കുരിശുയുദ്ധങ്ങളെ അപനിര്‍മിക്കുന്നു
ഇസ്‌ലാമിക ദര്‍ശനത്തിലെ ജിഹാദ് അഥവാ വിശുദ്ധ യുദ്ധം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അനീതിക്കും അതിക്രമത്തിനും എതിരായുള്ള പോരാട്ടം എന്നാണ്. എന്നാല്‍ കുരിശുയുദ്ധം എന്ന പരികല്‍പന ഏതെങ്കിലും തരത്തിലുള്ള ക്രൈസ്തവ ആദര്‍ശങ്ങളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്തതാണ്. ശത്രുവിനെ സ്‌നേഹിക്കുക, വലതു കരണത്തടിച്ചാല്‍ ഇടത്തേതും കാണിച്ചുകൊടുക്കുക, സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും എന്നൊക്കെയുള്ള പ്രബോധനങ്ങള്‍ വഴി സ്വന്തം അനുയായികളെ പ്രബോധിപ്പിച്ച ഒരു ലോകഗുരുവിന്റെ അനുയായികള്‍, തല്‍ക്കാല കാര്യസാധ്യത്തിനായി വാളെടുത്ത് അപരിചിതമായ ഭൂപ്രദേശങ്ങളിലെ പെണ്ണുങ്ങളും കുട്ടികളും അടക്കമുള്ള സഹജീവികളെ കൊന്നൊടുക്കി എന്നതിന് യാതൊരു നീതീകരണവുമില്ല.
എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇതൊക്കെയാണ്. കൈയില്‍ വാളും കഴുത്തില്‍ കുരിശും അതായിരുന്നു കുരിശുയുദ്ധ പടയാളികളുടെ അടയാളം. മിക്കവരും അരോഗദൃഢഗാത്രരായ യുവാക്കള്‍. തൊഴിലില്ലായ്മയും ദാരിദ്ര്യവും നിമിത്തം പൊറുതിമുട്ടിയിരുന്ന ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കു കൈവന്ന ഒരു കനകാവസരമായിരുന്നു കുരിശുയുദ്ധം. പോയാല്‍ കുറേ ജീവിതങ്ങള്‍, കിട്ടിയാല്‍ ഒരു പുത്തന്‍ സാമ്രാജ്യം. പുറമെ മരണാനന്തരം സ്വര്‍ഗ സൗഭാഗ്യങ്ങളുടെ ക്ഷിപ്രലബ്ധിയും. മാര്‍പാപ്പമാരും മെത്രാന്മാരും സാധാരണ വൈദികരും ഇങ്ങനെ ഒരു തിട്ടൂരം പുറപ്പെടുവിച്ചപ്പോള്‍, അന്ധവിശ്വാസത്തില്‍ മൂക്കറ്റം താണുകിടന്നിരുന്ന യൂറോപ്യന്‍ ചെറുപ്പക്കാര്‍ കുരിശുയുദ്ധ പടയാളികളുടെ അണിയില്‍ കണ്ണിചേര്‍ക്കപ്പെട്ടു- ഇസ്‌ലാമിലെ ജിഹാദിനെയും കുരിശുയുദ്ധത്തെയും താരതമ്യപ്പെടുത്തിയുള്ള നിഷ്പക്ഷവും സത്യസന്ധവുമായ വിലയിരുത്തല്‍. ക്രൈസ്തവ പണ്ഡിതനും ഗ്രന്ഥകാരനുമായ കെ.സി വര്‍ഗീസ് 'ക്രിസ്തുമതം ചരിത്രവും ദര്‍ശനവും' എന്ന കൃതിയില്‍ എഴുതിയതാണ് മേല്‍ ഉദ്ധരണി (പേജ് 171). കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണിത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 450 പേജുള്ള ഗ്രന്ഥത്തിന്റെ വില 240 രൂപ.
ഏതെങ്കിലും ഒരു പ്രത്യേക മതശാഖയോട് പ്രതിബദ്ധത പുലര്‍ത്താതെ എല്ലാവിധ മുന്‍വിധികളില്‍നിന്നും വിമുക്തമായി വസ്തുതകളെ വസ്തുതകളായി വിശകലനം ചെയ്യുന്ന ശൈലിയാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍ ഉടനീളം അവലംബിച്ചിരിക്കുന്നത് എന്ന് അവതാരികയില്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍. ഈ ഗ്രന്ഥത്തിന്റെ സവിശേഷതയും അതുതന്നെ. ഇസ്‌ലാമിന്റെ അരങ്ങേറ്റവും ക്രിസ്തുമതവും, കുരിശുയുദ്ധങ്ങള്‍ ക്രിസ്തുമത ചരിത്രത്തിലെ ചില കറുത്ത പാടുകള്‍, ക്രിസ്തുമതവും ഇസ്‌ലാമും ഒരു സൈദ്ധാന്തിക വിചാരണ എന്നിവ ഇതിലെ ചില അധ്യായങ്ങളാണ്. ''ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനം തുടക്കം മുതലേ ഇസ്‌ലാമിന്റെ ശൈലിയായിരുന്നില്ല. പരിശുദ്ധ ഖുര്‍ആനിലെ ദൈവിക വെളിപാടുകളുടെ കാവ്യാത്മകത അസാധാരണവും ആകര്‍ഷണീയവുമായി ജനങ്ങള്‍ക്കനുഭവപ്പെട്ടു.അറബിഭാഷയുടെ അസാധാരണമായ കാവ്യസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ഖുര്‍ആന്റെ അര്‍ഥവും അഴകും ചോര്‍ന്നുപോകാതെ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഒരു ഭാഷയിലേക്കും ഈ മഹത്ഗ്രന്ഥം മൊഴിമാറ്റം നടത്താന്‍ ഇന്നോളം ആര്‍ക്കും കഴിഞ്ഞിട്ടില്ല'' (പേജ് 146). ഒരു ക്രൈസ്തവ പണ്ഡിതനാണ് ഇതെഴുതുന്നത്. മറ്റൊരു വിലയിരുത്തല്‍ കാണുക: ''വെളിപാടുകളുടെയും ചരിത്രത്തിലുള്ള ദൈവത്തിന്റെ ഇപെടലുകളുടെയും അത്ഭുതങ്ങള്‍ കാട്ടി ആളെ ആകര്‍ഷിക്കുന്നതിന്റെയുമൊക്കെ കാലം കഴിഞ്ഞുപോയിരിക്കുന്നു എന്നൊരു സന്ദേശവും ഖുര്‍ആന്‍ ആത്യന്തികമായി നല്‍കുന്നുണ്ട്'' (പേജ് 146). ഇസ്‌ലാം നിലനില്‍ക്കുന്നത് അത്ഭുതകഥകളുടെയും ആരുടെയൊക്കെയോ കറാമത്തുകളുടെയും പേരിലാണെന്ന് തോന്നിപ്പോകും പലരുടെയും പ്രസംഗങ്ങള്‍ കേട്ടാല്‍. ഇവിടെയാണ് ഒരു അമുസ്‌ലിം പണ്ഡിതന്‍ ഇസ്‌ലാമിനെക്കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്.
Comments