Prabodhanm Weekly

Pages

Search

2018 നവംബര്‍ 23

3077

1440 റബീഉല്‍ അവ്വല്‍ 14

പ്രവാസത്തിലെ വിഷാദപ്പകര്‍ച്ചകള്‍

സഈദ് ഹമദാനി വടുതല

ലോകം മുഴുക്കെ പരദേശികള്‍ കുടിയിറക്കു ഭീഷണിയുടെ നിഴലിലാണല്ലോ. ഗള്‍ഫ് പ്രവാസത്തിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ല എന്നാണ് ഓരോ ദിവസത്തെയും വാര്‍ത്തകളും വര്‍ത്തമാനങ്ങളും സൂചിപ്പിക്കുന്നത്. വലിയ പ്രതീക്ഷകളുമായി കടല്‍ കടന്നെത്തി പത്തും ഇരുപതും മുപ്പതും വര്‍ഷം ബാധ്യതകള്‍ ഓരോന്നായി തീരുമ്പോള്‍ ക്യൂവില്‍ സ്ഥാനം പിടിച്ച അടുത്ത ബാധ്യതയെ നോക്കി നിസ്സംഗതയോടെ  ആ ബാധ്യത തീര്‍ക്കാനുള്ള തിരക്കുകളിലൂടെ  കടന്നുപോകുന്ന  പ്രവാസികള്‍ കടലില്‍ കലക്കിയ പഞ്ചസാര പോലെ  കിട്ടുന്ന പണം ഒന്നിനും തികയാത്ത അവസ്ഥയിലൂടെ കടന്നുപോകുന്നതിനിടയിലാണ് സ്വദേശിവല്‍ക്കരണത്തിലൂടെ ഉള്ള തൊഴിലും നഷ്ടമാകുന്നത്. കടം വാങ്ങാനും ഒരു വിധം കഴിഞ്ഞുകൂടാനും നാളെയെങ്കിലും രക്ഷപ്പെടുമെന്ന് പ്രതീക്ഷ നല്‍കി ജീവിതത്തെ  ഉത്സാഹത്തോടെ മുന്നോട്ടു കൊണ്ടുപോകാനും പ്രാപ്തമാക്കിയിരുന്ന പ്രവാസ ഇടങ്ങള്‍ ഒഴിഞ്ഞുകൊടുക്കാന്‍ ഓരോ ദിവസവും ഇറങ്ങുന്ന സ്വദേശിവല്‍ക്കരണ വിഭാഗങ്ങളുടെ പട്ടിക ഓര്‍മപ്പെടുത്തുന്നുണ്ട്. 

തൊഴിലിടങ്ങളും വാണിജ്യസംരംഭങ്ങളും നിര്‍ബന്ധിതാവസ്ഥയില്‍ വളരെപ്പെട്ടെന്ന് ഒഴിയേണ്ടിവരുമ്പോള്‍ അനുഭവപ്പെടുന്ന ശൂന്യത ധാരാളമാളുകളില്‍ മാനസിക സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുന്നു.

സ്വന്തം ദേശത്തെ പൗരന്മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നത് ആ രാജ്യത്തിന്റെ ഭരണാധികാരികളുടെ  ഉത്തരവാദിത്തമാണെന്നിരിക്കെ, സ്വദേശിവല്‍ക്കരണത്തെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. പല തൊഴില്‍ മേഖലകളിലും സ്വദേശികള്‍ അവരുടെ നൈപുണ്യവും ആത്മാര്‍ഥതയും പ്രകടമാക്കുന്നുമുണ്ട് .    

ബാച്ചിലേഴ്സിനേക്കാളുപരി കുടുംബമായി കഴിയുന്നവര്‍ക്കാണ് പുതിയ നടപടികള്‍ കടുത്ത ആഘാതമായിത്തീര്‍ന്നിരിക്കുന്നത്. ഇനിയെന്ത് എന്ന ചോദ്യത്തിനു മുമ്പില്‍ ചിലരെങ്കിലും പതറിപ്പോകുന്നു. കുടുംബത്തെ ഒപ്പം നിറുത്തുമ്പോഴുണ്ടാകുന്ന ഭാരിച്ച ചെലവിലേക്ക്  കിട്ടുന്ന പൈസ മൊത്തമായി നല്‍കേണ്ട സ്ഥിതിയിലുമാണ്. നാട്ടിലെ ബാങ്കുകളില്‍നിന്നെടുത്ത കടം, പണി പൂര്‍ത്തിയാകാതെ കിടക്കുന്ന വീട്, പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മക്കള്‍,  കെട്ടുപ്രായമെത്തിയ പെണ്‍മക്കള്‍, പെങ്ങന്മാര്‍, സ്വന്തമായി സ്ഥലവും വീടുമില്ലാത്ത അവസ്ഥ അങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങളുടെ ആഴച്ചുഴിയില്‍ ഉള്ളവര്‍  നിരവധിയാണ്. ഇതില്‍ ചിലരെങ്കിലും അവസരങ്ങള്‍ ഉപയോഗപ്പെടുത്താത്തവരോ, ആര്‍ഭാടത്തിലൂടെ ജീവിതം പൊടിപൊടിച്ചവരോ, നാളെയിലേക്ക് കരുതിവെക്കാത്തവരോ, നാളെയാകട്ടെ, നാളെയാകട്ടെ എന്ന് കരുതിയിരുന്നവരൊക്കയോ ആണെങ്കിലും, അധികമാളുകളും ചെറിയ വരുമാനംകൊണ്ട് വലിയ ബാധ്യതകള്‍ മുറിച്ചുകടക്കേണ്ടി വന്നവരാണ്.  

പ്രതീക്ഷകള്‍ വീണുടയുന്നിടത്ത് വേരാഴ്ത്തുന്ന  വിഷാദ ഭാവങ്ങളെ നമുക്ക് അത്ര പെട്ടെന്ന് അവഗണിക്കാന്‍  കഴിയില്ല. ഇന്നലെ വരെ അത്യുത്സാഹിയായിരുന്ന, എല്ലാ പരിപാടികള്‍ക്കും സംഘാടകനായും നേതാവായും അഭിനേതാവായും ഗായകനായും പ്രസംഗകനായും കാല്‍പന്ത്-ക്രിക്കറ്റ്  കളിക്കാരനായും ഒഴിവുകൂട്ടങ്ങളിലെ നര്‍മവിദ്വാനായും സോഷ്യല്‍ മീഡിയയിലെ ചിന്തകനായും സാന്നിധ്യമറിയിച്ചിരുന്ന പലരും പെട്ടെന്ന് വേദികള്‍ വിട്ടൊഴിയുന്ന  അവസ്ഥ.  സാധാരണ ജീവിതം നയിച്ചിരുന്ന ഒരാള്‍  ഉത്സാഹമില്ലാതെ,  ഒന്നിനോടും താല്‍പ്പര്യമില്ലാതെ, ഉറക്കമില്ലാതെയോ അമിതമായി ഉറങ്ങിയോ എല്ലാറ്റിനോടും വിമുഖത കാണിച്ച് ഏകാന്തമായി ഇരിക്കാന്‍ താല്‍പര്യപ്പെടുമ്പോള്‍ അവ  വിഷാദത്തിന്റെ  സൂചനകളായി എടുക്കാമെങ്കിലും  ഇതെല്ലാം പൂര്‍ണാര്‍ഥത്തില്‍ വിഷാദമാണെന്ന് പറയാന്‍ സാധ്യമല്ല.  മറ്റുള്ള പല കാരണങ്ങള്‍കൊണ്ടും ഇതുപോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകളായിരിക്കാം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും  കാരണങ്ങളായിരിക്കാം. ഇത്തരം സമ്മര്‍ദങ്ങളില്‍നിന്ന് പുറത്തുകടക്കാനായില്ലെങ്കില്‍ അത് നമ്മെ കൊണ്ടെത്തിക്കുക വിഷാദത്തിലേക്കായിരിക്കും. വിഷാദം എന്നു കേള്‍ക്കുമ്പോള്‍ അത് എന്തോ വലിയ സംഭവമാണ് എന്ന് തെറ്റിദ്ധരിക്കേണ്ട; നിസ്സാരമാക്കി അവഗണിക്കുകയും വേണ്ട .

വിഷാദത്തെ (ഡിപ്രഷന്‍) അതിന്റെ തീവ്രതയെ അടിസ്ഥാനമാക്കി  ശാസ്ത്ര ലോകം പലതായി തിരിച്ചിട്ടുണ്ട് . അതില്‍ നിസ്സാരമായ സൗന്ദര്യപ്പിണക്കങ്ങള്‍ മുതല്‍ സ്വന്തം ജീവിതത്തിനോ അപരന്റെ ജീവിതത്തിനോ നാശം വരുത്തുന്ന ഭീകരമായ രോഗാവസ്ഥയിലേക്ക്  എത്തുന്നവ വരെയുണ്ടെന്ന് ശാസ്ത്രം പറയുന്നു. സിറോട്ടോണിന്‍, നോര്‍-എപിനെഫ്രിന്‍ എന്നീ രാസപരിവാഹകരുടെ വിന്യാസത്തിലും പ്രവര്‍ത്തനത്തിലുമുള്ള കുറവാണ് വിഷാദരോഗത്തിന്റെ അടിസ്ഥാനം എന്ന്  ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഈ കുറവ് എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്.

വിഷാദം കൂടുകൂട്ടുന്നതില്‍ നമ്മുടെ ചില മൂഡുകള്‍ക്ക്  നിസ്സാരമല്ലാത്ത പങ്കുണ്ട്. എന്താണ് മൂഡ്? നാമെല്ലാം ജീവിച്ചുകൊണ്ടിരിക്കുന്ന സമയത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച്  നമ്മുടെ മനസ്സിന്റെ വികാരങ്ങള്‍ വ്യത്യാസപ്പെടാറുണ്ട്. ഇതിനെയാണ് മൂഡ് എന്ന് പറയുന്നത്. നാം തന്നെ ചില സമയങ്ങളില്‍ പറയാറുണ്ട്; 'ഇന്ന് എന്റെ  മൂഡ് അത്ര ശരിയല്ല' എന്ന്. അതായത്  നിശ്ചിത ക്രമത്തിലുള്ള  ശാരീരികവും മാനസികവുമായ അവസ്ഥകളെയാണ് മൂഡ് എന്ന് വിളിക്കുന്നത്. ഈ മൂഡ് എപ്പോഴും സന്തോഷകരമായും ഉന്മേഷത്തോടെയും നിലനിര്‍ത്തുക എന്നത്  മാനസിക-ശാരീരിക ആരോഗ്യത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. 

ശാരീരികമായി കാര്യക്ഷമതയുള്ളവരെല്ലാം മാനസികമായി ശക്തരായിക്കൊള്ളണമെന്നില്ല, മറിച്ചും. നല്ല ഭക്ഷണം, വ്യായാമം, വിശ്രമം എന്നിവ കൊണ്ട് നേടിയെടുക്കാം ശാരീരിക ആരോഗ്യം. മാനസികാരോഗ്യം എങ്ങനെയാണ് നേടുക? ഒരു ദൈവവിശ്വാസിയെ സംബന്ധിച്ച്  അത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്. എല്ലാം അല്ലാഹുവില്‍  ഭരമേല്‍പിക്കുക.  ആരെയാണോ ഭരമേല്‍പിക്കുന്നത് ആ ഭരമേല്‍പിക്കപ്പെടുന്നവന്‍  ആവശ്യം ഏറ്റെടുക്കുക എന്നിടത്താണ് ഭരമേല്‍പിക്കുന്നവന്റെ വിജയം. അപ്പോള്‍ ഭരമേല്‍ക്കുന്നവനെ ഭരമേല്‍പിക്കുന്നവന്‍ തൃപ്തിപ്പെടുത്തണം. അല്ലാഹുവിനെ ഭരമേല്‍പിക്കുമ്പോള്‍ അവന്‍ നമ്മില്‍ തൃപ്തനായിരിക്കുക എന്നത് ഒരു നിബന്ധനയാണ്. 

നിരന്തര യുദ്ധവും കടുത്ത ദാരിദ്ര്യവും  കാരണം എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് മാതൃരാജ്യത്തു തന്നെ  അഭയാര്‍ഥികളാകാന്‍  വിധിക്കപ്പെട്ട പരശ്ശതം നിസ്സഹായരായ മനുഷ്യര്‍ അലഞ്ഞു തിരിയുന്ന ഭൂമിയിലാണ് ഞാനും നിങ്ങളും പ്രവാസ ജോലിയോ സംരംഭമോ നഷ്ടപ്പെടുന്നതോര്‍ത്ത് അമിതമായ മാനസിക സംഘര്‍ഷത്തില്‍ കഴിയുന്നത്. പറഞ്ഞു വിട്ടാല്‍ തിരികെ  കയറിച്ചെല്ലാന്‍ വീടോ നാടോ  സ്വപ്‌നത്തില്‍ പോലും ഇല്ലാത്ത അനേകമാളുകള്‍ നമ്മുടെ പ്രവാസ ജീവിത പരിസരങ്ങളില്‍ തന്നെ  സന്തോഷത്തോടെ ജീവിച്ചുകൊണ്ടിരിക്കുന്നത് നാം കാണാതെ പോകരുത് 

ഖോര്‍ഫുക്കാനിലേക്ക്  മലയാളികള്‍ പായ്ക്കപ്പലേറി വരുന്നതിനും മുമ്പ് അറബികള്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് കപ്പലേറി നമ്മുടെ അതിഥികളായി വന്നവരാണ്. അറബികളുടെ ആ അന്വേഷണ ത്വരയാണ് മണ്ണിനടിയിലെ എണ്ണയിലേക്കും കടലാഴങ്ങളിലെ പവിഴങ്ങളിലേക്കും അവരെ എത്തിച്ചതും രാജ്യം അതു മൂലം അഭിവൃദ്ധിപ്പെട്ടതും. പ്രവാസം സജീവമാകുന്നതിനു മുമ്പും നമ്മുടെ പൂര്‍വികര്‍  അംഗസംഖ്യ കൂടുതലുള്ള ഭവനങ്ങളില്‍ സന്തോഷത്തോടെ ജീവിച്ചിരുന്നവരാണ്. പ്രവാസത്തില്‍നിന്നുള്ള തിരിച്ചുപോക്കിനെ പിന്നെ എന്തിന് ഭയപ്പെടണം...? ആര്‍ഭാടങ്ങളും അമിതവ്യയവും കുറക്കാനും അധ്വാനിക്കാനും സന്നദ്ധമാണെങ്കില്‍  ഇന്നും നമ്മുടെ നാട്ടില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ ജീവിക്കാം. അയല്‍ക്കാരനെപ്പോലെ നമുക്കും ജീവിക്കണം എന്നതില്‍നിന്ന്, 'ജീവിതം നല്‍കാത്തതൊക്കെയും ജീവിതത്തോട് ഞാന്‍ ജീവിച്ച് വാങ്ങിടും' എന്ന കവിവാക്യം പോലെ പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരെ പൊരുതി ജീവിക്കാന്‍ നമ്മുടെ മനസ്സുകളെ പരുവപ്പെടുത്തണം. വൈറ്റ് കോളര്‍ ആഢ്യതയുടെ ഉടയാടകള്‍ ഊരിയെറിഞ്ഞാല്‍, ഉത്തരേന്ത്യയില്‍നിന്നെത്തി കേരളത്തെ ഗള്‍ഫാക്കി ജീവിക്കുന്ന ഭായിമാരില്‍നിന്ന് ചിലതെല്ലാം പഠിച്ചാല്‍ പ്രവാസത്തിലെ കുടിയിറക്ക് മലയാളികളെ അധികമായി ബാധിക്കില്ല. പക്ഷേ നമുക്ക് അങ്ങനെയുള്ള ഒരു മനസ്സ് വേണം. ആ മനസ്സ്  ഇപ്പോഴേ പാകപ്പെടുത്തിയാല്‍ അസ്തമിച്ചുകൊണ്ടിരിക്കുന്ന പ്രവാസ തൊഴില്‍ പ്രതീക്ഷകളെക്കുറിച്ച വ്യാകുലതകളും ആകുലതകളും മറികടക്കാന്‍ സാധിച്ചേക്കും.

Comments

Other Post

ഹദീസ്‌

സ്വയം പീഡയാവരുത്‌
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (65-69)
എ.വൈ.ആര്‍