Prabodhanm Weekly

Pages

Search

2019 ജൂലൈ 05

3108

1440 ദുല്‍ഖഅദ് 01

തീര്‍ഥാടക ഹൃദയത്തില്‍ ബാക്കിയാകേണ്ടത്

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ ഹജ്ജ് കര്‍മത്തില്‍ ഇബാദത്തിന്റെ സാരാംശങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. സമര്‍പ്പണത്തിന്റെയും ഭക്തിയുടെയും ത്യാഗത്തിന്റെയും സര്‍വാംശങ്ങളും സംയോജിപ്പിച്ചിട്ടുള്ളതിനാല്‍ ഏറ്റവും വിശിഷ്ടമായ കര്‍മം ഏതെന്ന ചോദ്യത്തിന് ഹജ്ജ് എന്ന് താന്‍ മറുപടി നല്‍കുമെന്ന് ഇമാം അബൂഹനീഫ പറയുകയുണ്ടായി. ഖുര്‍ആന്‍ പറയുന്നു: ''ഹജ്ജിന്റെ മാസം സര്‍വരാലും അറിയപ്പെട്ടതാകുന്നു. ഈ നിര്‍ണിത മാസങ്ങളില്‍ ഹജ്ജ് ചെയ്യാന്‍ തീരുമാനിച്ചവര്‍ ഹജ്ജ് വേളയില്‍ സ്ത്രീ സംസര്‍ഗവും പാപവൃത്തികളും തര്‍ക്ക കോലാഹലങ്ങളും വര്‍ജിക്കാന്‍ ജാഗ്രതയുള്ളവരാകട്ടെ. നിങ്ങള്‍ അനുഷ്ഠിക്കുന്ന ഏതൊരു ധര്‍മവും അല്ലാഹു അറിയുന്നുണ്ട്. ഹജ്ജ് യാത്രക്കുള്ള പാഥേയങ്ങള്‍ വഹിച്ചുകൊള്ളുക. എന്നാല്‍ സര്‍വോത്കൃഷ്ടമായ പാഥേയം ദൈവഭക്തിയാകുന്നു. ബുദ്ധിമാന്മാരേ, നിങ്ങള്‍ എന്നെ ധിക്കരിക്കുന്നത് സൂക്ഷിക്കുവിന്‍....'' (അല്‍ബഖറ: 197).
ഹജ്ജ് പുതുജീവിതം പ്രദാനം ചെയ്യുന്നു. ക്ലേശകരമായ ആരാധനാ കര്‍മങ്ങളിലൂടെ ജീവിതം വിമലീകരിച്ച വിശ്വാസിയെക്കുറിച്ചാണ് നബി(സ) പറഞ്ഞത്; ജനിച്ചുവീണ  ദിവസത്തിലെ വിശുദ്ധി കൈവരും. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഹജ്ജ്കര്‍മം അനുശാസിക്കപ്പെട്ടിട്ടുള്ളൂ എന്നത് ദൈവകാരുണ്യമാണ്. ഒരിക്കല്‍ നബി(സ) അനുചരന്മാരോട്: ''ജനങ്ങളേ, നിങ്ങള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഹജ്ജ് നിര്‍വഹിക്കണം.'' ഒരാള്‍: ''തിരുദൂതരേ, എല്ലാ വര്‍ഷവും വേണമോ?'' നബി മൗനം പാലിച്ചു. അയാള്‍ ചോദ്യം പലവട്ടം ആവര്‍ത്തിച്ചതല്ലാതെ നബി(സ) ഒന്നും മിണ്ടിയില്ല. ഒടുവില്‍ നബി (സ) പറഞ്ഞു: ''അതേ എന്ന് ഞാന്‍ പറഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അത് എല്ലാ വര്‍ഷവും നിര്‍ബന്ധമായേനെ! നിങ്ങള്‍ക്ക് അത് സാധിക്കുകയുമില്ല'' (അഹ്മദ്, അബൂദാവൂദ്, നസാഈ).
മുന്‍കാലങ്ങളില്‍ ഹജ്ജ് ക്ലേശകരമായിരുന്നു. യാത്രാസൗകര്യങ്ങള്‍ ഏറെ മെച്ചപ്പെട്ട ഇക്കാലത്ത് ആലോചിക്കാന്‍ പോലും കഴിയാത്തവിധം ദുഷ്‌കരമായിരുന്നു പുണ്യഭൂമിയിലേക്കുള്ള യാത്ര. ഇമാം നസഫി ഒരു സംഭവം അനുസ്മരിക്കുന്നു: ത്വവാഫ് ചെയ്യുന്ന വൃദ്ധനോട് ഒരാള്‍: ''ഏതു രാജ്യത്തു നിന്നാണ് നിങ്ങള്‍?'' അയാള്‍ ഒരു വിദൂര ദേശത്തിന്റെ പേര് പറഞ്ഞു. വീണ്ടും ചോദ്യം: ''എപ്പോഴാണ് നിങ്ങളുടെ രാജ്യത്തുനിന്ന് യാത്ര പുറപ്പെട്ടത്?'' മറുപടി: ''മകനേ, എന്റെ തല കണ്ടോ! ഒരു കറുത്ത മുടിയെങ്ങാനും ഈ തലയില്‍ നീ കാണുന്നുണ്ടോ?'' മറുപടി: ''ഇല്ല.'' വീണ്ടും തീര്‍ഥാടകന്‍: ''ഞാന്‍ എന്റെ രാജ്യത്തു നിന്ന് പുറപ്പെടുമ്പോള്‍ എന്റെ തലയില്‍ ഒരിഴ മുടി പോലും വെളുത്തിരുന്നില്ല. ഇപ്പോള്‍ നീ കണ്ടില്ലേ? ഈ തലയില്‍ കറുത്ത ഒരു മുടിപോലും ഇല്ലല്ലോ. വീട്ടില്‍നിന്നിറങ്ങിയ ഞാന്‍ ഓരോ നാട്ടില്‍ തങ്ങും, അവിടെ എന്തെങ്കിലും തൊഴില്‍ ചെയ്തുകൂടും. ചില്ലറ കാശ് മിച്ചം വെക്കാനുണ്ടാവും. പിന്നെയും യാത്ര തുടരും. ഓരോ രാജ്യത്തും തൊഴില്‍ ചെയ്ത് മിച്ചം വെച്ച സമ്പാദ്യം കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുകയാണിപ്പോള്‍. അനേകം വര്‍ഷങ്ങള്‍ക്കു മുമ്പ് കൂടും കുടുംബവും വിട്ട് അല്ലാഹുവിന്റെ ഭവനം ലക്ഷ്യമാക്കി യാത്ര തിരിച്ചവനാണ് ഞാന്‍.'' ഈ തീര്‍ഥാടകന്റെ നേരനുഭവങ്ങള്‍ പൂര്‍വഗാമികളുടെ ഹജ്ജ് യാത്രയുടെ ചിത്രം നല്‍കുന്നുണ്ട്.
ഇബ്‌റാഹീം നബി(അ)യുടെ ത്യാഗനിര്‍ഭര ജീവിതവുമായി ബന്ധപ്പെട്ടതാണ് ഹജ്ജിലെ അനുഷ്ഠാനങ്ങള്‍. അദ്ദേഹം പണിത കഅ്ബയില്‍ വന്നണയുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ തൗഹീദിന്റെ വക്താവും പ്രബോധകനുമായ മഹദ് വ്യക്തിത്വത്തെക്കുറിച്ച ഓര്‍മകള്‍ ഹൃദയത്തോട് ചേര്‍ത്തു വെച്ചാണ് 'ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്' പ്രഘോഷിക്കുന്നത്. ''നിശ്ചയം മനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ട പ്രഥമ ദേവാലയം ബക്കയില്‍ (മക്കയില്‍) സ്ഥിതിചെയ്യുന്നതു തന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗദര്‍ശന കേന്ദ്രവുമായിട്ടാകുന്നു നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അതില്‍ തെളിഞ്ഞ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്‌റാഹീമിന്റെ ആരാധ്യസ്ഥാനവുമുണ്ട്. ആര്‍ അതില്‍ പ്രവേശിച്ചുവോ അവന്‍ അഭയം അരുളപ്പെട്ടവനായി എന്നതാകുന്നു അതിന്റെ അവസ്ഥ. ആ മന്ദിരത്തിലേക്ക് എത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെ തീര്‍ഥാടനം ചെയ്യാന്‍, മനുഷ്യര്‍ക്ക് അല്ലാഹുവിനോട് ബാധ്യതയുണ്ട്. ഈ വിധി പാലിക്കാന്‍ വിസമ്മതിക്കുന്നവര്‍ മനസ്സിലാക്കിക്കൊള്ളട്ടെ. അല്ലാഹു ലോകരുടെയൊന്നും ആശ്രയം വേണ്ടാത്തവനാകുന്നു'' (ആലുഇംറാന്‍: 96,97).

ചരിത്രമുറങ്ങുന്ന മരുപ്രദേശം
മക്കയും മദീനയും മുസ്‌ലിം മനസ്സുകളെ തരളിതമാക്കുന്ന ഭൂപ്രദേശങ്ങളാണ്. അവിടെയാണ് തങ്ങളുടെ ജീവനായ മുഹമ്മദ് നബി(സ)യുടെ ചരിത്രമുറങ്ങുന്ന മണല്‍ത്തരികള്‍. ജനനം, ബാല്യം, കൗമാരം, യുവത്വം,  മക്കയിലെ കഠിന പീഡനങ്ങള്‍, ഹിജ്‌റ, അനുചരന്മാരുടെ ജീവത്യാഗം, ശഹാദത്ത്, പ്രവാചകന്റെ കുടുംബം, വിയോഗം, ഖുലഫാഉര്‍റാശിദുകള്‍ തുടങ്ങി ചരിത്രത്തിലെ ഓരോ ഏടും മനസ്സിന്റെ അഭ്രപാളിയില്‍ തെളിഞ്ഞു വരുമ്പോള്‍ ഏത് ഹൃദയമാണ് ത്രസിക്കാത്തത്! ഏതു മനസ്സിനെയാണ് അവ ഗതകാല സ്മൃതികളിലേക്ക് കൈപിടിച്ചു കൊണ്ടുപോകാത്തത്! കഅ്ബയുടെ ചാരത്ത് ചെലവഴിക്കുന്ന നിമിഷങ്ങളില്‍, ഈ മുറ്റത്ത് പ്രവാചകന്‍ സുജൂദില്‍ മുഴുകിയപ്പോഴായിരുന്നുവല്ലോ ഒട്ടകത്തിന്റെ കുടല്‍മാല ആ കഴുത്തില്‍ അണിയിക്കപ്പെട്ടത്, ഇവിടെ വെച്ചായിരുന്നുവല്ലോ ജിബ്‌രീല്‍(അ) നബി(സ)ക്ക് നമസ്‌കാരം പഠിപ്പിച്ചുകൊടുത്തത്, ഈ കഅ്ബയുടെ ചുമരില്‍ ചാരിയിരിക്കുമ്പോഴായിരുന്നുവല്ലോ അനുചരനായ ഖബ്ബാബുബ്‌നുല്‍ അറത്തും കൂട്ടുകാരും നബി(സ)യെ സമീപിച്ച്, പീഡനങ്ങളില്‍ സഹികെട്ട് ദൈവിക സഹായത്തിനു വേണ്ടി പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിച്ചത് തുടങ്ങി ഒരായിരം ഓര്‍മങ്ങള്‍ ഹജ്ജ് തീര്‍ഥാടകന്റെ ഓര്‍മയിലൂടെ കടന്നുപോകും. അല്ലാഹുവിന്റെ ഭവനം സന്ദര്‍ശിച്ച് തിരിച്ചുവന്ന തീര്‍ഥാടകന്റെ ഹൃദയത്തില്‍ ഓരോ നമസ്‌കാരവേളയിലും വിശുദ്ധ ഗേഹമായ കഅ്ബ ഗാംഭീര്യത്തോടെ തെളിഞ്ഞു വരും. നബി(സ)യോടും അനുചരന്മാരോടുമുള്ള അതിരറ്റ സ്‌നേഹം ആ ഹൃദയത്തില്‍ തിരതല്ലും. അറഫാത്തിലും ജംറാത്തിലും സഅ്‌യിലും ത്വവാഫിലും അനുഭവപ്പെട്ട തിരക്കും തള്ളലും മഹ്ശറില്‍, വിചാരണാ നാളില്‍ ഉണ്ടാവുന്ന തിരക്കിനെയും പാരവശ്യത്തെയും നെട്ടോട്ടത്തെയും ഓര്‍മിപ്പിക്കും.
ഇഹ്‌റാമില്‍ പ്രവേശിച്ച് ഹജ്ജിന്റെ അനുഷ്ഠാനങ്ങളായ ത്വവാഫ്, സഅ്‌യ്, അറഫാത്ത്, ജംറത്തുല്‍ അഖബ, മിന, മുസ്ദലിഫ, മശ്അറുല്‍ ഹറാം തുടങ്ങി ഓരോ ഘട്ടത്തിലൂടെയും കടന്നുപോകുന്ന വിശ്വാസി അണിഞ്ഞിരിക്കുന്ന വസ്ത്രം പരലോകത്ത് ദൈവസന്നിധിയില്‍ ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭം ഓര്‍മപ്പെടുത്തുന്നതാണ്. ഇഹലോകത്തെ ഭൗതിക സൗകര്യങ്ങളും ആര്‍ഭാടങ്ങളും പിറകിലേക്ക് വലിച്ചെറിഞ്ഞ് പിറന്ന പോലെ പച്ച മനുഷ്യരായി ദൈവസന്നിധിയില്‍ ഒരുമിച്ചു കൂട്ടപ്പെടാനുള്ളവരാണ് തങ്ങളെന്ന സത്യം ഹൃദയത്തില്‍ തെളിമയോടെ കത്തിച്ചുനിര്‍ത്തും ഹജ്ജിലെ ഓരോ അനുഷ്ഠാനവും. സഹിക്കുന്ന ശാരീരിക ക്ലേശങ്ങളെല്ലാം തന്റെ ഓരോ പാപവും കഴുകിക്കളയുന്ന ശുദ്ധീകരണ പ്രക്രിയയായാണ് തീര്‍ഥാടകന് തോന്നുക. ജനങ്ങള്‍ക്കിടയില്‍ സജീവമായി നില്‍ക്കേണ്ട സമത്വബോധം വിളംബരം ചെയ്യുന്നു ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍. സംഘടിതമായി, അണിചേര്‍ന്ന് ദിനേന അഞ്ചു നേരം നിര്‍വഹിക്കുന്ന നമസ്‌കാരത്തില്‍ തുടങ്ങുന്നു എല്ലാ ഭിന്നതകള്‍ക്കും വൈജാത്യങ്ങള്‍ക്കും വൈവിധ്യങ്ങള്‍ക്കും അതീതമായി നില്‍ക്കുന്ന സംഘബോധവും സമത്വഭാവനയും. ഹജ്ജ് കര്‍മത്തില്‍ അത് കൂടുതല്‍ പ്രകടമാണ്. ഭരണാധികാരിയെന്നോ ഭരണീയനെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വ്യത്യാസമില്ലാതെ ഒരേ വേഷത്തില്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്ന തീര്‍ഥാടകന്‍ ഒരേ തല്‍ബിയത്ത് മുഴക്കി ഒരേ കര്‍മങ്ങളില്‍ ഒരേ മനസ്സോടെ മുഴുകുമ്പോള്‍ തെളിയുന്ന സമത്വബോധത്തിന് പകരം നില്‍ക്കുന്ന മറ്റൊരു കര്‍മമില്ല.


സമുന്നത ലക്ഷ്യങ്ങള്‍
കര്‍മങ്ങളുടെ അനുഷ്ഠാനങ്ങള്‍ക്കപ്പുറം ഹജ്ജിന് ചില സമുന്നത ലക്ഷ്യങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. വ്യക്തിപരവും സാമൂഹികവുമായ നന്മയിലും ക്ഷേമത്തിലും അധിഷ്ഠിതമായ ആ ലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കാരം കണ്‍മുന്നില്‍ വേണം. വ്യക്തിയുടെ സംസ്‌കരണവും സമൂഹത്തിന്റെ സര്‍വതോമുഖമായ ക്ഷേമവും സാധിതമാകേണ്ടതുണ്ട് ഹജ്ജിലൂടെ. ഹജ്ജിന്റെ വിളംബര കര്‍ത്തവ്യം ഇബ്‌റാഹീം നബി(അ)യെ ഏല്‍പിക്കുമ്പോള്‍ തന്നെ ഹജ്ജ് കര്‍മത്തിലൂടെ നിറവേറേണ്ട ലക്ഷ്യങ്ങള്‍ അല്ലാഹു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ''തീര്‍ഥാടനം ചെയ്യാന്‍ ജനങ്ങളില്‍ പൊതുവിളംബരം ചെയ്യുക. ദൂരദിക്കുകളില്‍നിന്നൊക്കെയും കാല്‍നടക്കാരായും ഒട്ടകങ്ങളില്‍ സവാരിചെയ്തു കൊണ്ടും അവര്‍ താങ്കളുടെ സവിധത്തില്‍ എത്തിച്ചേരുന്നതാകുന്നു. ഇവിടെ അവര്‍ക്കു വേണ്ടി ഒരുക്കപ്പെട്ട നേട്ടങ്ങള്‍ കാണാനും അല്ലാഹു അവര്‍ക്കേകിയിട്ടുള്ള മൃഗങ്ങളിന്മേല്‍ നിര്‍ണിതമായ ഏതാനും നാളുകളില്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കാനും വേണ്ടി'' (അല്‍ഹജ്ജ്: 28). 'ഒരുക്കപ്പെട്ട പ്രയോജനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും കാണാനും' എന്ന് വിവരിച്ച ഹജ്ജിന്റെ ലക്ഷ്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. കഅ്ബയെ ലക്ഷ്യമാക്കി നീങ്ങുന്ന പരമകാരുണികന്റെ അതിഥികള്‍ തങ്ങള്‍ക്ക് ആര്‍ജിക്കാനുള്ള നേട്ടമെന്തെന്ന് തിരിച്ചറിയണം. 'മരങ്ങള്‍ കണ്ടു, കാട് കണ്ടില്ല' എന്ന് പറഞ്ഞതുപോലെ അനുഷ്ഠാനകര്‍മങ്ങളുടെ ശരിതെറ്റുകളുടെ വിശദാംശങ്ങള്‍ മാത്രം അന്വേഷിച്ചറിയുമ്പോള്‍ യഥാര്‍ഥ ലക്ഷ്യം അവഗണിക്കപ്പെടുന്നു. നേട്ടങ്ങളും പ്രയോജനങ്ങളും (മനാഫിഅ്) എന്നു പറഞ്ഞത് ദീനിനും ദുന്‍യാവിനും വിജ്ഞാനത്തിനും വ്യാപാരത്തിനും രാഷ്ട്രീയത്തിനും സാമ്പത്തികോല്‍ക്കര്‍ഷത്തിനും എന്നു വേണ്ട നന്മയും ക്ഷേമവും കുടികൊള്ളുന്ന സര്‍വതലങ്ങള്‍ക്കും ബാധകമായ വിശാലാര്‍ഥം മുന്നില്‍ കണ്ടാണ്. മുസ്‌ലിം ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതോടൊപ്പം പരസ്പര സഹകരണത്തിന്റെയും സഹായത്തിന്റെയും കണ്ണികള്‍ ബലപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ്. ദേശ-ഭാഷാ-വര്‍ണ ചിന്തകള്‍ക്കതീതമായ ഇസ്‌ലാമിക ഐക്യത്തിന്റെ വിളംബരമാണ് ഹജ്ജ്. തങ്ങള്‍ സഹോദരങ്ങളാണ്, വിശ്വാസികളും വിശ്വാസിനികളും സഹകാരികളാണ്, കെട്ടുറപ്പുള്ള കെട്ടിടത്തെപ്പോലെയാണ്, ഒറ്റ ശരീരമാണ് തുടങ്ങി സംഘബോധത്തിനും സുദൃഢസാഹോദര്യത്തിനും അടിവരയിടുന്ന തിരുവചനങ്ങളും ജീവസ്സുറ്റ ആവിഷ്‌കാരമാകുന്നു ഹജ്ജ്.
ദൈവത്തിന്റെ ക്ഷണമനുസരിച്ച് വ്യവസ്ഥാപിതമായി നടക്കുന്ന ഇസ്‌ലാമിക സമ്മേളനമാകുന്നു അത്. വര്‍ഷത്തില്‍ ഒരിക്കല്‍ ലോകരാഷ്ട്ര നേതാക്കളും പണ്ഡിതന്മാരും പ്രതിഭാശാലികളും ഒരുമിച്ചുകൂടുന്ന വാര്‍ഷിക സമ്മേളനത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്ക് ആധാരമായ കാര്യങ്ങളെല്ലാം ചര്‍ച്ചചെയ്യേണ്ടതുണ്ട്. സമര്‍ഥാസൂത്രിതമായ പദ്ധതികളും പരിപാടികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. ഇത് സാമൂഹിക തലത്തിലെ നേട്ടമാണെങ്കില്‍ വ്യക്തിപരമായ നേട്ടം വേറൊരു തലത്തിലാണ്. നമസ്‌കാരം, ത്വവാഫ്, സ്വദഖ, ഇഹ്‌സാന്‍, ഖുര്‍ആന്‍ പാരായണം, ദിക്ര്‍, ഇസ്തിഗ്ഫാര്‍, ദുആ എന്നിവക്കെല്ലാം പുറമെ വ്യക്തിയെ ഉത്കൃഷ്ട സ്വഭാവങ്ങളുടെ പടച്ചട്ടയണിയിക്കുന്നു ഹജ്ജ്. ക്ഷമ, സഹനം, ആത്മത്യാഗം, ആത്മസംയമനം, ആത്മനിയന്ത്രണം തുടങ്ങിയ വിശിഷ്ടമൂല്യങ്ങളുടെ പരിശീലനക്കളരി കൂടിയാകുന്നു ഹജ്ജ്. പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കാനുള്ള സോദ്ദേശ്യ കര്‍മമാണത്. ഹജ്ജ് സ്വീകാര്യമായോ എന്നറിയാനുള്ള മാപിനി ഹജ്ജ് കര്‍മാനന്തര ജീവിതമാണ്. ഹജ്ജിലെ കരുതലും ജാഗ്രതയും ദൈവഭയവും അല്ലാഹുവിന്റെ സന്നിധാനത്തിലാണെന്ന ബോധവും ഭാവി ജീവിതത്തെ നിയന്ത്രിക്കുന്ന ശക്തിയാണെങ്കില്‍ സന്തോഷിച്ചുകൊള്ളുക, ഹജ്ജ് സ്വീകരിക്കപ്പെട്ടിരിക്കുന്നു.
തീര്‍ഥാടകന്‍ തന്റെ ഹൃദയത്തില്‍ ബാക്കിവെക്കുന്നത് അല്ലാഹുവിനെയും അല്ലാഹുവിന്റെ ഭവനമായ കഅ്ബയെയുമാണ്. ആ വെളിച്ചമാണ് ഭാവി ജീവിതത്തെ നയിക്കുന്നത്. അതാണ് ഹജ്ജിന്റെ ആത്മാവും ആന്തര ചൈതന്യവും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (16-21)
ടി.കെ ഉബൈദ്‌