ഖുര്‍ആന്റെ ആധികാരികത
ദൈവം (അഥവാ അല്ലാഹു) മനുഷ്യസമൂഹത്തിനായി അവതരിപ്പിച്ചു നല്‍കിയ ഒടുവിലത്തെ വേദമായ ഖുര്‍ആന്‍ കഴിഞ്ഞ 1400-ലധികം വര്‍ഷമായി മനുഷ്യന്റെ യാതൊരു കൈകടത്തലുകള്‍ക്കും മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാവാതെ, യാതൊരു കലര്‍പ്പുമില്ലാതെ നിലനില്‍ക്കുകയാണ്. ഈ അന്തിമ സന്ദേശം ഏതാണ്ട് ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് മുഹമ്മദ് നബിക്കാണ് അവതീര്‍ണമായത്. പല ദൈര്‍ഘ്യത്തിലുള്ള ഖണ്ഡങ്ങളായിട്ടായിരുന്നു അതിന്റെ അവതരണം. ഒരു ഖണ്ഡം അവതരിച്ചു കിട്ടുമ്പോഴേക്ക് അത് തന്റെ അനുയായികള്‍ക്ക് അദ്ദേഹം പാരായണം ചെയ്തു കേള്‍പ്പിക്കും; അവരത് എഴുതിയെടുക്കും, മനപ്പാഠമാക്കും. അവതരിച്ചു കിട്ടിയ ഓരോ ഖണ്ഡവും ഖുര്‍ആന്റെ ഏതേതു ഭാഗത്ത് വെക്കണം എന്ന് കൃത്യമായി നിര്‍ദേശം പ്രവാചകന്‍ വഹ്‌യ്(വെളിപാട്) എഴുത്തുകാര്‍ക്ക് നല്‍കിയിരുന്നു. ഇങ്ങനെ ഖുര്‍ആന്‍ പ്രവാചകന്റെ കാലത്തു തന്നെ പൂര്‍ണമായി എഴുതപ്പെടുകയും അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുചരന്മാര്‍ അപ്പോള്‍ തന്നെ അത് മനപ്പാഠമാക്കുകയും ചെയ്തു. പ്രവാചകന്റെ വിയോഗത്തിനു ശേഷം അധികാരമേറ്റ അബൂബക്ര്‍ സിദ്ദീഖ് ഖുര്‍ആന്‍ ഒരൊറ്റ ഗ്രന്ഥത്തില്‍ ക്രോഡീകരിക്കാനുള്ള ചുമതല ഏല്‍പ്പിച്ചത് സൈദു ബ്‌നു സാബിത്തിനെയാണ്. തുടര്‍ന്ന് മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്റെ കാലത്ത് സൈദ് തന്നെ അതിന്റെ ഏഴ് പകര്‍പ്പെടുക്കുകയും അവ ഇസ്‌ലാമിക ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ഖുര്‍ആന്‍ അതിന്റെ മൂലസ്രോതസ്സായ അറബി ഭാഷയില്‍ തന്നെ നിലനില്‍ക്കുന്നത്, തലമുറകളായി മില്യന്‍ കണക്കിനാളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരക്ഷരം വിടാതെ അത് മുഴുവന്‍ മനപ്പാഠമാക്കുന്നത്, അതിന്റെ എല്ലാ കോപ്പികളും കൈയെഴുത്തു പ്രതികളും1 പൂര്‍ണമായും ഒരു മാറ്റവുമില്ലാതെ ഒത്തുവരുന്നത്... ഇതെല്ലാം മാനവസമൂഹത്തെ വഴി നടത്താനായി അവതീര്‍ണമായ ഏറ്റവും ഒടുവിലത്തെ ദിവ്യസന്ദേശമാണ് ഖുര്‍ആന്‍ എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ മുഴുവന്‍ ദൈവത്തിന്റെ അതേ വാക്കുകളില്‍ തന്നെയാണുള്ളത്. ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്തിട്ടില്ല. ഖുര്‍ആനിലെ 'ഖുല്‍ ഹുവല്ലാഹു അഹദ്' (പറയുക, അവന്‍ അല്ലാഹു ഏകനാകുന്നു) എന്ന വാക്യത്തില്‍നിന്ന് ഒരക്ഷരം പോലും മാറ്റാന്‍ ആ വാക്യം ഏറ്റുവാങ്ങിയ മുഹമ്മദ് നബിക്ക് സാധ്യമല്ല. എന്താണോ ലഭിച്ചത് അത് അതേപടി പകര്‍ന്നു കൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല. മേല്‍പ്പറഞ്ഞ വാക്യത്തില്‍നിന്ന് 'ഖുല്‍' (പറയുക) എന്ന ക്രിയ ഒഴിവാക്കാമെന്നു വെച്ചാല്‍ നടക്കുകയില്ല.2
പ്രവാചക വചനങ്ങളും (ഹദീസുകള്‍) ഇതുപോലെ തന്നെയാണ്. അത് ഇസ്‌ലാമിക നിയമാവിഷ്‌കാരത്തിന്റെ രണ്ടാം സ്രോതസ്സായി കണക്കാക്കപ്പെടുന്നു. ഹദീസുകളും ദൈവത്താല്‍ അവതീര്‍ണമാണെങ്കിലും അവയിലെ വാക്കുകള്‍ ദിവ്യപ്രോക്തമാകണമെന്ന് നിര്‍ബന്ധമില്ല. അതിനാലവ ശേഖരിക്കപ്പെട്ടതും സൂക്ഷിക്കപ്പെടുന്നതും ഹദീസ് എന്ന പേരിലുള്ള പ്രത്യേകം ഗ്രന്ഥങ്ങളിലാണ്. ഇവ്വിധം കുറ്റമറ്റതാണ് ബൈബിള്‍ എന്നു പറയാന്‍ കഴിയില്ല. കാരണമതില്‍ ദൈവത്തിലേക്ക് ചേര്‍ക്കപ്പെടുന്ന വചനങ്ങളും പ്രവാചകന്മാരിലേക്ക് ചേര്‍ത്തു പറയുന്ന വാക്യങ്ങളും മറ്റുള്ള ആളുകളുടെ സംസാരങ്ങളുമൊക്കെ ഇടകലര്‍ന്നിരിക്കുന്നു.
ഖുര്‍ആന്‍ വായിക്കുന്ന ആര്‍ക്കും ആദ്യമേ ഒരു കാര്യം ബോധ്യപ്പെടും. ഈ ഗ്രന്ഥം പൂര്‍ണമായും ദൈവത്തിന്റെ ഏകത്വത്തിലാണ് കേന്ദ്രീകരിക്കുന്നത്. പലരും കരുതുന്നതുപോലെ, മുഹമ്മദ് നബിയുടെ ജീവിതമോ അദ്ദേഹത്തിന്റെ സാഹസിക കൃത്യങ്ങളോ ഒന്നുമല്ല അതിലെ പ്രതിപാദ്യം. ഏകദൈവത്തില്‍ മാത്രമേ വിശ്വസിക്കാവൂ, അവനെ മാത്രമേ മഹത്വപ്പെടുത്താവൂ, അവന്റെ ശാസനകളാണ് പിന്‍പറ്റേണ്ടത്, അവന്‍ വിലക്കിയതില്‍നിന്നൊക്കെ വിട്ടുനില്‍ക്കണം എന്ന വളരെ വ്യക്തതയുള്ള ഒരു സന്ദേശമാണ് ഖുര്‍ആന്‍ വായിക്കുന്ന ആര്‍ക്കും ഗ്രഹിക്കാനാവുക. ഖുര്‍ആന്‍ മുഹമ്മദ് നബിയെ പരിചയപ്പെടുത്തുന്നത് ദൈവത്തിന്റെ സന്ദേശവാഹകനായിട്ടാണ്. അദ്ദേഹത്തിന് മുമ്പും സന്ദേശവാഹകര്‍ കഴിഞ്ഞു പോയിട്ടുണ്ട്. 3:144 ഖുര്‍ആനിക സൂക്തം ഇങ്ങനെ വായിക്കാം: ''മുഹമ്മദ് ദൈവദൂതനല്ലാതെ മറ്റാരുമല്ല. അദ്ദേഹത്തിനു മുമ്പും ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയോ? ആരെങ്കിലും പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക, അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും.''
ദൈവത്തിന്റെ സമ്മതമില്ലാതെ ആര്‍ക്കും ഒന്നും -സ്വന്തത്തിന് പോലും- ചെയ്തുകൊടുക്കാന്‍ പ്രവാചകന് സാധ്യമല്ല. 7:188-ാം സൂക്തം: ''പറയുക; ഞാന്‍ എനിക്കു തന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇഛിച്ചത് മാത്രം നടക്കുന്നു. എനിക്ക് അഭൗതിക കാര്യങ്ങള്‍ അറിയുമായിരുന്നുവെങ്കില്‍ എനിക്കു തന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നില്ല. ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്; വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.''
പ്രവാചകന്റെ പ്രവൃത്തിയെ വിമര്‍ശിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും നമുക്ക് കാണാം. ഒരിക്കല്‍ അന്ധനായ ഒരാള്‍ അറിവു നേടാനായി പ്രവാചകനെ തേടി വന്നു. അപ്പോള്‍ പ്രവാചകന്‍ മക്കയിലെ പ്രമുഖരായ ചിലര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയായിരുന്നു. ഈ പ്രമുഖര്‍ക്ക് മനംമാറ്റം വന്നെങ്കിലോ എന്ന പ്രതീക്ഷയില്‍ അന്ധന്റെ വരവില്‍ പ്രവാചകന്റെ മുഖത്ത് അനിഷ്ടം പ്രകടമായി. അന്ധനെ അദ്ദേഹം ശ്രദ്ധിച്ചതുമില്ല. അന്ധന്‍ നേരത്തേതന്നെ ദൃഢവിശ്വാസികളിലൊരാളാണ്, അദ്ദേഹത്തിന് ഉപദേശം നല്‍കുന്നത് പ്രമുഖരുമായുള്ള സംഗമം കഴിഞ്ഞ് കുറച്ച് വൈകിയാണെങ്കിലും പ്രശ്‌നമില്ലല്ലോ എന്നാണ് പ്രവാചകന്‍ ചിന്തിച്ചത്. എന്നാല്‍ ഖുര്‍ആന്‍ ഈ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു (80:1-11): ''അദ്ദേഹം (പ്രവാചകന്‍) നെറ്റിചുളിച്ചു, മുഖം തിരിച്ചു; അന്ധന്റെ വരവു കാരണം. താങ്കള്‍ക്ക് എന്തറിയാം, ഒരുവേള ആ മനുഷ്യന്‍ വിശുദ്ധി കൈവരിച്ചെങ്കിലോ? അഥവാ, അദ്ദേഹം ഉപദേശം ശ്രദ്ധിക്കുകയും അതദ്ദേഹത്തിന് ഉപകാരപ്പെടുകയും ചെയ്‌തേക്കാമല്ലോ. എന്നാല്‍ താന്‍പോരിമ നടിച്ചവനുണ്ടല്ലോ, അവനു നേരെയാണ് താങ്കളുടെ ശ്രദ്ധ തിരിഞ്ഞത്. അവന്‍ നന്നായില്ലെങ്കില്‍ താങ്കള്‍ക്കെന്ത്! എന്നാല്‍ താങ്കളെത്തേടി ഓടിവന്ന ഈ മനുഷ്യനുണ്ടല്ലോ, അദ്ദേഹം ദൈവഭയമുള്ളവനാണ്. പക്ഷേ താങ്കള്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കുകയാണ് ചെയ്തത്. അറിയുക, ഇതൊരു ഉദ്‌ബോധനമാണ്.''
ദൈവത്തിന്റെ പേരില്‍ എന്തെങ്കിലും കള്ളം കെട്ടിച്ചമച്ചാല്‍ അത് വധിക്കപ്പെടാന്‍ വരെ ന്യായമാകുമെന്ന് താക്കീതു ചെയ്യുന്നുണ്ട് ഖുര്‍ആന്‍ (69: 44-47): ''ഇനി ഈ പ്രവാചകന്‍ നമ്മുടെ മേല്‍ വല്ലതും കെട്ടിച്ചമച്ചു പറയുകയാണെങ്കില്‍, അദ്ദേഹത്തിന്റെ വലംകൈ നാം പിടിക്കുമായിരുന്നു. എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചുകളയുമായിരുന്നു. അദ്ദേഹത്തില്‍നിന്ന് നമ്മുടെ ശിക്ഷയെ തടുക്കാന്‍ നിങ്ങള്‍ക്കാര്‍ക്കും കഴിയുമായിരുന്നില്ല.''
അറേബ്യയിലെ അവിശ്വാസികള്‍ അക്കാലത്ത് പ്രവാചകന്‍ ഖുര്‍ആന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് ആരോപിച്ചിരുന്നു. അപ്പോള്‍ ഖുര്‍ആന്‍ അവരെ വെല്ലുവിളിച്ചത്, എങ്കില്‍ അതു പോലുള്ളത് നിങ്ങള്‍ക്കും കൊണ്ടുവരാമല്ലോ, കൊണ്ടുവരൂ എന്നായിരുന്നു (17: 88): ''പറയുക: മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു ശ്രമിച്ചാലും ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരാനാവില്ല; അവരെല്ലാവരും പരസ്പരം പിന്തുണച്ചാലും ശരി.'' 52: 33,34 സൂക്തങ്ങള്‍ ഇങ്ങനെ: ''അല്ല, ഈ ഖുര്‍ആന്‍ അദ്ദേഹം സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നാണോ അവര്‍ പറയുന്നത്? അവര്‍ വിശ്വസിക്കുന്നില്ല എന്നതാണ് സത്യം. ഇവര്‍ സത്യവാന്മാരെങ്കില്‍ ഇതുപോലൊരു വചനം കൊണ്ടുവരട്ടെ.'' പക്ഷേ, അവര്‍ പരാജയപ്പെട്ടു. പിന്നെ ഖുര്‍ആന്റെ വെല്ലുവിളി, അതിനു കഴിഞ്ഞില്ലെങ്കില്‍ പത്ത് അധ്യായങ്ങളെങ്കിലും കൊണ്ടുവരൂ എന്നായി (11:13): ''അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ ഇവര്‍ പറയുന്നത്? എങ്കില്‍ കെട്ടിച്ചമച്ച പത്ത് അധ്യായങ്ങള്‍ നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവല്ലാത്ത ആരെയും നിങ്ങള്‍ക്ക് സഹായത്തിന് വിളിക്കുകയും ചെയ്യാം; നിങ്ങള്‍ സത്യമാണ് പറയുന്നതെങ്കില്‍.'' അവിടെയും എതിരാളികള്‍ പരാജയപ്പെട്ടു. ഒടുവില്‍ വെല്ലുവിളി ഒരൊറ്റ അധ്യായത്തിലേക്ക് മാത്രമായി ചുരുക്കി (2:23-24): ''നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്തതില്‍ നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ ഇതുപോലൊരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവല്ലാത്ത എല്ലാ സഹായികളെയും വിളിച്ചോളൂ, നിങ്ങള്‍ സത്യസന്ധരെങ്കില്‍. നിങ്ങളത് ചെയ്യുന്നില്ലെങ്കില്‍ -നിങ്ങള്‍ക്കൊരിക്കലും അത് ചെയ്യാനാവില്ല- മനുഷ്യരും കല്ലുകളും ഇന്ധനമായിത്തീരുന്ന നരകത്തീയെ സൂക്ഷിച്ചുകൊള്ളുക. നിഷേധികള്‍ക്കാണത് തയാറാക്കപ്പെട്ടിരിക്കുന്നത്.'' ഈ വെല്ലുവിളിക്കു മുമ്പിലും അവര്‍ പരാജിതരായി. ഇസ്‌ലാമിന്റെ ബദ്ധവൈരികള്‍, അവര്‍ അറബി ഭാഷയില്‍ നല്ല വൈഭവമുള്ളവരായിരുന്നിട്ടുകൂടി, ഖുര്‍ആനിലേതിനു സമാനമായ ഒരു അധ്യായം പോലും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഇതവര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ബലപ്രയോഗത്തിലൂടെ ഇസ്‌ലാമിനെ ഇല്ലാതാക്കാന്‍ ഇത്രയധികം ശ്രമങ്ങള്‍ വേണ്ടിവരുമായിരുന്നില്ലല്ലോ.
ബൈബിളിനെപ്പോലെയല്ല ഖുര്‍ആന്‍. അതില്‍ ഒരു തരത്തിലുള്ള തെറ്റുകളോ പൊരുത്തമില്ലായ്മയോ വൈരുധ്യമോ, ശാസ്ത്രവും യുക്തിയുമായി സംഘര്‍ഷപ്പെടലോ കാണുക സാധ്യമല്ല. ഖുര്‍ആന്‍ 4:82-ാം വാക്യം: ''അവര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലുമായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണുമായിരുന്നു.''
ഈയടുത്ത കാലത്ത് പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ ആധുനിക യന്ത്രോപകരണങ്ങളുടെ സഹായത്തോടെ തെളിയിച്ച ശാസ്ത്ര വസ്തുതകള്‍ പതിനാലു നൂറ്റാണ്ട് മുമ്പ് അവതരിച്ച ഖുര്‍ആന്‍ പരാമര്‍ശിച്ചിരിക്കുന്നതായി കാണാം. ഗര്‍ഭസ്ഥ ശിശുവിന്റെ വിവിധ പരിണാമ ദശകളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നതു കാണുക: ''മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് ഉറപ്പിച്ചു. അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി. പിന്നെ ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനു ശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നെ നാമതിനെ മറ്റൊരു സൃഷ്ടിയായി വളര്‍ത്തിക്കൊണ്ടു വന്നു. ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ'' (23:12-14).
പ്രപഞ്ചം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച്, 'ബിഗ് ബാങ്ങി'നെക്കുറിച്ച് ഖുര്‍ആന്റെ പരാമര്‍ശം ഇങ്ങനെ: ''സത്യനിഷേധികള്‍ കാണുന്നില്ലേ? ആകാശങ്ങളും ഭൂമിയും ഒട്ടിപ്പിടിച്ചതായിരുന്നു. എന്നിട്ട് നാം അവ രണ്ടിനെയും പിളര്‍ത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും നാം സൃഷ്ടിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?'' (12:30). ഈ ഖുര്‍ആനിക സൂക്തത്തിലെ ആശയത്തിനാണ് 1973-ല്‍ നോബല്‍ സമ്മാനം ലഭിച്ചത്. ജീവനുള്ള ഒരു കോശത്തിന്റെ 80 ശതമാനവും വെള്ളമാണെന്ന് ആധുനിക ശാസ്ത്രം പറയുന്നു. പതിനാലു നൂറ്റാണ്ട് മുമ്പ് ഈ വിവരമൊക്കെ നിരക്ഷരനായ3 ഒരു മനുഷ്യന് എങ്ങനെ ലഭിക്കാനാണ്! ഖുര്‍ആന്‍ ദൈവവചനമാണെന്നതിനും മുഹമ്മദ് ദൈവദൂതനാണെന്നതിനും അത് വ്യക്തമായ തെളിവാണല്ലോ.
(തുടരും)
കുറിപ്പുകള്‍
1. Life of Mohamed എന്ന കൃതിയില്‍ William Muir ഖുര്‍ആനെക്കുറിച്ച് എഴുതുന്നു; 'പന്ത്രണ്ട് നൂറ്റാണ്ടുകളായി (ഇപ്പോള്‍ പതിനാല് നൂറ്റാണ്ട്) യാതൊരു മാറ്റവും വരാതെ കലര്‍പ്പറ്റ നിലയില്‍ അവശേഷിക്കുന്ന ഖുര്‍ആന്‍ പോലെ ഒരൊറ്റ ഗ്രന്ഥവും ലോകത്ത് തന്നെയില്ല.'
2. Dr. Laura Veccia Vaglieri തന്റെ Apologia dell' Islamismo എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: 'ഖുര്‍ആന്റെ ദിവ്യത്വത്തിന് മറ്റൊരു തെളിവ് കൂടിയുണ്ട്. അവതരിച്ച കാലം മുതല്‍ ഇന്നുവരെ അത് യുഗങ്ങളിലൂടെ ഒരു മാറ്റവും വരാതെ സംരക്ഷിക്കപ്പെടുന്നു എന്നതാണത്. ദൈവം ഉദ്ദേശിച്ച് അതങ്ങനെത്തന്നെ നിലകൊള്ളുകയും ചെയ്യും, പ്രപഞ്ചം നിലനില്‍ക്കുവോളം കാലം.'
3. 29:48-ല്‍ അല്ലാഹു പറയുന്നു: ''ഇതിനു മുമ്പ് യാതൊരു ഗ്രന്ഥവും താങ്കള്‍ വായിക്കുകയോ, താങ്കളുടെ കൈകൊണ്ട് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു.''
Comments