Prabodhanm Weekly

Pages

Search

2018 നവംബര്‍ 23

3077

1440 റബീഉല്‍ അവ്വല്‍ 14

11/6 - അമേരിക്കന്‍ മുസ്‌ലിം ചരിത്രത്തിലെ നാഴികക്കല്ല്

ഖാലിദ് എ. ബൈദൂന്‍

ചില തീയതികള്‍ അമേരിക്കന്‍ മുസ്‌ലിംകളുടെ മനസ്സുകളില്‍ ഒരിക്കലും മായ്ക്കാനാവാത്തവിധം കൊത്തിവെക്കപ്പെട്ടതാണ്. അപമാനവും ദുരിതവും പേറേണ്ടിവന്ന, അഭൂതപൂര്‍വമായ വിധത്തിലുള്ള ഭയത്തിനും ഉല്‍ക്കണ്ഠക്കും ഇരയാക്കപ്പെടലിനും കൂട്ടം ചേര്‍ന്നുള്ള തിരിച്ചടികള്‍ക്കും വിധേയമായ നിമിഷങ്ങളെ അടയാളപ്പെടുത്തുന്ന തീയതികളാണ് അധികവും. ആദ്യം മനസ്സിലേക്കെത്തുന്നത് രണ്ട് തീയതികള്‍ -9/11 (സെപ്റ്റംബര്‍ 11), 11/9 (നവംബര്‍ 9). ഈ രണ്ട് ദിനങ്ങളില്‍ അമേരിക്കന്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം എല്ലാം മാറിമറിഞ്ഞു. സെപ്റ്റംബര്‍ പതിനൊന്നിന് ന്യൂയോര്‍ക്ക് നഗരത്തിലും വാഷിംഗ്ടണ്‍ ഡി.സിയിലും ഭീകരാക്രമണങ്ങള്‍. നവംബര്‍ ഒമ്പതിന്, ചര്‍മത്തിന് പിംഗല വര്‍ണമുള്ള ഒരാള്‍ ഇസ്‌ലാമോഫോബിയയുടെ തരംഗത്തിലേറി വൈറ്റ് ഹൗസില്‍ കയറിപ്പറ്റുന്നു.

തീര്‍ച്ചയായും 11/6 (നവംബര്‍ 6) മറ്റു തീയതികളില്‍നിന്ന് വേറിട്ടു നില്‍ക്കുന്നു. എന്നു മാത്രമല്ല അമേരിക്കന്‍ ഐക്യനാടുകളെ തങ്ങളുടെ സ്വന്തം നാടായി കാണുന്ന എട്ടു മില്യന്‍ മുസ്‌ലിംകള്‍ക്കെതിരെ തൊടുത്തുവിടുന്ന ശകാരങ്ങളെയും അധിക്ഷേപങ്ങളെയും അത് നേര്‍ക്കു നേരെ ചെറുക്കുന്നുമുണ്ട്. 2018 നവംബര്‍ ആറിന് രണ്ട് അമേരിക്കന്‍ മുസ്‌ലിം വനിതകള്‍ ഔദ്യോഗികമായിത്തന്നെ ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്തത്. മിനിസോട്ടയില്‍നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരി ഇല്‍ഹാന്‍ ഉമര്‍ റിപ്പബ്ലിക്കന്‍ എതിരാളിയെ തറപറ്റിച്ച് അമേരിക്കന്‍ കോണ്‍ഗ്രസില്‍ സീറ്റ് നേടിയെടുത്തു. കിഴക്കോട്ട് രണ്ട് സ്‌റ്റേറ്റുകള്‍ക്കപ്പുറത്ത് മിച്ചിഗണിലെ പതിമൂന്നാം പ്രതിനിധിസഭാ ഡിസ്ട്രിക്റ്റില്‍നിന്ന് രണ്ട് എതിരാളികളെ മലര്‍ത്തിയടിച്ച് മറ്റൊരു മുസ്‌ലിം വനിതയും വാഷിംഗ്ടണ്‍ ഡി.സിയില്‍ സീറ്റുറപ്പിച്ചു- റശീദ ത്വുലൈബ്.

രണ്ട് മുസ്‌ലിം വനിതകള്‍ ജനപ്രതിനിധി സഭയായ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തിരിക്കുകയാണ്. അമേരിക്കന്‍ മുസ്‌ലിം വനിതകള്‍ കോണ്‍ഗ്രസിലെത്തുന്നത് ഇത് ചരിത്രത്തിലാദ്യം. ഭീകരാക്രമണം നടന്നുവെന്ന് കേള്‍ക്കുമ്പോഴെല്ലാം 'അതൊരു മുസ്‌ലിം ആയിരിക്കരുതേ' എന്ന് പ്രാര്‍ഥിച്ചവര്‍ ഈ ചരിത്ര വിജയത്തിനു ശേഷം 'മുസ്‌ലിമായിരിക്കുന്നതില്‍ അഭിമാനിക്കുന്നു' എന്ന് ഉറക്കെപ്പറയുന്നു.

കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് മുസ്‌ലിം സ്ത്രീകളില്‍ ഒരാള്‍ ഒരു ഫലസ്ത്വീന്‍ അഭയാര്‍ഥിയുടെ മകളാണ്, മറ്റേയാള്‍ അഭയാര്‍ഥി തന്നെയാണ്. വാഷിംഗ്ടണില്‍ ഇസ്‌ലാംഭീതി അതിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ തന്നെയാണ് ഈ വിജയങ്ങള്‍ സംഭവിക്കേണ്ടിയിരുന്നത്. ഇതിനേക്കാള്‍ മികച്ച മറ്റൊരു സമയമില്ല. അമേരിക്കന്‍ മുസ്‌ലിംകളുടെ മനോവീര്യമുയര്‍ത്താന്‍ ഇങ്ങനെയൊരു പ്രതീക്ഷയുടെ തിരിനാളം അനിവാര്യമായിരുന്നു. ട്രംപിന്റെയും അയാളുടെ പടയാളികളുടെയും വെള്ളവംശീയ മേധാവിത്വ സ്വപ്‌നത്തിനേറ്റ പ്രഹരം തന്നെയാണ് ഈ വിജയങ്ങള്‍.

ലാറ്റിനോകളും കറുത്ത വര്‍ഗക്കാരും തിങ്ങിത്താമസിക്കുന്ന, കുറച്ച് അറബ് കുടുംബങ്ങള്‍ അങ്ങിങ്ങായി കാണപ്പെടുന്ന ഡെട്രോയിറ്റിന്റെ തെക്കു പടിഞ്ഞാറാണ് റശീദ ത്വുലൈബ് വളര്‍ന്നത്. ഇല്‍ഹാന്‍ ഉമറാകട്ടെ ജന്മനാടായ സോമാലിയയില്‍ രൂക്ഷത പ്രാപിച്ച ആഭ്യന്തര യുദ്ധത്തില്‍നിന്ന് രക്ഷതേടി ആദ്യമെത്തിയത് കെനിയയിലാണ്. അവിടെ നിന്നാണ് 1995-ല്‍ മിനിസോട്ടയിലെ മിനിയപൊലിസില്‍ അഭയാര്‍ഥിയായെത്തി അവിടെ സ്ഥിരതാമസമാക്കുന്നത്. ഇത് പിന്നീട് അമേരിക്കയില്‍ സോമാലി വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായി മാറുകയായിരുന്നു.

ഒരാള്‍ മിഡിലീസ്റ്റില്‍നിന്ന് മിഡ് വെസ്റ്റിലേക്ക്, മറ്റൊരാള്‍ ആഫ്രിക്കന്‍ മുനമ്പില്‍നിന്ന് 'കൊച്ചു മൊഗദിഷു'വിലേക്ക്. രണ്ടു പേരും വളര്‍ന്നത് ഒരേസമയം അമേരിക്കന്‍ ഹൃദയഭൂമിയെയും മുസ്‌ലിം അമേരിക്കയെയും പ്രതിനിധാനം ചെയ്യുന്ന ഒരു മേഖലയില്‍. ത്വുലൈബ് വരുന്ന ഡെട്രോയിറ്റ് അറബ് മുസ്‌ലിം അമേരിക്കന്‍ വംശജരുടെ തലസ്ഥാനമായാണ് ഗണിക്കപ്പെടാറുള്ളത്. അവിടെയുള്ള ഡിയര്‍ ബോണ്‍, ഹാംട്രംക് നഗരങ്ങളില്‍ പള്ളി മിനാരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നതു കാണാം. മുസ്‌ലിം കുടിയേറ്റ മേഖലയാണിത്. ഇല്‍ഹാന്‍ ഉമറിന്റെ മിനിയപൊലിസ്, വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന സോമാലി സഹോദരീ സഹോദരന്മാരുടെ ഒരു താവളമാണ്. അമേരിക്കന്‍ മാളുകള്‍ക്കൊപ്പം സോമാലി മാളുകളും നമുക്കവിടെ കാണാം. എഫ്.ബി.ഐയുടെ ഒരു കണ്ണ് എപ്പോഴും ഇവര്‍ക്കു മേല്‍ ഉണ്ടാകും.

11/6 എന്ന തീയതി ചരിത്രപ്രധാനമായ നാഴികക്കല്ലാവുന്നത്, റശീദയും ഇല്‍ഹാനും ഈ വിജയം കൊണ്ട് വലിയതെന്തോ നേടിയതുകൊണ്ടല്ല. തങ്ങള്‍ വരുന്ന സമൂഹങ്ങളുടെ പ്രതിനിധികളാണവര്‍. ഒരാള്‍ അറബിയും മുസ്‌ലിമും, മറ്റേയാള്‍ സോമാലിയും മുസ്‌ലിമും. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ മകള്‍ ത്വുലൈബ് ജയിച്ചപ്പോള്‍ അവരെ ഫലസ്ത്വീന്‍ പതാക പുതപ്പിക്കുന്നുണ്ട് അവരുടെ മാതാവ്. വെസ്റ്റ് ബാങ്കിലുള്ള തന്റെ മുത്തഛന്നും മുത്തശ്ശിക്കും നന്ദി പറയുന്നുമുണ്ട് ത്വുലൈബ്. അപ്പോള്‍ ഞാനുള്‍പ്പെടെ പല ധാരകളില്‍നിന്നെത്തിയ അനുയായി സാഗരം അവര്‍ക്ക് ചുറ്റും കൂടിനില്‍പ്പുണ്ടായിരുന്നു. ക്ഷമാപണ മനസ്സ് കുടഞ്ഞെറിഞ്ഞ ഫലസ്ത്വീനിയും മുസ്‌ലിമുമാണ് റശീദ ത്വുലൈബ്. ഡെട്രോയിറ്റുകാരുടെ പ്രകൃതം കൈമുതലാക്കി അവര്‍ പിന്തുണ തേടി ആയിരക്കണക്കിന് വാതിലുകളില്‍ ചെന്നുമുട്ടി. ഒടുവില്‍ ആ മുട്ടലില്‍ തകര്‍ന്നത് വാഷിംഗ്ടണ്‍ ഡി.സിയില്‍ പണിതുവെച്ച മതിലാണ്. അമേരിക്കന്‍ കോണ്‍ഗ്രസിലെത്തുന്ന ചരിത്രത്തിലെ ആദ്യത്തെ ഫലസ്ത്വീനിയന്‍ മുസ്‌ലിം വനിത.

ഇല്‍ഹാന്‍ ഉമര്‍ ആദ്യ സോമാലി കോണ്‍ഗ്രസ് വനിതയായിത്തീരുന്നത്, തന്റെ സോമാലിയക്കാരായ നാട്ടുകാരുടെ എണ്ണം അമേരിക്കയില്‍ ഒരു ലക്ഷത്തോളമെത്തിയ സന്ദര്‍ഭത്തിലാണ്. ത്വുലൈബിനെ പോലെ അവരും പരവിദ്വേഷ പ്രചാരണങ്ങളെ അതിജീവിച്ചു. 'നമ്മളെല്ലാവരും കൂടി വാഷിംഗ്ടണിലേക്ക് പോകുന്നു' എന്നാണവര്‍ ചുറ്റുംകൂടി നില്‍ക്കുന്ന സോമാലി കുടിയേറ്റക്കാരോട് വിളിച്ചു പറഞ്ഞത്. കൂടുതല്‍ ഉദാരമായ കുടിയേറ്റ നയങ്ങള്‍ വേണമെന്നാണ് ഇല്‍ഹാന്‍ ആവശ്യപ്പെടുന്നത്. ലിബറല്‍ ആശയങ്ങളോട് ചായ്‌വുണ്ടെങ്കിലും ഇല്‍ഹാന്‍ തന്റെ സോമാലി മുസ്‌ലിം വേരുകള്‍ കൈയൊഴിക്കുന്നില്ല. ത്വുലൈബിനെന്നപോലെ ഇല്‍ഹാന്നും, കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ എല്‍.ജി.ബി.ടിക്യു സമൂഹം വരെ, യാഥാസ്ഥിതിക മുസ്‌ലിംകള്‍ മുതല്‍ ബ്ലാക് ലൈവ്‌സ് മാറ്റര്‍ ആക്ടിവിസ്റ്റുകള്‍ വരെ പിന്തുണക്കാരായി ഉണ്ട്.

ഈ രണ്ടു പേരുടെയും മതകീയ സ്വത്വം പെട്ടെന്ന് മീഡിയാ ശ്രദ്ധയും പരവിദ്വേഷവും ക്ഷണിച്ചുവരുത്തുമെങ്കിലും അവരുടെ ആര്‍ജവവും അവര്‍ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതുമാണ് അവരെ വേറിട്ടുനിര്‍ത്തുന്നത്. അതാണവരെ വാഷിംഗ്ടണില്‍ എത്തിച്ചിരിക്കുന്നതും. ഇതുകൊണ്ടൊക്കെയാണ് 11/6 എന്ന തീയതി അമേരിക്കന്‍ മുസ്‌ലിംകളുടെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലായിത്തീരുന്നത്. 11/9-ന് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും 9/11-ന് പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷവും മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടുപോയ പ്രതീക്ഷകള്‍ അല്‍പമെങ്കിലും തിരിച്ചുപിടിക്കാന്‍ ഇതുകൊണ്ടായേക്കും; ഡെട്രോയിറ്റിനും മിനിയപൊലിസിനും മീതെ തൂങ്ങിനില്‍ക്കുന്ന അന്ധകാരത്തെ അല്‍പ്പമൊന്ന് വകഞ്ഞുമാറ്റാനും. 

 

(അല്‍ ജസീറ കോളമിസ്റ്റും American Islamophobia: Understanding the Roots and Rise of Fear  എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമാണ് ലേഖകന്‍).

Comments

Other Post

ഹദീസ്‌

സ്വയം പീഡയാവരുത്‌
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (65-69)
എ.വൈ.ആര്‍