നജ്‌റാന്‍ ക്രിസ്ത്യാനികളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നുവോ?
(മുഹമ്മദുന്‍ റസൂലുല്ലാഹ്-79)
നജ്‌റാന്‍കാരുമായി പ്രവാചകന്‍ ഉണ്ടാക്കിയ ഉടമ്പടി ഇങ്ങനെ:
''കാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍-
നജ്‌റാന്‍കാര്‍ക്ക് പ്രവാചകന്‍ മുഹമ്മദ് എഴുതി നല്‍കുന്നത്. അവരുടെ (കൊയ്‌തെടുത്ത) ഫലങ്ങളിലും മഞ്ഞയും വെള്ളയുമായ എല്ലാറ്റിലും (പണം) ഓരോ അടിമയിലും പ്രവാചകന് അധികാരമുണ്ട്. എന്നാല്‍ എല്ലാം അവര്‍ക്കുതന്നെ വിട്ടുകൊടുക്കാന്‍ പ്രവാചകന്‍ ഔദാര്യം കാണിക്കുന്നു. പകരമവര്‍ ഒരു ഔണ്‍സ് (28 ഗ്രാം വെള്ളി) വിലമതിക്കുന്ന രണ്ടായിരം വസ്ത്രങ്ങള്‍ നല്‍കണം. ഇതില്‍ ആയിരം വീതം ഓരോ റജബ് മാസത്തിലും ആയിരം വീതം ഓരോ സഫര്‍ മാസത്തിലും കൊടുക്കണം. അതിനൊപ്പം (കൂടുതലായി) ഓരോ വസ്ത്രത്തിന്റെ കൂടെ ഒരു ഔണ്‍സ് വെള്ളിയും (ഒരു ഔണ്‍സ് വെള്ളിയുടെ വില വരുന്ന വസ്ത്രം എന്ന് മറ്റൊരു വായന). ഇതില്‍ കൂടുതലായോ കുറവ് വരുത്തിയോ അടച്ചാല്‍ അതൊക്കെ കണക്കില്‍ രേഖപ്പെടുത്തിവെക്കും. മേലങ്കികളായും കുതിരകളായും യാത്രാ വാഹനങ്ങളായും (ഒട്ടകങ്ങള്‍) മറ്റും അവര്‍ നല്‍കുന്നതൊക്കെയും വരവു വെക്കപ്പെടും. എന്റെ പ്രതിനിധികള്‍ക്ക് നജ്‌റാനുകാര്‍ ഒരു മാസമോ അതില്‍ കുറഞ്ഞോ (20 ദിവസമെന്ന് മറ്റൊരു വായന) ഭക്ഷണവും മറ്റു സൗകര്യങ്ങളും നല്‍കണം. അവര്‍ ഒരു മാസത്തിലധികം അവിടെ നില്‍ക്കാന്‍ ഇടവരരുത്. യമനില്‍ യുദ്ധമോ മറ്റു കുറ്റകൃത്യങ്ങളോ ഉണ്ടാവുകയാണെങ്കില്‍ അവര്‍ (നജ്‌റാന്‍കാര്‍) 30 പടയങ്കിയും 30 കുതിരകളും 30 ഒട്ടകങ്ങളും (എന്റെ പ്രതിനിധികള്‍ക്ക്) നല്‍കണം. പടയങ്കികള്‍ക്കോ കുതിരകള്‍ക്കോ ഒട്ടകങ്ങള്‍ക്കോ എന്തെങ്കിലും നാശം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം എന്റെ പ്രതിനിധികള്‍ക്കായിരിക്കും; അവരതിന് പകരം നല്‍കുന്നതുവരെ.
നജ്‌റാന്‍കാര്‍ക്കും അവരെ ആശ്രയിച്ച് കഴിയുന്നവര്‍ക്കും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണമുണ്ട്. അവരുടെ ജീവനും സ്വത്തും അനുഷ്ഠിച്ചുവരുന്ന ആചാരങ്ങളും അവരില്‍ ഹാജറുള്ളവരും ഇല്ലാത്തവരും അവരുടെ കുടുംബങ്ങളും പവിത്ര സ്ഥാനങ്ങളും കൂടിയോ കുറഞ്ഞോ അളവില്‍ അവര്‍ കൈവശം വെക്കുന്നതുമൊക്കെ സുരക്ഷിതമായിരിക്കും. ഒരു ബിഷപ്പും തന്റെ സഭാ സ്ഥാനത്തു നിന്നോ ഒരു പുരോഹിതനും തന്റെ മഠത്തില്‍നിന്നോ ഒരു വികാരിയും തന്റെ ചുമതലകളില്‍നിന്നോ നീക്കപ്പെടുകയില്ല. അവരുടെ കടങ്ങള്‍ക്ക് പലിശ ചുമത്തപ്പെടുകയില്ല. പ്രാഗ് ഇസ്‌ലാമിക കാലത്ത് രക്തം ചിന്തിയതിനു നഷ്ടപരിഹാരത്തുകയും നല്‍കേണ്ടതില്ല. അവര്‍ സൈനിക സേവനത്തിനായി ഒരുങ്ങേണ്ടതില്ല. ഉല്‍പന്നങ്ങള്‍ക്ക് പത്തിലൊന്ന് നികുതി എന്നതും അവര്‍ക്ക് ബാധകമല്ല. ഒരു സൈന്യവും അവരുടെ ഭൂമിയില്‍ കടക്കില്ല. അതിക്രമം നടത്തി എന്ന് അവര്‍ക്കെതിരെ ആരെങ്കിലും പരാതിപ്പെടുകയാണെങ്കില്‍ നീതിയാണ് നടപ്പാക്കപ്പെടുക. അവര്‍ മര്‍ദിതരോ മര്‍ദകരോ ആയിരിക്കില്ല. ഇവരിലാരെങ്കിലും കൊള്ളപ്പലിശ വ്യാപാരം നടത്തിയാല്‍ എന്റെ സംരക്ഷണം അവര്‍ക്ക് ഇല്ലാതാവും. മറ്റൊരാളുടെ കുറ്റത്തിന് അവരിലൊരാളെയും ശിക്ഷിക്കില്ല.
അല്ലാഹു തന്റെ അധികാരം വെളിപ്പെടുത്തുന്നതുവരെ ഈ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അല്ലാഹുവും അവന്റെ ദൂതനും അവര്‍ക്ക് ഉറപ്പു നല്‍കുന്നു. അവര്‍ (നജ്‌റാന്‍കാര്‍) തങ്ങളില്‍ അര്‍പ്പിതമായ ചുമതലകള്‍ നല്ല നിലക്ക് നിര്‍വഹിക്കണമെന്നു മാത്രം. ഒരു നിലക്കും അവരോട് അനീതി ചെയ്യുകയില്ല.
ഇതിന് സാക്ഷികള്‍: അബൂ സുഫ്‌യാനുബ്‌നു ഹര്‍ബ്, ഗൈലാനുബ്‌നു അംറ്, മാലിക്ബ്‌നു ഔഫ് അന്നസ്വ്‌രി, അല്‍ അഖ്‌റഉ ബ്‌നു ഹാബിസ് അല്‍ഹമ്പലി, മുഗീറത്തുബ്‌നു ശുഅ്ബ. കരാര്‍പത്രം എഴുതിയത്: അബ്ദുല്ലാഹിബ്‌നു അബീബക്ര്‍.''1
ബലാദുരിയുടെ വിവരണത്തില്‍, രണ്ട് നൂറ്റാണ്ടുകള്‍ക്കു ശേഷം നജ്‌റാന്‍കാരുടെ കൈവശമുണ്ടായിരുന്ന ഈ കരാര്‍പത്രത്തിന്റെ കോപ്പിയില്‍ എഴുതിയയാളുടെ പേര് അലിയ്യുബ്‌നു അബീത്വാലിബ് എന്നാണുള്ളത്. ഒരുപക്ഷേ അബ്ദുല്ലാഹിബ്‌നു അബീബക്ര്‍ എഴുതിയ കരാര്‍പത്രത്തിന്റെ കോപ്പി മദീനയില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ടാവാം; അലി എഴുതിയ പകര്‍പ്പാവണം നജ്‌റാന്‍കാര്‍ക്ക് കൈമാറിയത്. ഈ കരാര്‍പത്രത്തിലെ സാക്ഷികളില്‍ മൂന്നു പേര്‍ ത്വാഇഫുകാരാണ്. ഒരാള്‍ മക്കക്കാരനും വേറൊരാള്‍ തമീം ഗോത്രക്കാരനും. ഇതില്‍ തമീമിന്റെ പങ്കാളിത്തത്തിന് സാമ്പത്തിക താല്‍പര്യങ്ങളുമായും പലിശ നിരോധനവുമായും എന്തെങ്കിലും ബന്ധം കാണുമോ?
നജ്‌റാനികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും മതാചാരങ്ങള്‍ പുലര്‍ത്താനുള്ള സ്വാതന്ത്ര്യവും വളരെ മികച്ച നിലയില്‍ തന്നെ ഉറപ്പു വരുത്തിയിരുന്നുവെന്നതിന് ഈ കരാര്‍പത്രം സാക്ഷിയാണ്. പലിശയിടപാട് നിര്‍ത്തണം എന്ന് അവരോട് പ്രത്യേകം വ്യവസ്ഥ ചെയ്തിരുന്നു. പ്രവാചകന്‍ വളരെ ഊന്നല്‍ നല്‍കിയ ഈ പരിഷ്‌കരണത്തിന് വിരുദ്ധമായി അവര്‍ നീങ്ങിയതാണ് പിന്നീട് അവര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെടാന്‍ നിമിത്തമായത്. പലിശയിടപാട് തുടര്‍ന്നതിനാല്‍ അവരെ ഉമര്‍ ഇറാഖിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. നജ്‌റാനികള്‍ ഇസ്‌ലാം സ്വീകരിച്ചുകൊണ്ടിരുന്നതിനാല്‍ അവര്‍ വസ്ത്രങ്ങളായി നല്‍കിക്കൊണ്ടിരുന്ന കപ്പം കുറച്ചുകൊണ്ടിരുന്നു; ആദ്യം ഖലീഫ ഉസ്മാനും പിന്നെ ഉമര്‍ രണ്ടാമനും മറ്റും. ജിഹ്ശയാരി പറയുന്നത്, ഹാറൂന്‍ റശീദിന്റെ കാലമായപ്പോഴേക്കും ഓരോ വര്‍ഷം ഇരുനൂറ് വസ്ത്രങ്ങളേ കൊടുക്കേണ്ടിവന്നിരുന്നുള്ളൂ എന്നാണ്.2
നജ്‌റാനിലെ ക്രിസ്ത്യാനികള്‍ക്കും ബിഷപ്പുമാര്‍ക്കും പ്രവാചകന്‍ എഴുതിയ മറ്റൊരു കത്ത് നമുക്ക് ലഭിച്ചിട്ടുണ്ട്. അതിങ്ങനെ:3
''കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍-
പ്രവാചകന്‍ മുഹമ്മദില്‍നിന്ന് ബിഷപ്പ് അബൂഹാരിസ, നജ്‌റാനിലെ ബിഷപ്പുമാര്‍, അവരുടെ പുരോഹിതന്മാര്‍, മഠാധിപന്മാര്‍, അവരെ പിന്‍പറ്റുന്ന അനുയായികള്‍ എന്നിവര്‍ക്ക്. അവരുടെ കൈവശമുള്ളതെന്തോ അതൊക്കെയും അവര്‍ക്കു തന്നെയുള്ളതാണ്. അല്‍പമാണെങ്കിലും കൂടുതലാണെങ്കിലും. അവരുടെ മഠങ്ങളും പ്രാര്‍ഥനാ മുറികളും അവര്‍ക്കുള്ളതു തന്നെ. അവക്ക് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണമു്. ഒരു ബിഷപ്പും തന്റെ അധികാരസ്ഥാനത്തു നിന്നോ ഒരു മഠാധിപതിയും തന്റെ മഠത്തില്‍നിന്നോ ഒരു പുരോഹിതനും തന്റെ ഇടവകയില്‍നിന്നോ പുറത്താക്കപ്പെടുകയില്ല. അവരുടെ അവകാശങ്ങളോ അധികാരങ്ങളോ അവര്‍ ശീലിച്ചു വന്ന മറ്റൊന്നുമോ മാറുകയില്ല. ഇക്കാര്യത്തില്‍ എന്നന്നേക്കും അവര്‍ക്ക് ദൈവത്തിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണമുണ്ട്. അവര്‍ ആത്മാര്‍ഥയോടെ പെരുമാറണമെന്നും ബാധ്യതകള്‍ നിര്‍വഹിക്കണമെന്നുമുള്ള വ്യവസ്ഥയോടെ. അവര്‍ പീഡിപ്പിക്കപ്പെടുകയില്ല; അവരെ പീഡകരാകാനും അനുവദിക്കില്ല. എഴുതിയത് മുഗീറ.''
ഈ വിധമായിരുന്നു പ്രവാചകന്‍ നജ്‌റാന്‍കാരോട് പെരുമാറിയത്. അതിന്റെ ഫലവും തുടര്‍ന്നുണ്ടാകുമല്ലോ. അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഇബ്‌നു സഅ്ദി4ന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയുണ്ട്: പ്രവാചകനുമായി ഒരു സമാധാനക്കരാര്‍ ഉണ്ടാക്കി നജ്‌റാന്‍ പ്രതിനിധി സംഘം തിരിച്ചുപോയി. പക്ഷേ ഏറെക്കഴിയും മുമ്പ് അവരുടെ 'സയ്യിദും' 'ആഖിബും' (ബിഷപ്പും വികാരിയും) മദീനയില്‍ വീണ്ടുമെത്തി പ്രവാചകന്റെ മുന്നില്‍ വെച്ച് തങ്ങളുടെ ഇസ്‌ലാമാശ്ലേഷം പ്രഖ്യാപിച്ചു. പ്രവാചകന്‍ അവര്‍ക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. താന്‍ മദീനയില്‍ ആദ്യമായി വന്നിറങ്ങിയപ്പോള്‍ താമസിച്ച അബൂ അയ്യൂബില്‍ അന്‍സ്വാരിയുടെ വീടു തന്നെ അവര്‍ക്ക് താമസിക്കാനായി നല്‍കി.
ജമൃേീഹീഴശമ ഛൃശലിമേഹശ െഎന്ന ക്രൈസ്തവ കൃതിയില്‍5 ഈ രേഖകളെല്ലാം ചേര്‍ത്തിട്ടുണ്ടെന്ന കാര്യം നമുക്ക് ആനുഷംഗികമായി ഓര്‍ക്കാം. പക്ഷേ പുതുതായി ധാരാളം കാര്യങ്ങള്‍ അതില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇവയില്‍ പലതും കാലക്രമം തെറ്റിച്ചാണ് (അിമരവൃീിശാെ) വന്നിട്ടുള്ളത്. അത് ഒട്ടേറെ പ്രയാസങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
മറ്റൊന്നു കൂടി ഇവിടെ ഓര്‍ക്കാനുണ്ട്. ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്ത് ഉത്തരവുകള്‍ പാലിക്കാത്ത ജൂത-ക്രൈസ്തവ വിഭാഗങ്ങളെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പല ഭാഗങ്ങളിലായി മാറ്റിപ്പാര്‍പ്പിച്ചിരുന്നുവല്ലോ. ഇത് നജ്‌റാനിലെ ക്രിസ്ത്യാനികളെയും ബാധിച്ചു. കാരണം അവര്‍ കരാര്‍ വ്യവസ്ഥക്ക് വിരുദ്ധമായി പലിശയിടപാടുകള്‍ നടത്തി. ഇറാഖിലേക്ക് അവരെ മാറ്റിയപ്പോള്‍ അവര്‍ക്കവിടെ ഉദാരമായി ഭൂമി അനുവദിച്ചിരുന്നു. അവിടെ അവര്‍ മറ്റൊരു നഗരം നിര്‍മിച്ചു. അതിന്റെ പേരും നജ്‌റാന്‍ എന്നു തന്നെയായിരുന്നു. പക്ഷേ ഈ മാറ്റിപ്പാര്‍പ്പിക്കല്‍ നജ്‌റാന്‍ താഴ്‌വരയിലെ എല്ലാ ക്രൈസ്തവരെയും ബാധിച്ചിരുന്നില്ലെന്ന് വിശ്വസിക്കാനാണ് ന്യായം കാണുന്നത്. കരാര്‍ ലംഘിച്ച ഭൗതികരായ മുതലാളിമാര്‍ക്ക് മാത്രമേ പുറത്തു പോകേണ്ടിവന്നിട്ടുള്ളൂ. കാരണം ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ വരെ നജ്‌റാനില്‍ ജീവിക്കുന്ന ക്രിസ്ത്യാനികളെക്കുറിച്ച് ചരിത്ര കൃതികളില്‍ പരാമര്‍ശമു്. നജ്‌റാനിലെ ക്രിസ്ത്യാനികളെ ഉമര്‍ നാടു കടത്തിയിട്ടില്ല എന്ന് ഭൂമിശാസ്ത്രകാരനായ ബക്‌രി6 പറയുന്നതും ഈ അര്‍ഥത്തിലാവണം. അഥവാ കുറ്റവാളികള്‍ മാത്രമേ നാടു കടത്തപ്പെട്ടിട്ടുള്ളൂ.
കുറിപ്പുകള്‍
1. വസാഇഖ് No 94
2. ജിഹ്ശിയാരി-കിതാബുല്‍ വുസറാഅ് Fol. b (വിയന്ന എഡിഷന്‍)
3. വസാഇഖ് No 95
4. ത്വബഖാത്ത് I /ii, പേജ് 85
5. വസാഇഖ്, No 96,97. Patrologia Orientalis, XIII, 600-618 അവലംബിച്ചുകൊണ്ട്.
6. ബക്‌രി, പേ: 9
Comments