Prabodhanm Weekly

Pages

Search

2019 ജൂലൈ 05

3108

1440 ദുല്‍ഖഅദ് 01

മോണിക്കയുടെ ജീവിതസാഹസവും സിനഗോഗിലെ സന്ദര്‍ശനവും

അബ്ദുല്ല മന്‍ഹാം

[യാത്ര-2]

ഇക്‌നാ കണ്‍വെന്‍ഷനില്‍ രണ്ട് സെഷനുകളിലായിരുന്നു എന്റെ സംസാരങ്ങള്‍. 'ഇന്ത്യന്‍ മുസ്‌ലിംകള്‍: വെല്ലുവിളികള്‍ സാധ്യതകള്‍' എന്ന പാനല്‍ സെഷനായിരുന്നു ആദ്യത്തേത്. ശ്രോതാക്കളധികവും ഇന്ത്യക്കാര്‍. ജോലിയാവശ്യാര്‍ഥം അമേരിക്കയില്‍ താമസമാക്കിയവരും അവിടെ പൗരത്വം സ്വീകരിച്ച് കുടുംബസമേതം താമസിക്കുന്നവരുമായിരുന്നു അവര്‍. മലയാളികള്‍ക്ക് മാത്രമായുള്ള പ്രത്യേക സെഷനായിരുന്നു രണ്ടാമത്തേത്. ഇക്‌നാ സമ്മേളനത്തില്‍ ആദ്യമായിട്ടാണ് മലയാളികള്‍ക്കായി ഇങ്ങനെയൊരു സമാന്തര സെഷന്‍ ഉണ്ടാകുന്നത്. അമേരിക്കയിലെ മലയാളികളുടെ സംഘാടകശേഷിയും ഇസ്‌ലാമിക പ്രബോധന രംഗത്തുള്ള അവരുടെ സജീവതയും ഇതടയാളപ്പെടുത്തുന്നുണ്ട്. 'തീവ്ര വലതുപക്ഷവാദ കാലത്തെ ഇസ്‌ലാമിക പ്രതിനിധാനം' എന്നതായിരുന്നു ചര്‍ച്ചാ വിഷയം. സമ്മേളനത്തിലെ സംസാരത്തിനു പുറമെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ കേരള മുസ്‌ലിം കമ്യൂണിറ്റി അസോസിയേഷന്‍(KMCA)  സംഘടിപ്പിച്ച മലയാളി കുടുംബ സംഗമത്തിലും സംസാരിക്കാന്‍ അവസരം ലഭിച്ചു. രണ്ട് മസ്ജിദുകളില്‍ ഹ്രസ്വമായ ഉദ്‌ബോധനത്തിനും എംബ്രൈസ് (Embrace) ഇസ്‌ലാമിക് സെന്ററിലെ പുതുവിശ്വാസികളുടെ സംഗമത്തിനും ക്ഷണിക്കപ്പെടുകയുണ്ടായി. രണ്ടിടത്തും ലഘു ഉദ്‌ബോധനങ്ങള്‍ നടത്തി.
സമ്മേളനശേഷം വാഷിംഗ്ടണില്‍നിന്ന് ന്യൂജഴ്‌സിയിലേക്ക് വിമാനം കയറി. ഒരു മണിക്കൂര്‍ കൊണ്ട് വിമാനം ന്യൂജഴ്‌സിയിലെത്തി. കോഴിക്കോട് സ്വദേശി അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ന്യൂജഴ്‌സിയില്‍ താമസിക്കുന്ന വടകരക്കാരനായ മുഹമ്മദ് അസ്‌ലമിന്റെ വീട്ടിലായിരുന്നു താമസസൗകര്യം ഒരുക്കിയിരുന്നത്. രാത്രി ഞാനവിടെ എത്തുമ്പോള്‍ ന്യൂജഴ്‌സിയിലെ വ്യത്യസ്ത മലയാളി മുസ്‌ലിം കൂട്ടായ്മകളുടെ പ്രതിനിധികള്‍ എന്നെ സ്വീകരിക്കാന്‍ അസ്‌ലമിന്റെ വീട്ടില്‍ ഒരുമിച്ചുകൂടിയിരുന്നു. ന്യൂജഴ്‌സിയിലെ മസ്ജിദ് കമ്മിറ്റി അംഗം കൂടിയായ ഡോ. അബ്ദുസ്സമദും അവരുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു.
പിറ്റേ ദിവസം രാവിലെയാണ് ലോകാത്ഭുതങ്ങളിലൊന്നായ നയാഗ്ര വെള്ളച്ചാട്ടം കാണാനുള്ള ഷെഡ്യൂള്‍. മുഹമ്മദ് അസ്‌ലം അടക്കമുള്ള മലയാളികള്‍ക്കെല്ലാം ഡ്യൂട്ടിയുള്ള ദിവസമായിരുന്നു. അതിനാല്‍ നയാഗ്രയിലേക്കുള്ള ടൂറിസ്റ്റ് ബസിലാണ് എനിക്ക് യാത്രയൊരുക്കിയിരുന്നത്. ടൂറിസ്റ്റ് ബസ് പുറപ്പെടുന്ന സ്ഥലത്തെത്താന്‍ ഒരു മണിക്കൂര്‍ കാര്‍ യാത്ര വേണമായിരുന്നു. രാവിലെ 7 മണി ആയപ്പോഴേക്കും എന്നെ കൊണ്ടുപോകാന്‍ ടാക്‌സി കാര്‍ എത്തി. ഡ്രൈവര്‍ വനിതയാണ്. അമേരിക്കന്‍ വേഷം, വെള്ളക്കാരി, മുപ്പത് കഴിഞ്ഞ പ്രായം തോന്നിക്കും. ഞാന്‍ കാറിന്റെ പിന്‍സീറ്റില്‍ കയറി. ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ന്യൂയോര്‍ക്കിലെ പ്രാന്തപ്രദേശത്ത് ടൂര്‍ ബസ് നിര്‍ത്തുന്ന സ്ഥലത്തു നിന്ന് മറ്റു ടൂറിസ്റ്റുകളോടൊപ്പം ചേരാം. ഡ്രൈവറും ഞാനും മാത്രം. അല്‍പനേരം പുറംകാഴ്ചകള്‍ കണ്ടു. പിന്നെ വിലപ്പെട്ട സമയത്തെക്കുറിച്ചായി ചിന്ത. ഡ്രൈവറോട് സംസാരിച്ചാലോ? അവര്‍ക്കിഷ്ടമാകുമോ?! എന്താണ് സംസാരിക്കേണ്ടത്? വനിതയായതിനാല്‍ കുറേ ആശങ്കകള്‍ മനസ്സില്‍ കടന്നുകൂടി. ഏതായാലും സ്വദേശിയായ ഡ്രൈവറോടൊപ്പം കിട്ടിയ സമയം വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ തുണയുണ്ടാവണേ എന്ന പ്രാര്‍ഥനയോടെ അവരോട് സംഭാഷണത്തിന് തുടക്കമിട്ടു. അമേരിക്കന്‍ ജീവിതത്തിന്റെ പുറംപൂച്ചുകള്‍ക്കപ്പുറത്തുള്ള ഒരു ജീവിതം അനാവൃതമാവുകയായിരുന്നു.
മോണിക്ക എന്നാണ് പേര്. സിംഗ്ള്‍ മദര്‍ എന്നും അവര്‍ പരിചയപ്പെടുത്തി, ആദ്യ ഭര്‍ത്താവ് അകാലത്തില്‍ മരണമടഞ്ഞതാണ്. അതില്‍ രണ്ട് മക്കള്‍, ഒരാണും ഒരു പെണ്ണും. പിന്നെ മറ്റൊരു വിവാഹം കഴിച്ചു. അതിലൊരു കുട്ടി. മൂന്നു മക്കളുടെ ചെലവുഭാരം തനിച്ച് വഹിക്കുന്ന മാതാവ്. ഊബര്‍ ജോലി കൂടാതെ രണ്ട് പാര്‍ട്ട്‌ടൈം തൊഴില്‍ വേറെയുമു്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ മൂന്നു ജോലികള്‍ ചെയ്തു മല്ലിടുന്ന മഹിള. പക്ഷേ, നിരാശയില്ല. അഛന്‍ മെക്‌സിക്കോ പൗരനായിരുന്നു. ജോലിയാവശ്യാര്‍ഥം അമേരിക്കയിലെത്തി. മോണിക്ക ജനിച്ചത് അമേരിക്കയില്‍. അതിനാല്‍ ജന്മംകൊണ്ട് നേടിയ പൗരത്വമുണ്ട്. അഛന്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ചെറുപ്രായത്തില്‍തന്നെ മോണിക്കയും മെക്‌സിക്കോയിലേക്ക് പോയി. 25 വര്‍ഷത്തോളം അവിടെ കഴിഞ്ഞു. അതിനിടയില്‍ സംഭവബഹുലമായ ജീവിതം. വിവാഹം, വിവാഹമോചനം, കുട്ടികള്‍... സ്വന്തം നാട്ടിലെ സാമ്പത്തിക ഞെരുക്കം കാരണം അവരും മക്കളും ജന്മനാടായ അമേരിക്കയിലേക്ക് തിരിച്ചുപോന്നു.
രണ്ടാമത്തെ വിവാഹത്തിന് ആയുസ്സ് കുറവായിരുന്നു. ഭര്‍ത്താവ് കത്തോലിക്കനായിരുന്നു. പക്ഷേ അല്‍പം പോലും ധാര്‍മിക വിശുദ്ധിയില്ലായിരുന്നു. വീട്ടില്‍ എന്നും വഴക്കും വക്കാണവും. അടിയും തൊഴിയും. ശകാരവര്‍ഷങ്ങളില്ലാത്ത നാളില്ല. സഹിക്കാന്‍ വയ്യാതായപ്പോള്‍ വേര്‍പിരിഞ്ഞു.(Separated).. പിന്നീട് നിയമപരമായിത്തന്നെ വിവാഹമോചനം നേടി.
'നിങ്ങള്‍ കത്തോലിക്കാ വിശ്വാസിയാണോ എന്നായി എന്റെ അടുത്ത അന്വേഷണം. ഉടനെ മറുപടി; No more a Catholic, I am a Christian (ഇപ്പോള്‍ കത്തോലിക്കക്കാരിയല്ലേയല്ല, ഞാനൊരു ക്രിസ്ത്യാനിയാണ്).
എനിക്ക് അല്‍പം അവ്യക്തത തോന്നി. വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ വാചാലയായി: കത്തോലിക്കക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല; പുരുഷന്മാരെ പ്രത്യേകിച്ചും. അവര്‍ക്ക് വിശ്വാസം കുറവാണ്. സദാചാരനിഷ്ഠയില്ല. സുഖിച്ചു ജീവിക്കണം; ബൈബിളും വിശ്വാസവും ഒന്നും അവര്‍ പരിഗണിക്കുന്നില്ല. അവര്‍ തുടര്‍ന്നു: ഞാന്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങിയിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. ആകെ ആശയക്കുഴപ്പം മാത്രം. പള്ളിയിലെ അച്ചനോട് ഞാന്‍ കാര്യം പറഞ്ഞു. 'നീ എന്തിനാ ബൈബിള്‍ വായിക്കുന്നത്? ഇവിടെ ബൈബിള്‍ ക്ലാസില്‍ പങ്കെടുത്താല്‍ മതി' എന്നായിരുന്നു പാതിരിയുടെ പ്രതികരണം. അതില്‍പിന്നെ പള്ളിയില്‍ പോകാറില്ല.
''ഞാന്‍ ഇസ്‌ലാം വിശ്വാസിയാണ്. വിശുദ്ധ ഖുര്‍ആനാണ് ഞാന്‍ വായിക്കുന്ന വേദഗ്രന്ഥം. അതില്‍ വായിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന വചനങ്ങള്‍ ധാരാളം. മാത്രമല്ല ആദ്യമായി മുഹമ്മദ് പ്രവാചകന് അവതരിച്ച വചനങ്ങള്‍ 'വായിക്കുക' എന്ന കല്‍പനയായിരുന്നു.'' ഞാന്‍ വിശദീകരിച്ചത് അവര്‍ കൗതുകത്തോടെ കേള്‍ക്കുന്നുണ്ടായിരുന്നു.
'ബൈബിള്‍ ക്ലാസില്‍ പാതിരിമാര്‍ പലതും മറച്ചുവെക്കാറാണ് പതിവ്' - അവര്‍ തുടര്‍ന്നു. പന്നിമാംസം അശുദ്ധമാണെന്നും അത് കഴിക്കരുതെന്നും ബൈബിള്‍ പറയുന്നുണ്ട്. നേരത്തേ അതുപയോഗിച്ചിരുന്ന ഞാന്‍ അത് പാടേ ഉപേക്ഷിച്ചു. മദ്യവും കഴിക്കാറില്ല. കത്തോലിക്കരെപ്പോലെ അഴിഞ്ഞാടി നടക്കുന്ന പെണ്ണുമല്ല ഞാന്‍ - അവര്‍ പറഞ്ഞുനിര്‍ത്തി.
അമേരിക്കന്‍ യുവജനങ്ങളിലെ സദാചാര പാപ്പരത്തത്തെക്കുറിച്ച കടുത്ത വിമര്‍ശനമാണ് മോണിക്ക ഉന്നയിച്ചത്. പലരും എന്നെ പരിചയപ്പെടാന്‍ വരും. അവര്‍ക്ക് താല്‍ക്കാലിക ബന്ധങ്ങളില്‍ മാത്രമേ നോട്ടമുള്ളൂ. വിവാഹത്തിലൂടെ ഭദ്രമായ കുടുംബജീവിതമല്ല അവരുടെ ലക്ഷ്യം. അത്തരക്കാരോട് സന്ധിയാവാന്‍ ഞാന്‍ തയാറല്ല. വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം. മതമൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള ഒരമ്മയുടെ ഉറച്ച പ്രഖ്യാപനം. സമയം നീങ്ങിയതറിഞ്ഞില്ല. ടൂറിസ്റ്റ് ബസിനടുത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു മനോഹര സംഭാഷണത്തിന് പെട്ടെന്ന് അറുതിയായപോലെ. ധൃതിയില്‍ ഇറങ്ങി യാത്ര പറഞ്ഞപ്പോള്‍ അവരുടെ ഫോണ്‍ നമ്പര്‍ വാങ്ങാന്‍ സാധിക്കാതെ പോയത് വലിയ നഷ്ടബോധമായി. നയാഗ്ര വെള്ളച്ചാട്ടത്തിനു കുറുകെ ഞാണിന്മേല്‍ നടക്കുക എന്ന അതിസാഹസികത കാണിച്ച ഒരാളുടെ കഥ വായിച്ചിട്ടുണ്ട്. ഈ വനിതയും സാഹസികതയുടെ കൂടപ്പിറപ്പാണ്. അവര്‍ക്ക് നല്ലതുമാത്രം വരട്ടെ എന്ന പ്രാര്‍ഥനയായിരുന്നു പിന്നീട് മനസ്സില്‍.
നയാഗ്ര വെള്ളച്ചാട്ടവും മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളും ചുറ്റിക്കണ്ട് രണ്ടു ദിവസത്തിനു ശേഷം അസ്‌ലമിന്റെ വീട്ടില്‍ തിരികെയെത്തി. പിറ്റേ ദിവസം വെള്ളിയാഴ്ചയായിരുന്നു. ന്യൂജഴ്‌സിയിലെ അസ്‌ലമിന്റെ വീടിനടുത്തുള്ള മസ്ജിദില്‍ ഖുത്വ്ബ നിര്‍വഹിക്കാന്‍ അവസരം ലഭിച്ചു. അഞ്ഞൂറിനടുത്ത് ആളുകളെ ഉള്‍ക്കൊള്ളുന്ന പള്ളിയായിരുന്നു. തദ്ദേശീയരായ അമേരിക്കന്‍ മുസ്‌ലിംകളായിരുന്നു മസ്ജിദിലധികവും. ഇംഗ്ലീഷിലായിരുന്നു ഖുത്വ്ബ നിര്‍വഹിച്ചത്. മസ്ജിദ് ഇമാമിനെയും കമ്മിറ്റിയംഗങ്ങളെയും വിശദമായി പരിചയപ്പെട്ടു. തിരുവനന്തപുരത്തുകാരനായ ബഷീറും ആ മസ്ജിദ് കമ്മിറ്റിയംഗമായിരുന്നു. അമേരിക്കയില്‍ താമസിക്കുന്ന മിക്ക മലയാളി മുസ്‌ലിംകളും അവിടെയുള്ള ഇസ്‌ലാമിക് സെന്ററുകളും പള്ളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. അമേരിക്കയില്‍ നടക്കുന്ന പ്രബോധന പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാമിക ചലനങ്ങളിലും ചെറുതല്ലാത്ത പങ്ക് അവര്‍ക്കുണ്ട്.
ഡാളസ് യാത്രയായിരുന്നു ശനിയാഴ്ചത്തെ ഷെഡ്യൂള്‍. ന്യൂജഴ്‌സിയില്‍നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് വിമാനമാര്‍ഗം ഡാളസിലെത്തി. ന്യൂ
ജഴ്‌സിയില്‍നിന്ന് മൂന്നര മണിക്കൂര്‍ വിമാനയാത്രയു് ഡാളസിലേക്ക്. അമേരിക്കയുടെ തെക്കന്‍ മേഖലയിലെ ടെക്‌സാസ് സംസ്ഥാനത്താണ് പ്രമുഖ നഗരമായ ഡാളസ്. എടപ്പാള്‍ സ്വദേശി യാസിര്‍ ആയിരുന്നു ആതിഥേയന്‍. ഡാളസിലെ ഇസ്‌ലാമിക് സെന്ററിനടുത്ത ഹൗസിംഗ് കോളനിയിലായിരുന്നു യാസിറിന്റെ വീട്. ഇക്‌നയുടെ പ്രധാനപ്പെട്ട ഓഫീസുകളൊന്ന് ഡാളസിലാണ്. അവിടേക്കായിരുന്നു ആദ്യയാത്ര. പിന്നീട് ഹനഫികളുടെ ഉന്നത മതപഠനകേന്ദ്രമായ അല്‍ഖലം ഇന്‍സ്റ്റിറ്റിയൂട്ട്, അമേരിക്കയിലും യൂറോപ്പിലും ഇസ്‌ലാം എങ്ങനെ പരിചയപ്പെടുത്തണമെന്ന് ഗവേഷണം നടത്തുന്ന റിസര്‍ച്ച് സ്ഥാപനമായ യഖീന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഇസ്‌ലാം സ്വീകരിച്ചവരുടെ ശിക്ഷണ പരിപാലനത്തിനുള്ള സ്ഥാപനമായ എംബ്രൈസ് ഇസ്‌ലാം എന്നിവ സന്ദര്‍ശിച്ചു. ഇമാം സഈദ് പള്‍സറാണ് എംബ്രൈസ് ഇസ്‌ലാമിന് നേതൃത്വം നല്‍കുന്നത്. ഇക്‌നാ കണ്‍വെന്‍ഷനില്‍ പ്രഭാഷകനായി അദ്ദേഹമുണ്ടായിരുന്നു. സ്ഥാപനത്തിലുള്ള പുതുവിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹമെനിക്ക് സൗകര്യമൊരുക്കി. അമേരിക്കയില്‍ ഇസ്‌ലാമിന്റെ പ്രചാരണത്തിന് വ്യവസ്ഥാപിതമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും അടുത്തറിയാന്‍ സാധിച്ച സന്തോഷത്തോടെയാണ് മൂന്ന് ദിവസം നീണ്ട ഡാളസ് സന്ദര്‍ശനം അവസാനിച്ചത്.
ന്യൂയോര്‍ക്കായിരുന്നു അടുത്ത ലക്ഷ്യം. ന്യൂജഴ്‌സിയിലുള്ള അബ്ദുല്‍ അസീസിന്റെ കൂടെ ബസ്സിലായിരുന്നു യാത്ര. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി, എംബയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, ടൈംസ് സ്‌ക്വയര്‍, ബ്രൂക്‌ലിന്‍ ബ്രിഡ്ജ്, വണ്‍വേള്‍ഡ് ട്രേഡ് സെന്റര്‍ (2001 സെപ്റ്റംബര്‍ 11-ന് തകര്‍ക്കപ്പെട്ട വേള്‍ഡ് ട്രേഡ് സെന്ററിന്റെ സ്ഥാനത്ത് നിര്‍മിക്കപ്പെട്ട കെട്ടിടം), വാള്‍ സ്ട്രീറ്റ്, സി.ടി.എഫ് ഫൈനാന്‍സ് സെന്റര്‍ എന്നീ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ഒീു ീി ഒീു ീള ആൗ െടലൃ്ശരല എന്ന പേരില്‍ വിനോദ സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായ ഗൈഡഡ് ടൂര്‍ ടിക്കറ്റെടുത്തുള്ള യാത്രയില്‍ നഗരം മുഴുവന്‍ ചുറ്റിക്കാണാം.
പ്രസിഡന്റ് ജോണ്‍ ആഡംസിന്റെ ഭരണകാലത്ത് 1800-ല്‍ സ്ഥാപിച്ച കോണ്‍ഗ്രസ് ലൈബ്രറിയില്‍ 470 ഭാഷകളിലായി 24.6 ദശലക്ഷം ഗ്രന്ഥങ്ങളുണ്ട്. ലോകത്തെ ഏറ്റവുമധികം ഗ്രന്ഥശേഖരമുള്ള ലൈബ്രറികളിലൊന്നാണിത്. ചരിത്രപ്രധാനമായ 14 ദശലക്ഷം ഫോട്ടോകളും 55 ലക്ഷം മാപ്പുകളും 36 ലക്ഷം റെക്കോര്‍ഡിംഗ്‌സും 70 ദശലക്ഷം കൈയെഴുത്തു ഗ്രന്ഥങ്ങളും ഇവിടെ സംരക്ഷിച്ചുവെച്ചിട്ടുണ്ട്.
ഒരു ദിവസംകൊണ്ട് ന്യൂയോര്‍ക്ക് ചുറ്റിക്കണ്ട ശേഷം അവസാന സന്ദര്‍ശന സ്ഥലമായ ചിക്കാഗോയിലേക്ക് വിമാനം കയറി. കണ്ണൂര്‍ സ്വദേശി സുഹൈല്‍ എയര്‍പോര്‍ട്ടില്‍നിന്ന് എന്നെ താമസസൗകര്യമൊരുക്കിയ ഹോട്ടലില്‍ എത്തിച്ചു. സുഹൈലിന്റെയും കാവനൂര്‍ സ്വദേശി ഹാമിദലി കൊട്ടപ്പറമ്പിന്റെയും കൂടെയാണ് പിറ്റേ ദിവസം മുതല്‍ ചിക്കാഗോയിലെ വ്യത്യസ്ത സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചത്. ദാറുല്‍ ഖാസിം കോളേജ്, ദാറുസ്സലാം മസ്ജിദ് ആന്റ് സെമിനാരി എന്നിവയാണ് ആദ്യം സന്ദര്‍ശിച്ചത്. പിന്നീട് ചിക്കാഗോയിലെ പ്രശസ്ത ഇസ്‌ലാമിക് സെന്ററായ മോസ്‌ക് ഫൗണ്ടേഷനിലെത്തി. മസ്ജിദ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്‌കൂളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വിപുല സംവിധാനങ്ങളുള്ള സ്ഥാപനമാണ് മോസ്‌ക് ഫൗണ്ടേഷന്‍. സെന്ററിന്റ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത് ഇമാം അഹ്മദ് അറാഫത്താണ്. ഈജിപ്തിലെ അല്‍ അസ്ഹറില്‍നിന്ന് ബിരുദം നേടിയ അദ്ദേഹവുമായി സംസാരിച്ചു. ഇസ്‌ലാമിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അദ്ദേഹം ചിക്കാഗോ യൂനിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡിയും ചെയ്തുകൊണ്ടിരിക്കുന്നു. ആ വെള്ളിയാഴ്ച ജുമുഅക്ക് അവിടെയായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഖുത്വ്ബ കേള്‍ക്കാനും അവസരം ലഭിച്ചു. അറബിയും ഇംഗ്ലീഷും ഇടകലര്‍ത്തിയ സുന്ദരമായ ഖുത്വ്ബ.
യഹൂദരുടെ സിനഗോഗ് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതാണ് ചിക്കാഗോയിലെ മറ്റൊരു സവിശേഷ അനുഭവം. ഇന്റര്‍ഫെയ്ത്ത് ഡയലോഗില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സ്ത്രീ-പുരുഷ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഏതാനും നാളുകള്‍ക്കു മുമ്പ് കാലിഫോര്‍ണിയയിലെ സാന്റിയാഗോ നഗരത്തില്‍ ജൂതര്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും നടത്തിയ സൗഹൃദസന്ദര്‍ശനം. റബ്ബിമാരും മറ്റു  സ്റ്റാഫംഗങ്ങളും ഹൃദ്യമായി ഞങ്ങളെ വരവേറ്റു. വിവിധ സംഘങ്ങളുടെ പ്രതിനിധികളടങ്ങുന്ന സ്ത്രീപുരുഷന്മാരും കുട്ടികളും പ്ലക്കാര്‍ഡുകളുമായി അണിനിരന്നത് പ്രാദേശിക ചാനല്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്തു.
യഹൂദരുടെ പ്രാര്‍ഥനാ സദസ്സ് വീക്ഷിക്കാനും അവസരമുണ്ടായി. കടലാസ് ചുരുളായി സൂക്ഷിക്കുന്ന തോറ നിവര്‍ത്തിക്കാണിച്ച് റബ്ബി ബേര്‍ണി ന്യൂമാന്‍ അല്‍പനേരം സംസാരിച്ചു. ഞങ്ങളുടെ അന്വേഷണത്തിന് മറുപടി നല്‍കി.
കോഴിക്കോട് എന്‍.ഐ.ടിയില്‍ നടത്തിയ ഇംഗ്ലീഷ് ഖുത്വ്ബകളുടെ ഒരു സമാഹാരം കൈയിലുള്ളത് അദ്ദേഹത്തിന് സമ്മാനിച്ചു. നന്ദിപൂര്‍വം അത് വായിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
ഈ ദേവാലയത്തിലും കുട്ടികളുടെ വ്യവസ്ഥാപിത മതപഠനത്തിന് സൗകര്യമുണ്ട്. അത്തരം രണ്ട് ക്ലാസ് മുറികളില്‍ വെച്ച് ഞങ്ങള്‍ മഗ്‌രിബ് നമസ്‌കാരം നിര്‍വഹിച്ചു.
യാത്രയിലുടനീളം പുതുമയുള്ളതും സംഭവബഹുലവുമായ കാഴ്ചകള്‍, അനുഭവങ്ങള്‍.... ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും അമേരിക്കയില്‍ ശോഭനമായ ഭാവി ഉണ്ടെന്നതിന് അടിവരയിടുന്ന കാഴ്ചകള്‍ വിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. 26-ാം ദിവസം ചിക്കാഗോ എയര്‍പോര്‍ട്ടില്‍നിന്ന് ഞാന്‍ മടക്കയാത്രക്കുള്ള വിമാനം കയറി. ദുബൈ വഴി കൊച്ചി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുമ്പോള്‍ റമദാന്‍ ഒന്നിന്റെ അത്താഴ സമയമായിരുന്നു. 

(അവസാനിച്ചു)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (16-21)
ടി.കെ ഉബൈദ്‌