Prabodhanm Weekly

Pages

Search

2018 ജൂലൈ 20

3060

1439 ദുല്‍ഖഅദ് 06

ഗത്വ്ഫാന്‍

ഡോ. മുഹമ്മദ് ഹമീദുല്ല

 

നേരത്തേ നാം വിശദീകരിച്ച 'അടുപ്പു കല്ല്' ഗോത്ര സഖ്യത്തില്‍ സുലൈം പോലെ പ്രധാനപ്പെട്ട ഗോത്രമായിരുന്നു ഗത്വ്ഫാന്‍. ഏതാണ്ട് പ്രവാചകന്റെ അവസാനകാലം വരെ അവര്‍ ഇസ്‌ലാമുമായി കടുത്ത ശത്രുതയിലായിരുന്നു. സുലൈമുകാരെ പ്രവാചകന്റെ ശത്രുക്കളാക്കിയ അതേ കാരണങ്ങള്‍ തന്നെയാണ് ഈ ശത്രുതക്കും നിരത്താനാവുക. വലിയ അറബ് ഗോത്രങ്ങളിലൊന്നായ ഗത്വ്ഫാന്‍ പൂര്‍ണമായി നാടോടി ജീവിതം നയിക്കുന്നവരായിരുന്നു. അവരില്‍ ഏതെങ്കിലുമൊരു വിഭാഗം പോലും സ്ഥിരതാമസക്കാരായിരുന്നില്ല. തെക്ക് ഖൈബര്‍ പ്രാന്തങ്ങള്‍ മുതല്‍ നജ്ദിലൂടെ കടന്ന് മക്ക വരെയും അവര്‍ കാണപ്പെട്ടിരുന്നു. അവരുടെ ചരിത്രം കറങ്ങുന്നത് അവരുടെ നേതാവായ ഉയൈന ബ്‌നു ഹിസ്വ്ന്‍ എന്നയാളുടെ ചുറ്റുമാണ്. യുദ്ധോത്സുകത അയാള്‍ക്ക് പൂര്‍വികരില്‍നിന്ന് പാരമ്പര്യമായി കിട്ടിയതാവണം. ബക്‌റുബ്‌നു വാഇലുമായി പ്രാഗ് ഇസ്‌ലാമിക കാലത്ത് നടന്ന അല്‍ഖുനാന്‍ യുദ്ധത്തില്‍ ഗത്വ്ഫാന്‍കാരുടെ തലവന്‍ അംറുബ്‌നു ജുഅയ്യ ആയിരുന്നുവെന്ന് ഇബ്‌നു ഹബീബ്1 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബനൂ അസദിനെതിരെ യുദ്ധം നയിച്ചിരുന്നതാകട്ടെ ഈ അംറിന്റെ മകന്‍ ബദ്‌റു ബ്‌നു അംറ്. നസാര്‍, ജിഫാര്‍ യുദ്ധങ്ങളില്‍ ഗത്വ്ഫാന്‍കാര്‍ക്ക് നേതൃത്വം നല്‍കിയത്, ബദ്‌റിന്റെ മകന്‍ ഹുദൈഫ. അദ്ദേഹം ദാഹിസ് യുദ്ധവേളയില്‍ കൊല്ലപ്പെടുകയാണുണ്ടായത്. നേരത്തേ നമ്മള്‍ പറഞ്ഞ ഉയൈനബ്‌നു ഹിസ്വ്ന്‍ ഈ ഹുദൈഫയുടെ പൗത്രനാണ്. കലഹിക്കുന്നതില്‍ ഈ ഗോത്രത്തിലെ സ്ത്രീകളും ഒട്ടും പുറകിലായിരുന്നില്ല. ബദ്‌റിന്റെ പൗത്രിയായ ഉമ്മു ഖിര്‍ഫ ഫാത്വിമ, അവരുടെ മകള്‍ ഉമ്മു സിംല് തുടങ്ങിയവര്‍ ഉദാഹരണം.2

അറേബ്യയിലെ മറ്റിടങ്ങളിലെന്നപോലെ, ഗത്വ്ഫാന്‍കാര്‍ക്കിടയില്‍ മറ്റു ഗോത്രങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെയും കാണാം. ഇവരെ മറ്റു ഗോത്രങ്ങളുടെ ആവാസസ്ഥലത്തും കാണാം. ഉദാഹരണത്തിന്3 മക്കയിലെ ഔഫുബ്‌നു ലുഅയ്യ് ഗോത്രക്കാര്‍ ഗത്വ്ഫാനികള്‍ക്കിടയിലായിരുന്നു താമസം. ലഖീത്വു ബ്‌നു അബ്ദുല്‍ ഖൈസ് വിഭാഗം താമസിച്ചിരുന്നതാകട്ടെ, മദീനയിലെ ബനൂ സുഫര്‍ വിഭാഗത്തിനൊപ്പവും. വിഗ്രഹാരാധകരായിരുന്നു ഗത്വ്ഫാന്‍കാര്‍. അവര്‍ ആരാധിച്ചിരുന്നത് നഖ്‌ലയിലെ ഉസ്സ വിഗ്രഹത്തെ. ബനൂ സിര്‍മ ബ്‌നു മുര്‍റ എന്ന കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു ഉസ്സ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ദേവാലയത്തിലെ പൂജാരികള്‍.4 തൊട്ടടുത്തായിരുന്നു ഉക്കാള് ചന്ത നടന്നിരുന്നത്. സ്വാഭാവികമായും ഗത്വ്ഫാന്‍കാരും അവിടെ പോകാറുണ്ടായിരുന്നു.

പ്രവാചകന്റെ കാലത്ത് കൂടുതല്‍ ദൃശ്യമായിരുന്നത് ഫസാറ, അശ്ജഅ്, മുഹാരിബ്, സഅ്‌ലബ, മുര്‍റ എന്നീ ഗത്വ്ഫാന്‍ ഗോത്രശാഖകളായിരുന്നു. ഇതില്‍ എണ്ണം കൊണ്ടും ആയുധബലം കൊണ്ടും കൂടുതല്‍ ശക്തം ഫസാറയായിരുന്നു. ധാരാളം കുതിരപ്പടയാളികള്‍ ഉണ്ടായിരുന്നു അവര്‍ക്ക്. നാം നേരത്തേ പറഞ്ഞ ഉയൈനബ്‌നു ഹിസ്വ്ന്‍ ഫസാറ ശാഖയില്‍ പെടുന്നയാളാണ്. അറബി സാഹിത്യത്തില്‍ ഉയൈന രണ്ട് പേരുകളില്‍ അറിയപ്പെടുന്നുണ്ട്. ഇബ്‌നു അല്‍ലഖീത്വഃ എന്നാണ് ഒരു പേര്. 'ഉപേക്ഷിക്കപ്പെട്ടവളുടെ മകന്‍' എന്നാണ് അതിന്റെ അര്‍ഥം. 'അല്‍ അഹ്മഖുല്‍ മുത്വാഅ്' (അനുസരിക്കപ്പെടുന്ന പമ്പര വിഡ്ഢി) എന്നാണ് മറ്റൊരു പേര്. ഒന്നാമത്തെ പേര് വരാനുള്ള കാരണം പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ടെങ്കിലും നമ്മുടെ വിഷയമല്ലാത്തതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. രണ്ടാമത്തെ പേര് വരാന്‍ നിമിത്തമായ സംഭവങ്ങളിലൊന്ന് സുഹൈലി (കക, 1878) ഇങ്ങനെ വിവരിക്കുന്നു: ഒരിക്കല്‍ പ്രവാചക പത്‌നി ആഇശയെ കാണാനിടവന്ന ഉയൈന പ്രവാചകനോട് ഇങ്ങനെ ആവശ്യപ്പെടാന്‍ മടികാണിച്ചില്ലത്രെ; 'ഓ, മുഹമ്മദ്, ഈ മനോഹര റോസാ പുഷ്പത്തെ (ഹുമൈറാഅ്) എനിക്ക് തന്നാല്‍, എന്റെ ഏതൊരു ഭാര്യയെയും താങ്കള്‍ക്ക് പകരമായി എടുക്കാം.' പ്രവാചകന്‍ ഈ ആവശ്യം തള്ളി എന്ന് പറയേണ്ടതില്ലല്ലോ.

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം മക്കയില്‍ വെച്ച് അവിടെയെത്തുന്ന തീര്‍ഥാടകരോട് അഭയം നല്‍കുമോ എന്ന് പ്രവാചകന്‍ അന്വേഷിക്കാറുണ്ടായിരുന്നു. ആ അന്വേഷണത്തിന് തീര്‍ഥാടകരായ ഫസാരികള്‍ പ്രവാചകന് നല്‍കിയ മറുപടി ഒട്ടും പ്രോത്സാഹനജനകമായിരുന്നില്ല.5 മദീനയിലെത്തി ഹി. മൂന്നാം വര്‍ഷം ഗത്വ്ഫാന്റെ രണ്ട് ശാഖകളായ മുഹാരിബും സഅ്‌ലബയും മുഹാരിബുകാരനായ ദുഅ്‌സൂറിന്റെ നേതൃത്വത്തില്‍ മദീനയിലേക്ക് പടയോട്ടം നടത്താനുള്ള ഒരുക്കത്തിലാണെന്ന് മദീനക്കാര്‍ക്ക് വിവരം കിട്ടി. പ്രവാചകന്‍ 400 പേരുള്ള ഒരു സംഘവുമായി -അവര്‍ക്കൊപ്പം നിശ്ചിതയെണ്ണം കുതിരകളുമുണ്ടായിരുന്നു- ഇവരെ നേരിടാനായി ദൂഅംറിലേക്ക് തിരിച്ചു. വഴിയില്‍വെച്ച് ഒരു ശത്രു ഗോത്രാംഗത്തെ പിടികൂടുകയും ചെയ്തു. സഅ്‌ലബക്കാരനായ ജബ്ബാറിനെ. അയാളുമായി പ്രവാചകന്‍ നേരില്‍ സംസാരിച്ചപ്പോള്‍ അയാള്‍ ഇസ്‌ലാം സ്വീകരിക്കുകയും തന്റെ സ്വന്തം ഗോത്രത്തിലേക്ക് അവര്‍ക്ക് വഴി കാണിച്ചുകൊടുക്കുകയും ചെയ്തു. ശത്രുക്കള്‍ ഒട്ടും നിനച്ചിരിക്കാതെയാണ് മുസ്‌ലിംകള്‍ അവരുടെ താവളത്തിലേക്ക് കടന്നു കയറിയത്. പക്ഷേ, മലമുകളില്‍ കയറി രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിച്ചു. ദൂ അംറില്‍ പ്രവാചകന്‍ ക്യാമ്പ് ചെയ്തപ്പോള്‍ അദ്ദേഹത്തിനെതിരെ നടന്ന വധശ്രമത്തെക്കുറിച്ച് നാം നേരത്തേ വിവരിച്ചിട്ടുണ്ട്.

ഹി. നാലാം വര്‍ഷം മുഹാരിബ്, സഅ്‌ലബ ഗോത്ര ശാഖകളെ നേരിടാന്‍ പ്രവാചകന്‍ അവരുടെ ആവാസഭൂമിയായ ദാത്തുരിഖയിലേക്ക് പുറപ്പെടുന്നുണ്ട്.6 ശത്രുസൈനികര്‍ അവിടെ ധാരാളമായി ഒത്തുകൂടിയിരുന്നെങ്കിലും അവരിലെ ഗ്രൂപ്പിനും മറ്റുള്ളവരെക്കുറിച്ച് ഭയമുണ്ടായിരുന്നു. മുസ്‌ലിം സൈന്യത്തിലെ ഒരു വിഭാഗം നമസ്‌കരിക്കുമ്പോള്‍ മറ്റേ വിഭാഗം കാവല്‍ നിന്നത് ഈ സന്ദര്‍ഭത്തിലാണ് (ഈ നമസ്‌കാര രീതിയെക്കുറിച്ച് ഖുര്‍ആന്‍ 4:101-4-ല്‍ പറഞ്ഞിട്ടുണ്ട്).

ഗത്വ്ഫാന്റെ രണ്ട് ശാഖകളായ അശ്ജഉം ആമിറു ബ്‌നു ഇക്‌രിമയും കച്ചവട സംഘങ്ങള്‍ യാത്ര ചെയ്യുന്ന പാതയോരത്തായിരുന്നു താമസം. കച്ചവടക്കാരുമായുള്ള ഇടപാടുകളില്‍നിന്നാണ് അവര്‍ ഉപജീവനം കണ്ടെത്തിയിരുന്നത്. ഇസ്‌ലാമിന്റെ സ്വാധീന പ്രദേശങ്ങളിലൂടെ വടക്കു ഭാഗത്തേക്ക് മക്കന്‍ കച്ചവടസംഘങ്ങള്‍ പോകുന്നത് പ്രവാചകന്‍ തടഞ്ഞപ്പോള്‍ ഈ ഗോത്രവിഭാഗങ്ങളുടെ ഉപജീവനത്തെ അത് കാര്യമായി ബാധിച്ചു. അവരുടനെ മദീനയിലേക്ക് പ്രതിനിധികളെ അയക്കുകയും മുസ്‌ലിംകളുമായി ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു.7 അശ്ജഉമായി ഉണ്ടാക്കിയ കരാര്‍ പത്രിക ഇങ്ങനെ:

'സത്യം ചെയ്തു പറയുന്നു, അശ്ജഉകാരനായ നുഐമുബ്‌നു മസ്ഊദ് ബ്‌നു റുഖൈല അംഗീകരിച്ച കരാര്‍. അദ്ദേഹവുമായിട്ടാണ് (പ്രവാചകനുമായി) ഇത് ഒപ്പിട്ടത്. സഹായിക്കാമെന്നും വേണ്ട സമയത്ത് ഉപദേശം നല്‍കാമെന്നും തീരുമാനമായിരിക്കുന്നു; ഉഹുദ് മല അതിന്റെ സ്ഥാനത്ത് നിലനില്‍ക്കുവോളവും കടല്‍ 'സ്വൂഫ' (ചിപ്പി അല്ലെങ്കില്‍ മുടി) യെ നനയ്ക്കുവോളവും. എഴുതിയത്: അലി.8

ഈ പത്രികയില്‍നിന്ന് അധിക വിവരമൊന്നും നമുക്ക് ലഭിക്കുന്നില്ല. ഇതിലെ പ്രയോഗങ്ങള്‍ ശ്രദ്ധിച്ചാല്‍ അവ ഹിജ്‌റയുടെ ആദ്യവര്‍ഷങ്ങളിലേതാണെന്ന് മനസ്സിലാവും. ഹി. അഞ്ചാം വര്‍ഷം നടന്ന ഖന്‍ദഖ് യുദ്ധത്തില്‍ ശത്രു പാളയങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുക എന്ന സ്തുത്യര്‍ഹമായ സേവനം നിര്‍വഹിച്ചിട്ടുണ്ട് അശ്ജഇകള്‍. പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ധാരാളം ഗത്വ്ഫാനികള്‍ മതപരിത്യാഗികളായെങ്കിലും, അശ്ജഇകള്‍ വിശ്വാസം കൈവിടാതെ ഉറച്ചു നിന്നു.9 പ്രവാചകന്‍ മരണശയ്യയിലായിരിക്കെയാണ് അവരുടെ നേതാവ് നുഐമിനെ പ്രവാചകന്‍ ഒരു പ്രധാന ദൗത്യം ഏല്‍പ്പിക്കുന്നത്. കലാപകാരികളെ നേരിടാനുള്ള ദൗത്യമായിരുന്നു അത്. ഇവിടെ നമുക്ക് മറ്റൊരു ചരിത്രസന്ദര്‍ഭം ഓര്‍ക്കാം. ഖന്‍ദഖ് യുദ്ധവേളയില്‍ മക്കക്കാരും ജൂതന്മാരുമൊക്കെ കൈകോര്‍ത്തപ്പോള്‍, പ്രവാചകന് ദൂമതുല്‍ ജന്‍ദല്‍ നിവാസികള്‍ക്കെതിരെ സൈനിക നടപടികള്‍ സ്വീകരിക്കേണ്ടിവന്നിരുന്നു. മുസ്‌ലിം സൈന്യത്തിന് കടന്നുപോകേണ്ടത് ഗത്വ്ഫാനികളുടെ ഭൂമിയിലൂടെയാണ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ബനുല്‍ മുസ്വ്തലഖിനെ പ്രവാചകന്‍ ശിക്ഷിച്ചത്. ഗത്വ്ഫാന്‍കാരനായ ഉയൈന ബ്‌നു ഹിസ്വ്ന്‍, കാവലേര്‍പ്പെടുത്തിയിട്ടില്ലാത്ത8 മദീനയെ കടന്നാക്രമിച്ചേക്കുമോ എന്ന ഭയവും ഉണ്ടായിരുന്നു. അതിനാല്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഉയൈനയുമായി പ്രവാചകന്‍ ഒരു കരാര്‍ ഉണ്ടാക്കുകയാണ് ചെയ്തത്. ആ സമയത്തു തന്നെയാണ് കരാര്‍ ഉണ്ടാക്കിയതെന്ന് മഖ്‌രീസി9 പറയുന്നുണ്ടെങ്കിലും (അദ്ദേഹം വിശദാംശങ്ങളൊന്നും നല്‍കുന്നില്ല), ഇതൊരു അടവ് മാത്രമായിരിക്കാനാണ് സാധ്യത. കാരണം നീതിനിഷ്ഠയില്ലാത്തവനും വിശ്വസിക്കാന്‍ കൊള്ളാത്തവനുമായിരുന്നു ഉയൈന. ഏതാനും ദിവസം കഴിഞ്ഞ് വിവിധ ഗോത്രസഖ്യങ്ങള്‍ മദീന ഉപരോധിച്ചപ്പോള്‍ അക്കൂട്ടത്തിലും ഈ ഉയൈന ഉണ്ടായിരുന്നു. ഉഹുദ് മലക്ക് സമീപമാണ് ഉപരോധകാലത്ത് ഗത്വ്ഫാനികള്‍ തമ്പടിച്ചത്. അതായത് മദീനക്കാരായ ബനൂഹാരിസയുടെ ആവാസ ഭൂമിക്ക് നേര്‍ എതിര്‍വശത്ത്.10 ഗത്വ്ഫാനികള്‍ക്ക് മുന്നൂറ് അശ്വഭടന്മാരുണ്ടായിരുന്നു. ഉയൈനയും കുറച്ച് സുഹൃത്തുക്കളും ഒരു ഘട്ടത്തില്‍ മുസ്‌ലിംകള്‍ നിര്‍മിച്ച കിടങ്ങ് മുറിച്ചുകടന്നതുമാണ്. നാം നേരത്തേ കണ്ടതുപോലെ, ഉയൈനയുമായി പ്രത്യേക സമാധാന വ്യവസ്ഥകള്‍ ഉണ്ടാക്കാനാണ് നബി ശ്രമിച്ചിരുന്നത്.

കിടങ്ങ് യുദ്ധത്തിന് നാലു മാസം പിന്നിടും മുമ്പേ ഗത്വ്ഫാനികള്‍ മദീനയുടെ പ്രാന്തങ്ങളില്‍ മിന്നലാക്രമണം നടത്തി. ഉയൈന (അല്ലെങ്കില്‍ അയാളുടെ മകന്‍) നാല്‍പ്പത് അശ്വഭടന്മാരുമായി വന്ന് ഇരുപത് പെണ്ണൊട്ടകങ്ങളെ പിടിച്ചു കൊണ്ടുപോവുകയും ആട്ടിടയനെ (അബൂദര്‍റിന്റെ മകന്‍) കൊല്ലുകയും അവന്റെ വൃദ്ധയായ മാതാവിനെ തടവിലാക്കുകയും ചെയ്തു. ഖന്‍ദഖ് യുദ്ധകാലത്ത് സമാധാന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ താന്‍ പറഞ്ഞ വില അംഗീകരിക്കാത്തതിനുള്ള (ഇതേക്കുറിച്ച് നാം നേരത്തേ വിവരിച്ചിട്ടുണ്ട്) പ്രതികാര നടപടിയായിരുന്നു ഇത്. മദീനക്കാര്‍ ഇതിന് പ്രത്യാക്രമണവും നടത്തി. സലമബ്‌നു അഖ്‌വഅ് എന്ന മുസ്‌ലിം പോരാളിയുടെ ശൂരത ഈ ആക്രമണ വേളയില്‍ പ്രത്യേകം പ്രശംസിക്കപ്പെടുകയുണ്ടായി. ഓടിയാണത്രെ കുതിരപ്പുറത്ത് പായുന്ന ശത്രുവിനെ അദ്ദേഹം വീഴ്ത്തിയത്. ഈ വില്ലാളി തൊടുത്ത ശരങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ട പെണ്ണൊട്ടകങ്ങളില്‍ പകുതിയും തിരിച്ചു പിടിക്കാന്‍ നിമിത്തമായി. ഈ പടയോട്ടത്തില്‍ പ്രവാചകനും സന്നിഹിതനായിരുന്നു. ശത്രുക്കളില്‍നിന്ന് പിടിച്ചെടുത്ത നിരവധി മൃഗങ്ങളെ അറുത്ത് പ്രവാചകന്‍ തന്റെ സഖാക്കള്‍ക്ക് സദ്യയൊരുക്കുകയുണ്ടായി. അഞ്ച് ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം മദീനയിലേക്ക് മടങ്ങി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ അപഹരിച്ചെടുത്ത ഒരു പെണ്ണൊട്ടകപ്പുറത്ത് അബൂദര്‍റിന്റെ തടവിലാക്കപ്പെട്ട ഭാര്യയും തിരിച്ചെത്തി. സംഭവം വിവരിച്ച ശേഷം അവര്‍ പ്രവാചകനോട് പറഞ്ഞു: 'പ്രവാചകരേ, അല്ലാഹു എന്നെ രക്ഷപ്പെടുത്തിയാല്‍ ഈ മൃഗത്തെ കൊന്ന് അതിന്റെ കരള്‍ തിന്നുമെന്ന് ഞാന്‍ ശപഥം ചെയ്തുപോയിട്ടുണ്ട്.' പ്രവാചകന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: 'എന്തൊരു മോശം ശപഥം! ഈ പെണ്ണൊട്ടകം നിങ്ങളുടേതല്ല, അത് നിങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ നിങ്ങള്‍ക്കതിനെ കൊല്ലുകയും വേണം! സമാധാനത്തോടെ വീട്ടിലേക്ക് പൊയ്‌ക്കോള്ളൂ. അത്തരം ശപഥങ്ങളൊന്നും നിറവേറ്റേണ്ടതില്ല.'11 മഖ്‌രീസി12 മറ്റൊരു സംഭവം കൂടി പറയുന്നുണ്ട്. പിന്നീട് ഉയൈനയുടെ സഹോദരപുത്രന്‍ മദീന സന്ദര്‍ശിച്ചപ്പോള്‍ ഒരു പെണ്ണൊട്ടകത്തെ പ്രവാചകന് സമ്മാനമായി നല്‍കുന്നുണ്ട്. നേരത്തേ അപഹരിച്ചെടുത്ത ആ പെണ്ണൊട്ടകങ്ങളില്‍ ഒന്നിനെ! കാര്യം മനസ്സിലായെങ്കിലും പ്രവാചകന്‍ ചെറു പുഞ്ചിരിയോടെ ആ സമ്മാനം സ്വീകരിച്ചു; സന്ദര്‍ശകന് ഒരു തുക സമ്മാനിക്കുകയും ചെയ്തു.

ഹിജ്‌റ ആറാം വര്‍ഷം റമദാന്‍ മാസത്തില്‍ ഒരു കച്ചവട സംഘവുമായി പോകുമ്പോള്‍ സൈദുബ്‌നു ഹാരിസ എന്ന സ്വഹാബിയും കൂടെയുള്ളവരും ഗത്വ്ഫാന്‍ മേഖലയിലൂടെ കടന്നുപോകവെ പതിയിരുന്നാക്രമിക്കപ്പെട്ടു. സൈദിന്റെ കൂടെയുണ്ടായിരുന്നവരെല്ലാം വധിക്കപ്പെട്ടു. കച്ചവടച്ചരക്കുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. വ്രണിത മനസ്സുമായി മദീനയില്‍ തിരിച്ചെത്തിയ സൈദ് ഉടന്‍ തന്നെ ഒരു സായുധ വിഭാഗത്തിന്റെ തലവനായി പ്രതികാര നടപടികള്‍ക്കായി തിരിച്ചു വന്നു. വാദില്‍ ഖുറയില്‍ വെച്ച് ശത്രുക്കളുമായി ഏറ്റുമുട്ടി. പിടികൂടപ്പെടുകയും വധിക്കപ്പെടുകയും ചെയ്തവരില്‍ ഉമ്മു ഖിര്‍ഫ എന്ന വനിതയും അവരുടെ മകള്‍ ജാരിയയും ഉണ്ടായിരുന്നു. ഉയൈനയുടെ സഹോദര പുത്രിയായ ഉമ്മു ഖിര്‍ഫക്ക് പതിമൂന്ന് മക്കളുണ്ടായിരുന്നു. ഗോത്രത്തില്‍ വലിയ സ്ഥാനവുമുണ്ടായിരുന്നു.

ഗത്വ്ഫാന്‍ ഗോത്രവിഭാഗങ്ങളെ ഇളക്കിവിട്ട് മുസ്‌ലിം പ്രദേശങ്ങള്‍ ആക്രമിക്കാനും കൊള്ളചെയ്യാനും പ്രേരിപ്പിച്ചുകൊണ്ടിരുന്ന ഈ സ്ത്രീ കൊല്ലപ്പെട്ടത് ഗത്വ്ഫാന്‍കാരെ ക്ഷുഭിതരാക്കാതിരിക്കില്ലല്ലോ.13 അപ്പോഴാണ് ഖൈബറിലെ പ്രമുഖനായ അബൂറാഫിഅ് ഗത്വ്ഫാന്‍കാരുമായി ബന്ധപ്പെട്ട് മദീനക്കെതിരെ ഒരു ആക്രമണം പ്ലാന്‍ ചെയ്യുന്നത്. വിവരമറിഞ്ഞ് മദീനയില്‍നിന്ന് ഒരു ഏജന്റ് ഖൈബറിലേക്ക് പുറപ്പെടുകയും (തന്റെ വളര്‍ത്തമ്മ ഖൈബര്‍കാരിയായിരുന്നതിനാല്‍ അയാള്‍ക്ക് ഖൈബര്‍ നല്ല പരിചയമുണ്ടായിരുന്നു) അബൂറാഫിഅ് കൊല്ലപ്പെടുകയും ചെയ്യുന്നു.14 ഏതാനും മാസങ്ങള്‍ കഴിഞ്ഞ് ഖൈബറിലെ മറ്റൊരു പ്രമുഖനായ അസീറു ബ്‌നു സാരിം തന്റെ സുഹൃത്തിന്റെ വധത്തിന് പ്രതികാരം ചെയ്യാനായി ഗത്വ്ഫാനികളായ കൂലിപ്പടയാളികളെ വിലക്കെടുത്തിരുന്നുവെങ്കിലും അയാളും കൊല്ലപ്പെടുകയാണുണ്ടായത്.15 (സംഹൂദി പറയുന്നത് - പേ: 1165, രണ്ടാം എഡിഷന്‍ - ഖൈബറിന്റെ ആറ് മൈല്‍ അകലത്തിലുള്ള പ്രാന്തമായ സിബാറില്‍ വെച്ചാണ് സംഭവം എന്നാണ്).

ഹി. ഏഴാം വര്‍ഷം പ്രവാചകന്‍ ഖൈബറിനെതിരെ ഒരു പടയെ പറഞ്ഞയച്ചു. അവര്‍ക്ക് കടന്നു പോകേണ്ടത് ഗത്വ്ഫാന്‍ മേഖലയിലൂടെയാണ്. സ്വാഭാവികമായും ഗത്വ്ഫാനികള്‍ ഖൈബറിലെ ജൂതന്മാരുടെ (അവര്‍ നാലായിരത്തോളം വരും) സഹായം തേടി. പ്രശ്‌നത്തില്‍ ഇടപെടരുതെന്നും നിഷ്പക്ഷത പാലിക്കണമെന്നും പ്രവാചകന്‍ ഗത്വ്ഫാന്‍കാര്‍ക്ക് താക്കീതു നല്‍കി. വൈകാരിക മൂര്‍ഛയില്‍ നില്‍ക്കുന്ന ഗത്വ്ഫാന്‍കാരുണ്ടോ അത് വല്ലതും കേള്‍ക്കുന്നു! ഒടുവില്‍ പ്രവാചകന്‍ സൈന്യത്തിന്റെ സഞ്ചാര പാതയില്‍ മാറ്റം വരുത്തുന്നു. അതു കണ്ടാല്‍ തോന്നുക മുസ്‌ലിംകള്‍ ഖൈബറുകാരെയല്ല, ഗത്വ്ഫാന്‍കാരെയാണ് നേരിടാന്‍ പോകുന്നത് എന്നാണ്. അതൊരു കബളിപ്പിക്കല്‍ മാത്രമായിരുന്നു. ഗത്വ്ഫാന്‍കാര്‍ ശരിക്കും പേടിച്ചു. അവരുടെ നല്ല പടയാളികളൊക്കെ ഖൈബറിലേക്ക് പോയിരിക്കുകയാണ്. തങ്ങളുടെ ആവാസ പ്രദേശം ആക്രമിക്കപ്പെടുമെന്ന ഭീതിയില്‍ ഖൈബറിലേക്ക് പോയ ഗത്വ്ഫാന്‍കാരൊക്കെ സ്വന്തം നാട്ടില്‍ പാഞ്ഞെത്തി. ഖൈബര്‍ യുദ്ധം നടക്കുന്ന വേളയില്‍ ഇവരിലൊരാളും അനങ്ങിയത് പോലുമില്ല.16 യുദ്ധം കഴിഞ്ഞ് മുസ്‌ലിംകള്‍ മദീനയില്‍ തിരിച്ചെത്തിയപ്പോള്‍, തങ്ങള്‍ 'നിഷ്പക്ഷത' പാലിച്ചതിന് പ്രവാചകന്‍ നേരത്തേ വാഗ്ദാനം ചെയ്ത പാരിതോഷികം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉയൈന മദീനയില്‍ എത്തിയെങ്കിലും അയാള്‍ക്കുണ്ടോ അത് വല്ലതും കിട്ടുന്നു!

അതേവര്‍ഷം ശവ്വാല്‍ മാസത്തില്‍ ഗത്വ്ഫാന്‍കാരായ മുസ്‌ലിംകള്‍ പ്രവാചകന് വിവരം നല്‍കുന്നു, ഗത്വ്ഫാന്‍ ഗോത്രത്തിന് മദീന കൊള്ളയടിക്കാന്‍ പരിപാടിയുണ്ടെന്ന്, ഉയൈനയും അതില്‍ പങ്കെടുക്കാമെന്ന് ഏറ്റിട്ടുണ്ടെന്ന്. അവരെ നേരിടാന്‍ മദീനയില്‍നിന്ന് ബശീറു ബ്‌നു സഅ്ദിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഖൈബറിന്റെയും വാദില്‍ ഖുറായുടെയും ഇടക്കുള്ള പ്രദേശത്തേക്ക് (യുംന്, ജുബാര്‍, അല്‍ ജിനാബ് എന്നിവിടങ്ങളിലേക്ക്) ചെന്നു. അവര്‍ രണ്ടു പേരെ ബന്ദികളാക്കി. ബന്ദികളായി കൊണ്ടുവരപ്പെട്ടവര്‍ തങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ പ്രവാചകന്‍ അവരെ വിട്ടയക്കുകയാണുണ്ടായത്.17 ഇത്തരം വിശ്വാസ പ്രഖ്യാപനങ്ങളെയൊന്നും അവലംബിക്കാനാവില്ലെന്നതാണ് സത്യം. പക്ഷേ, പ്രവാചകന് ഇതല്ലാതെ മറ്റൊരു രീതി സ്വീകരിക്കാനാവുമായിരുന്നില്ല. ഇതില്‍ വരുന്ന അപകടം എന്തായാലും അത് നേരിടുക തന്നെ. ഒരുപക്ഷേ, ഈ ബദുക്കള്‍ പ്രവാചകന്റെ ഹൃദ്യമായ പെരുമാറ്റത്തില്‍ ആകൃഷ്ടരായി അവരുടെ മനസ്സു മാറ്റാനും ഇടയുണ്ടല്ലോ. പിന്നീടൊരിക്കലും ഉയൈന മുസ്‌ലിംകളെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. അയാള്‍ തന്റെ ഇസ്‌ലാമിലേക്കുള്ള ആദര്‍ശമാറ്റം വരെ പ്രഖ്യാപിച്ചു. ഹി. എട്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തില്‍ അന്‍സാരിയായ അബൂഖതാദയുടെ നേതൃത്വത്തില്‍ ഒരു പതിനഞ്ചംഗ സംഘം മദീനവിട്ട് ഖുദ്‌റ മേഖലയിലെ മുഹാരിബുകളെ നേരിടാനായി പോകുന്നുണ്ട്.18 ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് അദ്ദേഹത്തെ തന്നെ ബത്വ്ന്‍ ഇളമിലേക്കും പറഞ്ഞയക്കുന്നു.19 മുസ്‌ലിം സേന മക്കാ വിജയത്തിന് തയാറെടുപ്പുകള്‍ നടത്തുന്ന സന്ദര്‍ഭമായിരുന്നതിനാല്‍ അതില്‍നിന്ന് ഗത്വ്ഫാന്‍കാരുടെ ശ്രദ്ധ തെറ്റിക്കാനായിരുന്നു ഈ നീക്കം. സിറിയയിലേക്കുള്ള പാതയില്‍ മദീനയില്‍നിന്ന് വടക്കോട്ട് മൂന്ന് ദിവസത്തെ വഴിദൂരമുണ്ട് ഇങ്ങോട്ട്.

അടുത്ത മാസമാണ് പ്രവാചകന്‍ മക്ക കീഴടക്കാനായി തന്റെ സൈനികരുമായി മദീനയില്‍നിന്ന് പുറപ്പെടുന്നത്. സൈനിക നീക്കം രഹസ്യമായിരിക്കാന്‍ വേണ്ടി സന്നദ്ധ സൈനികരോടുള്ള പ്രവാചകന്റെ നി

ര്‍ദേശം, മുസ്‌ലിം സൈന്യം ഓരോരുത്തരുടെയും വാസസ്ഥലത്തെത്തുമ്പോള്‍ അവര്‍ അതില്‍ അണിചേര്‍ന്നാല്‍ മതി എന്നായിരുന്നു. ഇപ്രകാരം ഗത്വ്ഫാന്‍ നേതാവ് ഉയൈനയും അല്‍ അഅ്‌റജില്‍ വെച്ച് പ്രവാചകനോടൊപ്പം ചേര്‍ന്നു. പക്ഷേ, തന്റെ ഗോത്രത്തില്‍നിന്നുള്ള സൈനിക ദളങ്ങളൊന്നും കൂടെയുണ്ടായിരുന്നില്ല. അവരെ കൂടെ കൂട്ടാത്തതിന് പി

ന്നീട് അദ്ദേഹം ഖേദിക്കുന്നുമുണ്ട്. കാരണം, തന്റെ ഗോത്രത്തില്‍നിന്ന് ഗണ്യമായ തോതില്‍ സന്നദ്ധ സൈനികരെ ചേര്‍ത്തവരെ മാത്രമേ പ്രവാചകന്‍ ഏതെങ്കിലും സൈനിക ദളത്തിന്റെ നേതാവ് ആക്കിയിരുന്നുള്ളൂ.20 മക്ക വളരെ സമാധാനപരമായി കീഴടങ്ങിയ ഉടനെ, ഹവാസിനുകളെ നേരിടാന്‍ മുസ്‌ലിംകള്‍ക്ക് ഉടന്‍ തന്നെ അവിടെ നിന്ന് പുറപ്പെടേണ്ടി വന്നു. യുദ്ധം നടന്നുകൊണ്ടിരിക്കെ, നാം നേരത്തേ സൂചിപ്പിച്ച 'ബത്വ്ന്‍ ഇളം' സൈനിക നീക്കത്തില്‍ തന്റെ ഒരു ഗോത്രക്കാരന്‍ (ആമിറു ബ്‌നു അള്ബത്വ് അല്‍ അശ്ജഇ), അയാള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടു കൂടി കൊല്ലപ്പെടാന്‍ ഇടയായിട്ടുണ്ടെന്നും അതിന് നഷ്ടപരിഹാരം വേണമെന്നും ഉയൈന ശഠിച്ചുകൊണ്ടിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ പ്രവാചകന്‍ സമ്മതിച്ചു.21 ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ഹുനൈനില്‍നിന്ന് പിന്തിരിഞ്ഞോടിയ ശത്രുസൈന്യത്തെ പിന്തുടര്‍ന്ന് പ്രവാചകന്‍ ത്വാഇഫ് ഉപരോധിച്ചപ്പോള്‍, ഉയൈന തന്റെ ഒരു കൂട്ടാളിയോട് പറഞ്ഞത് പ്രവാചകനെ സഹായിക്കാനല്ല താന്‍ വന്നിട്ടുള്ളതെന്നും യുദ്ധമുതലായി സഖീഫ ഗോത്രക്കാരിയായ ഒരു പെണ്‍കുട്ടിയെ കിട്ടാന്‍ വേണ്ടിയാണെന്നുമാണ്.22 ത്വാഇഫ് ഉപരോധത്തെ തുടര്‍ന്ന് ലഭിച്ച തടവുകാരെ പ്രവാചകന്‍ അനുയായികള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് നാം നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. ഹവാസിനുകളുടെ ഒരു പ്രതിനിധിസംഘം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ എല്ലാ തടവുകാരെയും വിട്ടുകൊടുക്കാന്‍ ധാരണയായി. എല്ലാവരും തങ്ങളുടെ കീഴിലുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് പ്രവാചകന്‍ ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും സമ്മതിച്ചെങ്കിലും രണ്ടു പേര്‍ സമ്മതിച്ചില്ല. അതിലൊരാള്‍ ഉയൈനയായിരുന്നു. സ്വമേധയാ വിട്ടുതരാത്തവര്‍ക്ക് പൊതുഖജനാവില്‍നിന്ന് നഷ്ടപരിഹാരം നല്‍കാമെന്നായി പ്രവാചകന്‍.23 അങ്ങനെ ആ നഷ്ടപരിഹാരവും ഉയൈന മേടിച്ചു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞു പുതുവിശ്വാസികള്‍ക്ക് പ്രവാചകന്‍ വിലപിടിച്ച സമ്മാനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ ഈ ഉയൈനയെയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.24

അടുത്ത വര്‍ഷം, അതായത് ഹിജ്‌റ ഒമ്പതാം വര്‍ഷം ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധരാണെന്ന് അറിയിച്ചുകൊണ്ട് നിരവധി ഗോത്രങ്ങള്‍ മദീനയിലേക്ക് പ്രതിനിധി സംഘങ്ങളെ അയച്ചു. അവയില്‍ ഗത്വ്ഫാന്‍ പ്രതിനിധിസംഘവും ഉണ്ടായിരുന്നു. അവരെ നയിച്ചിരുന്നത് ഉയൈനയുടെ ഉറ്റ ബന്ധുവായ ഖാരിജ ബ്‌നു ഹിസ്വ്ന്‍. നാട്ടില്‍ വരള്‍ച്ചയാണെന്ന് അവര്‍ പരാതിപ്പെട്ടപ്പോള്‍ മഴക്കു വേണ്ടി പ്രവാചകന്‍ പ്രാ

ര്‍ഥിച്ചു.25 അതേവര്‍ഷം തന്നെയാണ് എല്ലാവര്‍ക്കും നികുതി ചുമത്താന്‍ പ്രവാചകന്‍ ഉത്തരവിട്ടത്. നികുതി പിരിക്കാനായി ഗത്വ്ഫാനിലേക്ക് അംറുബ്‌നുല്‍ ആസ്വിനെ നിയോഗിക്കുകയും ചെയ്തു.26 ഈ ഘട്ടത്തിലാണ് തമീമുകാര്‍ നികുതിപിരിവുകാരനെ സായുധമായി നേരിട്ടത് (ഇതിനെ കുറിച്ച് നാം നേരത്തേ പറഞ്ഞിട്ടുണ്ട്). ഈ വിവരം മദീനയിലെത്തുമ്പോള്‍ അവിടെ ഉയൈനയുണ്ട്. നികുതിനിഷേധികളെ താന്‍ നേരിട്ടുകൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ തന്റെ ഗോത്രത്തില്‍നിന്ന് അമ്പത് കുതിരപ്പടയാളികളുമായി ഉയൈന പുറപ്പെട്ടു. തമീം ഗോത്രത്തെക്കുറിച്ചുള്ള ആഖ്യാനത്തില്‍ പിന്നീട് സംവഭിച്ചതൊക്കെ നാം വിവരിച്ചിട്ടുണ്ട്. ഒരു വര്‍ഷം കഴിഞ്ഞ് പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ഉയൈന ഇസ്‌ലാം കൈയൊഴിയുകയും അസദ് ഗോത്രത്തിലെ കള്ളപ്രവാചകന്‍ ത്വുലൈഹയുടെ പിന്നില്‍ അണിനിരക്കുകയും ചെയ്തു. പക്ഷേ, ഉയൈനക്ക് അധികകാലം പിടിച്ചുനില്‍ക്കാനായില്ല. ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖ് നിയോഗിച്ച ഖാലിദു ബ്‌നുല്‍ വലീദിന്റെ നേതൃത്വത്തിലുള്ള സൈന്യം ഉയൈനയെ പിടികൂടുകയും ഖലീഫയുടെ മുമ്പില്‍ ഹാജരാക്കുകയും ചെയ്തു. വധിക്കപ്പെടുമെന്നായപ്പോള്‍ തന്ത്രശാലിയായ ആ നാടന്‍ അറബി ഇങ്ങനെ മൊഴിഞ്ഞു: 'ഓ അബൂബക്ര്‍, പ്രവാചകന്‍ മുഹമ്മദില്‍നിന്ന് ഒന്നും മറച്ചുവെക്കാന്‍ പറ്റിയിരുന്നില്ലല്ലോ. ഞാന്‍ കപടവിശ്വാസിയാണ് എന്നറിഞ്ഞിട്ടും അദ്ദേഹം എന്നെ സഹിച്ചു. പക്ഷേ, ഇപ്പോള്‍ ഞാന്‍ ആത്മാര്‍ഥമായി പശ്ചാത്തപി

ച്ച് ഇസ്‌ലാമിലേക്ക് വരാന്‍ തയാറാണ്. എനിക്ക് പൊറുത്തുതന്നാലും. ദൈവം താങ്കള്‍ക്ക് പ്രതിഫലം നല്‍കും.' ദയ തോന്നി അബൂബക്ര്‍ അയാളെ വിട്ടയച്ചു. ഇതാണ് ഈ ഗോത്രക്കാരുടെ കഥ. പ്രവാചകനിയോഗത്തിന്റെ തുടക്കത്തില്‍ അവര്‍ ഇസ്‌ലാമിന് വല്ലാതെ ശല്യം ചെയ്തിട്ടുണ്ട്. 

 

 

(തുടരും)


കുറിപ്പുകള്‍

1. മുഹബ്ബര്‍, പേ: 248-9

2. അതേ പുസ്തകം പേ: 461-2, 4900

ത്വബ്‌രി I, 19012

3. മുഹബ്ബര്‍ പേ: 169,412

4. അതേ പുസ്തകം പേ: 315,267

5. ഇബ്‌നു സഅ്ദ് I/i പേ: 145

6. ഇബ്‌നു ഹിശാം പേ: 661-5

7. ഇബ്‌നു സഅ്ദ് I/i, പേ: 48-9

8. വസാഇഖ് No: 162

9. അതേ കൃതി No: 270, 271

10. മഖ്‌രീസി I, 204

11. അതേ കൃതി പേ: 194

12. അതേ കൃതി പേ: 229

13. അതേ കൃതി പേ: 262, ഇബ്‌നു ഹിശാം പേ: 619

14. മഖ്‌രീസി I, 263

15. മുഹബ്ബര്‍ പേ: 461-2, 490

16. ഇബ്‌നു സഅ്ദ് (2/I, പേ: 66) പറയുന്നത് ഏജന്റായ അബ്ദുല്ലാഹിബ്‌നു അതീഖ് ജൂതഭാഷ (ഹീബ്രു?) സംസാരിച്ചിരുന്നു എന്നാണ്. മഖ്‌രീസി I, 263

17. ഇബ്‌നു സഅ്ദ് 2/I പേ: 66-7, മഖ്‌രീസി I, 271

18. ത്വബ്‌രി I, 1567, മഖ്‌രീസി I, 313

19. മഖ്‌രീസി I, 3356

20. ഇബ്‌നു സഅ്ദ് 2/i പേ: 95-6,

മഖ്‌രീസി I, 335

21. ഇബ്‌നു സഅ്ദ് 2/I പേ: 96

22. മഖ്‌രീസി I, 3656

23. അതേ കൃതി പേ: 356, 414

24. ഇബ്‌നു ഹിശാം പേ: 874

25. അതേ കൃതി പേ: 878

26. അതേ കൃതി പേ: 881

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (82-85)
എ.വൈ.ആര്‍