മൂസ മാസ്റ്റര്‍
തിരൂര്‍ തലക്കടത്തൂരിലെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു പാറാളി മൂസ മാസ്റ്റര്‍ (68). തലക്കടത്തൂര്‍ മഹല്ല് ജമാഅത്ത് മുശാവറ അംഗം കൂടിയായിരുന്നു അദ്ദേഹം. പ്രദേശത്തെ വ്യത്യസ്ത സംരംഭങ്ങളുടെ ഉത്തരവാദിത്തവും നിര്‍വഹിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചു. തലക്കടത്തൂര്‍ പലിശ രഹിത നിധി, വൈലത്തൂരിലെ പരിശരഹിത ബാങ്ക് തുടങ്ങിയവയുടെ കമ്മിറ്റികളിലും ഉണ്ടായിരുന്നു.
ചെറുപ്പകാലത്തു തന്നെ പുരോഗമന ചിന്തകളുമായി നടന്ന മാസ്റ്റര്‍ 1970-കളില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകള്‍, ലൈബ്രറി തുടങ്ങിയവ രൂപീകരിക്കുകയും നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ രംഗമായിരുന്നു മറ്റൊരു പ്രധാന പ്രവര്‍ത്തന മേഖല. സംസ്ഥാനത്ത് വളരെ പിറകിലായിരുന്ന ചെറിയമുണ്ടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഉന്നമനത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്നു. 'സംപൂജ്യ' സ്റ്റാറ്റസ് നിലനിന്നിരുന്ന ആ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനു വേണ്ടി സ്വന്തം മകളെ അവിടെ ചേര്‍ത്തു. മൂസ മാസ്റ്റര്‍ പി.ടി.എ പ്രസിഡന്റ് ആയ കാലത്താണ് സ്‌കൂള്‍ ഇന്നു കാണുന്ന നിലയിലേക്ക് ഉയര്‍ന്നത്. കേരള സാക്ഷരതാ യജ്ഞ കാലത്ത് അതിന്റെ മുഴുസമയ വളന്റിയറായിരുന്നു. ബ്ലോക്കിന്റെയും പഞ്ചായത്തിന്റെയും പല വിദ്യാഭ്യാസ സമിതികളിലും ഡി.പി.ഇ.പി കമ്മിറ്റികളിലുമെല്ലാം മൂസ മാസ്റ്റര്‍ ഉണ്ടായിരുന്നു. ചെസ് കളി പ്രേമി കൂടിയായിരുന്ന അദ്ദേഹം ചെസ് ക്ലബുകള്‍ രൂപീകരിക്കുകയും ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയും ചെയ്തു. മക്കള്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുന്നതിന് പ്രസ്ഥാന നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് പഠിപ്പിച്ചിരുന്നത്.
എല്ലാ കക്ഷി-രാഷ്ട്രീയ വിഭാഗങ്ങളോടും അടുത്ത ബന്ധം പുലര്‍ത്തി. രോഗികള്‍, സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ തുടങ്ങിയവരെ സഹായിക്കാന്‍ വേി കമ്മിറ്റികള്‍ രൂപീകരിക്കാന്‍ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ഉറപ്പുവരുത്തി.
ഫ്രറ്റേണിറ്റി താനൂര്‍ മണ്ഡലം കണ്‍വീനര്‍ ഡോ. ജൗഹര്‍ ലാല്‍, പ്രസ്ഥാന പ്രവര്‍ത്തകനും എഴുത്തുകാരനുമായ യാസര്‍ ഖുത്വ്ബ് (ബംഗ്ലൂരു), ഷാജിത, ഷാഹിദ, ശഹ്‌സാദി, ലുലു എന്നിവര്‍ മക്കളാണ്. ആസ്യ ടീച്ചര്‍ (പൊന്മുണ്ടം ഹയര്‍ സെക്കന്ററി സ്‌കൂള്‍) ആണ് ഭാര്യ.
ടി. അബ്ദുല്‍ ഖാദര്‍
1990-കളിലാണ് അബ്ദുല്‍ ഖാദര്‍ സാഹിബ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സഹയാത്രികനാവുന്നത്. മുസ്‌ലിം ലീഗില്‍ സജീവമായിരുന്ന അദ്ദേഹം ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ ലീഗിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അപ്പോഴേ പ്രബോധനം വാരിക അദ്ദേഹം മുടങ്ങാതെ വായിക്കുമായിരുന്നു. പരന്ന വായനയും, രാഷ്ട്രീയത്തിനു സംഭവിച്ച മൂല്യത്തകര്‍ച്ചയെക്കുറിച്ച തിരിച്ചറിവും അദ്ദേഹത്തെ ഇസ്‌ലാമിക പ്രസ്ഥാനത്തിലെത്തിക്കുകയായിരുന്നു.
കോഴിക്കോട് കിണാശ്ശേരിയില്‍ (നാച്ചേരിപ്പാടം) തന്റെ അമ്മാവനോടൊപ്പം കച്ചവടത്തില്‍ ഏര്‍പ്പെട്ട് വരികയായിരുന്ന അബ്ദുല്‍ ഖാദര്‍ സാഹിബിനെ അമ്മാവന്റെ ജീവിത വിശുദ്ധിയും സൂക്ഷ്മതയും വളരെയേറെ സ്വാധീനിച്ചു. പിന്നീട് മഹാരാഷ്ട്രയിലെ ചെമ്പുരില്‍ സഹോദരന്മാര്‍ക്കൊപ്പം കുറച്ചു കാലം ജോലി ചെയ്തു. ദുബൈയിലെ അവീറില്‍ കച്ചവടത്തിരക്കിനിടയിലും പ്രബോധനം വാരികയുടെ വിതരണം ഏറ്റെടുക്കുകയും മാധ്യമം പത്രത്തിന് ധാരാളം സ്ഥിരം വരിക്കാരെ കണ്ടെത്തുകയും ചെയ്തു.
നാട്ടിലെ വാരാന്ത യോഗങ്ങളില്‍ അദ്ദേഹത്തിന്റെ സവിശേഷ സാന്നിധ്യം അനുഭവപ്പെടുമായിരുന്നു. കൃത്യാന്തരബാഹുല്യങ്ങളാലും മറ്റു കാരണങ്ങളാലും ഖുര്‍ആന്‍ ക്ലാസ്സുകള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തകരില്‍ പലരും ഒഴികഴിവ് പറയുമ്പോള്‍ അവിടെയെല്ലാം അബ്ദുല്‍ ഖാദര്‍ സാഹിബ് സ്വയം മുന്നോട്ട് വന്നു. പലയിടങ്ങളിലും വാരാന്ത യോഗങ്ങള്‍ ആവര്‍ത്തനവിരസമായ കേവല ചടങ്ങുകള്‍ മാത്രമായിത്തീരുമ്പോള്‍ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ ഹല്‍ഖ ആവിഷ്‌കരിക്കുന്ന പുതിയ 'ജനപ്രിയ' പരിപാടികളില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. സോഷ്യല്‍ മീഡിയയും ആനുകാലികങ്ങളും പത്രങ്ങളും ചാനലുകളും പ്രബോധനം ക്വിസുമെല്ലാം വാര്‍ത്താവലോകനങ്ങളില്‍ ഇടംപിടിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലുള്ള വാരാന്ത യോഗങ്ങള്‍ അവാച്യമായ അനുഭവവും അനുഭൂതിയും നല്‍കുന്നതായിരുന്നു.
എഴുപത്തിമൂന്നാമത്തെ വയസ്സില്‍ നിരവധി രോഗങ്ങളോട് മല്ലടിക്കുമ്പോഴും അബ്ദുല്‍ ഖാദര്‍ സാഹിബ് മരണത്തിന് തൊട്ടടുത്ത ദിവസം വരെ സ്വുബ്ഹ് ജമാഅത്തിന് പള്ളിയിലെത്താന്‍ ശുഷ്‌കാന്തി കാണിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ അദ്ദേഹം പുലര്‍ത്തിയ കണിശതയും സൂക്ഷ്മതയും മാതൃകയായിരുന്നു. ഏത് പ്രയാസങ്ങള്‍ക്കും പ്രതിസന്ധിക്കുമിടയിലും അദ്ദേഹത്തിന്റെ മുഖത്തെ പ്രസന്നതയും ചുണ്ടിലെ പുഞ്ചിരിയും ഒരു വിശ്വാസിക്ക് മാത്രം ആര്‍ജിക്കാന്‍ കഴിയുന്ന അത്യസാധാരണമായ വിശിഷ്ട ഗുണം തന്നെയായിരുന്നു.
അബ്ദുല്ലക്കോയ കണ്ണങ്കടവ്
Comments