Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 12

3071

1440 സഫര്‍ 02

അകം തൊട്ട ആ കലാലയവും അസീസ് അഹ്മദിന്റെ ചിന്തകളും

വി.പി അഹ്മദ് കുട്ടി ടൊറണ്ടോ

(എടയൂരില്‍നിന്ന് ടൊറണ്ടോയിലേക്ക് എന്റെ വൈജ്ഞാനിക യാത്ര - എട്ട്)

ടൊറണ്ടോ യൂനിവേഴ്‌സിറ്റിയുടെ ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റിലെ എലവേറ്ററില്‍നിന്ന് ഇറങ്ങി പുറത്തു കടന്നപ്പോള്‍ വലിയൊരു നോട്ടീസ് ബോര്‍ഡില്‍ ഫാക്കല്‍റ്റി മെമ്പര്‍മാരുടെ പേരുകള്‍ അക്ഷരമാലാ ക്രമത്തില്‍ എഴുതിവെച്ചത് കണ്ടു. ആദ്യത്തെ പേര് പ്രഫ. അസീസ് അഹ്മദ്! അതെന്നെ ആകര്‍ഷിച്ചു, വിസ്മയിപ്പിച്ചു. ഒരു വലിയ നോര്‍ത്ത് അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റികളില്‍ ആദ്യ പേരുകാരന്‍ ഒരു മുസ്‌ലിമാണല്ലോ എന്നതായിരുന്നു എന്നെ വിസ്മയിപ്പിച്ചത്. ടൊറണ്ടോയില്‍ എത്തി ഏതാനും ദിവസങ്ങള്‍ വിശ്രമിച്ചശേഷം  ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് പരിചയപ്പെടാന്‍ പുറപ്പെട്ടതായിരുന്നു ഞാന്‍.  ഉടന്‍ മറ്റൊന്നും ആലോചിക്കാതെ, വലിയ സന്തോഷത്തോടെ, ആദ്യമായി മുസ്‌ലിം പ്രഫസറെ പരിചയപ്പെടണമെന്ന് തീരുമാനിച്ച് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് നടന്നു. വാതിലില്‍ മുട്ടിയപ്പോള്‍  പ്രവേശന അനുമതി ലഭിച്ചു. പുഞ്ചിരിയോടെ ഞാന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു; 'അസ്സലാമു അലൈകും വറഹ്മത്തുല്ല'. പക്ഷേ, 'ഗുഡ് മോണിംഗ്' എന്ന അദ്ദേഹത്തിന്റെ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി.  ഞാന്‍ അദ്ദേഹത്തോട്  സംസാരിച്ചു. അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ കോഴ്‌സുകളില്‍ ചേരാന്‍ താല്‍പര്യം കാണിച്ചു. കുറഞ്ഞ സമയം സംസാരിച്ച് മടങ്ങുമ്പോള്‍ ഞാന്‍ 'ഖുദാ ഹാഫിസ്' എന്നാണ് പറഞ്ഞത്. പക്ഷേ, പാശ്ചാത്യരെ പോലെ 'ടേക്ക് കെയര്‍' എന്ന അദ്ദേഹത്തിന്റെ മറുപടി വീണ്ടുമെന്നെ ആശ്ചര്യപ്പെടുത്തിയെങ്കിലും, ചിന്തിച്ചപ്പോള്‍ കാര്യങ്ങള്‍ എനിക്ക് മനസ്സിലായിത്തുടങ്ങി. ടൊറണ്ടോയിലെ തുടര്‍ജീവിതത്തില്‍ ഇങ്ങനെ പലതും അനുഭവിച്ചറിയാനും സാധിച്ചു.

യൂനിവേഴ്‌സിറ്റി കാമ്പസും ലൈബ്രറികളും  ചുറ്റിനടന്ന് കണ്ടു. ലോകപ്രസിദ്ധമായ ആ മഹാ കലാലയത്തിന്റെ ചുവരുകളില്‍ തൊട്ട് ഞാന്‍ അല്ലാഹുവെ സ്തുതിച്ചു. എടയൂരിലെ ഉള്‍ഗ്രാമമായ പൂക്കാട്ടിരിയില്‍നിന്ന്, ഏകദേശം 14000 കിലോമീറ്റര്‍ ദൂരെ, ടൊറണ്ടോയിലെ ഈ വിഖ്യാത പാഠശാലയില്‍ വിദ്യാര്‍ഥിയായി എത്താന്‍ കഴിഞ്ഞത് ആരുടെയെല്ലാം പ്രാര്‍ഥനയുടെയും പ്രതീക്ഷയുടെയും ഫലമായിരിക്കണം! ഒരു സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വേണ്ടി കഠിനാധ്വനം ചെയ്ത് പ്രാര്‍ഥിച്ചാല്‍ അത് കൈയെത്തിപ്പിടിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസമാണ് ഇത്തരം അനുഭവങ്ങള്‍ തരുന്നത്. ര് വര്‍ഷത്തോളം വിദ്യാര്‍ഥി ജീവിതം നയിച്ച, ഗവേഷണ പഠനങ്ങളുടെ പുതിയ പാഠങ്ങള്‍  പകര്‍ന്നു തന്ന ആ കലാലയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അകം നിറച്ച ഓര്‍മകള്‍ എത്രയെങ്കിലുമുണ്ട്.

എന്റെ വൈജ്ഞാനിക യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് നോര്‍ത്ത് അമേരിക്കയിലെ പഠനം. അത് എന്നിലെ ഗവേഷണത്വരയെ വളര്‍ത്തുകയും ലോകാനുഭവങ്ങള്‍ പകര്‍ന്നു തരികയും ചിന്തകളെയും സമീപനങ്ങളെയും വിശാലമാക്കുകയും ചെയ്തു. അബുല്‍ ജലാല്‍ മൗലവിയുടെ വാക്കുകള്‍ ഇവിടെ ഒന്ന് കൂടി ഓര്‍മിക്കാം: ''നിങ്ങള്‍  ഇവിടെ നിന്ന് ചില താക്കോലുകള്‍ കരസ്ഥമാക്കിയുട്ടുണ്ട്. അവ നിരന്തരം ഉപയോഗിച്ച് ശീലിച്ചാല്‍ നിങ്ങള്‍ക്കു പണ്ഡിതന്മാരാവാന്‍ കഴിയും.''  ഈ ഉപദേശം പൂര്‍ണമായും പ്രയോഗവല്‍ക്കരിക്കാന്‍ കഴിഞ്ഞത് നോര്‍ത്ത് അമേരിക്കയിലെ ഗവേഷണ പഠനത്തിലൂടെയാണ്. ഗവേഷണപരമായ വായനയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട നാളുകളായിരുന്നു അവ. വായനകള്‍ പല തരത്തിലുണ്ട്. ഒന്ന്, അക്ഷര വായന. അതു  ഉപരിപ്ലവവും ബാലിശവുമാണ്. മറ്റൊന്ന്, ഓരോ വിഷയവും, അതില്‍ എഴുതപ്പെട്ട എല്ലാ പ്രധാന ഗ്രന്ഥങ്ങളും പഠനങ്ങളും മനസ്സിരുത്തി വായിച്ചും ഓരോ  ചിന്തകന്റെയും ആശയങ്ങളെ ചരിത്ര പശ്ചാത്തലത്തില്‍  അപഗ്രഥിച്ചും പഠിച്ച് പണ്ഡിതോചിതമായ ശൈലിയില്‍ അവതരിപ്പിക്കുക. ഈ രണ്ടാമത്തെ  രീതി ഇന്ന് മുസ്‌ലിം യൂനിവേഴ്‌സിറ്റികളിലും ഗവേഷണ കേന്ദ്രങ്ങളിലും വളരെ വിരളമായേ കാണപ്പെടുന്നുള്ളൂ എന്നാണ് എന്റെ വിനീതമായ അഭിപ്രായം. 

എന്നാല്‍ ഈ ഗവേഷണ രീതി ഇസ്‌ലാമിക ലോകത്തിനു അപരിചിതമായിരുന്നുവെന്ന്  ധരിക്കേണ്ടതില്ല.  കാരണം ഇബ്‌നു ഖല്‍ദൂന്‍ അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ മുഖദ്ദിമയില്‍ ഈ ഹിസ്റ്റോറിക്കല്‍ മേത്തേഡ് ഉപയോഗിച്ചാണ് വിഷയങ്ങള്‍ നിരൂപണപൂര്‍വം ചര്‍ച്ച ചെയ്യുന്നത്. അപ്രകാരം ഇമാം ഷാ വലിയ്യുല്ല,  ഫിഖ്ഹിന്റെയും തസ്വവ്വുഫിന്റെയും  വളര്‍ച്ചയെയും  ചരിത്രത്തെയും ഈ രീതിയില്‍ തന്നെ  അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ മൗലികമായ ഇസ്‌ലാമിക ഗവേഷണ രീതി നാം കൈവെടിയുകയായിരുന്നു.  ഖുര്‍ആനിലേക്കും ഹദീസിലേക്കും മടങ്ങുക എന്ന ഉപരിപ്ലവമായ ആഹ്വാനത്തിന്റെ പിന്നില്‍ പോയി ചിന്തയെയും വിദ്യാഭാസ വ്യവസ്ഥയെയും  പിറകോട്ടു വലിക്കുകയും ചെയ്തു. 

പക്ഷേ, ടൊറണ്ടോ യൂനിവേഴ്‌സിറ്റി, മറ്റു പല പടിഞ്ഞാറന്‍ യൂനിവേഴ്‌സിറ്റികളെയും പോലെ ഗവേഷണ പഠനത്തില്‍ വേറിട്ട വഴികള്‍ തുറന്നു. അവിടത്തെ അക്കാദമിക അന്തരീക്ഷം എന്നില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയുണ്ടായി. ലോകത്ത് ശാസ്ത്രീയമായ  പഠന - ഗവേഷണങ്ങളില്‍ ഏറ്റവും മുന്‍നിരയില്‍  സ്ഥാനം പിടിച്ച പ്രമുഖ കലാലയമാണ് യൂനിവേഴ്‌സിറ്റി ഓഫ് ടൊറണ്ടോ(University of Toronto).  കാനഡയിലെ മോന്ററീലില്‍  സ്ഥിതി ചെയ്യുന്ന മക്ഗില്‍ യൂനിവേഴ്‌സിറ്റി (McGill University),  അമേരിക്കയിലെ ഹാര്‍വാര്‍ ഡ് യൂനിവേഴ്‌സിറ്റി (Harvard University), യേല്‍ യൂനിവേഴ്‌സിറ്റി (Yale University) എന്നിവയാണ് അതിനോട് ചേര്‍ത്ത് പറയാറുള്ള മറ്റു സര്‍വകലാശാലകള്‍.

അഞ്ഞൂറില്‍ പരം ഏക്കറിലായി  വിസ്തൃതമായ  മൂന്നു കാമ്പസുകളിലാണ് ഈ സ്ഥാപനം പരന്നു കിടക്കുന്നത്. കാനഡയുടെ എന്നല്ല ലോക ചരിത്രത്തില്‍ തന്നെ മായാത്ത മുദ്രകള്‍ പതിപ്പിച്ച മഹാ കലാലയം. ശാസ്ത്ര ചരിത്രത്തില്‍ വിപ്ലവാത്മകമായ പല കണ്ടുപിടിത്തങ്ങള്‍ക്കും ജന്മം നല്‍കിയത് യൂനിവേഴ്‌സിറ്റി ഓഫ് ടോറാേ ആണ്. ഇന്‍സുലിന്‍ (Insulin), സ്റ്റം സെല്‍ റിസര്‍ച്ച് (Stem cell Research),  ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പ് (Electrone Microscope) എന്നിവ ഉദാഹരണം. ഈ സ്ഥാപനത്തില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ പലരും കാനഡയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു.  അവരില്‍  10 നൊബേല്‍ ജേതാക്കളും 5 കനേഡിയന്‍ പ്രധാനമന്ത്രിമാരും ഉള്‍പ്പെടും. അതിനു പുറമെ, നൂറില്‍പരം ശാസ്ത്രജ്ഞര്‍,  തത്ത്വചിന്തകര്‍, നിയമവിദഗ്ധര്‍,  സാമൂഹിക ശാസ്ത്രകാരന്മാര്‍, രാഷ്ട്രത്തലവന്മാര്‍, എഴുത്തുകാര്‍, ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി എത്രയോ പ്രതിഭകളെ ഈ യൂനിവേഴ്‌സിറ്റി ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോള്‍, വിവിധ  ശാസ്ത്ര- സാങ്കേതിക വിഷയങ്ങളിലായി 700-ല്‍പരം ബിരുദ കോഴ്‌സുകളും (Undergraduate Degree Programs)    200-ല്‍പരം ബിരുദാനന്തര കോഴ്‌സുകളും  (Master's and Ph.D) ടൊറണ്ടോ യൂനിവേഴ്‌സിറ്റി വാഗ്ദാനം ചെയ്യുന്നു.  അറുപതിനായിരം വിദ്യാര്‍ഥികള്‍ ഇവിടെ പഠന - ഗവേഷണം നടത്തിവരുന്നു.

ടൊറണ്ടോ യൂനിവേഴ്‌സിറ്റിയില്‍  മൂന്ന് കാമ്പസുകളിലായി 44 ലൈബ്രറികള്‍ ഉണ്ട്. അവയിലെ മൊത്തം ഗ്രന്ഥശേഖരം  19.5 ദശലക്ഷം വരും!  5.1 ദശലക്ഷം ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഇതിനു പുറമെയാണ്. ടൊറണ്ടോ യൂനിവേഴ്‌സിറ്റിയുടെ ലൈബ്രറി സിസ്റ്റം  നോര്‍ത്ത് അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ അക്കാദമിക്  ലൈബ്രറി സംവിധാനമാണ്.  നോര്‍ത്ത് അമേരിക്കയിലെ അക്കാദമിക് ലൈബ്രറികളില്‍ ഒന്നാം സ്ഥാനം ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി ലൈബ്രറിക്കും, രണ്ടാ സ്ഥാനം യേല്‍  യൂനിവേഴ്‌സിറ്റി ലൈബ്രറിക്കുമാണ്.  

യൂനിവേഴ്‌സിറ്റിയുടെ പ്രധാന കാമ്പസ് സെന്റ് ജോര്‍ജ് ആണ്.  അത് ബ്രിട്ടനിലെ ഓക്‌സ്ഫോര്‍ഡ്, കാംബ്രിഡ്ജ് എന്നീ യൂനിവേഴ്‌സിറ്റികളോട് സാദൃശ്യമുള്ളതാണ്. ഈ കാമ്പസ്സിലാണ് മെഡിസിന്‍,  എഞ്ചിനീയറിംഗ്, ബിസിനസ്, ലോ, ആര്‍ട്‌സ്  എന്നീ ഫാക്കല്‍റ്റികള്‍ക്കൊപ്പം  സോഷ്യല്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്,  ഫിനാന്‍സ് , ഹ്യൂമാനിറ്റീസ്, റിലീജിയസ് സ്റ്റഡീസ്,  ഇസ്‌ലാമിക്  സ്റ്റഡീസ് (ഇന്ന് Near and Middle Eastern Civilizations എന്ന പേരില്‍ അറിയപ്പെടുന്നു) തുടങ്ങിയ വൈജ്ഞാനിക ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. 

163-ല്‍പരം രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ടൊറണ്ടോ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നുണ്ട്. അവരുടെ സഹായത്തിനായി ആയിരത്തില്‍ പരം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസഷനുകളും  പ്രവര്‍ത്തിക്കുന്നു. മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷനും (Muslim Students' Association) ഇതില്‍ ഉള്‍പ്പെടുന്നു. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅ   നമസ്‌കാരത്തിനായി യൂനിവേഴ്‌സിറ്റിയുടെ പ്രസിദ്ധമായ ഹാര്‍ട്ട് ഹൗസില്‍ (Hart House)  ഔദ്യോഗികമായിത്തന്നെ പ്രത്യേക ഹാള്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പതിവു ദിന നമസ്‌കാരങ്ങള്‍ക്കായി ഇന്റര്‍നാഷ്‌നല്‍ സ്റ്റുഡന്‍സ് സെന്ററില്‍ (International Students' Centre) ഒരു പ്രത്യേക റൂമും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി യൂനിവേഴ്‌സിറ്റി നീക്കിവെച്ചിട്ടുണ്ട്. ഞാന്‍  പഠിച്ചിരുന്ന കാലത്ത്, ഇതിനെല്ലാം പുറമെ  എല്ലാ ഞായറാഴ്ചയും ഖുര്‍ആന്‍ പഠന ക്ലാസുകള്‍ നടത്താനായി  ഈ സെന്ററില്‍ തന്നെ പ്രത്യേക ഹാള്‍ അനുവദിച്ചിരുന്നു. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാനുള്ള   യൂനിവേഴ്‌സിറ്റിയുടെ തുറന്ന മനസ്സും നയനിലപാടുകളും കാരണം, ലോകത്തിലെ പ്രസിദ്ധ സര്‍വകലാശാലകള്‍ക്കിടയില്‍, സാംസ്‌കാരിക വൈവിധ്യവും ബഹുസ്വരതയും കാത്തു സൂക്ഷിക്കുന്ന ലോക വിദ്യാലയമായി ടൊറണ്ടോ യൂനിവേഴ്‌സിറ്റി അറിയപ്പെടുന്നു.  

2017-'18 കാലഘട്ടത്തില്‍ ടൊറണ്ടോ സര്‍വകലാശാലയുടെ പ്രവര്‍ത്തന ചെലവ് 2.5 ബില്യന്‍ ആണ്. ടൊറണ്ടോ യൂനിവേഴ്‌സിറ്റി ഓരോ വര്‍ഷവും കനേഡിയന്‍ ഖജനാവിലേക്ക് 15.7 ബില്യന്‍ ഡോളറിന്റെ നേട്ടമുണ്ടാക്കി കൊടുക്കുന്നുണ്ട്! യൂനിവേഴ്‌സിറ്റിയുടെ പ്രധാന വരുമാനം ട്യൂഷന്‍ ഫീസും പബ്ലിക് ഫണ്ടിംഗിന് പുറമെ പ്രൈവറ്റ് എന്‍ഡോവ്‌മെന്റുകളുമാണ്. യൂനിവേഴ്സിറ്റിക്ക് 2.4 ബില്യന്‍ ഡോളറില്‍ കൂടുതല്‍ എന്‍ഡോവ്‌മെന്റ് ഫണ്ടുണ്ട്. ഇതു പറയുമ്പോള്‍ ഒരു പ്രധാന കാര്യം ഓര്‍ക്കേണ്ടതുണ്ട്. ലോകത്ത് വസ്തുദാന സ്ഥിരവരുമാനത്തിന്റെ (വഖ്ഫ് - എന്‍ഡോവ്‌മെന്റ് സിസ്റ്റം) ഉജ്ജ്വല മാതൃക സൃഷ്ടിച്ചത് ഇസ്‌ലാമാണ്. അന്ത്യ പ്രവാചകന്റെ നടപടി ക്രമത്തില്‍പെട്ടതാണത്. ഇസ്‌ലാമിക സംസ്‌കാര ചരിത്രത്തില്‍ വഖ്ഫ് സിസ്റ്റം ഒരു അടിസ്ഥാന സ്ഥാപനമായിരുന്നു. വഖ്ഫുകള്‍ കൊണ്ടായിരുന്നു ഇസ്‌ലാമിക ലോകത്തുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ആത്മീയ കേന്ദ്രങ്ങളും യാത്രക്കാരെ ഉദ്ദേശിച്ചുകൊണ്ടുള്ള സത്രങ്ങളും സ്ഥാപിക്കുകയും  നിലനിര്‍ത്തി പോരുകയും ചെയ്തിരുന്നത്.  നിസാമിയ്യ പോലുള്ള ഇസ്‌ലാമിക ലോകത്തെ നൂറുകണക്കിനു വിദ്യാഭാസ സ്ഥാപനങ്ങളും മറ്റു പല സേവനങ്ങളും നിലനിന്നു പോന്നിരുന്നതും വഖ്ഫ് കൊണ്ടായിരുന്നു. നായകളെയും പൂച്ചകളെയും പരിരക്ഷിക്കാന്‍ പോലും വഖ്ഫുകള്‍ സ്ഥാപിച്ചിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ദാഹിച്ചു തളര്‍ന്ന നായക്ക് വെള്ളം നല്‍കിയതിനു ഒരു വ്യഭിചാരിണിക്കു അല്ലാഹു മോക്ഷം നല്‍കി എന്ന നബിവചനം പ്രസിദ്ധമാണ്. ഇത് മനസ്സിലാക്കിയ ഉദാരമതിയായ ഒരു ധനികന്‍ കയ്‌റോ പട്ടണത്തില്‍ നായകള്‍ക്ക് വെള്ളം കുടിക്കാനുള്ള സജ്ജീകരണങ്ങള്‍ക്കായി  ഒരു പ്രത്യേക വഖ്ഫ് സ്ഥാപിക്കുകയുണ്ടായി. പ്രവാചകന്റെ അതേ ഹദീസ് വായിച്ച മറ്റൊരു സൂഫിവര്യന്‍  ദിനേന പ്രഭാത നമസ്‌കാരത്തിനു ശേഷം  ആ വെള്ളപ്പാത്രങ്ങള്‍ കഴുകി ശുദ്ധീകരിക്കുമായിരുന്നു. കാരണം നായ്ക്കള്‍ക്കു ശുദ്ധമായ കുടിവെള്ളം നല്‍കി ദൈവപ്രീതി നേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ  ലക്ഷ്യം! ഇന്നു പക്ഷേ, മുസ്‌ലിം ലോകത്ത് ഇത്തരം ഇസ്‌ലാമിക മൂല്യങ്ങള്‍ പലരും കൈവിട്ടുകളഞ്ഞിരിക്കുന്നു. പാശ്ചാത്യരാവട്ടെ ഇത്തരം മൂല്യങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തില്‍നിന്നാണ് ആദ്യമായി പഠിച്ചത്. അവരത് വലിയ തോതില്‍ ഉള്‍ക്കൊള്ളുകയും അത്തരം സ്ഥാപനങ്ങള്‍ ധാരാളമായി  പ്രചരിപ്പിക്കുകയും വളര്‍ത്തി എടുക്കുകയും ചെയ്തു.  അതു കൊണ്ടാണ് നോര്‍ത്ത് അമേരിക്കയിലെ എന്നല്ല യൂറോപ്പിലെയും മറ്റും ലോകപ്രസിദ്ധ യൂനിവേഴ്‌സിറ്റികളും ഗവേഷണ  കേന്ദ്രങ്ങളും ഹോസ്പിറ്റലുകളും വളര്‍ന്ന് പന്തലിച്ചത്.

ടൊറണ്ടോയില്‍ വരുമ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്ന ഒരു വലിയ ആശങ്ക ഇനി അറബി ഗ്രന്ഥങ്ങള്‍  കാണാന്‍ കഴിയുമോ എന്നതായിരുന്നു. പക്ഷേ, റോബര്‍ട്‌സ് റിസര്‍ച്ച് ലൈബ്രറി (Robarts Research Library) യിലെ വിവിധ ഇസ്‌ലാമിക ശാഖകളിലും മറ്റുമുള്ള അറബി ഗ്രന്ഥങ്ങളുടെ  ഷെല്‍ഫുകളിലൂടെ കണ്ണോടിച്ചപ്പോള്‍  മദീനാ യൂനിവേഴ്‌സിറ്റിയില്‍ തൊടാന്‍ പോലും പറ്റാതിരുന്ന പല ഗ്രന്ഥങ്ങളും കാണാനിടയായി. ഇബ്‌നു അറബിയുടെ അല്‍ ഫുതൂഹാത്തുല്‍  മക്കിയ്യ അവയില്‍ ഒന്ന് മാത്രമാണ്. നമുക്കാവശ്യമായ ഏതെങ്കിലും ഒരു ഗ്രന്ഥം യൂനിവേഴ്‌സിറ്റി ലൈബ്രറിയില്‍  ഇല്ലെങ്കില്‍, നോര്‍ത്ത് അമേരിക്കയിലോ യൂറോപ്പിലോ ഉള്ള മറ്റേതെങ്കിലും ലൈബ്രറിയില്‍നിന്ന് അവരത് നമുക്കായി വരുത്തിത്തരും! ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുകയും അതിനു വേണ്ട എല്ലാ വാതിലുകളും ഗവേഷകരുടെ മുന്നില്‍ തുറന്നു കൊടുക്കുകയുമാണ് അവരുടെ പ്രഖ്യാപിത ദൗത്യം. ഒരിക്കല്‍ റോബര്‍ട്‌സ് ലൈബ്രറിയില്‍ കിട്ടാത്ത ഒരു ഗ്രന്ഥം യൂനിവേഴ്‌സിറ്റിയുമായി  അഫിലിയേറ്റ് ചെയ്ത പോന്റിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (Pontifical Institute) ലൈബ്രറിയില്‍നിന്ന്  എനിക്ക് കിട്ടേണ്ടതുണ്ടായിരുന്നു. ഞാന്‍ അതിനായി അവരുടെ ലൈബ്രറി സന്ദര്‍ശിച്ചു.  അവരുടെ റിസപ്ഷനിസ്റ്റ് എന്നെ പുഞ്ചിരിയോടെ  സ്വീകരിക്കുകയും  ആവശ്യം പറഞ്ഞപ്പോള്‍ അവര്‍ എത്രയും വേഗം  ഒരു താല്‍ക്കാലിക ലൈബ്രറി കാര്‍ഡ് എനിക്ക് ഉണ്ടാക്കിത്തരികയും ചെയ്തു. അതുപയോഗിച്ച് ഞാനാ പുസ്തകം വായ്പ വാങ്ങി വായിക്കുകയായിരുന്നു.

നമുക്ക് പ്രഫ. അസീസ് അഹ്മദിലേക്ക് (1914-1978) തിരിച്ചുപോകാം. ഹൈദരാബാദില്‍ ജനിച്ച അദ്ദേഹം ഉസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍നിന്ന്  ഉയര്‍ന്ന മാര്‍ക്കോടു കൂടി പഠനം പൂര്‍ത്തിയാക്കിയ വ്യക്തിത്വമാണ്. ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് വഴി ലണ്ടന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നു ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഉപരിപഠനം നടത്തിയശേഷം ഉസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍  തന്നെ  ഏതാനും വര്‍ഷങ്ങള്‍ റീഡറായി ജോലിചെയ്തു. ശേഷം 1949-ല്‍ പാകിസ്താനിലേക്ക് കുടിയേറിപ്പാര്‍ത്തു. ഒരു ഉര്‍ദു സാഹിത്യകാരന്‍ ആയിട്ടാണ്  അദ്ദേഹം ആദ്യം പ്രസിദ്ധി നേടിയത്. അദ്ദേഹത്തിന്റെ മിക്ക കഥകളിലെയും നോവലുകളിലെയും പ്രമേയം പ്രണയവും ലൈംഗിക ബന്ധങ്ങളുമൊക്കെയായിരുന്നു. അതുകൊണ്ടാണ്, അസീസ് അഹ്മദ് തന്റെ കൃതികളില്‍  ജമാഅത്തെ ഇസ്‌ലാമിയെയും തന്നെയും രൂക്ഷമായി വിമര്‍ശിച്ചു എന്നറിഞ്ഞപ്പോള്‍ മൗലാനാ മൗദൂദി അത് മുഖവിലക്കെടുക്കാതെ തള്ളിക്കളഞ്ഞത്. അത്തരം വിഷയങ്ങള്‍ എഴുതി പ്രസിദ്ധി നേടിയ വ്യക്തിയല്ലേ അസീസ് അഹ്മദ് എന്നായിരിക്കാം മൗലാന ചിന്തിച്ചിട്ടുാവുക. 

അസീസ് അഹ്മദിന്റെ ഉര്‍ദു നോവലുകളിലും മറ്റും സിഗ്മണ്ട് ഫ്രോയ്ഡിന്റെ സ്വാധീനമുണ്ടായിരുന്നു. ഇത്തരം വിഷയങ്ങള്‍ക്ക് പുറമെ നാടുവാഴി സമ്പ്രദായത്തെയും അതുവഴി സമൂഹത്തില്‍ നടന്നിരുന്ന അനീതികളെയും തുറന്നു വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ലണ്ടന്‍ യൂനിവേഴ്‌സിറ്റിയില്‍ ഏതാനും വര്‍ഷങ്ങള്‍  ലക്ചററായി ജോലിചെയ്തു. അവിടെ നിന്നാണ് ഒരു അക്കാദമിക് സ്‌കോളറും ഗ്രന്ഥകര്‍ത്താവുമായി  അദ്ദേഹം പുനര്‍ജന്മം കൊണ്ടത്. മാതൃഭാഷയായ ഉര്‍ദുവിന് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, അറബിക്, പേര്‍ഷ്യന്‍, ഇറ്റാലിയന്‍, തുര്‍ക്കി എന്നീ ഭാഷകളിലും നൈപുണ്യം നേടിയ അദ്ദേഹം ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു.  സാഹിത്യത്തിലും തത്ത്വചിന്തയിലും  അദ്ദേഹം നേടിയ പരിജ്ഞാനം തന്റെ കൃതികളെ അഗാധമായി  സ്വാധീനിച്ചിട്ടുണ്ട്.

തന്റെ ഗ്രന്ഥങ്ങള്‍ പരിഗണിച്ച് ലണ്ടന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് അദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. പിന്നീട് അദ്ദേഹത്തിന്റെ അക്കാദമിക് പ്രസിദ്ധീകരണങ്ങള്‍ ആധാരമാക്കി ടൊറണ്ടോ യൂനിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറായും പിന്നീട്  പ്രഫസറായും നിയമിതനായി. 

ഞാന്‍ പഠിക്കുമ്പോള്‍ അസീസ് അഹ്മദ് ടൊറണ്ടോ യൂനിവേഴ്‌സിറ്റിയിലെ പ്രമുഖ പ്രഫസര്‍ ആയിരുന്നു. ഇന്ത്യന്‍  മുസ്‌ലിം ചരിത്രം,  ഇസ്‌ലാമിക സംസ്‌കാരം, മുസ്‌ലിം ചിന്തകന്മാരും അവരുടെ സംഭാവനകളും, ഇസ്‌ലാമിക് മോഡേണിസം  എന്നീ വിഷയങ്ങളിലായിരുന്നു അദ്ദേഹം വൈദഗ്ധ്യം  നേടിയിരുന്നത്. സ്റ്റഡീസ് ഇന്‍ ഇസ്‌ലാമിക് കള്‍ച്ചര്‍ ഇന്‍ ദി ഇന്ത്യന്‍ എന്‍വിറോണ്‍മെന്റ് (Studies in Islamic Culture in the Indian Environment -1964), ആന്‍  ഇന്റലക്ച്വല്‍ ഹിസ്റ്ററി ഓഫ് ഇസ്‌ലാം ഇന്‍ ഇന്ത്യ (An Intellectual History of Islam in India-1969), മുസ്‌ലിം സെല്‍ഫ് സ്റ്റേറ്റ്‌മെന്റ് ഇന്‍ ഇന്ത്യ ആന്റ് പാകിസ്താന്‍ (Muslim self-statement in India and Pakistan,1857 -1968), എ ഹിസ്റ്ററി ഓഫ് ഇസ്‌ലാമിക് സിസിലി (A History of Islamic Sicily -1975) തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്.

അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ട് കോഴ്‌സകളിലാണ് ഞാന്‍  രജിസ്റ്റര്‍ ചെയ്തത്.  ഒന്ന്, ഇന്ത്യന്‍ മുസ്‌ലിം സംസ്‌കാര ചരിത്രം. രണ്ടാമത്തേത്, ഇന്ത്യന്‍ മുസ്ലിം ചിന്തകന്മാരും അവരുടെ കാഴ്ചപ്പാടുകളും. അദ്ദേഹത്തിന്റെ  സെമിനാര്‍ കോഴ്‌സിലെ എന്റെ ആദ്യത്തെ അനുഭവം ആ വ്യക്തിത്വത്തെ മനസ്സിലാക്കാന്‍ സഹായകമാണ്.  സെമിനാര്‍ കോഴ്‌സുകളില്‍ പ്രഫസറും വിദ്യാര്‍ഥികളും തമ്മില്‍ ആശയസംവാദം നടത്തുക സ്വാഭാവികമാണ്. ഒരു സെമിനാറില്‍ ഇസ്രയേലിന്റെ ഫലസ്ത്വീന്‍ അധിനിവേശത്തെ കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നിന്നെ അറബികള്‍ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്തിരിക്കുന്നു.  അതില്‍നിന്ന് നീ രക്ഷപ്പെടാന്‍ സമയമെടുക്കും!' അഥവാ, അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇസ്രയേലിന് അധിനിവേശ ലക്ഷ്യമുണ്ടെന്നു പറയുന്നത് അറബികളുടെ കുപ്രചാരണം മാത്രമാണ്, അതൊരു യാഥാര്‍ഥ്യമല്ല!  ഇതു കേട്ട് ഞാന്‍  സ്തംഭിച്ചുപോയി. അദ്ദേഹത്തിന്റെ ആദ്യത്തെ അക്കാദമിക് പ്രബന്ധം  സമര്‍പ്പിച്ചിരിക്കുന്നത് കുപ്രസിദ്ധ സയണിസ്റ്റ് ചരിത്രകാരനായ  ബര്‍ണാഡ് ലൂയിസിനാണ് (Bernard Lewis  1916-2018) എന്ന് അറിയാന്‍ കഴിഞ്ഞത് പിന്നീടാണ്. അപ്പോള്‍ എനിക്ക് തോന്നിയത് എന്നെ അറബികള്‍ ബ്രെയിന്‍ വാഷ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ സയണിസ്റ്റുകള്‍ ബ്രെയിന്‍ വാഷ് ചെയ്തിട്ടുണ്ട് എന്നാണ്. കാരണം അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ ബര്‍ണാഡ് ലൂയിസാണ് നാഗരികതകളുടെ സംഘര്‍ഷം (Clash of Civilizations) എന്ന ആശയത്തിന്റ പിതാവ്. ഇറാഖിനെതിരില്‍ അമേരിക്ക നടത്തിയ  യുദ്ധത്തിന്റെ ആസൂത്രകനും അയാള്‍ തന്നെ. ഇസ്‌ലാമും പാശ്ചാത്യ സംസ്‌കാരവും ഒരു നിലക്കും യോജിച്ചു പോവുകയില്ല എന്ന ആശയം മരണംവരെ ഉയര്‍ത്തിപ്പിടിക്കുകയും ലോകത്തുടനീളം  ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നവരുടെ പ്രധാന മസ്തിഷ്‌കമായി അദ്ദേഹം നിലകൊള്ളുകയും ചെയ്തു. 

എന്നാല്‍, ബര്‍ണാഡ് ലൂയിസ്  ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തിയാണെന്നത്, അസീസ്  അഹ്മദ് എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്ന് അറിയില്ല. കാരണം, അസീസ് അഹ്മദിന്റെ മുഴുവന്‍ ശ്രദ്ധയും  കേന്ദ്രീകരിച്ചിരുന്നത് അക്കാദമിക് സ്‌കോളര്‍ എന്ന നിലയില്‍ പാശ്ചാത്യലോകത്തെ അക്കാദമിക് വൃത്തങ്ങളില്‍ പ്രചരിച്ചിരുന്ന ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് മെത്തഡോളജി ഉപയോഗിച്ച് ഗവേഷണ പഠനങ്ങള്‍ നടത്തുക എന്നതിലായിരുന്നു. അദ്ദേഹം മറ്റു പല മുസ്‌ലിം പ്രഫസര്‍മാരെയും ബുദ്ധിജീവികളെയും പോലെ സംസ്‌കാരത്തിലും ജീവിത രീതികളിലും പൂര്‍ണമായും പാശ്ചാത്യ ആശയ സമ്പ്രദായങ്ങളില്‍ ലയിച്ചുപോയ വ്യക്തിയായിരുന്നു. ഒരു മോഡേണിസ്റ്റ് എന്ന് അസീസ് അഹ്മദിനെ  തീര്‍ച്ചയായും വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ ഗവേഷണ രീതിയും അവരുടെ ചരിത്രകാരന്മാര്‍ വരച്ചുെവച്ച മാതൃകകള്‍ സ്വീകരിച്ചുകൊണ്ടായിരുന്നു.  അതുകൊണ്ടുതന്നെ അദ്ദേഹം അവരുടെ  സങ്കല്‍പങ്ങളും അനുമാനങ്ങളും  പൂര്‍ണമായും ഉള്‍ക്കൊണ്ട് എഴുതുകയും സംസാരിക്കുകയും ചെയ്തു. പ്രഫ. സയ്യിദ് ഹുസൈന്‍  നസ്വ്ര്‍ ചൂണ്ടിക്കാട്ടിയപോലെ വെസ്റ്റേണ്‍ അക്കാദമിക് മെത്തഡോളജി പൊതുവില്‍  അജ്ഞേയവാദപരവും മതേതരവും (Agnostic and secular)  ആണ്. ഈ രീതിശാസ്ത്രം സ്വീകരിച്ചവര്‍ക്ക്  മതപരമോ ഇസ്‌ലാമികമോ ആയ ആശയങ്ങളും സങ്കല്‍പങ്ങളും സ്വീകാര്യമല്ല.  അതിനാല്‍ തന്നെ ഇത്തരം മാതൃകകള്‍ പിന്തുടര്‍ന്ന് ഗവേഷണപഠനങ്ങളും അധ്യാപനവും നടത്തുന്നവര്‍ അവരുടെ വിശ്വാസങ്ങള്‍ കളഞ്ഞുകുളിച്ചു, 'റോമില്‍ ജീവിക്കുമ്പോള്‍ റോമക്കാര്‍ ആയി ജീവിക്കുക' എന്ന മുദ്രാവാക്യം  പ്രയോഗവല്‍ക്കരിക്കും. ഇങ്ങനെ  യൂറോപ്പിലെയും നോര്‍ത്ത് അമേരിക്കയിലെയും കാമ്പസുകളില്‍ ജീവിക്കുന്ന എത്രയോ മുസ്‌ലിം നാമധാരികളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.  എന്നാല്‍ അവരില്‍ പലരും മരണം മുന്നില്‍ കാണുമ്പോള്‍, ഇതുവരെ ജീവിതം പാഴാക്കിയതായി തിരിച്ചറിയുമെന്നതില്‍ സംശയമില്ല.  അത്തരമൊരു അനുഭവമാണ് എന്റെ പ്രഫസറായ അസീസ് അഹ്മദിന് ഉണ്ടായതെന്നാണ് എന്റെ അറിവ്. 

അക്കാദമിക് വൃത്തങ്ങളില്‍ വലിയ പേരും പെരുമയും ആര്‍ജിച്ച പ്രഫ. അസീസ് അഹ്മദിന്, ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ സംതൃപ്തി അനുഭവപ്പെട്ടിരുന്നില്ല എന്നാണ് അദ്ദേഹത്തെ അടുത്തറിഞ്ഞ സുഹൃത്തുക്കളില്‍നിന്ന് എനിക്ക് മനസ്സിലാക്കാനായത്.  ആദ്യമായി കാന്‍സര്‍ പിടിപെട്ട് ഹോസ്പിറ്റലില്‍ കഴിയുന്ന സമയത്ത്  അദ്ദേഹത്തിന്റെ മറ്റൊരു ശിഷ്യനും ഞാനും അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹമെന്നോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഞാന്‍ മക്ഗില്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം മരിച്ചുവെന്ന വിവരം ലഭിച്ചത്. മരിക്കുന്നതിനു മുമ്പ് അദ്ദേഹം എല്ലായ്‌പ്പോഴും ഖുര്‍ആന്‍ പാരായണം ചെയ്യുകയും സന്ദര്‍ശിക്കുന്നവര്‍ക്ക് സൂറ അര്‍റഹ്മാനിലെ ഈ സൂക്തം വായിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തു പരിചയമുള്ളവര്‍ പറയുകയുണ്ടായി: ''ഭൂതലത്തിലുള്ളതൊക്കെയും നശിച്ചുപോകുന്നതാണ്. നിന്റെ റബ്ബിന്റെ പ്രൗഢവും മഹത്തരവുമായ അസ്തിത്വം മാത്രമേ അവശേഷിക്കൂ'' (55:2627). ഇത്തരം ആളുകളുടെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മറ്റൊരു ഖുര്‍ആനിക സൂക്തം ഉദ്ധരിക്കാതെ വയ്യ: ''തീര്‍ച്ചയായും മനുഷ്യന്‍ ധിക്കാരിയായി പ്രവര്‍ത്തിക്കുന്നു; (കാരണം അവന്‍) തന്നെ സ്വയം പര്യാപ്തനായി കാണുന്നു. എന്നാല്‍ (അറിയുക) തിരിച്ചുപോകേണ്ടത് നിശ്ചയമായും നിന്റെ നാഥനിലേക്കാണെന്ന്'' (96:68).

പ്രഫ. അസീസ് അഹ്മദിന്റെ  ആശയങ്ങളും അനുമാനങ്ങളും പൂര്‍ണമായും സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹത്തില്‍നിന്ന് എനിക്ക് പലതും പഠിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് പറയാതിരിക്കുന്നത് ശരിയല്ല.  കാരണം ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത് എപ്പോഴും സത്യത്തിനും നീതിക്കും സാക്ഷികളാവണമെന്നാണ്. 'സത്യവിശ്വാസികളേ,  അല്ലാഹുവിനുവേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍.  ഒരു ജനതയോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്.' അദ്ദേഹത്തിന്റെ കൃതികളിലൂടെയാണ് എനിക്കാദ്യമായി ഇന്ത്യയിലെ ഇസ്‌ലാമിക സംസ്‌കാരത്തെയും അതിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞത്.  മാത്രമല്ല ഇന്ത്യയിലെയും പാകിസ്താനിലെയും ഇസ്ലാമിക ചിന്തയുടെ വളര്‍ച്ചയെയും വൈവിധ്യമാര്‍ന്ന ചര്‍ച്ചകളെയും  അവയുടെ വക്താക്കളെയും  പരിചയപ്പെടാനും  ആഴത്തില്‍ പഠിക്കാനും കഴിഞ്ഞത് അതിലൂടെയാണ്. അതിനു മുമ്പായി ഇത്തരം വിഷയങ്ങളെ കുറിച്ച് കേവലം ബാഹ്യമായ അറിവേ എനിക്കുണ്ടായിരുന്നുള്ളൂ. 

പ്രഫ. അസീസിന്റെ 'സ്റ്റഡീസ് ഇന്‍ ഇസ്‌ലാമിക് കള്‍ച്ചര്‍ ഇന്‍ ദി ഇന്ത്യന്‍ എന്‍വിയോണ്‍മെന്റ്' എന്ന കൃതി ഏതാനും തെരഞ്ഞെടുത്ത വിഷയങ്ങളെ കുറിച്ച ചരിത്രപരമായ പഠനമെന്ന നിലയില്‍ അന്ന് സ്വീകാര്യത നേടിയിരുന്നു. മുഹമ്മദ് അലി ജൗഹറിന്റെ ഒരു പ്രസ്താവനയുണ്ട്; ''എനിക്ക് ശക്തമായ രണ്ട്  കേന്ദ്രങ്ങളോട് അടിസ്ഥാന ബന്ധമുണ്ട്. ഒന്ന്, വിശാലമായ ഇസ്‌ലാമിക ലോകം, മറ്റൊന്ന് ഇന്ത്യാ രാജ്യം. ഈ രണ്ടു കേന്ദ്രളെയും ഏകോപിച്ച് കൊണ്ടുപോകാന്‍ ഞാന്‍ ശ്രമിക്കുന്നു.'' ഇത് മുന്നില്‍ വെച്ച് അദ്ദേഹം ഈ ഗ്രന്ഥത്തെ രണ്ടു ഭാഗമായി വേര്‍തിരിച്ചു. ഒന്ന്,  ഇന്ത്യന്‍ മുസ്‌ലികളും ഇസ്‌ലാമിക ലോകവുമായുള്ള ബന്ധം. രണ്ട്, ഇന്ത്യന്‍ മുസ്‌ലിംകളും ഇന്ത്യയിലെ ഹിന്ദു മതവും സംസ്‌കാരവും തമ്മിലുള്ള ബന്ധം. ഇസ്‌ലാമും ഹിന്ദുയിസവും തമ്മില്‍ ഇന്ത്യാ ചരിത്രത്തില്‍ പരസ്പരം  ആകര്‍ഷണവും തിരസ്‌കാരവും ഉണ്ടായതായി അദ്ദേഹം വിവരിക്കുന്നുണ്ട്. ഈ രണ്ടു മതങ്ങളുടെയും വിശ്വാസവും ജീവിത വീക്ഷണവും തമ്മില്‍ വലിയ അന്തരമുണ്ട്. ഇതിന്റെ പ്രകടരൂപങ്ങള്‍ ഈ കൃതിയില്‍ വിസ്തരിക്കുന്നുണ്ട്.

'ഇന്ത്യയില്‍  ഇസ്‌ലാം വളരെ ശക്തമായ രണ്ട് വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒന്നാമതായി പാശ്ചാത്യ ലോകവും ആധുനികതയും. രണ്ടാമതായി  ലോകത്തെ ഏറ്റവും പഴയ മതവും സംസ്‌കാരവും അഥവാ ഹിന്ദുയിസം. ഇന്ത്യയില്‍ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തെ ഒരു വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് അതിനെ ശക്തമായി നേരിടാന്‍ ബ്രാഹ്മണിക്കല്‍ ഹിന്ദുയിസം  തകൃതിയായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്  ഇന്ത്യയിലെ മുസ്ലിം ചിന്തകന്മാരുടെ ആശയങ്ങളെ നാം വിലയിരുത്തേണ്ടത്' എന്നാണ് അദ്ദേഹം എഴുതുന്നത്. ഈ രണ്ടു വെല്ലുവിളികളെയും അതിജീവിച്ചു കൊണ്ടുള്ള ഒരു  സമന്വയ ചിന്തയില്‍ മുസ്ലിം ചിന്തകന്മാര്‍ കാലക്രമത്തില്‍  എത്തിച്ചേരുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഇന്ത്യയില്‍നിന്ന് ഇസ്ലാമിനെ ഉന്മൂലനം ചെയ്യാന്‍ വളരെ ശക്തമായ പരിശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു  എന്ന് അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നു. അന്നത് കേട്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.  എന്നാല്‍ ഇന്നത്തെ ഇന്ത്യയിലെ സാഹചര്യത്തില്‍  അദ്ദേഹത്തിന്റെ ആ പ്രവചനം യാഥാര്‍ഥ്യമാകുന്നതായി തോന്നുന്നു. 

അദ്ദേഹത്തിന്റെ മറ്റൊരു വിലപ്പെട്ട കൃതി ഇന്ത്യയിലെ വിവിധ മുസ്‌ലിം ചിന്തകരുടെ ആശയങ്ങള്‍ അവരുടേതായ ഭാഷയില്‍ അവതരിപ്പിക്കുന്ന ഒരു സമാഹാരമാണ് (Anthology), 'മുസ്‌ലിം സെല്‍ഫ് സ്റ്റേറ്റ്‌മെന്റ് ഇന്‍ ഇന്ത്യ ആന്റ് പാകിസ്താന്‍.' അതില്‍ അദ്ദേഹം ഇന്ത്യന്‍ മുസ്ലിം ചിന്തകന്മാരുടെ സംഭാവനകള്‍ അവരുടേതായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.  1857-1968 കാലഘട്ടത്തിലെ ചിന്തകന്മാരെയാണ് ഇതില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ സയ്യിദ് അഹ്മദ് ഖാന്‍, ചിരാഗ് അലി, മുഹമ്മദ് ഖാസിം നാനൂതവി,  സിദ്ദീഖ് ഹസന്‍ ഖാന്‍, ശിബ്ലി നുഅ്മാനി, അല്‍ത്വാഫ് ഹുസൈന്‍ ഹാലി, അമീര്‍ അലി, മൗലാനാ മുഹമ്മദ് അലി, അബുല്‍ കലാം ആസാദ്, മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദലി ജിന്ന, അബുല്‍ അഅ്‌ലാ മൗദൂദി, ഗുലാം അഹ്മദ് പര്‍വേസ്, ഖലീഫ അബ്ദുല്‍ ഹകീം തുടങ്ങിയ വ്യക്തികളെയാണ് അദ്ദേഹം വിഷയമാക്കിയിരിക്കുന്നത്. അതേസമയം, മേല്‍പ്പറഞ്ഞ പലരേക്കാളും മുസ്‌ലിം സമുദായത്തില്‍  സ്വാധീനം ചെലുത്തിയ പ്രമുഖ ദയൂബന്ദി പണ്ഡിതന്മാരായ മൗലാനാ  മഹ്മൂദുല്‍ ഹസന്‍, അശ്റഫ് അലി താനവി, ഹുസൈന്‍ അഹ്മദ് മദനി തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചിട്ടുമില്ല എന്നത് വലിയ വീഴ്ചതന്നെയാണ്. 

1859-നു ശേഷമാണ് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ഇസ്‌ലാമിക മോഡേണിസത്തിന്റെ  നേതാവായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ  ഇസ്‌ലാമിക മോഡേണിസത്തിനു  രണ്ടു ശക്തമായ പ്രതിരോധങ്ങള്‍ നേരിടേണ്ടിവന്നു; ഒന്ന് മതപരവും മറ്റൊന്ന് രാഷ്ട്രീയ പരവും. സര്‍ സയ്യിദ് അഹ്മദ് ഖാന് രണ്ടു പ്രധാന ലക്ഷ്യമാണുണ്ടായിരുന്നത്. ഒന്ന്, തികച്ചും അടിസ്ഥാനപരമായ വിശ്വാസപ്രമാണങ്ങളല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന ഇസ്‌ലാമിക തത്ത്വങ്ങളെ യുക്തിപരമായി വിലയിരുത്തുക, മറ്റൊന്ന് ഇസ്‌ലാമിക നിയമങ്ങളെ പുനരാവിഷ്‌കരണം ചെയ്യുക. ഈ രണ്ട് മുഖ്യ വിഷയങ്ങളെ കേന്ദ്രീകരിച്ചു മുസ്‌ലിം ബുദ്ധിജീവികളില്‍നിന്നുണ്ടായ സംവാദങ്ങളും വിവാദങ്ങളുമാണ് ഈ കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നത്. അഥവാ അഹ്മദ് ഖാന്റെ ആശയത്തോട് ചിലര്‍ അനുകൂലിച്ചും മറ്റു ചിലര്‍ പ്രതികൂലിച്ചും, വേറെ ചിലര്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ പുനരാവിഷ്‌കരിച്ചും സംവദിച്ചു.  മുസ്ലിം സമുദായത്തിന്റെ നിലനില്‍പിന് അനുരഞ്ജനം അനിവാര്യമാണെന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു അഹ്മദ് ഖാന്‍.

ഇസ്‌ലാമിക ചിന്തകരെയും അവരുടെ ആശയങ്ങളെയും പരിചയപ്പെടുത്തുമ്പോള്‍ അസീസ് അഹ്മദിന്റെ ചര്‍ച്ചകളും മറ്റും പൂര്‍ണമായും പാശ്ചാത്യ ചിന്തകന്മാരുടെ മുന്‍ധാരണങ്ങളുടെയും ലോക വീക്ഷണങ്ങളുടെയും ചട്ടക്കൂട്ടില്‍നിന്നു കൊണ്ടാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് കാണാം. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഇതു തെളിയിക്കുന്നു. 'ഇതാണ് ആധുനിക ഇസ്‌ലാമിലെ ദുരന്തം: പുനരുദ്ധാരണ ഘടകങ്ങള്‍ പുനഃസൃഷ്ടിക്കാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഒരു നവീകരണത്തിനു കഴിഞ്ഞിട്ടില്ല!' അഥവാ, ക്രൈസ്തവ ലോകത്തെ പ്രതിഷേധാത്മക നവീകരണ മാത്യകയിലുള്ള (Protestant Reformation Model) ഒരു നവീകരണമാണ് ഇസ്ലാമിനു ആവശ്യം എന്നായിരുന്നു അസീസ് അഹ്മദിന്റെ കാഴ്ചപ്പാട്. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ഈ മുദ്രാവാക്യം പല മുസ്‌ലിം പേരുള്ള ചിന്തകന്മാരും ആവര്‍ത്തിക്കുന്നുണ്ട്.  ഇത്തരം മുന്‍ധാരണങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് അദ്ദേഹം മുസ്‌ലിം ചിന്തകന്മാരെ ഫണ്ടമെന്റലിസ്റ്റ്, നിയോ-ഫണ്ടമെന്റലിസ്റ്റ്, ഓര്‍ത്തഡോക്‌സ് ഫണ്ടമെന്റലിസ്റ്റ് എന്നീ ലേബലുകള്‍ ഉപയോഗിച്ച് പരിചയപ്പെടുത്തുന്നത്. അദ്ദേഹം  മൗലാനാ മൗദൂദിയെ ഓര്‍ത്തഡോക്‌സ് ഫണ്ടമെന്റലിസ്റ്റ് (Orthodox Fundamentalist)  എന്നാണ് വിശേഷിപ്പിക്കുന്നത്. ഷാ വലിയ്യുല്ലാഹിയുടെ ചിന്താധാരകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് അദ്ദേഹം ഇപ്രകാരം എഴുതുന്നു: ''അവര്‍ ഭാവിയെ ഒരു കാല്‍പനികമായ (അയഥാര്‍ഥമായ) മാതൃകാ ഭൂതകാലത്തിന്റെ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കാനായി പരിശ്രമിക്കുന്നവരാണ്.'' ഇവിടെ ഉയര്‍ന്നുവരുന്ന ഒരു ചോദ്യം മുസ്‌ലിംകള്‍ അവരുടെ ചരിത്രവും ഭൂതകാലവും പാടേ മറന്ന് പൂര്‍ണമായും പാശ്ചാത്യവത്കരിച്ചാല്‍ മാത്രമേ പുരോഗതി പ്രാപിക്കൂ എന്നാണോ? എങ്കില്‍ അസീസ് അഹ്മദിന്റെ ആശയം അത്താതുര്‍കിന്റേതില്‍നിന്ന് വ്യത്യസ്തമല്ല എന്നു തന്നെ പറയേണ്ടിവരും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (45)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിന് പള്ളി അനിവാര്യമല്ലെന്നോ?
കെ.സി ജലീല്‍ പുളിക്കല്‍