കണ്ണുരുട്ടി ലോക പോലീസ് കളിക്കുന്ന അമേരിക്ക
അമേരിക്ക വളരെ പ്രത്യക്ഷമായിത്തന്നെ വീണ്ടും ലോക പോലീസ് കളിക്കാന് തുടങ്ങിയിരിക്കുന്നു. ലോകത്തിന് വളരെ പ്രതീക്ഷ നല്കിയ, ഉത്തര കൊറിയയുമായുണ്ടാക്കിയ സമാധാന ധാരണകള് ഏകപക്ഷീയമായി അട്ടിമറിച്ചതാണ് ഒരു ഉദാഹരണം. ഇനിമേല് ആരും ഇറാനില്നിന്ന് എണ്ണ വാങ്ങിപ്പോകരുതെന്നും അത്തരം ഇടപാടുകള് വരുന്ന നവംബര് നാലിനകം നിര്ത്തിയില്ലെങ്കില് ആ രാഷ്ട്രങ്ങള്ക്കും ഇറാനെപ്പോലെ അമേരിക്കന് സാമ്പത്തിക ഉപരോധം നേരിടേണ്ടിവരുമെന്നുമുള്ള തിട്ടൂരമാണ് മറ്റൊരു ഉദാഹരണം. രണ്ടാമത്തെ സംഭവത്തില് ഏതൊരാളും ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്; ഇറാനും അമേരിക്കയും തമ്മിലാണ് പ്രശ്നം. അവരത് പറഞ്ഞോ അല്ലാതെയോ തീര്ക്കട്ടെ. മറ്റു രാഷ്ട്രങ്ങളെ അതിലേക്ക് വലിച്ചിഴക്കുന്നത് എന്തിന്? ഇവിടെയാണ് അമേരിക്കന് 'ലോകക്രമ'ത്തിന്റെ, ജൂനിയര് ബുഷ് പറഞ്ഞുവെച്ച ആ പഴയ മുദ്രാവാക്യം നമ്മുടെ ഓര്മയിലെത്തുക: 'നമ്മോടൊപ്പമുള്ളവര് നമ്മോടൊപ്പവും അല്ലാത്തവര് നമ്മുടെ എതിരാളികളുമായിരിക്കും.' അമേരിക്കന് എംബസി തെല്അവീവില്നിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള തീരുമാനത്തെ യു.എന് പൊതുസഭയില് എതിര്ത്ത് വോട്ട് ചെയ്ത ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളെയും അമേരിക്ക ഭീഷണിപ്പെടുത്തിയത്, അവയുടെ പേരുകള് കുറിച്ചുവെച്ചിട്ടുണ്ടെന്നും തക്ക സമയത്ത് പ്രതികാര നടപടികള് സ്വീകരിക്കുമെന്നുമാണ്.
സുഊദി അറേബ്യയും ഇറാഖും കഴിഞ്ഞാല് ഇന്ത്യ ഏറ്റവും കൂടുതല് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇറാന്. 2017-'18 കാലയളവില് ഇന്ത്യ ഇറാനില്നിന്ന് 184 കോടി ടണ് ക്രൂഡ് ഓയില് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് ഒരു റിപ്പോര്ട്ട്. ഈ ഇറക്കുമതി നിര്ത്തി വെച്ചാല് ഇറാനെന്ന പോലെ ഇന്ത്യക്കും വന് നഷ്ടമാണുണ്ടാവുക. ഇന്ത്യന് രൂപയില് ക്രൂഡ് ഓയില് വാങ്ങാമെന്ന സൗകര്യവും അതോടെ ഇല്ലാതാകും. 2012-ല് ഒബാമ ഭരണകൂടവും ഇത്തരമൊരു ശ്രമം നടത്തിയിരുന്നു. അന്ന് എണ്ണ വാങ്ങുന്നത് നിര്ത്താനല്ല, കുറക്കാനാണ് പറഞ്ഞിരുന്നത്. റഷ്യയുടെ മിസൈല് സിസ്റ്റം വാങ്ങാനാണ് തുര്ക്കിയുടെ തീരുമാനമെങ്കില് അമേരിക്കയുടെ എസ് 400 യുദ്ധ വിമാനങ്ങള് അവര്ക്ക് നല്കുന്നത് നിര്ത്തിവെക്കേണ്ടിവരുമെന്ന് മറ്റൊരു ഭീഷണി. റഷ്യന് ആയുധങ്ങള് വാങ്ങരുതെന്ന് ഇന്ത്യയെയും അമേരിക്ക ഭീഷണിപ്പെടുത്തുകയാണ്.
യു.എന് രക്ഷാസമിതി ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കില് അത് പാലിക്കണമെന്ന് അവര്ക്ക് ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെടാം. ഇവിടെ അമേരിക്ക ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണ്. എന്നിട്ട് അത് പാലിക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെടുകയും! ഇതിലൊരു ന്യായവുമില്ല. അമേരിക്ക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇറാനില്നിന്നും വെനിസ്വേലയില്നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്ത്തുമോ എന്ന് ചോദിച്ചപ്പോള് ഇന്ത്യന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നല്കിയ മറുപടി ശ്രദ്ധേയമാണ്; യു.എന് രക്ഷാസമിതിയുടെ വിലക്കേ ഇന്ത്യക്ക് ബാധകമാകൂ, അമേരിക്കയുടെ വിലക്ക് ബാധകമാകില്ല എന്ന്. മറ്റേതെങ്കിലും രാഷ്ട്രത്തിന്റെ സമ്മര്ദങ്ങള്ക്കു വഴങ്ങി നിലപാടില് മാറ്റം വരുത്തില്ലെന്നും അവര് പറഞ്ഞു. ഇത് ശരിയായ നിലപാടാണ്. ഇന്ത്യന് സമ്പദ്ഘടനക്ക് പുതുജീവന് നല്കുന്ന, അമേരിക്ക ഇടങ്കോലിട്ടുകൊണ്ടിരിക്കുന്ന ഇറാനില്നിന്നുള്ള ഇന്ത്യ-പാകിസ്താന് ഗ്യാസ് പൈപ്പ് ലൈന് പദ്ധതി പുനരുജ്ജീവിപ്പിക്കാനും ഇതുവഴി സാധിക്കും. പക്ഷേ, ഇത് സുഷമ സ്വരാജിന്റെ വ്യക്തിപരമായ അഭിപ്രായമാണോ, ഭരണകൂടത്തിന്റെ നിലപാടാണോ എന്ന് വൈകാതെ അറിയാം.
Comments