പൊങ്ങച്ചത്തില്‍ മുങ്ങുമ്പോള്‍
ഒരു ചര്‍ച്ചില്‍ കറുത്ത വര്‍ഗക്കാരന്‍ പ്രാര്‍ഥിക്കാന്‍ കയറി. വെള്ളക്കാര്‍ അവനെ അടിച്ചൊടിച്ച് പുറത്തേക്കെറിഞ്ഞു. സ്വപ്‌നത്തില്‍ കണ്ട യേശുവിനോട് അവന്‍ പരാതി പറഞ്ഞു. അപ്പോള്‍ യേശു: 'ഞാന്‍ കയറാത്ത ചര്‍ച്ചില്‍ നീയെന്തിനു കയറി?' മതങ്ങളെ മനുഷ്യന്‍ എങ്ങനെയെല്ലാം വികൃതമാക്കിയെന്നതിന് ഉദാഹരണമാണ് ഈ കഥ. വര്‍ണം, പണം, കുലം എന്നിവ ഡംഭിന്റെ മുദ്രകളായി അറിവിന്റെ ഈ വസന്തകാലത്തും മനുഷ്യന്‍ കൊണ്ടുനടക്കുന്നു.
മതവിശ്വാസം ദൈവിക സമ്മാനമാണെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. എന്നാല്‍ എല്ലാ മതവിഭാഗങ്ങളിലും മനുഷ്യത്വം വറ്റിയ ആളുകളെ കാണാനാകും. മനുഷ്യര്‍ കൊട്ടിയാടുന്ന പൊള്ളയായ കാര്‍ണിവലായിരിക്കുന്നു മതത്തിന്റെ പേരില്‍ നടക്കുന്ന പ്രകടനങ്ങള്‍. മതങ്ങളെയും ആദര്‍ശങ്ങളെയും എങ്ങനെയെല്ലാം വികൃതമാക്കാമെന്നതിന് ഉദാഹരണങ്ങള്‍ ഏറെ. അഹിംസയുടെ ദര്‍ശനമാണ് ബുദ്ധമതമെങ്കിലും മ്യാന്മറില്‍ കൊലപാതകം അതിന്റെ അനുയായികളുടെ അനുഷ്ഠാനകലകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
മാതൃകാ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളും രീതികളുമെല്ലാം ഖുര്‍ആനും നബിചര്യയും വിവരിച്ചിട്ടുണ്ട്. സാമൂഹിക ജീവിതത്തിന്റെ സമാധാനപൂര്‍ണമായ നിര്‍മിതിക്കു വേണ്ടിയുള്ളതെല്ലാം നബിയും സഖാക്കളും കാഴ്ചവെച്ചിട്ടുണ്ട്. ഇതര മതവിഭാഗങ്ങളോട് അസഹിഷ്ണുത കാണിക്കുകയോ അവരെ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്ന് കര്‍ശനമായി താക്കീതു ചെയ്തിട്ടുണ്ട്. ഈ സമഗ്രമായ സമ്മാനത്തിനു ശേഷമാണ് 'നിങ്ങള്‍ മനുഷ്യരാശിയുടെ മാതൃകാ സമൂഹമാണ്' എന്ന അംഗീകാരം മുസ്‌ലിംകള്‍ക്ക് നല്‍കുന്നത്.
ഈ ദൈവിക പ്രസ്താവന മുന്നില്‍ വെച്ചുകൊണ്ടുവേണം മുസ്‌ലിം സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ പരിശോധിക്കാന്‍. ഏറ്റവും ഖേദകരമായ അവസ്ഥ അവര്‍ ഭിന്നിച്ചിരിക്കുന്നുവെന്നതും പരസ്പരം പോരാടുന്നുവെന്നതും പണത്തിന്റെ പകിട്ടില്‍ പൊങ്ങച്ചം കൊണ്ടുനടക്കുന്നുവെന്നുള്ളതുമാണ്; നിങ്ങള്‍ ഭിന്നിക്കരുത്, കലഹിക്കരുത്, ധൂര്‍ത്തടിക്കരുത് എന്ന് ഖുര്‍ആന്‍ താക്കീതു ചെയ്തിട്ടുണ്ടെങ്കിലും.
നബിയുടെ നിര്‍ദേശങ്ങള്‍ക്കു പകരം അനേകം അബദ്ധ വിശ്വാസങ്ങള്‍ മതത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. അടിമത്തത്തേക്കാള്‍ ആഴത്തില്‍ സ്ത്രീകളെ അടിച്ചമര്‍ത്തിയിരിക്കുന്നു. സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍ കുത്തിനിറച്ച് സാമൂഹിക ജീവിതം നരകതുല്യമാക്കിയിരിക്കുന്നു. ദീനില്‍ ഒരു പ്രയാസവും വെച്ചിട്ടില്ല എന്ന് ഖുര്‍ആന്‍ ആശ്വസിപ്പിക്കുമ്പോഴാണ് മതം കുത്തകയാക്കിയവര്‍ മനുഷ്യരെ വഴിപിഴപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന അബദ്ധ വിശ്വാസങ്ങളും ആചാരങ്ങളും കുത്തിത്തിരുകിയത്. സമകാലിക ജീവിതം പരതിയാല്‍, സംശുദ്ധമായ ഇസ്‌ലാമല്ല, കലര്‍പ്പു കലര്‍ന്ന അനേകം വകഭേദങ്ങളാണ് കാണാനാവുക.
നബിയുടെയും സഖാക്കളുടെയും ജീവിതം വ്യക്തമാക്കുന്നത് സമത്വപൂര്‍ണമായ സാമൂഹിക ജീവിതം അവര്‍ നയിച്ചിരുന്നുവെന്നതാണ്. എന്തു പരാതിയും പരിഹരിക്കപ്പെട്ടിരുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നെങ്കിലും ധൂര്‍ത്തുണ്ടായിരുന്നില്ല. എല്ലാവരുടെയും ജീവിതാവശ്യങ്ങള്‍ നിറവേറ്റപ്പെട്ടിരുന്നു. നബിയോടൊന്ന് സൂചിപ്പിക്കുകയേ വേണ്ടൂ, പ്രശ്‌നം ഉടനെ പരിഹരിച്ചിരിക്കും. എന്നാല്‍ ഇന്നത്തെ അവസ്ഥ വേദനാജനകമാണ്. മാതൃകാ സമൂഹം എന്ന വിശേഷണം മുസ്‌ലിംകള്‍ അര്‍ഹിക്കുന്നില്ല. സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ ഏറ്റവും പരിതാപകരമായ അവസ്ഥയില്‍ നില്‍ക്കുന്നു. ദരിദ്രരെ കണ്ടില്ലെന്നു നടിക്കാനുള്ള മനസ്സ് വളര്‍ത്തിയെടുത്തിരിക്കുന്നു. സാഹോദര്യത്തിന്റെ ഉന്നത പാഠങ്ങള്‍ രേഖകളില്‍ തെളിയുന്നുണ്ടെങ്കിലും ജീവിതത്തില്‍ വേര്‍തിരിവുകള്‍ക്ക് സ്ഥാനം നല്‍കിയിരിക്കുന്നു. യുദ്ധക്കളത്തില്‍ മരണാസന്നരായി കിടക്കുമ്പോഴും അടുത്തു കിടക്കുന്ന സഹോദരന്റെ ദാഹം മാറ്റാന്‍ വെമ്പിയ സ്വഹാബിമാരുടെ അനുയായികള്‍ സഹോദരന്റെ ചോരയൊഴുക്കാനും മടി കാണിക്കുന്നില്ല. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഖലീഫാ ഉമര്‍ ഭക്ഷ്യധാന്യങ്ങള്‍ ചുമന്നുകൊണ്ടുപോയിരുന്ന ചിത്രം ചരിത്രത്തില്‍ ഉണ്ടെങ്കിലും കാരുണ്യത്തിന്റെ കണികാണാത്ത ജീവിതരീതി സമൂഹം സ്വന്തമാക്കിയിരിക്കുന്നു. സത്യവിശ്വാസികള്‍ സഹോദരന്മാരാണെന്ന് നബി പുകഴ്ത്തിയിട്ടുണ്ടെങ്കിലും പാവപ്പെട്ടവര്‍ ഇന്ന് എച്ചില്‍കൂനകളില്‍ അന്നം പരതുന്നു.
തൊഴില്‍ മേഖലയില്‍ അനാശാസ്യമായ സംഗതികള്‍ സര്‍വത്ര കാണാനാകുന്നു. കച്ചവടത്തില്‍, ഇടപാടുകളില്‍ സത്യസന്ധത പലരും പാലിക്കാറില്ല. നികുതിവെട്ടിപ്പും പൂഴ്ത്തിവെപ്പും അവകാശം പോലെ ചെയ്തുകൊണ്ടിരിക്കുന്നു. തൊഴിലുടമയെ വഞ്ചിച്ച് പണം കവരുന്നത് കലയായി കരുതുന്നു. അത്തരം സമ്പാദ്യം പങ്കുവെച്ച് സമൂഹം സുഖിക്കുന്നു. വ്യക്തികളെയും സമൂഹത്തെയും തകര്‍ക്കുന്ന മയക്കുചരക്കുകള്‍ കടത്താനും വില്‍ക്കാനും കഴിക്കാനും ചെറുപ്പക്കാര്‍ തള്ളിക്കയറുന്നു.
വിശ്വാസം എന്നത് ജീവിതത്തെ ശുദ്ധീകരിക്കുന്ന മാര്‍ഗമായിരുന്നു നബിയുടെ കാലത്ത്. ഇന്ന് വിശ്വാസം ഹൃദയവിശുദ്ധിയുടെ അടയാളമല്ല. വിശ്വാസികള്‍ ഒരു ജാതിയായിരിക്കുന്നു. ജന്മമായിരിക്കുന്നു വിശ്വാസത്തിന്റെ അടയാളം. അറിവിനോ നന്മക്കോ സ്ഥാനമില്ല. സമ്പാദിക്കുക എന്നതാണ് പരമ ലക്ഷ്യം. അതിനുവേണ്ടി എന്തും കാണിക്കുന്നവര്‍ പെരുകിയിരിക്കുന്നു. അവരുടെ സാഹസികതകളും തന്ത്രങ്ങളും കേട്ട് സുഹൃത്തുക്കള്‍ ഹരം കൊള്ളുന്നു. അറിവ് ഹൃദയസംസ്‌കരണത്തിനുള്ളതല്ല, തൊഴില്‍ നേടാനുള്ള പടികള്‍ മാത്രം.
പൊങ്ങച്ചത്തിന്റെ പ്രകടനമാണ് ധൂര്‍ത്ത്. ഒരു വിവാഹവീട്ടിലേക്ക് ചെന്നു നോക്കൂ. ലാളിത്യത്തെക്കുറിച്ചുള്ള എല്ലാ സങ്കല്‍പങ്ങളും തകര്‍ന്നുപോകും. അലങ്കാര ബള്‍ബുകള്‍ വര്‍ണമഴ ചൊരിയുന്ന പളപളപ്പന്തലു മുതല്‍ തുടങ്ങുന്നു പൊങ്ങച്ചത്തിന്റെ ഡംഭുകള്‍. വിസ്മയ കവാടം കടന്നുചെന്നാല്‍ കാണാം ഭക്ഷണങ്ങളുടെ കാര്‍ണിവല്‍. ഓരോ ഭക്ഷണ വിഭാഗത്തിനും ഓരോ സുവര്‍ണതീരമാണ്. 'തിന്നുവിന്‍, വേണ്ടാത്തത് നശിപ്പിക്കുവിന്‍' എന്നാണ് മംഗലത്തിന്റെ മുദ്രാവാക്യം.
ചില മതകേന്ദ്രങ്ങള്‍ സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. ലാളിത്യത്തിന്റെ പാഠങ്ങള്‍ നല്‍കേണ്ട മതകര്‍മങ്ങള്‍ ആഡംബരത്തിന്റെയും ധൂര്‍ത്തിന്റെയും കേന്ദ്രങ്ങളായിരിക്കുന്നു. ദരിദ്രര്‍ ഭക്തിപൂര്‍വം നില്‍ക്കുന്നത് സ്വര്‍ണക്കട്ടികള്‍ക്കു മുന്നിലാണ്. സമൂഹത്തിലെ വലിയവര്‍ ഒരുക്കുന്നതാണ് മതകേന്ദ്രങ്ങളും ചടങ്ങുകളും. അവക്കു മുന്നില്‍ മറുചോദ്യമില്ലാതെ ഭക്തി പ്രകടിപ്പിക്കുകയാണ് പാവങ്ങളുടെ ചുമതല.
മത ചടങ്ങുകള്‍ക്ക് പുരോഹിതന്മാര്‍ ധരിക്കുന്ന വേഷവിധാനങ്ങളും സഭയിലെ അലങ്കാരങ്ങളും എന്തിനാണെന്ന ചോദ്യത്തിന് യുക്തിപൂര്‍വമായ ഉത്തരമില്ല. സാധാരണ മനുഷ്യരുടെ ജീവിതവുമായി അവക്ക് ബന്ധമില്ല. വയറൊട്ടിയവനെ പരിഹസിക്കുന്നതാണ് അത്തരം ആര്‍ഭാടാചാരങ്ങള്‍. ദൈവത്തിന്റെ പേരില്‍ നടക്കുന്ന ആര്‍ഭാടങ്ങള്‍ ദൈവം നിര്‍ദേശിച്ചതായിരുന്നില്ല. വലിയ പള്ളിമേടകള്‍ ആഡംബരത്തോടെ കെട്ടിപ്പൊക്കിയ ശേഷം ആളുകളോട് ക്രിസ്തുവിന്റെ ലാളിത്യത്തെക്കുറിച്ച് പറയാന്‍ പറ്റില്ല എന്ന് ഫാദര്‍ ചൈനാടത്ത് എഴുതുകയുണ്ടായി. ആഡംബരപൂര്‍ണമായ മോസ്‌ക്കുകള്‍ പണിത് നബിയുടെ ലാളിത്യത്തെപ്പറ്റി പ്രസംഗിക്കുന്നതില്‍ അര്‍ഥമില്ല. കീറിത്തുന്നിയ വസ്ത്രവുമായി സിറിയ സന്ദര്‍ശിക്കാനെത്തിയ ഖലീഫാ ഉമറിനെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് ആളെ മനസ്സിലായില്ല. ഇദ്ദേഹമാണ് ഖലീഫ എന്നറിഞ്ഞപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടുപോയി. ജനങ്ങളെ കാണാനായി പോകാന്‍ ആഡംബരത്തോടെ ഒരുക്കിനിര്‍ത്തിയ കുതിരയെ ഉമര്‍ ഉപയോഗിച്ചില്ല. ഒരു സാധാരണ ഒട്ടകത്തിന്റെ പുറത്ത് കയറി യാത്രയായി.
സമുന്നതമായ ഒരാദര്‍ശത്തിന്റെ അനുയായികളുടെ അപക്വമായ ജീവിതരീതി ദൈവികദര്‍ശനത്തിനു മേല്‍ കുടഞ്ഞിട്ട പാടുകള്‍ എത്രയാണ്! പണവും പത്രാസും കൊണ്ട് നേടാവുന്നതല്ല ജീവിതവിശുദ്ധി. പൊങ്ങച്ചത്തില്‍ മുങ്ങിത്തിമിര്‍ക്കുന്ന സമൂഹത്തിന് മറ്റുള്ളവര്‍ക്കു വേണ്ടി ഒന്നും നല്‍കാനില്ല.
Comments