Prabodhanm Weekly

Pages

Search

2018 ജൂലൈ 20

3060

1439 ദുല്‍ഖഅദ് 06

മക്കയില്‍നിന്ന് മടങ്ങാന്‍ നേരത്ത്

മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍

മക്കയില്‍നിന്ന് മടങ്ങാന്‍ സമയമായിരിക്കുന്നു. അവശേഷിക്കുന്നത് വിടവാങ്ങല്‍ ത്വവാഫ് മാത്രം. ഞാന്‍ കഅ്ബയുടെ ചാരത്തേക്ക് നടന്നു. ത്വവാഫ് പൂര്‍ത്തിയാക്കി. ചെയ്തുകൂട്ടിയ പാപങ്ങള്‍ ഏറ്റുപറഞ്ഞു. കണ്ണീരിനെ കൂട്ടുപിടിച്ച് പാപമോചനം തേടി. ശേഷം ഹിജ്‌റു ഇസ്മാഈലിലേക്കും മഖാമു ഇബ്‌റാഹീമിലേക്കും നീങ്ങി. രണ്ടിടത്തും നമസ്‌കരിച്ചു. വീണ്ടും കഅ്ബയിലേക്ക് നോക്കി മൗനിയായി നിന്നു. മക്കയില്‍ ചെലവഴിച്ച കഴിഞ്ഞ ദിനരാത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവന്നു. ജീവിതത്തിലെ ഏറ്റവും അനുഗൃഹീത ദിനങ്ങള്‍. ആ ആത്മീയ അനുഗ്രഹത്തിനു പകരംവെക്കാന്‍ മറ്റെന്തെങ്കിലും സൗഭാഗ്യമുണ്ടോ? ഉണ്ടാകില്ല, തീര്‍ച്ച.

ഒരു നാട്ടില്‍ കുറച്ച് ദിവസം താമസിക്കുക, അവിടെനിന്ന് മടങ്ങിപ്പോകാന്‍ നേരമാവുക, ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകണമെന്നില്ല എന്ന് തോന്നുക. ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ പലതവണ അഭിമുഖീകരിച്ചിട്ടുണ്ട്. വിടപറയുന്ന നാടും അതിലെ ഓര്‍മകളും കാലത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്നതായാണ് അപ്പോഴെല്ലാം തോന്നിയിട്ടുള്ളത്. പക്ഷേ, ഇന്ന് അങ്ങനെയല്ല മനസ്സില്‍ അനുഭവപ്പെടുന്നത്. ഞാന്‍ ഇപ്പോള്‍ മസ്ജിദുല്‍ ഹറാമിലാണ്. ഇവിടെ നില്‍ക്കുമ്പോള്‍, ജീവിതത്തെ വിഴുങ്ങുന്ന കാലത്തെക്കുറിച്ച സാധാരണ സങ്കല്‍പം എത്രയോ അകലെയാണെന്ന തോന്നലുണ്ടാകുന്നു. ഭൂതവും ഭാവിയും ഒന്നിച്ച് വര്‍ത്തമാനത്തോട് ചേരുന്നു. അങ്ങനെ കാലം എന്റെ കാഴ്ചയില്‍ വിശാലമായിക്കൊണ്ടിരിക്കുന്നു. ഇവിടെ ഇപ്പോള്‍ കാലത്തിന്റെയും ദേശത്തിന്റെയും അതിര്‍ത്തികള്‍ അനുഭവപ്പെടുന്നില്ല. ഈ മഹാ പ്രവാഹത്തില്‍ നമ്മുടെ ആത്മാവ് എല്ലാ കാലത്തേക്കും എല്ലാ ദേശത്തേക്കും വിശാലമാകുന്നു. കാലത്തിന്റെയും ദേശത്തിന്റെയും മറകീറി, ഇഹലോക ജീവിതത്തിന്റെ ഭൗതികത്വത്തിനുമപ്പുറം ആത്മാവ് പറന്നുയരുന്നു. ഇതുപോലെ ഉന്നതങ്ങളില്‍ വിഹരിക്കാന്‍ ആത്മാവിന് അവസരം നല്‍കുന്ന മറ്റൊരു സ്ഥലമുണ്ടോ? വേറൊരു സന്ദര്‍ഭമുണ്ടോ? ഇല്ല എന്നതാണ് യാഥാര്‍ഥ്യം.

എന്താണ് അതിന്റെ കാരണം? കഅ്ബ നിര്‍മിക്കപ്പെട്ട കല്ലിന്റെ പ്രത്യേകതയാണോ അത്? ഒരിക്കലുമല്ല. കല്ല് വെറും ഭൗതിക വസ്തു മാത്രമാണ്. ഭൗതിക വസ്തു തകരുകയും പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്യാം. കഅ്ബ തന്നെ പലതവണ പുനര്‍നിര്‍മാണത്തിന് വിധേയമായതുമാണ്. ഇത്രമേല്‍ ഉയരങ്ങളില്‍ വിഹരിക്കാന്‍ ആത്മാവിന് ചിറകുകള്‍ നല്‍കുന്നത് തൗഹീദ് എന്ന ദര്‍ശനമാണ്. ആ ദര്‍ശനത്തിന്റെ പ്രതീകമായാണ് ഈ പരിശുദ്ധ ഭവനം നിലകൊള്ളുന്നത്. ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും കഅ്ബ പടുത്തുയര്‍ത്തിയതു മുതല്‍ അങ്ങനെ തന്നെ. തൗഹീദാണ് ഏറ്റവും വലിയ യാഥാര്‍ഥ്യം. അതാണ് അടിസ്ഥാന യാഥാര്‍ഥ്യം. ആ യാഥാര്‍ഥ്യത്തില്‍നിന്നാണ് മറ്റെല്ലാ യാഥാര്‍ഥ്യങ്ങളും ഉറവയെടുക്കുന്നത്. കലയും ശാസ്ത്രവും വഴി കണ്ടെത്തുന്നത് അതിലൂടെയാണ്. മനുഷ്യന് മുമ്പില്‍ ജീവിതത്തിന്റെ അര്‍ഥം തെളിയുന്നത് അതിന്റെ വെളിച്ചത്തിലാണ്. പ്രപഞ്ചം മുഴുവന്‍ സ്രഷ്ടാവിലേക്കുള്ള വഴിയറിയുന്നത് അതിന്റെ പ്രകാശത്തിലാണ്. ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലതും ആ ഏകനെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

തൗഹീദാണ് കേന്ദ്രം. പ്രപഞ്ചവും അതിലെ മുഴുവന്‍ ചരാചരങ്ങളും ആ കേന്ദ്രത്തിലേക്കാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. പ്രകീര്‍ത്തനങ്ങളും വാഴ്ത്തലുകളുമായി ഒാരോ അണുവും അതിലേക്ക്് തിരിയുന്നു. ദര്‍ശനം ഒരു ഭൗതിക വസ്തുവല്ല, ജീവനുള്ള ആശയമാണ്. അതിനാല്‍, ഭൗതിക വസ്തുക്കളില്‍നിന്ന് വ്യത്യസ്തമായി ദര്‍ശനത്തിന് ശാശ്വതികത്വം ലഭിക്കാവുന്നതാണ്. പക്ഷേ, നിത്യവസന്തമായി നിലനില്‍ക്കുന്ന ഒരൊറ്റ ദര്‍ശനമേ പ്രപഞ്ചത്തിലുള്ളൂ, തൗഹീദ്. തൗഹീദ് ശാശ്വതമാണെങ്കില്‍ അതിന്റെ പ്രതീകമായ ഹറമും ശാശ്വതമായി നിലനില്‍ക്കും. ഒരാള്‍ക്കും അതിനെ തകര്‍ക്കാന്‍ കഴിയില്ല. മനുഷ്യന്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയാന്‍ ഒരു ശക്തിക്കും സാധ്യമല്ല. മനുഷ്യ സമൂഹം എങ്ങനെ അതില്‍നിന്ന് അകന്നുപോകും! എല്ലാ നന്മകളെയും ഏറ്റവും വലിയ യാഥാര്‍ഥ്യത്തെയും പ്രതിനിധീകരിക്കുന്ന കേന്ദ്രമാണല്ലോ അത്.

ശക്തിയും അധികാരവുമുള്ള പല പേര്‍, പല കാലങ്ങളില്‍ ജീവിച്ചവര്‍ ഈ ഗേഹത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. എല്ലാ ശ്രമങ്ങളും പാഴ്‌വേലകളായി പരിണമിച്ചത് ചരിത്ര പുസ്തകത്തില്‍ കാണാം. ഹിംയര്‍ രാജാവ് തുബ്ബഉ ബ്‌നു ഹസ്സാന്‍ ഒരു യുദ്ധത്തില്‍നിന്ന് മടങ്ങി വരികയായിരുന്നു. യാത്ര മക്കക്ക് അരികിലെത്തി. അയാള്‍ ജൂതനായിരുന്നു. കഅ്ബ പൊളിക്കണമെന്ന് തുബ്ബഇന്റെ മനസ്സ് മന്ത്രിച്ചു. അയാളുടെ കൂടെ ജൂതപുരോഹിതന്മാരുണ്ടായിരുന്നു. അവര്‍ ആ ഉദ്യമം തടഞ്ഞു. തീരുമാനത്തില്‍നിന്ന് പിന്മാറി തുബ്ബഅ് നാട്ടിലേക്ക് തിരിച്ചു.

ഹിജ്‌റക്ക് ഒരു നൂറ്റാണ്ട് മുമ്പ് നടന്ന സംഭവമാണ് മറ്റൊന്ന്. ഗത്വ്ഫാന്‍ ഗോത്രക്കാര്‍ അവരുടെ ദേശത്ത് മക്കയിലെ ഹറം പോലെ ഒരു തീര്‍ഥാടന കേന്ദ്രം പണികഴിപ്പിച്ചു. അറബികളെ അങ്ങോട്ട് ആകര്‍ഷിക്കാന്‍ വേണ്ടതൊക്കെ ചെയ്തു. ഇക്കാര്യം സുഹൈറുബ്‌നു ഹുബാബ് എന്ന അറബി രാജാവിന്റെ ചെവിയിലെത്തി. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണ, ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം അതൊരിക്കലും സംഭവിക്കില്ല.' ഗത്വ്ഫാനെ പ്രതിരോധിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ജനത ആ തീരുമാനത്തെ പിന്തുണച്ചു. പോരാട്ടത്തിനൊടുവില്‍ ഗത്വ്ഫാന്‍ പരാജയപ്പെട്ടു. പുതിയ തീര്‍ഥാടന കേന്ദ്രം അപ്രസക്തമായി അവശേഷിച്ചു.

അബ്‌റഹത്ത് യമനിലെ സ്വന്‍ആയില്‍ ക്രൈസ്തവര്‍ക്കായി ഒരു തീര്‍ഥാടന കേന്ദ്രം പണിതു. മസ്ജിദുല്‍ ഹറാമില്‍നിന്ന് ജനശ്രദ്ധ പുതിയ കേന്ദ്രത്തിലേക്ക് തിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. കണ്ണഞ്ചിപ്പിക്കുന്ന വിധം ആ ഭവനം അലങ്കരിച്ചു. ആഡംബര ഫര്‍ണിച്ചറുകള്‍ എത്തിച്ച് തീര്‍ഥാടന കേന്ദ്രം മനോഹരമാക്കി. മക്കക്കാര്‍ കഅ്ബ വിട്ട് താന്‍ പണിത ഭവനത്തിലേക്ക് തിരിയുമെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു. പക്ഷേ, അറബികളില്‍ ഒരാള്‍ പോലും തിരിഞ്ഞുനോക്കിയില്ല. യമന്‍ നിവാസികളും പുതിയ തീര്‍ഥാടന കേന്ദ്രത്തെ മുഖവിലക്കെടുത്തില്ല. ഹറമില്‍ നിര്‍വഹിക്കപ്പെടാത്ത ഹജ്ജ് സ്വീകാര്യമായി അവര്‍ പരിഗണിച്ചതുമില്ല. ഇത് അബ്‌റഹത്തിനെ കോപാകുലനാക്കി. ആനപ്പടയുടെ അകമ്പടിയോടെ വന്‍ സൈന്യവുമായി കഅ്ബ തകര്‍ക്കാന്‍ അയാള്‍ പുറപ്പെട്ടു. അബ്‌റഹത്ത് മക്കയിലേക്ക് പ്രവേശിച്ചു. കഅ്ബ പൊളിക്കാന്‍ പോവുകയാണെന്നും സമീപവാസികള്‍ മുഴുവന്‍ ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പ് നല്‍കി. മക്കക്കാര്‍ നഗരം വിട്ട് പോയി. അബ്‌റഹത്ത് തീരുമാനം നടപ്പിലാക്കാന്‍ ഒരുങ്ങി. പിന്നീട് സംഭവിച്ചതൊന്നും വിശദീകരിക്കേണ്ടതില്ലല്ലോ. അബ്‌റഹത്തും സൈന്യവും തകര്‍ന്നു തരിപ്പണമായെന്ന് ചരിത്രം വ്യക്തമാക്കുന്നു. നബിയുടെ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബ് പറഞ്ഞത് എത്ര വാസ്തവം; 'ഈ ഭവനത്തിന് ഒരു നാഥനുണ്ട്. അവന്‍ അതിനെ സംരക്ഷിച്ചുകൊള്ളും.'

അബ്ബാസി ഭരണകാലം. ഇറാഖില്‍ ഖര്‍മത്വി ധാരയുടെ പ്രബോധനം വ്യാപകമായി. തങ്ങളുടെ മദ്ഹബ് പിന്തുടരാത്തവര്‍ കാഫിറുകളാണെന്ന് അവര്‍ വാദിച്ചു. അബൂത്വാഹിര്‍ ഖര്‍മത്വിയായിരുന്നു ഈ മദ്ഹബിന്റെ പിതാവ്. അദ്ദേഹം അന്നത്തെ ബഹ്‌റൈനിലെ ഹജറില്‍ ഒരു ഭവനം പണിതു. 'ഹിജ്‌റയുടെ ഭവനം' എന്ന് അതിന് പേരിട്ടു. ഹജ്ജ് കര്‍മം അങ്ങോട്ട് മാറ്റാന്‍ ഉദ്ദേശിച്ചു. മക്കയിലേക്കുള്ള എല്ലാ വഴികളിലും അബൂത്വാഹിറിന്റെ സൈന്യം നിലയുറപ്പിച്ചു. ഹറമിലേക്ക് ഹജ്ജിന് വരുന്നവരെ വകവരുത്തിക്കൊണ്ടിരുന്നു. മാത്രമല്ല, ഹജ്ജ് സീസണില്‍ അബൂത്വാഹിര്‍ ഹറമില്‍ കടന്ന് ഹാജിമാര്‍ക്ക് നേരെ വാള്‍ ഊരി. മുപ്പതിനായിരത്തിലധികം ഹാജിമാരുടെ ജീവന്‍ കവര്‍ന്നു. കഅ്ബയുടെ വാതില്‍ പുഴക്കിയെറിഞ്ഞു. ഈ സംഭവത്തെതുടര്‍ന്ന് ജനഹൃദയങ്ങളില്‍ ഭയം ഇരച്ചുകയറി. ഹജ്ജിന് പോകാന്‍ ഭയരഹിതമായ ഒരു വഴിയും അവര്‍ കണ്ടില്ല. അങ്ങനെ ജനങ്ങള്‍ ഹജ്ജിന് പോകുന്നത് തല്‍ക്കാലത്തേക്കെങ്കിലും നിലച്ചു. എന്നാല്‍ അവര്‍ ഹജറിലെ പുതിയ ഭവനത്തിലേക്ക് പോകാനും തയാറായില്ല. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അബൂത്വാഹിര്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ പരിശ്രമം ഫലശൂന്യമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ജനതക്ക് ബോധ്യപ്പെട്ടു. അവര്‍ ഹജറുല്‍ അസ്‌വദ് മക്കക്ക് തിരിച്ചുകൊടുത്തു. മുമ്പ് അബൂത്വാഹിര്‍ ഹറമില്‍നിന്ന് ഹജറുല്‍ അസ്‌വദ് എടുത്ത് തന്റെ നാട്ടിലേക്ക് കൊണ്ടുപോയതായിരുന്നു. അങ്ങനെ വീണ്ടും ആ ദൈവിക ഗേഹത്തില്‍ ഹജ്ജുണര്‍ന്നു.

ഹറം തകര്‍ക്കാന്‍ പലകാലങ്ങളില്‍ നടന്ന ശ്രമങ്ങളെ കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചത്. അബ്‌റഹത്തിനെ പോലെ ആയുധശക്തിയും അംഗബലവുമുള്ളവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ, എല്ലാ കുതന്ത്രങ്ങളും പരാജയത്തിലാണ് കലാശിച്ചത്. കാരണം അവര്‍ ഏറ്റുമുട്ടിയത് തൗഹീദിനോടാണ്. ഹറമിനെ അപ്രസക്തമാക്കി മാറ്റാന്‍ അവരെ പ്രേരിപ്പിച്ചത് ഭൗതിക താല്‍പര്യങ്ങളായിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പലതുണ്ടായിരുന്നു അതിനു പിന്നില്‍. രാഷ്ട്രീയ താല്‍പര്യങ്ങള്‍ താല്‍ക്കാലികമാണ്. ആ താല്‍പര്യങ്ങളുടെ പുറത്താണ് പുതിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ അവര്‍ പടുത്തുയര്‍ത്തിയത്. ഭൗതികമായ എല്ലാ അലങ്കാരങ്ങളും എടുത്തണിഞ്ഞ കേന്ദ്രങ്ങള്‍. പക്ഷേ, അവയുടെ അടിത്തറ ഭൗതിക താല്‍പര്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ജനഹൃദയങ്ങളില്‍ അവ സ്ഥിരപ്രതിഷ്ഠ നേടിയില്ല. എന്നാല്‍ തൗഹീദ് സമുന്നതമായ ദര്‍ശനമാണ്. ദേഹേഛയുടെ തരിപോലും അതില്‍ കലര്‍ന്നിട്ടില്ല. അത് ശാശ്വതമാണ്. പ്രകൃത്യാ തന്നെ എല്ലാ ആധിപത്യങ്ങള്‍ക്കും മുകളില്‍ ചിറകടിച്ച് പറക്കുന്നതാണ് അത്. അതിന്റെ പ്രതീകമാണല്ലോ കഅ്ബ. തൗഹീദ് ശാശ്വതമാണെങ്കില്‍ കഅ്ബയും എന്നെന്നും സുരക്ഷിതമായി നിലനില്‍ക്കും. ഭൂമിയിലെ മുഴുവന്‍ ഹൃദയങ്ങളും അതിനെ പ്രണയിക്കും. കണ്ണുകള്‍ അതിനെ കാത്തിരിക്കും.

പരിശുദ്ധ പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ് പവിത്രമായ മണ്ണിനോട് വിടപറയാന്‍ നേരത്ത് എന്റെ മനസ്സിലൂടെ കടന്നുപോയ രംഗങ്ങളാണിതെല്ലാം. ഒരു നിമിഷം ചിന്തകള്‍ മുറിഞ്ഞുപോയി. കണ്ണ് വീണ്ടും കഅ്ബയില്‍ ഉടക്കി. അതിന്റെ സൗന്ദര്യത്തിലും വശ്യതയിലും മനസ്സ് ആസ്വാദനം കണ്ടെത്തുകയായിരുന്നു. അപ്പോള്‍ എന്റെ കാഴ്ചക്ക് മുമ്പില്‍ ഒരു വെളിച്ചം തെളിഞ്ഞു. കഅ്ബയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട വെട്ടമാണെന്ന് തോന്നിപ്പോയി. ആ വെളിച്ചത്തിനിടയിലൂടെ എന്തൊക്കെയോ ഞാന്‍ വായിക്കുന്നത് പോലെ അനുഭവപ്പെട്ടു. എന്തിനാണ് അല്ലാഹു ഹറമിനെ പരിശുദ്ധമാക്കിയത്? എന്തിനാണ് അതിനെ സമാധാനത്തിന്റെ കേന്ദ്രമാക്കിയത്?

യുദ്ധവും രക്തം ചിന്തലും അവിടെ അനുവദനീയമല്ലല്ലോ. പുല്‍ചാടിയും പുല്‍കൊടിയും പോലും അവിടെ സുരക്ഷിതമാണല്ലോ. മക്കാ വിജയനാളില്‍ നബി(സ) പറയുകയുണ്ടായി: 'അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസം മക്കയെ പരിശുദ്ധമാക്കി. അന്ത്യനാള്‍ വരെ അത് പരിശുദ്ധമായിരിക്കും. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാള്‍ക്കും അവിടെ രക്തം ചിന്താന്‍, ഒരു ചെടി പിഴുതെടുക്കാന്‍ അനുവാദമില്ല.'

എന്തിനാണ് പ്രവാചകന്‍ ഇങ്ങനെ പറഞ്ഞത്? എന്തിനാണ് അല്ലാഹു ഹറമിനെ നിര്‍ഭയ കേന്ദ്രമാക്കിയത്? കാരണം മറ്റൊന്നുമല്ല. അത് തൗഹീദിന്റെ പ്രതീകമാണ്. തൗഹീദ് സ്വയം തന്നെ സമാധാനമാണ്. തൗഹീദിലൂടെ മാത്രമേ സമ്പൂര്‍ണ സമാധാനം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. തൗഹീദിലൂടെ എല്ലാ മനുഷ്യരും ഏകനായ സ്രഷ്ടാവിലേക്ക് തിരിയുന്നു. അതോടുകൂടി സ്രഷ്ടാവിന്റെ അടിമകള്‍ എന്ന ഒറ്റ ഐഡന്റിറ്റിയില്‍ എല്ലാവരും അണിനിരക്കുന്നു. മറ്റെല്ലാ സ്വത്വങ്ങളും അവിടെ അപ്രസക്തമാകുന്നു.

ജനം തൗഹീദ് നെഞ്ചേറ്റാന്‍ തീരുമാനിച്ചാല്‍, അതിന്റെ പ്രകാശത്താല്‍ അവര്‍ പരസ്പരം സ്‌നേഹിക്കും. സ്‌നേഹം പങ്കുവെക്കപ്പെടുന്ന സുന്ദരലോകം ഭൂമിയില്‍ യാഥാര്‍ഥ്യമാകും. ശത്രുതയും വിദ്വേഷവും അസൂയയും നിര്‍വീര്യമാകും. പരിഹാസം, പണത്തിനു വേണ്ടിയുള്ള പരസ്പര മത്സരം, അധികാരത്തിനും പദവിക്കും വേണ്ടിയുള്ള നെട്ടോട്ടം തുടങ്ങി സ്വാര്‍ഥതയുടെ ലോകത്തെ എല്ലാ ബിംബങ്ങളും തകര്‍ന്നുവീഴും. അല്ലാഹുവിന്റെ പ്രീതി എന്ന ഒറ്റ ബിന്ദുവിലേക്ക് ഒഴുകുന്ന ഒരാള്‍ക്ക് അത്തരം തരംതാണ അവസ്ഥയിലേക്ക് അധഃപതിക്കാന്‍ കഴിയില്ലല്ലോ. നാഥനെ പ്രണയിക്കുന്ന, ഭയഭക്തി വസ്ത്രമായണിഞ്ഞ ഒരു കൂട്ടര്‍ക്ക് അതൊട്ടും സാധ്യമല്ലല്ലോ. താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുന്നതു വരെ ഈമാന്‍ പൂര്‍ത്തിയാവില്ല എന്നാണ് തൗഹീദ് പഠിപ്പിക്കുന്നത്. അങ്ങനെ ഈമാന്‍ പൂര്‍ത്തിയാകുന്ന വ്യക്തികള്‍ ഉണ്ടായാല്‍ സമൂഹത്തില്‍ സമാധാനം പൂത്തുലയില്ലേ? ജനം തൗഹീദിന്റെ വെളിച്ചത്തില്‍ കയറിനില്‍ക്കാന്‍ തയാറുണ്ടോ? എങ്കില്‍ സമാധാനം നിറഞ്ഞ ലോകം സാധ്യമാകും. ആ ലോകത്തിന്റെ കൊച്ചു മാതൃകയാണ് കഅ്ബയും പരിസരവും. അഥവാ മസ്ജിദുല്‍ ഹറാം. അതുകൊണ്ടാണ് അല്ലാഹു ഹറമിനെ പരിശുദ്ധവും നിര്‍ഭയവുമാക്കി നിലനിര്‍ത്തുന്നത്.

ഹറമിലേക്ക് പ്രവേശിക്കുമ്പോള്‍, കഅ്ബ ആദ്യമായി കാണുമ്പോള്‍ മനസ്സിന്റെ ആഴത്തില്‍ പ്രതിധ്വനിക്കും; 'നാഥാ, നിന്നില്‍ നിന്നാണ് സമാധാനം. നിന്നിലേക്കാണ് സമാധാനം. സമാധാനത്തില്‍ നീ ഞങ്ങളെ ജീവിപ്പിക്കേണമേ.' എത്ര മനോഹരമായ വാക്യം! എത്ര ആഴമുള്ള ആശയം! ചിന്തിക്കുന്ന ഹൃദയങ്ങളുണ്ടെങ്കില്‍.....  ('ഫീ മന്‍സിലില്‍ വഹ്‌യ്' എന്ന പുസ്തകത്തില്‍നിന്ന്)

വിവ: സി.എസ് ഷാഹിന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (82-85)
എ.വൈ.ആര്‍