാം ധൈഷണികാനന്ദം പകരുന്ന വര്‍ത്തമാനങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് കാതോര്‍ത്തിരുന്നവര്‍ക്കു മുന്നിലാണ് അദ്ദേഹം ഇന്ത്യയെ ഗ്രസിച്ച അപരദ്വേഷത്തിലധിഷ്ഠിതമായ വെറുപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നിര്‍ഭയം സംസാരിക്കുന്നത്. ചരിത്രത്തെ വക്രീകരിച്ചും ദുര്‍വ്യാഖ്യാനിച്ചും സംഘ് പരിവാറിന്റെ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വക്ക് അക്കാദമിക പരിസരം ഒരുക്കുന്ന സാഹിത്യ സാംസ്‌കാരിക രംഗത്തെ നെയ്പാള്‍ ഉള്‍പ്പെടുന്ന വലതുപക്ഷ വിഗ്രഹങ്ങള്‍ക്കെതിരെ ഗിരീഷ് കര്‍ണാട് എന്നും കലഹിച്ചു.
സര്‍ഗാത്മക ലോകം, രാഷ്ട്രീയ പോരാട്ടങ്ങള്‍
ഇംഗ്ലീഷില്‍ കവിതകളെഴുതുന്ന സാഹിത്യകാരനാകണമെന്നായിരുന്നു കോളേജ് പഠനകാലത്ത് അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ നാടകങ്ങളുടെ ലോകത്തു കൂടിയുള്ള ഗിരീഷിന്റെ നിരന്തര സഞ്ചാരം അദ്ദേഹത്തെ ആ പാതയില്‍ ഉറപ്പിച്ചു നിര്‍ത്തി. ആംഗലേയ ഭാഷ വിട്ട് ജൈവിക ബന്ധമുള്ള സ്വന്തം കന്നട ഭാഷയില്‍ നാടകങ്ങളെഴുതിത്തുടങ്ങുന്നത് അങ്ങനെയാണ്. പ്രധാനമായും ചരിത്രത്തെ വര്‍ത്തമാന രാഷ്ട്രീയ പരിസരവുമായി കൂട്ടിയിണക്കിയുള്ള പ്രതിഭയുടെ അതുല്യ സ്പര്‍ശമുള്ള ശില്‍പ ചാതുരി അദ്ദേഹത്തിന്റെ സവിശേഷതയാണ്. ഹയവന, തുഗ്ലക്ക്, ടിപ്പു സുല്‍ത്താന്റെ സ്വപ്‌നങ്ങള്‍ തുടങ്ങി ഇരുപതോളം നാടകങ്ങള്‍ അദ്ദേഹം രചിക്കുകയുണ്ടായി. അവയില്‍ പലതും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷുള്‍പ്പെടെയുള്ള ലോക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. നസ്‌റുദ്ദീന്‍ ഷാ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെയും വിദേശത്തെയും പ്രശസ്ത നടന്മാര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള അരങ്ങുകളില്‍ ആ നാടകങ്ങള്‍ക്ക് വിസ്മയകരമാംവിധം രംഗഭാഷയൊരുക്കി.
ഗിരീഷ് കര്‍ണാടിന്റെ നാടകങ്ങളില്‍ ഏറെ ശ്രദ്ധേയമായതും ഗഹനമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിതുറന്നതുമായ നാടകമാണ് ബി.ബി.സി റേഡിയോക്കു വേണ്ടി അദ്ദേഹം എഴുതിയ ദ ഡ്രീംസ് ഓഫ് ടിപ്പു സുല്‍ത്താന്‍. പില്‍ക്കാലത്ത് ഈ നാടകം, ടിപ്പു സുല്‍ത്താനെക്കുറിച്ച സംഘ് പരിവാര്‍ അനുകൂല ചരിത്രകാരന്മാരുടെ പൈശാചികവത്കരണത്തിനെതിരിലുള്ള ശക്തമായ രാഷ്ട്രീയ പ്രതിരോധമായി മാറി. ഇംഗ്ലീഷില്‍നിന്ന് കന്നടയിലേക്കും മറാത്തിയിലേക്കും മറ്റു ഇന്ത്യന്‍ ഭാഷകളിലേക്കും നാടകം മൊഴി മാറ്റി. നൂറുകണക്കിന് വേദികളില്‍ പ്രഗത്ഭരായ തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ടിപ്പുവിന്റെ യഥാര്‍ഥ ചരിതം ആടി. സംഘ് പരിവാറിനെ ഇത് അങ്ങേയറ്റം ചൊടിപ്പിച്ചു. ഗിരീഷ് കര്‍ണാടിന് നിരന്തരം വധഭീഷണി വന്നുകൊണ്ടിരുന്നു. പല സ്ഥലങ്ങളിലും നാടകം അലങ്കോലമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. സംഘ് പരിവാര്‍ ഒരിക്കലും കാണാനാഗ്രഹിക്കാത്ത, യഥാര്‍ഥ ദേശസ്‌നേഹിയും മനുഷ്യസ്‌നേഹിയുമായ ഒരിക്കല്‍പോലും വര്‍ഗീയവാദിയല്ലാത്ത ടിപ്പുവിന്റെ പച്ചയായ ജീവിതമായിരുന്നു തികഞ്ഞ സത്യസന്ധതയോടെ അദ്ദേഹം ആവിഷ്‌കരിച്ചത്. മലയാളത്തിന്റെ പ്രിയ കഥാകാരി ചന്ദ്രമതി ടിപ്പുവിനോട് ഗിരീഷ് കര്‍ണാട് കാണിച്ച ചരിത്രപരമായ സത്യസന്ധതയെക്കുറിച്ച് സവിസ്തരം പറയുന്നുണ്ട്.
'ടിപ്പുവിന്റെ സ്വപ്‌നങ്ങള്‍' എന്ന നാടകത്തിലേക്ക് ഗിരീഷ് എത്തുന്നതിന് ചില നിമിത്തങ്ങളുണ്ടായിരുന്നു. സുദീര്‍ഘമായ പടയോട്ടങ്ങള്‍ക്കിടയിലും ടിപ്പു സുല്‍ത്താന്‍ സ്വന്തം നാടിനെക്കുറിച്ചും പൗരന്മാരെക്കുറിച്ചും വികസനത്തെക്കുറിച്ചുമെല്ലാമുള്ള വിശ്രമവേളയില്‍ കണ്ട തന്റെ സ്വപ്‌നങ്ങള്‍ ഒരു ഡയറിയില്‍ എഴുതാറുണ്ടായിരുന്നു. പില്‍ക്കാലത്ത് കണ്ടെത്തിയ ആ ഡയറിക്കുറിപ്പുകളുടെ പിന്നാലെയുള്ള കൗതുകം നിറഞ്ഞ സഞ്ചാരമാണ് ഗിരീഷിനെ ഈ നാടകരചനയിലേക്കെത്തിച്ചത്. ധീരനും നിര്‍ഭയനുമായ ഒരു യോദ്ധാവ് എന്ന നിലക്കുള്ള ടിപ്പു ഏവര്‍ക്കും സുപരിചിതനാണ്. എന്നാല്‍ ഈ നാടകത്തില്‍ ടിപ്പുവിന്റെ ആന്തരിക ജീവിതത്തെ(Inner Life)യാണ് പ്രധാനമായും ആവിഷ്‌കരിക്കുന്നത്. സ്വപ്‌നാടകനും ശാസ്ത്രകുതുകിയും ക്രാന്തദര്‍ശിയും ആദര്‍ശപുരുഷനുമായ ടിപ്പുവിലേക്ക് വെളിച്ചം വീശുന്ന കഥാപരിസരമാണ് ഈ നാടകത്തിന്റെ ഘടനയെ രൂപപ്പെടുത്തുന്നത്. ടിപ്പുവിലെ സ്‌നേഹനിധിയായ ഭര്‍ത്താവിനെയും വാത്സല്യം തുളുമ്പുന്ന പിതാവിനെയും ഇതില്‍ കാണാം. യുദ്ധരംഗത്ത് ബ്രിട്ടീഷ് സൈന്യത്തെ നേരിടാന്‍ സ്വന്തം ശാസ്ത്ര പരീക്ഷണങ്ങളിലൂടെ നിര്‍മിച്ചെടുത്ത റോക്കറ്റുകളും കളിപ്പാട്ട നിര്‍മാണ വ്യവസായവും ടാക്‌സേഷന്റെ ഏറ്റവും നൂതനമായ രീതികളും ഭരണനിര്‍വഹണത്തിലെ പുരോഗമനോന്മുഖ ശൈലിയുമെല്ലാം ഉള്‍ച്ചേര്‍ന്ന ടിപ്പുവിന്റെ ബഹുമുഖ ഭാവങ്ങളെ നാടകം സ്വാംശീകരിക്കുന്നുണ്ട്. ഈ നാടകരചന നിര്‍വഹിക്കുമ്പോള്‍ ആന്തരികമായി സ്വപ്‌നത്തിലെന്ന പോലെ ടിപ്പുവിന്റെ സാന്നിധ്യം അനുഭവിച്ചതായി അദ്ദേഹം ഒരിടത്ത് പറയുന്നുണ്ട്.
ശിവാജിയുടെ നേതൃത്വത്തിലുള്ള മറാത്തികളും ഹൈദരാബാദിലെ നൈസാമും ഇന്ത്യയില്‍ പല ഭാഗങ്ങളായി ചിതറിക്കിടക്കുന്ന രാജവംശങ്ങളും ഒത്തുചേര്‍ന്ന് ബ്രിട്ടീഷുകാരെ ഇന്ത്യയില്‍നിന്ന് തുരത്താന്‍ മഹാ സഖ്യം രൂപപ്പെടുത്തിയെടുക്കുക എന്നത് ടിപ്പുവിന്റെ വലിയ സ്വപ്‌നമായിരുന്നു. എന്നാല്‍ ഓരോ വിഭാഗത്തിന്റെയും സ്വാര്‍ഥത അങ്ങനെയൊന്ന് യാഥാര്‍ഥ്യമാകുന്നതിനെ പരാജയപ്പെടുത്തുകയായിരുന്നു. ടിപ്പു സുല്‍ത്താന്‍ മഹാരാഷ്ട്രയില്‍ ഒരു ഹിന്ദുവായാണ് ജനിച്ചിരുന്നതെങ്കില്‍ ഛത്രപതി ശിവാജിക്ക് ലഭിച്ച അതേ സ്വീകാര്യതയും ആദരവും അദ്ദേഹത്തിന് ലഭിക്കുമായിരുന്നു എന്ന ഗിരീഷ് കര്‍ണാടിന്റെ പ്രസ്താവന മൂലം അദ്ദേഹത്തിന് വധഭീഷണി വരെ നേരിടേണ്ടിവന്നു.
1785-നും 1798-നും ഇടക്കുള്ള വര്‍ഷങ്ങളില്‍ ടിപ്പു കണ്ട 37 സ്വപ്‌നങ്ങളും അവയുടെ വ്യാഖ്യാനവും നിരൂപണവുമാണ് ടിപ്പുവിന്റെ ഡയറിയിലുണ്ടായിരുന്നത്. അതില്‍ അങ്ങേയറ്റം രാഷ്ട്രീയ പ്രാധാന്യമുള്ള നാല് സ്വപ്‌നങ്ങളെയാണ് ഗിരീഷ് നാടകത്തിന്റെ ഇതിവൃത്തമായി വികസിപ്പിച്ചെടുത്തത്.
ഇന്ത്യാ ചരിത്രത്തില്‍നിന്ന് മുസ്‌ലിംകളുടേതായ പ്രൗഢവും അഭിമാനാര്‍ഹവുമായ എല്ലാ അടയാളങ്ങളെയും കുറിമാനങ്ങളെയും തേച്ചു മായ്ച്ച് ഇല്ലാതാക്കി തല്‍സ്ഥാനത്ത് നുണകളുടെ ഭാവനകളില്‍ വിരിയിച്ചെടുത്ത ബ്രാഹ്മണിക്കല്‍ വലതുപക്ഷ ഹിന്ദുത്വയുടെ വ്യാജ ചരിത്രനിര്‍മിതിക്ക് ത്വരിത ഗതി കൈവന്ന കെട്ടകാലത്ത് ഗിരീഷ് കര്‍ണാട് കാലത്തിനും ചരിത്രത്തിനും നേരെ കത്തിച്ചുപിടിച്ച സത്യത്തിന്റെ ജ്വലിക്കുന്ന ചൂട്ടായിരുന്നു.
മരണം വരെ പോരാടിയ വിപ്ലവകാരി
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനു ശേഷം ഹിന്ദുത്വ ഭീകരരുടെ അടുത്ത ലക്ഷ്യം ഗിരീഷ് കര്‍ണാടാണെന്ന് കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിരീക്ഷിക്കപ്പെട്ടിരുന്നു. അദ്ദേഹം എന്നും സംഘ് പരിവാറിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നു. ടിപ്പു സുല്‍ത്താനെക്കുറിച്ച ചരിത്ര നാടകം മാത്രമായിരുന്നില്ല കാരണം. ആര്‍.എസ്.എസ്സിന്റെ ഹിംസാത്മക രാഷ്ട്രീയത്തെയും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വയുടെ അര്‍ഥശൂന്യതയെയും അദ്ദേഹം തുറന്നുകാട്ടിയതും ഒരു കാരണമായിരുന്നു. തന്റെ രചനകളിലുടനീളം ഹിന്ദുത്വ ഫാഷിസത്തെയും അതിന്റെ പ്രത്യയശാസ്ത്ര അടിത്തറയെയും യുക്തിഭദ്രമായി അദ്ദേഹം കടന്നാക്രമിച്ചു. പ്രശസ്ത കന്നട നോവലിസ്റ്റ് യു.ആര്‍ അനന്തമൂര്‍ത്തി ഗിരീഷിന്റെ അടുത്ത സുഹൃത്തായിരുന്നു. മരിക്കുന്നതുവരെ നിരവധി വധഭീഷണികളാണ് അനന്തമൂര്‍ത്തിക്ക് വന്നിരുന്നത്. കാരണം അദ്ദേഹവും ആര്‍.എസ്.എസ്സിനെയും നരേന്ദ്ര മോദിയെയും നിശിതമായി വിമര്‍ശിക്കുകയും നിരൂപണം നടത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. യു.ആര്‍ അനന്തമൂര്‍ത്തിയുടെ മാസ്റ്റര്‍ പീസ് നോവലായ 'സംസ്‌കാര'ക്ക് തിരക്കഥയൊരുക്കിയത് ഗിരീഷ് കര്‍ണാടായിരുന്നു. അദ്ദേഹം ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. സംസ്‌കാര സംഘ് പരിവാറിന്റെയും ബ്രാഹ്മണരുടെയും പക ക്ഷണിച്ചുവരുത്തി. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട രാത്രി ബംഗ്ലൂരുവില്‍ താമസിക്കുന്ന പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്രഗുഹ ഗിരീഷ് കര്‍ണാടിനെ സന്ദര്‍ശിച്ച അനുഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. ആ ധന്യജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ നിര്‍ഭയനായ ഒരു പോരാളിയെയാണ് കണ്ടെത്താനാവുക.
Comments