ആയുസ്സിന്റെ അറുതിയില്‍ ധന്യജീവിതം
ജീവിത സായാഹ്നത്തിലെത്തിയ വയോജനങ്ങളോടുള്ള പെരുമാറ്റവും സമീപനവും ഇന്ന് ലോകത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. ഒക്‌ടോബര്‍ ഒന്ന് വയോജന ദിനമായി നാം ആചരിക്കുകയും ചെയ്തു. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനും വീഴ്ചവരുത്തുന്ന മക്കളെ നിയമനടപടികള്‍ക്ക് വിധേയമാക്കാനും അനുശാസിക്കുന്ന ചട്ടങ്ങള്‍ മിക്ക രാജ്യങ്ങളും നടപ്പിലാക്കിക്കഴിഞ്ഞു. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ നടതള്ളുന്ന പഴയ പതിവുകള്‍ അപരിഷ്‌കൃതമാണെന്ന് വിലയിരുത്തി, അവരെ തങ്ങളോടൊപ്പം താമസിപ്പിക്കുകയും പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയാണ് സാമാന്യ നീതിയുടെ താല്‍പര്യം എന്ന ചിന്തക്ക് ഇന്ന് ജനഹൃദയങ്ങളില്‍ സ്വാധീനമേറിവരികയാണ്. ആയുസ്സിന്റെ അറുതിയില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ പച്ചയായ ജീവിത യാഥാര്‍ഥ്യമാണ്. വാര്‍ധക്യം പ്രാപിച്ചവര്‍ക്കും പരിചരിക്കുന്നവര്‍ക്കും ഒരുപോലെ പരീക്ഷണം നിറഞ്ഞ നാളുകള്‍ നല്‍കുന്നതാണ് അവസാനഘട്ടം. ''അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു. പിന്നീടവന്‍ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ പടുവാര്‍ധക്യത്തിലേക്ക് തള്ളപ്പെടുന്നു-അങ്ങനെ എല്ലാം അറിഞ്ഞതിനു ശേഷം ഒന്നും അറിഞ്ഞുകൂടാത്ത അവസ്ഥ പ്രാപിക്കുന്നു. ജ്ഞാനത്തിലും കഴിവിലും അല്ലാഹു മാത്രമാകുന്നു പരിപൂര്‍ണന്‍ എന്നതാകുന്നു യാഥാര്‍ഥ്യം'' (അന്നഹ്ല്‍ 70). പഞ്ചേന്ദ്രിയങ്ങള്‍ അസ്തശക്തമാവുകയും ബുദ്ധിയും വിവേകവും അസ്തഃപ്രഭമാവുകയും ചെയ്യുന്ന വാര്‍ധക്യഘട്ടം പരാശ്രയത്തിന്റേതാണ്. ശൈശവ ഘട്ടത്തില്‍നിന്ന് ഭിന്നമായി വീണ്ടെടുപ്പിന്റെ പ്രതീക്ഷകള്‍ക്ക് ഇടമില്ലാത്ത വാര്‍ധക്യം മരണത്തിലേക്ക് മെല്ലെയുള്ള പ്രയാണമാണ്. മരണദൂതന്റെ കാലൊച്ചകള്‍ക്ക് കാതോര്‍ക്കുന്ന നിമിഷങ്ങളില്‍ ആശ്വാസത്തിന്റെ വാക്കും ആര്‍ദ്രതയുടെ നോക്കും സ്‌നേഹത്തിന്റെ താങ്ങുമാണ് വേണ്ടത്. മനുഷ്യന്‍ പിന്നിടുന്ന ജീവിതഘട്ടങ്ങള്‍ ഖുര്‍ആന്‍ വരച്ചിടുന്നതിങ്ങനെ: ''അവശമായ അവസ്ഥയില്‍നിന്ന് നിങ്ങളുടെ സൃഷ്ടി തുടങ്ങിയത് അല്ലാഹുതന്നെയാകുന്നു. പിന്നീട് ആ അവശാവസ്ഥക്കു ശേഷം അവന്‍ നിങ്ങള്‍ക്ക് ശക്തിയേകി. പിന്നെ, ആ ശക്തിക്കു ശേഷം നിങ്ങളെ അവശരും വയോധികരുമാക്കി. താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഒക്കെയും അറിയുന്നവനും എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനുമാകുന്നു'' (അര്‍റൂം 54).
പടുവാര്‍ധക്യത്തിന്റെ അവശതകളും നിസ്സഹായാവസ്ഥയും മനുഷ്യനില്‍ ഉണ്ടാക്കുന്ന ആധിയുടെ ആഴമറിഞ്ഞാവണം നബി(സ) പതിവായി പ്രാര്‍ഥിച്ചത്: ''അല്ലാഹുവേ, പിശുക്കില്‍നിന്നും അലസതയില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു. പടുവാര്‍ധക്യത്തിന്റെ അവശതയില്‍നിന്നും ഖബ്ര്‍ ശിക്ഷയില്‍നിന്നും ദജ്ജാലിന്റെ ഫിത്‌നയില്‍നിന്നും ജീവിത-മരണങ്ങളിലെ ഫിത്‌നയില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.''
ശാരീരികവും മാനസികവുമായ സമൂല മാറ്റത്തിന് വിധേയമാവുന്ന വാര്‍ധക്യഘട്ടം. ചര്‍മം ചുക്കിച്ചുളിയുകയും ജരബാധിക്കുകയും ചെയ്യുന്നു. വാര്‍ധക്യത്തില്‍ ജന്മപ്രകൃതി, സഹജപ്രകൃതി, രോഗപ്രകൃതി എന്നീ മൂന്ന് തരം അവസ്ഥകളെ ഒരേസമയം അഭിമുഖീകരിക്കേണ്ടതായി വരും. സന്ധികള്‍ക്ക് അസ്ഥിക്ഷയം സംഭവിക്കും. അസ്ഥികളില്‍ കാല്‍സ്യത്തിന്റെ തോത് കുറയും. പേശികളുടെ ലാഘവത്വം, ഇലാസ്തികത, വലുപ്പം എന്നിവ കുറയും. ശരീര ബാലന്‍സ് നിയന്ത്രിക്കാനുള്ള ശേഷി കുറയും. തിമിരം, ഗ്ലൂക്കോമ എന്നിവ ബാധിക്കും. പേശികള്‍ ക്ഷയിക്കും. ഓര്‍മക്കുറവ് സംഭവിക്കും. ശ്വാസകോശത്തില്‍ വായു അറകളുടെ വിസ്തീര്‍ണം കുറയും. രക്തത്തിലെ സോഡിയം, പൊട്ടാസിയം എന്നിവയുടെ തോത് കുറയും. വിഷാദം, ചവക്കാനുള്ള ബുദ്ധിമുട്ട്, പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം, ഇന്ദ്രിയക്ഷമത കുറയല്‍, മനോവിഭ്രാന്തി, ഉറക്കമില്ലായ്മ, ഓര്‍മക്കുറവ് എന്നിവയാണ് വാര്‍ധക്യത്തില്‍ അനുഭവപ്പെടുന്ന മുഖ്യ പ്രയാസങ്ങള്‍. ശാരീരികാവശതകളോടൊപ്പം മാനസികാവശതകളും വൃദ്ധരെ വലക്കും. സംസാരം കുറക്കുന്ന അവര്‍ ഏകാന്തതയെ പുല്‍കും. ഉറച്ച മതബോധമുള്ളവര്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും ജീവിത സായൂജ്യം കണ്ടെത്തും. സാമ്പത്തികാവശ്യങ്ങള്‍ ഏറുന്ന ഘട്ടമാണിത്. ഭക്ഷണം, വസ്ത്രം, മരുന്ന് എന്നീ അടിസ്ഥാനാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് തൊഴില്‍ ചെയ്ത് പണമുണ്ടാക്കുകയാണ് വഴിയെങ്കിലും ഈ പ്രായം അതിന് പറ്റിയതല്ലല്ലോ. ഈ ഘട്ടത്തിലാണ് മനുഷ്യന്‍ മറ്റുള്ളവരെ, പ്രത്യേകിച്ച് മക്കളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതനാകുന്നത്.
സ്‌നേഹത്തിന്റെ തണല്‍മരം
കാരുണ്യം, സ്‌നേഹം, സാഹോദര്യം, പരക്ഷേമ തല്‍പരത എന്നീ അടിസ്ഥാന തത്ത്വങ്ങളില്‍ ഊന്നുന്ന ഇസ്‌ലാം വയോജനങ്ങളുടെയും വൃദ്ധരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചതായി കാണാം. മാതാപിതാക്കള്‍ക്ക് താങ്ങും തണലുമായി ജീവിക്കുന്ന മക്കള്‍ക്കുള്ളതാണ് സ്വര്‍ഗം. മുതിര്‍ന്നവരോടും പ്രായമേറിയവരോടും ആദരവും ബഹുമാനവും മുറ്റിയ പെരുമാറ്റം സംസ്‌കാര കുലീനതയുടെ അടയാളമായും വിശ്വാസത്തിന്റെ പൂര്‍ണതയായും വിലയിരുത്തുന്നു ഇസ്‌ലാം. വൃദ്ധരെയും വയോധികരെയും സംരക്ഷിക്കുന്നതിന്റെ ഇസ്‌ലാമികമായ അടിത്തറകള്‍ ഇവയാണ്:
* സൃഷ്ടികളില്‍ ആദരണീയ സ്ഥാനം അലങ്കരിക്കുന്ന മനുഷ്യന് സ്രഷ്ടാവ് സമുന്നത പദവി നല്‍കിയിട്ടുണ്ട്. ''നിങ്ങളുടെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞു: ഞാന്‍ മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിണ്ണില്‍നിന്ന് ഒരു മനുഷ്യനെ സൃഷ്ടിക്കുന്നുണ്ട്. ഞാന്‍ അത് പൂര്‍ത്തീകരിക്കുകയും അതില്‍ എന്റെ ആത്മാവില്‍നിന്ന് അല്‍പം ഊതുകയും ചെയ്താല്‍ നിങ്ങളെല്ലാം അതിന്റെ മുന്നില്‍ പ്രണാമത്തില്‍ വീഴണം. അങ്ങനെ മലക്കുകള്‍ ഒക്കെയും പ്രണാമത്തില്‍ വീണു'' (അല്‍ ഹിജ്ര്‍ 28). ഈ ആദരവിനര്‍ഹനാണ് മനുഷ്യന്‍, ഏത് പ്രായത്തിലും.
* പരസ്പര സ്‌നേഹത്തിലും സഹകരണത്തിലും സഹാനുഭൂതിയിലും ദൃഢബന്ധിതമാണ് മുസ്‌ലിം സമൂഹം. ഉത്തമ മാനവിക മൂല്യങ്ങള്‍ സ്വാംശീകരിച്ച് ജീവിക്കുന്നതില്‍ ഇസ്‌ലാമിക സമൂഹം ഏക ശരീരമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. ''വിശ്വാസികളുടെ രക്തം തുല്യമാണ്. അവരിലേറ്റവും എളിയവന്റെ ഉത്തരവാദിത്തവും ആ സമൂഹം കൈയേല്‍ക്കും. മറ്റുള്ളവര്‍ക്കെതിരില്‍ അവര്‍ ഒറ്റക്കൈ ആയി വര്‍ത്തിക്കും'' (അഹ്മദ്, അബൂദാവൂദ്, ബൈഹഖി).
* മാതാപിതാക്കള്‍ക്ക് സേവന -ശുശ്രൂഷകള്‍ ചെയ്യുന്നതും അവരോട് നന്മയില്‍ വര്‍ത്തിക്കുന്നതും തൗഹീദിനും അല്ലാഹുവിനുള്ള ഇബാദത്തിനും ശേഷം മനുഷ്യന്‍ നിറവേറ്റേ നിര്‍ബന്ധ ബാധ്യതയായി അഞ്ച് സ്ഥലങ്ങളില്‍ ഖുര്‍ആന്‍ വിവരിച്ചു (സൂറഃ അന്നിസാഅ് 36, അല്‍അന്‍ആം 151, അല്‍അന്‍കബൂത്ത് 8, ലുഖ്മാന്‍ 14, അല്‍ഇസ്രാഅ് 23,24).
മാതാപിതാക്കളോടുള്ള നന്മനിറഞ്ഞ പെരുമാറ്റം പ്രവാചകാധ്യപനങ്ങളിലെ മുഖ്യ പ്രമേയമാണ്. മാതാപിതാക്കളെ കൂടെ പാര്‍പ്പിച്ച് കരുണാര്‍ദ്രമായ വിനയത്തിന്റെ ചിറകിനു കീഴില്‍ അവരെ സംരക്ഷിക്കാന്‍ മക്കള്‍ ബാധ്യസ്ഥരാണ്. കുഞ്ഞായിരുന്നപ്പോള്‍ തനിക്ക് നല്‍കിയ വാത്സല്യവും കരുണയും സ്‌നേഹവും കരുതലും തിരിച്ചുനല്‍കാന്‍ താന്‍ അശക്തനാണെന്നും അവ കനിഞ്ഞേകാന്‍ രക്ഷിതാവായ സ്രഷ്ടാവിനേ കഴിയുകയുള്ളൂവെന്നുമുള്ള ഉത്തമ ബോധ്യത്തില്‍നിന്ന് ഉറന്നൊഴുകേണ്ട പ്രാര്‍ഥനാ വചനം പോലും പഠിപ്പിച്ചു ഖുര്‍ആന്‍. മാതാപിതാക്കള്‍ക്ക് അഹിതകരമായ ഒരു വാക്ക് പോലും ഉച്ചരിക്കുന്നത് പശ്ചാത്താപവും തൗബയും നിര്‍ബന്ധമാക്കുന്ന പാപകൃത്യമായി ഖുര്‍ആന്‍ എണ്ണി. വെറുപ്പ് സ്ഫുരിക്കുന്ന 'ഛെ' എന്ന വാക്കു പോലും അരോചകമായി വിശേഷിപ്പിച്ച അല്ലാഹു, അന്തസ്സുറ്റ പെരുമാറ്റവും സമീപനവും അര്‍ഹിക്കുന്നവരാണ് അവരെന്ന് ഉണര്‍ത്തി. 'മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തിയെന്നും മാതാപിതാക്കളുടെ വെറുപ്പിലാണ് അല്ലാഹുവിന്റെ വെറുപ്പെന്നും' വ്യക്തമാക്കി പ്രവാചകന്‍. ശിഷ്ട ജീവിതം കണ്ണീരും കൈയുമായി ഗൃഹാതുര ചിന്തകളോടെ വൃദ്ധസദനങ്ങളില്‍ തള്ളിനീക്കാന്‍ വിധിക്കപ്പെടേവരല്ല മാതാപിതാക്കള്‍. പരിലാളനയേറ്റും സ്‌നേഹം അനുഭവിച്ചും സൗഭാഗ്യമുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചും വാര്‍ധക്യ ജീവിതം ആഘോഷിക്കാന്‍ കഴിയുന്ന മാതാപിതാക്കളുടേതാണ് ധന്യ ജീവിതം. വാര്‍ധക്യ കാലത്ത് സമാധാനപൂര്‍ണമായ ശാന്തജീവിതം മാതാപിതാക്കള്‍ക്ക് സമ്മാനിക്കാന്‍ കഴിയുന്ന മക്കള്‍ ഭാഗ്യവാന്മാര്‍.
പരിഗണനയും കരുതലും
വയോജനങ്ങളെ ആദരിക്കാനും ബഹുമാനിക്കാനും നബി (സ) പഠിപ്പിച്ചു: ''മുസ്‌ലിം വൃദ്ധനെയും ഖുര്‍ആന്‍ വാഹകനെയും ആദരിക്കുന്നത് അല്ലാഹുവിനെ മഹത്വവത്കരിക്കുന്നതിന്റെ അടയാളമാണ്.'' ''നമ്മിലെ ചെറിയവരോട് കരുണ കാണിക്കാത്തവരും നമ്മിലെ മുതിര്‍ന്നവരെ ബഹുമാനിക്കാത്തവരും നമ്മില്‍ പെട്ടവരല്ല'' (മുസ്‌ലിം). ''ഇളമുറക്കാര്‍ മുതിര്‍ന്നവര്‍ക്കും നടക്കുന്നവന്‍ ഇരിക്കുന്നവനും ചെറിയ സംഘം വലിയ സംഘത്തിനും സലാം പറയണം'' (ബുഖാരി). ''മുതിര്‍ന്നവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ ജിബ്‌രീല്‍ എന്നോട് കല്‍പിച്ചു'' (സില്‍സിലത്തുസ്സ്വഹീഹ: അല്‍ബാനി).
നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതിലും മുതിര്‍ന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. നബി(സ)യുടെ അടുത്ത് താമസിച്ചു പഠിക്കാന്‍ വന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ നബി(സ) അവരെ ഉപദേശിച്ചു: ''നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോയിക്കൊള്ളുക, അവിടെ താമസിച്ചു അവരെ പഠിപ്പിക്കുക, നല്ല കാര്യങ്ങള്‍ ആജ്ഞാപിക്കുക, ഞാന്‍ നമസ്‌കരിച്ചു കാണിച്ചുതന്നതു പോലെ നമസ്‌കരിക്കുക, നമസ്‌കാര സമയമായാല്‍ ഒരാള്‍ ബാങ്ക് വിളിക്കട്ടെ, നിങ്ങളില്‍ ഏറ്റവും മുതിര്‍ന്നവന്‍ ഇമാം നില്‍ക്കുക'' (ബുഖാരി).
ഇബാദത്തുകളിലും കര്‍മാനുഷ്ഠാനങ്ങളിലും വയോജനങ്ങള്‍ക്കും വൃദ്ധര്‍ക്കും ഇളവ് നല്‍കിയിരിക്കുന്നു ശരീഅത്ത്. വൃദ്ധജനങ്ങളുടെ ശാരീരികവും മാനസികവുമായ അവശത പരിഗണിച്ച് അനുഷ്ഠാനകര്‍മങ്ങളില്‍ പ്രത്യേക ഇളവ് അനുവദിച്ച നിരവധി സന്ദര്‍ഭങ്ങള്‍ കാണാം. പ്രായമായവര്‍ക്ക് നോമ്പൊഴിവാക്കാം, നിന്ന് നമസ്‌കരിക്കാന്‍ ആവുന്നില്ലെങ്കില്‍ ഇരുന്നാവാം നമസ്‌കാരം. ഇരുന്നും സാധിക്കുന്നില്ലെങ്കില്‍ കിടന്നുകൊണ്ട് നിര്‍വഹിക്കാം. ഇങ്ങനെ അനേകം ഇളവുകള്‍. ഒരിക്കല്‍ ഇമാം നിന്ന മുആദുബ്‌നു ജബല്‍ (റ) സൂറത്തുല്‍ ബഖറയും നിസാഉം ഓതി നമസ്‌കരിച്ചു. പിന്നില്‍നിന്ന് നമസ്‌കരിച്ച ആള്‍ നബി(സ)യോട് പരാതിപ്പെട്ടു. നബി(സ) മുആദിന് നേരെ തിരിഞ്ഞു: ''മുആദ്! ഫിത്‌നയുണ്ടാക്കുകയാണോ നിങ്ങള്‍? കുഴപ്പമുണ്ടാക്കാനാണോ നിങ്ങളുടെ പുറപ്പാട്? (മൂന്ന് വട്ടം ഈ ചോദ്യം ആവര്‍ത്തിച്ചു) സബ്ബിഹിസ്മ റബ്ബിക, വശ്ശംസി വളുഹാഹാ, വല്ലൈലി ഇദാ യഗ്ശാ തുടങ്ങിയ സൂറത്തുകള്‍ ഓതി നമസ്‌കരിച്ചുകൂടേ നിങ്ങള്‍ക്ക്? കാരണം നിങ്ങള്‍ക്ക് പിറകില്‍ പ്രായമേറെ ചെന്നവരും ദുര്‍ബലരും പല ആവശ്യങ്ങള്‍ നിര്‍വഹിക്കേണ്ടവരും ഉണ്ടാവും'' (ബുഖാരി).
വൃദ്ധജനങ്ങള്‍ക്ക് മരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് നിയമത്തിന്റെ പരിരക്ഷ ഉറപ്പു നല്‍കുന്ന 'ദയാവധ നിയമം' മിക്ക രാജ്യങ്ങളും പ്രാബല്യത്തില്‍ വരുത്തിയിരിക്കുകയാണിപ്പോള്‍. ഉല്‍പാദനക്ഷമമല്ലാത്ത വാര്‍ധക്യകാലം കുടുംബത്തിനും സമൂഹത്തിനും ഭാരമാണെന്ന വിശ്വാസത്തില്‍നിന്നാണ് ഇത്തരം നിയമങ്ങള്‍ ഉത്ഭവിക്കുന്നത്. 'പ്രായം ചെന്നവര്‍ വീടിന്റെ ഐശ്വര്യമാണ്' എന്ന പഴയ ധാരണകള്‍ പൊളിച്ചെഴുതി പുതിയ സംസ്‌കാരത്തിന്റെ നിര്‍മിതിയിലാണ് പുതിയ ലോകം. അവിടെ മൂല്യങ്ങള്‍ക്ക് വിലയില്ല. ഉയര്‍ന്ന മാനവിക ബോധം പോയ കാലത്തിന്റെ ശവകുടീരത്തില്‍ അടക്കം ചെയ്യേണ്ടതാണെന്ന ചിന്തക്കാണ് മുന്‍തൂക്കം. 1936-ല്‍ ഇംഗ്ലണ്ടിലും 1938-ല്‍ അമേരിക്കയിലും ദയാവധത്തിനു വേണ്ടി മുറവിളികള്‍ ഉയര്‍ന്നെങ്കിലും ആ കാലഘട്ടത്തില്‍ നിലനിന്ന മികച്ച മൂല്യബോധം തടസ്സമായി നിന്നു. ആവശ്യം വിലപ്പോയില്ല. കാലം മാറി, കഥ മാറി. പ്രയോജനവാദത്തിന് ആക്കം കൂടിയ പുതിയ കാലത്ത് ദയാവധത്തിന് അംഗീകാരവും നിയമപരിരക്ഷയും ലഭിച്ചതിലും അത്ഭുതപ്പെടാനില്ല.
വൃദ്ധരുടെയും വയോജനങ്ങളുടെയും ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി ഉറപ്പുവരുത്തുന്ന പരിസര സൃഷ്ടി വ്യക്തികളുടെയും കുടുംബത്തിന്റെയും ധാര്‍മിക ബാധ്യതയാണ്. കുടുംബത്തിന്റെ സ്‌നേഹാന്തരീക്ഷത്തില്‍ മക്കളുടെയും പേരക്കുട്ടികളുടെയും സാന്നിധ്യത്തില്‍ നിറകണ്‍ചിരികളോടെ സൗഭാഗ്യ നിമിഷങ്ങള്‍ ചെലവിടുമ്പോള്‍ ഏത് മാതാപിതാക്കള്‍ക്കാണ് അന്യതാ ബോധവും വിഷാദ ചിന്തകളും ഉണ്ടാവുക! ശുശ്രൂഷിക്കാനും പരിചരിക്കാനും ആളില്ലാത്ത മാതാപിതാക്കള്‍ക്ക് സൈ്വര ജീവിതം പ്രദാനം ചെയ്യുന്ന ആതുര-വൃദ്ധ സദനങ്ങള്‍ അഭികാമ്യമായിത്തീരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഭരണകൂടത്തിന്റെ ചുമതലയില്‍ ഉണ്ടാവേണ്ട സംവിധാനങ്ങളാണവ.
ജീവിതയാത്രയിലെ ഓരോ ഘട്ടത്തിലും ഇസ്‌ലാം വ്യക്തിക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കുന്നു. ശിശു, ബാലന്‍, യുവാവ്, മധ്യവയസ്‌കന്‍, വയോധികന്‍, വൃദ്ധന്‍ തുടങ്ങി കടന്നുപോകുന്ന ഓരോ ജീവിതഘട്ടത്തെയും സവിശേഷമായി നിര്‍വചിക്കുകയും അവകാശങ്ങളും ബാധ്യതകളും നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു ഇസ്‌ലാം. ഈ ഘട്ടങ്ങള്‍ ഖുര്‍ആനിന്റെ ഭാഷയില്‍: ''അവനാകുന്നു നിങ്ങളെ മണ്ണില്‍നിന്ന് സൃഷ്ടിച്ചത്. പിന്നെ രേതസ്‌കണത്തില്‍നിന്ന്, പിന്നെ ശിശുരൂപത്തില്‍ നിങ്ങളെ പുറത്തുകൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ കരുത്തരാവുന്നതുവരെ നിങ്ങളെ വളര്‍ത്തുന്നു. പിന്നെ വാര്‍ധക്യം പ്രാപിക്കുന്നതുവരെയും. നിങ്ങളില്‍ ചിലര്‍ നേരത്തേതന്നെ തിരിച്ചുവിളിക്കപ്പെടുന്നു. നിങ്ങള്‍ നിങ്ങള്‍ക്ക് നിര്‍ണയിക്കപ്പെട്ട അവധി പ്രാപിക്കുന്നതിനു വേണ്ടിയും യാഥാര്‍ഥ്യം ഗ്രഹിക്കുന്നതിനു വേണ്ടിയുമാണ് ഇതൊക്കെയും ചെയ്യുന്നത്'' (ഗാഫിര്‍ 67).
വാര്‍ധക്യകാലം സകരിയ്യാ നബി വര്‍ണിക്കുന്നതിങ്ങനെ: ''അദ്ദേഹം ബോധിപ്പിച്ചു: നാഥാ, എന്റെ അസ്ഥികള്‍ വരെ ദുര്‍ബലമായിക്കഴിഞ്ഞു. ശിരസ്സാണെങ്കില്‍ നരയാല്‍ കത്തിത്തിളങ്ങുന്നു. നാഥാ, ഞാനൊരിക്കലും നിന്നോട് പ്രാര്‍ഥിച്ചിട്ട് പരാജിതനായിട്ടില്ല'' (മര്‍യം 4). വാര്‍ധക്യത്തിന്റെ അവശതകളില്‍ എത്തിനില്‍ക്കുന്നവര്‍ക്ക് ഇസ്‌ലാം അവകാശങ്ങള്‍ നിശ്ചയിച്ചുനല്‍കിയിട്ടുണ്ട്. സാമ്പത്തിക അവകാശങ്ങളുണ്ട്. പെരുമാറ്റത്തിന്റെയും സമീപനത്തിന്റെയും അവകാശങ്ങളുണ്ട്. അവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, ചികിത്സ, വസ്ത്രം തുടങ്ങി ആവശ്യമായതെല്ലാം മതിയായ അളവില്‍ നല്‍കാന്‍ സന്തതികള്‍ ബാധ്യസ്ഥരാണ്. അതില്‍ ഇളവില്ല. വീഴ്ചവരുത്താന്‍ പാടില്ല. ഇവയത്രയും മക്കളുടെ നിര്‍ബന്ധ കടമയായതിനാലാണ് മക്കളുടെ സകാത്ത് മാതാപിതാക്കള്‍ക്ക് നല്‍കാന്‍ അനുവാദമില്ലാത്തത്. അവര്‍ക്ക് സകാത്ത് നല്‍കുകയെന്നാല്‍ തങ്ങളുടെ സകാത്ത് തങ്ങള്‍ തന്നെ അനുഭവിക്കുക എന്നാണ്. മാതാപിതാക്കളോടുള്ള കടമകള്‍ വിവരിക്കുന്ന സൂറത്തുല്‍ ഇസ്രാഇലെ സൂക്തങ്ങള്‍: 'നിന്റെ അടുക്കല്‍ വെച്ച് അവരില്‍ ഒരാളോ രണ്ടു പേരുമോ വാര്‍ധക്യം പ്രാപിച്ചാല്‍' എന്ന പ്രയോഗം ശ്രദ്ധിക്കുക. 'നിന്റെ അടുക്കല്‍' എന്നാണ്, വൃദ്ധസദനത്തില്‍ എന്നല്ല. നിന്റെ അടുക്കലാണ് അവര്‍ വസിക്കേണ്ടതെന്ന് സാരം. 'വാര്‍ധക്യം പ്രാപിച്ച മാതാപിതാക്കളുണ്ടായിട്ടും അവര്‍ മുഖേന സ്വര്‍ഗപ്രവേശം സാധിക്കാത്തവന്‍ നശിക്കട്ടെ' എന്ന് പ്രവാചകന്‍. മാതാവിനെ ചുമലിലേറ്റി കഅ്ബ ത്വവാഫ് ചെയ്ത യുവാവ്: 'നബിയേ, ഞാന്‍ എന്റെ ഉമ്മയോടുള്ള കടമ നിറവേറ്റിയില്ലേ?' നബി: 'ഇല്ല, നിന്നെ പ്രസവിക്കുന്ന സമയം ഉമ്മയുടെ വേദനയില്‍ കുതിര്‍ന്ന ദീര്‍ഘനിശ്വാസത്തിന് പകരമാവില്ല ഒന്നും' (ബസ്സാര്‍).
വാര്‍ധക്യത്തിന്റെ അവശനാളുകളില്‍ മാതാപിതാക്കള്‍ മക്കളുടെ സ്‌നേഹസാമീപ്യം കൊതിക്കുന്നവരാണ്. അവര്‍ക്ക് വേണ്ടത് അവരോടൊപ്പം സമയം ചെലവിടുകയും അവരുടെ വര്‍ത്തമാനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും സ്‌നേഹാര്‍ദ്രമായ തൂവല്‍സ്പര്‍ശത്തിലൂടെ അവരുടെ മനസ്സിനെ തലോടുകയും ചെയ്യുന്ന കരുണയുള്ള മക്കളെയും കുടുംബാംഗങ്ങളെയുമാണ്. ആയുസ്സിന്റെ അറുതിയില്‍ അത് അവരുടെ അവകാശമാണ്.
Comments