അനുചരന്മാരെ പ്രചോദിപ്പിച്ച നേതാവ്
മുഹമ്മദ് നബി(സ)യുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട അധ്യായമാണ് വിപ്ലവകാരിയും പരിവര്‍ത്തനവാദിയുമായ നേതാവെന്ന നിലക്കുള്ള പ്രവാചകന്റെ വ്യക്തിത്വത്തെ സംബന്ധിച്ച ഭാഗം. ചരിത്രത്തെ നയിക്കുകയും നിര്‍മിക്കുകയും ചെയ്തവരായിരുന്നല്ലോ പൊതുവില്‍ മുഴുവന്‍ പ്രവാചകന്മാരും. അവരുടെ നിയോഗ സന്ദര്‍ഭത്തെ കുറിച്ച് പറയവെ അവരില്‍ പലരും യുവാക്കളായിരുന്നുവെന്നും മാനസികവും ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ ക്ഷമതയും പക്വതയും കൈവരിച്ചവരായിരുന്നുവെന്നും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. മുഹമ്മദ് നബി(സ)യെ തന്റെ നാല്‍പതാമത്തെ വയസ്സിലാണ് പ്രവാചകത്വദൗത്യം ഏല്‍പ്പിക്കുന്നത്.
ശീലിച്ചുപോന്ന ജീവിതരീതികളും ആചാരമായിത്തീര്‍ന്ന സാമൂഹിക കീഴ്‌വഴക്കങ്ങളും അത്യാചാരങ്ങളും ശക്തമായി വേരാഴ്ത്തിയ ഒരു സമൂഹത്തില്‍ മാറ്റത്തിന്റെ കാഹളം മുഴക്കുക എന്നത് അത്യധികം സാഹസികമായ ദൗത്യമായിരുന്നു. ഇരുട്ടിനെ പ്രണയിക്കുന്നവര്‍ക്കിടയില്‍ വിളക്ക് തെളിയിച്ചതുപോലെയായിരുന്നു നബിയുടെ അവസ്ഥ. ഇരുട്ടിന്റെ ശക്തികള്‍ കൊടുങ്കാറ്റ് പോലെ ആ വിളക്കണക്കാന്‍ ആഞ്ഞടിച്ചു. പാമ്പ് മുതല്‍ പഴുതാര വരെ ചീറിയടുത്തു. ഇതിനെയായിരുന്നു നബിക്ക് നേരിടേണ്ടിയിരുന്നത്. ഇതിനു വേണ്ടിയുള്ള മനുഷ്യശേഷിയെ സമാഹരിക്കുകയെന്ന ശ്രമകരമായ പ്രവര്‍ത്തനമായിരുന്നു പ്രാഥമികമായി നബി ചെയ്തത്. ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രാരംഭദശയില്‍ വളരെ സെലക്ടീവായ വ്യക്തികളെയും വിഭാഗങ്ങളെയും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രമായിരുന്നു നബി ആവിഷ്‌കരിച്ചത്. ആദ്യകാലത്ത് ഇസ്ലാം സ്വീകരിച്ച ബഹുഭൂരിപക്ഷം പേരും ഇസ്ലാമിനു മുമ്പും സ്വഭാവ വൈശിഷ്ട്യത കൊണ്ടും ധീരസാഹസികതകള്‍ കൊണ്ടും ശ്രദ്ധേയരായിരുന്നു. പിന്നെ ദുര്‍ബലരും അവശരുമായ പാവങ്ങള്‍, അവരുടെ ഇസ്ലാം സ്വീകരണങ്ങള്‍ സ്വയം തന്നെ ഇസ്ലാമിക സന്ദേശത്തിന്റെ നാട്ടക്കുറികളുമായിരുന്നു.
പ്രവാചക പത്നി ഖദീജ, സുഹൃത്ത് അബൂബക്ര്‍ സിദ്ദീഖ്, ഭൃത്യന്‍ സൈദു ബ്‌നു ഹാരിസ, പിതൃവ്യപുത്രന്‍ അലിയ്യ്, സിദ്ദീഖുല്‍ അക്ബറിന്റെ ശ്രമഫലമായി ഇസ്‌ലാമിലേക്ക് കടന്നുവന്ന ഉസ്മാനു ബ്‌നു അഫ്ഫാന്‍, സുബൈറു ബ്‌നുല്‍ അവ്വാം, അബ്ദുര്‍ റഹ്മാനു ബ്‌നു ഔഫ്, സഅ്ദു ബ്‌നു അബീവഖാസ്, ത്വല്‍ഹത്തു ബ്‌നു ഉബൈദില്ല, അബൂഉബൈദ, അബൂസലമത്തില്‍ മഖ്സൂമി, അര്‍ഖമു ബ്‌നു അബില്‍ അര്‍ഖം, മിസ്അബു ബ്‌നു ഉമൈര്‍ തുടങ്ങിയവരും യാസിര്‍, സുമയ്യ, അമ്മാര്‍, ബിലാല്‍ പോലുള്ളവരും ആദ്യകാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്നവരായിരുന്നു. ഇബ്നു ഹിശാമിന്റെ അഭിപ്രായത്തില്‍ രഹസ്യ പ്രബോധനത്തിന്റെ മൂന്ന് വര്‍ഷങ്ങളില്‍ ആകെ അമ്പത്തിമൂന്ന് പേരാണ് ഇസ്ലാം സ്വീകരിച്ചത്. അതില്‍ പത്തു പേര്‍ സ്ത്രീകളുമായിരുന്നു. ധനാഢ്യനും ഖുറൈശ് നേതാവുമായിരുന്ന അബൂബക്‌റിന്റെ സമ്പത്ത് ജാഹിലിയ്യാ കാലത്ത് തന്നെ നാല്‍പതിനായിരം ദിര്‍ഹമോളം വരും. ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ ആ സമ്പത്ത് പ്രയോജനപ്പെട്ടതുപോലെ മറ്റാരുടെയും സമ്പത്ത് തനിക്ക് പ്രയോജനപ്പെട്ടിട്ടില്ലെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. മര്‍ദിതരായ അടിമകളെ വില കൊടുത്ത് മോചിപ്പിക്കാനും തനിക്കായിട്ടൊന്നും കരുതി വെക്കാതെ ചെലവഴിക്കാനുമുള്ള വിശാലമനസ്സ് അല്ലാഹു അദ്ദേഹത്തിന് നല്‍കി. ഉസ്മാനാകട്ടെ, ഖുറൈശിലെ വര്‍ത്തക പ്രമുഖനാണ്. ശാമിലേക്കുള്ള അദ്ദേഹത്തിന്റെ ചരക്കുകള്‍ വഹിക്കാനായി നൂറില്‍പരം ഒട്ടകങ്ങള്‍ തന്നെയുണ്ടായിരുന്നു. തന്റെ നാട്ടിലെ അനാഥരെയും ദരിദ്രരെയും സംരക്ഷിക്കുന്നതില്‍ അദ്ദേഹത്തിന് തെല്ലും മടിയുണ്ടായിരുന്നില്ല. തബൂക്ക് യുദ്ധം നടക്കുന്ന കാലം, മദീന വലിയ ദാരിദ്ര്യം നേരിട്ട കാലമായിരുന്നു. ആ സമയത്ത് യുദ്ധത്തിന്റെ ചെലവുകള്‍ വഹിച്ചത് ഉസ്മാനായിരുന്നു. ഹംസയുടെയും ഉമറിന്റെയും ഇസ്‌ലാം സ്വീകരണം ഇസ്‌ലാമിന്റെ മുന്നോട്ടുള്ള ഗതിയെ നിര്‍ണായകമായി സ്വാധീനിച്ചു.
ഖുറൈശിന്റെ സിംഹമായിരുന്നു ഹംസ. ആരോഗ്യവാനായ യോദ്ധാവും ധീരനായ പടനായകനുമായ ഹംസയുടെ വാക്കിനുമീതെ മക്കയിലൊരു മറുവാക്കില്ലായിരുന്നു. പിതൃവ്യനായ ഹംസക്ക് ജാഹിലിയ്യാ കാലത്തും നബിയോട് വല്ലാത്ത സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. ഒരു നാള്‍ വേട്ട കഴിഞ്ഞ് മടങ്ങിയെത്തവെ, അബൂജഹ്ല്‍ മുഹമ്മദി (സ) നെ മര്‍ദിച്ചതും ആക്ഷേപിച്ചതും ഹംസയറിഞ്ഞു. കോപം അടക്കിവെക്കാന്‍ അദ്ദേഹത്തിനായില്ല. വില്ലുമായി അബൂജഹ്‌ലിന്റെ അടുക്കല്‍ എത്തി. അതുകൊണ്ട് അയാളുടെ തലക്ക് മാരകമായി പ്രഹരിച്ചു. അയാളുടെ തല മുറിഞ്ഞ് രക്തമൊഴുകി. 'ഞാനും മുഹമ്മദിന്റെ ദീനിലായിരിക്കെ നിനക്കെങ്ങനെ അവനെ മര്‍ദിക്കാനായി? മുഹമ്മദ് പറയുന്നത് ഞാനും പറയുന്നു. കഴിയുമെങ്കില്‍ എന്നോടാകാം നിന്റെ പരാക്രമം.' ഹംസയുടെ സിംഹഗര്‍ജനം ദിഗന്തങ്ങള്‍ മുഴങ്ങി. ഖുറൈശിലെ ചിലര്‍ അബൂജഹ്‌ലിനെ സംരക്ഷിക്കാനായി രംഗത്തു വന്നു. ഭയചികിതനായ അയാള്‍ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു: 'ഹംസയെ വിടുക. വളരെ നീചമായിട്ടാണ് അദ്ദേഹത്തിന്റെ സഹോദരപുത്രനെ ഞാന്‍ ആക്ഷേപിച്ചത്.' പിന്നീട് ഹംസ നബിയുടെ അടുക്കലെത്തി ഇസ്ലാം സ്വീകരിച്ചു. 'താങ്കള്‍ സത്യസന്ധനാണ്. ഇനിയൊരു പ്രഭാതമുണ്ടെങ്കില്‍ പഴയ എന്റെ മതത്തില്‍ ആ പ്രഭാതത്തെ വരവേല്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ നിന്റെ ദീന്‍ എനിക്കു നീ പഠിപ്പിച്ചുതരിക.' ഹംസയുടെ ഇസ്ലാം സ്വീകരണം പ്രവാചകന് പുതിയ വഴികള്‍ വെട്ടിത്തുറന്നു. അല്ലാഹു ഹംസയെക്കൊണ്ട് ദീനുല്‍ ഇസ്‌ലാമിന് പ്രതാപം നല്‍കി. ഉമറുബ്‌നുല്‍ ഖത്ത്വാബും ഇസ്‌ലാം സ്വീകരിച്ചതോടെ മുസ്ലിം സമൂഹം കൂടുതല്‍ ആവേശഭരിതരായി.
ഇസ്ലാമില്‍ ആകൃഷ്ടരായ ആദ്യകാല അനുയായികളില്‍ കൂടുതലും യുവാക്കളായിരുന്നു. സമൂഹത്തിന്റെ വഴക്കങ്ങളെ തിരുത്താനും ഒഴുക്കിനെതിരെ നീന്താനും അവര്‍ക്ക് കഴിയുന്നതുപോലെ മറ്റാര്‍ക്കും കഴിയില്ലല്ലോ. പീഡനങ്ങള്‍ക്ക് മുന്നില്‍ ആദര്‍ശത്തെ നെഞ്ചോട് ചേര്‍ത്തുവെച്ച് അവര്‍ പ്രവാചകനെ സഹായിച്ചു. അവരോടുള്ള പ്രവാചകന്റെ സ്നേഹം നിസ്സീമമായിരുന്നു. അര്‍ഖമിന്റെ ഭവനത്തില്‍ അവരെ നബി ഒരുമിച്ചുകൂട്ടി. ഇസ്ലാമിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി. ആ ശിക്ഷണം ലഭിച്ച സ്വഹാബികള്‍ അലിയുടെ വിയോഗം വരെയുള്ള ഇസ്‌ലാമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. വിശ്വാസം, ത്യാഗം, സമര്‍പ്പണം, വിശ്വസ്തത, ധീരത, ഭൗതിക വിരക്തി തുടങ്ങിയ ഉന്നത ഗുണങ്ങള്‍ പ്രവാചകന്‍ അവരില്‍ വളര്‍ത്തിയെടുത്തു. ഇത്തരം ഗുണങ്ങള്‍ പ്രകടിപ്പിച്ചവരെ അഭിനന്ദിച്ചു. അവരായിരുന്നു പ്രവാചകന്റെ അവലംബം. ഖുര്‍ആന്‍ പറയുന്നു: ''ഇനി അവര്‍ നിന്നെ വഞ്ചിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അറിയുക. തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് തന്റെ സഹായത്താലും സത്യവിശ്വാസികളാലും നിനക്ക് കരുത്തേകിയത്. സത്യവിശ്വാസികളുടെ മനസ്സുകള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കിയതും അവനാണ്. ഭൂമിയിലുള്ളതൊക്കെ ചെലവഴിച്ചാലും അവരുടെ മനസ്സുകളെ കൂട്ടിയിണക്കാന്‍ നിനക്കു കഴിയുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മിലിണക്കിച്ചേര്‍ത്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനും തന്നെ. നബിയേ, നിനക്കും നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്കും അല്ലാഹു മതി'' (അല്‍ അന്‍ഫാല്‍: 62,64).
ഭൂമിയിലെ അധര്‍മങ്ങള്‍ ഇല്ലാതാകാനും പരലോകത്തെ സ്വര്‍ഗം കരസ്ഥമാക്കാനും ഭൗതികമായ എന്തും നഷ്ടപ്പെടുത്താന്‍ അവര്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. മര്‍ദനത്തിന്റെയും പീഡനത്തിന്റെയും ആദ്യനാളുകളില്‍ സഹിക്കവയ്യാതെ ഖബ്ബാബു ബ്‌നു അറത് (റ) നബിയുടെ അടുക്കല്‍ വരുന്നുണ്ട്. കരഞ്ഞു കലങ്ങിയ കണ്ണുകള്‍. ചാട്ടവാറടിയേറ്റ് ശരീരത്തില്‍നിന്ന് രക്തം കിനിയുന്നുണ്ട്. അദ്ദേഹം നബിയോട് ചോദിച്ചു: ''പ്രവാചകരേ, ഞങ്ങള്‍ക്കു വേണ്ടി താങ്കള്‍ അല്ലാഹുവിനോട് സഹായം തേടുന്നില്ലേ, പ്രാര്‍ഥിക്കുന്നില്ലേ.....'' അല്‍പ്പസമയത്തെ നിശ്ശബ്ദതക്കു ശേഷം നബി അദ്ദേഹത്തോട് പറഞ്ഞു: ''നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയവര്‍. അവരിലൊരാളെ ശത്രുക്കള്‍ പിടികൂടും. അദ്ദേഹത്തെ ഒരു കുഴിയില്‍ ഇറക്കി നിര്‍ത്തും. ഈര്‍ച്ചവാള്‍ കൊണ്ട് ശരീരം നെടുകെ പിളര്‍ത്തും. ഇരുമ്പിന്റെ ചീര്‍പ്പുകൊണ്ട് എല്ലും മാംസവും വേര്‍പ്പെടുത്തും. അതൊന്നുമവരെ തങ്ങളുടെ ദീനില്‍നിന്നും തടഞ്ഞില്ല. അല്ലാഹുവില്‍ സത്യം, സ്വന്‍ആ മുതല്‍ ഹദറമൗത്ത് വരെ ഒരാള്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാനാകുന്ന സാഹചര്യമുണ്ടാകുംവിധം അല്ലാഹു തന്റെ ദീനിനെ പൂര്‍ത്തീകരിക്കും. അല്ലാഹുവിനെയും തന്റെ ആടിനെ പിടിക്കുന്ന ചെന്നായയെയും മാത്രമേ അയാള്‍ക്ക് ഭയപ്പെടേണ്ടിവരികയുള്ളു. പക്ഷേ നിങ്ങള്‍ ധൃതികാണിക്കുകയാണ്.'' ഇത് ഖബ്ബാബിന് പകര്‍ന്നുനല്‍കിയ ഊര്‍ജം വിവരണാതീതമായിരുന്നു. യാസിര്‍ കുടുംബം ചുട്ടുപൊള്ളുന്ന മണലില്‍ പീഡിപ്പിക്കപ്പെടുന്നതു കണ്ട റസൂല്‍ അവരെ ആശ്വസിപ്പിച്ചത് ഇപ്രകാരമായിരുന്നു: ''യാസിര്‍ കുടുംബമേ, സഹിക്കുക. നിങ്ങള്‍ക്കുള്ളത് സ്വര്‍ഗമാണ്.''
അബ്സീനിയന്‍ പലായനത്തിലും മദീന ഹിജ്റയിലും തുടര്‍ന്നു നടന്ന യുദ്ധങ്ങളിലും പ്രവാചകന്റെ കല്‍പനകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് തങ്ങള്‍ക്ക് പ്രിയപ്പെട്ടതെല്ലാം വെടിയാന്‍ അവരെ പ്രവാചകന്‍ പ്രാപ്തരാക്കിയെടുത്തിരുന്നു. സുഹൈബുര്‍റൂമി (റ) ഹിജ്റക്കു വേണ്ടി ഒരുങ്ങിയപ്പോള്‍ മക്കക്കാര്‍ അദ്ദേഹത്തെ തടഞ്ഞു. റോമില്‍നിന്നും വെറുംകൈയോടെ മക്കയിലെത്തിയ യുവാവായിരുന്നു സുഹൈബ്. തുടര്‍ന്ന് വര്‍ത്തക വൃത്തിയിലേര്‍പ്പെട്ട അദ്ദേഹം ധനാഢ്യനായി. ''നീ മക്കയില്‍ വരുമ്പോള്‍ കൈയിലൊന്നുമില്ലാത്ത ദരിദ്രനായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ വന്ന് സമ്പന്നനായ ശേഷം ആ സമ്പത്തുമായി നാടുവിടാമെന്നാണോ നീ കരുതുന്നത്?'' സുഹൈബിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''എന്റെ സമ്പത്തെല്ലാം നിങ്ങള്‍ക്ക് തന്നാല്‍ എന്നെ പോകാന്‍ അനുവദിക്കുമോ?'' ജീവിതത്തില്‍ താന്‍ അധ്വാനിച്ചുണ്ടാക്കിയതെല്ലാം മക്കയിലുപേക്ഷിച്ച് ആ ചെറുപ്പക്കാരന്‍ മദീനയിലേക്ക് യാത്രതിരിച്ചു. ഈ വിവരങ്ങളെല്ലാം പ്രവാചകന്‍ അറിയുന്നുണ്ടായിരുന്നു. വിദൂരത്തു നിന്ന് സുഹൈബിന്റെ ആഗമനം ദൃശ്യമായപ്പോള്‍ പ്രവാചക ശിഷ്യന്മാര്‍ ഇപ്രകാരം വിളിച്ചു പറയുന്നുണ്ടായിരുന്നു; 'എത്ര ലാഭകരമായ കച്ചവടം! സുഹൈബേ, നിന്റെ കച്ചവടം എത്ര ലാഭകരം. ഇതിനെക്കുറിച്ചാണ് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം അവതരിച്ചത്: ''ജനങ്ങളില്‍ ചില ആളുകളുണ്ട്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് സ്വന്തം ജിവിതം തന്നെ അവര്‍ വില്‍ക്കുന്നു. അല്ലാഹു തന്റെ ദാസന്മാരോട് അത്യധികം കൃപയുള്ളവനാകുന്നു'' (അല്‍ ബഖറ - 207).
അടിമത്തത്തേക്കാള്‍ സ്വാതന്ത്ര്യത്തെ, അധര്‍മത്തേക്കാള്‍ ധര്‍മത്തെ, അക്രമത്തേക്കാള്‍ നീതിയെ, നിന്ദ്യതയേക്കാള്‍ അഭിമാനത്തെ, സര്‍വോപരി ഐഹിക ജീവിതത്തേക്കാള്‍ സ്വര്‍ഗത്തെ പ്രണയിക്കുന്നവരായിരുന്നു അവര്‍. പീഡനത്തിന്റെ കൊടിയ പര്‍വം ഏറ്റുവാങ്ങുമ്പോഴും അഹദ്, അഹദ് എന്ന് ഉറക്കെ വിളിച്ചു പറയാന്‍ ബിലാലുബ്നു റവാഹിനെ കരുത്തനാക്കിയത് പ്രവാചക സഹവാസമായിരുന്നു. ആ ധീരതക്ക് മുമ്പിലാണ് മക്കയിലെ ഭീരുവായ പ്രമാണി ഉമയ്യ തോറ്റുപോയത്. ബദ്‌റിന്റെ രണഭൂമിയില്‍ ബിലാലിന്റെ ഖഡ്ഗമേറ്റ് ഒടുങ്ങാനായിരുന്നു അയാളുടെ വിധി. ഇസ്‌ലാമിന്റെ വചനം വിശുദ്ധ ഹറമില്‍ പോയി ഉറക്കെ പറയാന്‍ ആരും ധൈര്യം കാണിക്കാതിരുന്ന കാലത്ത് ശത്രുക്കളുടെ മുമ്പില്‍ ആ വചനം ഉറക്കെ പ്രഖ്യാപിക്കാന്‍ ബിലാല്‍ കാണിച്ച സാഹസികതക്ക് ലഭിച്ച അംഗീകാരമായിരുന്നു മക്കാ വിജയം കഅ്ബയുടെ മുകളില്‍ നിന്ന് വിളിച്ചു പറയാന്‍ പ്രവാചകന്‍ ബിലാലിനെ തെരഞ്ഞെടുത്തത്.
മണിയറയിലായിരിക്കെ, ഉഹുദ് യുദ്ധത്തിനുള്ള ആഹ്വാനം മദീനാ തെരുവില്‍ മുഴങ്ങുന്നതു കേട്ട് പ്രിയതമയോട് യാത്രപറഞ്ഞ് രണാങ്കണത്തിലേക്ക് ഓടിയ ഹന്‍ദലത്തുബ്നു അബീ ആമിര്‍. പോരാട്ടത്തിനൊടുവില്‍ അദ്ദേഹം രക്തസാക്ഷിയായി. മലക്കുകള്‍ അദ്ദേഹത്തെ കുളിപ്പിച്ചു. സ്വര്‍ഗീയ വസ്ത്രങ്ങള്‍ ഉടുപ്പിച്ചു. സുഗന്ധ ലേപനങ്ങള്‍ പുരട്ടി. പ്രവാചകന്‍ അദ്ദേഹത്തെ മരണാനന്തരം 'ഗസീലുല്‍ മലാഇക' എന്നു വിളിച്ചു. ആരെയും മോഹിപ്പിക്കുന്ന പദവിയിലേക്കാണ് അദ്ദേഹം ഉയര്‍ത്തപ്പെട്ടത്. പ്രവാചകന്റെ മറ്റൊരനുചരനായിരുന്നു മുസ്അബു ബ്‌നു ഉമൈര്‍. ഹിജ്റക്കു മുമ്പ് യസ്രിബിന്റെ മണ്ണ് ഇസ്ലാമിനായി ഒരുക്കാന്‍ റസൂല്‍ നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു. എഴുപതില്‍പരം പേരാണ് അദ്ദേഹം വഴി ഇസ്ലാം സ്വീകരിച്ചത്. മക്കയിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച് രാജകീയ ജീവിതം നയിച്ച മുസ്അബ് അല്ലാഹുവോടും റസൂലിനോടുമുള്ള സ്നേഹത്താല്‍ അവയെല്ലാം ത്യജിക്കുകയായിരുന്നു. ഉഹുദിന്റെ രണാങ്കണത്തില്‍ ശത്രുവിന്റെ വാള്‍ത്തലപ്പേറ്റ് സ്വര്‍ഗം പുല്‍കിയ മുസ്അബിന്റെ ശരീരം കണ്ട് പ്രവാചകന്‍ അശ്രുകണങ്ങള്‍ പൊഴിച്ചു. സമ്പന്നതയുടെ മടിത്തട്ടില്‍ ബാല്യകൗമാരങ്ങള്‍ പിന്നിട്ട മുസ്അബ് രക്തസാക്ഷിയായപ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത ദാരിദ്ര്യത്തിലെത്തിയിരുന്നു. തല മൂടുമ്പോള്‍ കാല് വെളിയിലാകുന്ന അവസ്ഥ. ഇതായിരുന്നു നബിയെ കരയിപ്പിച്ചത്. ഇദ്ഖര്‍ പുല്ല് കൊണ്ട് കാലു മറച്ചാണ് പ്രിയ മുസ്അബിനെ അല്ലാഹുവിന്റെ ദൂതര്‍ യാത്രയയച്ചത്. ജീവിതത്തില്‍ ചെറുപ്പക്കാരെ മോഹിപ്പിച്ച മുസ്അബ് മരണാനന്തരവും അത് നിലനിര്‍ത്തി.
പ്രവാചകന്‍ ഏതൊരു ലക്ഷ്യത്തിനു വേണ്ടിയാണോ നിയോഗിതനായത്, ആ ലക്ഷ്യപ്രാപ്തിക്കായി അദ്ദേഹത്തോടൊപ്പം എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അനുചരന്മാര്‍ നിലകൊണ്ടു. ഉഹുദ് രണഭൂമിയില്‍ തന്റെ മകന്‍ രക്തസാക്ഷിയായത് സ്വഹാബികള്‍ സുമൈറാ ബിന്‍ത് ഖൈസിനെ അറിയിച്ചു. അവര്‍ക്ക് അതൊന്നുമായിരുന്നില്ല അറിയേണ്ടിയിരുന്നത്. റസൂലിന് എന്തെങ്കിലും സംഭവിച്ചോ? അത്തരം ചില കിംവദന്തികള്‍ മദീനയില്‍ അതിനോടകം പ്രചരിച്ചിരുന്നു. നബി സുരക്ഷിതനാണെന്നറിഞ്ഞപ്പോള്‍ 'കുല്ലു മുസ്വീബതിന്‍ ബഅ്ദക യാ റസൂലല്ലാഹി ജലലു' (താങ്കള്‍ക്കൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍, പ്രവാചകരേ പിന്നീടെല്ലാം നിസ്സാരം) എന്നായിരുന്നു അവരുടെ പ്രതികരണം.
ഇത്തരത്തില്‍ വലിയൊരു അനുചരവൃന്ദത്തെ സൃഷ്ടിച്ചെടുക്കാനായെന്നു മാത്രമല്ല, 'എന്റെ സഖാക്കള്‍ നക്ഷത്രസമാനരാണ്. അവരിലാരെ പിന്തുടര്‍ന്നാലും നിങ്ങള്‍ സന്മാര്‍ഗസ്ഥരായി മാറും' എന്ന് അവരെ പറ്റി പ്രവാചകന് പറയാന്‍ സാധിച്ചു. ലോകത്ത് ഏതു നേതാവിനാണ് തന്റെ അനുയായികളെ കുറിച്ച് ഇങ്ങനെ പറയാനാവുക! പ്രവാചകന്‍ തന്റെ അനുയായികള്‍ക്കൊപ്പമാണ് ജീവിച്ചത്. അവരുടെ ശക്തിയും ദൗര്‍ബല്യവും പ്രവാചകനറിയാമായിരുന്നു. സുഖത്തിലും ദുഃഖത്തിലും നബി അവരുടെയൊപ്പമായിരുന്നു. അനുയായികളെ പരീക്ഷണത്തിലും പ്രയാസത്തിലും തള്ളിയിട്ട് സുഖജീവിതം നയിച്ച നേതാവായിരുന്നില്ല അദ്ദേഹം. 'റോമയുടെയും പേര്‍ഷ്യയുടെയും ഭരണാധികാരികള്‍ എത്ര ഉയര്‍ന്ന ജീവിതമാണ് നയിക്കുന്നത്? താങ്കള്‍ക്ക് ഞാന്‍ നല്ല ഒരു വിരിപ്പ് നല്‍കട്ടേ' എന്ന്, തന്റെ വെളുത്തു തുടുത്ത ശരീരത്തില്‍ ഈന്തപ്പനയോല കൊണ്ട് നെയ്ത പായയാല്‍ തീര്‍ത്ത രക്തവര്‍ണമുള്ള വടുക്കള്‍ കണ്ട് ചോദിച്ച ഉമറി(റ)നോട് റസൂല്‍ (സ) പറഞ്ഞു: ''ഞാനും ഈ ദുന്‍യാവും തമ്മിലെന്ത്! ഞാനിവിടെ ഒരു യാത്രക്കാരന്‍ മാത്രമാണ്. ക്ഷീണമകറ്റാന്‍ അയാള്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ വിശ്രമിക്കുന്നു. ശേഷം യാത്ര തുടരുന്നു...'' എത്ര മനോഹരമാണാ വാചകം! ജീവിതമെന്തെന്ന് അത് ലോകത്തെ പഠിപ്പിക്കുന്നു. ലോകത്തെ ജയിക്കാനും നയിക്കാനുമുള്ളവരെ ലോകം കീഴടക്കരുതെന്ന മഹത്തായ പാഠമാണ് ഉമറിന് ദൈവദൂതന്‍ പകര്‍ന്നുനല്‍കിയത്. ഉമര്‍ തന്റെ ജീവിതത്തിന്റെ അന്ത്യം വരെ അത് കാത്തുസൂക്ഷിച്ചു. ഭരണാധികാരിയെയും പൗരന്മാരെയും തിരിച്ചറിയാനാകാത്തവിധം വിദേശ ദൗത്യസംഘം ഉമറിന്റെ മുന്നില്‍ അത്ഭുതം കൂറിയ ചരിത്ര മുഹൂര്‍ത്തം ലോകത്തിന് പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
Comments