പ്രളയത്തില്‍നിന്ന് പുതുജീവിതത്തിലേക്ക്
പ്രളയം ഏറെ ദുരിതം വിതച്ചിരിക്കുന്നു. പലരും ഓര്‍മകള്‍ മാത്രമായി. ദുരിതങ്ങളെ എല്ലാവരും ഒരുപോലെയല്ല നേരിടുന്നത്. എല്ലാം തകര്‍ന്നല്ലോ എന്നോര്‍ത്ത് വിലപിക്കുന്നവരും ദുരിതപ്പെയ്ത്തിനിടയിലും ചുണ്ടില്‍ സന്തോഷത്തിന്റെ മധുരപ്പുഞ്ചിരി സൂക്ഷിക്കുന്നവരുമുണ്ട്.
എന്തൊക്കെ നഷ്ടപ്പെട്ടാലും നഷ്ടപ്പെടാതെ ബാക്കിയാവുന്ന വിലപ്പെട്ട ഒന്നുണ്ട്- മനസ്സ്. നല്ല മനസ്സുണ്ടെങ്കില്‍ ഏതു ദുരിതവും നിസ്സാരം. വലിയ നഷ്ടങ്ങള്‍ സംഭവിച്ചവര്‍ എപ്പോഴുമുണ്ടായിട്ടു്. ആ ദുരനുഭവങ്ങളെ അവര്‍ എങ്ങനെ നേരിട്ടു എന്നതാണ് പ്രധാനം. നിരാശരായി ജീവിതം അവസാനിപ്പിക്കുകയായിരുന്നില്ല അവര്‍. പ്രതീക്ഷയുടെ വെളിച്ചവുമായി പുതിയ പാതകള്‍ തേടുകയായിരുന്നു.
ജീവിതം പരീക്ഷണമാണെന്നു പറയുന്നത് വെറുതെയല്ല. സുഖസൗകര്യങ്ങളോടെ ഒരേ താളത്തില്‍ ഒഴുകുന്ന ജീവിതത്തില്‍ ഒരു രസവുമില്ല. വീഴ്ചകളും അപകടങ്ങളും നഷ്ടങ്ങളും സംഭവിക്കുമ്പോഴാണ് മനസ്സ് ഉണരുക. ഉത്സാഹമുള്ളവര്‍ക്ക് പരാജയവും നഷ്ടവും ദുഃഖിക്കാനുള്ള അവസരമല്ല.
നമ്മുടെ മനോഭാവമാണ് ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ എല്ലാം തകര്‍ന്നാലും ജീവിതം തകരുന്നില്ല. പുതിയ ജീവിതം തുടങ്ങണം എന്ന ദൃഢനിശ്ചയം നടത്താനുള്ള സന്ദര്‍ഭമാണ് ഓരോ ആപത്തും. കരച്ചില്‍ ഒന്നിനും പരിഹാരമല്ല. പ്രതീക്ഷയും പ്രവര്‍ത്തനവുമാണ് ജീവിതത്തിന്റെ ഊര്‍ജം. ഏതു പ്രതിസന്ധിയിലും നിലനിര്‍ത്തേണ്ടതാണ് ആ ഗുണങ്ങള്‍. കുട്ടികള്‍ നല്ല മാതൃകയാണ്. ദുരിതങ്ങള്‍ക്കിടയിലും അവര്‍ ചിരിക്കുകയും കളിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു. ക്യാമ്പില്‍ ഒരുമിച്ചു കൂടിയ കുട്ടികള്‍ കളിയുടെ ആഹ്ലാദത്തിലായിരുന്നു. മനക്കരുത്തിന്റെ ശക്തി തെളിയിക്കേണ്ട അവസരമാണ് ദുരിതങ്ങളും ആഘാതങ്ങളും.
ഒരാപത്തില്‍ എല്ലാ സുഖസൗകര്യങ്ങളും നഷ്ടപ്പെടുമ്പോള്‍ അവയെല്ലാം നാം ക്രമേണ നേടിയെടുത്തതാണെന്ന സത്യം പലരും മറന്നുപോകുന്നു. നഷ്ടപ്പെട്ടത് നേടിയെടുക്കുകയോ പുതിയവ ഉണ്ടാക്കുകയോ ചെയ്യാം. എല്ലാറ്റിനും വേണ്ടത് മനക്കരുത്താണ്. അതുണ്ടെങ്കില്‍ എല്ലാം വഴിപോലെ വരും. മറ്റുള്ളവരുടെ സഹതാപമല്ല, സ്വന്തം കരുത്താണ് പ്രശ്‌നപരിഹാരത്തിനുള്ള ഒന്നാമത്തെ പടി. സ്വന്തം കരുത്തോടെ മുന്നോട്ടുപോകുമ്പോള്‍ സഹായവും സഹകരണവും പിന്നാലെയുണ്ടാകും. സൈക്കിള്‍ വാങ്ങാന്‍ കുറേക്കാലമായി സ്വരൂപിച്ചുവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കാന്‍ തീരുമാനിച്ച കുട്ടിയുടെ സഹജീവി സ്‌നേഹം അമൂല്യമാണ്. വിവരമറിഞ്ഞ സൈക്കിള്‍ കമ്പനി ഉടനെ കുട്ടിക്ക് സൈക്കിള്‍ സമ്മാനിക്കുകയും ചെയ്തു.
കൈകൡാത്തവര്‍ കാലുകൊ് മനോഹരമായ ചിത്രങ്ങള്‍ വരക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇല്ലായ്മകളെ വെല്ലുവിളിച്ചുകൊണ്ട് മഹാത്ഭുതങ്ങള്‍ രചിക്കുന്ന ജീവിതങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. കൈകളും കാലുകളും മറ്റെല്ലാ സൗകര്യങ്ങളുമുള്ള മനുഷ്യരെ അത്ഭുതപ്പെടുത്തുന്ന മഹദ് സൃഷ്ടികള്‍ നടത്തുന്ന സഹോദരങ്ങള്‍ ജീവിതത്തിന് പുതിയ ആഖ്യാനങ്ങള്‍ നല്‍കുന്നു.
കേരളത്തിലെ പ്രളയക്കെടുതികളെക്കുറിച്ചറിഞ്ഞ വില്ലി എന്ന ഇന്തോനേഷ്യക്കാരന്‍ വിലപ്പെട്ട ഉപദേശങ്ങളാണ് നല്‍കിയത്. ഭൂകമ്പവും ഭൂചലനങ്ങളും അഗ്നിപര്‍വത സ്‌ഫോടനവും സ്ഥിരം നേരിടുന്ന ഇന്തോനേഷ്യക്കാര്‍ക്ക് ദുരന്തങ്ങളെ എങ്ങനെ നേരിടണമെന്ന് വ്യക്തമായ പാഠങ്ങള്‍ ലഭിച്ചിട്ടുണ്ട്. വില്ലി പറഞ്ഞു: ''ഞങ്ങള്‍ക്കിപ്പോള്‍ എല്ലാം പരിചിതമായിക്കഴിഞ്ഞു. ഒരു ദുരന്തമുണ്ടായാല്‍ എന്തൊക്കെ ചെയ്യണം, ഒറ്റപ്പെട്ടുപോയാല്‍ എന്തെല്ലാം ചെയ്യണം- ഇങ്ങനെ എന്തു സംഭവിച്ചാലും നേരിടാന്‍ ഞങ്ങള്‍ തയാര്‍. എന്തു വന്നാലും ഞങ്ങള്‍ കൂള്‍!''
നാട് കൊടും ദുരിതത്തില്‍ നീന്തുമ്പോഴും സേവനത്തിന്റെ അനുപമ മാതൃകകള്‍ കാഴ്ചവെക്കുന്ന ഒട്ടേറെ പേരെ കാണാനാകും. അരക്കെട്ടോളം മുങ്ങിനില്‍ക്കുന്ന വെള്ളത്തില്‍ കുനിഞ്ഞുനിന്ന മത്സ്യത്തൊഴിലാളിയായ ജെയ്‌സലിന്റെ പുറത്ത് ചവിട്ടിയാണ് സ്ത്രീകള്‍ ബോട്ടില്‍ കയറിയത്.
വിവിധ കഴിവുകളുള്ളവര്‍ അവരുടെ കഴിവുകളും അറിവുകളും ക്യാമ്പിലുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങള്‍ പോലെ അടുത്തറിയുകയും മാനുഷിക സ്‌നേഹത്തിന്റെ വലിയൊരു ലോകം സൃഷ്ടിക്കുകയും ചെയ്തു. അങ്ങനെ ക്യാമ്പ് ദുരിതാനുഭവം എന്ന നിലമാറി അവിസ്മരണീയമായ അനുഭൂതിയാക്കി മാറ്റി. ആസിയാ ബീവിയുടെ നേതൃത്വത്തില്‍ പാട്ടും നൃത്തവും അരങ്ങേറിയപ്പോള്‍ ക്യാമ്പ് ആഹ്ലാദവേദിയായി. ക്യാമ്പില്‍ പരിചയപ്പെട്ട ആഇശക്കുട്ടിക്കും കുടുംബത്തിനും മീനാക്ഷിയമ്മയും മകന്‍ പ്രേമനും താല്‍ക്കാലികമായി വീടു നല്‍കി. ഏതു ദുരിതാനുഭവങ്ങള്‍ക്കിടയിലും അപൂര്‍വ സൗഹൃദത്തിന്റെ അനശ്വര ഗാഥകള്‍ രൂപം കൊള്ളുമെന്നതിന്റെ ഉദാഹരണങ്ങളാണ് ദുരന്ത ഭൂമിയില്‍നിന്നുണ്ടായത്.
പ്രതീക്ഷയാണ് വലിയ സമ്പത്ത്. ജീവിതയാത്രയിലെ ഇന്ധനവും ഊര്‍ജവുമാണ് പ്രതീക്ഷ. ചെടികള്‍ക്ക് വെള്ളം പോലെയാണ് ജീവിത വിജയത്തിനു പ്രതീക്ഷ. മലവെള്ളപ്പൊക്കത്തിലും പ്രതീക്ഷയുടെ തുരുത്തുകളും വിശാലമായ ആകാശവും കാണാനാകും. മനംപോലെ മംഗല്യം എന്നത് മനോഭാവത്തിന്റെ സമ്മാനമാണ്. ഏതു കൂരിരുട്ടിലും പ്രതീക്ഷയുടെ മിന്നല്‍പിണര്‍ കാണുന്നവര്‍ക്ക് യഥാര്‍ഥ ജീവിതത്തിന്റെ മാധുര്യം ആസ്വദിക്കാനാകും.
ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ ദുരിതബാധിതര്‍ക്കു നല്‍കിയ സേവനങ്ങള്‍ സാഹോദര്യത്തിന്റെ അത്യപൂര്‍വ മാതൃകയാണ് ലോകത്തിന് നല്‍കിയത്. ദുരിതപ്പെയ്ത്തില്‍ മുങ്ങിയ കേരളത്തില്‍ മനുഷ്യത്വത്തിന്റെ പൂക്കള്‍ വിരിയുന്നത് ലോകം കണ്ടു. സഹകരണത്തിന്റെ കൈകള്‍ എല്ലാ കോണുകളില്‍നിന്നും നീണ്ടുവന്നു. ഓണ്‍ലൈന്‍ ലോകത്തുനിന്നും സേവനത്തിന്റെ കുടകള്‍ കേരളത്തിനു മീതെ തുറന്നു. മത്സ്യത്തൊഴിലാളികളുടെ അവിസ്മരണീയമായ സേവനങ്ങള്‍ ലോകം വിസ്മയത്തോടെ കണ്ടു. സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും മുത്തുകള്‍ കേരളത്തിനുമേല്‍ പെയ്തിറങ്ങി.
സമൂഹജീവിതത്തില്‍നിന്ന് കിട്ടിയ കരുത്ത് ജീവിതത്തില്‍ പകര്‍ത്താനുള്ളതാണ് ഇനിയുള്ള നാളുകള്‍. ദൈവവിശ്വാസം നല്‍കുന്ന കരുത്ത് അതിശക്തമാണ്. തന്നെ ദൈവം കാണുന്നുണ്ടെന്ന വിശ്വാസം മതി ജീവിതത്തിന് പ്രതീക്ഷ നല്‍കാന്‍. വിശ്വാസം എന്ന തുഴ മതി ജീവിതത്തോണിയെ മുങ്ങിപ്പോകാതെ മുന്നോട്ടു നയിക്കാന്‍.
ധാര്‍മിക പാഠങ്ങള്‍
'സ്വവര്‍ഗരതി നിയമവിധേയമാകുമ്പോള്‍' എന്ന തലക്കെട്ടില്‍ പ്രബോധനത്തില്‍ വന്ന ലേഖനങ്ങള്‍ വായിച്ചു. ഈ വിഷയം എഴുത്തിലോ പ്രസംഗത്തിലോ മാത്രം ഒതുക്കേണ്ട ഒന്നല്ല. ഭദ്രമായ സാമൂഹിക ജീവിതത്തെ സംബന്ധിച്ച ഗൗരവമുള്ള കാര്യമാണിത്. മനുഷ്യകുലം നട്ടുനനച്ചെടുത്ത കുടുംബബന്ധങ്ങള്‍ തകര്‍ത്തെറിയുന്ന അശ്ലീലമാണ് സ്വവര്‍ഗരതി. ഒരു ജീര്‍ണതയെ നിയമപരമായി അംഗീകരിക്കുന്നത് ദുഃഖകരമാണ്. സ്വവര്‍ഗത്തില്‍നിന്നല്ല ദൈവം ഇണകളെ സൃഷ്ടിച്ചിട്ടുള്ളത്. ഈ പ്രകൃതി തത്ത്വത്തെ അട്ടിമറിക്കുന്നതുകൊണ്ടാണ് സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധമാകുന്നത്. പ്രകൃതിവിരുദ്ധമായ സ്വവര്‍ഗരതിക്ക് സുപ്രീം കോടതി അംഗീകാരം കൊടുത്താല്‍ നാം ഇന്നുവരെ കാത്തുസൂക്ഷിച്ച മത, സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് പോറലേല്‍ക്കും. കുടുംബബന്ധങ്ങള്‍ ദുര്‍ബലമാകും. ഇത്തരം വിഷയങ്ങള്‍ ഗൗരവത്തിലെടുത്ത് ധാര്‍മിക പാഠങ്ങളെക്കുറിച്ച ബോധവത്കരണം കാര്യക്ഷമമാക്കേണ്ടതുണ്ട്.
നേമം താജുദ്ദീന്‍, തിരുവനന്തപുരം
ചെറുപ്പത്തോട് പറയാനുള്ളത്
'ചാരുതയാര്‍ന്ന ഈ ചെറുപ്പത്തെ ചേര്‍ത്തുനിര്‍ത്തുക' എന്ന ചിന്താ വിഷയം (ലക്കം 17) വായിച്ചപ്പോള്‍ മനസ്സില്‍ വന്ന ചില ചിന്തകളാണ് കുറിക്കുന്നത്. പ്രസ്ഥാനത്തിനകത്തും പുറത്തും നേരിട്ടുകൊണ്ടിരിക്കുന്നൊരു ദുരന്തത്തിന്റെ നേരെയാണ് ലേഖനം വിരല്‍ ചൂണ്ടുന്നത്.
തലമുറകള്‍ക്കിടയിലെ അന്തരം സൂചിപ്പിച്ചുകൊണ്ടുള്ള ഒരു ക്ലാസ് ഈയിടെ കേള്‍ക്കുകയുണ്ടായി. സദസ്സില്‍ അമ്പതില്‍ താഴെ പ്രായമുള്ള ഒരാള്‍ മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം 60-70 വയസ്സുള്ളവര്‍. പഴയ തലമുറ പുതിയ തലമുറയുടെ മീഡിയയുമായി അകലം പാലിക്കരുതെന്നും അതുമായി അടുക്കാനും സ്വായത്തമാക്കാനും പരമാവധി ശ്രമിക്കണമെന്നുമായിരുന്നു ഒരു ഉപദേശം. എന്നുവെച്ചാല്‍, പുതിയ മൊബൈല്‍ ലോകവുമായി അടുക്കാനും അതു സംബന്ധിച്ച അറിവ് കരസ്ഥമാക്കാനും ശ്രമിക്കണമെന്ന്. യോഗത്തില്‍ ചെറുപ്പക്കാര്‍ ആരുമില്ലാത്തതുകൊണ്ട് പഴയ തലമുറയുടെ വായനാശീലം അവരും സ്വായത്തമാക്കണമെന്ന് പറയേണ്ടിവന്നില്ല. തലമുറകള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടെന്നത് നേരാണ്.
യോഗങ്ങള്‍ ചേരുന്ന നേരത്ത് പള്ളിയിലിരിക്കുന്ന ചെറുപ്പക്കാരോട് ആദരപൂര്‍വം, ഖുര്‍ആന്‍ ക്ലാസ് മാത്രം കേട്ട് പോവാമെന്ന് പറഞ്ഞാല്‍ പോലും എന്തെങ്കിലും ഒഴികഴിവുകള്‍ പറഞ്ഞു മാറിക്കളയുകയാണ് പതിവ്. പത്ര പ്രസിദ്ധീകരണ വായനയുടെ കാര്യം പരമദയനീയമാണ്.
മമ്മൂട്ടി കവിയൂര്‍
ആ ലേഖനങ്ങള്‍ സമസ്യകള്‍ക്ക് പരിഹാരമാകുന്നു
സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടെ ലേഖനങ്ങള്‍ (ആഗസ്റ്റ്31, സെപ്റ്റംബര്‍ 07) മികച്ചതായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്നുവരെ ചര്‍ച്ച ചെയ്തിട്ടും സംശയം തീരാത്ത ഒരു സമസ്യയായിരുന്നു സെക്യുലരിസം.
1970-കളില്‍, ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന അന്നത്തെ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബിനോട് സെക്യുലരിസത്തോടുള്ള പ്രസ്ഥാനത്തിന്റെ നിലപാടിനെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള ദേശീയ കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരണം ചോദിക്കുകയുണ്ടായി എന്ന് മുമ്പെവിടെയോ വായിച്ചതോര്‍ക്കുന്നു. അവരുടെ കാഴ്ചപ്പാടില്‍ എല്ലാ മതങ്ങളോടും തുല്യ അകലം പാലിക്കുന്ന, ഒരു വിഭാഗത്തോടും പ്രത്യേകമായ എതിര്‍പ്പോ മമതയോ കാണിക്കാത്ത സെക്യുലരിസത്തെ ഇസ്‌ലാമിക പ്രസ്ഥാനം നിഷേധാത്മകമായി കാണേണ്ടതില്ലല്ലോ.
എന്നാല്‍, സെക്യുലരിസത്തിന്റെ ആവിര്‍ഭാവ കാലത്തെ നിര്‍വചനമനുസരിച്ച്, 'മത തത്ത്വശാസ്ത്രം സനാതനമല്ലെന്നും അപ്രായോഗികമോ അനഭിലഷനണീയമോ ആണെന്നും വാദിക്കുന്നവര്‍ക്കുള്ളതാണ് സെക്യുലരിസം' എന്ന മതവിരുദ്ധമായ വീക്ഷണത്തോട് യോജിച്ചു പോകാനാവില്ലെന്ന് അമീര്‍ തീര്‍ത്തു പറയുകയുണ്ടായി. അതല്ല, നിങ്ങള്‍ പറയുന്ന പ്രകാരം എല്ലാ മതങ്ങളോടും തുല്യ അകലം പാലിക്കുന്നതും ഒന്നിനോടും പ്രത്യേകമായ എതിര്‍പ്പ് പ്രകടിപ്പിക്കാത്തതുമാണ് സെക്യുലരിസമെങ്കില്‍ അത് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്താനും നടപ്പില്‍വരുത്താനും ഞങ്ങള്‍ മുന്‍പന്തിയിലുണ്ടാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇത് വായനയിലെ ഓര്‍മയാണ്! എന്തായാലും ഈ സമസ്യക്ക് ഒട്ടൊക്കെ ഉത്തരം കിട്ടാന്‍ പര്യാപ്തമായിരുന്നു എസ്.എസ് ഹുസൈനിയുടെ ലേഖനങ്ങള്‍.
സി.എച്ച് മുഹമ്മദലി, കൂട്ടിലങ്ങാടി
Comments