Prabodhanm Weekly

Pages

Search

2018 ജൂലൈ 20

3060

1439 ദുല്‍ഖഅദ് 06

ഹാജീ, താങ്കള്‍ മടങ്ങുമ്പോള്‍ സംസമും കാരക്കയും മാത്രമാണോ ബാക്കിയാവുന്നത്?

കെ.പി പ്രസന്നന്‍

ചില  പദങ്ങള്‍, വാക്കുകള്‍, സന്ദര്‍ഭങ്ങള്‍ ഒക്കെയാവും നിങ്ങളെ ആ  യാത്രക്ക് പ്രേരിപ്പിക്കുക. അതെന്നില്‍ സംഭവിച്ചത് മീഖാത്ത് എന്ന പദത്തെക്കുറിച്ചുള്ള ഒരു വിവരണത്തിലായിരുന്നു. എനിക്ക് അറബിയില്‍ നന്നേ ഗ്രാഹ്യം കുറവാണ്. അതുകൊണ്ടു തന്നെ ചില അര്‍ഥങ്ങളെ എന്റേതായ രീതിയില്‍ വികസിപ്പിച്ച് ഞാന്‍ ചില തോന്നലുകളിലെത്തും. മനസ്സില്‍ അതിനെ താലോലിച്ചു എന്റെ സമാധാനത്തോട് ചേര്‍ത്തുവെക്കും. അതിന്റെ ശരിതെറ്റുകളെ കുറിച്ചു തര്‍ക്കിക്കാനൊന്നും തയാറുമല്ല. കാരണം അതെന്റേതു മാത്രം. ചില ഇഷ്ടക്കാര്‍ പിരിശത്തില്‍ അതൊക്കെ സ്വീകരിക്കാറുണ്ടെന്നു മാത്രം.

ചരിത്രാതീത കാലം, അല്ലെങ്കില്‍ മറ്റൊരു ലോകത്തെ കാലം. പരിണാമത്തിന്റെയൊക്കെ പിറകോട്ട് സഞ്ചരിച്ചു ശാസ്ത്രം അവിടെ എത്തുമോ ആവോ? ഞാന്‍ ഈ വേദങ്ങളെ ഒക്കെ ഇത്തിരി ബഹുമാനിക്കുന്ന കൂട്ടത്തിലായതിനാല്‍ അതിലെ പരാമര്‍ശങ്ങള്‍ വിശ്വസിക്കും. ആദാമിന്റെ മുതുകില്‍നിന്ന് ഈ എഴുതുന്ന ഞാന്‍, ബലാത്സംഗം ചെയ്യപ്പെട്ട ആസിഫ, അടിയന്തരാവസ്ഥയില്‍ ഉരുട്ടി കൊല്ലപ്പെട്ട രാജന്‍, ഗാന്ധി, മാര്‍ക്‌സ്, ചെ ഗുവരേ, കൃഷ്ണന്‍, യേശു, മുഹമ്മദ്..... ആരൊക്കെ വേണം അവരുടെയൊക്കെ ആത്മാക്കളെ പുറത്തെടുത്ത് ഒരു മൈതാനിയില്‍ സമ്മേളിപ്പിച്ച മീഖാത്ത്! അവിടെ വെച്ച് അവന്‍ ചോദിച്ചുവത്രെ: 'ഞാനല്ലയോ നിങ്ങളുടെ റബ്ബ്.' ചങ്കു പറിച്ചു നമ്മളൊക്കെ സ്‌നേഹം കാട്ടിയിരിക്കും. എന്നിട്ടു പറഞ്ഞു: 'അതേ നീ ആണ് ഞങ്ങളുടെ റബ്ബ്, നീ ആയിരിക്കുകയും ചെയ്യും.' പിന്നെ മറവിയുടെ ജീവിത കാലം, ആസക്തിയുടെയും നന്ദികേടിന്റെയും യാത്രകള്‍. അതിനിടയില്‍ അതേ പോലുള്ള ഒരു സമ്മേളനത്തിലേക്ക് 

പോകാന്‍ ചിലര്‍ക്കൊക്കെ  ആശ പൊന്തി വരും; കൂട്ടിലേക്ക് മടങ്ങാനുള്ള മോഹം ഉള്ളിലുള്ളവര്‍ക്ക്. 

ജീവിത കാലത്ത് അതിനായി വീണ്ടും ഒരു മീഖാത്ത് ഉണ്ടാവുക. അതിനായി ഇബ്‌റാഹീം പ്രവാചകന്റെ വിളിക്കു കാതോര്‍ക്കുക. അങ്ങനെ വിളിക്കാന്‍ ലോക രക്ഷിതാവാണ് കല്‍പിച്ചത്. നിങ്ങളുടെ റബ്ബ്! പണ്ട് നിങ്ങളെ സൃഷ്ടിച്ച അതേ റബ്ബ്. മണ്ണായ നീ അവന്റെ ക്ഷണം സ്വീകരിക്കുക, മനുഷ്യനാവുക. നിന്റെ മൗലിക പ്രകൃതിയിലേക്ക് മടങ്ങാന്‍ ഒരുങ്ങുക. അതിനല്ലേ ഈ യാത്ര! ഈ മീഖാത്തില്‍ വെച്ച് മനുഷ്യരാശി വസ്ത്രം മാറുന്നു. നിന്റെ വെറിയുടെ എല്ലാ ആകുലതകളെയും കഫന്‍ പുടവയിട്ടു മൂടും പോലെ ഒരു വസ്ത്രം. എല്ലാവര്‍ക്കും ഒന്നു തന്നെ. എല്ലാ വിവേചനങ്ങളും ആ രണ്ടു കഷ്ണം തുണിയില്‍ ഒടുക്കിക്കൊള്ളണം. എന്നിട്ടു ഋജുമാനസനായി, 'ഞാന്‍' അല്ലാതായി, വംശവും ഗോത്രവും മറന്ന് മനുഷ്യനാവണം. തയാറുണ്ടോ എന്നാണ് ഇബ്‌റാഹീം പ്രവാചകന്‍ വിളിച്ചു ചോദിക്കുന്നത്. നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

മീഖാത്തില്‍ വെച്ച് ഇഹ്‌റാം കെട്ടുന്നതോടെ നിങ്ങള്‍ ചെന്നായ അല്ലാതാവുന്നു, കുറുക്കനല്ലാതാവുന്നു, എലി അല്ലാതാവുന്നു എന്നൊക്കെയാണ് ഇസ്‌ലാമിക ദാര്‍ശനികന്‍ എഴുതിവെച്ചിരിക്കുന്നത്!

ഹജ്ജിനു പോവുമ്പോള്‍ ഒരുവന്‍ എന്താണ് എന്നതല്ല കാര്യം. എന്താവുന്നു, എന്തായിത്തീരാന്‍ പോവുന്നു എന്നതു തന്നെയാണ് കാര്യം. അല്ലാഹുവിലേക്ക് തന്നെയാണല്ലോ എന്തായാലും നിങ്ങള്‍ക്കു മടങ്ങേണ്ടത്. ഇനി ഇഹലോക ജീവിതത്തിലേക്ക് തിരിച്ചുവരവുണ്ടെങ്കില്‍ ജനിച്ച കുഞ്ഞിനെ പോലെ നിഷ്‌കളങ്കനായി  വേണം മടങ്ങാന്‍. എല്ലാ കാപട്യവും ഊരിയെറിയാന്‍ തയാറുണ്ടെങ്കില്‍ മാത്രം നിങ്ങളതിന് ഒരുങ്ങിയാല്‍ മതി എന്നാണോ  അവന്‍ പറയുന്നത്? 

മനുഷ്യന്‍ അല്ലാഹുവിലേക്ക് മടങ്ങാന്‍ തയാറാവുന്നു. അവന്റെ അഹംഭാവവും സ്വാര്‍ഥതയും മീഖാത്തില്‍ കുഴിച്ചുമൂടപ്പെടുന്നു. അവന്‍ സ്വയം തന്റെ മൃതദേഹത്തിന് സാക്ഷിയാവുന്നു. പിന്നെ നിങ്ങള്‍ അന്ത്യനാളില്‍ ആ വന്‍പ്രവാഹത്തിന്റെ ഭാഗമാവുന്നു. നിങ്ങള്‍ ആ മീഖാത്തിനെ കുറിച്ചും ഓര്‍ക്കുക. മരണശേഷം വീണ്ടും അവന്റെ മുന്നില്‍ നഗ്നരായി നില്‍ക്കേണ്ടിവരുന്ന മീഖാത്ത്. പണ്ട് പറഞ്ഞ അതേ പ്രണയത്തില്‍ നിങ്ങള്‍ക്കു ചങ്കു പൊട്ടി പറയാനാവുമോ, 'നീ ആയിരുന്നു ഇഹലോക ജീവിതത്തില്‍ ഞങ്ങളുടെ റബ്ബ്' എന്ന്? എങ്കില്‍ അതിനായി ഈ മഹാനദിയില്‍ ചേര്‍ന്ന് അറഫയിലേക്കു ഒഴുകുക. നിന്റെ തിരിച്ചറിവിലേക്ക്. നീ ആരായിരുന്നു എന്നും എവിടേക്കാണ് മടങ്ങേണ്ടതെന്നും മനസ്സില്‍ ഉറപ്പിക്കുക.

ഈ പ്രവാഹത്തിന്റെ ഭാഗമാവുന്നതു തന്നെയാണ് ഇഹ്റാം. നിങ്ങള്‍ ഉരുകി  മനുഷ്യരാശിയുടെ ഭാഗമാവണം. പറ്റുമോ, എങ്കില്‍ നിങ്ങള്‍ കേള്‍ക്കേണ്ടതുണ്ട് അവന്റെ വിളി. അതേ, ഹാജി ആവുക. ഹജ്ജ് കഴിഞ്ഞു വരുന്നവനല്ല, ഹജ്ജിനായി ഒരുങ്ങുന്നവനല്ലേ ഹാജി? ഇനി പറയുക ലബ്ബൈക്!

എല്ലാരും ഒന്നാവുന്നു എന്നതനുഭവിക്കാന്‍ ഒരവസരം. വിരുദ്ധ അനുഭവങ്ങളില്‍ കണ്ണുടക്കരുത്. നിങ്ങളുടെ ലക്ഷ്യം നിങ്ങളാണ് നിര്‍ണയിക്കേണ്ടത്. വെറുതെ നിലനിന്നുപോവുക എന്നതിനു പകരം ജീവിതോദ്ദേശ്യം തിരിച്ചറിഞ്ഞ മനുഷ്യനായിട്ടാണ് നിങ്ങള്‍ക്കു മടങ്ങേണ്ടത്; അങ്ങനെയൊരു മടക്കം ഉണ്ടെങ്കില്‍. ചരിത്രത്തിലേക്ക് ബോധപൂര്‍വം ഇടപെടുന്ന മനുഷ്യന്‍! അവനായുള്ള പരിശീലനവും കാഴ്ചകളുമാണ് ഇനിയുണ്ടാവുക. കണ്ണ് തുറന്നു നടക്കുക. ഒടുവില്‍ മിന വിടുമ്പോള്‍ നിങ്ങള്‍ ഒരു ഉമ്മത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കണം. എന്താണ് ഉമ്മത്ത്? അതും മീഖാത്ത് പോലെ ആത്മാവില്‍ ആവാഹിക്കേണ്ട പദം തന്നെ!

കഅ്ബക്കു ചുറ്റും ചിതറിക്കിടക്കുന്ന 10 ലക്ഷം വരുന്ന മനുഷ്യസഞ്ചയത്തിന്റെ ഉപഗ്രഹ ചിത്രം കാണിച്ചു ഒരാള്‍ അമേരിക്കന്‍ പട്ടാള കമാന്ററോട് ചോദിച്ചുവത്രെ, ഈ മനുഷ്യരൊക്കെ നിങ്ങളുടെ പട്ടാളക്കാര്‍ ആണെന്ന് കരുതുക, എങ്കില്‍ എത്ര സമയം വേണ്ടി വരും ഇവരെ ഒന്നു വരിയൊത്ത്   നിര്‍ത്തിക്കാന്‍? ദിവസങ്ങള്‍ എന്നായിരുന്നു മറുപടി. കഅ്ബയില്‍ ബാങ്ക് മുഴങ്ങി നിമിഷങ്ങള്‍ക്കകം വരിയൊത്ത് സ്വയം ക്രമീകരിക്കപ്പെട്ട മനുഷ്യസഞ്ചയത്തിന്റെ ചിത്രം കാണിച്ചപ്പോള്‍ കമാന്റര്‍ അത്ഭുതം കൂറിയത്രെ! ഈ അനുസരണത്തിന്റെ തലം  നിത്യജീവിതത്തിലേക്കും മുസ്‌ലിംകള്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ലോകം ഇതിനേക്കാള്‍ സുന്ദരമായിരിക്കുമെന്ന് തീര്‍ച്ച. നമസ്‌കാര വേളയിലൊഴിച്ച് ജനങ്ങള്‍ 24 മണിക്കൂറും വലം വെച്ച് കൊണ്ടിരിക്കുന്ന ഈ ഗേഹം ഒരു അത്ഭുതം തന്നെയാണ്. 

പള്ളിയുടെ മുകള്‍ നിലയില്‍നിന്ന് കഅ്ബക്കു ചുറ്റും പാല്‍കടല്‍ വഴിഞ്ഞൊഴുകുന്നത് എത്ര കണ്ടാലാണ് മതി വരിക! ഭരണാധികാരിയോ ഭരണീയനോ ആരുമാവട്ടെ നിങ്ങളവിടെ അല്ലാഹുവിന്റെ വിരുന്നുകാരനായെത്തിയ പച്ചമനുഷ്യന്‍. ഹജ്ജിനെ വൈകാരികമായി അനുഭവിക്കുന്ന അനേകം പുസ്തകങ്ങള്‍ ഉണ്ട്. അലി ശരീഅത്തിയെ വായിക്കുമ്പോള്‍ തന്നെ നിങ്ങളുടെ ഹജ്ജ് ആരംഭിക്കുന്നു എന്നാണ് സ്വാനുഭവം. ഓരോരുത്തരുടെയും ഹജ്ജനുഭവങ്ങളില്‍ ചില സ്വകാര്യ നിമിഷങ്ങള്‍ കാണും, ഹൃദയത്തില്‍ ചേര്‍ത്തു വെക്കുന്നത്. അത് മാത്രം സൂചിപ്പിക്കുന്നു. മിനായിലെ താമസക്കാലത്ത് അറഫ(തിരിച്ചറിവ്)ക്കു വേണ്ടിയുള്ള കാത്തിരിപ്പ്. കടുത്ത പനി ശരീരത്തെ കീഴ്പ്പെടുത്തി. പ്രാര്‍ഥനക്കു പോലും കഴിയാതാവുന്ന ദുര്‍ബലതയിലെത്തി ഞാന്‍. 

കാമുകനും കാമുകിയും വേര്‍പിരിഞ്ഞു. ഒരുപാട് അലച്ചിലിനുശേഷം അവന്‍ അവളുടെ പര്‍ണശാലക്കു മുന്നില്‍ തന്നെയെത്തി. അവന്റെ യാത്രകളെന്നും അവസാനിക്കുന്നത് അവളിലേക്കല്ലോ?

'ആരാണ് പുറത്ത്?'

'ഞാന്‍ തന്നെ' 

അവള്‍ വാതില്‍ തുറന്നതേയില്ല. വീണ്ടും ഒരുപാടലച്ചില്‍. ഒടുക്കം വീണ്ടും അവിടെത്തന്നെ. അതേ പര്‍ണശാലക്കു മുന്നില്‍. അവളിലേക്ക് മാത്രമാണല്ലോ അവന്റെ മടക്കങ്ങള്‍.

'ആരാണ് പുറത്ത്'

'നീ തന്നെ'

അവള്‍ വാതില്‍ തുറന്നു.

ഈ എഴുത്ത് അന്നേ ദിവസത്തെ മാധ്യമം പത്രത്തിലെ മുഖപ്രസംഗം പേജിലെ ലേഖനത്തിന്റെ ഒടുക്കം എഴുതിച്ചേര്‍ത്ത സൂഫി കഥയാണ്. അതില്‍ ഉണ്ടായിരുന്നു എന്റെ അതിജീവനത്തിന്റെ മരുന്ന്. എനിക്കൊരു കഴിവും ഇല്ല, നീ തന്നെ വഴി നടത്തണം എന്ന നിസ്സഹായത ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍, അത് പ്രാര്‍ഥനയായി മാറിയപ്പോള്‍ അവന്‍ സഹായഹസ്തവുമായി വാതില്‍ തുറന്നു.

ഹജ്ജിന്റെ വിവിധ ഘട്ടങ്ങള്‍ കടന്നുപോവുമ്പോള്‍ നിങ്ങള്‍ നിങ്ങളില്‍നിന്ന് അകലുന്നു. അല്ലാഹുവിലേക്കടുക്കുന്നു. ഉദ്വേഗമൂര്‍ഛയില്‍ നിങ്ങള്‍ ഒരു ദിശയില്‍ മാത്രം സഞ്ചരിക്കാന്‍ നിര്‍ബന്ധിതനാവുന്നു. ഇനി പിന്നോട്ടില്ല.  ഇബ്‌റാഹീമിനെ, ഹാജറയെ, ഇസ്മാഈലിനെ അനുഭവിച്ചുതീരില്ല നിങ്ങള്‍ക്ക്. ത്വവാഫിന്റെയും സഅ്‌യിന്റെയും പൊരുളുകളില്‍ നിങ്ങള്‍ കാലിട്ടടിക്കണം.

മിനായില്‍നിന്നും അറഫയിലേക്കുള്ള യാത്ര ബസ്സില്‍. പുറത്ത് ജനമഹാസാഗരം. ഒരേ ലക്ഷ്യത്തിലേക്ക്, ഒരേ മന്ത്രവുമായി ഒഴുകുന്നു. ഇടക്ക് ഒരു കൂട്ടം ആളുകള്‍ കൈ നീട്ടി. മിക്കവരും വൃദ്ധര്‍, അവശര്‍. അവരുടെ ബസ്സ് കേടായതായിരുന്നു. നിര്‍ത്തിക്കൊടുക്കാന്‍ മുന്‍കൈ എടുത്തത് എന്റെ ഇണക്കുരുവിയും ഞാനും. കുറേ ആളുകള്‍ കയറി. വേണമെങ്കില്‍ അവര്‍ അകത്തും ഞങ്ങള്‍ പുറത്തും ആവാമായിരുന്ന വിധിയെ കുറിച്ചോര്‍ക്കുമ്പോഴല്ലാതെ എങ്ങനെയാണ് മനുഷ്യന് അശരണര്‍ക്കു വേണ്ടി കൈ നീട്ടാതിരിക്കാന്‍ തോന്നുക? അറഫ  എന്നാല്‍ തിരിച്ചറിവാണ്. ഈ യാത്രകള്‍ തിരിച്ചറിവാകുന്നില്ലെങ്കില്‍ മനുഷ്യ ജന്മം നഷ്ടം തന്നെയാണ്.

കയറിയ ആളുകള്‍ തീര്‍ച്ചയായും ഉള്ളിലുള്ളവരുടെ സൗകര്യം കുറച്ചു. യാത്രയുടെ വിഷമത കൂടി. എന്റെ മടിയിലേക്കു കുറേ ഭാണ്ഡങ്ങള്‍. സഹായം തേടിയ ആളുകളെ നോക്കി, ഇവരൊക്കെ ഈ പ്രായത്തില്‍ ഇവിടെ എങ്ങനെ എത്തി എന്ന് അത്ഭുതം കൂറേണ്ടുന്ന രൂപങ്ങള്‍. അവരുടെ ദാരിദ്ര്യം എഴുതിവെച്ച മുഖം. മടിയില്‍ ഏറ്റേണ്ടിവന്ന ഭാരം അലോസരങ്ങള്‍ സൃഷ്ടിക്കുമ്പോഴും ആ ദുരിത സമയത്ത് സഹായഹസ്തം നീട്ടാന്‍ ഞങ്ങള്‍ക്ക് തോന്നിപ്പിച്ച അല്ലാഹുവിനുള്ള സ്തുതി കണ്ണീരായി ഒഴുകി. 

ആ സഹായത്തില്‍ സംഭവിച്ചുപോയ പ്രയാസം വല്ലാതെ ഏറിപ്പോയി എന്ന് പലരും റിവ്യൂ മീറ്റിംഗില്‍ പറഞ്ഞെങ്കിലും, അത് മാത്രമാണ് എന്റെ സമ്പാദ്യം എന്ന് ഇന്നും കുളിരോര്‍മയായി നില്‍ക്കുന്നു.

അല്ലാഹുവാണ് ഹജ്ജിന്റെ ആതിഥേയന്‍. ഒരുക്കങ്ങള്‍ അവന്‍ ചെയ്തുകൊള്ളും. എങ്കിലും വിരുന്നുകാരനായെത്തി വീട്ടുകാരനാവാന്‍ ചിലര്‍ക്ക് അവന്‍ അനുഗ്രഹമരുളും. ആ ഒറ്റ തോന്നലിലാണ് ടോയ്ലെറ്റിലെ ക്യു പാലിക്കാനും അവിവേകം കാട്ടുന്നവരോട് വിവേകം കാട്ടാനും തുണയായത്. ഈ തോന്നലിനെ നിത്യജീവിതത്തിലേക്കും പറിച്ചു നടാന്‍ സാധിച്ചാല്‍ ഒരാള്‍ക്ക് ജീവിതം സാര്‍ഥകമാകാന്‍ വേറെന്തു വേണം!

ജെഫ്രി ലാങ് അദ്ദേഹത്തിന്റെ ഹജ്ജനുഭവങ്ങളില്‍ ഒരു ഏഷ്യന്‍ സഹോദരനെ പരിചയപ്പെട്ടത് വിവരിക്കുന്നുണ്ട്. ഇങ്ങനെ കിട്ടാവുന്ന എല്ലാ അനുഭവങ്ങളും വായിച്ചാവാഹിക്കുക. കാരണം പലതും നിങ്ങള്‍ക്കു പുനഃസൃഷ്ടിക്കേണ്ടതുണ്ട്. വെളുത്ത തൊലിക്കാരനായ മുസ്‌ലിമിന്റെ കഥ കേള്‍ക്കാനുള്ള ആവേശത്തോടെ നിസ്സംഗമായി പ്രതികരിച്ചുപോയ ജെഫ്രിയെ ആ സഹോദരന്‍ ഓര്‍മപ്പെടുത്തി; ഞങ്ങളുടെ നാട്ടില്‍ ക്ലാസ്സില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റു നിന്ന് പറയുക ലബ്ബൈക് (ഹാജര്‍ സാര്‍) എന്നാണ്. എത്ര ആവേശകരമായിരുന്നു ഇത്തവണത്തെ ഹജ്ജ് അല്ലേ  എന്നു കൂടി അദ്ദേഹം മൊഴിഞ്ഞപ്പോള്‍, വര്‍ണ ജാതി കാല ദേശ ഭേദമെന്നില്ലാതെ നിങ്ങളുടെ റബ്ബിന് മുന്നില്‍ തോളുരുമ്മി പറയുന്ന  ലബ്ബൈക്കിന്റെ മധുരവും സാഹോദര്യവും എന്നില്‍ വന്നു നിറഞ്ഞെന്നും, കണ്ണുകള്‍ നിറഞ്ഞൊഴുകി ആ സഹോദരനെ ഗാഢമായി ആശ്ലേഷിച്ചുകൊണ്ടല്ലാതെ പിരിയാന്‍ കഴിഞ്ഞില്ലെന്നും ജെഫ്രി എഴുതുന്നു. അതേ, തൗഹീദിന്റെ സൗന്ദര്യത്തില്‍ മനുഷ്യരുടെ ഏകത അനുഭവിച്ചുകൊണ്ട് ഏകനായ സ്രഷ്ടാവിന്റെ സ്‌നേഹത്തിലേക്ക് ചേര്‍ന്നുനില്‍ക്കാന്‍ കൊതിക്കുന്നുണ്ടെങ്കില്‍ നിങ്ങളും ഹാജി ആവുക. എങ്കില്‍ നിങ്ങളെ കാത്ത് വീട്ടുകാരനായി 'അവന്‍' അവിടെ ഉണ്ടാവും 

വീഴ്ചകളിലെ ഖേദങ്ങളില്‍ വീണ്ടും ആ മഹാപ്രവാഹത്തിന്റെ ഭാഗമാകാനുള്ള ആശ മനസ്സിലുണരും. മനസ്സില്‍  മറുപടി വരും, മുത്ത് നബി ഒരു പ്രാവശ്യം മാത്രം ചെയ്ത ഹജ്ജ്. എന്നാലും പൂര്‍ണതയില്‍ ചെയ്തുവോ, ആശങ്ക തന്നെ. അറഫയിലെ ടെന്റില്‍ ഇരിക്കുമ്പോള്‍ പായ്ക്കിടയിലൂടെ വന്ന ഒരുറുമ്പിനെ ശീലങ്ങളുടെ ഭാഗമായി ഞെരിച്ചിരുന്നുവോ? യാത്രക്കിടയില്‍ ഒരു വേപ്പില അലക്ഷ്യമായി നുള്ളിയിരുന്നുവോ? ഓര്‍മയില്ല. പക്ഷേ ആശങ്കയാണ്. സംസാരങ്ങള്‍ക്കിടയില്‍ ഇസ്‌ലാം സ്വീകരിച്ച ഒരു സഹോദരിയുടെ വിശേഷം പറയുകയും വിവാഹം കഴിയാത്ത സങ്കടം പറയുകയൂം ചെയ്തിരുന്നു. ഉമ്മത്ത് തിരിഞ്ഞുനോക്കാത്ത അത്തരം അനാഥമാക്കപ്പെടുന്നവര്‍ക്കു വേണ്ടി കഴിവുള്ളവര്‍ വീണ്ടും വിവാഹം കഴിച്ചെങ്കിലും സഹായിക്കേണ്ടതുണ്ട് എന്നും പറഞ്ഞിരുന്നു. കൂട്ടത്തില്‍ ഒരാള്‍ക്ക് ആവേശം കയറി ഇണയോട് അനുമതി തേടി. പോരേ പൊടി പൂരം! അതിനു ഉത്തരവാദിയായി ഞാനും പ്രതി ചേര്‍ക്കപ്പെട്ടു. ഇത്തരം സംഭാഷണങ്ങള്‍ പോലും ഒഴിവാക്കി പവിത്രമാക്കേണ്ടതായിരുന്നോ, അതോ ലോക മുസ്‌ലിം മഹാ സമ്മേളനത്തിന്റെ അജണ്ടയായി, എല്ലാ നാട്ടിലേക്കും ഉള്ള പ്രബോധകര്‍ക്കും സേവകര്‍ക്കും ഉള്ള മാര്‍ഗനിര്‍ദേശങ്ങളും ഒക്കെ ആയി വികസിക്കേണ്ട ഒരു മഹാ വിപ്ലവമാണോ ഹജ്ജ്? അതേ, ഇനിയും വായിച്ചും അനുഭവിച്ചും തീരാത്തതു തന്നെ അത്.

വെറും സംസം  വെള്ളവും കാരക്കയും മാത്രമായാണോ ഒരാള്‍ ഹജ്ജില്‍നിന്ന് മടങ്ങിവരുന്നത്? അതോ ശിഷ്ടജീവിതത്തിലേക്കും ഒടുവിലത്തെ മീഖാത്തിലേക്കും കരുതിവെക്കാവുന്ന ജീവിത വിശുദ്ധിയുമായാണോ? 

('സമാധാനത്തിന്റെ സുഗന്ധം' എന്ന പേരില്‍ വചനം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പ്രസന്നന്റെ ആത്മകഥയില്‍നിന്ന്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (82-85)
എ.വൈ.ആര്‍