Prabodhanm Weekly

Pages

Search

2018 ജൂലൈ 20

3060

1439 ദുല്‍ഖഅദ് 06

മുത്തുമണികള്‍ പോലെ ആ വെള്ളത്തുള്ളികള്‍!

വി.പി അഹ്മദ് കുട്ടി

എന്റെ ആദ്യകാല മതപഠനം പൂക്കാട്ടിരിയിലെ സുന്നി മദ്‌റസയിലായിരുന്നു. ഒരിക്കല്‍ എന്റെ ഭാഗത്തുനിന്ന് സംഭവിച്ചുപോയ  ചെറിയൊരു പിഴവിന് ഉസ്താദ് എന്നെ ക്രൂരമായി മര്‍ദിച്ചു. ക്ലാസ് മുറിയിലെ മേശയില്‍ കിടത്തി ചൂരല്‍പ്രയോഗം നടത്തി. വേദനയും അപമാനവും ദേഷ്യവും സഹിക്കവയ്യാതെ ഞാന്‍ പിറ്റേ ദിവസം അധ്യാപകന്റെ കസേരയില്‍ കുറച്ച് മുള്ളുകള്‍ കൊണ്ടിട്ടു. പിന്നീട് എനിക്ക് ഏറ്റുവാങ്ങേണ്ടിവന്നത് തെല്ലുകൂടെ കാഠിന്യമേറിയ ശിക്ഷകളായിരുന്നു. കുട്ടികളോടുള്ള ഉസ്താദുമാരുടെ പെരുമാറ്റത്തില്‍ ഞാനേറെ രോഷാകുലനായി. ഒടുക്കം ആ മദ്‌റസയിലേക്ക്  ഇനി ഇല്ലെന്ന് തീരുമാനമെടുത്തു. അക്കാലത്ത് പലര്‍ക്കും പാരമ്പര്യ മദ്‌റസകളില്‍നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകണം. പലരും മദ്‌റസ പഠനം അവസാനിപ്പിക്കാനും ചിലരൊക്കെ ദീനില്‍നിന്ന് അകന്നുപോകാനും ഇത്തരം അനുഭവങ്ങള്‍ കാരണമായിട്ടുണ്ടെന്നാണ് മനസ്സിലായിട്ടുള്ളത്. ഇന്ന് പക്ഷേ, മദ്‌റസകളൊക്കെ ഒരുപാട് മാറിയിട്ടുണ്ടെന്ന് തോന്നുന്നു.

ഈ ദുരനുഭവത്തെ തുടര്‍ന്ന് ഞാന്‍ സുന്നി മദ്‌റസ വിട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള മദ്‌റസയില്‍ ചേര്‍ന്നു.  ഹാജി സാഹിബിന്റെ സാന്നിധ്യവും സ്വാധീനവും എന്നെ ജമാഅത്ത് മദ്‌റസയില്‍ എത്തിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. ജമാഅത്ത് പ്രവര്‍ത്തകരുടെ ജീവിതം കുട്ടിക്കാലത്ത് ഞാന്‍ അത്ഭുതാദരവുകളോടെയാണ് നോക്കി നിന്നിരുന്നത്. അവര്‍ റോട്ടിലൂടെ നടന്നു പോകുമ്പോള്‍, വളരെ അന്തസ്സും ആഭിജാത്യവുമുള്ളവരായി കാണപ്പെട്ടിരുന്നു. സാത്വികരായ ദീനീ പ്രവര്‍ത്തകര്‍! ജമാഅത്ത് മദ്‌റസയിലേക്കും സംഘടനയുടെ ആശയധാരയിലേക്കും ഇതും എന്നെ ആകര്‍ഷിച്ച ഘടകമാണ്. പക്ഷേ, ജമാഅത്ത് മദ്‌റസയില്‍ ചേര്‍ന്നത് ഉപ്പാപ്പക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം വടിയെടുത്ത് എന്നെ അടിക്കാന്‍ വന്നു. ഞാന്‍ ഓടി മാവില്‍ കയറി രക്ഷപ്പെട്ടു. രണ്ടു മണിക്കൂറോളം മാവില്‍ തന്നെയിരുന്നു. ഉപ്പാപ്പ പോയ ശേഷമാണ്  താഴെ ഇറങ്ങിയത്. ഉപ്പ എന്നെ പിന്തുണച്ചിരുന്നതുകൊണ്ട്, ഉപ്പാപ്പക്ക് എന്നെ ജമാഅത്ത് മദ്‌റസയില്‍നിന്ന് മാറ്റാന്‍ കഴിയുമായിരുന്നില്ല.

അഞ്ചാം ക്ലാസ് കഴിഞ്ഞതോടെ സ്‌കൂള്‍ പഠനം നിര്‍ത്തി, ഞാന്‍ എടയൂരിലെ മദ്‌റസയില്‍ മുഴുസമയ വിദ്യാര്‍ഥിയായി. ശാന്തപുരം കോളേജില്‍ ചേരാനുള്ള മുന്നൊരുക്കമായിരുന്നു അതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. എടയൂര്‍ മദ്‌റസയില്‍ എന്റെ അധ്യാപകന്മാര്‍ അബ്ദുല്‍ അഹദ് തങ്ങള്‍, സി എച്ച് ഇബ്‌റാഹീം മൗലവി,  അസ്ഗര്‍ അലി മൗലവി, അബ്ദുല്ല മൗലവി, അബ്ദുല്‍ ഹയ്യ് തുടങ്ങിയവരായിരുന്നു. ഖുര്‍ആന്‍, അറബി, ഉര്‍ദു  തുടങ്ങിയ വിഷയങ്ങളിലെ മികച്ച അധ്യയനമാണ് ഇതിനെ സാധാരണ മദ്‌റസകളില്‍നി

ന്ന് വ്യത്യസ്തമാക്കയത്. മദ്‌റസയില്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം ഓര്‍മ വരുന്നു. അത് ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തിയുള്ള ഒരു സംഭവമായിട്ടാണ്  തോന്നുന്നത്. പൂക്കാട്ടിരിയില്‍ വര്‍ഷത്തിലൊരിക്കല്‍  നടന്നുവന്നിരുന്ന അമുസ്‌ലിംകളുടെ ഒരു വേലയിലെ  കാഴ്ചകള്‍ കാണാന്‍ വീട്ടിലെ ഒരു പണിക്കാരന്‍ എന്നെയും  കൊണ്ടുപോയി. രാത്രി മടങ്ങിയെത്തിയത് വളരെ വൈകിയാണ്.  അതുകൊണ്ടുതന്നെ അടുത്ത ദിവസം മദ്‌റസയില്‍ പോകാന്‍ കഴിഞ്ഞില്ല. പിറ്റേദിവസം  ഹാജരായപ്പോള്‍ ബഹുമാന്യനായ അധ്യാപകന്‍ അബ്ദുല്‍ അഹദ് തങ്ങള്‍ ഒരു ബാനര്‍ എഴുതിവെച്ചിരുന്നു.  അതിലെ സന്ദേശം ഇതായിരുന്നു: 'മടിയന്‍ മല ചുമക്കും.'  ബാനര്‍ എന്റെ പിന്നില്‍ ഒട്ടിച്ച് പല പ്രാവശ്യം  എന്നെ ക്ലാസില്‍ നടത്തി. ഈ സംഭവം ഇന്നാണ് നടക്കുന്നതെങ്കില്‍  അത്  മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകാന്‍ സാധ്യതയുണ്ട്. പുറത്ത് പ്രക്ഷോഭങ്ങളും പ്രകടനങ്ങളും വരെ ഉണ്ടായേക്കാം. എന്നാല്‍  എന്റെ മനസ്സില്‍ അതിന്റെ പേരില്‍ തങ്ങളോട് യാതൊരു വൈരാഗ്യവും തോന്നിയില്ല.  മാത്രമല്ല അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് കൂടുതല്‍ ആദരവാണ് തോന്നിയത്. അത്തരം ശിക്ഷണ ശീലങ്ങള്‍  എന്റെ പഠനത്തിനും ജീവിതവിജയത്തിനും കൂടുതല്‍ പ്രചോദനം  നല്‍കുകയാണ് ചെയ്തത്. 

സാത്വികനായ മാതൃകാ വ്യക്തിത്വമായിരുന്നു അബ്ദുല്‍ അഹദ് തങ്ങളുടേത്. ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം.  അതിരാവിലെ, വെളുത്ത വസ്ത്രം ധരിച്ച് കോഴിക്കോട്ടേക്ക് ബസ് കയറുന്ന തങ്ങളുടെ രൂപം ഇപ്പോഴും ഓര്‍മയിലുണ്ട്. അബ്ദുല്‍ അഹദ് തങ്ങളോട്  എനിക്ക് ചെറുപ്പം മുതലേ വളരെ  ആദരവും സ്‌നേഹവും തോന്നിയിരുന്നു. എന്റെ അധ്യാപകന്‍ എന്നതിനു പുറമെ, പഠനശേഷം ഞാന്‍ പ്രബോധനം ഓഫീസില്‍ ജോലിചെയ്യുമ്പോഴും അതിനുശേഷവും തങ്ങളുമായി കൂടുതല്‍ അടുപ്പവും സ്‌നേഹവും പങ്കുവെക്കാന്‍ സാധിക്കുകയുണ്ടായി.

ആത്മാര്‍ഥതയും നിഷ്‌കളങ്കതയും സാമ്പത്തിക ഇടപാടുകളിലെ സത്യസന്ധതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എല്ലാ കാര്യങ്ങളിലും ഏറ്റവും  അടുക്കും ചിട്ടയും അങ്ങേയറ്റത്തെ കൃത്യനിഷ്ഠയും പാലിച്ചിരുന്ന വ്യക്തിയായിട്ടാണ് അദ്ദേഹത്തെ എനിക്ക്  അനുഭവപ്പെട്ടത്. പ്രബോധനത്തില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. പ്രബോധനത്തില്‍ ഒരു പേനയുടെ റീഫില്‍ ഉപയോഗിക്കുന്നതില്‍ പോലും അദ്ദേഹത്തിന് സൂക്ഷ്മതയും കണിശതയുമുണ്ടായിരുന്നു. സാമ്പത്തിക  ഇടപാടുകളില്‍ അദ്ദേഹത്തിന്റെ സൂക്ഷ്മതക്ക് പല ഉദാഹരണങ്ങളും  മനസ്സിലുണ്ട്. അതിലൊന്നു മാത്രം പറയാം. എന്റെ ഉപ്പ മരിക്കുന്നതിനുമുമ്പ് കുറച്ചു സംഖ്യ പലപ്പോഴായി അദ്ദേഹത്തിന്റെ കൈവശം  അമാനത്തായി ഏല്‍പ്പിച്ചിരുന്നു. ഉപ്പ മരിച്ചു ഏതാനും ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പ് തന്നെ തങ്ങള്‍ അദ്ദേഹം സൂക്ഷിച്ചുവെച്ച  പാക്കറ്റുകള്‍ അതേപ്രകാരം  ഞങ്ങളെ തിരിച്ചേല്‍പ്പിച്ചു.  പാക്കറ്റുകളില്‍ ഉപ്പ കൊടുത്ത ഓരോ സംഖ്യയും തീയതികളും കൃത്യമായി എഴുതി വെച്ചിരുന്നു. അതെന്നെ വല്ലാതെ വിസ്മയിപ്പിച്ചു. സാമ്പത്തിക ഇടപാടുകളില്‍ ഇത്രയും സത്യസന്ധത പാലിച്ച ഒരു വ്യക്തിയെ വേറെ ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ല. കൃത്യനിഷ്ഠയും ഭയഭക്തിയും ആത്മാര്‍ഥതയും നിറഞ്ഞ  അദ്ദേഹത്തിന്റെ ജീവിതം ഇന്നത്തെ തലമുറകള്‍ക്ക് വലിയ മാതൃകയാണ്. ഉപ്പയും തങ്ങളും തമ്മില്‍ വലിയ ബന്ധമായിരുന്നു.  അതുകൊണ്ടുതന്നെ അദ്ദേഹത്തെയും നേതാക്കളെയും  പലപ്പോഴും സദ്യകള്‍ക്കായി ഉപ്പ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത് ഓര്‍മയുണ്ട്. 

കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ വി.പി മുഹമ്മദലി സാഹിബ് എന്റെ വകയിലെ എളാപ്പയാണ്. കുഞ്ഞാലന്‍ കുട്ടി എന്നായിരുന്നു ആദ്യം വിളിച്ച പേര്, പിന്നെ വി.പി മുഹമ്മദലി ഹാജിയായി. ജമാഅത്തില്‍ ഹാജി സാഹിബ് എന്ന് അറിയപ്പെട്ടു. അദ്ദേഹം കൂട്ടിയായിരിക്കെ, ഒരിക്കല്‍ അദ്ദേഹത്തിന്റെ ഉപ്പക്ക് കുറച്ചു നാള്‍ ജയില്‍വാസമനുഭവിക്കേണ്ടി വന്നു. അതോടെ ഹാജി സാഹിബിന്റെ  സാമ്പത്തിക ഉത്തരവാദിത്തം എന്റെ ഉപ്പാപ്പയും ഉപ്പാപ്പയുടെ ചില സഹോദരങ്ങളും ഏറ്റെടുത്തു. വീട്ടിലെ സ്ഥിരം സന്ദര്‍ശകനും ഉപ്പാപ്പക്കു അരുമപ്പെട്ടവനുമായി സാഹിബ് വളര്‍ന്നു. പ്രത്യേകമായൊരു വാത്സല്യം കുഞ്ഞാലന്‍ കുട്ടിയോട് ഉപ്പാപ്പക്ക് ഉണ്ടായിരുന്നു. വീട്ടിലെ സല്‍ക്കാരങ്ങളിലെല്ലാം സാഹിബ് പ്രധാന അതിഥിയായി. അദ്ദേഹം വീട്ടില്‍ വരുമ്പോള്‍ ഇറച്ചിയും പത്തിരിയും ഉണ്ടാക്കും. രണ്ടു കുടുംബ ബന്ധങ്ങളാണ് ഞങ്ങള്‍ക്കിടയില്‍ കണ്ണി ചേര്‍ക്കപ്പെട്ടത്. സ്ഥാനം കൊണ്ട് എന്റെ വകയിലെ എളാപ്പയും, അമ്മായിയുടെ ഭര്‍ത്താവിന്റെ അനിയനും. 

അത്രയധികം വണ്ണമില്ലാത്ത, എന്നാല്‍ തീരെ മെലിഞ്ഞതല്ലാത്ത ഒത്ത ശരീരമുള്ള മനുഷ്യന്‍. തിളങ്ങുന്ന കണ്ണുകളും നീട്ടി വളര്‍ത്തിയ താടിയും കറുത്ത നിറമുള്ള തൊപ്പിയും; ഇതായിരുന്നു വി.പി മുഹമ്മദലി സാഹിബെന്ന് ലോകം വിളിക്കുന്ന ഹാജി സാഹിബ്. പൊതുവെ ശാന്തനായ, സമര്‍ഥനായ, ഔചിത്യബോധമുള്ള സാഹിബില്‍  പെട്ടെന്നു തന്നെ പലരും ആകൃഷ്ടരായി. എന്നാല്‍, പതിയെ പതിയെ സാഹിബിന്റെ ജമാഅത്തെ ഇസ്‌ലാമിയിലേക്കുള്ള ചായവ്  ഉപ്പാപ്പ മനസ്സിലാക്കിത്തുടങ്ങി. ഇത് ഉപ്പാപ്പയെ ചൊടിപ്പിച്ചു. തുടര്‍ന്ന് സാഹിബിന്റെ സര്‍വ ഉത്തരവാദിത്തവും അദ്ദേഹം കൈയൊഴിഞ്ഞു. പിന്നീട് ഉപ്പാപ്പ  സാഹിബിന്റെ സാന്നിധ്യത്തെപ്പോലും അവഗണിച്ചു. പിന്നെ വീട്ടില്‍ വന്നാല്‍ ഒരു ചായ പോലും ഹാജി സാഹിബിന് ഉപ്പാപ്പ കൊടുക്കുമായിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച്  യാഥാസ്ഥിതിക പണ്ഡിതന്മാര്‍ പറഞ്ഞത് അദ്ദേഹം അപ്പടി വിശ്വസിച്ചു. അവരുടെ അഭിപ്രായത്തില്‍ ജമാഅത്തുകാരും മുജാഹിദുകളും  ഇസ്‌ലാമില്‍നിന്ന് പുറത്തു പോയവരാണ്. എന്റെ ഉപ്പയും അദ്ദേഹത്തിന്റെ 'വല'യില്‍പെട്ടു എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ രോഷം ഇരട്ടിയായി. ഒരിക്കല്‍ ഹാജി സാഹിബിനെ വീട്ടിലേക്കു വിളിച്ചു വരുത്തി അദ്ദേഹം ഇപ്രകാരം ചോദിച്ചു: 'കുഞ്ഞാലന്‍കുട്ടീ! എനിക്ക് ആകെ ഒരു മകനേയുള്ളൂ. നീ അവനെ  വഴി പിഴപ്പിച്ചത് എന്തിനാ?'  അതു കേട്ടപ്പോള്‍ ഹാജി സാഹിബ് പുഞ്ചിരിച്ചുകൊണ്ട് ഉപ്പാപ്പയോട് പറഞ്ഞു: 'എളാപ്പാ, നിങ്ങള്‍ ഇതു പറയാനാണോ എന്നെ  വിളിച്ചുവരുത്തിയത്!'  അത് പറഞ്ഞു അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ഉപ്പാപ്പ ഒരു ഗ്ലാസ് വെള്ളം പോലും അന്ന് അദ്ദേഹത്തിന് കൊടുത്തില്ല! എന്നാല്‍, ആദര്‍ശപരമായി ഒന്നായതോടെ എന്റെ ഉപ്പയും ഹാജി സാഹിബും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി. ഹാജി സാഹിബിനോട് എന്റെ ഉപ്പയുടെ  സ്‌നേഹം  മനസ്സിലാക്കാന്‍ സഹായകമായ ഒരു സംഭവമുണ്ട്. എന്റെ ഉപ്പ മരിക്കുന്നതിനു  തൊട്ടുമുമ്പായി തന്റെ ഉമ്മയെയും ഉപ്പയെയും ഹാജി സാഹിബിനെയും  സ്വപ്‌നം കണ്ടതായി ഞങ്ങളോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണം അടുത്തിരിക്കുന്നു എന്ന സന്ദേശമായിട്ടാണ് ആ സ്വപ്‌നത്തെ ഞാന്‍ മനസ്സിലാക്കിയത്.  സംഭവിച്ചതും അതുതന്നെയാണ്. അതിന്  ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഉപ്പ അല്ലാഹുവിങ്കലേക്ക് യാത്രയായത്.

ഉപ്പാപ്പയും ഹാജി സാഹിബും  തമ്മില്‍  ആദര്‍ശപരമായ കടുത്ത വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും, ഭയഭക്തിയിലും ആത്മീയ ബോധത്തിലും അവര്‍ തമ്മില്‍ വലിയ വ്യത്യാസം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഉപ്പാപ്പ അദ്ദേഹം മനസ്സിലാക്കിയ ഇസ്‌ലാം  അതേപടി  പ്രാവര്‍ത്തികമാക്കുകയാണുണ്ടായത്. വീട്ടില്‍ മാസംതോറും മൗലിദ് സദസ്സുകളുായിരുന്നു. ഞാന്‍  ജമാഅത്ത് മദ്‌റസയില്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മൗലിദ് പൂര്‍ണമായും അനിസ്‌ലാമികമായി കണക്കാക്കി. അതുകൊണ്ടുതന്നെ  അതിനോട് ചേര്‍ത്ത് ആമീന്‍ പറയുന്നതും അനിസ്‌ലാമികമാണ് എന്നാണ്  ഞാന്‍ ധരിച്ചത്.  അതിനാല്‍ മൗലിദ് കഴിഞ്ഞുള്ള പ്രാര്‍ഥനയില്‍ ആമീന്‍ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിനുപകരം എന്റെ വീട്ടിലെ പണിക്കാരനായ താമിയുടെ പേര് ഉറക്കെ വിളിച്ചു പറഞ്ഞു. ഇതില്‍ രോഷാകുലനായി  ഉപ്പാപ്പ എന്നെ പല പ്രാവശ്യം അടിക്കുകയുണ്ടായി.

ഹാജി സാഹിബ് എല്ലാവരുടെയും സ്‌നേഹം നേടിയ  മഹാ വ്യക്തിത്വമായിരുന്നു.  എനിക്ക് ചെറുപ്പം മുതലേ അദ്ദേഹത്തോട് വലിയ സ്‌നേഹവും മതിപ്പുമാണുണ്ടായിരുന്നത്. എന്റെ മനസ്സില്‍ അക്കാലത്ത് അവിടെ അദ്ദേഹത്തേക്കാള്‍ വലിയ പണ്ഡിതന്‍ ഉണ്ടായിരുന്നില്ല. അന്ന് ജമാഅത്ത് ഓഫീസില്‍ ധാരാളം പണ്ഡിതന്മാരും  പ്രസംഗകരും വന്നുപോകുമായിരുന്നു. മദ്‌റസയിലും ഞങ്ങള്‍ക്ക്  പല അധ്യാപകരും ഉണ്ടായിരുന്നു. എന്നാല്‍ അവരേക്കാളെല്ലാം മികച്ച പാണ്ഡിത്യമുള്ള ഒരാളായിട്ടാണ് ഹാജി സാഹിബിനെ ഞാന്‍ മനസ്സിലാക്കിയിരുന്നത്. അതിനാല്‍ തന്നെ  മദ്‌റസയില്‍ പഠിച്ചിരുന്ന വിഷയങ്ങളുടെ സംശയം തീര്‍ക്കാന്‍  റോഡില്‍ വെച്ച് കാണുമ്പോള്‍ ഞാനദ്ദേഹത്തോട് പലതും ചോദിക്കുമായിരുന്നു. അതില്‍ രണ്ട് വിഷയങ്ങള്‍ ഇപ്പോഴും ഓര്‍മയില്‍ വരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രം പഠിക്കുമ്പോള്‍ സ്ത്രീകളുടെ ആര്‍ത്തവ  രക്തത്തെ കുറിച്ച് അധ്യാപകന്‍ പറഞ്ഞത് എനിക്കൊന്നും  മനസ്സിലായില്ല. ആയിടക്കാണ്  മദ്‌റസയില്‍നിന്ന് മടങ്ങുമ്പോള്‍  ഹാജി സാഹിബിനെ കാണുന്നത്.  ഉടനെ ഞാന്‍ ഓടിച്ചെന്നു അദ്ദേഹത്തോട്  ചോദിച്ചു: 'എന്താണ് സ്ത്രീകളുടെ  ഹൈള് എന്ന് പറഞ്ഞു തരാമോ?' അദ്ദേഹം ചിരിച്ചു കൊണ്ട്  പറഞ്ഞു: 'അതെല്ലാം കുട്ടിക്ക് വലുതായാല്‍ മനസ്സിലാകും!' മറ്റൊരു സംഭവം കൂടി ഓര്‍ക്കുന്നു. മദ്‌റസയില്‍ സ്വഹാബിമാരുടെ കഥകള്‍ കേള്‍ക്കാന്‍ വലിയ ആവേശമായിരുന്നു എനിക്ക്.  കൂടുതല്‍ കഥകള്‍ കേള്‍ക്കാന്‍  ആഗ്രഹം തോന്നിയ ഞാന്‍ അത് മനസ്സില്‍ കൊണ്ടു നടക്കുമ്പോഴാണ് ഒരിക്കല്‍ ഹാജി സാഹിബിനെ റോഡില്‍ വെച്ച് കണ്ടുമുട്ടിയത്. 'എനിക്ക് നിങ്ങള്‍ ഒരു  റദിയല്ലാഹു അന്‍ഹുവിന്റെ  (സ്വഹാബിയുടെ) കഥ പറഞ്ഞുതരുമോ?' ഞാന്‍ ചോദിച്ചു. മറുപടിയായി, ചിരിച്ചുകൊണ്ട് ഒരു ചെറിയ കഥ പറഞ്ഞു തന്നു. വിശദാംശങ്ങള്‍ ഓര്‍മ വരുന്നില്ല. അദ്ദേഹം  നമസ്‌കരിക്കാനായി ദിവസവും കൃത്യമായി പള്ളിയില്‍ പോകുന്നതും വുദൂ എടുക്കുന്നതും ഇമാമത്ത് നില്‍ക്കുന്നതും ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ഹാജി സാഹിബിന്റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഉയര്‍ന്നു വരുന്ന ഒരു ചിത്രമുണ്ട്; പള്ളിയിലെ  ഹൗളില്‍നിന്ന് അദ്ദേഹം വുദൂ  ചെയ്യുന്നു.  അദ്ദേഹം തന്റെ കറുത്ത താടി കഴുകുമ്പോള്‍ മുത്തുമണികള്‍ പോലെ വെള്ളത്തുള്ളികള്‍ താഴെ  വീഴുന്നു! ആ ദൃശ്യം ഇപ്പോഴും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്.

ഹാജി സാഹിബിന്റെ പെരുമാറ്റത്തിലും അദ്ദേഹത്തിന്റെ വിജ്ഞാന സമ്പത്തിലും ആകൃഷ്ടനായ ഞാന്‍ പതിയെ അദ്ദേഹത്തെ മനസ്സ് കൊണ്ട് പിന്തുടരാന്‍ തുടങ്ങിയിരുന്നു.  പൂക്കാട്ടിരിയിലെ പ്രബോധനം പ്രസ്സിലെ ഇടക്കിടെയുള്ള സന്ദര്‍ശനവും ജമാഅത്തെ ഇസ്‌ലാമി ഓഫീസുമായുള്ള നിരന്തര ബന്ധവും എന്നില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. ഉപ്പാപ്പയുടെ കറുത്ത മുഖം കണ്ടു കൊണ്ടു തന്നെ ഞാന്‍ ആദര്‍ശമാറ്റത്തിന് വിധേയനായിക്കൊണ്ടിരുന്നു. ഇഹ്‌യാ ഉലൂമിദ്ദീന്‍ അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു. അന്ന് ജമാഅത്ത് ഹല്‍ഖകളിലും മറ്റും ഇഹ്‌യായുമായി  കയറിയിറങ്ങുന്ന സാഹിബ് ഇന്നും എനിക്ക്  ഉള്‍ക്കുളിര്‍മയാണ്. എന്റെ ജീവിതത്തില്‍ തസ്വവ്വുഫിന് സ്വാധീനമുണ്ടാക്കാന്‍ കാരണമായത് ഉപ്പാപ്പയും ഹാജി സാഹിബുമാണെന്ന് തീര്‍ച്ചയായും പറയാം. അതേ കുറിച്ച് നമുക്ക് വഴിയെ സംസാരിക്കാം.

ഉദ്ദേശ്യശുദ്ധിയും പരന്ന വായനയും  കൈമുതലാക്കിയ സാഹിബിന് പൂക്കാട്ടിരിയിലെയും പിന്നീട് കേരളത്തിലെയും  നവോത്ഥാന നായകനാവാന്‍ അധിക സമയം വേണ്ടിവന്നില്ല. സമയബന്ധിതമായ നമസ്‌കാരവും പ്രാര്‍ഥനയും, ഒപ്പം  ഭൗതികതാല്‍പര്യങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള ദീനീപ്രബോധന പ്രവര്‍ത്തനങ്ങളും സാഹിബിനെ കീര്‍ത്തി കേട്ട സാമൂഹിക പരിഷ്‌കര്‍ത്താവാക്കി. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുമായി കത്തിടപാടിലൂടെയും നേരിട്ടും ബന്ധമുണ്ടായിരുന്നു ഹാജി സാഹിബിന്.

അന്ന് വളാഞ്ചേരിയിലെ വലിയ മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകനും മതേതര ചിന്തകനുമായിരുന്നു അബ്ദുല്‍ ഹയ്യ്. ദൈവത്തെ ചവിട്ടണമെന്ന് അദ്ദേഹം അങ്ങാടികളിലൂടെ മുദ്രാവാക്യം വിളിച്ചു നടന്ന കാലം. വിശ്വാസികള്‍ക്കുനേരെ പരിഹാസം കലര്‍ന്ന വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു അദ്ദേഹം. പക്ഷേ, ഹാജി സാഹിബ് അദ്ദേഹത്തെ നോട്ടമിട്ടു, ആശയ സംവാദങ്ങളിലേര്‍പ്പെട്ടു. മതവും ദൈവവും മാര്‍ക്‌സിസവും അവര്‍ക്കിടയില്‍ ചൂടേറിയ, എന്നാല്‍ വൈജ്ഞാനികമായ ചര്‍ച്ചകള്‍ക്ക് വിഷയമായി. ഹാജി സാഹിബ് സ്‌നേഹത്തോടെ അബ്ദുല്‍ ഹയ്യിനെ ചേര്‍ത്തു പിടിച്ചു. ഹാജി സാഹിബിന്റെ പ്രയത്‌നം കൊണ്ട്, പടച്ചവന്റെ ഹിദായത്ത് അദ്ദേഹത്തിന് മുമ്പില്‍ തെളിഞ്ഞു. അബ്ദുല്‍ ഹയ്യ് പൂര്‍ണമായും ദീനിലേക്ക് തിരിഞ്ഞു. ദൈവനിഷേധത്തിന്റെ വഴികളിലേക്ക് കടന്നുചെന്ന് അദ്ദേഹം ഇസ്‌ലാമിന്റെ പോരിശ പാടി. തന്റെ മതാധ്യാപന വേദികളില്‍ അദ്ദേഹം പടച്ചവന്റെ പ്രകീര്‍ത്തനങ്ങള്‍ കവിതകളാക്കി ഉറക്കെ ചൊല്ലിനടന്നു. അങ്ങേയറ്റം തേജസ്സുറ്റ ഇസ്‌ലാമിക വക്താവായി മാറാന്‍ അബ്ദുല്‍ ഹയ്യിനു സാധിച്ചു;  അത്തരമൊരു പരിവര്‍ത്തനത്തിന് ഉള്‍പ്രേരകമാകാന്‍ ഹാജി സാഹിബിനും. ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന പേരില്‍  വളാഞ്ചേരി കേന്ദ്രമായി ഹാജി സാഹിബ് രൂപീകരിച്ച സംഘമാണ് ആദ്യം ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത്. ഇതിനെയാണ് പിന്നീട് ജമാഅത്തെ ഇസ്‌ലാമിയായി പരിവര്‍ത്തിപ്പിച്ചത്.

ഹാജി സാഹിബിന്റെ സഹോദരി തിത്തീമയെ അടുത്ത പ്രദേശമായ ഇരിമ്പിളിയത്തേക്കാണ് വിവാഹം ചെയ്തയച്ചിരുന്നത്, ഇരിമ്പിളിയത്തെ നീണ്ടതൊടി ഹൈദര്‍ മുസ്‌ലിയാരുടെ ഭാര്യയായി. ഉദാരമനസ്‌കനും ജനകീയനുമായിരുന്നു ഹൈദര്‍ മുസ്‌ലിയാര്‍. ഹൈദരിയ്യ വൈദ്യശാല അവരുടേതാണ്. ഹൈദര്‍ മുസ്‌ലിയാരുടെ പിന്തുണ ഹാജി സാഹിബിന്റെ ഉമറാബാദ് പഠനത്തിന് സഹായകമായിരുന്നു. ഈ  ബന്ധം വഴിയും അല്ലാതെയും ഇരിമ്പിളിയവുമായും ഹാജി സാഹിബിന് നല്ല ബന്ധമുണ്ടായിരുന്നു. ഇത് ഇവിടെയും ജമാഅത്ത് ആശയങ്ങളുടെ പ്രചാരണത്തിന് സഹായകമായി. ഇരിമ്പിളിയത്തെ പള്ളിയില്‍ ഹാജി സാഹിബ് മലയാള ഖുത്വ്ബ നിര്‍വഹിച്ചിരുന്നു. അന്ന്, പൂക്കാട്ടിരിയിലെ പള്ളിയില്‍ ജുമുഅ ഉണ്ടായിരുന്നില്ല, റമദാനില്‍ തറാവീഹ് നടക്കും. സുന്നി പള്ളിയില്‍ അലം തറ.... മുതല്‍ താഴോട്ടുള്ള സൂറത്തുകള്‍ ഓതുന്ന തറാവീഹായിരുന്നു. എന്നാല്‍ ജമാഅത്തിന്റെ നമസ്‌കാര പള്ളിയില്‍ ദീര്‍ഘമായ ഖുര്‍ആന്‍ പാരായണമാണുണ്ടായിരുന്നത്.

സാഹിബിന്റെ ഓര്‍മകള്‍ നിലക്കാത്ത പ്രവാഹങ്ങളാണ്. അതിലെ ഓരോ ഏടും ആത്മീയ ചൈതന്യത്താല്‍ സമ്പന്നമാണ്. മദ്‌റസയില്‍ വെച്ച് ഹാജി സാഹിബ് സ്വഹാബിമാരുടെ കഥകള്‍ വിവരിക്കാറുണ്ടായിരുന്നു, ഞാനത് വല്ലാതെ ഇഷ്ടപ്പെടുകയുണ്ടായി. ഹാജി സാഹിബിനെ കാണുമ്പോഴൊക്കെ, 'ഉപ്പാപ്പാ, റദിയല്ലാഹു അന്‍ഹുവിന്റെ ഒരു കഥ പറഞ്ഞുതരുമോ' എന്ന് ഞാന്‍ ചോദിക്കാറുണ്ടായിരുന്നു. അന്നൊരിക്കല്‍, ഹാജി സാഹിബിന്റെ അളിയന്‍ കളഞ്ഞുകിട്ടിയ സിഗരറ്റ് കുറ്റി കത്തിച്ചുതന്ന്  എന്നെ പുകവലി പഠിപ്പിക്കാന്‍  തുനിഞ്ഞു. ഇത് കാണാനിടയായ സാഹിബ് ഉടനെ അത് വാങ്ങി വലിച്ചെറിയുകയും അദ്ദേഹത്തിനു നേരെ കൈ ഉയര്‍ത്തുകയും ചെയ്തു. തിന്മകള്‍ക്കെതിരെ ശക്തമായി നിലകൊള്ളാന്‍ സാഹിബ് കാണിച്ച ആര്‍ജവം വിവരാണാതീതമാണ്.

ഹാജി സാഹിബ് എല്ലാവരുടെയും  സ്‌നേഹം സമ്പാദിച്ച മഹാനുഭാവനായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ നാട്ടിലെ ഹിന്ദുക്കളും മുസ്‌ലിംകളും ജാതിഭേദമില്ലാതെ കരഞ്ഞു കണ്ണീര്‍  വാര്‍ത്തത് ഓര്‍മ വരുന്നു.  ഇത്രയധികം ആളുകള്‍ പങ്കെടുത്ത ഒരു മയ്യിത്ത്  നമസ്‌കാരം എടയൂര്‍ പള്ളിയുടെ ചരിത്രത്തില്‍ ഉണ്ടായതായി ആര്‍ക്കും ഓര്‍മയില്ല. എന്റെ  ഉപ്പയും  അമ്മോശന്‍   കൊളമ്പില്‍  ബാപ്പു ഹാജിയും പൊട്ടിക്കരഞ്ഞത്  ഇപ്പോഴും മനസ്സിലുണ്ട്.

ഇടവിടാതെയുള്ള ദീനീ പ്രവര്‍ത്തനങ്ങള്‍, ഹല്‍ഖകളും ഖുര്‍ആന്‍ പഠന സദസ്സുകളും തുടങ്ങി അക്കാലത്ത് പുതുമയുള്ളതും ആകര്‍ഷകവുമായ   വിജ്ഞാന വേദികള്‍ എടയൂരിനെ കൊണ്ടെത്തിച്ചത് ഇസ്‌ലാമികമായ ഉണര്‍വിലാണ്. പണ്ഡിതരും സംഘാടകരുമൊക്കെയായ നേതാക്കളുടെയെല്ലാം സാന്നിധ്യവും പരിപാടികളും പ്രവര്‍ത്തനങ്ങളും വഴി ആദര്‍ശമാറ്റം വന്ന നല്ലൊരു ജനസമൂഹം എടയൂരിലും പരിസരങ്ങളിലും ഉയര്‍ന്നുവന്നു. പളളികളും ദീനീ വിദ്യാലയങ്ങളും നാടിന്റെ മുഖഛായ തന്നെ മാറ്റി. ഇന്ന് പൂക്കാട്ടിരിയിലും എടയൂരിന്റെ മറ്റു ഭാഗങ്ങളിലും കാണുന്ന ദീനീവെളിച്ചം ഹാജി സാഹിബിന്റെ പ്രവര്‍ത്തനങ്ങളുടെ  പ്രതിഫലനങ്ങളാണ്.  കെ.സി അബ്ദുല്ല മൗലവി, ഇസ്സുദ്ദീന്‍ മൗലവി, ടി. മുഹമ്മദ് സാഹിബ്, ടി.കെ അബ്ദുല്ല സാഹിബ് തുടങ്ങി ജമാഅത്തിന്റെ അന്നത്തെ മിക്ക നേതാക്കളും എടയൂരിലെ ജമാഅത്ത് ഓഫീസില്‍  വരുമായിരുന്നു. പ്രബോധനത്തിന്റെ പ്രസാധനം, ഐ.പി.എച്ച്, ജമാഅത്ത് ഓഫീസ് തുടങ്ങിയവയെല്ലാം അന്ന് ഇവിടെയായിരുന്നല്ലോ. എ.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഇരിമ്പിളിയം പള്ളിയില്‍, റൗദത്തുസ്സലാം എന്ന പേരില്‍ ഒരു ദര്‍സ് തന്നെ നടത്തിയിരുന്നു.  ഞാന്‍ ചെറുപ്പം മുതലേ ജമാഅത്ത് ഓഫീസിലും പരിസരത്തും പ്രബോധനം ഓഫീസിലും കറങ്ങിനടക്കുമായിരുന്നു. അന്നുമുതല്‍, ടി.കെ അബ്ദുല്ല  സാഹിബും  കൊടിഞ്ഞി മൗലവിയും മറ്റും  തമ്മല്‍ നടന്നിരുന്ന ആശയ സംവാദങ്ങള്‍ ധാരാളം കേള്‍ക്കുമായിരുന്നു. കുട്ടിക്കാലമായതുകൊണ്ട് വിഷയങ്ങള്‍ ഓര്‍മയില്ല. എന്നിരുന്നാലും കൂട്ടത്തില്‍ ചെറുപ്പക്കാരനായ ടി. കെ അബ്ദുല്ല  സാഹിബിന്റെ ശബ്ദം  ഇപ്പോഴും  മനസ്സില്‍ മുഴങ്ങുന്നു.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഞാന്‍  നാട്ടില്‍ വന്നപ്പോള്‍ കുറ്റ്യാടിയില്‍ പോയി ടി.കെയെ കാണുകയുണ്ടായി. അദ്ദേഹവുമായി പല വിഷയങ്ങളും സംസാരിച്ചു. ഞങ്ങള്‍ തമ്മില്‍  എപ്പോള്‍ കണ്ടുമുട്ടിയാലും അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളും സംസാരിക്കുക സ്വാഭാവികമാണ്. വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ചിന്താശക്തിക്ക്  ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നാണെനിക്ക് തോന്നിയത്. ഇത് ഞാനദ്ദേഹത്തോട് പങ്കുവെക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളെ ഹൃദ്യമായി സല്‍ക്കരിച്ചു. ഞങ്ങള്‍ മണിക്കൂറുകളോളം പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു, കൂട്ടത്തില്‍ മൗദൂദി സാഹിബിനോടുള്ള എന്റെ ചില വിയോജിപ്പുകളും വിമര്‍ശനങ്ങളും ഞാന്‍ പങ്കുവെച്ചു. അവസാനം യാത്ര പറഞ്ഞപ്പോള്‍ അദ്ദേഹം തമാശയായി പറഞ്ഞു: 'നീ മൗദൂദി സാഹിബിനെ വിമര്‍ശിക്കും  എന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ നിനക്ക് ഞാന്‍ ബിരിയാണി ഒരുക്കുമായിരുന്നില്ല, സാധാരണ ചോറു മാത്രമേ  തരുമായിരുന്നുള്ളൂ.' അബ്ദുല്ല സാഹിബിനോട് യാത്ര പറയുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു; ടി.കെയോടെ ഒരു കാലഘട്ടത്തിലെ ഇസ്ലാമിക ചരിത്രത്തിന് തിരശ്ശീല വീഴുകയാണല്ലോ. അല്ലാഹു അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (82-85)
എ.വൈ.ആര്‍