നിര്‍ണായകമായേക്കാവുന്ന കോടതി വിധി
1994-ലെ ഇസ്മാഈല്‍ ഫാറൂഖി കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായത്തില്‍ ഇടം പിടിച്ച 'ഇസ്‌ലാം അനുഷ്ഠാനത്തിന്റെ അനിവാര്യ ഘടകമല്ല പള്ളി, മുസ്‌ലിംകളുടെ നമാസ് (നമസ്‌കാരം) എവിടെ വെച്ചും നിര്‍വഹിക്കാം; തുറന്ന സ്ഥലത്തു വെച്ചു വരെ' എന്ന പരാമര്‍ശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച എല്ലാ ഹരജികളും സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. ഈ വിഷയം വിപുലമായ ഭരണഘടനാ ബെഞ്ച് പരിശോധിക്കണം എന്നായിരുന്നു ആവശ്യം. ഈയിടെ സുപ്രീം കോടതിയുടെ പടിയിറങ്ങിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷാഭിപ്രായപ്രകാരം (2-1) ആണ് ആവശ്യം നിരസിച്ചത്. മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് അബ്ദുന്നസീര്‍ ഈ വിധിന്യായത്തില്‍ ജസ്റ്റിസ് ദീപക് മിശ്രയോടും ജസ്റ്റിസ് അശോക് ഭൂഷണിനോടും വിയോജിച്ചു. ഒരു മതത്തില്‍ എന്താണ് അനിവാര്യം, എന്താണ് അനിവാര്യമല്ലാത്തത് എന്ന് വിപുലമായ ഒരു ഭരണഘടനാ ബെഞ്ച് പരിശോധിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം എഴുതി. ഇത്ര പ്രധാനമല്ലാത്ത സ്ത്രീ ചേലാ കര്‍മം, ബഹുഭാര്യാത്വം തുടങ്ങിയ വിഷയങ്ങള്‍ ഈ വര്‍ഷം തന്നെ സുപ്രീം കോടതി വിപുലമായ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു.
മതാചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവയില്‍ ഏതാണ് അനിവാര്യം എന്നു തീരുമാനിക്കുന്നതില്‍ സുപ്രീം കോടതി പല മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത് എന്നതും ആശയക്കുഴപ്പത്തിന് കാരണമാകുന്നു്. ജീവനുള്ള പെരുമ്പാമ്പിനെ ആരാധിക്കല്‍ തങ്ങളുടെ മതവിശ്വാസത്തിന്റെ അനിവാര്യതയാണെന്ന് വാദിച്ച ഒരു വിഭാഗത്തിന്റെ ആവശ്യം, മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് അത് അങ്ങനെയല്ലെന്ന് സമര്‍ഥിച്ച് സുപ്രീം കോടതി തള്ളിയിട്ടുണ്ട്. പക്ഷേ എല്ലായ്‌പ്പോഴും അതത് മതവിഭാഗങ്ങളുടെ പ്രമാണ ഗ്രന്ഥങ്ങള്‍ പരിശോധിക്കുകയല്ല സുപ്രീം കോടതി ചെയ്തിട്ടുള്ളത്. ആനന്ദമാര്‍ഗികള്‍ താണ്ഡവ നൃത്തം തങ്ങളുടെ മതാചാരത്തില്‍ അനിവാര്യമാണെന്നു വാദിച്ചപ്പോള്‍, 1955-ല്‍ രൂപം കൊണ്ട ഈ ഗ്രൂപ്പ് താണ്ഡവ നൃത്തം ആചാരമാക്കുന്നത് 1966-ലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആ വാദം തള്ളുന്നത്. ഇങ്ങനെ വിവിധ മാനദണ്ഡങ്ങള്‍ സ്വീകരിക്കുക എന്ന കീഴ്‌വഴക്കമുള്ളതുകൊണ്ടാവാം, പള്ളി ഇസ്‌ലാമില്‍ അനിവാര്യമാണോ എന്ന കാര്യം ഇസ്‌ലാമിക പ്രമാണങ്ങള്‍ പരിശോധിക്കാന്‍ തയാറാവാതെ അനിവാര്യമല്ലെന്ന് വിധിയെഴുതിയത്.
ഏതു മതവിഭാഗത്തിന്റെ ഭൂമിയും ഓര്‍ഡിനന്‍സിലൂടെ ഗവണ്‍മെന്റിന് അക്വയര്‍ ചെയ്യുന്നതിന് തടസ്സമില്ല എന്നു മാത്രമാണ് തങ്ങള്‍ വിധിയിലൂടെ സ്ഥാപിച്ചതെന്നും ഇതിന് അയോധ്യ-ബാബരി മസ്ജിദ് വിഷയവുമായി ബന്ധമില്ലെന്നും അതിനെ ഒരു നിലക്കും ബാധിക്കുകയില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ദ ഹിന്ദു ദിനപത്രം അതിന്റെ മുഖപ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ, അതിവൈകാരികത മുറ്റിയ ഈ വിഷയത്തില്‍ തങ്ങളുടെ വാദങ്ങള്‍ക്ക് പിന്‍ബലമായി ഒരു വിഭാഗം ഈ വിധിയെ ഉയര്‍ത്തിക്കാണിക്കില്ലേ? തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ ഒന്നടങ്കം വിധിയെ സ്വാഗതം ചെയ്തത് ചില അപകട സൂചനകള്‍ നല്‍കുന്നുണ്ട്. വരുന്ന ഒക്‌ടോബര്‍ 29 മുതല്‍ ബാബരി -അയോധ്യ വിഷയത്തില്‍ അവസാന വാദങ്ങള്‍ കേള്‍ക്കുകയാണ് കോടതി. അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പിനു മുമ്പ് ഒരുപക്ഷേ വിധിയും ഉണ്ടായേക്കാം. അതൊരു തെരഞ്ഞെടുപ്പ് പ്രചാരണായുധമായി മാറുകയും ചെയ്‌തേക്കാം. ദ ഹിന്ദു സൂചിപ്പിച്ചതുപോലെ, മതവികാരങ്ങളെ ചൂഷണം ചെയ്യുന്ന ആപത്കരമായ രാഷ്ട്രീയ പരിണതിയിലേക്ക് കാര്യങ്ങളെത്താതിരിക്കാനുള്ള ജാഗ്രത പരമോന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്.
Comments