Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 12

3071

1440 സഫര്‍ 02

നളീര്‍ ഗോത്രക്കാര്‍ പുറത്താക്കപ്പെട്ടതെന്തിന്?

ഡോ. മുഹമ്മദ് ഹമീദുല്ല

[മുഹമ്മദുന്‍ റസൂലുല്ലാഹ്-73]

നമ്മുടെ ചരിത്ര സ്രോതസ്സുകള്‍ പരിശോധിച്ചാല്‍ തോന്നുക മദീനയിലെ ഖൈനുഖാഅ് ഗോത്രക്കാരെ മുഴുവന്‍ അവിടെനിന്ന് പുറത്താക്കി എന്നാണ്. പക്ഷേ, പില്‍ക്കാലത്തും ഈ ജൂതഗോത്രത്തില്‍ പെട്ടവരെ, എണ്ണത്തില്‍ കുറവാണെങ്കിലും, മദീനയില്‍ കാണാമായിരുന്നു. ഉദാഹരണത്തിന്, ഇബ്‌നു സഅ്ദ്1 നല്‍കുന്ന ഒരു വിവരണം. ഉഹുദ് യുദ്ധത്തിന്റെ സന്ദര്‍ഭമാണ്. അപ്പോഴേക്കും ബനൂ ഖൈനുഖാഇനെ മദീനയില്‍നിന്ന് പുറത്താക്കിയിട്ട് നാലു മാസം കഴിഞ്ഞിരുന്നു. 'പ്രവാചകന്‍ ചോദിച്ചു: '(നമ്മുടെ കൂടെ യുദ്ധം ചെയ്യാനെത്തിയ) ഇക്കൂട്ടര്‍ ആരാണ്?' ആരോ പറഞ്ഞു: 'അബ്ദുല്ലാഹിബ്‌നു ഉബയ്യു ബ്‌നു സുലൂല്‍ തന്റെ സഖ്യത്തില്‍ പെടുന്ന ഖൈനുഖാഇലെ അറുനൂറോളം ജൂതന്മാരുമായി വന്നിരിക്കുകയാണ്.' നബി ചോദിച്ചു: 'അവര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടോ?' ഇല്ല എന്നായിരുന്നു മറുപടി. എങ്കില്‍ ആ സഹായം വേണ്ടെന്നായി നബി. ഇതിനര്‍ഥം ഖൈനുഖാഉകാര്‍ മദീനയില്‍ തന്നെ ഉണ്ടായിരുന്നു എന്നാണല്ലോ. മറ്റൊരു റിപ്പോര്‍ട്ടില്‍2 ഇങ്ങനെയുമുണ്ട്: രണ്ടു വര്‍ഷം കഴിഞ്ഞ്, ഖന്‍ദഖ് യുദ്ധ സന്ദര്‍ഭത്തില്‍, ചില ഖൈനുഖാഉകാര്‍ പ്രവാചകന് സഹായം വാഗ്ദാനം ചെയ്തു വരികയും അവര്‍ മുസ്‌ലിം പക്ഷത്തു നിന്നുകൊണ്ട് മറ്റൊരു ജൂതഗോത്രമായ ഖുറൈളക്കെതിരെ യുദ്ധം ചെയ്യുകയും ചെയ്തു. ബൈഹഖി3 പറയുന്നത്, ഹി. ഏഴാം വര്‍ഷം ഖൈബര്‍ പടയോട്ട വേളയില്‍ മുസ്‌ലിം സേനക്ക് വലിയ സേവനങ്ങള്‍ ചെയ്തിരുന്നു എന്നാണ്. അതിന്റെ പേരില്‍ പ്രവാചകന്‍ അവര്‍ക്ക് സമ്മാനങ്ങളും നല്‍കുകയുണ്ടായി.

ചരിത്രകാരന്മാരുടെ വിവരണം ചിലപ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കും. നാം ഉദ്ധരിച്ച സംഭവങ്ങളില്‍ വന്നിട്ടുള്ള ഖൈനുഖാഉകാര്‍ മുസ്‌ലിംകളായിരുന്നില്ല എന്ന് വ്യക്തം. പക്ഷേ, മഖ്‌രീസിയുടെ വിവരണത്തില്‍ (ക, 2045) ഈ ഗോത്രത്തില്‍നിന്നുള്ള 'കപടന്മാരെ' കുറിച്ചാണ് പറയുന്നത്. അവര്‍ പ്രത്യക്ഷത്തില്‍ ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു എന്നര്‍ഥം. പക്ഷേ, മേല്‍വിവരണങ്ങളിലൊക്കെ പോസിറ്റീവായ രീതിയിലാണ് ഈ ഗോത്രക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. അവര്‍ മുസ്‌ലിംകളായിരുന്നില്ല എന്നും വ്യക്തമാക്കുന്നു. പിന്നെ 'കപടന്മാര്‍' എന്ന പരാമര്‍ശം എങ്ങനെ മഖ്‌രീസിയുടെ വിവരണത്തില്‍ കടന്നുവന്നു? ഈ പ്രശ്‌നം മറ്റൊരു രീതിയില്‍ പരിഹരിക്കാമെന്നു തോന്നുന്നു. ഖൈനുഖാഉകാരെ പുറത്താക്കാന്‍ തീരുമാനം കൈക്കൊണ്ട സന്ദര്‍ഭത്തില്‍ അറബികളിലെ 'കപടനായ' അബ്ദുല്ലാഹിബ്‌നു ഉബയ്യ് അവരുടെ കാര്യത്തില്‍ ഇടപെടാനായി വന്നു. ഒടുവില്‍ നബിയതിന് സമ്മതിച്ചു. ഇങ്ങനെ പറയുകയും ചെയ്തു: 'അവരെ നിങ്ങള്‍ക്ക് വിട്ടുതരുന്നു.' കടുത്ത ശിക്ഷയാണ് ഈ ഗോത്രക്കാര്‍ക്ക് പ്രവാചകന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും, ഇയാളുടെ ഇടപെടല്‍ കാരണം അത് പുറത്താക്കല്‍ മാത്രമായി ലഘൂകരിക്കുകയായിരുന്നു എന്ന് വിശദീകരിക്കുന്ന ചരിത്രകാരന്മാരും ഉണ്ട്. അബ്ദുല്ലാഹിബ്‌നു ഉബയ്യിന് ഇങ്ങനെയൊരു ആനുകൂല്യം അനുവദിച്ചതോടെ, ഖൈനുഖാഉകാരുടെ ജീവന്‍ സുരക്ഷിതമായി എന്നു മാത്രമല്ല, അബ്ദുല്ലാഹിബ്‌നു ഉബയ്യുമായി സഖ്യം ചേര്‍ന്ന ഖൈനുഖാഉകാര്‍ക്കെല്ലാം, ഒരുപക്ഷേ, അവര്‍ മൊത്തം ഗോത്രത്തിലെ പകുതിയോ മൂന്നിലൊന്നോ ആവാം, പൊതുമാപ്പും ലഭിച്ചു എന്നതാണ്. തങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി മദീനയില്‍ തന്നെ കഴിയാന്‍ അവര്‍ക്ക് അനുവാദവും ലഭിച്ചു.

മറ്റൊരു കാര്യവും ശ്രദ്ധിക്കണം. ഖൈനുഖാഅ് സംഭവം നടന്നപ്പോള്‍ അതിനെതിരെ മദീനയിലെ മറ്റു ജൂതന്മാര്‍ ഒരു നീക്കവും നടത്തുകയുണ്ടായില്ല എന്നതാണത്. അവര്‍ പരസ്പരം ഭിന്നിച്ചു നില്‍ക്കുകയായിരുന്നു എന്നാണതിന്റെ അര്‍ഥം. ഖൈനുഖാഅ് ആകട്ടെ, ഇതിനും പുറമെ, മദീനയിലെ ഖസ്‌റജ് ഗോത്രക്കാരുടെ സഖ്യകക്ഷികളുമായിരുന്നു. മദീനാ ഭരണഘടനാ നിര്‍മാണത്തില്‍ ജൂതന്മാര്‍ ഒരൊറ്റ സമുദായമായല്ല പങ്കാളികളായത് എന്നും അതില്‍നിന്ന് മനസ്സിലാവുന്നുണ്ട്. ഓരോ വിഭാഗവും വെവ്വേറെ സ്വതന്ത്ര യൂനിറ്റുകളായിട്ടാണ് അതില്‍ അംഗത്വം നേടിയത്. ഇബ്‌നു സഅ്ദ്4 പറയുന്നത് ബദ്ര്‍ യുദ്ധത്തിനു മുമ്പേ തന്നെ പ്രവാചകനുമായി ബനൂഖൈനുഖാഅ് കരാര്‍ ഉണ്ടാക്കിയിരുന്നു എന്നാണ്. അവര്‍ ഉപരോധിക്കപ്പെട്ട ആ 'യുദ്ധ'ത്തില്‍ മുസ്‌ലിംകളില്‍നിന്നോ ഖൈനുഖാഉകാരില്‍നിന്നോ ഒരാള്‍ക്കും ജീവാപായം നേരിട്ടില്ല, ആര്‍ക്കും മുറിവേറ്റുമില്ല. ആ ഉപരോധം രണ്ടാഴ്ച നീണ്ടിരുന്നല്ലോ. വിഭവങ്ങള്‍ കഴിഞ്ഞു തുടങ്ങിയപ്പോള്‍ ഉപരോധിക്കപ്പെട്ട ബനൂ ഖൈനുഖാഅ് കീഴടങ്ങി എന്ന് മനസ്സിലാക്കാം. ചില വിവരണങ്ങളില്‍ ഈ സംഭവം നടക്കുന്നത് ഹി. മൂന്നാം വര്‍ഷം രണ്ടാം മാസമാണ്. ചില വിവരണങ്ങളില്‍ ഹി. രണ്ടാം വര്‍ഷം5 പത്താം മാസവും. പ്രവാചകന്റെ യഥാര്‍ഥ ഹിജ്‌റയും ഹിജ്‌റ വര്‍ഷം കണക്കാക്കാന്‍ തുടങ്ങിയ സമയവും തമ്മിലുള്ള കണക്കിലെ വ്യത്യാസങ്ങളാണ് വിവിധ വര്‍ഷങ്ങളില്‍ ഒരേ സംഭവം രേഖപ്പെടുത്താനിടയായതെന്ന് നാം പലയിടത്തും വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. ഖൈനുഖാഅ് 'യുദ്ധ'ത്തില്‍ രക്തം ചിന്തിയില്ല എന്നതും ഈ പ്രശ്‌നത്തില്‍ മറ്റു ജൂതഗ്രൂപ്പുകള്‍ ഒരു പക്ഷവും പിടിച്ചില്ല എന്നതും ശരിയാണെങ്കിലും, ഇവരെ പുറത്താക്കാനുള്ള തീരുമാനം മുസ്‌ലിംകളും ജൂതന്മാരും തമ്മിലുള്ള ബന്ധത്തെ പൊതുവെ ഉലച്ചിട്ടുണ്ടാവണം. ജൂതന്മാര്‍ക്കിടയിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളെയും അത് പ്രതികൂലമായി ബാധിച്ചിരിക്കാനിടയുണ്ട്. വിശ്വാസപരമായി മുസ്‌ലിംകളോട് ഏറ്റവും അടുത്തു നില്‍ക്കുന്നത് ജൂതന്മാര്‍ തന്നെയാണ്. അതിനാല്‍ ജൂതന്മാരുമായി നല്ല ബന്ധങ്ങള്‍ തുടരാന്‍ കഴിഞ്ഞില്ല എന്നത് മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ദുഃഖകരമാണ്.

മദീനയില്‍ ഒരു കവിയുണ്ടായിരുന്നു, കഅ്ബുബ്‌നു അശ്‌റഫ് എന്ന പേരില്‍. അയാളുടെ പിതാവ് ഒരു നബ്ഹാനി (ത്വയ്യ് ഗോത്രത്തിന്റെ ശാഖ) ആണ്. മാതാവാകട്ടെ, മദീനയിലെ ബനുന്നളീര്‍ ഗോത്രത്തില്‍പെട്ട ഒരു ജൂതസ്ത്രീയും.6 ധാര്‍മികത കൈമോശം വന്ന ന്യായാധിപനായിരുന്നു അയാള്‍ എന്നാണ് ചരിത്ര കൃതികളില്‍ കാണുന്നത്.7

ബദ്‌റില്‍ മക്കന്‍ സൈന്യം പരാജയപ്പെട്ടപ്പോള്‍ കഅ്ബു ബ്‌നു അശ്‌റഫ് നേരെ മക്കയിലെത്തി. താന്‍ ഖുറൈശികളോടൊപ്പമാണെന്ന് പറയുകയും അവരില്‍ പ്രതികാര ചിന്ത ഉദ്ദീപിപ്പിക്കുകയും ചെയ്തു.8 മക്കയില്‍ തന്റെ ആതിഥേയന്റെ ഭാര്യയുമായി അവിഹിതബന്ധത്തിന് മടിക്കാതിരുന്ന ഇയാള്‍, മുസ്‌ലിം സ്ത്രീകളെ പുലഭ്യം പറഞ്ഞുകൊണ്ട് കവിത കെട്ടുന്നതില്‍ ഒട്ടും പുറകിലായിരുന്നില്ല. മദീനയുടെ തെക്കു ഭാഗത്ത് വളരെക്കാലത്തിനു ശേഷവും അയാളുടെ കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാനുണ്ടായിരുന്നു. ഏതാനും മുസ്‌ലിംകള്‍ - അവരില്‍ കഅ്ബിന്റെ വളര്‍ത്തു സഹോദരനും ഉണ്ടായിരുന്നു- ഒരു ദിവസം അയാളുടെ വീട്ടില്‍ നുഴഞ്ഞു കയറുകയും അയാളെ കൊലപ്പെടുത്തുകയുമാണുണ്ടായത്. ഇബ്‌നു സഅ്ദ്9 പറയുന്നത്, ഈ സംഭവത്തിനു ശേഷമാണത്രെ ബനുന്നളീര്‍ എന്ന ജൂതഗോത്രം പ്രവാചകനുമായി സഖ്യമുണ്ടാക്കുന്നത്.

പക്ഷേ, സമാധാനാന്തരീക്ഷം ഏതാനും മാസങ്ങളേ നിലനിന്നുള്ളൂ. നളീര്‍ ഗോത്രക്കാര്‍ നജ്ദിലെ ആമിര്‍ ഗോത്രക്കാരുമായും സഖ്യമുണ്ടാക്കിയിരുന്നു.10 ഈ ഗോത്രത്തില്‍പെട്ട രണ്ടു പേരെ (അവര്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു), നേരത്തേ ഏതാനും മുസ്‌ലിം പ്രബോധകന്മാര്‍ വധിക്കപ്പെട്ടതിന് പ്രതികാരമായി അംറു ബ്‌നു ഉമ്മയ്യ ദംരി എന്നൊരാള്‍ അബദ്ധത്തില്‍ കൊന്നു കളഞ്ഞ കഥ നാം നേരത്തെ പരാമര്‍ശിച്ചിട്ടുണ്ട്. ഈ രണ്ടു പേര്‍ക്കും പ്രവാചകന്റെ സംരക്ഷണപത്രവും ലഭിച്ചിരുന്നു. അതിനാല്‍ ഈ ഇരട്ടക്കൊലക്ക് നഷ്ടപരിഹാരം നല്‍കണം. കൊല നടത്തിയത് അംറു ബ്‌നു ഉമ്മയ്യയാണെങ്കിലും, സദുദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയായതിനാല്‍ ആ ബാധ്യത മുസ്‌ലിം ഭരണകൂടത്തിന്റെ മേല്‍ വന്നു ചേര്‍ന്നു. ഇതു സംബന്ധമായി രണ്ട് റിപ്പോര്‍ട്ടുകളാണുള്ളത്: (എ) ഇബ്‌നു ഇസ്ഹാഖും ഇബ്‌നു ഹിശാമും പറയുന്നത് (ഇവരെ വേണ്ടത്ര ആലോചനയില്ലാതെ ഉദ്ധരിക്കുക മാത്രമാണ് പില്‍ക്കാല ചരിത്രകാരന്മാര്‍ ചെയ്യാറുള്ളത്), നളീര്‍ ഗോത്രക്കാര്‍ പ്രവാചകന്റെ സഖ്യകക്ഷികള്‍ ആയതുകൊണ്ട് നഷ്ടപരിഹാരത്തുകയുടെ ഒരു വിഹിതം തരാന്‍ പ്രവാചകന്‍ അവരോടും ആവശ്യപ്പെട്ടു എന്നാണ്. നളീറുകാര്‍ അതിന് സമ്മതിച്ചില്ല. എന്നു മാത്രമല്ല, പ്രവാചകന്‍ തങ്ങളുടെ അധിവാസ കേന്ദ്രത്തിലേക്ക് നഷ്ടപരിഹാരത്തുകയുടെ വിഹിതം വാങ്ങാനായി വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ ഒരു ആട്ടുകല്ല് കോട്ടയുടെ മുകളിലേക്ക് എടുത്തുകൊണ്ടു പോയി (ആ പണം കൈപ്പറ്റാനായി കോട്ടക്ക് താഴെയാണ് പ്രവാചകന്‍ ഇരുന്നിരുന്നത്) അത് പ്രവാചകന്റെ തലയിലേക്ക് ഉരുട്ടിയിടാന്‍ ശ്രമിച്ചുവത്രെ (ഇക്കാലത്ത് ഇതു പോലുള്ള നിരവധി വധ ശ്രമങ്ങള്‍ നടത്തിയിട്ടുള്ളതായി ചില ചരിത്രകൃതികളില്‍ കാണുന്നു. പ്രവാചകന്‍ നോക്കിനില്‍ക്കെ ആണത്രെ അവര്‍ ആട്ടു കല്ല് കോട്ടയിലേക്ക് എടുത്ത് കൊണ്ടുപോയത്!). പക്ഷേ, ഈ ആഖ്യാനങ്ങളൊന്നും ഒരു ചോദ്യത്തിന് ഉത്തരം തരുന്നില്ല. കൊന്നത് ജൂതനല്ല, ഒരു മുസ്‌ലിമാണ്. കൊല്ലപ്പെട്ടവരാകട്ടെ നളീറുകാരുമായി സഖ്യത്തിലുള്ളവരും. എങ്കില്‍പിന്നെ നളീറുകാര്‍ എന്തിന് നഷ്ടപരിഹാരത്തുകയുടെ ഒരു വിഹിതം നല്‍കണം? ഇബ്‌നു ഇസ്ഹാഖിന്റെ കൈയെഴുത്തു പ്രതി തയാറാക്കിയവര്‍ ഇതൊക്കെ വിശദീകരിക്കുന്ന ഒരു ഖണ്ഡികയോ മറ്റോ ഇവിടെ വിട്ടുപോയിക്കാണണം. (ബി). ഈ രണ്ടാമത്തെ റിപ്പോര്‍ട്ട്, നിവേദകരുടെ പൂര്‍ണ ശൃംഖലയോടെ ഇബ്‌നു മര്‍ദൂയ ഉദ്ധരിച്ചിട്ടുള്ളതാണ്. അബ്ദു ബ്‌നു ഹുമൈദ് തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിലും ഇതാണ് സ്വീകരിക്കുന്നത്. ഇതാണ് കുറേക്കൂടി സ്വീകാര്യമായി തോന്നുന്നത് (കാണുക, സംഹൂദിയുടെ വഫാഉല്‍ വഫാഅ്, രണ്ടാം എഡിഷന്‍, പേ: 298). ഈ റിപ്പോര്‍ട്ട് പ്രകാരം സംഭവം ഇങ്ങനെയാണ്: ബദ്‌റിലെ പരാജയത്തിനു ശേഷം ഖുറൈശികള്‍ പ്രവാചകനെതിരെ കലാപമിളക്കിവിടണമെന്ന് ആഹ്വാനം ചെയ്ത് നളീര്‍ ഗോത്രക്കാര്‍ക്ക് എഴുതി (ഖൈനുഖാഅ് ഗോത്രക്കാര്‍ പുറത്താക്കപ്പെട്ട സമയമായതിനാല്‍ നളീറുകാരും ആശങ്കയിലായിരുന്നു. തങ്ങളുടേതല്ലാത്ത ഒരു വിഭാഗം നിരന്തരം ശക്തിപ്രാപിക്കുന്നത് അവര്‍ കാണുന്നുണ്ടല്ലോ). നളീറുകാര്‍ ഒരു ചതിപ്രയോഗത്തിന് കോപ്പു കൂട്ടി. ഒരിക്കലവര്‍ പ്രവാചകനെ ഇങ്ങനെ പറഞ്ഞുകൊണ്ട് ക്ഷണിച്ചു; 'താങ്കള്‍ മൂന്ന് പേരോടൊന്നിച്ച് ഞങ്ങളുടെ താമസസ്ഥലത്തു വരിക. നിങ്ങളെ കാത്ത് ഞങ്ങളുടെ മൂന്ന് പണ്ഡിതന്മാര്‍ അവിടെ ഉണ്ടാവും. നിങ്ങള്‍ അവരുമായി സംസാരിക്കുക. അവര്‍ നിങ്ങളില്‍ വിശ്വസിച്ചാല്‍ ഞങ്ങളും വിശ്വസിക്കാം.' ഈ മൂന്ന് ജൂത 'പണ്ഡിതന്മാര്‍' അവരുടെ കുപ്പായത്തില്‍ കഠാര ഒളിപ്പിച്ചുവെച്ചിരുന്നു. പക്ഷേ, നളീര്‍ ഗോത്രത്തില്‍പെട്ട ഒരു സ്ത്രീ ഉടന്‍ ഒരാളെ പറഞ്ഞയച്ചു; ഇസ്‌ലാം സ്വീകരിച്ച തന്റെ ഒരു സഹോദരന്റെ അടുത്തേക്ക്. അയാള്‍ അന്‍സാരികളിലൊരാളായിരുന്നു. എന്നിട്ട് ഇങ്ങനെയൊരു ഗൂഢാലോചന നടക്കുന്ന കാര്യം സഹോദരനെ അറിയിച്ചു. അദ്ദേഹം ഉടന്‍ ആ വിവരം പ്രവാചകന് കൈമാറി. പ്രവാചകന്‍ വഴിമധ്യേ തിരിച്ചു പോന്നു. എന്നിട്ട് അടുത്ത ദിവസം അതിരാവിലെ തന്റെ പടയാളികളുമായി നളീറുകാരുടെ താമസസ്ഥലത്തെത്തി. ഒരു ദിവസം മുഴുവന്‍ അവരെ ഉപരോധിച്ചു. ഒരു ദിവസം കഴിഞ്ഞ് പെട്ടെന്ന് പ്രവാചകന്‍ ഉപരോധം അവസാനിപ്പിച്ചു. എന്നിട്ട് മറ്റൊരു ജൂതഗോത്രമായ ബനൂ ഖുറൈളയെ ഉപരോധിക്കാന്‍ തുടങ്ങി. ബനൂഖുറൈളക്കാര്‍ പ്രവാചകനുമായി സഖ്യത്തിന് തയാറായി. തുടര്‍ന്ന് പ്രവാചകന്‍ വീണ്ടും ബനുന്നളീറിന്റെ അടുത്തേക്കു തന്നെ തിരിച്ചു വന്നു. അവരും പ്രവാചകനു കീഴടങ്ങി. ഒരാളും വധിക്കപ്പെട്ടില്ല. ഒരിറ്റ് ചോരയും ചിന്തിയില്ല. പ്രവാചകന്‍ തന്റെ രീതിയനുസരിച്ച് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് മാപ്പു നല്‍കി.11 ഒരു നിലക്കും സ്വീകരിക്കാന്‍ കൂട്ടാക്കാത്തവരോട് അവരുടെ സ്വത്തുക്കളുമായി (ആയുധങ്ങള്‍ ഒഴികെ) നാടു വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. അവരില്‍ ചിലര്‍ അസ്‌രീആത്തില്‍ (ഫലസ്ത്വീന്‍) സ്ഥിരതാമസമാക്കി; ചിലര്‍ ഖൈബറിലും. ഖൈബറില്‍ അവര്‍ ഭരണവര്‍ഗമാവുകയും ചെയ്തിരുന്നു.12 ചില ചരിത്രകാരന്മാര്‍13 പറയുന്നത്, അവര്‍ ഗത്വ്ഫാന്‍കാരുമായി സഖ്യമുണ്ടാക്കിയെന്നും ഖസ്‌റജി സഖ്യഗോത്രങ്ങളോ ഖുറൈള ഗോത്രക്കാരോ അവരുടെ രക്ഷക്കെത്തിയില്ല എന്നുമാണ്. പക്ഷേ, നാം നേരത്തേ ഉദ്ധരിച്ച മര്‍ദൂയയുടെ റിപ്പോര്‍ട്ട് ഇതിന് വിരുദ്ധമാണ്. അദ്ദേഹം പറയുന്നത്, ബനൂ ഖുറൈളയെയും പ്രവാചകന്‍ ഉപരോധിക്കാന്‍ കാരണം അവര്‍ക്ക് ബനൂ ഖുറൈളയുമായി സൈനിക സഹകരണം ഉണ്ടായിരുന്നതുകൊണ്ടാണ് എന്നാണ്. ബുഖാരി (64/14), മുസ്‌ലിം (32/62, ചീ: 1766), അബൂദാവൂദ് (19/23, അധ്യായം ബനുന്നളീര്‍) എന്നിവരുടെ ആധികാരിക വിവരണം ഇതിനെ ശരിവെക്കുകയും ചെയ്യുന്നു. അതിലിങ്ങനെ കാണാം: ''ബനുന്നളീറും ബനൂഖുറൈളയും യുദ്ധം ചെയ്തു. അപ്പോള്‍ പ്രവാചകന്‍ ബനുന്നളീറിനെ നാടു കടത്തി. ഖുറൈളക്കാരെ നില്‍ക്കാന്‍ അനുവദിച്ചു; അവര്‍ വീണ്ടും ഒരു യുദ്ധം തുടങ്ങിയതു വരെ. അതുകൊണ്ടാണ് പ്രവാചകന്‍ അവരെ ശിക്ഷിച്ചത്...''

നളീറുകാര്‍ മദീന വിട്ടുപോകുമ്പോള്‍ വീടിന്റെ വാതിലുകള്‍ വരെ ഇളക്കിക്കൊണ്ടുപോയിരുന്നു എന്നാണ് പറയുന്നത്.14 ആഭരണങ്ങളും നിധിശേഖരങ്ങളും പിന്നെയവര്‍ അവിടെ ഇട്ടേച്ചുപോരുമോ? അവരുടെ കേന്ദ്ര ഖജനാവായ ഖന്‍സ് അവര്‍ ഖൈബറിലേക്ക് കൊണ്ടുപോയി. മുസ്‌ലിംകള്‍ കൊടുക്കാനുണ്ടായിരുന്ന വായ്പാ സംഖ്യ വരെ തിരിച്ചു വാങ്ങാന്‍ അവരെ അനുവദിച്ചു. ചില വായ്പകള്‍ തിരിച്ചടക്കാന്‍ സമയമായിട്ടുണ്ടായിരുന്നില്ല. അതിനെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞു: 'അല്‍പം കുറച്ച് കൊടുക്കൂ. എന്നാല്‍ നിങ്ങള്‍ക്ക് ഉടനടി പണം കിട്ടും.''15

ത്വബരി16യും നല്‍കുന്ന മറ്റൊരു വിവരണമുണ്ട്; 'മതത്തില്‍ നിര്‍ബന്ധമില്ല' എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ (2:257) വ്യാഖ്യാനത്തില്‍. പ്രവാചകന്റെ ആഗമനത്തിനു മുമ്പ് സന്താന സൗഭാഗ്യമുണ്ടായിട്ടില്ലാത്ത മദീനക്കാര്‍ തങ്ങള്‍ക്കൊരു കുഞ്ഞ് പിറന്നാല്‍ അവനെ ജൂതനായി വളര്‍ത്തും എന്ന് ശപഥം ചെയ്യാറുണ്ടായിരുന്നുവത്രെ. അതിനാല്‍, ഈ വിഭാഗത്തില്‍പെട്ട കുറച്ച് അറബ് ജൂതന്മാര്‍ മദീനയില്‍ ഉണ്ടായിരുന്നു. മദീനയില്‍നിന്ന് പോകുമ്പോള്‍ ഇവരെക്കൂടി കൂടെ കൂട്ടാന്‍ നളീറുകാര്‍ തീരുമാനിച്ചു. പക്ഷേ, ആ കുട്ടികളുടെ മാതാപിതാക്കള്‍ സമ്മതിച്ചില്ല. പക്ഷേ, പ്രവാചകന്‍ ആ കുട്ടികളെ പോകാന്‍ അനുവദിക്കുകയാണ് ചെയ്തത്; മുസ്‌ലിംകളായ ആ മാതാപിതാക്കളുടെ ആവശ്യം നിരസിക്കുകയും. 600 ഒട്ടകങ്ങളുമായി അടിമപ്പെണ്‍കുട്ടികളുടെ പാട്ടിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെയാണ് ഖുറൈളക്കാര്‍ മദീന വിട്ടത്. അവരെ അനുഗമിച്ച വനിതയായിരുന്നു ഗത്വ്ഫാന്‍കാരിയായ ഉമ്മു അംറ് (നളീറുകാര്‍ വിലയ്ക്ക് വാങ്ങിയ ഉര്‍വതു ബ്‌നു വര്‍ദ് എന്ന കവിയുടെ സുഹൃത്ത്). അവിശ്വസനീയമാംവിധം ആഭരണങ്ങളണിഞ്ഞിരുന്നു അവര്‍.17 പിന്നെ നടന്നതൊക്കെ ചരിത്രം. മദീനയില്‍നിന്ന് പുറത്തു കടന്ന നളീറുകാരുടെ ഒരു പ്രതിനിധിസംഘം പല വിഭാഗങ്ങളെയും ചെന്നു കണ്ട് മദീന ഉപരോധിക്കാനുള്ള തന്ത്രം ആവിഷ്‌കരിക്കുന്നു. അതാണ് ഹി. അഞ്ചാം വര്‍ഷം നടന്ന ഖന്‍ദഖ് ഉപരോധം. നളീറുകാര്‍ പുറത്താക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞായിരുന്നു അത്.

(തുടരും)

 

 

കുറിപ്പുകള്‍

1. ഇബ്‌നു സഅ്ദ് 2/1, പേ. 34

സറഖ്ശി ശറഹുസ്സിയറില്‍ (3/187) പറയുന്നത് അവരുടെ എണ്ണം നാലായിരുന്നുവെന്നാണ്.

2. സറഖ്ശി - മബ്‌സൂത്വ് X, 25, ശൈബാനി - അല്‍ അസ്വ്ല്‍, അധ്യായം; സിയര്‍ 

3. ബൈഹഖി - സുനന്‍ കുബ്‌റാ IX, 53

4. ഇബ്‌നു സഅ്ദ് 2/1, പേ: 19

5. അതേ കൃതി, മഖ്‌രീസി I, 103

6. ഇബ്‌നു ഹിശാം, പേ: 548

7. വഖീഅ് - അഖ്ബാറുല്‍ ഖുളാത്ത് I, 54. മുഖാതില്‍ - തഫ്‌സീര്‍, 5:42 സൂക്തത്തിന്റെ.

8. ഇബ്‌നു ഹിശാം പേ: 548-53; ഇബ്‌നു സഅ്ദ് 2/1, പേ: 21-3

9. ഇബ്‌നു സഅ്ദ് 2/1, പേ: 23

10. ഇബ്‌നു ഹിശാം പേ: 652

11. ത്വബരി I, 1453; ഇബ്‌നു ഹിശാം പേ: 654

12. ഇബ്‌നു ഹിശാം പേ: 652-61, ത്വബരി I, 144852, ഇബ്‌നു സഅ്ദ് 2/1 പേ: 40-2, Battle fields..... No. 204

13. ഇബ്‌നു സഅ്ദ് 2/1 പേ: 41

14. ഖുര്‍ആന്‍ 59:2

15. സറഖ്ശി - ശറഹ് സിയര്‍ കബീര്‍ III, 180, 229; ഇബ്‌നുല്‍ ഖയ്യിം - അഹ്കാമുദ്ദിമ്മ (1961, ദമസ്‌കസ്) പേ; 186, ദാര്‍ഖുത്വനിയെ ഉദ്ധരിച്ച്.

16. ത്വബരി - തഫ്‌സീര്‍

17. ഇബ്‌നു ഹിശാം, പേ: 653-4; ഇബ്‌നു സഅ്ദ് 2/1, പേ: 41; സുഹൈലി II, 17681

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (45)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിന് പള്ളി അനിവാര്യമല്ലെന്നോ?
കെ.സി ജലീല്‍ പുളിക്കല്‍