ജീവനില്ലാത്ത കുപ്പായങ്ങള്‍
നൂറ്റാണ്ടുകള്‍ക്കു മുമ്പ്
കുഴിച്ചിട്ട
വിഷജന്തുക്കള്‍
പുതുജീവന്‍ വെച്ച്
ഫണം വിടര്‍ത്തിയാടുന്നു
പൂത്തുകായ്ച്ച മരങ്ങള്‍
ഞൊടിയിടയില്‍
ജലം ലഭിക്കാതെ
ശ്വാസം മുട്ടി തൊണ്ട വരണ്ട്
മരിക്കുന്നു
ഉള്ളിലൊളിച്ചവ
ഉളുപ്പില്ലാതെ
മറനീക്കി പുറത്തുവരുന്നു
നവോത്ഥാനം
പദങ്ങളില്‍ തപസ്സിരിക്കുന്നു
ഇത് എട്ടുകാലി
മമ്മൂഞ്ഞിമാരുടെ വസന്തകാലം
ആരാന്റെ ഗര്‍ഭംതാങ്ങികളെ കൊണ്ട്
പുറത്തിറങ്ങി നടക്കാന്‍ വയ്യ
ഇവിടെ പിടിക്കപ്പെട്ടവന്‍ മാന്യന്‍
പിടികൊടുക്കാത്തവന്‍ രാജാവ്
നട്ടുച്ചക്കിറങ്ങി
ഇത് പാതിരാവാണെന്നു പറഞ്ഞ്
സാധുജനത്തെ വഞ്ചിക്കുന്നു
നാനാജാതി വേഷം പൂണ്ട
ആള്‍ദൈവ സംഘങ്ങള്‍
മിണ്ടരുത് പോലും
മതമിടപെടുമത്രെ
ആദ്യം കൂച്ചുവിലങ്ങിട്ടത്
ജീവനുള്ള മതത്തിന്
അപ്പോള്‍ പിന്നെ
കൈകാലുകളരിഞ്ഞെടുത്ത്
ശിരസ്സറുത്ത്
കുത്തനെ നിര്‍ത്തപ്പെടുന്ന മതം
പേടിപ്പിക്കുന്ന മതം തന്നെ
സംശയമില്ല
വേലി തുളച്ച് പുറത്തുവരുന്ന
വൃദ്ധ മാതാവിനെ
ആര്‍ക്കും കാണണ്ട
ചുമരില്‍ തറച്ച
അസ്ഥിപഞ്ജരങ്ങളാരെയും
അസ്വസ്ഥമാക്കുന്നില്ല
ഇളം ചോരക്കും വിലയില്ല
നിലവിളിക്കും വിലയില്ല
എല്ലാവര്‍ക്കും കുപ്പായം മതി
കറുപ്പും വെളുപ്പും
പച്ചയും ചുകപ്പും
മഞ്ഞയും കാവിയും
നിറമുള്ള കുപ്പായങ്ങള്‍
ഈ കുപ്പായത്തില്‍
ചോരയുണ്ടെന്ന്
ഈ കുപ്പായത്തിന്
ഓട്ടയുണ്ടെന്ന്
ഈ കുപ്പായങ്ങള്‍ക്ക്
ജീവനില്ലെന്ന്
ഉറക്കെപ്പാടാന്‍
നേരമായിരിക്കുന്നു..
Comments