മുഹമ്മദ് നബി ജീവിതത്തെ നിര്‍ണയിക്കുന്ന ചരിത്രപുരുഷന്‍
ആരായിരുന്നു പ്രവാചകന്മാര്‍? അവര്‍ നിങ്ങളെപ്പോലുള്ള മനുഷ്യരായിരുന്നു എന്ന് ഖുര്‍ആന്‍. എന്തുകൊണ്ടാണ് ഖുര്‍ആന്‍ ഇത് എടുത്തുപറയുന്നത്? എതിരാളികള്‍ മനുഷ്യരല്ലാത്ത പ്രവാചകന്മാര്‍ എന്ന പ്രമേയം മുന്നോട്ടുവെച്ചിരുന്നു. ഇതിനോടുള്ള പ്രതികരണം കൂടിയായിരുന്നു മനുഷ്യനായ പ്രവാചകന്‍ എന്ന പ്രവാചക വ്യക്തിത്വത്തെക്കുറിച്ച ദൈവിക പ്രഖ്യാപനം. എന്തിനാണ് പ്രവാചകന്മാര്‍? ബഹുമാനിക്കാനും ആരാധിക്കാനുമാണ് പ്രവാചകന്‍ എന്നതാണ് ബഹുദൈവ മതത്തിന്റെ ഉത്തരം. മനുഷ്യന് മാതൃകയാണ് പ്രവാചകന്‍ എന്ന സങ്കല്‍പമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. പ്രവാചകന്മാര്‍ മനുഷ്യകുലത്തിന്റെ മാതൃകാപുരുഷന്മാരാണ്. ദൈവത്തിലും അന്ത്യദിനത്തിലും പ്രതീക്ഷയുള്ളവര്‍ക്ക് ദൈവദൂതനില്‍ ഉത്തമ മാതൃകയുണ്ടെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് പ്രവാചകത്വത്തെക്കുറിച്ച പുരോഹിത മതവാദത്തെ നിരാകരിക്കാന്‍ കൂടിയാണ് (അല്‍അഹ്‌സാബ് 21). ഞങ്ങള്‍ നോക്കിനില്‍ക്കെ ഭൂമിയില്‍നിന്ന് ഉറവ ഒഴുക്കുക. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടാവട്ടെ, അതിനടിയിലൂടെ അരുവികള്‍ ഒഴുകട്ടെ, അല്ലെങ്കില്‍ നീ വാദിക്കും പ്രകാരം ആകാശം കഷ്ണങ്ങളായി ഞങ്ങളുടെ മേല്‍ വീഴട്ടെ, അല്ലെങ്കില്‍ മലക്കുകളെ ഹാജരാക്കുക. ഒന്നുകില്‍ ആകാശം താഴോട്ടുവീഴുക, അതല്ലെങ്കില്‍ നീ ആകാശത്തേക്ക് കയറിപ്പോവുക. ഞങ്ങള്‍ക്ക് വായിക്കാവുന്ന പുസ്തകവുമായി തിരികെ വരിക. ഇങ്ങനെയെന്തെങ്കിലും കാണിച്ചുതന്നാലേ ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുകയുള്ളൂ എന്നതായിരുന്നു മുഹമ്മദ് നബിയുടെ എതിരാളികളുടെ വാദമുഖമെന്ന് ഖുര്‍ആന്‍ പറയുന്നു. ദൈവത്തെക്കുറിച്ച ഒരു പ്രസ്താവനയും തന്നെക്കുറിച്ച ഒരു ചോദ്യവും ചോദിക്കാനാണ് അല്ലാഹു പ്രവാചകനോട് പറയുന്നത്: 'എന്റെ നാഥന്‍ പരിശുദ്ധനാണ്. ഞാനൊരു മനുഷ്യനായ പ്രവാചകന്‍ മാത്രമല്ലയോ?' എന്തുകൊണ്ട് മനുഷ്യനായ പ്രവാചകന്‍? മനുഷ്യനായ പ്രവാചകന്‍ എന്ന ദൈവിക നടപടിക്രമമാണ് നിഷേധികള്‍ക്ക് ചരിത്രത്തിലെന്നും വിശ്വാസത്തിന് വിസമ്മതമായി വര്‍ത്തിച്ചത് എന്ന് ഇവിടെ ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യനായ പ്രവാചകന്‍ എന്നതിന്റെ യുക്തി അല്ലാഹു ദിവ്യമായ തെളിമയോടെ ഇങ്ങനെ വിശദീകരിച്ചു: 'ഭൂമിയില്‍ ജീവിക്കുന്നത് മാലാഖമാരായിരുന്നു എങ്കില്‍ തീര്‍ച്ചയായും നാമൊരു മാലാഖയെ പ്രവാചകനായി അയക്കുമായിരുന്നു' (അല്‍ ഇസ്രാഅ് 90-93). മാലാഖയോ മനുഷ്യനോ എന്നതല്ല ജീവിക്കുന്നവര്‍ക്ക് മാതൃക എന്നതാണ് പ്രവാചക ജീവിതത്തിന്റെ അടിസ്ഥാനം. ഓരോ ഇനം സൃഷ്ടികളുടെ കാര്യത്തിലും ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രം സാധ്യമാവുന്ന കാര്യമാണ് മാതൃകയാവുക എന്നത്.
പ്രവാചകനിഷേധം ചരിത്രത്തില്‍ രണ്ടു വിധത്തിലുണ്ട്. ഒന്ന് നേര്‍ക്കുനേരെ പ്രവാചകനെ നിഷേധിക്കുക. താന്‍ പ്രവാചകനല്ല എന്നു വാദിക്കുക, ദൈവം മനുഷ്യനെ പ്രവാചകനായി അയക്കില്ല എന്നു സിദ്ധാന്തിക്കുക. രണ്ട്, പരോക്ഷനിഷേധം. പ്രവാചകന്‍ മനുഷ്യനല്ല എന്നു സിദ്ധാന്തിക്കുക. പ്രവാചകനെ മനുഷ്യാതീതനാക്കുക, ദൈവതുല്യനാക്കുക എന്ന രീതിയിലാണത്. ഫലത്തില്‍ ഇത് രണ്ടും ഒന്നാണ്. ദിവ്യാത്ഭുതങ്ങളുടെ ആവശ്യപ്പട്ടികയുമായി വന്നവരോട് പ്രവാചകന്റെ മറുപടി ചെറുതും ലളിതവുമായിരുന്നു; എന്റെ നാഥന്‍ പരിശുദ്ധന്‍. അഥവാ ദൈവമാണെന്ന് അവകാശപ്പെടാത്തവനോട് ദൈവത്തിന്റെ പ്രവൃത്തികള്‍ ചോദിക്കുന്നതിന് എന്ത് ന്യായമാണ് സുഹൃത്തുക്കളേ ഉള്ളത്? ഞാന്‍ മനുഷ്യനായ പ്രവാചകന്‍. എന്നിലൂടെ അവതീര്‍ണമായ വേദമുണ്ട്, പഠിക്കാം. എന്റെ ജീവിതമുണ്ട്, പരിശോധിക്കാം. അത്ര മാത്രം. നിഷേധിച്ച് തോല്‍പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്ത പടി അംഗീകരിച്ച് തോല്‍പിക്കുക എന്നതാണ്. ഉള്ളതിനേക്കാള്‍ അധികം അംഗീകരിക്കുക. ഈസാ നബിയെ റോമാ സാമ്രാജ്യം രണ്ടാം ഘട്ടത്തില്‍ പരാജയപ്പെടുത്തിയത് അങ്ങനെയാണ്.
എന്തിനാണ് നിഷേധികള്‍ മാലാഖയെ പ്രവാചകനായി ചോദിച്ചത്? മനശ്ശാസ്ത്രം വളരെ വ്യക്തമാണ്. മനുഷ്യനായ പ്രവാചകനെ നിഷേധിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ്, അനായാസമാണ് മാലാഖയായ പ്രവാചകനെ നിഷേധിക്കാന്‍. മനുഷ്യനായ പ്രവാചകനെ നിഷേധിക്കാന്‍ അദ്ദേഹത്തിന്റെ ജീവിതകാലത്തെങ്കിലും നേര്‍ക്കുനേരെ നിഷേധിക്കേണ്ടിവരും. മാലാഖയായ പ്രവാചകനെ അംഗീകരിച്ചുകൊണ്ടുതന്നെ നിഷേധിക്കാനാവും. മാലാഖമാരായിരുന്നു പ്രവാചകന്മാരെങ്കില്‍ യാഥാസ്ഥിതിക മതത്തിന്റെ പ്രതികരണം ഇങ്ങനെയായിരിക്കുമായിരുന്നു: അദ്ദേഹം പ്രവാചകന്‍ തന്നെയാണ്. മഹാ അതിശയമാണ്. അദ്ദേഹം പറയുന്നതെല്ലാം നൂറുക്ക് നൂറു ശതമാനം ശരിയാണ്. പക്ഷേ അദ്ദേഹം പറയുന്നതൊന്നും നമുക്ക് പ്രാവര്‍ത്തികമാക്കാനാവില്ല. കാരണം അദ്ദേഹത്തിന് വിശപ്പില്ല, ദാഹമില്ല, കുടുംബമില്ല, തൊഴിലില്ല. നമ്മുടെ കാര്യം അങ്ങനെയല്ലല്ലോ. നമ്മള്‍ ചെയ്യേണ്ടത് അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തുക, പുകഴ്ത്തുക എന്നതു മാത്രമാണ്. മനുഷ്യനായ പ്രവാചകനെ നിഷേധിക്കുന്നതിന്റെ അധ്വാനങ്ങളൊന്നുമില്ലാതെ അവര്‍ക്ക് മാലാഖയായ പ്രവാചകനെ നിഷേധിക്കാന്‍ കഴിയുമായിരുന്നു. അതുകൊണ്ടാണ് വെറും വാഴ്ത്തലിനല്ല, പിന്‍പറ്റാനാണ് പ്രവാചകനെ അയക്കുന്നത് എന്ന് ഖുര്‍ആന്‍ മറുപടി പറഞ്ഞത്. ജീവിതവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിന്റെയും അമിതമായ ഉദാത്തീകരണം അതിന് ജീവിതവുമായുള്ള ബന്ധത്തെ മുറിച്ചുകളയും. ശരിതെറ്റുകളുടെ ഇസ്‌ലാമിക സാങ്കേതിക പദങ്ങളായ ഹലാലും ഹറാമും ആധ്യാത്മിക സ്വഭാവമുള്ള നിയമങ്ങളാണ്. പ്രാര്‍ഥനാ മനസ്സാണ് അതിനെ അതാക്കിത്തീര്‍ക്കുന്ന നിര്‍ണായക ഘടകം എന്ന വാദത്തിലൂടെ നിയമനിര്‍മാണത്തിനുള്ള മൗലികാധികാരം അല്ലാഹുവിനാണെന്ന ഇസ്‌ലാമിക വിശ്വാസത്തിന്റെ സുപ്രധാന വശത്തിന് രാഷ്ട്രീയ വ്യവഹാരത്തിലുള്ള നിര്‍ണായക സ്ഥാനമാണ് നിരാകരിക്കപ്പെട്ടത്. പ്രവാചകന്‍ നമ്മെപ്പോലെ മനുഷ്യനല്ല എന്നു പറയുന്നതിലൂടെ പ്രവാചക ജീവിതത്തിന് നമ്മുടെ ജീവിതവുമായുള്ള ബന്ധമാണ് മുറിഞ്ഞുപോവുന്നത്. നമ്മെപ്പോലുള്ള ഒരു മനുഷ്യനെ മാത്രമേ നമുക്ക് മാതൃകയാക്കാനാവൂ. അല്ലാത്ത പ്രവാചകനോട് ആദരവിന്റെയും ആരാധനകളുടെയും ബന്ധം മാത്രമേ പുലര്‍ത്താനാവൂ. ആരാധിച്ച് നിര്‍വീര്യമാക്കാന്‍ മഹദ് വ്യക്തിത്വങ്ങളെ ആവശ്യമുണ്ട് എന്നതാണ് എക്കാലത്തും ബഹുദൈവത്വത്തിന്റെ മനോഭാവം. ഇതിലൂടെ അവര്‍ക്ക് രണ്ടു നേട്ടങ്ങള്‍ ലഭിക്കുന്നു. ഒരു ചരിത്ര പുരുഷന്‍ അവരുടെ ജീവിതത്തില്‍ ഇടപെടുന്നതിനെ തടയാന്‍ സാധിക്കുന്നു. രണ്ട് ആരാധിക്കാന്‍ ഒരു ദൈവത്തെകൂടി ലഭിക്കുന്നു. നിര്‍വീര്യമാക്കപ്പെട്ട ചരിത്ര പുരുഷന്മാരാണ് ബഹുദൈവാരാധകരുടെ മിക്ക ദൈവങ്ങളും. മതം ജീവിതവുമായുള്ള ബന്ധം നിലനിര്‍ത്തുന്നത് പ്രവാചകന്മാര്‍ക്ക് ജീവിതവുമായുള്ള ബന്ധത്തിലൂടെയാണ്. അത് മുറിക്കപ്പെട്ടാല്‍ മതത്തിന് ജീവിതവുമായുള്ള ബന്ധമാണ് മുറിക്കപ്പെടുക.
ഏതൊരു ദര്‍ശനത്തെയും പരാജയപ്പെടുത്താനുള്ള ഒരു വഴി അതിനെ കഥയാക്കി മാറ്റുക എന്നതാണ്. ദര്‍ശനത്തെ മിത്താക്കി മാറ്റുക എന്നതാണ് അതിനെ കുളിപ്പിച്ചു കിടത്താനുള്ള വഴി. ഏതു ദര്‍ശനത്തെയും ബഹുമാനിച്ച് തോല്‍പിക്കാനാവും. വിമര്‍ശിച്ച് തോല്‍പിക്കുന്നതിനേക്കാള്‍ എളുപ്പമാണ് ബഹുമാനിച്ച് തോല്‍പിക്കുക എന്നത്. അമിതമായ ഉദാത്തീകരണം പോലെതന്നെ അപകടകരമാണ് അമിതമായ ലാവണ്യവത്കരണം. പ്രവാചകനെ വിമര്‍ശിക്കുന്നതിനേക്കാള്‍ പ്രവാചകനെ കഥാപാത്രമാക്കുമ്പോള്‍ മുസ്‌ലിം സൈക്ക് പ്രക്ഷുബ്ധമാവുന്നതിന്റെ കാരണം ഈ മിത്തിഫിക്കേഷനെതിരായ ചെറുത്തുനില്‍പിന്റേതാണ്. പ്രവാചകനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ച ഷാര്‍ളി ഹെബ്‌ദോ (Charlie Hebdo) എന്ന ഫ്രഞ്ച് പ്രസിദ്ധീകരണം ചോദിച്ച ചോദ്യമിതായിരുന്നു: ഞങ്ങള്‍ ഞങ്ങളുടെ പുണ്യ പുരുഷനായ യേശുവിനെ പരിഹസിക്കുന്നു. എല്ലാവരെയും ഇങ്ങനെയൊക്കെ കൈകാര്യം ചെയ്യുന്നു. മുഹമ്മദിനെ മാത്രം അങ്ങനെ ചെയ്യാന്‍ പാടില്ല എന്ന വാദത്തെ നേരിടാന്‍ വേണ്ടിയാണ് ഞങ്ങള്‍ മുഹമ്മദ് നബിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ചത്. യേശുവിന് സംഭവിച്ചത് മുഹമ്മദ് നബിക്ക് സംഭവിക്കരുത് എന്നതുതന്നെയാണ് ഇത്തരം കഥാപാത്രവത്കരണത്തിനെതിരായ പ്രതിരോധങ്ങളുടെ ആശയാടിത്തറ. യേശു ഇന്ന് വലിയ ഒരു കഥയിലെ ഒരു കഥാപാത്രം മാത്രമാണ്. മുഹമ്മദ് നബി ഇന്നും ജീവിതത്തെ നിര്‍ണയിക്കുന്ന ചരിത്രപുരുഷനാണ്, പ്രവാചക സാന്നിധ്യമാണ്. അരാഷ്ട്രീയവത്കരിക്കപ്പെട്ട ചരിത്ര പുരുഷന്മാരാണ് മിത്തുകള്‍. മിത്തുകള്‍ വീണ്ടും രാഷ്ട്രീയത്തില്‍ ഇടപെടാറുണ്ട്. വര്‍ത്തമാന ഇന്ത്യയിലെ രാമന്‍ അതിന്റെ ഉദാഹരണമാണ്. മിത്തുകളുടെ രാഷ്ട്രീയം മിക്കപ്പോഴും വംശീയതയുടെ രാഷ്ട്രീയമായിരിക്കും. പ്രവാചകത്വത്തിന്റെയോ വിമോചനത്തിന്റെയോ നൈതികതയുടെയോ രാഷ്ട്രീയമായിരിക്കില്ല. മിത്തുകള്‍ക്ക് സ്വന്തമായി രാഷ്ട്രീയമില്ല. അത് പലര്‍ക്കും പല രീതിയില്‍ ഉപയോഗിക്കാവുന്ന ഒന്നു മാത്രമാണ്. ദര്‍ശനം ഒരു കേവല ഉപകരണമല്ല. അതിന് സ്വയം സംസാരിക്കുന്ന രാഷ്ട്രീയമുണ്ടായിരിക്കും.
മുഹമ്മദ് നബി യേശുവിനെയും കൃഷ്ണനെയും പോലെ ഒരു കഥയായി മാറാത്തതില്‍ കുണ്ഠിതപ്പെടുന്ന മതേതര എഴുത്തുകാരെ കാണാറുണ്ട്. മലയാളത്തിലെ പ്രസിദ്ധ സാഹിത്യകാരന്‍ സകറിയ എഴുതുന്നു: ''കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കു ബൈബിള്‍ കൊണ്ടുവന്നു തന്നതാരാണെങ്കിലും അവരോട് നന്ദിയേ പറയേണ്ടതുള്ളൂ. കാരണം യേശു കഥയുടെ സൗന്ദര്യവും കഥാനായകന്റെ വിചിത്രമായ സ്വഭാവ വിശേഷതകളുമാണ് ക്രിസ്ത്യാനികള്‍ക്ക് മറ്റു ദൈവകഥകളില്‍ വിശ്വസിക്കുന്ന മലയാളികളോട് തങ്ങളുടേതായ ഒരു കഥ പറയാനുള്ള സാധ്യത നല്‍കിയത്. ഇസ്‌ലാം ഒറ്റപ്പെട്ടുപോയത് അതിന് സന്ദേശങ്ങളേയുള്ളൂ, കഥയില്ല എന്നതുകൊണ്ടാണ്. സന്ദേശങ്ങള്‍ ഇടയ ലേഖനങ്ങള്‍ പോലെ അടിച്ചേല്‍പിക്കപ്പെടും. കഥകള്‍ രസത്തോടെ ശ്രവിക്കപ്പെടും. ഇസ്‌ലാമിന് കഥകളും കഥാനായകരും ഇല്ലാഞ്ഞിട്ടല്ല. ഹദീസുകളിലൂടെ ലഭിക്കുന്ന മുഹമ്മദ് പ്രവാചകന്റെ കഥാവ്യക്തിത്വം കൃഷ്ണനെയും യേശുവിനെയും പോലെ വശ്യമായ ഒന്നാണ്. പക്ഷേ ഹദീസുകളെ ഇസ്‌ലാം എന്തിനോ പാര്‍ശ്വവത്കരിച്ചു. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ഹദീസുകളില്‍ പ്രത്യക്ഷപ്പെടുന്ന മുഹമ്മദ് എന്ന കഥാനായകനെ ഖുര്‍ആനുമായി കൂട്ടിയിണക്കി ഒരു പുതിയ ഗ്രന്ഥമുണ്ടാക്കിയാല്‍ അത് അതിമനോഹരമായ സംവേദന ശേഷിയുള്ള ഒരു ദിവ്യകഥാപുസ്തകമായിത്തീരുമായിരുന്നില്ലേ? മുഹമ്മദ് എന്ന മഹാനായ കഥാപുരുഷനെ ഇസ്‌ലാമിനു നഷ്ടപ്പെട്ടുപോയി എന്നതാണ് ഇസ്‌ലാമിന്റെ ദുരന്തം. ആയിരത്തൊന്ന് രാവുകള്‍ മെനഞ്ഞെടുത്ത ഭാവനക്ക് ഒരു തുടര്‍ച്ചയുണ്ടായില്ല. ഭാവനയുടെ അന്ത്യം താല്‍ക്കാലികമായെങ്കിലും മാനവികതയുടെ അന്ത്യമായിരുന്നു'' (കലാകൗമുദി 1999 ഏപ്രില്‍ 11). മുഹമ്മദ് നബി ഒരു കഥാപാത്രവും ഇസ്‌ലാം ഒരു നീണ്ട കഥയുമായി മാറിയില്ല എന്നതാണ് ഇസ്‌ലാമിനെ ഒരു പ്രതിരോധമായി നിലനിര്‍ത്തുന്നത്. ഇസ്‌ലാമിന്റെ വ്യതിരിക്തമായ രാഷ്ട്രീയ ശേഷിയെയാണ് ഇസ്‌ലാമിന്റെ ഒറ്റപ്പെടല്‍ എന്ന് സകറിയ വിളിക്കുന്നത്. നബിയെക്കുറിച്ച് സകറിയ പറഞ്ഞ പ്രശ്‌നം പരിഹരിക്കാനാണ് മൗലിദുകളുടെ പാരമ്പര്യം എന്നും ശ്രമിച്ചിട്ടുള്ളത്. കഥക്ക് വഴങ്ങാത്ത പ്രവാചകന്‍ എന്നതാണ് മുഹമ്മദ് നബിയെ അന്ത്യപ്രവാചകനാക്കി നിലനിര്‍ത്തുന്നത്. പ്രവാചക ജീവിതത്തെക്കുറിച്ച് ഒരു സര്‍ഗാവിഷ്‌കാരവും പാടില്ല എന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ഥം. അത്തരം സാഹിത്യാവിഷ്‌കാരങ്ങള്‍ ഇസ്‌ലാമിക ദര്‍ശനത്തിന്റെ അതിരുകളില്‍നിന്ന് പുറത്തുപോവാതിരിക്കാനുള്ള തീവ്ര ജാഗ്രത ഉള്ളതാവണം, ഒരു ദര്‍ശനം മിത്തായി മാറുന്നതിനെ തടയാനുള്ള ശേഷി പ്രകടിപ്പിക്കുന്നവയാവണം. പ്രവാചക പ്രകീര്‍ത്തന സാഹിത്യത്തെ ഈ തുലാസില്‍ വെച്ചാണ് പരിശോധന നടത്തേണ്ടത്. യേശുവിനെയും കൃഷ്ണനെയും പോലെ കഥയായി വളര്‍ന്നില്ല എന്നത് മുഹമ്മദ് നബിയുടെ പരിമിതിയല്ല; കരുത്താണ്, പ്രതിരോധ ശേഷിയാണ്.
'അങ്ങാടിയിലൂടെ നടക്കുന്ന, ഭക്ഷണം കഴിക്കുന്ന പ്രവാചകനോ' (അല്‍ഫുര്‍ഖാന്‍ 7) എന്ന എതിരാളികളുടെ ചോദ്യത്തിലുള്ളത് ഒരു ഐതിഹ്യകഥയാക്കി മാറ്റാന്‍ കഴിയാതെ പോകുന്ന പ്രവാചക വ്യക്തിത്വത്തെക്കുറിച്ച അവരുടെ പ്രയാസമാണ്. പ്രവാചക ജീവിതത്തിന്റെ സാധാരണത്വമാണ് അവരെ പ്രതിസന്ധിയിലാക്കുന്നത്. പ്രവാചകന്മാരിലൂടെ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടാം. പക്ഷേ ആ അമാനുഷികതയുടെ നിയന്ത്രണാധികാരം പ്രവാചകന്മാര്‍ക്കല്ല, അല്ലാഹുവിനാണ്. അതുകൊണ്ടുതന്നെ സഹായങ്ങള്‍ ചോദിക്കേണ്ടത്, പ്രാര്‍ഥിക്കേണ്ടത് പ്രവാചകന്മാരോടല്ല, അല്ലാഹുവിനോടാണ്. അത്ഭുതങ്ങള്‍ പ്രവാചകന്മാരുടെ അധീനതയിലായിരുന്നുവെങ്കില്‍ മാരണക്കാരുമായുള്ള മുഖാമുഖത്തില്‍ മാരണക്കാര്‍ വടി നിലത്തിട്ട് പാമ്പായപ്പോള്‍ മൂസാ നബിക്ക് ഭയം തോന്നേണ്ട കാര്യമില്ലായിരുന്നു. അപ്പോള്‍ മൂസായുടെ മനസ്സില്‍ ഭയം സംജാതമായി എന്നാണ് ഖുര്‍ആന്‍ പറയുന്നത് (ത്വാഹാ 68).
പ്രവാചകന്മാര്‍ മനുഷ്യരാണ് എന്ന് പറയുമ്പോള്‍ പ്രവാചകന്മാരുടെ പാപസുരക്ഷിതത്വം എന്ന ഇസ്‌ലാമിക സങ്കല്‍പം അവരെ മാനുഷികതയുടെ തലത്തില്‍നിന്ന് ഉയര്‍ത്തുന്നില്ലേ എന്ന ചോദ്യം ന്യായമാണ്. പാപസുരക്ഷിതത്വമുള്ള പ്രവാചകന്മാരെ അതില്ലാത്ത സാധാരണ മനുഷ്യര്‍ക്ക് മാതൃകയാക്കാനും കഴിയില്ലല്ലോ. പാപസുരക്ഷിതത്വത്തിന്റെ യാഥാര്‍ഥ്യത്തെ യൂസുഫ് നബിയെ പ്രഭുപത്‌നി വശീകരിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അബുല്‍ അഅ്‌ലാ മൗദൂദി വിശദീകരിക്കുന്നു: ''പ്രവാചകന്മാരുടെ പാപസുരക്ഷിതത്വത്തിന്റെ അര്‍ഥം തെറ്റുകള്‍ വന്നുപോകാന്‍ സാധ്യത പോലുമില്ലാത്ത വിധത്തില്‍ തെറ്റോ കുറ്റമോ പാകപ്പിഴകളോ പ്രവര്‍ത്തിക്കാനുള്ള കഴിവുതന്നെ എടുത്തുകളയുക എന്നതല്ല. പ്രത്യുത പ്രവാചകന്‍ കുറ്റം ചെയ്യാന്‍ കഴിവുള്ള മനുഷ്യന്‍ തന്നെയാണ്. പക്ഷേ മനുഷ്യന്റെ വികാരങ്ങളും ചിന്തകളും തോന്നലുകളും എന്നു വേണ്ട എല്ലാ മാനുഷിക ഗുണങ്ങളും ഉള്ളതോടൊപ്പം ബോധപൂര്‍വം തെറ്റു ചെയ്യാതിരിക്കുന്നതിനുള്ള സന്മനസ്സും ദൈവഭക്തിയും അദ്ദേഹത്തിനുണ്ടായിരിക്കും. അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളും തെളിവുകളും അദ്ദേഹത്തിന്റെ അന്തഃരംഗത്തുണ്ടായിരിക്കും. ദേഹേഛക്ക് ഒരിക്കലും അതിനെ അതിജയിക്കാനാവില്ല. ഇനി ബോധപൂര്‍വമല്ല; വല്ല പാകപ്പിഴകളും സംഭവിക്കുകയാണെങ്കില്‍ വ്യക്തമായ ബോധനം മുഖേന അല്ലാഹു ഉടനെത്തന്നെ അത് തിരുത്തുന്നതാണ്. കാരണം, അദ്ദേഹത്തിന്റെ പാകപ്പിഴകള്‍ വ്യക്തിയുടെ മാത്രം പാകപ്പിഴകളല്ല. ഒരു സമുദായത്തിന്റെ മുഴുവന്‍ പാകപ്പിഴകളാണ്. അദ്ദേഹം സന്മാര്‍ഗത്തില്‍നിന്ന് ഒരു മുടിയിഴ തെറ്റുകയാണെങ്കില്‍ ലോകം ദുര്‍മാര്‍ഗത്തില്‍ നാഴികളോളം ദൂരെപ്പോയതുതന്നെ'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, സൂറത്തു യൂസുഫ് വ്യാഖ്യാന കുറിപ്പ് 22). ഇപ്പറഞ്ഞതിനര്‍ഥം പ്രവാചകത്വമെന്നത് ദൈവഭക്തിയുടെ അനുശീലനത്തിലൂടെ ഏതു വിശ്വാസിക്കും ആര്‍ജിച്ചെടുക്കാവുന്ന ഒരു പദവിയാണെന്നല്ല. പ്രവാചകത്വം അല്ലാഹുവിന്റെ തെരഞ്ഞെടുപ്പാണ്. പക്ഷേ, അതുകൊണ്ട് പ്രവാചകന്മാര്‍ മനുഷ്യരല്ലാതാവുന്നില്ല. ദിവ്യബോധനം ലഭിക്കുന്ന, നമ്മെപ്പോലുള്ള മനുഷ്യരാണ് പ്രവാചകന്മാര്‍.
ഐതിഹ്യവത്കരിക്കപ്പെട്ട പ്രവാചകന്മാരെ മനുഷ്യവത്കരിക്കുക എന്ന പേരില്‍ എല്ലാ പീറത്തരങ്ങളും അവരുടെ മേല്‍ ആരോപിക്കുന്ന രീതിയും മതേതര സമൂഹത്തില്‍ പ്രചാരത്തിലുണ്ട്. വഴിപിഴച്ചുപോയ വേദാനുയായികള്‍ അവരുടെ വഴികേടിനെ ന്യായീകരിക്കാന്‍ ഇതേ കാര്യം മുമ്പ് ചെയ്തിട്ടുണ്ട്. പൂര്‍ണ മനുഷ്യനെക്കുറിച്ച സങ്കല്‍പത്തിന്റെ സാക്ഷാത്കാരമാണ് ഇസ്‌ലാമില്‍ പ്രവാചകന്മാര്‍. അവര്‍ ദൗര്‍ബല്യങ്ങള്‍ക്ക് വശംവദരാവുന്ന പീറ മനുഷ്യരോ മനുഷ്യാതീതരോ അല്ല. എല്ലാ മനുഷ്യര്‍ക്കും അനുകരണീയമായ മാനുഷികതയുടെ ജ്വലിക്കുന്ന മാതൃകകളാണ്.
Comments