Prabodhanm Weekly

Pages

Search

2019 ജൂലൈ 05

3108

1440 ദുല്‍ഖഅദ് 01

എന്റെ സഹോദരന്‍, എന്റെ ജനത

ശൈഖ് മുഹമ്മദ് കാരകുന്ന്

ലോകപ്രശസ്ത സാഹിത്യകാരനായ ടോള്‍സ്റ്റോയി വീട്ടില്‍നിന്ന് അങ്ങാടിയിലേക്ക് പോവുകയായിരുന്നു. വഴിയില്‍ പരമദരിദ്രനായ ഒരു യാചകന്‍ കിടക്കുന്നുണ്ടായിരുന്നു. ടോള്‍സ്റ്റോയി അടുത്തെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു: 'വല്ലതും തരണേ.'
ടോള്‍സ്റ്റോയിക്ക് അയാളോട് സഹതാപം തോന്നി. അതിനാല്‍ എന്തെങ്കിലും സഹായിക്കണമെന്ന് കരുതി അടുത്ത് ചെന്നു. പോക്കറ്റില്‍ കൈയിട്ടു നോക്കിയപ്പോഴാണ് ഒന്നുമില്ലെന്ന് മനസ്സിലായത്. അതിനാല്‍ അദ്ദേഹം പറഞ്ഞു: 'സഹോദരാ, സഹായിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ക്ഷമിക്കണം.  കൈവശം ഒന്നുമില്ലല്ലോ.'
ഇതുകേട്ട് ആ യാചകന്‍ പറഞ്ഞു: 'നിങ്ങള്‍ എനിക്ക് എല്ലാം തന്നിരിക്കുന്നു. മറ്റാരും നല്‍കാത്തത് നല്‍കിയിരിക്കുന്നു.'
അത്ഭുതത്തോടെ ടോള്‍സ്റ്റോയി പറഞ്ഞു: 'ഞാന്‍ ഒന്നും തന്നില്ലല്ലോ.'
'അല്ല, താങ്കളെന്നെ സഹോദരാ എന്ന് വിളിച്ചിരിക്കുന്നു. എന്റെ ജീവിതത്തില്‍ ആരെങ്കിലും എന്നെ അങ്ങനെ വിളിച്ചതായി ഓര്‍മയില്ല. അതിനാല്‍ താങ്കള്‍ തന്നത് തുല്യതയില്ലാത്ത നിധിയാണ്.'
സഹോദരാ എന്ന സംബോധന എത്രമേല്‍ ഹൃദ്യമാണ്, ആസ്വാദ്യകരമാണ്. ഏവരും കേള്‍ക്കാന്‍ കൊതിക്കുന്നതും. അതില്‍ സ്‌നേഹമുണ്ട്, കാരുണ്യമുണ്ട്, വലിയ വാത്സല്യമുണ്ട്. ഒപ്പം ഗുണകാംക്ഷയും. അപരിചിതര്‍ക്കിടയിലെ അകലം കുറയ്ക്കാന്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട സംബോധനയില്ല.
എന്നാല്‍ ഈ സംബോധന അസാധ്യമാക്കുന്ന പലതും സമൂഹത്തിലുണ്ട്. അതിലേറ്റവും കടുത്തത് വംശ വെറിയും ജാതിഭ്രാന്തുമാണ്. കുടുംബം, ഗോത്രം, ദേശം, ഭാഷ പോലുള്ളവയുടെ പേരില്‍ നില നില്‍ക്കുന്ന വിവേചനവും ഉച്ചനീചത്വവും ഇതില്‍പെടുന്നു. പണത്തിന്റെയും പദവിയുടെയും പേരിലുള്ള പൊങ്ങച്ചവും ഈ സംബോധനക്ക് തടസ്സം നില്‍ക്കാറുണ്ട്.
 
സാഹോദര്യബന്ധം
ഇസ്‌ലാമിക വീക്ഷണത്തില്‍ ലോകമെങ്ങുമുള്ള എല്ലാ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണ്, ഒരേ മാതാപിതാക്കളുടെ മക്കളാണ്. ഒരൊറ്റ സത്തയില്‍നിന്നാണ് എല്ലാ മനുഷ്യരും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് (ഖുര്‍ആന്‍ 4:1,49:13).
അതുകൊണ്ടുതന്നെ എല്ലാ മനുഷ്യരും പരസ്പരം സഹോദരീസഹോദരന്മാരാണ്. ഈ സാഹോദര്യത്തെ അറുത്തു മാറ്റാന്‍ ജാതി, മത, ദേശ, ഭാഷാ, സമുദായ, കാല, കുല ഭേദങ്ങള്‍ക്കാവില്ല. മനുഷ്യന്‍ എന്ന ദൈവത്തിന്റെ വിശിഷ്ട സൃഷ്ടി എല്ലാ വകഭേദങ്ങള്‍ക്കും അതീതനാണ്. എല്ലാ മനുഷ്യരിലും മഹത്വത്തിന് മാറ്റു കൂട്ടുന്ന ആത്മാവ് അല്ലാഹുവില്‍നിന്ന് പകര്‍ന്നുകിട്ടിയിട്ടുണ്ട് (ഖുര്‍ആന്‍: 15:29).
അതുകൊണ്ടുതന്നെ എല്ലാ മനുഷ്യരും ആദരണീയരാണ്. ദൈവത്തെ ധിക്കരിക്കുകയും നിഷേധിക്കുകയും ചെയ്യുമ്പോഴും മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ ആദരണീയനാണ്. അല്ലാഹു തന്നെയാണ് അവനെ ആദരിച്ചിരിക്കുന്നത്(ഖുര്‍ആന്‍:17:70). പ്രപഞ്ചനാഥനായ അല്ലാഹു ആദരിച്ചവരെ നിസ്സാരരായ നാം എത്രമേല്‍ ആദരിക്കണം! സത്യവിശ്വാസികള്‍ പരസ്പരം സഹോദരന്മാരാണ് എന്ന ഖുര്‍ആനിക പ്രഖ്യാപനം (49:10) ഇതിനെതിരല്ല. വിശ്വാസികള്‍ മനുഷ്യ സഹോദരന്മാരാണെന്നതോടൊപ്പം ആദര്‍ശസഹോദരന്മാര്‍ കൂടിയാണ് എന്നേ അതിനര്‍ഥമുള്ളു. അതിനാലാണ് പ്രവാചകന്മാരെ വിശ്വാസികളല്ലാത്ത പ്രബോധിത സമൂഹത്തിന്റെ സഹോദരന്മാരെന്ന നിലയില്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്: 
''ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെ നാം അയച്ചു'' (7:65,11:50).
''സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നാം അയച്ചു'' (7:73,11:61).
''മദ്‌യന്‍ നിവാസികളിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നാം നിയോഗിച്ചു'' (11:84, 29:36).
മക്കാ വിജയവേളയില്‍ അവിടത്തെ കുറ്റവാളികളായിരുന്ന ജനത്തോട് 'നിങ്ങളെന്താണ് എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നത്?' എന്ന് പ്രവാചകന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് 'താങ്കള്‍ മാന്യനായ സഹോദരന്റെ മാന്യനായ മകനാണ്' എന്നാണ്. ഇതിനെ പ്രവാചകന്‍ നിരാകരിക്കുകയോ ഖണ്ഡിക്കുകയോ ചെയ്തില്ലെന്നു മാത്രമല്ല, അംഗീകരിച്ച്, മാന്യമായി മറുപടി നല്‍കുകയാണുണ്ടായത്. അവര്‍ക്ക് മാപ്പു നല്‍കുകയും ചെയ്തു.
അതുകൊണ്ടുതന്നെ അപരിചിതരായ ആളുകളെ സംബോധന ചെയ്യേണ്ടി വരുമ്പോള്‍ നാം വിളിക്കേണ്ടത് സഹോദരാ എന്നാണ്. ജാതീയത സൃഷ്ടിച്ച കടുത്ത വിവേചനവും ഉച്ചനീചത്വവും അസമത്വം നിലനില്‍ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ സംബോധനക്ക് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. അത് മേല്‍ജാതിക്കാരാല്‍ കീഴാളരാക്കപ്പെട്ട അധഃസ്ഥിത-പിന്നാക്ക സമൂഹങ്ങള്‍ക്ക് നല്‍കുന്ന ആത്മാഭിമാനവും ആത്മവിശ്വാസവും ആശ്വാസവും ആഹ്ലാദവും അനല്‍പമായിരിക്കും. സഹോദരന്‍ അയ്യപ്പന്റെ (1889-1956) അനുഭവം ഇതിന്റെ സാക്ഷ്യമത്രെ. അടിയാളരാക്കപ്പെട്ട പിന്നാക്ക ജാതിക്കാരുടെ മോചനത്തിനും ഉന്നമനത്തിനും ജീവിതം സമര്‍പ്പിച്ച അദ്ദേഹം തന്റെ കൂട്ടായ്മക്ക് നല്‍കിയ പേര് 'സഹോദര സംഘം' എന്നാണ്. 1919 മുതല്‍ 1956 വരെ അദ്ദേഹം പുറത്തിറക്കിയ പത്രത്തിന് നല്‍കിയ പേരും 'സഹോദരന്‍' എന്നു തന്നെ. പ്രവാചക സന്ദേശത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അദ്ദേഹം സഹോദരനെന്ന ആശയം തെരഞ്ഞെടുത്തത്. തന്റെ വിമോചന പോരാട്ടങ്ങള്‍ക്ക് പ്രചോദനമേകിയ പ്രവാചകനോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ചത് സ്വന്തം മകള്‍ക്ക് പ്രവാചക പത്‌നി ആഇശയുടെ പേര് നല്‍കിക്കൊണ്ടാണ്. സാഹോദര്യം എന്ന ആശയവും സഹോദരാ എന്ന സംബോധനയും എത്രമേല്‍ വിപ്ലവകരവും വിമോചനപരവുമാണെന്ന് ഇത് വ്യക്തമാക്കുന്നു.

സ്വന്തം ജനത
ഇസ്‌ലാമിക വീക്ഷണത്തില്‍ രാജ്യത്തെ മുഴുവന്‍ മനുഷ്യരും നമ്മുടെ പ്രബോധിതരാണ്. പരമമായ സത്യം ബോധ്യമായി ബോധപൂര്‍വം നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്നവര്‍ മാത്രമേ ഇതിനപവാദമായുള്ളു. അതുകൊണ്ടുതന്നെ രാജ്യ നിവാസികളെല്ലാം നമ്മുടെ ജനതയാണ്. ഈ ആശയത്തെ പ്രതിനിധീകരിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച പദം 'ഖൗമ്' എന്നാണ്. നിര്‍ഭാഗ്യവശാല്‍ ഈ പദം വളരെ തെറ്റായ അര്‍ഥത്തിലാണ് കേരളത്തില്‍ പ്രയോഗിച്ചു വരുന്നത്. ഇവിടെ പാരമ്പര്യ മുസ്‌ലിം സമുദായത്തിനാണ് ഖൗമെന്ന് പ്രയോഗിക്കാറുള്ളത്; ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ അറബി പേരുള്ള ആള്‍ക്കൂട്ടത്തിന്. അവര്‍ കടുത്ത ദൈവധിക്കാരികളും കൊടിയ സത്യനിഷേധികളുമാണെങ്കിലും!
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഖൗമ് എന്ന് പ്രയോഗിച്ചത് നാട്ടുകാര്‍, ജനത, ജനം, ആള്‍ക്കാര്‍, സ്വന്തക്കാര്‍ എന്നീ ഉദ്ദേശ്യത്തിലാണ്. പ്രവാചകന്മാരെല്ലാം തങ്ങളുടെ പ്രബോധിതരെ വിളിച്ചത്, എന്റെ ജനമേ, എന്റെ നാട്ടുകാരേ, എനിക്കു വേണ്ടപ്പെട്ടവരേ, എന്റെ സ്വന്തക്കാരേ (യാ ഖൗമീ) എന്നൊക്കെയാണ്. 
വ്യക്തിയെ 'എന്റെ സഹോദരാ' എന്ന് വിളിക്കുന്നതുപോലെ തന്നെ സ്‌നേഹവും വാത്സല്യവും കാരുണ്യവും ഗുണകാംക്ഷയും അടുപ്പവും പ്രകടമാക്കുന്ന ഹൃദ്യമായ സംബോധനയാണ് 'എന്റെ ജനമേ' എന്നത്. ഖുര്‍ആനില്‍ മുന്നൂറിലേറെ സ്ഥലങ്ങളില്‍ 'ഖൗം' എന്ന പദമുണ്ട്. 'എന്റെ ജനമേ' എന്ന വിളി അത്രമേല്‍ സ്‌നേഹോഷ്മളമാണ്. പ്രവാചകന്മാര്‍ തങ്ങളുടെ പ്രബോധിതരുമായി പുലര്‍ത്തിയിരുന്ന ആത്മബന്ധത്തെയാണ് ഇത് വ്യക്തമാക്കുന്നത്. പ്രബോധിതര്‍ എത്ര തന്നെ ധിക്കാരവും അനുസരണക്കേടും ശത്രുതയും കാണിച്ചാലും ആക്ഷേപശകാരങ്ങളും പരിഹാസങ്ങളും നടത്തിയാലും പ്രവാചകന്മാര്‍ പ്രകോപിതരാവുകയോ സ്‌നേഹോഷ്മളമായ സംബോധനാ രീതിയില്‍ മാറ്റം വരുത്തുകയോ ചെയ്തിരുന്നില്ല. തൊള്ളായിരത്തി അമ്പത് കൊല്ലം ഇസ്‌ലാമിക പ്രബോധനം നടത്തിയിട്ടും സ്വീകരിക്കാതെ ശത്രുത പുലര്‍ത്തിയവരെ സംബന്ധിച്ചു പോലും നൂഹ് നബി, എന്റെ ജനത എന്നാണ് വിശേഷിപ്പിച്ചത്.
''എന്റെ നാഥാ, ഉറപ്പായും എന്റെ ജനതയെ ഞാന്‍ രാവും പകലും വിളിച്ചു. എന്നിട്ടും എന്റെ ക്ഷണം അവരുടെ ഓടിയകലല്‍ വര്‍ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ'' (ഖുര്‍ആന്‍: 71:5-9).
പ്രബോധിതര്‍ എത്രതന്നെ ശത്രുത പുലര്‍ത്തിയാലും പ്രകോപനങ്ങള്‍ സൃഷ്ടിച്ചാലും പ്രബോധകര്‍ അവയില്‍നിന്നെല്ലാം ഉയര്‍ന്നു നില്‍ക്കണം. അപ്പോഴും അവരോടുള്ള ഗുണകാംക്ഷയും സ്‌നേഹവും കാരുണ്യവും കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണം. അതിന് അങ്ങേയറ്റത്തെ ക്ഷമയും സഹനവും വിട്ടുവീഴ്ചാ മനസ്സും വേണം. വിമര്‍ശിക്കുന്നവരെയും സ്‌നേഹിക്കാന്‍ സാധിക്കണം.
ബൈബിള്‍ പറഞ്ഞ പ്രകാരം 'മഴപോലെ പെയ്യുകയും വെയില്‍ പോലെ പരക്കുകയും ചെയ്യുന്ന' സ്‌നേഹമാണ് പ്രബോധകനു വേണ്ടത്. അതുള്ളവര്‍ക്കേ ഖുര്‍ആന്‍ പഠിപ്പിച്ച സംബോധനാ രീതികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.
ദലൈലാമയുടെ വാക്കുകള്‍ ഓര്‍ക്കുക. 'നമുക്കു വേണ്ടത് വലിയ മനുഷ്യരെയല്ല, കുറച്ചു നല്ല സുഹൃത്തുക്കളെയാണ്; സങ്കടങ്ങളില്‍ ആശ്വസിപ്പിക്കുന്നവരെ, നഷ്ടപ്പെട്ടവരെ വീണ്ടെടുക്കുന്നവരെ, കദനമനുഭവിക്കുന്നവര്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്നവരെ, വാക്കിന്റെ തണുപ്പ് നല്‍കുന്നവരെ, സ്‌നേഹച്ചൂടിലേക്ക് ചേര്‍ത്തു പിടിക്കുന്നവരെ.'
സത്യപ്രബോധകര്‍ സല്‍സ്വഭാവികളായിരിക്കണം. സല്‍സ്വഭാവം പനിനീര്‍ പോലെയാണെന്നും എത്ര ചവിട്ടിയരച്ചാലും അതിന്റെ സുഗന്ധം നഷ്ടപ്പെടില്ലെന്നുമുള്ള ആപ്തവാക്യം മറക്കാതിരിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (16-21)
ടി.കെ ഉബൈദ്‌