സംസമും മറ്റു ചില ഉറവകളും
സംസം...
നീയൊരു പ്രതീക്ഷയാണ്,
അഭയാര്‍ഥികളായ
ആയിരം അമ്മമാരുടെ.
പൈദാഹത്താല്‍ കരയുന്ന
ഇസ്മാഈലുമാരോട്
അവര്‍ പറഞ്ഞുകൊണ്ടേ
ഇരിക്കുന്നു.
ഒരിക്കല്‍
കുഞ്ഞു കാലടികളില്‍നിന്നും
നീ ഉരുവം കൊള്ളുമെന്നും
കര കവിഞ്ഞൊഴുകുമെന്നും.
വല്ലാതെ വേദനിക്കുന്ന
രാത്രികളില്‍
മണ്ണിനടിയിലുള്ള
മറ്റു ചില ഉറവകളെ കുറിച്ചും
അവര്‍ മക്കളോട്
മന്ത്രിക്കാറുണ്ട്.
അടുപ്പുകല്ലിനടിയില്‍
നിന്നുപോലും
പുറപ്പെടുന്ന
മഹാപ്രളയമായി മാറുന്നവ..
മര്‍ദകരുടെ
മാര്‍ബ്ള്‍ കൊട്ടാരങ്ങളുടെ
മുഖപ്പുകള്‍ അതിനടിയിലമരും.
അംബരചുംബികള്‍ക്കും
മീതെ അതുയരും.
മുകളിലൊഴുകുന്ന
കപ്പലില്‍
ആദ്യം ഇടം പിടിക്കുക
അവര്‍ തന്നെയായിരിക്കും.
ഒരു സുരക്ഷിത യാനത്തിനായി
കാലങ്ങളോളം കടല്‍ത്തീരത്ത്
കാത്തുകെട്ടി കിടന്നവര്‍.
നിസ്സഹായതയില്‍
നിന്നുളവായ കുറ്റബോധത്താല്‍
ഹതാശരായ ചിലരെ
കടല്‍ ജീവികള്‍
തങ്ങളുടെ ഉദരങ്ങളുടെ ഇരുട്ടില്‍
സംരക്ഷിച്ചേക്കാം.
ചിലര്‍ വടികൊണ്ടടിക്കുമ്പോള്‍
വെള്ളം ഇരു പാര്‍ശ്വങ്ങളിലേക്കും
ഭിത്തികളായി
മാറിനിന്നേക്കാം.
ധിക്കാരികളെയെല്ലാം
മൂടിക്കളയുന്ന
ആ മഹാപ്രളയം, വരാതിരിക്കില്ല.
മണ്ണില്‍ പതിക്കുന്ന
ഓരോ നിരപരാധിയുടെയും
ചോരത്തുള്ളികള്‍
ചെന്നെത്തുന്നത്
അതിന്റെ ഉറവിടങ്ങളിലേക്കു തന്നെയാണ്.
കനിവിനു വേണ്ടിയുള്ള
ഓരോ പ്രാര്‍ഥനാ മന്ത്രവും
സംസമില്‍ ചെന്നെത്തുന്നതു പോലെ.
Comments