Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 12

3071

1440 സഫര്‍ 02

മറ്റെവിടെയോ ഉള്ള ജീവിതം കണ്ടെടുക്കുന്നവര്‍, സഞ്ചാരികള്‍

മെഹദ് മഖ്ബൂല്‍

എന്തുകൊണ്ടാകും മനുഷ്യര്‍ക്കിങ്ങനെ യാത്രയോട് പ്രിയം കൂടുന്നത്? കണ്ടതു തന്നെ പിറ്റേന്നും കാണുന്ന, തിന്നതു തന്നെ പിറ്റേന്നും തിന്നുന്ന പുതുമകള്‍ അന്വേഷിക്കാത്തവരാകാന്‍ കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നില്ല എന്നതാകും ഒരുപക്ഷേ കാരണം. 

കണ്ട കാഴ്ചകള്‍ കൊണ്ട് തൃപ്തിപ്പെടാന്‍ വയ്യാത്ത മനുഷ്യര്‍ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. 

പുഴകളും കുളങ്ങളും തമ്മിലെ വ്യത്യാസം ശ്രദ്ധിച്ചിട്ടില്ലേ. പുഴകള്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും. കുളങ്ങളങ്ങനെ കെട്ടിക്കിടക്കും. മാലിന്യങ്ങള്‍ വന്ന് അടിഞ്ഞാല്‍ നാറുകയല്ലാതെ കുളങ്ങള്‍ക്ക് നിവൃത്തിയില്ല. നാറ്റമില്ലാത്ത കാലം വരെ മാത്രമാണ് കുളങ്ങള്‍ക്ക് സൗന്ദര്യം. പുഴ നിരന്തരം സഞ്ചരിച്ച് സ്വയം വൃത്തിയാക്കും, തന്നെത്തന്നെ നവീകരിക്കും. 

താനറിയാത്ത പ്രപഞ്ചങ്ങള്‍ കാണുകയും അറിയുകയും വായിക്കുകയും ചെയ്യുമ്പോഴാണ് നമ്മില്‍ പുതുമ നിറയുന്നത്. അല്ലെങ്കില്‍ നമ്മുടെ കിണറാണ് കടലെന്ന് ധരിച്ചുവശാകും നമ്മള്‍. 

ചിലരുടെയെങ്കിലും ജീവിതം നമ്മള്‍ ജീവിച്ചിരിക്കുന്നിടത്തല്ല മറ്റെവിടെയൊക്കെയോ ആണെന്ന് ജര്‍മന്‍ എഴുത്തുകാരന്‍ ബെര്‍ടോള്‍ഡ് ബ്രെഹ്ത് എഴുതിയിട്ടുണ്ട്.

നമ്മുടെ മാത്രം ജീവിതം മതിയാകില്ല നമുക്ക് ജീവിക്കാന്‍. അങ്ങനെ മതിയെന്നുള്ളവരാണ് മതിലുകെട്ടി, ഗെയിറ്റ് പൂട്ടി പാര്‍ക്കുന്നത്. അതിനെ ജീവിതം എന്ന് വിളിക്കാനാകില്ല. 

അങ്ങനെ എങ്ങാണ്ടൊക്കെയോ ഉള്ള ജീവിതം അന്വേഷിച്ച് യാത്ര പോകുന്നവരുടെ കുറിപ്പുകളും പുസ്തകങ്ങളുമെല്ലാം അനേകമുണ്ട്. ആ പുസ്തകങ്ങള്‍ നല്‍കുന്ന വെളിച്ചങ്ങള്‍ ചെറുതല്ല. യാത്രാപുസ്തകങ്ങളില്‍ ഏറെ വ്യത്യസ്തമാണ് അശ്കര്‍ കബീറിന്റെ പുറപ്പെട്ടവന്റെ വീട് എന്ന പുസ്തകം.

റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ 'യാത്രക്കാരുടെ ശ്രദ്ധക്ക്' എന്ന് പറഞ്ഞുള്ള അനൗണ്‍സ്‌മെന്റിന് കാതു കൊടുക്കാറുണ്ടല്ലോ നമ്മള്‍. ചിലപ്പോള്‍ പ്രതീക്ഷയും മറ്റുചിലപ്പോള്‍ കടുത്ത നിരാശയും തരുന്ന ആ വാക്കുകളുടെ ഉടമയാരെന്ന് പക്ഷേ അധികമാരും തിരക്കാറില്ല. ഉദ്ദേശിച്ചിടങ്ങളില്‍ കൃത്യനേരത്ത് എത്തിപ്പെടാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ എത്ര മണിക്ക് വണ്ടിയെത്തും എന്ന് മാത്രമല്ലേ നമുക്ക് അറിയേണ്ടതായിട്ടുള്ളൂ. എറണാകുളം സ്വദേശിയായ ബിന്ദു മാത്യുവാണ് കഴിഞ്ഞ പതിനേഴു വര്‍ഷമായി  മലയാളി ട്രെയ്ന്‍ യാത്രക്കാര്‍ക്ക് സുപരിചിതയായ ഈ ശബ്ദത്തിനുടമ എന്നു കണ്ടെത്താതെ അശ്കര്‍ കബീറിലെ യാത്രികന് പക്ഷേ സമാധാനമില്ല. ഇതാണ് ഈ സഞ്ചാരിയുടെ വ്യത്യസ്തത. 'പുറപ്പെട്ടവന്റെ വീട്' എന്ന യാത്രാ പുസ്തകം നിറയെ ഇത്തരം വ്യത്യസ്തതകളാല്‍ സമൃദ്ധമാണ്.

ഷൊര്‍ണൂര്‍- നിലമ്പൂര്‍ വഴിയിലൂടെ ട്രെയ്ന്‍ യാത്ര ചെയ്യുമ്പോള്‍ പിന്നിലേക്ക് പാഞ്ഞുപോകുന്ന മരങ്ങള്‍ കാണാം. തേക്ക്, ഇരുള്‍, മരുത്, മഹാഗണി, മാഞ്ചിയം, മാവ്, പ്ലാവ് തുടങ്ങി ഇരുവശങ്ങളിലായി തണലിട്ട് നില്‍ക്കുന്ന അനേകായിരം മരങ്ങള്‍.. ആരു നട്ടതാകും ഈ മരങ്ങളെന്ന അന്വേഷണം അയ്യപ്പന്‍ കര്‍ത്തയെന്ന റെയില്‍വേ ഉദ്യോഗസ്ഥനിലേക്കാണ് ചെന്നെത്തുന്നത്.  

അടിയന്തരാവസ്ഥക്കു ശേഷം ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏഴിനം പദ്ധതികളിലൊന്നായിരുന്നു സാമൂഹിക വനവല്‍ക്കരണം. സതേണ്‍ റെയില്‍വേയിലെ വേഗം കുറഞ്ഞ പാതകള്‍ക്കിരുവശവും  മരങ്ങള്‍ വെച്ചു പിടിപ്പിക്കാനും നിര്‍ദേശമുണ്ടായി.  ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാത അതിനനുയോജ്യമായിരുന്നു. 1981 ആഗസ്റ്റ് 30-നാണ് അയ്യപ്പന്‍ കര്‍ത്തയുടെ നേതൃത്വത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു തുടങ്ങിയതത്രെ. 

മനുഷ്യന് മാത്രമല്ല, മരങ്ങള്‍ക്കും ഉണ്ട് മനോഹരമായ ചരിത്രങ്ങള്‍!

പക്ഷികളെ ജീവനു തുല്യം സ്‌നേഹിക്കുന്ന തമിഴ്‌നാട്ടിലെ കൂന്തംകുളം എന്ന നാട്ടിലൂടെയും പുസ്തകം സഞ്ചരിക്കുന്നു. അങ്ങാടിക്കുരുവി മുതല്‍ രാജഹംസം വരെ ഇവിടെ വിരുന്നെത്തുന്നു. 

ക്ഷേത്രങ്ങളില്‍ എപ്പോഴും സംഗീതം മുഴങ്ങാറുണ്ട്. എന്നാല്‍ ഇവിടത്തെ ക്ഷേത്രങ്ങള്‍ സംഗീതം കൊണ്ടുപോലും പക്ഷികളെ ശല്യപ്പെടുത്തില്ല. ദീപാവലി നാളില്‍ ആരും പടക്കം പൊട്ടിക്കുകയുമില്ല. പക്ഷികള്‍ വന്നില്ലെങ്കില്‍  മഴപെയ്യില്ല എന്നാണവരുടെ വിശ്വാസം!

ഭൂമുഖത്തെ മുഴുവന്‍ ജീവജാലങ്ങളെ ഉള്‍പ്പെടുത്തി ഒരു സിനിമ നിര്‍മിച്ചാല്‍ മനുഷ്യന് അതില്‍ അഞ്ചു മിനിറ്റ് മാത്രമല്ലേ അഭിനയിക്കാന്‍ കാണൂ എന്നും യാത്രാ പുസ്തകം നെടുവീര്‍പ്പിടുന്നു.

മൈസൂരിലെത്തുമ്പോള്‍ മൈസൂര്‍ പാക്കിന്റെ ചരിത്രത്തിലേക്കും പുസ്തകം പ്രവേശിക്കുന്നു. മൈസൂര്‍ രാജാവായിരുന്ന കൃഷ്ണരാജ വോഡയാറിന് (1895-1940) ഭക്ഷണശേഷം മധുരം കഴിക്കല്‍ നിര്‍ബന്ധമായിരുന്നത്രെ. പ്രധാന കുശിനിക്കാരന്‍ കക്കമ്പുര മാധപ്പന് മധുരപലഹാരം ഉണ്ടാക്കാന്‍ സാധനമില്ലാതെ വന്നപ്പോള്‍ കിട്ടിയ കടലമാവും നെയ്യും പഞ്ചസാര ലായനിയും ചേര്‍ത്ത് ഉണ്ടാക്കിയ പലഹാരമാണ് മൈസൂര്‍ പാക്ക് (മധുരക്കൂട്ട്).

ഇങ്ങനെ സഞ്ചരിച്ചെത്തുന്ന കാഴ്ചകള്‍ക്കെല്ലാം ഇന്നലെകള്‍ നല്‍കുന്ന അക്ഷരവിരുത് യാത്രാവായനയെ കാമ്പുള്ളതാക്കുന്നു. ഇങ്ങനെ വേണം യാത്ര പോകാനെന്ന് മനസ്സ് പറയുകയും നമ്മുടെ കാഴ്ചപ്പാടുകളെ തീര്‍ത്തും രുചിമാറ്റുകയും ചെയ്യുന്നു 'പുറപ്പെട്ടവന്റെ വീട്'.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (45)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിന് പള്ളി അനിവാര്യമല്ലെന്നോ?
കെ.സി ജലീല്‍ പുളിക്കല്‍