Prabodhanm Weekly

Pages

Search

2018 ജൂലൈ 20

3060

1439 ദുല്‍ഖഅദ് 06

പുണ്യമക്ക ഹജ്ജ് യാത്രികരെ കാത്ത്

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

മക്ക എന്നും അത്ഭുതപ്പെടുത്തുന്ന മഹാനഗരമാണ്. വിശുദ്ധ ഹറമില്‍ ഇബാദത്തുകള്‍ അനുഷ്ഠിക്കാനും ഉംറയും ഹജ്ജും നിര്‍വഹിക്കാനും ദിനേന ലക്ഷക്കണക്കിന് വിശ്വാസികളാണ് അവിടെ വന്നുപോയിക്കൊണ്ടിരിക്കുന്നത്. ചില സമയങ്ങളില്‍ ആള്‍ത്തിരക്ക് കുറവാണെങ്കില്‍ മറ്റ് ചിലപ്പോള്‍ തിരക്ക് മഹാസാഗരമായി അലയടിക്കും. റമദാനിലെ അവസാന ദിവസങ്ങളിലും ഹജ്ജ് മാസങ്ങളിലുമാണ് ഏറ്റവുമേറെ തിരക്ക് അനുഭവപ്പെടുക. ഉംറ സീസണില്‍ ശരാശരി തിരക്ക് എപ്പോഴുമുണ്ട്.

എല്ലാ കൈവഴികളും ഒരേ ലക്ഷ്യത്തിലേക്ക് ഒഴുകുന്ന കാഴ്ചയാണ് മക്ക നഗരിയില്‍ നാം കാണുന്നത്. മിസ്ഫലയില്‍നിന്ന്, ജര്‍വലില്‍നിന്ന്, അസീസിയയില്‍നിന്ന്, അജ്‌യാദില്‍നിന്ന്, അജ്‌യാദ് സദ്ദില്‍നിന്ന്, ഗസ്സയില്‍നിന്ന് ഹറമിലേക്ക് വിശ്വാസികളുടെ ഒരേ ഒഴുക്ക്. ഈ സ്ഥലങ്ങളിലെല്ലാമുള്ള കെട്ടിടങ്ങളില്‍നിന്ന് ഹറം ഭാഗത്തേക്കുള്ള റോട്ടിലേക്കിറങ്ങി വിശുദ്ധ ഭവനത്തിലേക്കുള്ള മഹാ പ്രവാഹമായി ആ ഒഴുക്ക് രൂപാന്തരപ്പെടും. കൊച്ചരുവികള്‍ സംഗമിച്ച് കരവിഴുങ്ങി പാല്‍കടല്‍ തീര്‍ക്കുന്ന പ്രതീതി. എല്ലാവരിലും അല്ലാഹ്, അല്ലാഹ്... എന്ന പ്രാര്‍ഥന, മന്ത്രധ്വനി മാത്രം. ഇവരെല്ലാം കൂടി എപ്പോഴാണ് ഈ നഗരത്തിലെത്തിയത്, എങ്ങോട്ടാണ് തിരിച്ചു പോയത്? ആലോചിക്കുംതോറും മക്ക നമ്മെ അതിശയപ്പെടുത്തിക്കൊണ്ടേയിരിക്കും. വെപ്രാളങ്ങളില്ല, തിക്കും തിരക്കും ഒച്ചപ്പാടും നന്നേ കുറവ്. അതേ, മക്ക നഗരി ഉറങ്ങാറില്ല. രാവും പകലും അവിടെ ഒരേപോലെയാണ്. എത്ര വാഹനങ്ങളാണ് അര്‍ധ രാത്രിയിലും പുണ്യഭൂമിയിലേക്കു തീര്‍ഥാടകരെ എത്തിക്കാന്‍ ഓടിക്കൊണ്ടേയിരിക്കുന്നത്. ഇപ്പോള്‍ തീവണ്ടിപ്പാതകളും സജ്ജമായിരിക്കുന്നു. ജിദ്ദ എയര്‍പോര്‍ട്ടില്‍നിന്ന് മക്കയിലേക്ക്, മക്കയില്‍നിന്ന് മദീനയിലേക്ക്, മദീനയില്‍നിന്ന് തിരികെ മക്കയിലേക്ക് പ്രയാണം അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എയര്‍പോര്‍ട്ടുകളില്‍ ഒരു കൂട്ടര്‍ ആകാംക്ഷാപൂര്‍വം വന്നിറങ്ങുമ്പോള്‍ മറ്റൊരു കൂട്ടര്‍ ആത്മനിര്‍വൃതിയോടെ മടക്കയാത്രയുടെ തയാറെടുപ്പുകളിലായിരിക്കും. ആരാണിവരെയൊക്കെ നിയന്ത്രിക്കുന്നത്; സംരക്ഷിക്കുന്നത്? അല്ലാഹു; അല്ലാഹു മാത്രം. ഭരണകൂടം അതിന് മികവുറ്റ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നു എന്നു മാത്രം. എന്നാല്‍ എനിക്ക് ഉംറ അല്ലെങ്കില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിച്ചില്ലെന്ന് അവിടെ എത്തുന്നവരാരും പരിഭവപ്പെടാറില്ല. കാരണം എത്ര വലിയ തിരക്കിനിടയിലും എല്ലാവരുടെ കര്‍മവും അവിടെ വെച്ച് നിര്‍വഹിക്കപ്പെട്ടിരിക്കും. കാരണം അവിടെ എത്തുന്നവരെല്ലാം ദുയൂഫുര്‍റഹ്മാന്‍ അഥവാ അല്ലാഹുവിന്റെ അതിഥികളാണ്. രക്ഷിതാവ് ക്ഷണിച്ചതുകൊണ്ടാണ്, അവനെ മഹത്വപ്പെടുത്താന്‍ വിനീത ദാസരായി തീര്‍ഥാടകര്‍ കാതങ്ങള്‍ താണ്ടി പുണ്യ ഭൂമിയിലെത്തിയത്. അല്ലാഹുവിന്റെ അതിഥികളെ അല്ലാഹു കൈവെടിയുകയില്ല; അതിനാല്‍ ഏത് പ്രയാസങ്ങള്‍ക്കിടയിലും ഇത്തവണ ഹജ്ജിന് യാത്രതിരിക്കുന്നവര്‍ക്കും കര്‍മങ്ങള്‍ ആത്മാര്‍ഥതയോടെയും ഹൃദയ സാന്നിധ്യത്തോടെയും നിര്‍വഹിക്കാന്‍ അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്നത് തീര്‍ച്ചയാണ്.

എങ്കിലും മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും ഏതൊരു യാത്രയെയും കൂടുതല്‍ വിജയപ്രദമാക്കുമെന്നതാണല്ലോ അനുഭവം. ആത്മീയവും മാനസികവും ശാരീരികവും വൈജ്ഞാനികവുമായ ഒരുക്കം ഹജ്ജില്‍ പ്രധാനമാണ്. 'നിങ്ങള്‍ യാത്രാ പാഥേയങ്ങള്‍ ഒരുക്കുവിന്‍, ഏറ്റവും ഉത്തമമായ പാഥേയം തഖ്‌വയാണ്' എന്ന വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനമാണ് ആത്മീയ ഒരുക്കത്തില്‍ പ്രധാനം. തഖ്‌വ നേടാനാണ് എന്റെ സഞ്ചാരമെന്ന സുപ്രധാന ലക്ഷ്യം ഹാജി വിസ്മരിക്കരുത്, അതിന് വിരുദ്ധമായ ഒന്നും പ്രവര്‍ത്തിച്ചുകൂടാ. എയര്‍പോര്‍ട്ടുകളിലും മറ്റും വിചാരിച്ചതിനേക്കാളേറെ കാലതാമസം ഉണ്ടായെന്നിരിക്കും. റൂമുകള്‍ ഉദ്ദേശിച്ച അകലത്തില്‍ ലഭിച്ചില്ലെന്നു വരാം. ലോഡ്ജിലെ ബാത്‌റൂം സൗകര്യങ്ങള്‍ പോരെന്ന തോന്നലുണ്ടാകാം. നാട്ടില്‍ കിട്ടുന്ന അതേ ഭക്ഷണം കിട്ടുന്നില്ലല്ലോ എന്ന പരിഭവം സ്വാഭാവികം. അപ്പോഴൊക്കെ ക്ഷമാപൂര്‍വം, വന്നിരിക്കുന്ന ലക്ഷ്യം നേടിയെടുക്കാന്‍ ഇത്രയൊക്കെ സൗകര്യം ധാരാളം എന്ന് സമാധാനിച്ച് മുന്നോട്ടു പോവുക. അതാണ് മാനസിക തയാറെടുപ്പില്‍ പ്രധാനം. കൂടുതല്‍ പ്രാര്‍ഥനകളും ദിക്‌റുകളും അറബിയില്‍ ചൊല്ലാന്‍ അറിയില്ലെന്നതാണ് മറ്റ് ചിലരെ ബേജാറാക്കുന്നത്. എന്നാല്‍ നിര്‍ബന്ധമായും ചൊല്ലേണ്ട ഒരു അറബി പ്രാര്‍ഥനയും ഹജ്ജിന്റെ ഭാഗമായിട്ടില്ല. പ്രാര്‍ഥനകള്‍ അറിയാവുന്നത്ര അറബിയില്‍ ആവുന്നത് നല്ലതു തന്നെ. ബാക്കി പച്ചമലയാളത്തിലും മറ്റും കാരുണ്യവാനായ അല്ലാഹുവോട് അകം തേങ്ങി പറഞ്ഞാല്‍ മതി. പക്ഷേ, ത്വവാഫിനും സഅ്‌യിനും മറ്റെല്ലാം നടത്തം അത്യാവശ്യമാണ്. അതിനാല്‍ ശാരീരികമായ ഒരുക്കം ഏറെ പ്രധാനമാണ്. തണുത്ത വെള്ളം അത് സംസമാണെങ്കിലും ഒഴിവാക്കുക. തണുപ്പില്ലാത്ത സംസം ധാരാളം കുടിക്കുക. അത് ഒരേസമയം ഭക്ഷണവും രോഗശമനവുമാണ്. ദിവസേന ആറ് മണിക്കൂര്‍ ഉറങ്ങുകയും വേണം. അങ്ങനെ ഇബാദത്ത്, ഭക്ഷണം, ഉറക്കം - ഈ മൂന്ന് കാര്യങ്ങളും അതതിന്റെ നേരത്ത് ഏറ്റക്കുറച്ചിലില്ലാതെ നിര്‍വഹിക്കുകയാണ് സന്തുലിതമായ രീതി.

ഹജ്ജിന്റെ ഫിഖ്ഹും റൂഹും (ആത്മാവ്) മനസ്സിലാക്കുന്നതോടൊപ്പം അതിന്റെ ചരിത്രവും കൂടി ഉള്‍ക്കൊണ്ടു വേണം ഹജ്ജ് നിര്‍വഹിക്കാന്‍. ത്വവാഫിനു ശേഷം മഖാമു ഇബ്‌റാഹീമില്‍നിന്ന് രണ്ട് റക്അത്ത് നമസ്‌കരിക്കുമ്പോള്‍ ഇബ്‌റാഹീം നബി (അ)യുടെ കാല്‍പാടുകള്‍ പിന്‍പറ്റി താന്‍ ജീവിക്കുമെന്ന പ്രതിജ്ഞ പുതുക്കല്‍ കൂടിയാണെന്ന് മനസ്സിലാക്കുക. അതിനുവേണ്ടിയാവും അല്ലാഹു മഖാമു ഇബ്‌റാഹീമിന്റെ പിറകില്‍ നമസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. അറഫയില്‍ സംഗമിക്കുമ്പോള്‍ നബി(സ)യുടെ ചരിത്രപ്രസിദ്ധമായ അറഫാ പ്രഭാഷണത്തെ നെഞ്ചേറ്റുക. നാട്ടില്‍ തിരിച്ചെത്തിയാല്‍ അറഫാപ്രഭാഷണം ഉദ്‌ഘോഷിക്കുന്ന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി, സ്ത്രീകളുടെ അന്തസ്സ് തിരിച്ചുപിടിക്കുന്നതിനു വേണ്ടി, പലിശരഹിത സാമ്പത്തിക വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനു വേണ്ടി ഖുര്‍ആനും പ്രവാചകചര്യയും മുറുകെ പിടിച്ച് അത്തരം യത്‌നങ്ങളുടെ മുന്നണിപ്പോരാളിയാവുക. സമര്‍പ്പണ സന്നദ്ധതയുള്ള ഇസ്‌ലാമിക പ്രബോധകനാവുക. ഇത്തരം ചരിത്രപാഠങ്ങള്‍ സ്വാംശീകരിക്കാനാവും വിധം വൈജ്ഞാനികമായ മുന്നൊരുക്കത്തോടെയാവണം ഹജ്ജ് യാത്ര.

മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയുമാണല്ലോ പുണ്യഭൂമിയിലെത്തുമ്പോള്‍ പ്രധാന ആരാധനാ കേന്ദ്രങ്ങള്‍. മക്കയില്‍ ഒരു നേരത്തെ നമസ്‌കാരത്തിന് ലക്ഷം പ്രതിഫലവും മദീനയില്‍ ആയിരത്തിലധികം പ്രതിഫലവുമുണ്ട്. അല്ലാഹുവെ മഹത്വപ്പെടുത്തി വിനയാന്വിതരായും ഭയഭക്തിയോടും കൂടി വലതുകാല്‍ വെച്ച് നിശ്ചിത പ്രാര്‍ഥന ചൊല്ലിയാണ് മസ്ജിദുകളില്‍ പ്രവേശിക്കേണ്ടത്. റൂമുകളില്‍ നിന്ന് അംഗശുദ്ധി വരുത്തി പള്ളിയിലെത്തുന്നതാണ് ഏറെ ഉത്തമം. ഇരു ഹറമുകൡലും ബാത്‌റൂം സൗകര്യം ഉണ്ടെങ്കിലും അവ കണ്ടെത്തി, കാര്യം സാധിച്ച് പള്ളിയിലേക്കു തിരിച്ചെത്താന്‍ ധാരാളം സമയമെടുക്കും. അംഗശുദ്ധിമാത്രം ഉദ്ദേശിച്ച് മക്ക ഹറമില്‍ പുതിയ സൗകര്യങ്ങള്‍ അടുത്തിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് ത്വവാഫിനിടെ വുദൂഅ് നഷ്ടപ്പെടുന്നവര്‍ക്ക് പള്ളിക്കകത്ത് മത്വാഫിലേക്ക് ഇറങ്ങുന്ന ചവിട്ടുപടികളുടെ അടിഭാഗത്ത് ഒരുക്കിയ അംഗശുദ്ധി ഏരിയയാണ്. ഹജറുല്‍ അസ്‌വദിന്റെ മുന്‍വശത്തെ മൂലയിലാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അംഗശുദ്ധി വരുത്താനുള്ള ഈ സ്ഥലം വെവ്വേറെ സജ്ജീകരിച്ചിട്ടുള്ളത്. ക്ലോക് ടവര്‍ ബില്‍ഡിംഗിനോട് ചേര്‍ന്നുള്ള ബാത്‌റൂം നമ്പര്‍ മൂന്നിനടുത്ത് നിര്‍മിച്ച മതിലുകളിലും ഹറം മുറ്റത്ത് സ്ഥാപിച്ച വൃത്താകൃതിയിലുള്ള നിര്‍മിതിയിലും അംഗശുദ്ധി വരുത്താനുള്ള സൗകര്യം ലഭ്യമാണ്. ഹറമില്‍ പ്രവേശിക്കുന്നവര്‍ പ്രവേശന കവാടങ്ങള്‍ക്കടുത്ത് തന്നെ ഇരിക്കാന്‍ മുതിരരുത്. അകത്തേക്ക് പ്രവേശിച്ചാല്‍ ഒഴിവുള്ള സ്ഥലങ്ങള്‍ ധാരാളമായി ലഭിക്കും. ത്വവാഫ്, സഅ്‌യ്, നമസ്‌കാരം എന്നിവ നിര്‍വഹിക്കുമ്പോള്‍ സ്ത്രീ പുരുഷന്മാര്‍ കൂടിക്കലരുന്നത് പരമാവധി ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തുക. അന്യ സ്ത്രീപുരുഷന്മാര്‍ മനഃപൂര്‍വമല്ലാതെ പരസ്പരം തൊട്ടുപോയാല്‍ വുദൂഅ് നഷ്ടപ്പെടുന്നതുമല്ല. ഇഹ്‌റാം വസ്ത്രവും മറ്റ് വസ്ത്രങ്ങളും ധരിക്കുമ്പോള്‍ നിര്‍ബന്ധമായും മറയ്‌ക്കേണ്ട ഭാഗങ്ങള്‍ (ഔറത്ത്) വെളിവാകുന്നില്ലെന്ന് ഉറപ്പാക്കണം. പ്രായമായ മലയാളി പുരുഷന്മാരും മുണ്ട് ഒഴിവാക്കി പാന്റ്‌സ് ധരിക്കുന്നതാണ് ഉത്തമം. പുണ്യഭൂമിയിലിരിക്കുന്ന ദിവസങ്ങള്‍ മുഴുക്കെ, ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയോ അല്ലെങ്കില്‍ സ്വകാര്യ ഹജ്ജ് ഓപറേറ്ററോ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കൂടെ കരുതണം. അതില്‍ നിങ്ങളുടെയും താമസിക്കുന്ന ഹോട്ടലിന്റെയും വിലാസവും ഫോണ്‍ നമ്പറും ഉണ്ടാവും. വഴിതെറ്റിയാല്‍ പ്രസ്തുത തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സ്വയം തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാവും. യുവതീയുവാക്കള്‍ നിര്‍ബന്ധമായും ഈ ഐ.ഡി ധരിച്ചിരിക്കണം. സുഊദിയിലെ അനധികൃത താമസക്കാര്‍ക്കു വേണ്ടിയുള്ള പോലീസ് തെരച്ചില്‍ ഇപ്പോള്‍ ഹറമിനു സമീപവും ശക്തമാണ്. യാത്രയില്‍ എല്ലായിടത്തും വെച്ച് നിര്‍ബന്ധ നമസ്‌കാരങ്ങള്‍ ഒന്നിച്ച് ചുരുക്കി നിര്‍വഹിക്കാം. അതിന് സന്ദര്‍ഭം ലഭിക്കുന്ന ആദ്യ ഘട്ടത്തില്‍ തന്നെ അവ നിര്‍വഹിക്കുന്നതാണ് നല്ലത്. കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് നമസ്‌കരിക്കാതെ ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷമാകാം എന്ന് വിചാരിക്കുന്നവരുണ്ടാകും. വിമാനം വൈകുകയോ, വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ക്ക് സമയം ദീര്‍ഘിക്കുകയോ ചെയ്താല്‍ രണ്ട് നമസ്‌കാരത്തിന്റെയും സമയം നഷ്ടപ്പെട്ടുപോകും. അതിനാലാണ് നമസ്‌കാരം വൈകിക്കരുത് എന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടത്. വിമാനത്തില്‍ വെച്ച് വുദൂഅ് ഇല്ലെങ്കില്‍ തയമ്മും ചെയ്തും നമസ്‌കാരം ആകാവുന്നതാണ്.

ചുരുക്കത്തില്‍ ക്ലേശം സഹിച്ചുള്ള യാത്രയും മക്കയിലെയും ഹജ്ജ് സ്ഥലങ്ങളിലെയും ഇബാദത്തുകളും മദീന സന്ദര്‍ശനവും മടക്കയാത്രയുമെല്ലാം കൂടി ഉള്‍ച്ചര്‍ന്നതാണ് ഹജ്ജ് യാത്ര. അത് അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിക്കുന്നവര്‍ക്കുള്ള പ്രതിഫലം ഏറെ മഹത്തരമാണ്. പാപം പൊറുക്കപ്പെടുന്നു, സ്വര്‍ഗപ്രവേശത്തിന് വഴിതുറക്കുന്നു, ദൈവമാര്‍ഗത്തിലെ പോരാട്ടത്തിന് തുല്യമായ പ്രതിഫലം ലഭ്യമാകുന്നു, മുന്‍പാപങ്ങള്‍ മായ്ക്കപ്പെടുന്നു, പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നു, നരകമോചനം സാധ്യമാകുന്നു, തഖ്‌വാ ബോധം കൈവരുന്നു, പാപങ്ങളില്‍നിന്നും മുക്തി ലഭിക്കുന്നു. ഇങ്ങനെ ഹജ്ജിന്റെ പ്രതിഫലങ്ങള്‍ അനവധിയാണെന്ന് നബിവചനങ്ങളില്‍ കാണാം. അവയെല്ലാം കരസ്ഥമാക്കാനുള്ള ആത്മാര്‍ഥമായ പുറപ്പാടാവട്ടെ ഓരോ ഹജ്ജ് യാത്രികന്റേതും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (82-85)
എ.വൈ.ആര്‍