Prabodhanm Weekly

Pages

Search

2018 നവംബര്‍ 23

3077

1440 റബീഉല്‍ അവ്വല്‍ 14

പ്രവാചകന്റെ രാഷ്ട്രതന്ത്രം; ഇസ്‌ലാമിന്റെയും

പി.ടി കുഞ്ഞാലി

കേവലാനുഷ്ഠാനങ്ങളുടെ സൂക്ഷ്മതക്കപ്പുറം പ്രവാചകജീവിതത്തിന് വല്ല നിയോഗങ്ങളുമുണ്ടോ? ദൈവക്കൂട്ടങ്ങളുടെ മഹാസാന്നിധ്യങ്ങളില്‍നിന്നും വിശ്വാസിയുടെ പ്രാര്‍ഥന ഏകനായ പരാശക്തിയിലേക്കു മാത്രം  കൂര്‍പ്പിച്ചുനിര്‍ത്തുകയും അങ്ങനെ തീര്‍ത്തും സാമൂഹികനിരപേക്ഷമായി  വ്യക്തിതലത്തില്‍ സ്വര്‍ഗപ്രവേശം ഉറപ്പുവരുത്തുകയും  മാത്രമായിരുന്നുവോ ആ മഹാനിയോഗത്തിന്റെ  ഉന്നവും മാര്‍ഗവും? ഇതല്ലാതെ ഏതെങ്കിലും സാമൂഹികലക്ഷ്യങ്ങള്‍ ആ ജീവിതത്തില്‍ ഉള്ളടങ്ങിയിരുന്നുവോ? ഇത്തരത്തിലൊരന്വേഷണം തുടങ്ങേണ്ടത് പ്രവാചക ജീവിതത്തില്‍ പൊതുവെ അരാഷ്ട്രീയമെന്ന് നിരീക്ഷിക്കപ്പെടുന്ന  മക്കാപര്‍വത്തില്‍ നിന്നുതന്നെയാണ്. ഇതന്വേഷിക്കുമ്പോഴാണ് പ്രവാചകജീവിതത്തിലെ ഒന്നാം ദളം എന്തുമാത്രം ഇരമ്പുന്ന സാമൂഹിക മുന്‍കൈകള്‍ ഉള്ളടങ്ങിയതായിരുന്നുവെന്ന് നാം കണ്ടെത്തുക. എന്നാല്‍ ഇസ്‌ലാമും പ്രവാചക ജീവിതവും ഒരുതരം സാമൂഹിക ഉള്ളടക്കവുമില്ലാത്ത  കേവലമായൊരു മതമാണെന്നു വരുത്തേണ്ടത്  ഒരേസമയം കപട രാഷ്ട്രീയ കര്‍തൃത്വങ്ങളുടെയും മുസ്‌ലിം പൗരോഹിത്യത്തിന്റെയും പൊതുതാല്‍പര്യമാണ്.  അപ്പോഴേ ഇസ്‌ലാമിനകത്തെ വിമോചനശേഷിയില്‍നിന്ന് സാധാരണ വിശ്വാസികളെ മറ്റേതെങ്കിലും ഭൗതികസംഘങ്ങള്‍ക്ക് ഇവര്‍ക്ക് മറിച്ചുകൊടുക്കാനാവൂ. ഇസ്‌ലാമിനെ ഇത്തരക്കാര്‍ അനുഷ്ഠാനങ്ങള്‍ കൊണ്ട്  സ്വര്‍ഗം വാങ്ങുന്ന ലളിതയുക്തിയിലേക്ക് അപ്പോള്‍ സംക്ഷേപിച്ചുകളയും.  സത്യത്തില്‍ ഇസ്‌ലാം ഇതല്ല, പ്രവാചക നിയോഗവും ഇതിനല്ല. 

തന്റെ സാമീപ്യത്തില്‍ വന്നെത്തുന്നവരോട് അതിലോലവും വിനീതവും നിരുപദ്രവവുമായി സാരോപദേശങ്ങള്‍ പറഞ്ഞു നടന്നുപോകുന്ന ഒരു ഉപദേശിയായിരുന്നില്ല പ്രവാചകന്‍.  തീക്ഷ്ണമായ സാമൂഹിക സംഘര്‍ഷങ്ങളെ സംബോധന ചെയ്യാതെ  മഹനീയമായ തത്ത്വചിന്തകള്‍ സമര്‍പ്പിച്ച് നിര്‍മമനായി കടന്നുപോകുന്ന ഒരു ദാര്‍ശനികനുമായിരുന്നില്ല.  സമഷ്ടി അപ്പാടെ റദ്ദാക്കി  വ്യക്തിയെ ആഘോഷിച്ച ഒരാളുമല്ല.  മറിച്ച് സമ്പൂര്‍ണമായ നാഗരികബോധ്യത്തോടെ മനുഷ്യജീവിതത്തെ സമ്യക്കായി വിമലീകരിച്ച ഒരാള്‍.  വ്യക്തിയെ നവീകരിക്കുകയും അതിലൂടെ സമൂഹത്തെ പുനര്‍നിര്‍മിക്കുകയും ചെയ്ത ഒരാള്‍. അങ്ങനെ വ്യക്തി സമൂഹത്തിനാവുകയും സമൂഹം വ്യക്തിയെ പുരസ്‌കരിക്കുകയും ചെയ്യുക.  അഥവാ ആത്മീയമായി വ്യക്തി ശുദ്ധനാവുകയും അയാള്‍ സാമൂഹികസുരക്ഷക്കായി വിശ്വാസദീക്ഷയോടെ  സംഘടിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുക.  അപ്പോള്‍ സുരക്ഷിതവും സമൃദ്ധവും നിര്‍ഭയവുമായ ഒരു സമൂഹം നിര്‍മിതമാവും. ഈയൊരു സോദ്ദേശ്യ കര്‍മത്തിനുള്ള ഭൂമിയിലെ ഇന്ധനമാണ് സത്യത്തില്‍ അനുഷ്ഠാനം.  ഇന്ധനത്തിനല്ല സ്വര്‍ഗം. മറിച്ച് ഉത്തമ സമൂഹത്തിന്റെ നിര്‍മിതിക്ക് ഭൂമിയില്‍  അധ്വാനിക്കുന്നതിന് വിശ്വാസിക്ക് വ്യക്തിതലത്തില്‍ ലഭിക്കുന്ന സമ്മാനമാണ് സ്വര്‍ഗം.  

ഇതു കേള്‍ക്കുമ്പോഴാണ് അനുഷ്ഠാനവാദക്കാര്‍ വിഭ്രാന്തരാകുന്നത്. ഇതവര്‍ക്ക് അപരിചിതമായ ഒരു ചന്ദ്രമണ്ഡലമാണ്. 'ഇങ്ങനെയൊരു മതമോ? ഇത് മതമേയല്ല. ഇത് രാഷ്ട്രതന്ത്രമാണ്. വിശ്വാസികളേ ഈ രാഷ്ട്രതന്ത്രം മതത്തിനു പുറത്താണ്.' കാരണം ഇതവരുടെ സര്‍വ കുടിലലക്ഷ്യങ്ങളെയും മറിച്ചിട്ടുകളയും. ഇസ്‌ലാമില്‍നിന്നിവര്‍ പ്രതീക്ഷിക്കുന്നത് ക്ഷമാപണപരമായ ഒരു നിസ്സംഗതയാണ്. ഇതിന് വിഘാതമായാല്‍ ഇവര്‍ പ്രകോപിതരാവും. മതരാഷ്ട്രീയക്കാരെന്ന് തെറിവിളിക്കും. ഇതിന്ന് മാത്രമല്ല. വചനമിറങ്ങിയ ആദിശുഭദിനങ്ങളില്‍ തന്നെ ഉമ്മുല്‍ഖുറായിലെ അധികാര കോവിലുകളിലും നുരഞ്ഞുകുമിഞ്ഞത് ഇതേ അട്ടഹാസം തന്നെയാണ്. ഈ രോഷവും അട്ടഹാസവും പ്രവാചകന്‍ അനുഭവിച്ചതാണ്. ദേശാന്തരങ്ങളില്‍ ഇന്നും അദ്ദേഹത്തിന്റെ  അനുയായികള്‍ ഏറ്റുവാങ്ങുന്നതും ഈ തിളക്കുന്ന രോഷം തന്നെ. സത്യത്തില്‍ പ്രവാചകന്റെ ഇടപെടലുകളും  മുന്‍കൈകളും ഇസ്‌ലാമിനെ ആചാര കേവലതകളില്‍നിന്നും ദേശവ്യവഹാരതയുടെ സമഗ്രതയിലേക്ക് വികസിപ്പിക്കുന്നതു തന്നെയായിരുന്നു. വ്യക്തിയുടെ  ആത്മീയ പൂര്‍ണതയും ഒപ്പം സമൂഹത്തിന്റെ നിര്‍ഭയത്വവും സമൃദ്ധിയും സുരക്ഷയും. 

പ്രവാചക നിയോഗത്തിലെ കാലദേശങ്ങളെ  നാം സൂക്ഷ്മമായി നിരീക്ഷിക്കണം.  ലോകത്തൊക്കെയും നദീതട നാഗരികതയുടെ പൊലിവുകള്‍ അസ്തമിച്ച കാലം. നാടോടികളായ ഗോത്രജീവിതത്തിന്റെ തമോകാലം അസ്തമിച്ചു സാര്‍വദേശീയതയുടെയും ശാസ്ത്രചിന്തയുടെയും ഒരു സംഗമകാലം. തീര്‍ത്തും സ്വതന്ത്രമായ ഒരു ജനസഞ്ചയം. ഇവരിലേക്കാണ് പ്രവാചകന്‍ അല്ലാഹുവിന്റെ രാഷ്ട്രതന്ത്രവുമായി പ്രത്യക്ഷപ്പെടുന്നത്. അത് ഒരേസമയം അനുഷ്ഠാന ശുദ്ധിയുടെയും പരലോക വിശ്വാസത്തിന്റെയും പരജീവിത സമൃദ്ധിയുടെയും പൊന്‍നാരുകളില്‍ കൊരുത്തെടുത്ത നവീനമായൊരു രാഷ്ട്രതന്ത്രമാണ്. മതം തന്നെ രാഷ്ട്ര വ്യവഹാരമാവുകയും രാഷ്ട്രതന്ത്രത്തെ ആത്മീയത കൊണ്ട് പുഷ്ടിയാക്കുകയും ചെയ്യുക. ഭൗതിക അന്വേഷണത്തില്‍ ഇതൊരു അത്ഭുതമാകാം. പക്ഷേ ഇസ്‌ലാമിക ചരിത്രാന്വേഷണത്തില്‍ ഇത്  ഒരു തുടര്‍ച്ച മാത്രമാണ്.  സമ്പന്നമായൊരു ചരിത്രത്തിന്റെ അനിവാര്യമായൊരു തുടര്‍ച്ച.

ജന്മംകൊണ്ട് അനാഥനെങ്കിലും കുലീനവും അഭിജാതവുമായൊരു ബാല്യ കൗമാരമാണ് പ്രവാചകന്‍ അനുഭവിച്ചത്. അതുകൊണ്ടുതന്നെ അന്നേ അദ്ദേഹം കണ്ടറിഞ്ഞ ചില  സാമൂഹിക യാഥാര്‍ഥ്യങ്ങളുണ്ട്. അനേക ദൈവസമ്മിശ്രത്തില്‍ യഥാര്‍ഥ പ്രപഞ്ചനാഥന്‍ തിരസ്‌കൃതനാവുന്നത് ഇതിലൊന്ന്. ഒപ്പം ഏറെ തിക്തവും കാതരവുമായ നിരവധി സാമൂഹിക യാഥാര്‍ഥ്യങ്ങളും.  അത്യസാധാരണമായ ഒരു നിരീക്ഷണപടുത്വം എന്നും ആ സൂക്ഷ്മധിഷണയില്‍ മരുങ്ങിനിന്നു. 

ദീര്‍ഘമായ കച്ചവടയാത്രകള്‍ ഇരമ്പുന്ന മക്ക. ഗോത്രവൈരങ്ങള്‍ കാവ്യസൗന്ദര്യമായും കൊടൂര കൊലവിളികളായും നഗരവീഥികളില്‍ എന്നും ഇരമ്പിനിന്നു. ഒരു ചടച്ച ഒട്ടകത്തിനു ലഭിക്കുന്ന ലാളനപോലും ഏറ്റുവാങ്ങാതെ തിളക്കുന്ന പാറമടക്കുകളില്‍ ഉരുകാന്‍ വെമ്പുന്ന അടിമജീവിതം. ദൈവക്കോലങ്ങള്‍ക്ക് നഗരച്ചന്തകളില്‍ വിലപേശുന്ന ഗോത്രമൂപ്പന്മാര്‍.  ഗോത്രജീവിതത്തിലെ തിളക്കുന്ന കുടിപ്പകകള്‍ മരുഭൂമിയുടെ തുറവിയില്‍ ഖഡ്ഗത്തലപ്പുകള്‍ തുള്ളി നിശ്ചയിക്കും കാലം. കള്ളും കവിതയും  മോന്തിയ മൂര്‍ഛയില്‍  വിപ്രലംഭങ്ങള്‍ മയൂരനൃത്തം ചെയ്യുന്ന ഉക്കാളിലെ  അന്തിത്തെരുവുകള്‍. വാണിഭത്തിന്റെ പ്രമത്തതയില്‍ കള്ളത്താപ്പുകള്‍ ഒടിമറഞ്ഞെത്തുന്ന ദുല്‍ഹുലൈഫയിലെ  വര്‍ത്തകത്തെരുവുകള്‍. ഭോഗമലരുകള്‍ ഇതള്‍ വിരിയുന്ന മരുഭൂമിയുടെ വിജനതയില്‍ പെണ്‍പിറപ്പുകളെ മണലിട്ടു മൂടിയ  അഹന്തയുടെ തീക്കാവടികള്‍. ഇതും മുഹമ്മദിന്റെ ഉത്കണ്ഠകള്‍ തന്നെയായിരുന്നു. ഈ ഉത്കണ്ഠകള്‍ തന്നെയാണ് അസ്വസ്ഥചിത്തനായ ഈ യുവാവിനെ നഗരവൃത്തത്തില്‍നിന്നും പുറംപോക്കിലെ വിദൂര ഗിരിശൃംഖങ്ങളിലേക്ക് വഴി നടത്തിയത്. ഈ യാത്ര ആ മനസ്സിലെ നിര്‍മലത്വത്തിന്റെ കൂടി തീരുമാനമാണ്. ഇത് സാമൂഹികമായ തിരസ്‌കാരമല്ല. സമൂഹമാകുന്നത് കുറേയാളുകള്‍ ഒന്നിച്ചിരിക്കുമ്പോള്‍ മാത്രമല്ല. സാമൂഹിക സങ്കീര്‍ണതകളെപ്പറ്റി സ്വയം വേവലാതി കൊള്ളുന്ന ഒരാള്‍ ഒറ്റക്കിരിക്കുമ്പോള്‍ കൂടിയാണ്. ആ ഒറ്റക്കിരിപ്പ് തീര്‍ച്ചയായും ഒരു രാഷ്ട്രീയമാണ്. അങ്ങനെ മക്കക്കപ്പുറമുള്ള ആ കല്‍ഗുഹയില്‍ അല്ലാഹുവിന്റെ നിശ്ചയവും മുഹമ്മദിന്റെ അന്വേഷണവും സമാഗമിക്കുകയായിരുന്നു.

അവിടെവെച്ചൊരുനാള്‍ മുഹമ്മദില്‍ വചനം സംഭവിച്ചു. അദ്ദേഹം നിയോഗിതനായി. വചനത്തിന്റെ ശേഷിയില്‍ വെപ്രാളപ്പെട്ടിറങ്ങിയ അദ്ദേഹം     നിയോഗബോധ്യത്തിന്റെ പെരുംസാന്ദ്രതയോര്‍ത്ത് ഒരു നിമിഷം സ്തംഭിച്ചുനിന്നു. അപ്പോള്‍ വീണ്ടും വചനം സംഭവിച്ചു; 'മുഹമ്മദ്, താങ്കളെ ഞാനീ മഹാമേരുവില്‍നിന്നും ഇറക്കി നടത്തിയത് പരിണയ സൗഖ്യത്തിന്റെ കമ്പളം മൂടാനല്ല.  ജനജീവിതത്തിന്റെ ഒത്ത മധ്യത്തിലേക്ക് ഇറങ്ങി നടക്കാനാണ്.' അവിടെയൊക്കെ പുലര്‍ന്നുനില്‍ക്കേണ്ട ഒരു നീതിയുണ്ട്.  അത് എന്റെ നീതിയാണ്. അങ്ങനെ സാമൂഹിക ജീവിതത്തില്‍ കുമിയുന്ന അഹിതങ്ങളോട് കലഹിക്കാന്‍ സ്വയം തയാറാവുക. പിന്നീട് യസ്‌രിബിലേക്ക് പലായനം ചെയ്തുപോകുന്നതുവരെ നീള്‍ച്ചയായ  പതിമൂന്നാണ്ടിലും അല്ലാഹുവിന്റെ ദൂതന്‍  ഉമ്മുല്‍ ഖുറാവില്‍ ആവിഷ്‌കരിച്ചത് സാമൂഹിക ഇടപെടലിന്റെ കൂടിയുള്ള വ്യവഹാരങ്ങളാണ്.  പിന്നീടദ്ദേഹം ഒരിക്കലും തന്റെ സമൂഹത്തെ തിരസ്‌കരിച്ച് ആ കല്‍ഗുഹ തേടി മല കയറിയതേ ഇല്ല. 

അഹിതങ്ങള്‍ മാത്രം മേഞ്ഞു നടക്കുന്ന  മക്കയിലെ സാമ്പത്തിക വ്യവഹാരത്തില്‍  പ്രവാചകന്‍ എന്തൊരു ശേഷിയിലാണ് ഇടപെടുന്നത്. 'മുഹമ്മദ്, ഇതാണോ താങ്കളുടെ ദീന്‍. അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിച്ചാല്‍ മതിയെന്നല്ലല്ലോ താങ്കള്‍ പറയുന്നത്.  താങ്കള്‍ ഞങ്ങളുടെ കൊള്ളക്കൊടുക്കയിലും ദ്രവ്യവിനിമയങ്ങളിലും ഇടപെടുകയാണോ' എന്ന് ഖുറൈശികള്‍ കടുപ്പിച്ചതതുകൊണ്ടാണ്. കാരണം അവരുടെ ദൈവങ്ങള്‍ അവര്‍ക്കു നല്‍കിയത് പരമമായ സ്വാതന്ത്ര്യമായിരുന്നു. ദൈവത്തോട് പ്രാര്‍ഥന. ഭക്തര്‍ക്ക് സര്‍വ സ്വാതന്ത്ര്യവും. ഈ അറേബ്യന്‍ കൗശലത്തെയാണ് പ്രവാചകന്‍ കുടഞ്ഞിട്ടത്. അറേബ്യന്‍ ഗോത്ര പൗരോഹിത്യത്തെ ചൂണ്ടി പ്രവാചകന്‍  പറഞ്ഞു: 'നിങ്ങള്‍ സ്വയം പണിത ഈ രൂപങ്ങളല്ല യഥാര്‍ഥ ദൈവം. അവന്‍ നിങ്ങളെ സൃഷ്ടിച്ചവനാണ്. അവന്റെ സന്നിധിയിലാണ് നിങ്ങള്‍ നിരുപാധികമായി സമര്‍പ്പിതരാകേണ്ടത്.' അറേബ്യന്‍ ഗോത്രകര്‍തൃത്വത്തിന്റെ അഹങ്കാരത്തെ ഉടച്ചുകളഞ്ഞ രാഷ്ട്രതന്ത്രമായിരുന്നു അത്. ഞങ്ങളുടെ സ്വത്തുസമ്പാദ്യങ്ങള്‍ ഞങ്ങളിഛിക്കുംവിധം വിനിമയമാക്കുന്നത് തടയാന്‍ നിനക്ക്  പ്രചോദനമാകുന്നത് നിന്റെ നമസ്‌കാരമാണോ എന്ന്  ഗോത്രാധിപതിമാര്‍ പൂര്‍വപ്രവാചകന്മാരോട് കയര്‍ത്തതും ഈയൊരു രാഷ്ട്രതന്ത്രത്തിന്റെ ചരിത്രത്തിലുണ്ട്. ഉക്കാളിലെയും ദുല്‍ഹുലൈഫയിലെയും ചന്തത്തിരക്കുകളില്‍ എന്നും തിമിര്‍ത്തുനിന്നത്  അവിഹിതങ്ങള്‍ മാത്രം. വിദൂര വാണിജ്യദേശങ്ങളിലേക്ക് വ്യാപാരയാത്രകള്‍ പോകാന്‍ പാങ്ങുപോരാത്ത സാധുജനത്തിനു മുന്നില്‍ ഖുറൈശികളുടെ വിപണിമൂര്‍ത്തികള്‍ കള്ളത്താപ്പുകള്‍കൊണ്ട് പകിടകളെറിഞ്ഞു. അപ്പോള്‍ സാമ്പത്തിക തിരിമറികള്‍ക്കെതിരെ ആത്മീയ ഇടപെടലുകളുണ്ടായി. അളവുതൂക്കങ്ങളില്‍ മേയുന്ന കള്ളക്കമ്മട്ടങ്ങള്‍ക്കെതിരെ തിളക്കുന്ന രോഷം.  അല്ലാഹുവിന്റെ ദീനില്‍ ഭൗതിക വ്യവഹാരങ്ങളൊക്കെയും  ആത്മീയ പ്രവൃത്തികള്‍ തന്നെയാണ്. 'കള്ളത്താപ്പുകാര്‍ക്ക് നാശം. കഠോരശിക്ഷകള്‍ വേണ്ട നികൃഷ്ടജീവികളാണവര്‍.' അല്ലാഹുവിന്റെ  രാഷ്ട്രതന്ത്രത്തില്‍ കള്ളത്താപ്പുകളില്ല.

അതുകൊണ്ടാണ് മക്കയിലെ വചനങ്ങള്‍ പ്രയോഗത്തിലായ യസ്‌രിബില്‍ പ്രവാചകന്‍ ബദല്‍ ജനകീയ കമ്പോളം പണിതുയര്‍ത്തിയത്. യസ്‌രിബിലെ ജൂതച്ചന്തകള്‍ പലിശയിലും ചൂഷണത്തിലും ആപാദം മുങ്ങിനിന്നിരുന്നു. ഇതിനെതിരില്‍ പ്രവാചകന്‍ പണിത പുത്തന്‍ കമ്പോളത്തിലൂടെ കുലീനമായൊരു വിനിമയ സംസ്‌കാരമാണ്  ഇസ്‌ലാം ബദലാക്കിയത്. അതുകൊണ്ടാണ് പുതിയ തെരുവില്‍ നിരത്തിയ ധാന്യവട്ടികളില്‍ പ്രവാചകന്‍ കൈയിട്ടുനോക്കിയത്. കള്ളത്താപ്പുകളെ വെല്ലാന്‍ പറഞ്ഞത് ലാത്തമാര്‍ക്കെതിരെയുള്ള നിര്‍ദോഷമായൊരു ഫലിതമല്ല.  സാമാന്യ ജനത്തിന്റെ നിസ്സഹായതക്കുമേല്‍  ഗോത്രമുതലാളിത്തം വിരിച്ച ചതിവലകളായിരുന്നു  അന്നത്തെ ചന്തകള്‍.  ഇത് അനുഷ്ഠാനപരമല്ല; ശുദ്ധമായ രാഷ്ട്രതന്ത്രം തന്നെയാണ്. 

മക്കയും പ്രാന്തവും അന്ന് അക്ഷരാര്‍ഥത്തില്‍ ഒരു പെരുംതടവറയായിരുന്നു. യുദ്ധവും ആര്‍ത്തിവൈരങ്ങളും കൂത്താടികളായി  അറേബ്യന്‍ മാലിന്യങ്ങളില്‍ തിമിര്‍ത്തപ്പോള്‍ ശക്തന്‍ ദുര്‍ബലനെ നായാടിപ്പിടിച്ചു വരുതിയിലാക്കി. മക്കയിലെ ചന്തസ്ഥലങ്ങളില്‍ വാങ്ങാന്‍ കിട്ടുന്ന  ജംഗമങ്ങളായി അന്ന് മനുഷ്യരും. അവര്‍ അവകാശങ്ങളേതുമില്ലാത്ത വെറും അടിമകള്‍. ഇതിനെ പ്രതിയാണ് അന്ന് മക്കയില്‍ വചനം വന്നത്; 'അടിമകള്‍ വിമോചിതരാകട്ടെ.' അല്ലാഹുവിന്റെ ഏത് അടിമയും ഭൂമിയില്‍ സ്വതന്ത്രനാണ്. നിങ്ങളെപ്പോലെ ജനിച്ചിറങ്ങിയ മറ്റൊരാളെ ചന്തകളില്‍ വിപണനം ചെയ്യാന്‍ നിങ്ങള്‍ക്ക് ആരാണ് സമ്മതം നല്‍കിയത്? ഈ ചോദ്യം രാഷ്ട്രീയം തന്നെയാണ്. അടിമകളുടെ ദൈന്യജീവിതങ്ങളെ സംബോധന ചെയ്യാതിരിക്കാന്‍ അല്ലാഹുവിന്റെ പ്രവാചകനാവില്ലല്ലോ.

അറേബ്യയിലെ നാട്ടുപ്രമാണിമാര്‍ സ്വന്തം സമ്പാദ്യവഴികളില്‍ നൈതികതയുടെ ഒരു സൂക്ഷ്മതയും  പാലിച്ചതേയില്ല. സ്വന്തം പിതൃസഹോദരനായ അബ്ബാസുള്‍പ്പെടെ അവിടെ കൊള്ളപ്പലിശയുടെ വലകള്‍ വിരിച്ച് ഇരകളെ കാത്തിരുന്നു.  ഇത് നോക്കിയാണ് വചനം വന്നത്; 'നിങ്ങള്‍ ഒടുക്കുന്ന പലിശയുണ്ടല്ലോ. അത് അല്ലാഹുവിന്റെ ദൃഷ്ടിയില്‍ വളര്‍ച്ചയേയല്ല.' പലിശമുക്തമായ ഒരു സാമൂഹികതയെ കിനാവ് കാണാന്‍ കൂടി വയ്യാത്ത മക്കയിലെ ഒരു പീഡാനുഭവകാലത്താണ് പലിശയെപ്പറ്റിയുള്ള ഇസ്‌ലാമിന്റെ ഈ രാഷ്ട്രീയം  അവതരിപ്പിക്കുന്നത്.  ഇത് കേവലമായ  ആത്മീയ വിചാരമേയല്ല, മറിച്ച് ശുദ്ധമായ രാഷ്ട്രതന്ത്രം തന്നെയാണ്. 

യുദ്ധം പൂത്ത് കായ്ക്കുന്ന അറേബ്യന്‍ ഗോത്രങ്ങളില്‍ അനാഥരും അഗതികളും വിധവകളും കുമിഞ്ഞുനിന്നു. ഇവരെ പിഴിഞ്ഞും ഉരിഞ്ഞും ദ്രവ്യം സമാഹരിച്ചവരെ നോക്കിയാണ് വചനം വന്നത്; 'കേവലാനുഷ്ഠാനക്കാര്‍ക്ക് നാശം. നിങ്ങളുടെ പ്രാര്‍ഥനയും അര്‍ച്ചനയും അപ്പാടെ പാഴില്‍. ആദരിക്കപ്പെടാത്ത അനാഥര്‍ക്കും അധഃസ്ഥിതര്‍ക്കും വേണ്ടി നിങ്ങള്‍ പിടയാത്തതുകൊണ്ട്.' ഈ വചനങ്ങള്‍ രാഷ്ട്രമീമാംസയുടെ ജ്വലിക്കുന്ന സാന്നിധ്യമാണ്.  ഏതു സിദ്ധാന്തവും പ്രയോഗക്ഷമമാകുന്നത് അത് വര്‍ത്തമാനത്തിന്റെ അഗ്നികുണ്ഠങ്ങള്‍ക്കു നേരെ നിവര്‍ന്നുനില്‍ക്കുമ്പോഴാണ്. സാധാരണക്കാരന്റെ സംഘര്‍ഷങ്ങളില്‍ രണോത്സുകമാക്കാതെയും ഉപരിവര്‍ഗത്തിന്റെ പെരുംചൂഷണങ്ങളെ അട്ടിമറിക്കാതെയും  സാമൂഹിക പരിവര്‍ത്തനങ്ങള്‍ അസാധ്യമാണെന്ന്  ഇസ്‌ലാം മനസ്സിലാക്കുന്നു.

ഉക്കാളിന്റെ പരഭാഗങ്ങളില്‍ ഉരിഞ്ഞാടിയ ഭോഗപ്പിശാചുക്കളെ സദാചാരത്തിന്റെ ചമ്മട്ടി കൊണ്ടാണ് പ്രവാചകന്‍ തുരത്താനായുന്നത്.  എന്നിട്ട് ഈ ആസക്തരെ നോക്കി ഖുര്‍ആന്‍ ഉന്നയിക്കുന്ന വലിയൊരു ചോദ്യമുണ്ട്; 'ഈ സ്‌ത്രൈണസാന്നിധ്യത്തിന്റെ നവജാത തലമുറകളെ ഏത് പാപത്തിന്റെ പേരിലാണ് കുലദ്രോഹികളേ നിങ്ങള്‍ മണ്ണിട്ട് മൂടിയത്?' ഈ ചോദ്യം ശുദ്ധമായ രാഷ്ട്രീയം തന്നെയാണ്. ഇങ്ങനെ മക്കയില്‍ ചൂണ്ടിപ്പറഞ്ഞ രാഷ്ട്രീയം തന്നെയാണ് പ്രവാചകന്‍ മദീനയില്‍ പ്രയോഗവല്‍ക്കരിച്ചത്. 

മക്കാപ്രാന്തത്തില്‍ താന്‍ ഉയര്‍ത്തിയ  ചോദ്യങ്ങളും ഇടപെടലുകളും കൊണ്ടാണ് ഉപരിവര്‍ഗത്തിന് പ്രവാചകന്‍ ശത്രുവായത്. സാധുജീവിതങ്ങള്‍ക്ക് അദ്ദേഹം സമ്മതനായതും. ഇവിടെയൊക്കെയും മതം രാഷ്ട്രീയമാവുന്നു. രാഷ്ട്രീയം മതവും. രണ്ടും രണ്ടല്ല, ഒന്നു തന്നെയാണ്. പ്രവാചകന്റെ ജീവിതം അത്യന്തം വിഹ്വലവും സംഘര്‍ഷാത്മകവുമായിരുന്നു. നടന്നുതീര്‍ത്ത മുള്ളുപാതകള്‍, എടുത്തുചാടിയ വന്‍കിടങ്ങുകള്‍, കൊണ്ടേറ്റ ശത്രുപാരുഷ്യങ്ങള്‍, കഠോര യുദ്ധത്താഴ്‌വരകള്‍, പീഡാനുഭവത്തിന്റെ മുള്‍മുടിക്കെട്ടുകള്‍, ആക്രോശിച്ചെത്തിയ ഖഡ്ഗത്തലപ്പുകള്‍, തിളക്കുന്ന പരിഹാസങ്ങള്‍, ഭീതികായ്ക്കുന്ന ശപ്തനാളുകള്‍. ഇങ്ങനെ  കഠോരതയുടെ തീക്കാലങ്ങളിലേക്ക് ഉപേക്ഷിതനായപ്പോള്‍ പോലും പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ചത് ജ്വലിക്കുന്ന പ്രതീക്ഷകള്‍ തന്നെയാണ്. അത് അനുഷ്ഠാന സ്വാതന്ത്ര്യത്തിലേക്കുള്ള പ്രതീക്ഷകള്‍ മാത്രമല്ല, ദൈവത്തിന്റെ ഭൂമിയില്‍ അവന്റെ പൗരസഞ്ചയത്തിനു പരമമായ നീതിയും സ്വാതന്ത്ര്യവും  സുലഭ്യമാകുന്ന ശുഭദിനത്തെപ്പറ്റിയുള്ള ദീപ്തമായ പ്രതീക്ഷകള്‍.

ദൈവഗേഹത്തിന്റെ ഉള്ളകം കാണാനുള്ള അടങ്ങാത്ത മോഹവുമായി  ഊരാളന്റെ മുന്നിലെത്തിയ പ്രവാചകന്‍ ക്രുദ്ധമായി പരിഹസിക്കപ്പെടുന്നു.  പ്രവാചകന്റെ മറുപടി ശ്രദ്ധേയമാണ്; 'കഅ്ബാലയത്തിന്റെ താക്കോല്‍ക്കൂട്ടം എന്റെ കരതരത്തിലണയുന്ന ദിനം വരും, അന്നു ഞാന്‍ തീരുമാനിക്കും അതാര്‍ക്കു നല്‍കണമെന്ന്.' ഇതൊരു പ്രവചനം മാത്രമല്ല, ഒരു രാഷ്ട്രകര്‍തൃത്വത്തിന്റെ  ധീരമായ പ്രതീക്ഷയും സാധ്യതയും കൂടിയായിരുന്നു.  കാരണം കഅ്ബ അനുഷ്ഠാന ജീവിതത്തിന്റെ പുണ്യകേന്ദ്രം മാത്രമായിരുന്നില്ല. അത് മക്കയില്‍  രാഷ്ട്രീയ അധികാരത്തിന്റെ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഇതൊരു രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ദീപ്തപ്രസരമായി.  

ജീവിതക്ലേശത്തിന്റെ തിക്തഭാണ്ഡവുമായി  പ്രവാചക സമക്ഷത്തിലെത്തിയ അനുചാരികളോട് അദ്ദേഹം ഒരിക്കലും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടില്ല.  അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുമില്ല.  പകരംവെക്കപ്പെട്ടത് മോഹനമായ ഒരു സ്വപ്‌നമായിരുന്നു. നാളെ ജസീറത്തുല്‍ അറബിന്റെ വിജന ഗഹനതയില്‍നിന്നും  തന്റെ ആട്ടിന്‍കുഞ്ഞിനെയുമായി ഏതു കനകതാരുണ്യത്തിനും  ദീര്‍ഘസഞ്ചാര സുഖങ്ങള്‍ സംഭവിക്കുന്ന  ഒരു രാഷ്ട്രീയകാലത്തെ പേര്‍ത്തുള്ള സ്വപ്‌നം.  തിരസ്‌കാരത്തിന്റെയും ഭര്‍ത്സനത്തിന്റെയും കൊടുങ്കാറ്റില്‍ ആഞ്ഞുലഞ്ഞു  യസ്‌രിബിലേക്കുള്ള ഒളിച്ചോട്ടത്തിലും പങ്കുവെക്കപ്പെട്ടത് റോമിലെയും  പേര്‍ഷ്യയിലെയും മര്‍ദകക്കോവിലുകളെ തകര്‍ത്ത്   അവരുടെ അരമനകളിലെ രത്‌നപ്പെട്ടികളപ്പാടെ  പൗരസഞ്ചയത്തിനു  പങ്കുവെക്കപ്പെടുന്ന  ആഹ്ലാദത്തെയാണ്. ഇനി പറയൂ, ഒരു രാഷ്ട്രീയവും മുന്നോട്ടു വെക്കാത്ത കേവലനായ ഒരു ദാര്‍ശനികന്‍ മാത്രമായിരുന്നുവോ മുഹമ്മദ്?

അങ്ങനെ മനുഷ്യചൂഷണത്തിന്റെ  തമോഗര്‍ത്തങ്ങളില്‍നിന്ന് സ്രഷ്ടാവിന്റെ പരമമായ സ്വാതന്ത്ര്യത്തിലേക്ക്  പൗരസഞ്ചയത്തെ വിമോചിപ്പിക്കുക.  അതൊരു രാഷ്ട്രതന്ത്രമാണ്. ഇതുതന്നെയാണ് മക്കയിലും ശേഷം യസ്‌രിബിലും പ്രവാചകന്‍ പ്രയോഗിച്ചത്. ഇതാണ് തൗഹീദ്.  അതില്‍ ഉള്ളടങ്ങിയ സാമൂഹിക നിയോഗവും.  നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുക എന്ന പ്രവാചക വചനത്തിന്റെ നിരീക്ഷണവും അതുതന്നെയാണ്.  അല്ലാഹുവിന്റെ അടിമകള്‍ക്ക് സ്വത്വവും സ്വാതന്ത്ര്യവും   സമ്പൂര്‍ണമായും ലഭ്യമാക്കുക. നിങ്ങള്‍ എന്റെ പ്രബോധപഥത്തില്‍ സഞ്ചാരം ചെയ്താല്‍  ഇഹപരലോകങ്ങളിലും നന്മയും ക്ഷേമവും സംഭവിക്കും എന്നത് മതത്തിന്റെ ആവിഷ്‌കാരമാണ്. ഭൗതികമണ്ഡലം മതത്തിന്റെ ഉള്ളില്‍ തന്നെയാണ്. അഥവാ മക്കയിലെ ആദികാലം തൊട്ടേ പ്രവാചകന്‍ ഉയര്‍ത്തിനിര്‍ത്തിയ ഉജ്ജ്വലമായൊരു രാഷ്ട്രീയം തന്നെയാണ്  ഇസ്‌ലാമിന്റെ രാഷ്ട്രതന്ത്രം, അല്ലാഹുവിന്റെ രാഷ്ട്രതന്ത്രം.

പലായനപൂര്‍വത്തിലെ അഖബാ സന്ധിയും യസ്‌രിബില്‍ ഒപ്പുചാര്‍ത്തിയ മദീനാ ചാര്‍ട്ടറും അനാഛാദിതമാക്കുന്നതും മറ്റൊന്നല്ല. ഒരു ബഹുസ്വരപരിസരത്തില്‍ എങ്ങനെയാണ് സമ്പൂര്‍ണമായ നീതിയും ന്യായാസനങ്ങളും സത്യസന്ധമായും പ്രയോഗവല്‍ക്കരിക്കുക എന്ന  ചടുലമായ അന്വേഷണം. ദൈവികമായ ഈയൊരു രാഷ്ട്രതന്ത്രത്തില്‍ എല്ലാ ജീവികള്‍ക്കും വിശ്രുതമായ ഇടമുണ്ട്.  അതുകൊണ്ടാണ് മക്ക പിടിക്കാന്‍ പോകുന്ന മഹാസൈന്യത്തിന്റെ നായകന്‍  സഞ്ചാരപാതയുടെ വെളുമ്പില്‍ കണ്ടെത്തിയ ശുനകകുടുംബത്തിന് അവസാന സൈനികനും കടന്നുപോകുന്നതുവരെ കാവലേര്‍പ്പെടുത്തിയത്. ഏതു യുദ്ധസംഘര്‍ഷത്തിലും അദ്ദേഹം ഉയര്‍ത്തിനിര്‍ത്തിയ  നീതിയുടെ രാഷ്ട്രതന്ത്രമാണിത്.  ഇസ്‌ലാം പരലോകപ്രാണികളുടെ സൂഫീമാര്‍ഗമല്ല, ഭൗതികജീവിതത്തിന്റെ താളരാശികള്‍ ഇഴപ്പൊരുത്തമാക്കലും അതിന്റെ അനിവാര്യലക്ഷ്യം തന്നെയാണ്. 

പ്രപഞ്ചനാഥന്റെ അത്യന്തിക നീതിയിലേക്ക്  ഭൂമിയെ സമഗ്രമായി സംഗമിപ്പിക്കുക. നാളെ സ്വര്‍ഗമോക്ഷത്തിന് ഉതവി നല്‍കുന്ന സല്‍ക്കര്‍മം ഭൂമിയില്‍ ഇതുകൂടിയാണ്. അതുകൊണ്ടാണ് ഖത്വാബിന്റെ മകന്‍ രാത്രിയുടെ അര്‍ധയാമത്തില്‍  ഇറങ്ങിനടന്നത്. തഹജ്ജൂദിന്റെ കൈതോലപ്പായയില്‍ നിന്നുതന്നെയാണാ  സഞ്ചാരം സമാരംഭിതമായത്.  മുഹമ്മദിന്റെ രാഷ്ട്രതന്ത്രം ഉമര്‍ അനന്തരമെടുക്കുകയായിരുന്നു. നീതിയും ന്യായവും നാളെ ആകാശത്ത് പുലരേണ്ടതല്ല, അത് ഭൂമിയെ പുണരേണ്ടതാണ്. അതിന് ദ്രവ്യവിനിമയത്തിന്റെ ഉക്കാളുകളും ആത്മീയ അന്വേഷണത്തിന്റെ കഅ്ബാലയവും അനുപാത പൂര്‍ണതയോലുന്ന  ഒരു സംക്രമ സംഗമം വേണം.  അപ്പോള്‍ ഏത്  യസ്‌രിബും മദീനയായി വിരിഞ്ഞിറങ്ങും, മദീന മക്കയെ വിമോചിപ്പിക്കും.  അതിനകത്ത് ജ്വലിക്കുന്ന വിമോചനപ്പോരാട്ടങ്ങള്‍ സംഭവിക്കും.  പിശാചിന്റെ തിരിപ്പുകള്‍ക്കെതിരെയുള്ള ജാഗ്രതകള്‍ തളിര്‍ക്കും. നാളേക്കായുന്ന സന്നാഹങ്ങള്‍ തിടംവെക്കും.  പ്രവര്‍ത്തിക്കുന്ന നിയമങ്ങള്‍ കൃത്യപ്പെടും.  അതാണ് അല്ലാഹു പറയുന്നത്, വചനവും ഇരുമ്പും സംഗമിപ്പിച്ചിട്ടുണ്ടെന്ന്.  വചനം ജ്ഞാനത്തെയും നിയമവ്യവസ്ഥയെയും ഇരുമ്പ് പ്രവര്‍ത്തിക്കുന്ന രാഷ്ട്രതന്ത്രത്തെയും സൂചിതമാക്കുന്നു. ഇതാണ് നിയോഗ ജീവിതത്തിന്റെ സാരസര്‍വസ്വം. സാമൂഹിക ജീവിതത്തിലെ ഈയൊരാവിഷ്‌കാരത്തെ മറിച്ചിട്ടുപോകാന്‍  ഈത്തപ്പനക്കുലകളില്‍  പരാഗം കുടയാന്‍ ഏതോ ഗ്രാമീണന് പ്രവാചകന്‍ നല്‍കിയ  അനുവാദത്തിന്റെ ഉത്തോലകം ഒട്ടും പോരാ. 

Comments

Other Post

ഹദീസ്‌

സ്വയം പീഡയാവരുത്‌
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (65-69)
എ.വൈ.ആര്‍