Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 12

3071

1440 സഫര്‍ 02

വംശവെറിയുടെ കനല്‍ക്കൂനകളില്‍ അകംവെന്തൊരു ബലിപെരുന്നാള്‍ കാലം

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

ദീര്‍ഘമായ ആകാശയാത്ര കഴിഞ്ഞ് ഉറക്കച്ചടവോടെയും അല്‍പം ഉള്‍ഭയത്തോടെയുമാണ് സെര്‍ബിയന്‍ തലസ്ഥാന നഗരിയായ ബെല്‍ഗ്രേഡില്‍ വിമാനമിറങ്ങിയത്. എന്റെ യാത്രാ പദ്ധതിയില്‍ ആദ്യം സെര്‍ബിയ ഇടം പിടിച്ചിരുന്നില്ല. മാസങ്ങളോളം ആസൂത്രണം ചെയ്ത് ചിട്ടപ്പെടുത്തിയത് യുദ്ധാനന്തര ബോസ്‌നിയന്‍ ജനജീവിതങ്ങളിലൂടെയൊരു യാത്ര മാത്രമായിരുന്നു. തൊണ്ണൂറുകളുടെ ആദ്യ പാതിയില്‍ മനസ്സില്‍ തീ കോരിയൊഴിച്ച വംശഹത്യയുടെ നടുക്കുന്ന സ്മൃതികള്‍ ഹൃദയത്തില്‍ തീര്‍ത്ത നീറ്റലിന്റെ തേട്ടം. യാത്ര ആരംഭിക്കുന്നതിന് ഏതാനും നാള്‍ മുമ്പ് മാത്രമാണ് ബോസ്‌നിയക്കൊപ്പം സെര്‍ബിയയും യാത്രാ വഴിയിലേക്ക് കടന്നുവന്നത്. അവിചാരിതമായി ലഭിച്ച ദീര്‍ഘ അവധിയും മുന്‍കൂര്‍ വിസയില്ലാതെ സെര്‍ബിയന്‍ അതിര്‍ത്തി കടക്കാമെന്ന വൈകിക്കിട്ടിയ അറിവും ബാള്‍ക്കന്‍ ദേശത്തെ മുസ്‌ലിം ഉന്മൂലനത്തിന് നായകത്വം വഹിച്ച സ്ലൊബൊദാന്‍ മിലോസെവിച്ചിന്റെ നാട്ടുവിശേഷങ്ങള്‍ അറിയാനുള്ള ആകാംക്ഷയും എന്റെ യാത്രാ പദ്ധതിയെ പുനഃക്രമീകരിച്ചു. സെര്‍ബിയന്‍ സ്വത്വബോധം മുസ്‌ലിം വംശവിരുദ്ധതയില്‍ ഊട്ടപ്പെട്ടതാണെന്ന സമീപകാല ചരിത്ര പശ്ചാത്തലത്തില്‍, ഒരു മുസ്‌ലിം യാത്രികന്‍ സെര്‍ബിയന്‍ തെരുവുകളില്‍ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ആകാംക്ഷയോടെയാണ് തീര്‍ത്തും അപരിചിതമായ അന്നാട്ടില്‍ ബലിപെരുന്നാള്‍ കൂടാനുള്ള മോഹവുമായി ഞാന്‍ ബെല്‍ഗ്രേഡിലേക്ക് പുറപ്പെട്ടത്. യാത്രാ പരിപാടികളൊന്നും കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടിരുന്നില്ല. എന്റെ ബോസ്‌നിയന്‍ സുഹൃത്ത് പരിചയപ്പെടുത്തിയ ഒരു ബെല്‍ഗ്രേഡ് നിവാസിയുടെ യാത്രാ സഹായവാഗ്ദാനവും നഗരമധ്യത്തിലെ ഹോട്ടലില്‍ താമസം ഏര്‍പ്പാട് ചെയ്തതും മാത്രമായിരുന്നു മുന്നൊരുക്കം.

ബെല്‍ഗ്രേഡിലെ നിക്കോളാ ടെസ്‌ല അന്താരാഷ്ട്ര വിമാനത്താവളം. ആഡംബരങ്ങള്‍ ഏറെയില്ലാത്ത ഒരു സാധാരണ യൂറോപ്യന്‍ നിര്‍മിതി. എങ്കിലും വിമാനത്താവളത്തിന്റെ പേര് എന്നെ വിസ്മയിപ്പിച്ചു; 'നിക്കോളാ ടെസ്‌ല'. ലോകം മുഴുവന്‍ സ്വതന്ത്ര ഊര്‍ജം (എൃലല ഋിലൃഴ്യ) എന്ന സ്വപ്‌ന ഗവേഷണങ്ങളിലേര്‍പ്പെട്ടതിനാല്‍ യൂറോ-അമേരിക്കന്‍ കുത്തകകള്‍ ചിറകരിഞ്ഞുകളഞ്ഞ ഒരു ആസ്‌ട്രോ അമേരിക്കന്‍ സെര്‍ബ് ശാസ്ത്രജ്ഞന്‍. നൂറ്റാണ്ടുകളുടെ സെര്‍ബിയന്‍ ചരിത്ര പഥത്തില്‍ തിളങ്ങിനിന്ന അനേകം രാജാക്കന്മാരുടെയും മത-രാഷ്ട്രീയ നേതാക്കന്മാരുടെയും ആചാര്യന്മാരുടെയും പേരുകള്‍ മാറ്റിവെച്ച് രാജ്യ തലസ്ഥാനത്തെ പ്രധാന പ്രവേശന കവാടം നാമകരണം ചെയ്തിരിക്കുന്നത് സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് മതവിശ്വാസം തന്നെ നിരാകരിച്ച ഒരു ഇലക്‌ട്രോ-മെക്കാനിക്കല്‍ എഞ്ചിനീയറുടെ ഓര്‍മയില്‍.

'എന്താണ് താങ്കളെ ഞങ്ങളുടെ രാജ്യത്തേക്ക് ആകര്‍ഷിച്ചത്?' - ഇടുങ്ങിയ ചില്ലുകൂട്ടിലിരുന്ന ദൃഢകായനായ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ ഗൗരവത്തോടെയുള്ള അന്വേഷണം. 

'ചരിത്രം.'

എന്റെ മറുപടി അയാളുടെ മുഖപേശികളുടെ മുറുക്കം അല്‍പം അയച്ചപോലെ. കൂടുതല്‍ ചോദ്യങ്ങളില്ലാതെ നന്മ നേര്‍ന്ന് അയാളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ബെല്‍ഗ്രേഡിലെ യാത്രാ സഹായി ഏര്‍പ്പാട് ചെയ്ത വാഹനത്തില്‍ വിമാനത്താവളം വിട്ട് നഗരമധ്യത്തിലെ താമസ സ്ഥലത്തേക്ക് യാത്രയായി.

വിളഞ്ഞുനില്‍ക്കുന്ന ചോളപ്പാടങ്ങളും വെട്ടിയൊതുക്കിയ പുല്‍മേടുകളും കൊച്ചു കൊച്ചു വ്യവസായശാലകളും ആധുനിക വാസ്തുവിദ്യയില്‍ തീര്‍ത്ത ബഹുനില കെട്ടിടങ്ങളും പിന്നിട്ട് പൗരാണിക നിര്‍മിതികള്‍ക്കും തണല്‍ മരങ്ങള്‍ക്കും ഇടയിലൂടെ നീളുന്ന, വീതി കുറഞ്ഞ വഴികളിലൂടെ ഏറെ ദൂരം സഞ്ചരിച്ച് ഞങ്ങള്‍ റിപ്പബ്ലിക് സ്‌ക്വയറിലെ താമസസ്ഥലത്തെത്തി. ഉച്ച കഴിഞ്ഞാണ് എന്റെ യാത്രാ സഹായി ഡാമിയന്‍ ഹോട്ടലില്‍ വന്നത്, 'ഡാമിയന്‍ ബോറിസ്ലാവിയേവിച്ച്.' സെര്‍ബ് വംശജരെങ്കിലും, ബോറിസ്ലാവിയേവിച്ച് കുടുംബം മുസ്‌ലിംകളുമായി കാലങ്ങളായി നല്ല ബന്ധം പുലര്‍ത്തുന്നവര്‍. ഞങ്ങള്‍ ഹോട്ടല്‍ ലോബിയില്‍ നാലു ദിവസത്തെ സെര്‍ബിയന്‍ യാത്രാ പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനിരുന്നു. ''വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്റെ ലക്ഷ്യമല്ല. നിങ്ങളുടെ ചരിത്ര വര്‍ത്തമാനങ്ങളിലൂടെയും ഗ്രാമ ജീവിതങ്ങളിലൂടെയും മുസ്‌ലിം സമൂഹ വിശേഷങ്ങളിലൂടെയും ഒരു യാത്ര. പിന്നെ ബെല്‍ഗ്രേഡില്‍ പെരുന്നാളും കൂടണം.'' ഞാന്‍ എന്റെ മനസ്സ് തുറന്നു. 'ഇതൊരു വിചിത്രമായ സഞ്ചാരമാണ്. നമുക്കൊന്നിച്ചിരുന്നാലോചിക്കാം.'  ചിരിച്ചുകൊണ്ട് അയാള്‍ എന്റെ കൈപിടിച്ച് ഹോട്ടല്‍ വാതില്‍ തുറന്ന് റിപ്പബ്ലിക് ചത്വരത്തിലേക്ക് നടന്നു.

പുറത്ത് വെയിലിന് നല്ല തെളിച്ചമെങ്കിലും ചൂട് കുറവായിരുന്നു. സെര്‍ബിയയില്‍ ഉഷ്ണകാലമാണ്. ചത്വരത്തിനു നടുവില്‍ സ്ഥാപിച്ച 19-ാം നൂറ്റാണ്ടിലെ സെര്‍ബിയന്‍ രാജകുമാരന്‍ മിഹായിലോ ഒബ്രിനോവിച്ചിന്റെ പ്രതിമക്കരികിലും വശങ്ങളിലെ ജലധാരകള്‍ക്കരികിലും ചിതറിക്കിടക്കുന്ന യൂറോപ്യന്‍ സഞ്ചാരിക്കൂട്ടങ്ങള്‍. അവര്‍ക്കൊക്കെ വിവിധ ഭാഷകളില്‍ നഗര വിശേഷങ്ങള്‍ വിസ്തരിച്ചുകൊടുക്കുന്ന വഴികാട്ടികളുടെ കോലാഹലങ്ങള്‍. കാഴ്ചകള്‍ കാണാനെത്തുന്ന സഞ്ചാരിക്കൂട്ടങ്ങളുടെ നഗരപ്രദക്ഷിണം പതിവായി ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ചത്വരത്തിനു പുറത്തേക്കുള്ള നടവഴിയിലെ പുസ്തകശാലയില്‍നിന്ന് ഞങ്ങള്‍ ഏതാനും ഭൂപടങ്ങളും സ്ഥലവിവരങ്ങളുടെ ലഘുലേഖകളും വാങ്ങി. തൊട്ടപ്പുറത്തെ പെട്ടിക്കടയില്‍നിന്ന് യാത്രാ ചെലവിനായി കരുതിയ പണം സെര്‍ബിയന്‍ ദീനാറാക്കി മാറ്റിയെടുത്ത് വഴിയരികില്‍ നിര്‍ത്തിയിട്ട ഡാമിയന്റെ കാറില്‍ കയറി ഞങ്ങള്‍ സെര്‍ബിയന്‍ യാത്ര ആരംഭിച്ചു.

ചരിത്രം ഉണര്‍ന്നിരിക്കുന്ന പൗരാണിക നഗരമാണ് ബെല്‍ഗ്രേഡ്. സെര്‍ബിയയുടെ തലസ്ഥാനം. വിഘടിച്ചില്ലാതാവും മുമ്പ് യൂഗോസ്ലാവ്യയുടെയും തലസ്ഥാനം.

ഞങ്ങള്‍ നഗരവഴികളിലൂടെ സഞ്ചരിച്ച് നഗരാതിര്‍ത്തിയിലെ ഒരു കുന്നിന്‍മുകളിലെ ഏറെ പഴക്കം ചെന്ന കോട്ടമതിലിനു മുന്നില്‍ വണ്ടിനിര്‍ത്തി. 'ബെല്‍ഗ്രേഡ് കോട്ട.' ഉയരം കൂടിയ കോട്ടമതിലിനെ ചുറ്റുന്ന ആഴമുള്ള കിടങ്ങിനു മുകളില്‍ സ്ഥാപിച്ച മരപ്പാലത്തിലൂടെ ഞങ്ങള്‍ കോട്ടയുടെ ഉരുക്കു കവാടം കടന്നു. കോട്ടക്കകത്ത് വിശാലമായ ഉദ്യാനവും പഴകിയ നിര്‍മിതികളുടെ അവശിഷ്ടങ്ങളും. ഡാമിയന്‍ എന്നെ ഉദ്യാനത്തിന് അറ്റത്തെ കന്മതിലിനരികിലേക്ക് ക്ഷണിച്ചു. മതിലിനപ്പുറം ഏറെ താഴ്ചയില്‍ ഡാന്യൂബ് നദിയും സാവാ നദിയും സംഗമിക്കുന്ന സുന്ദര ദൃശ്യം. നദീ സംഗമസ്ഥാനത്ത് ഹരിത വനനിബിഢമായ വിശാലമായ തുരുത്ത്.

''ഈ ദേശത്തിന്റെ ആദി ചരിത്രത്തിലാണ് താങ്കളിപ്പോള്‍. നമുക്കിവിടെ നിന്ന് തുടങ്ങാം.'' ഡാമിയന്‍ കല്‍ചുമരിന് മുകളില്‍ സെര്‍ബിയന്‍ ഭൂപടം തുറന്നുവെച്ചു. നൂറ്റാണ്ടുകള്‍ പഴകിയ ഈ കോട്ടയായിരുന്നു ഒരു കാലത്ത് ഈ ദേശത്തിന്റെ  ഭാഗധേയം നിര്‍ണയിച്ചിരുന്നത്. പലപ്പോഴും ദേശം തന്നെ ഈ കോട്ടക്കകത്തേക്ക് ചുരുങ്ങി. പടിഞ്ഞാറന്‍ റോമാ ചക്രവര്‍ത്തിമാരും കിഴക്കന്‍ ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരും ആസ്ട്രിയന്‍, ഹംഗേറിയന്‍, സെര്‍ബിയന്‍ രാജാക്കന്മാരും ഉസ്മാനിയാ മുസ്‌ലിം ചക്രവര്‍ത്തിമാരും മാറിമാറി ഇവിടം വാണവരാണ്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗമ സ്ഥാനം. നിരവധി യുദ്ധങ്ങളും കീഴടക്കലുകളും തിരിച്ചെടുക്കലുകളും ഈ കോട്ടയെ ചരിത്രത്തില്‍ ജീവിപ്പിച്ചുനിര്‍ത്തി. താഴെ ഡാന്യൂബ് നദിയില്‍ നങ്കൂരമിട്ട പടക്കപ്പലുകളും നദീതുരുത്തില്‍നിന്ന് ഗര്‍ജിക്കുന്ന പീരങ്കികളും ചരിത്രത്തിലെത്രയോ തവണ ആവര്‍ത്തിച്ചുവന്നു.

14-ാം നൂറ്റാണ്ട് മുതല്‍ 19-ാം നൂറ്റാണ്ട് വരെ സെര്‍ബ് ദേശം വാണ ഉസ്മാനിയാ മുസ്‌ലിം രാജാക്കന്മാരുടെ കാലത്താണ് ബെല്‍ഗ്രേഡ് യൂറോപ്പിലെ എണ്ണപ്പെട്ട നഗരമായി പരിണമിക്കുന്നത്. ആ കാലഘട്ടത്തില്‍ തന്നെയാണ് ഇവിടെ ഒരു മുസ്‌ലിം സമൂഹം രൂപപ്പെടുന്നതും. ഉസ്മാനിയാ തുര്‍ക്കികളുടെ ഭരണം അസ്തമിച്ചതില്‍പിന്നെ സെര്‍ബ് രാജഭരണം. ഒന്നാം ലോക യുദ്ധാനന്തരം സെര്‍ബിയ പുതിയ യൂഗോസ്ലാവ്യന്‍ രാജ്യത്തിന്റെ ഭാഗമായി. രണ്ടാം ലോകയുദ്ധാനന്തരം സെര്‍ബിയയും ക്രൊയേഷ്യയും ബോസ്‌നിയയും മോണ്ടനഗ്രോവും മെസഡോണിയയും സ്ലോവേനിയയും ഉള്‍പ്പെട്ട കമ്യൂണിസ്റ്റ് യൂഗോസ്ലാവ്യ രൂപം കൊണ്ടു. മാര്‍ഷല്‍ ടീറ്റോയുടെ കമ്യൂണിസ്റ്റ് യൂഗോസ്ലാവ്യ പക്ഷേ അദ്ദേഹത്തിന്റെ മരണശേഷം ദുര്‍ബലമായിത്തുടങ്ങി. ഒടുവില്‍ കടുത്ത വംശഹത്യകള്‍ക്കും യുദ്ധങ്ങള്‍ക്കും വഴിയൊരുക്കി യൂഗോസ്ലാവ്യ പല രാജ്യങ്ങളായി പിരിഞ്ഞു, ഇപ്പോഴും കനലും പുകയുമടങ്ങാതെ.

ഡാമിയന്‍ ഭൂപടത്തിലെ അതിര്‍ത്തികളും അടയാളങ്ങളും ചൂണ്ടി ദേശചരിത്രം വിവരിച്ചുകൊണ്ടിരുന്നു. കോട്ടക്കകത്ത് സഞ്ചാരികളുടെ തിരക്ക് കൂടിവന്നു. ഇടിഞ്ഞ കന്മതിലുകളും പൊളിഞ്ഞ കെട്ടിടങ്ങളും ഉയര്‍ന്ന പുല്‍ത്തിട്ടകളും താഴ്ചയിലെ നദീ സംഗമസ്ഥാനവും ഉദ്യാനത്തിന്റെ താഴ്ഭാഗത്തെ സ്തൂപത്തില്‍ സ്ഥാപിച്ച സ്വാതന്ത്ര്യ ശില്‍പവുമൊക്കെ പശ്ചാത്തലമാക്കി ഫോട്ടോകളെടുത്ത് ഉല്ലസിക്കുന്നവര്‍. അവരൊപ്പിയെടുക്കുന്ന വര്‍ണചിത്രങ്ങളുടെ പശ്ചാത്തലങ്ങളില്‍ തെളിയാതെ പതിയുന്ന ഒരായിരം മനുഷ്യരുടെ പോര്‍വിളികളും അട്ടഹാസങ്ങളും ആര്‍പ്പുവിളികളും ദൈന്യരോദനങ്ങളും വിജയഭേരികളും.

'ടീറ്റോയുടെ കാലത്തെ ദുരൂഹ ഭൂഗര്‍ഭ അറകളാണിവിടെ'- തിരക്കില്‍നിന്ന് മാറി ഉയര്‍ന്നൊരു പുല്‍ത്തിട്ടയില്‍ തങ്ങളിലലിഞ്ഞ് പടമെടുക്കുന്ന യുവമിഥുനങ്ങളുടെ കാല്‍ച്ചുവട്ടിലേക്ക് ചൂണ്ടി ഡാമിയന്‍ ചിരിച്ചു. ഈ ചരിത്രം ജീര്‍ണിച്ചൊടുങ്ങാതിരിക്കാന്‍ കോട്ടയില്‍ പുതുതായി പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. പണം തുര്‍ക്കിയില്‍നിന്ന്. യൂറോപ്പിലും ഏഷ്യയിലുമായി ചിതറിക്കിടക്കുന്ന തുര്‍ക്കിഷ് മുസ്‌ലിം ചരിത്രത്തിന്റെ ഓര്‍മക്കല്ലുകള്‍ മാഞ്ഞുപോകാതിരിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഏര്‍പ്പാടു ചെയ്ത പദ്ധതി. അസ്തമയത്തിനു മുമ്പ് നഗരത്തില്‍ ഒരോട്ട പ്രദക്ഷിണം ചെയ്യാന്‍ ഞങ്ങള്‍ കോട്ടമതില്‍ കടന്ന് കുന്നിറങ്ങി.

ബെല്‍ഗ്രേഡിനെ പകുത്തൊഴുകുന്ന സാവാ നദിക്ക് ഇരുപുറവുമായി പഴയ നഗരവും പുതിയ നഗരവും. ഒന്നര ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സെര്‍ബ് വംശജര്‍. അവര്‍ക്കിടയില്‍ ഇരുപതിനായിരത്തിലധികം മുസ്‌ലിംകളും. ഒരുകാലത്ത് ഇരുനൂറ്റി എഴുപതോളം മുസ്‌ലിം പള്ളികളുണ്ടായിരുന്ന ഈ നഗരത്തില്‍ ഇന്നവശേഷിക്കുന്നത് ഒരേയൊരു പള്ളി മാത്രം. ബാക്കിയൊക്കെയും പൊളിച്ചുകളയുകയോ മറ്റാവശ്യങ്ങള്‍ക്കായി മാറ്റിപ്പണിയുകയോ ചെയ്തു. 

'സെര്‍ബിയന്‍ ചരിത്രത്തില്‍ ഇത്ര തീവ്രമായ വംശദേശീയത എങ്ങനെ കടന്നുവന്നു?'

എന്റെ ചോദ്യം കേട്ട് ഡാമിയന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ''നൂറ്റാണ്ടുകളുടെ യുദ്ധ ചരിത്രമായിരിക്കാം. പിന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളും. പക്ഷേ സെര്‍ബുകളൊക്കെയും തീവ്ര ചിന്താഗതിക്കാരെന്ന ധാരണ അബദ്ധമാണ്.'' 

എന്റെ ചോദ്യങ്ങള്‍ക്കൊക്കെയും പൂര്‍ണമായി ഉത്തരം നല്‍കാന്‍ ഡാമിയന് കഴിയുമായിരുന്നില്ല. എങ്കിലും അയാളുടെ മറുപടികളിലും ശരീരഭാഷകളിലും ഏതൊക്കെയോ സത്യങ്ങളിലേക്ക് ചൂണ്ടുന്ന സൂചനകളുണ്ടായിരുന്നു. വംശ ദേശീയതയുടെ വിചിത്ര ചരിത്രമാണീ മണ്ണിന്.

കൃത്യമായ ഒരു ഭൂമിശാസ്ത്ര അതിരിനകത്ത് ജീവിച്ചു വളര്‍ന്ന സമൂഹമായല്ല സെര്‍ബ് ദേശം ചരിത്രത്തില്‍ വികസിച്ചുവന്നത്. ബാള്‍ക്കന്‍ തടങ്ങളില്‍ പോരടിച്ചുനിന്ന കൊച്ചു കൊച്ചു പോരാളി ഗോത്രങ്ങളെ ഒന്നിച്ചുകോര്‍ത്തത് സ്ലാവിക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ എന്ന സ്വത്വ വിശേഷം മാത്രമായിരുന്നു. അതാണ് സെര്‍ബ് എന്ന് നിര്‍വചിക്കപ്പെട്ടത്. ആ വൃത്തത്തിനകത്താണ് അവരൊരു ദേശമായി വളര്‍ന്നത്. അതുകൊണ്ടുതന്നെയാണ് സെര്‍ബുകള്‍ അല്ലാത്തവരൊക്കെയും സെര്‍ബിയന്‍ ദേശത്ത് അന്യരാണെന്നും രാഷ്ട്രാതിര്‍ത്തികള്‍ക്കതീതമായി സെര്‍ബുകളുടെ വാസപ്രദേശങ്ങള്‍ ഒക്കെയും സെര്‍ബിയന്‍ ദേശമായിരിക്കണമെന്നുമുള്ള തീവ്ര വംശീയതക്ക് അവരുടെ മണ്ണില്‍ എളുപ്പം വേരോടാന്‍ കഴിഞ്ഞത്. ഈ പടിയില്‍ ചവിട്ടിനിന്നാണ് വംശശുദ്ധി വരുത്തിയ വിശാല സെര്‍ബിയയെന്ന ഭീകര സ്വപ്‌നവുമായി പോരാളിക്കൂട്ടങ്ങള്‍ രൂപം കൊണ്ടത്. വംശവെറിയുടെ ഈ ഭൂതത്തെയായിരുന്നു കമ്യൂണിസ്റ്റ് യൂഗോസ്ലാവ്യയില്‍ മാര്‍ഷല്‍ ടീറ്റോ വിലങ്ങിട്ടു പൂട്ടിയത്. കുടം തുറന്നിറങ്ങിവന്ന ഈ ഭൂതം തന്നെയാണ് കിഴക്കന്‍ ബോസ്‌നിയയില്‍ ആയിരക്കണക്കിന് നിരപരാധികളായ മുസ്‌ലിംകളെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയതും. ഡാമിയന്‍ പറഞ്ഞതിലും സത്യമു്; വംശവിദ്വേഷത്തിന്റെ നിഴല്‍ തീാത്ത ധാരാളം സെര്‍ബ് വംശജരു് സെര്‍ബിയയില്‍. പക്ഷേ, രാഷ്ട്രീയ തീരുമാനങ്ങളില്‍ നല്ലവരായ സാധാരണക്കാര്‍ക്ക് എന്തു പങ്ക്!

ഞങ്ങള്‍ കുന്നിറങ്ങി നഗരവീഥികളിലേക്ക് തിടുക്കത്തില്‍ നീങ്ങി. വഴിയോരങ്ങളിലെ കാഴ്ചകള്‍ വിസ്തരിച്ചും ചരിത്രം പറഞ്ഞും പോകവെ ഡാമിയന്‍ എന്നെ സെന്റ് സാവാ ചര്‍ച്ച് കാണാന്‍ ക്ഷണിച്ചു. സെര്‍ബ് ക്രിസ്ത്യാനികളുടെ ആദിമാചാര്യന്‍ സെന്റ് സാവായുടെ ഓര്‍മയില്‍ നിര്‍മിക്കുന്ന അതിവിശാലമായ ചര്‍ച്ചിന്റെ അകം നിറയെ ബൈബിള്‍ കഥകളും സെര്‍ബ് രാജചരിതങ്ങളും സ്വര്‍ണപാളികളില്‍ കൊത്തിവെച്ചിരിക്കുന്നു. ചര്‍ച്ചിന്റെ പ്രധാന താഴികക്കുടത്തിന്റെ ഉള്‍ഭാഗം സ്വര്‍ണം പതിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. പണി പൂര്‍ത്തിയായാല്‍ യൂറോപ്പിലെ തന്നെ അതിഗംഭീരമായ ഓര്‍ത്തഡോക്‌സ് ചര്‍ച്ചായി മാറും സെന്റ് സാവാ. ചര്‍ച്ചിന്റെ നിര്‍മാണത്തിനായി പണം വാരിയെറിയുന്ന ഈ നഗരപ്രാന്തത്തില്‍ തന്നെയാണ് ഇക്കഴിഞ്ഞ റമദാന്‍ മാസാരംഭത്തലേന്ന് മുസ്‌ലിം വിശ്വാസികള്‍ മണ്ണും വിയര്‍പ്പും ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ കൊച്ചു മുസ്‌ലിം പള്ളി നിയമാനുസൃതമല്ലെന്ന കാരണം പറഞ്ഞ് പ്രാര്‍ഥനക്കെത്തിയവര്‍ നോക്കിനില്‍ക്കെ അധികൃതര്‍ ബുള്‍ഡോസര്‍ കൊണ്ട് അരച്ചുകളഞ്ഞത്. 

സെന്റ് സാവാ മന്ദിരത്തിന് പുറത്തെ ഉദ്യാനത്തിലൂടെ കാറിലേക്ക് മടങ്ങവെ വഴിയരികില്‍ സ്ഥാപിച്ച കൂറ്റന്‍ പ്രതിമ ഡാമിയന്‍ എനിക്ക് പരിചയപ്പെടുത്തി. 'ഉസ്മാനി സാമ്രാജ്യത്തിനെതിരെ പടനയിച്ച സെര്‍ബിയയുടെ വിമോചന നായകന്‍ കാരാ ജോര്‍ജ് എന്നറിയപ്പെടുന്ന ജോര്‍ജ് പെട്രോവിച്ച്.''

കാരാ ജോര്‍ജ് എന്നാല്‍ കറുത്ത ജോര്‍ജ് എന്ന് മലയാളം. ഞാന്‍ ജോര്‍ജ് പെട്രോവിച്ചിനെ ചരിത്രത്തില്‍ പരതി. യൂറോപ്പിലേക്ക് വിസ്തൃതപ്പെട്ടുവന്ന ഉസ്മാനി സാമ്രാജ്യത്തെ പടിഞ്ഞാറന്‍ യൂറോപ്പിന്റെ അതിര്‍ത്തിയില്‍ പ്രതിരോധിക്കാന്‍ അവര്‍ പരിശീലനം നല്‍കി പോറ്റിയ പോരാളിക്കൂട്ടത്തിലൊന്നിലെ യോദ്ധാവായിരുന്നു ജോര്‍ജ് പെട്രോവിച്ച്. പിന്നീട് ആസ്ത്രിയന്‍ ബലത്തില്‍ സെര്‍ബ് പ്രഭുക്കളെ ഒന്നിച്ചുചേര്‍ത്ത് ജോര്‍ജ് ബെല്‍ഗ്രേഡിന്റെ പ്രാന്തദേശങ്ങള്‍ പിടിച്ചടക്കി. വൈകാതെ നിലവില്‍ വന്ന ആസ്ത്രിയന്‍-തുര്‍ക്ക് ഉടമ്പടിയില്‍ ബെല്‍ഗ്രേഡ് ഉസ്മാനി സാമ്രാജ്യത്തില്‍ തിരിച്ചെത്തിയതോടെ പെട്രോവിച്ച് ആസ്ത്രിയയിലേക്ക് നാടുവിട്ടു. ആസ്ത്രിയ പക്ഷേ അദ്ദേഹത്തെ കൈയൊഴിഞ്ഞ് റഷ്യയിലേക്കയച്ചു. അപ്പോഴേക്കും ജോര്‍ജ് പെട്രോവിച്ച് കാരാ ജോര്‍ജായി മാറിയിരുന്നു.

തിരിച്ചുപിടിച്ച ബെല്‍ഗ്രേഡ് പിന്നീട് ഉസ്മാനി സാമ്രാജ്യത്തിനു കീഴില്‍ സെര്‍ബ് സ്വയംഭരണ ദേശമാക്കി അവര്‍ മിലോസ് ഒബ്രിനോവിച്ച് എന്ന സെര്‍ബ് നേതാവിന് വിട്ടുകൊടുത്തു. ഉസ്മാനി സാമ്രാജ്യത്തിന്റെ പ്രഭ കെട്ടടങ്ങാന്‍ തുടങ്ങിയതോടെ ആ പ്രദേശം പൂര്‍ണമായും ഒബ്രിനോവിച്ചിന്റെ ഭരണദേശമായി മാറി. പുതിയ ബെല്‍ഗ്രേഡിലേക്ക് മടങ്ങിവന്ന കാരാ ജോര്‍ജ് പക്ഷേ, ഒബ്രിനോവിച്ചിന്റെ അനുചരന്മാരാല്‍ വധിക്കപ്പെട്ടു. തുടര്‍ന്ന് രണ്ട് സെര്‍ബ് രാജകുടുംബങ്ങളും പരസ്പരം വെട്ടിക്കൊന്ന് രാജ്യം ഭരിച്ചു.

തലമുറകള്‍ക്കു ശേഷം കാരാ ജോര്‍ജിന്റെ പ്രപൗത്രന്മാര്‍ ഒബ്രിനോവിച്ച് രാജാക്കന്മാരെ പൂര്‍ണമായും നിഷ്‌കാസനം ചെയ്തു. 'കാരാ ജോര്‍ജ്‌വിച്ചു'കളായി രാജഭരണം തുടര്‍ന്നു. രണ്ടാം ലോക യുദ്ധാനന്തരം കമ്യൂണിസ്റ്റ് യൂഗോസ്ലാവ്യ നിലവില്‍ വരുന്നതുവരെ ആ രാജാക്കന്മാര്‍ സെര്‍ബ് ദേശം ഭരിച്ചു. അതോടെ സെര്‍ബ് ചരിത്രം കാരാ ജോര്‍ജ്‌വിച്ചുകളുടെ ചരിത്രമായി പഠിപ്പിക്കപ്പെട്ടു. ചരിത്രം ഒടുവില്‍ ജയിക്കുന്നവരുടെ മാത്രം വിജയ ഗാഥകളായിത്തീരുന്നതാണല്ലോ പതിവ്. പരസ്പരം വാളോങ്ങിനിന്ന സെര്‍ബ് രാജകുടുംബങ്ങളെയും അനുയായികളെയും പോരാളിക്കൂട്ടങ്ങളെയും വിളക്കിച്ചേര്‍ത്ത് ഒരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ചര്‍ച്ചിനു കീഴില്‍ സെര്‍ബ് രാഷ്ട്രം നിലനിര്‍ത്താന്‍ സെര്‍ബ് ദേശീയതക്ക് പൊതു ശത്രുക്കളെ വേണമായിരുന്നു. അങ്ങനെയാണ് ഉസ്മാനി യുദ്ധക്കുറ്റവാളികളായി മുസ്‌ലിം മതവിശ്വാസികളും പടിഞ്ഞാറന്‍ യൂറോപ്യന്‍ അക്രമകാരികളായി കാത്തലിക് ക്രിസ്ത്യന്‍ വിശ്വാസികളും പുനര്‍നിര്‍വചിക്കപ്പെടുന്നത്. മായയില്‍ സൃഷ്ടിക്കപ്പെട്ട പൊതു ശത്രുക്കള്‍ക്കെതിരെ വിദ്വേഷത്തിന്റെ പുതിയ പാഠങ്ങള്‍ സെര്‍ബിയന്‍ പൊതുബോധത്തില്‍ പതിയെപ്പതിയെ മുളപ്പിച്ചു വളര്‍ത്തപ്പെട്ടു. സെര്‍ബ് വംശ സംരക്ഷണത്തിനെന്ന പേരില്‍ നിരവധി പോരാളിക്കൂട്ടങ്ങളെയും അക്രമകാരികളെയും പുകമറക്കുള്ളില്‍ നിര്‍മിച്ചെടുത്തു. അവരെയൊക്കെയും വെളിച്ചത്ത് തള്ളിപ്പറഞ്ഞും ഇരുട്ടില്‍ ഊട്ടിവളര്‍ത്തിയും രാഷ്ട്രനേതൃത്വം രാഷ്ട്രീയ സെര്‍ബിയയെ ജീവിപ്പിച്ചുനിര്‍ത്തി.

സെന്റ് സാവാ ഉദ്യാനത്തിലെ വെങ്കല പ്രതിമക്കരികിലിരുന്ന് ഞാന്‍ ഇന്ത്യയിലേക്ക് നോക്കി. വിഹ്വലപ്പെടുത്തുന്ന സാമ്യതകള്‍. എന്റെ നാടിനെ പൊതിഞ്ഞുമൂടിയേക്കാവുന്ന ഘനാന്ധകാരത്തിലേക്ക് നീണ്ടുപോയ ചിന്തകള്‍ അകത്ത് ആകുലതകള്‍ നിറച്ചു. ഘനീഭവിച്ച മനസ്സും ഇരുള്‍മൂടിയ കണ്ണുകളുമായി ഞാന്‍ ആകാശത്തേക്ക് നോക്കി.

''വരൂ, നമുക്ക് നഗരമധ്യത്തിലേക്കു പോകാം''- ഡാമിയന്‍ എന്റെ കൈയില്‍ പിടിച്ചു. നഗരമധ്യത്തിലെ നാഷ്‌നല്‍ അസംബ്ലി കെട്ടിടം ലക്ഷ്യം വെച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. സമയം അസ്തമയത്തോടടുത്തിരുന്നു. ഉഷ്ണകാലമായതിനാല്‍ പകലിന് ഏറെ ദൈര്‍ഘ്യം.

ബാള്‍ക്കന്‍ ദേശക്കാരുടെ പേരുകളേറെയും 'വിച്ച്' എന്ന ഉച്ചാരണത്തില്‍ അവസാനിക്കുന്നതിന്റെ പൊരുള്‍ എന്തെന്ന് യാത്രാമധ്യേ ഞാന്‍ ഡാമിയനോട് തിരക്കി. അതൊരു സ്ലാവിക് ഭാഷാ പ്രയോഗമാണെന്നും സന്താനപരമ്പരകളിലേക്കാണ് അത് ചേര്‍ത്തുവെക്കുന്നതെന്നും അയാള്‍ വിവരിച്ചുതന്നു. ഇബ്‌റാഹീമോവിച്ച്, ഇബ്‌റാഹീമിന്റെ സന്താനപരമ്പരയില്‍ പെട്ടയാള്‍ എന്നര്‍ഥം. ഏറെ നാളായി മനസ്സിലൂറിനിന്ന ഒരു കൗതുകമായിരുന്നു ഈ വിച്ച് നാമവിശേഷം.

ഞങ്ങള്‍ എളുപ്പം നാഷ്‌നല്‍ അസംബ്ലി കെട്ടിടത്തിനരികിലെത്തി. മുമ്പ് യൂഗോസ്ലാവ്യയുടെയും ഇപ്പോള്‍ സെര്‍ബിയയുടെയും നിയമനിര്‍മാണ സഭാ ആസ്ഥാനം. ഉയര്‍ന്ന കല്‍തൂണുകളും സുന്ദരമായ താഴികക്കുടങ്ങളുമുള്ള ഈ പ്രൗഢഗംഭീര സൗധം നില്‍ക്കുന്നതിനടുത്തായിരുന്നു ഒരുകാലത്ത് ബെല്‍ഗ്രേഡിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയായിരുന്ന ബതാല്‍ പള്ളി. ചരിത്രപ്രധാനമായ ആ പള്ളി മന്ദിരം അടിയോടെ മാന്തിയെറിഞ്ഞാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഇവിടം അസംബ്ലി കെട്ടിടം പണിതത്. കെട്ടിടത്തിനടുത്ത് തിങ്ങിക്കൂടിയ ആള്‍ക്കൂട്ടവും പട്ടാള വേഷധാരികളും പോലീസ് വാഹനങ്ങളും കണ്ട് ഞങ്ങള്‍ വഴിയരികില്‍ വാഹനം നിരത്തി.

'നമുക്ക് പോയി നോക്കാം'-ഡാമിയന്‍ എന്നെയും കൂട്ടി അസംബ്ലി മന്ദിരത്തിന്റെ മതില്‍ക്കെട്ടിലേക്ക് കടന്നു. അകത്ത് ഏതോ സിനിമാ ചിത്രീകരണം നടക്കുകയാണ്. ഞങ്ങള്‍ അവരിലൊരു സിനിമക്കാരനുമായി ചങ്ങാത്തത്തിലായി. സുഊദി സിനിമാ നിര്‍മാണക്കമ്പനിക്കായി സെര്‍ബിയന്‍ നിര്‍മാണ നിര്‍വാഹകര്‍ നടത്തുന്ന ചിത്രീകരണമാണ്. അല്‍പനേരം സിനിമാ വിശേഷങ്ങള്‍ ആസ്വദിച്ച് ഞങ്ങള്‍ കാറിലേക്ക് തിരിച്ചു നടന്നു.

സാവാ നദിക്കരയില്‍ നദിയിലേക്ക് തുറന്ന ഒരു ഭക്ഷണശാലക്കു പുറത്ത് നിരത്തിയിട്ട തീന്മേശക്കരികില്‍ മുഖാമുഖമിരിക്കുകയാണ് ഡാമിയനും ഞാനും. അസ്തമയം കഴിഞ്ഞിരുന്നു. മേശപ്പുറത്ത് അണയാന്‍ വെമ്പുന്ന മെഴുകുതിരിയും വഴിയരികിലെ അലങ്കാര വഴിവിളക്കും തൂവുന്ന അരണ്ട പശ്ചാത്തല വെളിച്ചം. നദിക്കരയില്‍ നിരനിരയായി കെട്ടിയുയര്‍ത്തിയ ഭക്ഷണശാലകളില്‍ പ്രണയവും സംഗീതവും ഭക്ഷണവും ആസ്വദിക്കാനെത്തിയവരുടെ വന്‍തിരക്ക്. പുതുലോകത്തെ മഹാ നഗരങ്ങള്‍ക്കൊക്കെയും ഒരേ ജീവിതം തന്നെ. തുടര്‍ യാത്രയുടെ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്യാനായി ഡാമിയന്‍ ആരെയൊക്കെയോ ഫോണില്‍ വിളിച്ചു സംസാരിച്ചു. 

''ഉത്തര സെര്‍ബിയന്‍ ദേശങ്ങളിലെ ഗ്രാമജന ജീവിതങ്ങളും നോവിസാദിലെയും ബെല്‍ഗ്രേഡിലെയും മുസ്‌ലിം കേന്ദ്രങ്ങളും സന്ദര്‍ശിക്കാനും ബൈരാക്ലി പള്ളിയില്‍ പെരുന്നാള്‍ കൂടാനുമുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.'' അതിയായ സന്തോഷത്തോടെ അയാള്‍ ഞങ്ങളുടെ യാത്രാ പരിപാടികള്‍ വിസ്തരിച്ചു.

രാത്രി ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ നദിക്കരയിലെ ആള്‍ത്തിരക്കിലൂടെ തിരിച്ചുനടന്നു. തീരത്തൊരു വശത്ത് ഗംഭീരമായ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നു. അവയെ മറച്ച് തീരപാതയുടെ ഓരത്ത് വലിച്ചുകെട്ടിയ കൂറ്റന്‍ കാന്‍വാസില്‍ ആധുനിക ആകാശഗോപുര സമുച്ചയങ്ങളുടെ വര്‍ണ ചിത്രങ്ങള്‍. 'ബെല്‍ഗ്രേഡ് വാട്ടര്‍ ഫ്രണ്ട് പ്രോജക്ട്.' മൂന്ന് ബില്യന്‍ ഡോളര്‍ ചെലവ് വരുന്ന ആധുനിക പാര്‍പ്പിട പദ്ധതിയുടെ പ്രായോജകരില്‍ യു.എ.ഇ ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയും. പദ്ധതിക്കെതിരെ ചില സെര്‍ബ് കൂട്ടായ്മകളുടെ പ്രതിഷേധങ്ങളും അരങ്ങുതകര്‍ക്കുന്നുണ്ട്. സാവാ നദീതീരത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങളും പദ്ധതിക്കായി നിയമങ്ങള്‍ മാറ്റിയെഴുതിയതിലെ അപാകതകളും ആരോപിച്ച് ബെല്‍ഗ്രേഡ് നഗരത്തില്‍ പലവുരു പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുകയുണ്ടായി.

രാവേറെയെത്തുവോളം നീണ്ടുനിന്ന ചരിത്ര യാത്രയുടെ തുടര്‍ച്ചക്കു മുമ്പ് അല്‍പം വിശ്രമത്തിനായി നദിക്കരയില്‍നിന്ന് ഞാന്‍ താമസസ്ഥലത്തേക്കു മടങ്ങി. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (45)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിന് പള്ളി അനിവാര്യമല്ലെന്നോ?
കെ.സി ജലീല്‍ പുളിക്കല്‍