Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 12

3071

1440 സഫര്‍ 02

ചരിത്ര സ്മരണകളാല്‍ കരകവിഞ്ഞ് ജോര്‍ദാന്‍ നദി

അസ്ഹര്‍ പുള്ളിയില്‍

ഇസ്‌ലാമിക വിജയങ്ങളുടെ സഞ്ചാര പാത, അറബ് നാടുകളെ ബന്ധിപ്പിക്കുന്ന പാലം എന്നീ നിലകളില്‍ ജോര്‍ദാന്‍ പൗരാണികവും ആധുനികവുമായ സവിശേഷതകള്‍ ചേര്‍ന്നു നില്‍ക്കുന്ന ഒരു ഇടമാണ്. പഠന-വിനോദ യാത്രികരെ പ്രചോദിപ്പിക്കാനും ചരിത്ര കുതുകികളെ തൃപ്തിപ്പെടുത്താനും മതിയായ ശേഖരങ്ങളുമായി ജോര്‍ദാന്‍ വിദേശസഞ്ചാരികളെ മാടിവിളിക്കുന്നു. നാഗരികതയുടെയും ചരിത്രത്തിന്റെയും നാള്‍വഴികള്‍ തേടിയാണ് നിങ്ങളുടെ യാത്രയെങ്കില്‍ റോമന്‍, നബ്തി, അറബ്, ഇസ്‌ലാമിക്, ബൈസാന്റിയന്‍, ഉമയ്യ, അബ്ബാസി മുതല്‍ ഉസ്മാനി കാലവും പിന്നിട്ട് ആധുനിക മധ്യപൗരസ്ത്യ ദേശത്തിന്റെ ഭൂമിശാസ്ത്ര മാപ്പ് രൂപപ്പെട്ടതിന്റെ അടയാളങ്ങള്‍ വരെ നിങ്ങള്‍ക്ക് ജോര്‍ദാനില്‍ കണ്ടെത്താനാവും. പ്രവാചകന്മാരുടെ പാത തേടിയാണ് നിങ്ങള്‍ യാത്ര തിരിച്ചതെങ്കില്‍ ശുഐബ്, ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ്, യൂസുഫ്, ലൂത്വ്, മൂസാ, ഹാറൂന്‍, യൂശഅ് ബിന്‍ നൂന്‍ തുടങ്ങിയ നബിമാരുടെ പാദസ്പര്‍ശമേറ്റ മണ്ണില്‍ ആ വൈകാരികാനുഭവങ്ങള്‍ ഏറ്റുവാങ്ങി നിങ്ങള്‍ക്ക് ചവിട്ടിനില്‍ക്കാനാവും. ഇസ്‌ലാമിക യുഗത്തില്‍ വീരഗാഥകള്‍ രചിച്ചവരെ അന്വേഷിക്കുന്നവര്‍ക്ക് രണ്ടാം ഖലീഫ ഫാറൂഖ് ഉമറിനു പുറമെ പ്രവാചകന്റെ വളര്‍ത്തുപുത്രനായ സൈദു ബ്‌നു ഹാരിസ, പിതൃവ്യപുത്രനായ ജഅ്ഫറു ബ്‌നു അബീത്വാലിബ്, തൂലികയും പടവാളും കൊണ്ട് ഇസ്‌ലാമിക മാര്‍ഗത്തില്‍ പോരാടിയ അബ്ദുല്ലാഹിബ്‌നു റവാഹ, മുസ്‌ലിം ഉമ്മത്തിന്റെ വിശ്വസ്തന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ അബൂഉബൈദതുല്‍ ജര്‍റാഹ്, പടയങ്കിയില്ലാതെ പോരാടി റോമക്കാരെ അമ്പരപ്പിച്ച ളിറാറു ബ്‌നു അല്‍അസ്വര്‍, പുരുഷവേഷമണിഞ്ഞ് പോരാടി തന്റെ പടനായകന്‍ ഖാലിദുബ്‌നു വലീദിനെ അതിശയിപ്പിച്ച ളിറാറിന്റെ സഹോദരി ഖൗല ബിന്‍ത് അല്‍അസ്വര്‍, യമന്‍ ഗവര്‍ണറായിരുന്ന മുആദു ബ്‌നു ജബല്‍, ബിലാലു ബ്‌നു റബാഹ്, അബ്ദുര്‍റഹ്മാനു ബ്‌നു ഔഫ്, ശുറഹബീലു ബ്‌നു ഹസന, സുഹൈലു ബ്‌നു അംറ് തുടങ്ങി നിരവധി സ്വഹാബിമാരുടെ നിണമണിഞ്ഞ വീരകഥകള്‍ നിങ്ങളെ വരവേല്‍ക്കും. കൂടാതെ ദൈവികദൃഷ്ടാന്തങ്ങളായി പരിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച അസ്ഹാബുല്‍ കഹ്ഫ്, സദൂം പട്ടണക്കാരെ നശിപ്പിച്ച ചാവുകടല്‍ എന്നിവയുമുണ്ട് സന്ദര്‍ശകരുടെ ജിജ്ഞാസ ഉണര്‍ത്തുന്നവയായി. മേല്‍പുരയില്ലാത്ത മ്യൂസിയം എന്ന് ജോര്‍ദാനെ സന്ദര്‍ശകര്‍ വിശേഷിപ്പിക്കുന്നതും ഇതിനാലാണ്. ചുരുക്കത്തില്‍ ചരിത്രസമ്പന്നമാണ് ജോര്‍ദാന്‍. റോമന്‍, ഇസ്‌ലാമിക കാലഘട്ടവും ക്രിസ്തീയ, ജൂത, മുസ്‌ലിം വിശ്വാസങ്ങളുടെ ശേഷിപ്പുകളും ഈ അറബ് രാജ്യത്ത് പോറലേല്‍ക്കാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതര അറബ് രാജ്യങ്ങളില്‍നിന്ന് ഭിന്നമായി, ചരിത്രപ്രധാന പ്രദേശങ്ങളുടെ സംരക്ഷണം ജോര്‍ദാന്‍ ടൂറിസം വികസനത്തിന്റെ മര്‍മമാണ്.

2018 ആഗസ്റ്റ് 20-ന് ബലിപെരുന്നാള്‍ അവധി ദിനത്തിലാണ് സുഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍നിന്ന് അല്‍ഖോബാര്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച പഠന-വിനോദ യാത്രയില്‍ 28 പേരടങ്ങിയ ഞങ്ങളുടെ സംഘം കരമാര്‍ഗം ജോര്‍ദാനിലേക്ക് യാത്ര തിരിച്ചത്. അങ്ങോട്ടുമിങ്ങോട്ടും ഓരോ ദിവസത്തെ ബസ് യാത്ര വേണമെന്നതിനാല്‍ അറഫാ ദിനത്തില്‍ തന്നെ യാത്ര പുറപ്പെടേണ്ടിവന്നു. സുഊദി നാഷ്‌നല്‍ ഹൈവേ 85-ലൂടെ 1,471 കിലോമീറ്റര്‍ താണ്ടാന്‍ നീണ്ട 18 മണിക്കൂര്‍ ബസ്സിലിരിക്കണം. അതിര്‍ത്തിയുടെ സുഊദി നാമമായ അല്‍ഹദീസയില്‍നിന്ന് ജോര്‍ദാന്‍ നാമമായ അല്‍അംരിയിലേക്ക് വിസാ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവേശിക്കാന്‍ രണ്ട് മണിക്കൂറിലധികം സമയമെടുത്തു. ബലിപെരുന്നാള്‍ സുദിനത്തിന്റെ പ്രഭാതത്തില്‍ ഞങ്ങള്‍ അതിര്‍ത്തിയില്‍ വെച്ചുതന്നെ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു. ജോര്‍ദാനില്‍ നാലു ദിവസം ഞങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള ബസും ഡ്രൈവറും ഗൈഡ് അബ്ദുല്ലയും അതിര്‍ത്തിയില്‍ ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

 

ലോകാത്ഭുതമായി പെട്ര ചരിത്രനഗരം

ജോര്‍ദാനിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം ലോകാത്ഭുതങ്ങളിലൊന്നായ, യുനസ്‌കോ അംഗീകാരമുള്ള പെട്ര നഗരമാണ്. വിസ്മയകരമാണ് പെട്രയിലെ പാറകളില്‍ തുരന്നുണ്ടാക്കിയ അധിവാസ കേന്ദ്രങ്ങള്‍. എട്ട് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് പെട്ര മുഴുവനായി കാണാന്‍ ആരോഗ്യവും ഒഴിവുസമയവും നന്നായി കരുതിവെക്കണം. കുതിരവണ്ടിയില്‍ പകുതിവരെ പോയിവരാന്‍ മാത്രം വേണം 30 ജോര്‍ദാന്‍ ദീനാര്‍. താരതമ്യേന മൂല്യം കൂടുതലാണ് ജോര്‍ദാന്‍ ദീനാറിന്. അമേരിക്കന്‍ ഡോളറിന്റെ ഒന്നര ഇരട്ടി മൂല്യമുള്ള ദീനാര്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 96 രൂപയോളം വരും. അതിനാല്‍ തന്നെ പച്ചക്കറി, പഴവര്‍ഗങ്ങളൊഴിച്ചുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും ഇന്ധനത്തിനും മിനറല്‍ വെള്ളത്തിനും അയല്‍ രാജ്യങ്ങളേക്കാള്‍ മൂന്നിരട്ടിയാണ് വില. മൂന്ന് നേരത്തെ സുലഭമായ ഭക്ഷണം ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയപ്പോഴും കുടിക്കാനുള്ള വെള്ളം ഭക്ഷണത്തോടൊപ്പം ഉള്‍പ്പെടുത്താതിരുന്നതും ഇതിനാലാവാം.

നബാതിയന്‍ നാഗരികതയുടെ അവശിഷ്ടമെന്ന് പരിചയപ്പെടുത്തപ്പെടുന്ന പെട്രക്ക്, അറേബ്യന്‍ ഉപദ്വീപിന്റെ വടക്കുഭാഗത്ത് ജോര്‍ദാനോടടുത്തുള്ള അല്‍ഹിജ്‌റിലെ മദായിന്‍ സ്വാലിഹ്, അല്‍ബിദഇലെ മദ്യന്‍ ശുഐബ് എന്നിവയുമായി നാഗരിക ബന്ധമുണ്ടെന്ന് ഊഹിക്കാനാണ് ഭൂമിശാസ്ത്രപരമായി ഒരേ ബെല്‍റ്റില്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ കാഴ്ചകള്‍ നമ്മെ പ്രേരിപ്പിക്കുക. എണ്ണത്തിലും വലിപ്പത്തിലുമുള്ള അന്തരം പരിഗണിക്കുമ്പോള്‍ തന്നെ രൂപത്തിലും കൊത്തുപണിയിലും നാമങ്ങളില്‍ പോലുമുള്ള സാദൃശ്യം നബ്തികള്‍ക്ക് മുമ്പുള്ള പൗരാണിക നാഗരികതയിലേക്കും സ്വാലിഹ്, ശുഐബ് പ്രവാചകന്മാരുടെ ജനതയിലേക്കും ഇതിന്റെ ചരിത്രം നീളുന്നുവോ എന്നന്വേഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. 'പാറയും പര്‍വതങ്ങളും തുരന്ന് നിങ്ങള്‍ വീടുണ്ടാക്കുന്നു' എന്ന ഖുര്‍ആനിക പരാമര്‍ശത്തിന്റെ മദായിന്‍ സ്വാലിഹ് ദൃശ്യങ്ങളുടെ പത്തിരട്ടിയിലധികം വരും പെട്രയിലേത്. പില്‍ക്കാലത്ത് നിര്‍മിച്ച റോമന്‍ കോട്ടകളും ചര്‍ച്ചുകളുമാണ് ഇതില്‍ കൂടുതലായുള്ളത്. നിരയായി കിടക്കുന്ന പാറകളുടെ നിറത്തെ സൂചിപ്പിക്കാനാവാം, റോസ് സിറ്റി എന്നുകൂടി പെട്രക്ക് പേരുണ്ട്. ദിനേന ശരാശരി 5,000 പേര്‍ ഇവിടെ സന്ദര്‍ശകരായി എത്തുന്നുണ്ടെന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞപ്പോഴാണ് 50 ദീനാര്‍ ഒരാളുടെ ടിക്കറ്റിന് ഈടാക്കുന്ന പെട്ര, ജോര്‍ദാന്റെ ഖജനാവിലേക്ക് എത്രമാത്രം മുതല്‍ക്കൂട്ടാവുന്നുണ്ടെന്ന് മനസ്സിലായത്.

സുഊദി അതിര്‍ത്തിയില്‍നിന്ന് 297 കിലോമീറ്റര്‍ സഞ്ചരിച്ച് ഉച്ചഭക്ഷണവും കഴിച്ച് വിശ്രമമില്ലാതെയാണ് ഞങ്ങള്‍ പെട്രയിലെത്തിയത്. എട്ട് കിലോമീറ്റര്‍ മണ്ണിലൂടെ നടന്നും, കുന്നും മലയും കോട്ടകളും കയറിയിറങ്ങിയും അസ്തമയത്തോടെ ഹോട്ടലിലെത്തിയപ്പോഴുണ്ടായ വിശപ്പും ക്ഷീണവും കാരണം അന്നത്തെ അത്താഴവും ഉറക്കവും വളരെ ആസ്വാദ്യകരമായിരുന്നു. പെട്രയിലെ പാറക്കെട്ടുകളെ ആശ്രയിച്ചാണ് നഗരവും അതിലെ നിരവധി ഹോട്ടലുകളും ഭക്ഷണശാലകളും മറ്റു കച്ചവടങ്ങളുമൊക്കെ നിലനില്‍ക്കുന്നത്. ജോര്‍ദാന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് പള്ളികള്‍ കൂടുതലുള്ള പെട്രയിലെ ബാങ്കുവിളിക്ക് റെക്കോര്‍ഡുകളെയാണ് അവലംബിക്കുന്നത് എന്നത് ആധുനികവത്കരണത്തിന്റെ സ്വാധീനമായി മനസ്സിലാക്കാം.

 

മുഅ്ത രണാങ്കണത്തില്‍

ഓസ്‌കാര്‍ ഹോട്ടലില്‍നിന്ന് പ്രാതല്‍ കഴിച്ച് രാവിലെ എട്ടിന് ഞങ്ങള്‍ ഗൈഡിനോടൊപ്പം മുഅ്തയിലേക്ക് യാത്ര തിരിച്ചു. അതിര്‍ത്തിയില്‍നിന്ന് പെട്രയിലേക്കുള്ള വഴിയില്‍ വെച്ച് അല്‍മആന്‍ എന്ന നഗരം കണ്ടപ്പോള്‍ തന്നെ ഹിജ്‌റ എട്ടാം വര്‍ഷം ജുമാദ അല്‍ഊല മാസത്തില്‍ നടന്ന മുഅ്ത യുദ്ധത്തിന്റെ ഓര്‍മകള്‍ മനസ്സിലേക്ക് ഓടിവന്നിരുന്നു. മആനില്‍ വെച്ചാണ് മുസ്‌ലിം സൈന്യം പ്രാഥമിക കൂടിയാലോചനകള്‍ നടത്തിയത്. രാഷ്ട്രനായകന്മാര്‍ക്ക് സത്യസന്ദേശമെത്തിക്കുന്നതിന്റെ ഭാഗമായി ബുസ്‌റയിലെ റോമന്‍ ഗവര്‍ണര്‍ക്ക് പ്രവാചകന്‍ കത്തയച്ചിരുന്നു. പ്രവാചകന്റെ ദൂതനായ ഹാരിസു ബ്‌നു ഉമൈര്‍ അല്‍അസ്ദിയെ വധിച്ചതാണ് മുഅ്ത യുദ്ധത്തിന്റെ കാരണം. അംബാസഡര്‍മാരെ വധിക്കുന്നത് യുദ്ധപ്രഖ്യാപനമായി കണക്കാക്കപ്പെട്ടിരുന്നു. പതിവിനു വിപരീതമായി പ്രവാചകന്‍ സൈന്യത്തിന് മൂന്ന് നായകന്മാരെ നിശ്ചയിച്ചു. സൈദു ബ്‌നു ഹാരിസ, ജഅ്ഫറു ബ്‌നു അബീത്വാലിബ്, അബ്ദുല്ലാഹി ബ്‌നു റവാഹ എന്നിവരെ യഥാക്രമം നിയോഗിച്ച പ്രവാചകന്‍ ഒരാള്‍ക്ക് പരിക്കേറ്റാല്‍ അടുത്തയാള്‍ സ്ഥാനം ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചു. 3,000-ഓളം വരുന്ന മുസ്‌ലിം സൈന്യം രണ്ട് ലക്ഷത്തോളം വരുന്ന റോമന്‍ സൈന്യവുമായാണ് ഏറ്റുമുട്ടിയത്. റോമന്‍ സൈന്യത്തിന്റെ എണ്ണമറിഞ്ഞ ശേഷം  നിര്‍ണായക ഘട്ടത്തില്‍ നടന്ന കൂടിയാലോചനയില്‍ അബ്ദുല്ലാഹി ബ്്‌നു റവാഹയാണ് വന്‍  സൈന്യത്തെ നേരിടാന്‍ മുസ്‌ലിം സൈനികര്‍ക്ക് മനോധൈര്യം പകര്‍ന്നത്. അംഗബലം കൊണ്ടല്ല, അല്ലാഹുവിന്റെ സഹായം കൊണ്ടാണ് മുന്‍ യുദ്ധങ്ങള്‍ വിജയിച്ചതെന്നും വിജയമോ രക്തസാക്ഷിത്വമോ ഏത് ലഭിച്ചാലും നാം സംതൃപ്തരാണെന്നും പ്രഖ്യാപിച്ചാണ് ഇബ്‌നു റവാഹ സൈനികരെ പ്രചോദിപ്പിച്ചത്.

പെട്രയില്‍നിന്ന് 197 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഞങ്ങള്‍ മുഅ്തയില്‍ എത്തിയത്. അല്‍കര്‍ക് പ്രവിശ്യയിലാണ് മുഅ്ത യുദ്ധഭൂമി. കറാക് എന്നാണ് ഇംഗ്ലീഷ് നാമം. ഹുസൈന്‍ രാജാവിന്റെ കാലത്ത് നിര്‍മിച്ച പള്ളി സമുച്ചയത്തിന്റെ രണ്ട് ഭാഗത്തായാണ് സൈദു ബ്‌നു ഹാരിസയുടെയും ജഅ്ഫറു ബ്‌നു അബീത്വാലിബിന്റെയും ഖബ്‌റുകള്‍. റോഡിന്റെ മറുവശത്ത് നടന്നെത്താവുന്ന ദൂരത്താണ് അബ്ദുല്ലാഹിബ്‌നു റവാഹ അന്ത്യവിശ്രമം കൊള്ളുന്നത്. ലക്ഷക്കണക്കിന് സൈനികര്‍ പങ്കെടുത്ത യുദ്ധത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തി യുദ്ധക്കളത്തിന്റെ ഭാഗമായി അടയാളപ്പെടുത്തിയ സ്ഥലത്തേക്കുള്ള ദൂരത്തിലും ദൃശ്യമാവും. അറേബ്യയുടെ മധ്യഭാഗത്തുള്ള ഹാഇലില്‍ ജനിച്ച സൈദു ബ്‌നു ഹാരിസ ജാഹിലീ കാലത്ത് നടന്നൊരു യുദ്ധത്തില്‍ തടവുകാരനാക്കപ്പെട്ടതും ഹകീമു ബ്‌നു ഹിസാം വിലയ്ക്ക് വാങ്ങി ഖദീജക്ക് ദാനം ചെയ്ത് കൈമാറ്റം ചെയ്യപ്പെട്ട് പത്‌നി ഖദീജയിലൂടെ നബിക്ക് ദാനമായി ലഭിച്ചതും സൈദിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അടിമത്തത്തില്‍നിന്ന് മോചിതനായ ഇദ്ദേഹമാണ് 'പ്രവാചകന്റെ സ്‌നേഹഭാജനം' (ഹിബ്ബുര്‍റസൂല്‍) ആയി അറിയപ്പെട്ടത്. ഖുര്‍ആന്‍ പേര് പരാമര്‍ശിച്ച ഏക അനുചരനും സൈദ് തന്നെ. സൈദിന്റെ പുത്രന്‍ ഉസാമയെ പ്രവാചകന്‍ തന്റെ പേരമക്കളായ ഹസന്‍, ഹുസൈന്‍ എന്നിവരെപ്പോലെ സ്‌നേഹിച്ചിരുന്നതും ചരിത്രം. സൈദ് ഉള്‍പ്പെട്ട സൈന്യത്തില്‍ നായകനായല്ലാതെ അദ്ദേഹത്തെ പ്രവാചകന്‍ നിയോഗിച്ചിട്ടില്ല എന്ന ആഇശ ഉദ്ധരിക്കുന്ന ഹദീസ് പ്രവാചകന്റെ മനസ്സില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പദവി വ്യക്തമാക്കുന്നു.

മുസ്‌ലിം പക്ഷത്തുനിന്ന് 12 പേര്‍ രക്തസാക്ഷികളായപ്പോള്‍ റോമന്‍ പക്ഷത്ത് 300 പേര്‍ക്ക് ജീവനാശം വരുത്തിക്കൊണ്ടാണ് യുദ്ധം അവസാനിച്ചത്. സൈദ് രക്തസാക്ഷിയായപ്പോള്‍ ജഅ്ഫര്‍ പതാകയേന്തി. പ്രവാചകനോട് രൂപത്തിലും സ്വഭാവത്തിലും സദൃശ്യനായിരുന്ന ജഅ്ഫര്‍ എത്യോപ്യയിലേക്കുള്ള ആദ്യ ഹിജ്‌റയില്‍ സംഘത്തലവന്‍ കൂടിയായിരുന്നു. മദീനാ പലായനത്തിന്റെ ഏഴാം വര്‍ഷം പ്രവാചകനോട് ചേര്‍ന്ന ജഅ്ഫര്‍ എട്ടാം വര്‍ഷം വീണ്ടും വിദേശ ദൗത്യവുമായി മുഅ്തയിലേക്ക് യാത്ര തിരിച്ചത് 'സ്വര്‍ഗത്തില്‍ പാറിക്കളിക്കുന്നവന്‍' എന്ന അപരനാമത്തിന് അര്‍ഹനാവാന്‍ വേണ്ടിയാണ്. പതാകയേന്തിയ ഇരു കരങ്ങളും ശത്രുക്കള്‍ അരിഞ്ഞുവീഴ്ത്തിയപ്പോള്‍ നെഞ്ചോടു ചേര്‍ത്ത പതാകയുമായാണ് ജഅ്ഫര്‍ രക്തസാക്ഷിത്വം വരിച്ചത്. അഗതികളുടെ പിതാവ് (അബുല്‍ മസാകീന്‍) എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ജഅ്ഫര്‍ 90-ലധികം മുറിവുകളേറ്റാണ് സ്വര്‍ഗീയ ശീതളഛായയെക്കുറിച്ച് പാടിക്കൊണ്ട് രക്തസാക്ഷിയായതെന്ന് ഇബ്‌നു ഉമര്‍ ഉദ്ധരിക്കുന്നു.

മൂന്നാമത് നേതൃത്വത്തിലെത്തിയ അബ്ദുല്ലാഹിബ്‌നു റവാഹ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഔദ്യോഗിക കവി കൂടിയായിരുന്നു. തൂലികക്കോ പടവാളിനോ കൂടുതല്‍ മൂര്‍ച്ച എന്ന് സഹസൈനികര്‍ക്ക് വേര്‍തിരിച്ചറിയാനാവാത്ത വിധം നബിയുടെ പ്രവചനത്തെ സാക്ഷ്യപ്പെടുത്തി സ്വന്തം മനസ്സിനെ സ്വര്‍ഗത്തിലേക്ക് ആനയിച്ചുകൊണ്ടാണ് ഇബ്‌നു റവാഹ രക്തസാക്ഷിയായത്. മൂന്നാമത്തെ സേനാമേധാവിയും രക്തസാക്ഷിയായതോടെ താല്‍ക്കാലികമായി പതാകയേന്തിയ സാബിതു ബ്‌നു അഖ്‌റമിന്റെ പിന്നില്‍ സൈനികര്‍ ഒത്തുചേര്‍ന്നു. എന്നാല്‍ യുദ്ധതന്ത്രജ്ഞനായ ഖാലിദു ബ്‌നുല്‍ വലീദിനെ പതാകയും നേതൃത്വവും ഏല്‍പിച്ച് യുദ്ധത്തിന്റെ ഗതി മാറ്റുന്ന രംഗത്തിനാണ് പിന്നീട് ചരിത്രം സാക്ഷ്യം വഹിച്ചത്. സൈനികര്‍ നിലയുറപ്പിച്ച സ്ഥാനങ്ങള്‍ പുനര്‍നിര്‍ണയിച്ച് റോമക്കാരെ യുദ്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാനും വളരെ തന്ത്രപരമായി പിന്‍വാങ്ങി അഭിമാനത്തോടെ തന്നെ മുസ്‌ലിം സേനയെ മദീനയില്‍ തിരിച്ചെത്തിക്കാനും ഖാലിദിന് സാധിച്ചു.

 

ഗുഹാവാസികള്‍

പരിശുദ്ധ ഖുര്‍ആനിലെ അല്‍കഹ്ഫ് അധ്യായത്തിന്റെ ഉള്ളടക്കം നാല് കഥകളും ഈ കഥകള്‍ക്കുള്ളിലെ ചില ഉപകഥകളുമാണ്. ജീവിതത്തില്‍ മനുഷ്യനെ ബാധിച്ചേക്കാവുന്ന നാല് പരീക്ഷണങ്ങളും അവക്കുള്ള പ്രതിവിധിയും അടങ്ങിയ ഈ അധ്യായം വിശ്വാസികള്‍ വെള്ളിയാഴ്ചകളില്‍ പാരായണം ചെയ്യണമെന്നാണ് പ്രവാചക നിര്‍ദേശം. ആദര്‍ശത്തിന്റെ പേരില്‍ പരീക്ഷിക്കപ്പെട്ട ഏഴ് യുവാക്കള്‍, സമ്പത്തിനാല്‍  പരീക്ഷിക്കപ്പെട്ട തോട്ടക്കാരന്‍, പാണ്ഡിത്യം പരീക്ഷണമാണെന്ന് പഠിപ്പിക്കുന്ന മൂസ-ഖിദ്ര്‍ സംഭവം, അധികാര പരീക്ഷണത്തില്‍ അടിപതറാതിരുന്ന ദുല്‍ഖര്‍നൈന്‍ എന്നിങ്ങനെയാണ് കഥാസാരം. ദിഖ്യാനൂസ് രാജാവിന്റെ പീഡനത്തില്‍നിന്ന് ആദര്‍ശ സംരക്ഷണത്തിനായി ഗുഹയില്‍ അഭയം തേടിയ ഏഴ് യുവാക്കളുടെ കഥ അല്‍കഹ്ഫ് അധ്യായത്തില്‍ ഒമ്പത് മുതല്‍ 26 വരെയുള്ള 18 സൂക്തങ്ങളിലായി ഖുര്‍ആന്‍ അനാവരണം ചെയ്യുന്നു.

യുവാക്കളും തങ്ങളുടെ കൂടെയുണ്ടായിരുന്ന കാവല്‍നായയും അഭയം തേടിയ ഗുഹ ജോര്‍ദാന്‍ തലസ്ഥാന നഗരമായ അമ്മാനില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ്. ഗുഹയും അതിന് മുകളില്‍ പൗരാണിക കാലത്ത് നിര്‍മിക്കപ്പെട്ട പള്ളിയുടെ ഭാഗങ്ങളും സംരക്ഷിച്ചു നിര്‍ത്തിയതിനു പുറമെ, പ്രദേശത്ത് പുതിയ പള്ളിയും സര്‍ക്കാര്‍ നിര്‍മിച്ചിട്ടുണ്ട്. ഗുഹാവാസികള്‍ അഭയം തേടിയ ഗുഹയെക്കുറിച്ച് മറ്റു ചില രാജ്യങ്ങള്‍ക്കും അവകാശവാദമുണ്ടെങ്കിലും പണ്ഡിതന്മാരിലും ചരിത്രകാരന്മാരിലും ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത് അത് ജോര്‍ദാനിലെ ഗുഹയാണ് എന്നാണ്. സൂര്യനുദിക്കുമ്പോഴും അസ്തമിക്കുമ്പോഴും ഗുഹയിലേക്ക് പ്രകാശം വരുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഖുര്‍ആനിക സൂക്തം ഈ ഗുഹക്കാണ് ചേരുന്നത് എന്നാണ് ഇവരുടെ ന്യായം. മധ്യ ജോര്‍ദാനിലെ അല്‍കര്‍കിനടുത്തുള്ള മുഅ്തയില്‍നിന്ന് 131 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഞങ്ങള്‍ ഗുഹാവാസികളുടെ മലയിലെത്തെിയത്. ഖുര്‍ആനിക സൂക്തങ്ങളുടെ വെളിച്ചത്തില്‍ ഞങ്ങളുടെ ഗൈഡ് ആ ചരിത്രം വിശദീകരിച്ചു. ജോര്‍ദാനിലെ മിക്ക ചരിത്ര സ്ഥലങ്ങളിലും ക്രിസ്തീയ പ്രയോഗങ്ങളാണ് കാണാനാവുക. അസ്ഹാബുല്‍ കഹ്ഫ് എന്ന ഖുര്‍ആനിക പ്രയോഗത്തിനു പകരം ഗുഹയില്‍ ഉറങ്ങിയ ഏഴു പേര്‍ അഥവാ 'സെവന്‍ സ്ലീപേഴ്‌സ് കേവ്' എന്ന് ഇവിടെ എഴുതിവെച്ചതും ഇതിന്റെ ഭാഗമാണ്.

 

അമ്മാന്‍ സിറ്റാഡല്‍

തലസ്ഥാന നഗരിയുടെ മധ്യത്തിലുള്ള പര്‍വതങ്ങളിലൊന്നാണ് അമ്മാന്‍ നഗരത്തിന്റെ ഏറ്റവും ആകര്‍ഷകമായ സിറ്റാഡല്‍ എന്ന പേരിലറിയപ്പെടുന്ന കോട്ട. മ്യൂസിയം, ചര്‍ച്ച്, ഉമയ്യത്ത് ഭരണ ആസ്ഥാനമായിരുന്ന കെട്ടിട സമുച്ചയം എന്നിവയും അധികൃതര്‍ സംരക്ഷിച്ചു നിലനിര്‍ത്തിയിട്ടുണ്ട്. കാലപ്പഴക്കത്തിലും ഭൂചലനത്തിലും നശിച്ച അവശിഷ്ടങ്ങള്‍ പോലും പഴമയുടെ പ്രൗഢി വിളിച്ചോതുന്നു. ചരിത്ര ശേഷിപ്പുകളുടെ വന്‍കലവറ ഉള്‍ക്കൊള്ളുന്ന മ്യൂസിയവും അമ്മാന്‍ സിറ്റാഡലിന്റെ ഭാഗമാണ്. അമ്മാന്‍ നഗരത്തിന് ചരിത്രത്തില്‍ ലഭിച്ച വിവിധ പേരുകള്‍ കവാടത്തിലെ ശിലാസ്തൂപങ്ങളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കുന്നിന്‍മുകളില്‍ നിന്നാല്‍ താഴ്‌വാരത്തിലെ റോമന്‍ തിയേറ്ററും മലഞ്ചെരിവുകളിലെ ഫലസ്ത്വീന്‍ അഭയാര്‍ഥി കെട്ടിടങ്ങളും കാണാം.

 

ജബലുന്നബി (നബിയുടെ പര്‍വതം)

മൗണ്ട് നെബോ എന്ന പേരില്‍ ടൂറിസ്റ്റ് മാപ്പില്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയ പര്‍വതം പ്രവാചകന്‍ മൂസായുടെ പേരില്‍ പ്രശസ്തമായതാണ്. അറബിയില്‍ ഇത് ജബലുന്നബി എന്നാണ് അറിയപ്പെടുന്നത്. അമ്മാനില്‍നിന്ന് 34 കിലോമീറ്റര്‍ അകലെ മഅ്ദബ ഭാഗത്താണ് പര്‍വതം സ്ഥിതി ചെയ്യുന്നത്. പ്രവാചകന്‍ മൂസാക്ക് വാഗ്ദത്ത ഭൂമിയും ജറീക്കോ ഉള്‍പ്പെടുന്ന കന്‍ആന്‍ ദേശവും ദൈവം കാണിച്ചുകൊടുത്തത് ഈ പര്‍വത ശിഖരത്തില്‍ വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ പര്‍വതത്തിന്റെ മുകളില്‍ നിന്നാല്‍ ഫലസ്ത്വീനിലെ അറീഹ, ഖലീല്‍, റാമല്ല തുടങ്ങിയ പടിഞ്ഞാറേ കരയും ഇസ്രയേല്‍, ജോര്‍ദാന്‍ നദി, യേശുവിനെ സ്‌നാനം ചെയ്ത ബെഥാനി തുടങ്ങിയവയും ചാവുകടലും നമുക്ക് കാണാനാവും. മതസംസ്‌കാരങ്ങളുടെ സംഗമഭൂമിയായ കന്‍ആന്‍ ദേശത്തേക്ക് എത്തിനോക്കുന്ന ഗിരിമുകളില്‍ നിന്നാല്‍ 'ഞാന്‍ എല്ലാം കാണുന്നു' എന്ന ഗരിമ ഈ പര്‍വത ശിഖരം നമ്മോട് മന്ത്രിക്കുന്നതായി തോന്നും. സമുദ്രനിരപ്പില്‍നിന്ന് 1,250 മീറ്റര്‍ ഉയരത്തിലാണ് ഈ പര്‍വതം. പ്രവാചകന്‍ മൂസാ വാഗ്ദത്ത ഭൂമി ദര്‍ശിച്ച ശേഷം ഇവിടെ വെച്ച് മരണപ്പെട്ടു എന്ന വിശ്വാസത്താലാവാം 'മഖാം മൂസാ' എന്ന് മലമുകളില്‍ ഒരു ഭാഗത്തിന് പേരു വന്നത്. 

യഅ്ഖൂബ്, മൂസാ, ഈസാ എന്നീ പ്രവാചകന്മാരെ പ്രതിനിധീകരിച്ച് ത്രികോണ സ്തൂപം, റോമന്‍ കൊത്തുപണിയുടെ പൗരാണിക മൊസൈക് ശേഖരം, ഫ്രാന്‍സിസ്‌കന്‍ സന്യാസി സമൂഹം സംരക്ഷിച്ചുപോരുന്ന ചര്‍ച്ച്, വൈദ്യശാസ്ത്രത്തിന്റെ പ്രതീകമായി ഇറ്റാലിയന്‍ ശില്‍പി ജയോവാനി ലോഹത്തില്‍ നിര്‍മിച്ച കൂറ്റന്‍ സര്‍പ്പശില്‍പം എന്നിവ പര്‍വതത്തിന്റെ വിവിധ ഭാഗങ്ങളിലായി സംവിധാനിച്ചിരിക്കുന്നു. ചര്‍ച്ചിനുള്ളിലെ നിലത്ത് പാകിയ പൗരാണിക റോമന്‍ കൊത്തുപണി സംരക്ഷിക്കാന്‍ മുകളിലൂടെ നടക്കാവുന്ന കനത്ത ചില്ലുകല്ലുകള്‍ പാകിയിട്ടുണ്ട്.

 

ജീവസ്പന്ദനമില്ലാത്ത ചാവുകടല്‍

ചാവുകടല്‍ ദൈവിക ദൃഷ്ടാന്തമാണ്. ഒരു ജനതയുടെ അധാര്‍മിക ലൈംഗിക അതിരുകവിയലിന് ആ പ്രദേശത്തെ ഭൂമി കീഴ്‌മേല്‍ മറിച്ചുകൊണ്ട് അല്ലാഹു നല്‍കിയ ശിക്ഷ. സൂറത്ത് യൂസുഫിലെ 105-ാം സൂക്തത്തില്‍ പറഞ്ഞതാണ് ശരി എന്ന് ചാവുകടല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ബോധ്യപ്പെടും; 'ആകാശഭൂമിയില്‍ എത്രയെത്ര ദൃഷ്ടാന്തങ്ങള്‍, അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്തുകൂടി കടന്നുപോകുന്നു.'

37 ശതമാനം ഉപ്പിന്റെ അളവും ഉയര്‍ന്ന സാന്ദ്രതയും കാരണം ചാവുകടലില്‍ അമീബ പോലും വളരില്ല. ഈ ഭൂമിയില്‍ ഇനി ജീവന്റെ സ്പന്ദനം ഉണ്ടാവരുതെന്ന് ദൈവം തീരുമാനിച്ചതാവാം. 50 കിലോമീറ്റര്‍ നീളവും 15 കിലോമീറ്റര്‍ വീതിയും 430 മീറ്റര്‍ ആഴവുമുള്ള ചാവുകടല്‍ തീരത്ത് സന്ദര്‍ശകരായി എത്തുന്നവരല്ലാതെ മറ്റൊരു ജീവിയെയും കാണാനാവില്ല. മനുഷ്യന്‍ പോലും ഈ ഉപ്പുജലത്തില്‍ പൊങ്ങുതടിപോലെ കാറ്റിന്റെ ഗതിക്കനുസരിച്ച് ഒഴുകിനീങ്ങും. ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ ആഗോള കുത്തക കമ്പനികളുടെ ഹോട്ടലുകളും റിസോട്ടുകളും ഭക്ഷണശാലകളും അവയുടെ ഭാഗമായുള്ള നീന്തല്‍ കുളങ്ങളും തീരം കൈയടക്കിയിരിക്കുന്നു. ജബലുന്നബിയില്‍നിന്ന് താഴ്‌വാരമിറങ്ങി അല്‍ഖുദ്‌സ് റോഡിലൂടെ 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചാവുകടല്‍ തീരത്തെത്തും. മലമുകളില്‍നിന്ന് കണ്ട കന്‍ആന്‍ ദേശവും ജറീക്കോയും ജോര്‍ദാന്‍ നദിയും ഇപ്പോള്‍ കൂടുതല്‍ അടുത്തുനിന്ന് കാണാനാവും. ചാവുകടലിന്റെ പ്രമുഖ സ്രോതസ്സായ ജോര്‍ദാന്‍ നദി ഇസ്രയേല്‍ കെട്ടിനിര്‍ത്തിയതോടെ ചാവുകടല്‍ വരണ്ടുതുടങ്ങിയിട്ടുണ്ട്. പുഴ എന്ന പേരിനു പോലും അര്‍ഹമല്ലാത്തത്ര ജോര്‍ദാന്‍ നദി വളരെ നേര്‍ത്തു പോയിട്ടുണ്ട്. നദിക്ക് കുറുകെ ഇസ്രയേല്‍ തീര്‍ത്ത അണകളാണ് ഇതിനു കാരണം. ഫാക്ടറികള്‍ പുറം തള്ളുന്ന മലിനജലം മാത്രമാണ് ഇപ്പോള്‍ താഴേക്ക് ചാലിട്ടൊഴുകുന്നത്. ചാവുകടലില്‍ ജലമിറങ്ങിയ ഭാഗത്തിന്റെ ദൃശ്യം തീരത്ത് വ്യക്തമായി കാണാം. 'ചാവുകടല്‍ ചാവുന്നതിനു മുമ്പ് സന്ദര്‍ശിക്കുക' എന്ന് ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രചരിക്കുന്നതും ഇതിനാലാകാം. ചെങ്കടലില്‍നിന്ന് കൃത്രിമ തടാകം നിര്‍മിച്ച് ചാവുകടല്‍ സംരക്ഷിക്കാനുള്ള പദ്ധതിയും ജോര്‍ദാന്‍ സര്‍ക്കാറിന്റെ ആലോചനയിലുണ്ട്.

 

അസ്ഹാബുല്‍ ഐകയില്‍; ശുഐബ് നബിയുടെ നാട്ടില്‍

അറബ് ഭൂപ്രദേശത്തേക്ക് നിയോഗിതനായ പ്രവാചകന്മാരില്‍ മൂന്നാമനാണ് ശുഐബ് നബി. ഖുര്‍ആനിക വിവരണമനുസരിച്ചുള്ള കാലഗണനയില്‍ ആദ് ജനതയിലേക്ക്, അഥവാ അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കന്‍ പ്രദേശമായ അല്‍ അഹ്ഖാഫിലേക്ക് നിയോഗിതനായ ഹൂദ് നബി, അറേബ്യയുടെ വടക്കന്‍ പ്രദേശമായ അല്‍ഹിജ്‌റിലെ സമൂദ് വംശത്തിലേക്ക് നിയോഗിതനായ സ്വാലിഹ് നബി എന്നിവരാണ് ശുഐബ് നബിക്ക് മുമ്പ് ഇവിടേക്ക് വന്ന പ്രവാചകന്മാര്‍. മദ്‌യന്‍ ജനതയില്‍ നിലനിന്ന സാമ്പത്തിക കൃത്രിമങ്ങള്‍ തിരുത്താനാണ് ശുഐബ് നബി നിയോഗിതനായത്. ഏകദൈവ വിശ്വാസത്തിന് വിരുദ്ധമായി ഒരു മരത്തെ ആരാധിച്ചിരുന്നതിനാലാണ് ഇവരെ അസ്ഹാബുല്‍ ഐക എന്ന് വിളിക്കുന്നത്.

എന്നാല്‍ സുഊദിയുടെ വടക്കന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് തബൂക്ക് പ്രവിശ്യയിലുള്ള മദ്‌യന്‍ ശുഐബും ജോര്‍ദാനിലെ അസ്ഹാബുല്‍ ഐക പ്രദേശവും ഒന്നാകാന്‍ സാധ്യമല്ലാത്തതിനാല്‍ ഇവ രണ്ടും രണ്ട് ജനവിഭാഗമാണെന്നും രണ്ടിലേക്കും നിയോഗിതനായ പ്രവാചകനാണ് ശുഐബ് നബിയെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും അഭിപ്രായമുണ്ട്. ഇബ്‌നുകസീര്‍, ത്വബരി പോലുള്ള പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മദ്‌യനും അസ്ഹാബുല്‍ ഐകയും ഒരേ ജനതയാണെന്ന പക്ഷക്കാരാണ്.

ചാവുകടലില്‍നിന്ന് 40 കിലോമീറ്റര്‍ കുന്നുകളും താഴ്‌വരയും താണ്ടിയാണ് അസ്ഹാബുല്‍ ഐകയിലെത്തിയത്. ബല്‍ഖാഅ് പ്രവിശ്യയിലൂടെയുള്ള യാത്രയില്‍ വഴി നീളെ പാതയുടെ താഴ്ഭാഗത്തുള്ള അരുവിക്ക് ശുഐബ് താഴ്‌വര എന്നാണ് പേര്. പ്രവാചകന്‍ മൂസാ ഈജിപ്തില്‍നിന്ന് അഭയം തേടി വന്നതും ആടുകളെ മേക്കുന്ന പെണ്‍കുട്ടികള്‍ക്ക് വെള്ളം നല്‍കിയതും ഈ താഴ്‌വരയില്‍ വെച്ചാണോ? അദ്ദേഹത്തിന് അഭയം നല്‍കുകയും മകളെ വിവാഹം കഴിപ്പിച്ചു നല്‍കുകയും ചെയ്ത 'ഉത്തമ മനുഷ്യന്‍' എന്ന വ്യക്തി ശുഐബ് നബിയാണോ? ഖുര്‍ആന്‍  പേരുകള്‍ പരാമര്‍ശിക്കാത്തതിനാല്‍ ചരിത്രകാരന്മാരുടെ വിവരണത്തെ അവലംബിക്കുകയല്ലാതെ മാര്‍ഗമില്ല. സുഊദിയിലെ മദ്‌യനില്‍ ശുഐബ് നബിയുടെ ജനതയുടേതെന്ന് പറയപ്പെടുന്ന ഏതാനും ശിലാഭവനങ്ങളും മൂസാ നബിയിലേക്ക് ചേര്‍ത്തു പറയുന്ന ഉറവയും (ഉയൂന്‍ മൂസാ) മാത്രമാണുള്ളത്. എന്നാല്‍ അസ്ഹാബുല്‍ ഐകയില്‍ ശുഐബ് നബിയുടെ ഖബ്‌റും മഖാമും ജോര്‍ദാന്‍ സര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു.

യഅ്ഖൂബ് നബിയുടെയും 11 സന്തതികളുടെയും പ്രദേശം കൂടിയാണ് ഞങ്ങള്‍ കുന്നുകയറി സഞ്ചരിച്ച ബല്‍ഖാഅ് പ്രദേശമെന്ന് ഗൈഡ് ബസ്സിലിരുന്ന് വിശദീകരിച്ചു. യൂസുഫ് നബിയിലൂടെ ഇവരുടെ ഈജിപ്തിലേക്കുള്ള കുടിയേറ്റം മുതല്‍ മൂസാ, ഹാറൂന്‍ പ്രവാചകന്മാരിലൂടെ ഇസ്രാഈല്യരുടെ മോചനം വരെയുള്ള കഥകള്‍ അദ്ദേഹം ഖുര്‍ആനിക സൂക്തങ്ങളുടെ പിന്‍ബലത്തോടെ ചുരുക്കി വിവരിച്ചപ്പോഴാണ് ജോര്‍ദാന്‍ സാക്ഷ്യം വഹിച്ച ചരിത്ര ഗതിവിഗതികളെക്കുറിച്ച് ഓര്‍ത്തുപോയത്.

 

പ്രമുഖരുടെ ഖബ്‌റുകള്‍

യാത്രയുടെ അവസാന ദിവസം ഉച്ചക്ക് മുമ്പുള്ള സമയത്താണ് ഹിജ്‌റ 18-ല്‍ (ക്രി. 640) ശാമില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് രോഗത്തെത്തുടര്‍ന്ന് മരിച്ച പ്രമുഖ സ്വഹാബിമാരുടെ മഖ്ബറകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചത്. ഈ ഉമ്മത്തിന്റെ വിശ്വസ്തന്‍ എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച അബൂഉബൈദതുല്‍ ജര്‍റാഹ് അന്ത്യവിശ്രമം കൊള്ളുന്നത് ജോര്‍ദാനില്‍നിന്ന് അല്‍ഗോര്‍ ഹൈവേയില്‍ 53 കിലോമീറ്റര്‍ അകലെയുള്ള അല്‍ബലാവിന എന്ന പ്രദേശത്താണ്. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തു പേരില്‍ ഉള്‍പ്പെട്ട ഈ പ്രമുഖ സ്വഹാബി ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ പിന്‍ഗാമിയായി ഖലീഫയാക്കുമായിരുന്നുവെന്ന് ഫാറൂഖ് ഉമര്‍ പറഞ്ഞതായി ചരിത്രം രേഖപ്പെടുത്തുന്നു.

അംവാസ് പ്ലേഗ് എന്ന പേരില്‍ പ്രസിദ്ധമായ പകര്‍ച്ചവ്യാധിയില്‍ 25,000 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ പ്രമുഖ സ്വഹാബിമാരും ഉള്‍പ്പെടുന്നു. മുആദു ബ്‌നു ജബല്‍, ശുറഹ്ബീലു ബ്‌നു ഹസന, സുഹൈലു ബ്‌നു അംറ്, അബൂജന്‍ദല്‍ തുടങ്ങിയവര്‍ ഈ പകര്‍ച്ചവ്യാധിയിലാണ് മരണപ്പെട്ടത്. എന്നാല്‍ ഇവരുടെ ഖബ്‌റുകള്‍ കിലോമീറ്ററുകള്‍ അകലത്തിലാണ്. ഏകദേശം സമീപത്തുള്ള ളിറാറുബ്‌നു അല്‍അസ്വറിന്റെ ഖബ്ര്‍ ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി. റോമക്കാരുമായുള്ള പോരാട്ടത്തില്‍ തന്റെ ചലനത്തിന് ഭാരമാവുമെന്നു കണ്ട് പടയങ്കിപോലും ഊരിയെറിഞ്ഞ് തുറന്ന നെഞ്ചുമായാണ് റോമന്‍ സൈന്യത്തെ അദ്ദേഹം നേരിട്ടത്. റോമക്കാരുടെ പേടിസ്വപ്‌നമായിരുന്നു ഈ 'പടയങ്കി ധരിക്കാത്ത പോരാളി.' ഇദ്ദേഹത്തിന്റെ സഹോദരി ഖൗല ബിന്‍ത് അല്‍അസ്വറാണ് മുഖംമൂടിയണിഞ്ഞ് പുരുഷപ്പടയാളിയുടെ വേഷം ധരിച്ച് പടക്കളത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ആരാണീ അപരിചിതനായ പോരാളി എന്ന് സേനാനായകന്‍ ഖാലിദുബ്‌നു വലീദ് പോലും ചോദിച്ചുപോയത്രെ. മുഖംമൂടി മാറ്റിയപ്പോഴാണ് ഖൗലയെ അവര്‍ തിരിച്ചറിഞ്ഞത്.

 

ഫിലാഡെല്‍ഫിയ അഥവാ സാഹോദര്യസ്‌നേഹം

തലസ്ഥാനത്തെ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള കിംഗ് അബ്ദുല്ല പള്ളിയിലെ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്തുകൊണ്ടാണ് ഞങ്ങളുടെ ജോര്‍ദാന്‍ സന്ദര്‍ശനത്തിന് വിരാമം കുറിച്ചത്. നാലു ദിവസം ഞങ്ങള്‍ ജോര്‍ദാനില്‍ സഞ്ചരിച്ച ബസ് കമ്പനിയുടെ പേര് 'ഫിലാഡെല്‍ഫിയ' എന്നാണ്. അമ്മാന്‍ നഗരത്തിന്റെ പ്രശസ്തമായ പൗരാണിക പേരുകളിലൊന്നാണിത് എന്ന് തലസ്ഥാനത്തെ സിറ്റാഡല്‍ കവാടത്തില്‍ സ്ഥാപിച്ച സ്തൂപങ്ങളിലെ ലിഖിതത്തില്‍ കാണാം. 'സാഹോദര്യസ്‌നേഹം' എന്ന ആ വാക്കര്‍ഥത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ജോര്‍ദാനിലെ അനുഭവങ്ങള്‍. എന്നു മാത്രമല്ല യാത്രാസംഘത്തിലെ അംഗങ്ങള്‍ക്കിടയിലും മറക്കാനാവാത്ത 'ഫിലാഡെല്‍ഫിയ' രൂപപ്പെട്ടുകഴിഞ്ഞിരുന്നു. 7.7 ദശലക്ഷം വരുന്ന തങ്ങളുടെ സ്വന്തം പൗരന്മാര്‍ക്കൊപ്പം നാല് ദശലക്ഷം ഫലസ്ത്വീന്‍-സിറിയന്‍ അഭയാര്‍ഥികള്‍ക്കു കിടപ്പാടവും ജീവിത സൗകര്യങ്ങളുമൊരുക്കി പതിറ്റാണ്ടുകളായി ജോര്‍ദാന്റെ 'ഫിലാഡെല്‍ഫിയ' തുടരുകയാണല്ലോ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (45)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിന് പള്ളി അനിവാര്യമല്ലെന്നോ?
കെ.സി ജലീല്‍ പുളിക്കല്‍