യൂസുഫുല്‍ ഇസ്‌ലാമിന്റെ വഴി; ശുഹദാ ഡേവിറ്റിന്റെയും
ജെ.എന്‍.യു സമര പോരാട്ടങ്ങളില്‍ കനയ്യകുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങിയവരോടൊപ്പം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് സഹ്‌ല റാശിദിന്റേത്. പോരാട്ടത്തിന്റെ പെണ്‍കരുത്ത് കൊണ്ടും ചടുലവും വശ്യവുമായ വാക്ശരങ്ങള്‍ കൊണ്ടും കാമ്പസിനെ അവര്‍ ഇളക്കിമറിച്ചു. രാജ്യവും ലോകവും അത് ശ്രദ്ധിച്ചു. പൊതുവെ പ്രാക്ടീസിംഗ് മുസ്‌ലിമല്ലാത്ത ലെഫ്റ്റ് ലിബറല്‍ എന്നു കരുതപ്പെട്ടിരുന്ന അവര്‍ ഈയടുത്ത് ശ്രദ്ധിക്കപ്പെട്ടത് ഒരു ട്വീറ്റിന്റെ പേരിലായിരുന്നു. പ്രശസ്ത ഐറിഷ് പോപ്പ് ഗായിക സിനീഡ് ഒ കോണോറിന്റെ (ശുഹദാ ഡേവിറ്റ്) ഇസ്ലാം സ്വീകരണത്തില്‍ ആശ്ചര്യവും ആഹ്ലാദവും പ്രകടിപ്പിച്ച് കഴിഞ്ഞ ഒക്‌ടോബര്‍ 28-ന് ട്വിറ്ററില്‍ അവര്‍ ഇങ്ങനെ കുറിച്ചു: 'ഇത് അവിശ്വസനീയമാണ്. ഞാന്‍ ആദ്യം കരുതി ഇതൊരു വ്യാജ വാര്‍ത്തയായിരിക്കുമെന്ന്. സിനീഡ് ഒ കോണോര്‍ (ശുഹദാ ഡേവിറ്റ്) ഇസ്‌ലാമാശ്ലേഷിച്ചിരിക്കുന്നു. അവര്‍ മനോഹരമായി ബാങ്ക് വിളിച്ചിരിക്കുന്നു. എനിക്കേറെ പ്രിയപ്പെട്ട ഗായികയാണവര്‍. സമുദായത്തിലേക്ക് സ്വാഗതം.'
ഈ ട്വീറ്റിനു ശേഷം തീവ്ര ഹിന്ദുത്വ വലതുപക്ഷത്തു നിന്നും ഇടതു ലിബറലുകളില്‍നിന്നും ഒരുപോലെ ശക്തമായ സൈബര്‍ ആക്രമണമാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്. കോണ്‍ഗ്രസ് നേതാവും ഔദ്യോഗിക വക്താവുമായ പവന്‍ ഖേര സഹ്‌ലയുടെ ഈ ട്വീറ്റിനെ സംഘ് പരിവാറിന്റെ ഘര്‍ വാപ്പസിയോടാണ് താരതമ്യം ചെയ്തത്. അതായത് ദീര്‍ഘ നാളത്തെ അന്വേഷണത്തിനൊടുവില്‍ ഇസ്‌ലാമിനെ തെരഞ്ഞെടുത്ത ഒരു സെലിബ്രിറ്റിയെക്കുറിച്ച പ്രശംസാവചനങ്ങള്‍ പോലും 'നല്ല മുസ്‌ലിം' എന്ന ലിബറല്‍ പട്ടികയില്‍നിന്ന് എത്ര പെട്ടെന്നാണ് ഒരാളെ തിരസ്‌കരിക്കുന്നത്!
ആസിം അലി ദ വയര്‍ ഡോട്ട്‌കോമില്‍ എഴുതിയ ലേഖനത്തില്‍ ഇതിനെ പ്രശ്‌നവത്കരിക്കുന്നുണ്ട്. ഒരു ലിബറല്‍ മുസ്‌ലിം അബദ്ധത്തിലോ ബോധപൂര്‍വമോ തന്റെ വിശ്വാസത്തെയോ (എമശവേ) സ്വത്വ(കറലിശേ്യേ)ത്തെയോ നേരിയ തോതില്‍പോലും പ്രകാശിപ്പിക്കുന്നതിനെയും തെരുവില്‍ മനുഷ്യരെ നിഷ്‌കരുണം അടിച്ചുകൊല്ലുന്ന സംഘ് പരിവാറിന്റെ ആള്‍ക്കൂട്ട നൃശംസതയെയും സമീകരിക്കുകയും ബാലന്‍സ് ചെയ്യുകയും ചെയ്യുന്ന തരംതാണ ലിബറല്‍ യുക്തിയെ അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ശശി തരൂരിന്റെ ലിബറല്‍ ഹിന്ദു എന്ന ഐഡന്റിറ്റി സെക്യുലര്‍ ലെഫ്റ്റ് ലിബറലുകള്‍ക്ക് യാതൊരു തരത്തിലുള്ള ദഹനക്കേടുമുണ്ടാക്കാതിരിക്കുകയും സഹ്‌ലയുടെ ലിബറല്‍ മുസ്‌ലിം എന്ന ഐഡന്റിറ്റിയുടെ നേര്‍ത്ത ദൃശ്യത പോലും മനംപിരട്ടലും ഓക്കാനവുമുണ്ടാക്കുകയും ചെയ്യുന്ന ഇരട്ട സമീപനത്തെയാണ് സാലിം വസ്തുതകളുടെ പിന്‍ബലത്തോടെ വിശദീകരിക്കുന്നത്. ഏതായാലും സഹ്‌ല റാശിദ് ഇപ്പോള്‍ ആ ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്. നേരത്തേ തന്നെ എ.ബി.വി.പി ഉള്‍പ്പെടെയുള്ള സംഘ് പരിവാര്‍ ശക്തികളുടെ ഭീഷണിക്കും സൈബര്‍ ആക്രമണത്തിനുമിരയായ അവര്‍ ഇപ്പോള്‍ ഈ ട്വീറ്റിലൂടെ ഇടതു ലിബറലുകളുടെ ഗുഡ് ബുക്കില്‍നിന്നു കൂടിയാണ് പുറത്തുപോകുന്നത്. പലപ്പോഴും നല്ല മുസ്‌ലിമില്‍നിന്ന് ചീത്ത മുസ്‌ലിമിലേക്കുള്ള ദൂരം മുസ്‌ലിം സ്വത്വമുള്ളവരുടെ കാര്യത്തില്‍ അത്രമേല്‍ ചെറുതാണ്.
കേരളത്തില്‍ ഹാദിയയുടെ ഇസ്‌ലാം സ്വീകരണത്തിനു ശേഷമുണ്ടായ ചര്‍ച്ചകളുമായി ഇതിനെ ചേര്‍ത്തുവായിക്കാവുന്നതാണ്. ഭരണഘടനാ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ച അക്കാദമിക വ്യവഹാരങ്ങളെ നയിക്കുന്നവര്‍ എന്നവകാശപ്പെടുന്ന കേരളത്തിലെ ലെഫ്റ്റ് ലിബറലുകള്‍ ഹാദിയ നേരിട്ട കടുത്ത അനീതിക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നേരെ ദീക്ഷിച്ച സുദീര്‍ഘവും ആഴത്തിലുമുള്ള മൗനം ഒരു ചരിത്ര രേഖ കൂടിയാണ്. ഹാദിയ തെരഞ്ഞെടുത്തത് ഇസ്‌ലാമായതുകൊണ്ടു മാത്രം അവര്‍ നേരിട്ട നീതികേടുകള്‍ക്കെതിരെ പ്രതികരിക്കാതിരുന്നവര്‍ തന്നെയാണ് ഇസ്‌ലാം സ്വീകരിച്ച ഒരു പോപ്പ് ഗായികക്ക് കൈയടിച്ച സഹ്‌ലയെ വളഞ്ഞിട്ടാക്രമിക്കുന്നത്.
ഇസ്‌ലാമോഫോബിയ എന്ന ഒറ്റ സംജ്ഞയിലേക്ക് ഈ പ്രതിഭാസത്തെ ചുരുക്കാവുന്നതാണ്. പ്രമുഖ ചിന്തകന്‍ താരിഖ് റമദാന്‍ പറയുന്നത് ഇസ്‌ലാമിനോടും അതിന്റെ സ്വത്വ പ്രകാശനത്തോടും ചിഹ്നങ്ങളോടുമുള്ള അസഹിഷ്ണുതയില്‍ യൂറോപ്പില്‍ വലതു പക്ഷമെന്നോ ഇടതു പക്ഷമെന്നോ ലിബറലുകളെന്നോ വ്യത്യാസമില്ല എന്നാണ്. സിനീഡ് ഒ കോണോറും മാധവിക്കുട്ടിയുമെല്ലാം ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുത തന്നെയാണ് ലിബറലുകള്‍ 'പ്രതീക്ഷ'യോടെ കണ്ടിരുന്ന ഗുഡ് മുസ്‌ലിമായ തലയില്‍ തട്ടമിടാത്ത സഹ്‌ല റാശിദിനെപ്പോലുള്ളവര്‍ അതിനെ സ്വാഗതം ചെയ്യുമ്പോഴും ഉണ്ടാകുന്നത്.
ആരാണ് സിനീഡ് ഒ കോണോര്‍?
പ്രമുഖ ഐറിഷ് പോപ്പ് ഗായിക. 1966 ഡിസംബര്‍ 8-ന് അയര്‍ലന്റിലെ ഡബ്ലിനില്‍ ജനനം. സംഗീതത്തിലെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ ഗ്രാമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അവര്‍ നേടുകയുണ്ടായി. വരികളിലെ രാഷ്ട്രീയ പ്രമേയങ്ങള്‍ കൊണ്ട് പലപ്പോഴും ശ്രദ്ധിക്കപ്പെടുകയും വിവാദങ്ങളിലകപ്പെടുകയും ചെയ്തു. സംഗീതം കൊണ്ട് ലോകത്ത് കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചു. പൗരോഹിത്യ ചര്‍ച്ചിനോടും അതിന്റെ സംവിധാനങ്ങളോടും നിരന്തരം കലഹിച്ചു. 'നതിംഗ് കംപയേഴ്‌സ് ടു യു' എന്ന ആല്‍ബത്തിലൂടെ തരംഗം സൃഷ്ടിച്ചു.1992-ല്‍ ഒരു സ്റ്റേജ് പെര്‍ഫോമന്‍സിനിടെ മുഖ്യധാരാ കത്തോലിക്കാ ചര്‍ച്ചിനോടുള്ള പ്രതിഷേധ സൂചകമായി പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ ചിത്രം പരസ്യമായി ചീന്തിയെറിഞ്ഞത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ജീവിതത്തില്‍ ബഹുമുഖങ്ങളായ ആത്മസംഘര്‍ഷങ്ങളിലൂടെയും ആത്മാന്വേഷണങ്ങളിലൂടെയും അവര്‍ കടന്നുപോയി. പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ അവതാരിക ഓപ്പറ വിന്‍ഫ്രയുടെ 'വേര്‍ ആര്‍ ദേ നൗ' എന്ന ടി.വി ഷോയില്‍ അവര്‍ കടന്നുപോയ ജീവിത സംഘര്‍ഷങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മൂപ്പത്തിമൂന്നാം പിറന്നാള്‍ ആഘോഷവേളയില്‍ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചതായി അവര്‍ പറയുന്നു. 2000-ല്‍ മറ്റൊരു ഇന്റര്‍വ്യൂവില്‍ താനൊരു ലെസ്ബിയനാണെന്ന് അവര്‍ പറഞ്ഞിരുന്നു.
അമ്പത്തിയൊന്നുകാരിയായ അവര്‍ ഇസ്‌ലാമിന്റെ തണലിലേക്കെത്തുന്നത് നിരന്തരമായ അന്വേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയുമാണ്. കഴിഞ്ഞ ഒക്‌ടോബര്‍ 19- ന് അവര്‍ തന്റെ ഇസ്‌ലാം സ്വീകരണം പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങനെ ട്വീറ്റ് ചെയ്തു: ''ഞാനൊരു മുസ്‌ലിമാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്ന വേളയാണിത്. ഏതൊരു ദൈവശാസ്ത്ര അന്വേഷകന്റെയും അന്വേഷണ യാത്രകളുടെ പ്രകൃതിപരമായ പരിസമാപ്തി (Natural Conclusion) കൂടിയാണിത്. വേദങ്ങളെക്കുറിച്ച (ബൈബിള്‍, തോറ) പഠനങ്ങളെല്ലാം ഇസ്‌ലാമിലേക്കെത്തിച്ചേരുന്നു. അതോടെ ഇസ്‌ലാം മറ്റു വേദദര്‍ശനങ്ങളെ ഒരര്‍ഥത്തില്‍ അപ്രസക്തമാക്കുന്നു. ഒരു മുസ്‌ലിമെന്ന നിലക്ക് ഇന്ന് ഞാനേറെ സന്തുഷ്ടയാണ്. എന്നെ പിന്തുണച്ച പ്രിയപ്പെട്ട മുസ്‌ലിം സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും നന്ദി.''
ഇസ്‌ലാം സ്വീകരിച്ച് ശുഹദാ ഡേവിറ്റ് എന്ന പേര് സ്വീകരിച്ച അവര്‍ പിന്നീട് ഹിജാബ് ധരിച്ച ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ബാങ്ക് വിളിക്കുന്ന ഒരു വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
1999-ല്‍ ഐറിഷ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സിനീഡിനെ പുരോഹിതയായി നിയമിച്ചിരുന്നു. എന്നാല്‍ കാത്തലിക് ചര്‍ച്ച് സ്ത്രീകളെ പുരോഹിതകളായി നിയമിക്കുന്നത് ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. കത്തോലിക്കന്‍ ആശയധാരയോട് അവര്‍ നിരന്തരം കലഹിച്ചു. ചര്‍ച്ചുകളിലെ തുടര്‍ച്ചയായ ബാലപീഡന ആരോപണങ്ങളെ മുന്‍നിര്‍ത്തി വത്തിക്കാനെ ഒരിക്കല്‍ അവര്‍ 'പിശാചുക്കളുടെ കൂടാരം' (nest of devils) എന്നായിരുന്നു വിശേഷിപ്പിച്ചത്.
'ദ ലയണ്‍ ആന്റ് ദ കോബ്ര' എന്ന ആല്‍ബത്തിലൂടെ 1980-ലാണ് സംഗീതത്തിന്റെ മാസ്മരിക ലോകത്ത് അവര്‍ അരങ്ങേറ്റം കുറിച്ചത്.
മാസ്റ്റ് ഹിസ്റ്റീരിയ ഉല്‍പാദിപ്പിക്കുന്ന സംഗീതത്തില്‍നിന്നും പരമ്പരാഗതമായ മുഖ്യധാരാ ശൈലികളില്‍നിന്നും മാറി റോക്ക് സംഗീതത്തിന് പുതിയ ബദലുകള്‍ (അഹലേൃിമശേ്‌ല ഞീരസ) കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തിയിരുന്നു. പ്രാദേശികമായ ഫോക്ക് സംഗീതത്തെയും റോക്ക് സംഗീതത്തെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ചില പരീക്ഷണങ്ങളും അവര്‍ നടത്തുകയുണ്ടായി. സംഗീതത്തെ തന്റെ സ്വത്വപ്രകാശനമായും രാഷ്ട്രീയ പ്രതിനിധാനമായും അവര്‍ കണ്ടിരുന്നു. തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ക്കു നേരെ തന്റെ പ്രത്യേക ശൈലികളിലൂടെയും ആംഗ്യങ്ങളിലൂടെയും താന്‍ പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയത്തെ അവര്‍ തൊടുത്തുവിട്ടു. ക്രിസ്ത്യാനിറ്റിയിലെ സംഘടിത മത രൂപങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍, യുദ്ധം, പിഞ്ചുകുട്ടികള്‍ക്കു നേരെയുള്ള പീഡനം തുടങ്ങിയവയോടെല്ലാം അവരുടെ തീതുപ്പുന്ന വരികള്‍ നിരന്തരം കലഹിച്ചു. ചാരിറ്റി ആവശ്യാര്‍ഥം ഒരുപാട് സംഗീതക്കച്ചേരികള്‍ അവര്‍ നടത്തുകയുണ്ടായി. നോബല്‍ സമ്മാന ജേതാവും സംഗീതജ്ഞനുമായ ബോബ് ഡിലനോടുള്ള ആദരസൂചകമായി മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടത്തിയ സംഗീത നിശക്കിടെ യുദ്ധത്തെക്കുറിച്ചും പിഞ്ചുകുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അലറി വിളിച്ച് കണ്ഠമിടറി സംഗീത പരിപാടിയില്‍നിന്ന് വിതുമ്പലടക്കാനാവാതെ ഇറങ്ങിപ്പോയിട്ടുണ്ട് അവര്‍. ഉപബോധ മനസ്സിന്റെ ഭിത്തികളില്‍ ആഴത്തില്‍ പതിഞ്ഞ ബാല്യകാലത്തെ പീഡനപര്‍വങ്ങള്‍ അവരെ നിരന്തരം വേട്ടയാടിയിരുന്നു. പല അഭിമുഖങ്ങളിലും അവരത് തുറന്നു പറഞ്ഞിട്ടുണ്ട്.
യൂസുഫുല്‍ ഇസ്‌ലാമിന്റെ വഴിയെ
യൂറോപ്പില്‍ ദിനംപ്രതി പല തുറകളിലുള്ളവര്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നുണ്ട്. എന്നാല്‍ പ്രമുഖ ബ്രിട്ടീഷ് പോപ്പ് ഗായകന്‍ യൂസുഫുല്‍ ഇസ്‌ലാമിനു (കാറ്റ് സ്റ്റീവന്‍സ്) ശേഷം യൂറോപ്യന്‍ സംഗീത ലോകത്തുനിന്ന് ഇസ്‌ലാം സ്വീകരിക്കുന്ന ടോപ്പ് സെലിബ്രിറ്റി ശുഹദാ ഡേവിറ്റ് ആയിരിക്കും. പോപ്പ് സംഗീതത്തെ മതമായും അത് പകര്‍ന്നുനല്‍കുന്ന ഉന്മാദത്തെ ദര്‍ശനമായും സ്വീകരിച്ച ജനതക്കു മുന്നിലാണ് ആ സംഗീതത്തിന്റെ സ്രഷ്ടാക്കള്‍ തന്നെ ആത്മാന്വേഷണത്തിന്റെ വഴിയില്‍, അസ്തിത്വ ദുഃഖത്തിനു മുന്നില്‍ സ്തംഭിച്ചുനിന്നത്. 2012 ഒക്‌ടോബറില്‍ അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ യൂസുഫുല്‍ ഇസ്‌ലാം ഇതേക്കുറിച്ച് പറയുന്നുണ്ട്:
''ഒരു കാലത്ത് സംഗീതമായിരുന്നു എന്റെ മതം. യൂറോപ്പില്‍ അറുപതുകളിലും എഴുപതുകളിലും ജീവിച്ച നമ്മുടെ തലമുറയില്‍പെട്ട പലരും സംഗീതത്തോടൊപ്പമാണ് വളര്‍ന്നത്. അത് നമ്മുടെ ആത്മാവിഷ്‌കാരത്തിന്റെ വഴി കൂടിയായിരുന്നു. അതേസമയം ഞാന്‍ അതീവ ഗൗരവക്കാരനായ സ്വപ്‌നാടകനും സത്യാന്വേഷകനുമായിരുന്നു. എന്നാല്‍ ദൈവത്തിന്റെ സമ്മാനമായ ഖുര്‍ആനിലൂടെ ഇസ്‌ലാമിലെത്തിച്ചേര്‍ന്നതിനു ശേഷം മാത്രമാണ് എന്റെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചത്.''
ശുഹദാ ഡേവിറ്റിന്റെ സത്യാന്വേഷണ സഞ്ചാരങ്ങള്‍ക്ക് യൂസുഫുല്‍ ഇസ്‌ലാമിന്റേതിനോട് സാമ്യതകളേറെയാണ്. ബൈബിള്‍ ഉള്‍പ്പെടെയുള്ള വേദങ്ങളെക്കുറിച്ച പഠന അന്വേഷണ ഗവേഷണങ്ങള്‍ അന്തിമമായി ഇസ്‌ലാമിലേക്കെത്തിച്ചേരുന്നു എന്നാണ് അവര്‍ സ്വബോധ്യത്തിന്റെയും സ്വാനുഭവത്തിന്റെയും വെളിച്ചത്തില്‍ വ്യക്തമാക്കിയത്.
ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം യൂസുഫുല്‍ ഇസ്‌ലാം തന്റെ ഗിറ്റാറുകളുള്‍പ്പെടെയുള്ള വാദ്യോപകരണങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വില്‍ക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം ഗിറ്റാര്‍ കൈയിലെടുത്തെങ്കിലും അതില്‍ കൂടുതല്‍ തല്‍പരനല്ല എന്ന് വ്യക്തമാക്കുകയുണ്ടായി. അല്ലാഹുവിനോടും റസൂലിനോടുമുള്ള അത്യഗാധമായ ആത്മബന്ധത്തില്‍ അത്തരം മുന്‍ഗണനാക്രമങ്ങളുടെ പ്രശ്‌നങ്ങളെല്ലാം അപ്രസക്തമാകുന്നു എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
ഇസ്‌ലാമോഫോബിയ ശക്തമായി നിലനില്‍ക്കുന്ന ഒരു കാലത്ത് ഒരു സെലിബ്രിറ്റിയുടെ ഇസ്‌ലാം തെരഞ്ഞെടുപ്പ് ഏല്‍പിക്കുന്ന മറ്റ് തിരിച്ചടികളെ യൂസുഫുല്‍ ഇസ്‌ലാമോ ശുഹദാ ഡേവിറ്റോ കാര്യമാക്കുന്നേയില്ല. യൂസുഫുല്‍ ഇസ്‌ലാം അതേക്കുറിച്ച് ഇങ്ങനെ നിരീക്ഷിക്കുന്നു: ''ചിലര്‍ സ്വന്തം തീരുമാനങ്ങള്‍ക്കും ആശയങ്ങള്‍ക്കുമൊത്ത് ജീവിക്കുന്നു. മറ്റു ചിലര്‍ അപരന്റെ തീരുമാനങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് ജീവിക്കുന്നു. ഈ രണ്ട് രീതികളും നമ്മുടെ ഉള്ളിലുള്ള ഉണ്മയെ തൃപ്തിപ്പെടുത്തില്ല. ഞാന്‍ യഥാര്‍ഥ ഞാന്‍ ആവുക എന്നതാണ്. നാം സ്വയം കണ്ടെത്തുക.''
ഇസ്‌ലാം തെരഞ്ഞെടുപ്പ് തന്റെ അന്വേഷണങ്ങളുടെ നൈസര്‍ഗിക പരിസമാപ്തിയാണെന്ന് ശുഹദാ ഡേവിറ്റും പറയുന്നു.
Comments