അക്രമ രാഷ്ട്രീയത്തിനെതിരെ സര്‍ഗാത്മക പ്രതിരോധമാണ് കാമ്പസുകള്‍ ആവശ്യപ്പെടുന്നത്
കാമ്പസുകളെ കുറിച്ച് രണ്ട് രീതിയിലുള്ള കാഴ്ചപ്പാടുകളാണ് പൊതുവെ പങ്കു വെക്കപ്പെടാറുള്ളത്. അതിലൊന്ന്, സൗഹൃദങ്ങളുടെയും സ്വപ്‌നങ്ങളുടെയും പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും ആഘോഷ ഇടങ്ങളാണ് കാമ്പസ് എന്നത്രെ. കാമ്പസ് മാഗസിനുകളിലും കാമ്പസ് അനുഭവങ്ങളുടെ ഗൃഹാതുര വിവരണങ്ങളിലും ഇത് നിറഞ്ഞു നില്‍ക്കുന്നതു കാണാം. സര്‍ഗാത്മകത വറ്റിയ, അരാഷ്ട്രീയവത്കരിക്കപ്പെട്ട, മത-ജാതി വര്‍ഗീയ വിഭാഗങ്ങള്‍ സ്വാധീനം നേടുന്ന നഷ്ട പൈതൃകത്തിന്റെ നെടുവീര്‍പ്പുകളാണ് കാമ്പസ് എന്നതാണ് രാമത്തേത്. ഈ കാഴ്ചപ്പാട് പൊതുവെ പരമ്പരാഗത വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളുടെ ആശയ ദാരിദ്ര്യം മറച്ചുപിടിക്കലും പുതുകാല രാഷ്ട്രീയ -സാമൂഹിക ഉണര്‍വുകള്‍ക്ക് നേരെ കണ്ണടക്കലുമാണ്. എല്ലാ കാലത്തും കാമ്പസിന് ചില പൊതു സ്വഭാവങ്ങളുണ്ടായിരുന്നു. അത് ഏറിയും കുറഞ്ഞുമെല്ലാം വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രതിഫലിക്കാറുമുണ്ട്. ക്രിയാത്മകമായ ചില മാറ്റങ്ങള്‍ കാമ്പസുകളില്‍ അനിവാര്യമായും സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന ബോധ്യത്തിലേക്ക് വിദ്യാര്‍ഥി സംഘടനകളും മറ്റു പാര്‍ട്ടികളും എത്തിപ്പെടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.
എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകം കാമ്പസ് രാഷ്ട്രീയത്തെ വീണ്ടും മുഖ്യധാരാ ചര്‍ച്ചകളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. തീര്‍ച്ചയായും ഹീനവും അപലപനീയവുമായ സംഭവമാണ് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായത്. കാമ്പസ് സംഘര്‍ഷങ്ങള്‍ പതിവു കാഴ്ചയാണെങ്കിലും അത് കൊലപാതകത്തിലേക്ക് എത്തുന്നത് വളരെ വിരളമാണ്. എന്നാല്‍ പ്രസ്തുത സംഭവം ഒരു കാമ്പസ് സംഘര്‍ഷമായിരുന്നില്ല എന്നും, ആസൂത്രിതമായ ഭീകരവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും വരുത്തിത്തീര്‍ക്കാനാണ് തുടക്കം മുതലേ ഇടതുപക്ഷം ബോധപൂര്‍വം ശ്രമിച്ചത്. പിണറായി വിജയന്റെയും എം.എ ബേബിയുടെയും എം. സ്വരാജിന്റെയും നിധീഷ് നാരായണന്റെയുമടക്കമുള്ള പ്രതികരണങ്ങള്‍ ആ തരത്തിലുള്ളതായിരുന്നു. കാമ്പസ് രാഷ്ട്രീയ സംഘര്‍ഷമെന്ന വിശകലനങ്ങള്‍ മൊത്തത്തില്‍ എസ്.എഫ്.ഐയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്ന കൃത്യമായ ബോധ്യമാണ് ഇതിനെ ഭീകരവാദ-തീവ്രവാദ ഘടകങ്ങള്‍ ചേര്‍ത്ത് അവതരിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അതോടൊപ്പം പൊതുവെ കൊലപാതകങ്ങളിലും സംഘര്‍ഷങ്ങളിലുമുണ്ടാകുന്ന മതഘടകങ്ങളെ വര്‍ഗീയ ആരോപണം വെച്ച് മുതലെടുപ്പ് നടത്തുന്ന പതിവു രീതിയും കാണാന്‍ കഴിയും. പ്രത്യേകിച്ച് മറുപക്ഷത്ത് കാമ്പസ് ഫ്രണ്ട് ആയതുകൊണ്ട് വളരെ എളുപ്പത്തില്‍ അത്തരമൊരു ആഖ്യാനം സ്ഥാപിച്ചെടുക്കാനും ഇവിടെ അവര്‍ക്ക് സാധിക്കും.
എസ്.എഫ്.ഐയെ സംബന്ധിച്ചേടത്തോളം കൈയൂക്കും അക്രമവും ഭീഷണിയുമൊക്കെ പ്രയോഗിച്ചാണ് കാമ്പസുകളില്‍ അവരുടെ സമഗ്രാധിപത്യം നിലനിര്‍ത്തിപ്പോരുന്നത്. അവര്‍ക്കെതിരായ ശബ്ദങ്ങള്‍ മാത്രമല്ല മറ്റൊരു ശബ്ദവും മറ്റൊരു കൊടിയും അടയാളവും കാമ്പസില്‍ ഉണ്ടാവരുതെന്നാണ് തിട്ടൂരം. തങ്ങള്‍ കൂടി ഉന്നയിക്കുന്ന രാഷ്ട്രീയമാണെങ്കില്‍ പോലും മറ്റാരെങ്കിലും അത് ഉന്നയിച്ചാല്‍ അതിനെയും അടിച്ചൊതുക്കുന്ന ഏകാധിപത്യം. അതുകൊണ്ടാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലഘുലേഖ വിതരണം ചെയ്തതിനും ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുകയെന്ന മുദ്രാവാക്യം വിളിച്ചതിനും സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയം പറഞ്ഞതിനുമെല്ലാം എസ്.എഫ്.ഐ മറ്റുള്ളവരെ മര്‍ദിച്ചിട്ടുള്ളത്.
എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തെ സമാനരീതിയില്‍ പ്രതിരോധിക്കുക എന്ന നിലപാടാണ് കാമ്പസ് ഫ്രണ്ടിന്റേത്. ചിലപ്പോഴൊക്കെ സായുധമായ ആക്രമണങ്ങള്‍ എസ്.എഫ്.ഐക്കെതിരെ അവര്‍ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ് അതിന് ഉദാഹരണമാണ്. പക്ഷേ, ഇത്തരം പ്രതിരോധങ്ങള്‍ സംഘടനാപരമായും ആശയപരമായും അവര്‍ക്കെന്ത് നേടിക്കൊടുത്തു എന്നതിന്റെ ഉത്തരം കാമ്പസുകളിലെ കാമ്പസ് ഫ്രണ്ടിന്റെ സാന്നിധ്യത്തെയും സ്വാധീനത്തെയും കുറിച്ചന്വേഷിച്ചാല്‍ കണ്ടെത്താനാകും. ഒരര്‍ഥത്തിലും ശ്രദ്ധേയമായ സാന്നിധ്യമാകാന്‍ അവര്‍ക്ക് കഴിയാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല.
അതേസമയം തങ്ങളുടെ മുഴുവന്‍ അക്രമപ്രവര്‍ത്തനങ്ങളെയും മറച്ചുപിടിക്കാനും മതേതരത്വത്തിന്റെ ആനുകൂല്യത്തില്‍ കാമ്പസുകളില്‍ കൂടുതല്‍ ആധിപത്യമുറപ്പിക്കാനും എസ്.എഫ്.ഐക്ക് കഴിയും എന്നതാണ് ഈ കൊലപാതകത്തിലൂടെ അവര്‍ക്കുണ്ടാകുന്ന ഗുണഫലം. അക്രമത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതോ ജനാധിപത്യ സംവിധാനത്തിനകത്ത് സായുധ പ്രതിരോധമോ ഗുണം ചെയ്യില്ല എന്ന ബോധ്യം ഈ ചെയ്തി വീണ്ടും ഓര്‍മപ്പെടുത്തുന്നു. സര്‍ഗാത്മക ഇടപെടലുകളും ആശയ പ്രതിരോധങ്ങളും ഒരു പരിധിവരെ അക്രമരാഷ്ട്രീയത്തില്‍നിന്നും ഏകാധിപത്യ പ്രവണതകളില്‍നിന്നും പിന്തിരിയാന്‍ കാരണമാകുന്നുണ്ടെന്ന് എസ്.ഐ.ഒവിന്റെ കാമ്പസ് അനുഭവങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
2000-ത്തിനു ശേഷമാണ് എസ്.ഐ.ഒ കാമ്പസ് രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമാകുന്നത്. സ്വാഭാവികമായും എസ്.എഫ്.ഐ ആയിരുന്നു എസ്.ഐ.ഒവിന്റെ മുഖ്യപ്രതിപക്ഷം. മത ഉള്ളടക്കമുള്ള ഏതൊരാശയവും ഭീകരവും പിന്തിരിപ്പനും അതിനാല്‍ തന്നെ ചെറുത്തുതോല്‍പിക്കേണ്ടതാണെന്നുമുള്ള, ഇടതുപക്ഷം തന്നെ സൃഷ്ടിച്ച പൊതുബോധത്തില്‍ നിന്നുകൊണ്ടാണ് എസ്.ഐ.ഒവിനെയും നേരിട്ടത്. മതമൗലവികവാദികളെന്നും വര്‍ഗീയവാദികളെന്നും വിളിച്ച് നിരന്തരം ആക്ഷേപിച്ചു. അക്രമിക്കാനും മര്‍ദിക്കാനുമുള്ള ന്യായീകരണമായി ഈ വര്‍ഗീയമുദ്രകള്‍ വളരെ എളുപ്പത്തില്‍ അവര്‍ എടുത്തുപയോഗിച്ചു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 'പുരോഗമന' കാമ്പസുകളിലെ ഇടിമൂലകളും ഇടിമുറികളും എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് പരിചിതമാണ്. മര്‍ദിക്കുന്നതോടൊപ്പം തങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ടു പോകുന്നതിന്റെ മുഴുവന്‍ സാധ്യതകളും ഇല്ലാതാക്കി മാനസികമായി തകര്‍ക്കാനും അവര്‍ക്കാകുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാന്യതയും സത്യസന്ധതയും പാലിക്കാത്ത ഇക്കൂട്ടര്‍ ഇരകളെ നിശ്ശബ്ദരാക്കാനുള്ള മുഴുവന്‍ വഴികളും ഉപയോഗപ്പെടുത്തുന്നതു കാണാം. അടിയേറ്റവര്‍ ഹോസ്പിറ്റലില്‍ എത്തുംമുമ്പേ ഇവര്‍ അഡ്മിറ്റായിട്ടുണ്ടാകും, പോലീസിന് പരാതി കൊടുക്കുംമുമ്പേ ഇവരുടെ പരാതി എത്തിയിട്ടുണ്ടാകും. കൂടെ റാഗിംഗ് കേസും പെണ്‍കുട്ടികളെ ഉപയോഗിച്ച് അവരോട് അപമര്യാദയായി പെരുമാറിയെന്ന രീതിയിലുള്ള കേസുമെല്ലാം പിന്നാലെയുണ്ടാകും. വിചിത്രമായ കാര്യം, കോളേജ് അധികൃതര്‍ മുതല്‍ പോലീസും ആശുപത്രി ജീവനക്കാരും പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ വരെ ഇവരുടെ സഹായത്തിനായി കൂടെയുണ്ടാകും എന്നതാണ്. ഇത്തരത്തില്‍ തങ്ങളുടെ മുഴുവന്‍ സ്വാധീനവും ഉപയോഗപ്പെടുത്തിയാണ് തങ്ങളുടെ ഏകാധിപത്യം കാമ്പസുകളില്‍ എസ്.എഫ്.ഐ നിലനിര്‍ത്തിപ്പോരുന്നത്. മറ്റൊരു ഓപ്ഷനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധ്യമല്ലാത്ത വിധത്തില്‍ വിദ്യാര്‍ഥികളെ തങ്ങള്‍ക്ക് കീഴില്‍ നിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.
ഇത്തരം പ്രതികൂല സാഹചര്യങ്ങളോട് സംയമനത്തോടെയും ആത്മധൈര്യത്തോടെയും പ്രതികരിച്ചാണ് എസ്.ഐ.ഒ മുന്നോട്ടു പോയത്. ഭീഷണികള്‍ക്കും മര്‍ദനങ്ങള്‍ക്കും വഴങ്ങാതെ നോമിനേഷന്‍ നല്‍കിയും മത്സരിച്ചും മുന്നോട്ട് പോയതിന്റെ ഫലമായി വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമുള്ള കാമ്പസുകളില്‍ പോലും നൂറുകണക്കിന് വോട്ടുകള്‍ നേടാന്‍ എസ്.ഐ.ഒവിന് സാധിച്ചു. പലയിടത്തും എസ്.എഫ്.ഐയുടെ പ്രധാന പ്രതിപക്ഷമായി എസ്.ഐ.ഒ മാറി. എം.എസ്.എഫിന് ആധിപത്യമുള്ള ചില കാമ്പസുകളിലും എസ്.ഐ.ഒവിന് സമാന അന്തരീക്ഷം തന്നെ നേരിടേണ്ടിവന്നിട്ടുണ്ട്.
അതേസമയം എസ്.എഫ്.ഐയുടെ മതമൗലികവാദ-വര്‍ഗീയ ആരോപണങ്ങളെ കൃത്യമായി ചെറുക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന രീതിയാണ് എസ്.ഐ.ഒ സ്വീകരിച്ചത്. മതേതരത്വത്തിന്റെ സുരക്ഷിത താവളങ്ങളിലിരുന്ന് ചെയ്യുന്ന അക്രമങ്ങളെ അവരുയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തെ തന്നെ പ്രശ്‌നവത്കരിച്ചാണ് നേരിട്ടത്. മതഭീകരതയല്ല 'മതേതര ഭീകരത'യാണ് കാമ്പസുകളില്‍ നിലനില്‍ക്കുന്നതെന്ന് ഉറക്കെ പറഞ്ഞും കാമ്പസുകളില്‍ ഫാഷിസത്തിന്റെ നിറം ചുവപ്പാണെന്ന് പ്രഖ്യാപിച്ചും 'സ്റ്റാലിനിസം അവസാനിപ്പിക്കുക'യെന്ന് മുദ്രാവാക്യം വിളിച്ചും സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള എസ്.എഫ്.ഐയുടെ കപടവര്‍ത്തമാനങ്ങളെ നേരിട്ടു. മതേതരത്വമെന്നത് ചോദ്യം ചെയ്യപ്പെടാനാവാത്ത വിശുദ്ധ പശുവായി കണ്ടിരുന്ന പൊതുബോധത്തില്‍ 'മതേതര ഭീകരത' എന്ന പ്രയോഗം വലിയ അസ്വസ്ഥത സൃഷ്ടിച്ചു. കെ.ഇ.എന്‍ എഴുതി: 'മതേതരത്വമില്ലെങ്കില്‍, ജാതിമത സങ്കുചിതത്വത്തിനപ്പുറത്ത് ഒരു തലമുറ മിഴിതുറക്കുന്നില്ലെങ്കില്‍ എങ്ങനെയാണ് വൈവിധ്യപൂര്‍ണമായ സാംസ്‌കാരിക ചര്‍ച്ചയുടെ വഴികള്‍ വിസ്തൃതമാവുകയെന്നെത്ര ഇന്ന് നാം സ്വയം ചോദിക്കേണ്ടത്. അതിനു പകരം മതേതര ഭീകരതയെന്ന പരസ്പരം വര്‍ജിക്കുന്ന രണ്ട് പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആശയകാലുഷ്യമുണ്ടാക്കുന്നവര്‍ അവശേഷിക്കുന്ന നന്മകള്‍ക്കെതിരാണ് പരോക്ഷമായെങ്കിലും നിറയൊഴിക്കുന്നത്' (മംഗളം ദിനപത്രം 2007 ഡിസംബര്‍ 18).
മതാത്മകമായതെല്ലാം പ്രശ്‌നമാണെന്ന വിധിതീര്‍പ്പ് നടത്തുകയും മതേതരത്വത്തിന്റെ തണലില്‍ ചെയ്യുന്ന നെറികേടുകളെല്ലാം നിസ്സാരവത്കരിക്കുകയും ചെയ്യുന്ന കാപട്യത്തെയാണ് എസ്.ഐ.ഒ ആ പദപ്രയോഗത്തിലൂടെ ചോദ്യം ചെയ്തത്. മതനിരാസവും കമ്യൂണിസവും പ്രചരിപ്പിക്കാനും അതിന്റെ ആശയാടിത്തറയില്‍ പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം, മതത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറയില്‍ നിന്നുകൊ് പ്രവര്‍ത്തിക്കുന്നതിനും ഉണ്ടാകണമെന്നാണ് എസ്.ഐ.ഒ ഉന്നയിച്ച കൃത്യമായ ന്യായം.
മതേതര ആധുനികതയുടെ കുടുസ്സായ ലോകബോധത്തില്‍നിന്നാണ് മതത്തെക്കുറിച്ച ഇത്തരം തീര്‍പ്പുകളിലേക്കെത്തുന്നത്. അതിനാല്‍തന്നെ മതത്തിനെതിരെ, പ്രത്യേകിച്ച് ഇസ്‌ലാമിനെതിരെ കിട്ടാവുന്ന മുഴുവന്‍ അവസരങ്ങളെയും അവര്‍ ഉപയോഗപ്പെടുത്തി. ഫറൂഖ് കോളേജടക്കമുള്ള വിവാദങ്ങളില്‍ ആ നിലപാടുകള്‍ പ്രകടമായപ്പോഴാണ് ഇടതുപക്ഷം ഇസ്‌ലാമോഫോബിക് ആണെന്ന് എസ്.ഐ.ഒവിന് പറയേണ്ടിവന്നത്. എസ്.എഫ്.ഐയുടെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച വര്‍ത്തമാനങ്ങള്‍ സെലക്ടീവാണെന്നും, ചില കാമ്പസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മഫ്ത ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോഴും ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുമ്പോഴും നിശ്ശബ്ദരാകുന്നതിലൂടെ അവരുടെ അവകാശവാദങ്ങള്‍ എത്ര കപടമാണെന്നും തുറന്നു പറഞ്ഞു. ഇപ്രകാരം എസ്.എഫ്.ഐയുടെ കായിക അതിക്രമങ്ങളെ സംയമനത്തോടെയും നിയമപരമായും നേരിട്ടും, ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുന്നതോടൊപ്പം ആശയപരമായ കടന്നാക്രമണം നടത്തിയുമാണ് എസ്.ഐ.ഒ സര്‍ഗാത്മക പ്രതിരോധത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്.
കേവല പ്രതിരോധ, പ്രതികരണ രാഷ്ട്രീയത്തില്‍ പരിമിതപ്പെടാതെ ബദല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പ്രായോഗിക മാതൃക കാണിച്ച എസ്.ഐ.ഒ സാമൂഹിക പ്രതിബദ്ധതയുടെ കാമ്പസ് രാഷ്ട്രീയം പരിചയപ്പെടുത്തി. കേട്ടു മടുത്ത മുദ്രാവാക്യങ്ങള്‍ക്കും കണ്ടു ശീലിച്ച പോസ്റ്ററുകള്‍ക്കുമിടയില്‍ ദേശീയ -അന്തര്‍ദേശീയ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങള്‍ കാമ്പസില്‍ പ്രതിഫലിച്ചു. പതിവ് കാമ്പസ് വിഷയങ്ങള്‍ക്കപ്പുറം മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിച്ചും അത്തരം പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടും സാമൂഹിക ബോധവും രാഷ്ട്രീയ വ്യക്തതയും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി. ഫലസ്ത്വീനും ഇറാഖും അഫ്ഗാനും ഗ്വാണ്ടനാമോയും റോഹിങ്ക്യയും കശ്മീരും ബട്‌ലാ ഹൗസും നന്ദിഗ്രാമും മുത്തങ്ങയും പ്ലാച്ചിമടയും ബിനായക് സെന്നും ഇറോം ശര്‍മിളയും മഅ്ദനിയും സകരിയ്യയും രോഹിത് വെമുലയും നജീബും ജിഷ്ണുവും ജുനൈദുമെല്ലാം കാമ്പസിനുള്ളില്‍ ചര്‍ച്ചാ വിഷയങ്ങളാക്കി.
വിദ്യാഭ്യാസ വിഷയങ്ങളിലും എസ്.ഐ.ഒ മൗലിക ഇടപെടലുകള്‍ നടത്തി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന 'കേരള എജുക്കേഷന്‍ കോണ്‍ഗ്രസ്' എന്ന പ്രൗഢമായ അക്കാദമിക് പരിപാടി വിദ്യാര്‍ഥി സംഘടനകളുടെ ചരിത്രത്തിലെ വേറിട്ട അടയാളപ്പെടുത്തലായിരുന്നു. അക്കാദമിക ചര്‍ച്ചകളും സാംസ്‌കാരിക പരിപാടികളും എസ്.ഐ.ഒവിന്റെ മുഖമായിരുന്നു. കാമ്പസ് അലൈവ് എന്ന മാഗസിന്‍ അത്തരം ഇടപെടലുകളുടെ മികച്ച ഇടമായി മാറി. അതോടൊപ്പം വിവേചനങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും സമര പരിപാടികള്‍ക്കും എസ്.ഐ.ഒ നേതൃത്വം നല്‍കി. മലബാറിലെ വിദ്യാഭ്യാസ വിവേചനങ്ങള്‍ക്കെതിരെയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെയും ശക്തവും നിരന്തരവുമായ പ്രക്ഷോഭപരിപാടികളാണ് സംഘടിപ്പിച്ചത്. പ്രസ്തുത വിഷയങ്ങളില്‍ കാര്യമായ പരിഹാര മാര്‍ഗങ്ങള്‍ ആരായാന്‍ അധികൃതരെ നിര്‍ബന്ധിക്കുന്ന വിധത്തില്‍ അത്തരം സമരങ്ങളെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിന് ആശയ സംവാദങ്ങളിലൂടെയും അക്രമരഹിതമായ സമരരീതികളിലൂടെയും പുതിയ ഭാവുകത്വം പകര്‍ന്നു നല്‍കി.
20 വര്‍ഷത്തെ എസ്.ഐ.ഒവിന്റെ സജീവ കാമ്പസ് അനുഭവങ്ങള്‍ ശ്രദ്ധേയമായ ഫലങ്ങളാണ് സമ്മാനിച്ചത്. അപകര്‍ഷ ബോധമോ ഭീരുത്വമോ കൂടാതെ സാമൂഹിക ഉള്ളടക്കമുള്ള മതത്തിന്റെ സന്ദേശത്തെ അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംഘത്തെ കാമ്പസുകളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. കേവലം വൈകാരികമായി പ്രതികരിക്കുന്ന ഒരാള്‍ക്കൂട്ടമോ, അക്കാദമികമായി മാത്രം ഇടപെടുന്ന വരണ്ട അനുഭവങ്ങളോ അല്ല അത് സമ്മാനിച്ചത്. മറിച്ച് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവ് കാമ്പസ് അജണ്ടകളില്‍നിന്ന് മാറി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും രാഷ്ട്രീയ സംവാദങ്ങളുടെയും ഇടങ്ങള്‍ കാമ്പസില്‍ സാധ്യമാണെന്ന് തെളിയിച്ചു. അക്രമവും ആഭാസങ്ങളും നിറഞ്ഞ സമര പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ക്രിയാത്മകവും മാന്യവുമായ സമരരീതികളെ പരിചയപ്പെടുത്തി. സര്‍വോപരി ഏകാധിപത്യത്തിന്റെ ചില കോട്ടകളിലെങ്കിലും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ജീവവായു കടത്തിവിടാന്‍ എസ്.ഐ.ഒവിന്റെ ആര്‍ജവം കൊണ്ട് സാധ്യമായിട്ടുണ്ട്.
ഹിന്ദുത്വ ഫാഷിസം പിടിമുറുക്കുന്ന ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ കാമ്പസുകളിലാണ് ക്രിയാത്മക പ്രതിപക്ഷം ഉയര്‍ന്നുവന്നത്. പുതിയ രാഷ്ട്രീയ ഉണര്‍വുകളുടെ പശ്ചാത്തലത്തില്‍ ഫാഷിസത്തിനെതിരായ കൃത്യമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വിശാലമായ കൂട്ടായ്മകള്‍ കാമ്പസുകളില്‍ രൂപപ്പെടേണ്ടതുണ്ടെന്ന് എസ്.ഐ.ഒ മനസ്സിലാക്കി. അതിനെ തുടര്‍ന്നാണ് ഏകാധിപത്യ പ്രവണതകള്‍ക്കെതിരില്‍ സംവാദ ജനാധിപത്യത്തെ സാധ്യമാക്കുന്ന, സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തുന്ന, വ്യത്യസ്ത ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ കൂട്ടായ്മകള്‍ സാധ്യമാകേണ്ടതുണ്ടെന്ന് മനസ്സിലാക്കി ഫ്രറ്റേണിറ്റി മൂവ്‌മെന്റിനെ ശക്തിപ്പെടുത്താന്‍ തീരുമാനിക്കുന്നത്. തങ്ങള്‍ കാമ്പസില്‍ അതുവരെ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ തന്നെ തുടര്‍ച്ചയായിട്ടാണ് അതിനെ എസ്.ഐ.ഒ മനസ്സിലാക്കിയത്. ഫ്രറ്റേണിറ്റി കാമ്പസുകളില്‍ സജീവമാകാന്‍ തുടങ്ങിയപ്പോള്‍ എസ്.ഐ.ഒവിനെതിരെ ഉന്നയിച്ച മതമൗലികവാദ -വര്‍ഗീയ ആരോപണങ്ങളുമായാണ് എസ്.എഫ്.ഐ എതിരിട്ടത്. അത്തരം വിമര്‍ശനങ്ങളെ മാന്യമായി അവഗണിക്കാനും ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയത്തെ ആര്‍ജവത്തോടെ പ്രതിനിധീകരിച്ച് മുന്നോട്ടു പോകാനുമാണ് ഫ്രറ്റേണിറ്റി ശ്രമിച്ചത്. അക്രമത്തെ സമാന രീതിയില്‍ പ്രതിരോധിക്കാതെ പുതിയകാല രാഷ്ട്രീയത്തെ പരിചയപ്പെടുത്തിയും വര്‍ഗ രാഷ്ട്രീയത്തിനപ്പുറം മറ്റൊരു രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളാത്ത ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ശരികേടുകളെ ചോദ്യം ചെയ്തും അവര്‍ മുന്നോട്ടു പോയി. അതിന്റെ ഫലം വളരെ പെട്ടെന്നു തന്നെ കാണാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അഭിമന്യു കൊല്ലപ്പെടുമ്പോള്‍ മഹാരാജാസ് കാമ്പസില്‍ കുറച്ചു കാലമായി സംഘര്‍ഷരഹിത അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നതെന്ന വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്. അഭിമന്യുവിനെ പോലുള്ളവരുടെ സാന്നിധ്യമാണ് അത്തരം അന്തരീക്ഷം സാധ്യമാക്കിയതെന്ന വിലയിരുത്തലുകളില്‍ ശരികളുണ്ടാകുമ്പോഴും അതിലേറെ എസ്.എഫ്.ഐയുടെ ആധിപത്യ രാഷ്ട്രീയത്തെയും അക്രമങ്ങളെയും മറ്റു സംഘടനകള്‍ എങ്ങനെ പ്രതിരോധിച്ചു എന്നതാണ് അത്തരമൊരു സൗഹൃദാന്തരീക്ഷം സാധ്യമാക്കിയതെന്ന് മനസ്സിലാക്കാവുന്നതാണ്. പ്രത്യേകിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റിനെ തുടക്കം മുതലേ അവിടെ എസ്.എഫ്.ഐ ടാര്‍ജറ്റ് ചെയ്തിരുന്നു. കായികമായ കൈയേറ്റങ്ങളെയും എതിര്‍പ്പുകളെയും സമാനരീതിയില്‍ പ്രതിരോധിക്കാതെയും ഭീഷണികളില്‍ പിന്മാറാതെയും പുതുകാല രാഷ്ട്രീയത്തിന്റെ വര്‍ത്തമാനങ്ങള്‍ ആര്‍ജവത്തോടെ ഉന്നയിക്കുകയും കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിച്ച് മുന്നോട്ടു പോവുകയും അതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം നേടുകയും ചെയ്തത് എസ്.എഫ്.ഐയെ മാറ്റിച്ചിന്തിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രൂപീകൃതമായതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മഹാരാജാസ് പോലുള്ള ഒരു കാമ്പസില്‍ അത്ര സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞ സ്ഥിതിക്ക്. അങ്ങനെയാണ് അക്രമ രാഷ്ട്രീയത്തിനെതിരില്‍ സര്‍ഗാത്മക പ്രതിരോധങ്ങളാണ് ഗുണം ചെയ്യുകയെന്ന പാഠങ്ങള്‍ ഫ്രറ്റേണിറ്റി മനസ്സിലാക്കിയതും. കാമ്പസ് ഫ്രണ്ടിന് അത് മനസ്സിലായിട്ടില്ല, അല്ലെങ്കില്‍ അങ്ങനെയുള്ള പാഠങ്ങള്‍ മനസിലാക്കേണ്ടതില്ല എന്ന നിലപാടാണ് ഉള്ളതെന്ന് ഈ സംഭവം നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നു. ജനാധിപത്യ സംവിധാനത്തിനകത്ത് സായുധ പ്രതിരോധങ്ങള്‍ താത്വികമായി തെറ്റും പ്രായോഗികമായി പരാജയവുമാണെന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ക്രിയാത്മക ഇടപെടലുകള്‍ക്കായി ഗൗരവപ്പെട്ട ആലോചനകള്‍ നടത്തേണ്ടതുണ്ട്. അതോടൊപ്പം കൈയൂക്കും ഏകാധിപത്യവും കൊണ്ട് എല്ലാ കാലത്തും കാമ്പസുകള്‍ തങ്ങളുടെ ആധിപത്യത്തിനു കീഴില്‍ നിര്‍ത്താമെന്നത് തികച്ചും വ്യാമോഹമാണെന്ന് അത്തരക്കാരും മനസ്സിലാക്കേണ്ടതാണ്. കലുഷിതമായ സാമൂഹിക സാഹചര്യത്തില്‍ ആശയ സംവാദങ്ങളുടെയും ക്രിയാത്മക രാഷ്ട്രീയത്തിന്റെയും പുതിയ അന്തരീക്ഷങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്.
(എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
Comments