'വീടക വിദ്യാഭ്യാസ'ത്തെക്കുറിച്ച്
ഉമ്മയുടെ മടിത്തട്ടും വീടകവും ഒരു യൂനിവേഴ്‌സിറ്റിയേക്കാള്‍ അറിവും വിവേകവും സമ്മാനിക്കുന്ന കേന്ദ്രങ്ങളാണ്. കേവലമായ അറിവ് മാത്രമല്ല, ഒരു മനുഷ്യന്റെ ഭാവിയെത്തന്നെ ഡിസൈന്‍ ചെയ്യാന്‍ കഴിയുംവിധമുള്ള ഉറച്ച ബോധനങ്ങളാണ് അതിലൂടെ നല്‍കപ്പെടുന്നത്. ഒരു സോഫ്റ്റ്‌വെയര്‍ വര്‍ക്ക് ചെയ്യാനാവശ്യമായ പ്രോഗ്രാമിംഗ് ചെയ്യപ്പെടുന്ന സമയം പോലെയാണ് കുട്ടിക്കാലത്തെ ഓരോ അനുഭവവും ഉപദേശവും ഒരാളുടെ ഭാവിയെ നിയന്ത്രിക്കുന്നതിന് ഉപയോഗപ്പെടുന്നത്. പ്രസ്തുത സമയത്ത് മനുഷ്യന്‍ കേള്‍ക്കുന്ന ഓരോ വാക്കും വളരെ കരുത്തോടെ അകത്തേക്ക് പ്രവേശിക്കുകയും ഒരു പുതിയ ബോധമായി മാറുകയുമാണ്. അല്ലെങ്കില്‍ നിലവിലുള്ള ബോധതലങ്ങളുമായി കൃത്യമായ ഒരു ലോജിക്കോടെ ചേര്‍ന്നുനിന്ന് വേറിട്ട നിലപാടുകളും ക്രിയേറ്റിവിറ്റികളുമുള്ള കാഴ്ചപ്പാടായി രൂപപ്പെടുകയാണ്.
ഇത്രയും സൂചിപ്പിച്ചത്, ഇതിന്റെ അനന്തമായ ഒരു സാധ്യതയെക്കുറിച്ച് പറയുന്നതിനുവേണ്ടിയാണ്. ഇസ്ലാമിക ലോകം ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത, എന്നാല്‍ ഒരുപാട് സാധ്യതകളുള്ള ഈ 'വീടക വിദ്യാഭ്യാസ'ത്തെക്കുറിച്ച്.
വലിയ ലക്ഷ്യങ്ങളുള്ള ഒരു സിലബസ് ഇതിനുവേണ്ടി രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഒരു കുഞ്ഞിന്റെ രണ്ടാമത്തെ വയസ്സ് മുതല്‍ ടീനേജ് പ്രായം കഴിയുന്നതുവരെയുള്ള 'വീടക വിദ്യാഭ്യാസ' സിലബസ്. മദ്‌റസയും സ്‌കൂളും കഴിഞ്ഞ് പരവശനായി വരുന്ന കുട്ടിക്കു മുന്നില്‍ വീണ്ടുമൊരു പ്രയാസം സൃഷ്ടിച്ചുകൊണ്ടുള്ള പദ്ധതിയല്ല. മറിച്ച്, അവരുടെ തന്നെ താല്‍പര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസ പദ്ധതി. മൈക്രോ ഫിനാന്‍സ് എന്നൊക്കെ പറയുന്നതുപോലെ, ഒരു മൈക്രോ വിദ്യാഭ്യാസ കണ്‍സെപ്റ്റ്.
ഉദാഹരണം പറഞ്ഞാല്‍, രണ്ട് മുതല്‍ അഞ്ച് വയസ്സു വരെയുള്ള കുട്ടികളെ സംബന്ധിച്ചേടത്തോളം അവര്‍ക്ക് കഥകള്‍ കേള്‍ക്കാനായിരിക്കും താല്‍പര്യം. എന്നാല്‍ പലപ്പോഴും പറയാന്‍ പറ്റിയ കഥകള്‍ മാതാപിതാക്കളുടെ കൈവശം ഉണ്ടാകണമെന്നില്ല. പറഞ്ഞ കഥകള്‍ തന്നെ വീണ്ടും വീണ്ടും പറഞ്ഞും, ചില നുണക്കഥകള്‍ മെനഞ്ഞും കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ഒട്ടും ഉപകാരമില്ലാത്തതും, പ്രതികൂലമായി ഭവിക്കുന്നതുമായ കഥകള്‍ പറഞ്ഞുമൊക്കെ മാതാപിതാക്കളില്‍നിന്ന് കഥകള്‍ കേള്‍ക്കാനുള്ള കുട്ടികളുടെ ആഗ്രഹത്തെ ഒതുക്കുകയാണ് പലരും ചെയ്യാറുള്ളത്. ഇത് പല തരം സാധ്യതകളാണ് തുറന്നിടുന്നത്. അപ്പോള്‍ രണ്ടു മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടിക്ക് പറഞ്ഞുകൊടുക്കാന്‍ പറ്റിയ ഖുര്‍ആന്‍ കഥകളും, ഇസ്ലാമിന്റെ വിവിധ കാലഘട്ടത്തിലുള്ള ചരിത്ര പുരുഷന്മാരുടെ കഥകളും ഉള്‍പ്പെടുത്തിയ ഒരു സിലബസ് ആ കാലയളവിലെ ഓരോ വര്‍ഷത്തിനും പറ്റിയ രീതിയില്‍ ഡിസൈന്‍ ചെയ്യാന്‍ സാധിക്കും. അതുപോലെത്തന്നെ, വിവിധ സന്ദര്‍ഭങ്ങളില്‍ ശീലമാക്കേണ്ട പ്രാര്‍ഥനകള്‍, ഓരോന്നും അവരെ ഉണര്‍ത്തേണ്ട കൃത്യമായ സമയം തുടങ്ങിയ കാര്യങ്ങളിലെല്ലാം മാതാപിതാക്കള്‍ക്ക് ഈ സിലബസ് ഗുണം ചെയ്യണം.
സിലബസിന്റെ ഗുണത്തിനനുസരിച്ച്, കരുത്തും ആത്മവിശ്വാസവും ധീരതയുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിച്ചേക്കും. അതിനു വേണ്ട ഘടകങ്ങളാകണം സിലബസില്‍ ഉണ്ടാകേണ്ടതും. ഉദാഹരണത്തിന്, ഇസ്ലാം ലോകത്ത് സൃഷ്ടിച്ച വൈജ്ഞാനിക മുന്നേറ്റം, യൂറോപ്പിന്റെ ഇരുണ്ട യുഗം, ഇസ്ലാമിനെ ഉപയോഗപ്പെടുത്തി അത് വികസിച്ചത്, ഓരോ സന്ദര്‍ഭത്തിലും പ്രത്യക്ഷപ്പെട്ട വിവിധ നവോത്ഥാന നായകര്‍, ശാസ്ത്രലോകത്തെ നിര്‍മിച്ച ഇസ്ലാം, അതിന്റെ ശാസ്ത്രജ്ഞര്‍, കൊളോണിയല്‍ പ്രോജക്റ്റ്, ഇന്ത്യയിലുള്ള മറ്റു മതങ്ങളുടെ ആവിര്‍ഭാവം, ഇന്ത്യയുടെ തന്നെ യഥാര്‍ഥ ചരിത്രം.. ഇങ്ങനെ നിരവധി സംഗതികള്‍ കുട്ടികളുടെ പ്രായ വലുപ്പത്തിനനുസരിച്ച് സിലബസില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
സ്‌കൂളുകളിലും ചുറ്റുപാടുകളില്‍നിന്നുമായി പഠിപ്പിക്കപ്പെടുന്ന തെറ്റായ പഠനങ്ങളെ ഇതിലൂടെ മറികടക്കാനും സാധിക്കും. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി വളര്‍ന്നുവരുന്ന ഒരു സമൂഹത്തെ ഇതിലൂടെ സൃഷ്ടിക്കാന്‍ സാധിക്കും. 'വീടക വിദ്യാഭ്യാസം' ആയതുകൊണ്ട് മറ്റു വെല്ലുവിളികള്‍ ഇതിനുണ്ടാവുകയുമില്ല.
ഓരോ ദിവസവും പതിനഞ്ച് മിനിറ്റ് മാത്രം ഈ വിഷയത്തില്‍ ഒരു കുടുംബത്തിന് ഉപയോഗിക്കാന്‍ സാധിച്ചാല്‍തന്നെ വലിയ വൈജ്ഞാനിക മുന്നേറ്റം നടക്കും. കേവലം പ്രസ്തുത വിഷയങ്ങള്‍ അറിഞ്ഞിരിക്കുന്ന ഒരു സമൂഹം എന്നത് മാത്രമായിരിക്കില്ല അതിന്റെ ഗുണഫലം. മറിച്ച്, ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള, ജീവിതം എങ്ങനെ ചെലവഴിക്കണം എന്ന ബോധ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കൂടി ഇതിലൂടെ സാധ്യമാകും.
ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനിലൂടെ പോലും ഇത്തരമൊരു സിലബസ് സംവിധാനം രൂപപ്പെടുത്താന്‍ സാധിക്കുന്നതാണ്. ഓരോ സിലബസിലുമുള്ള പഠന വിഷയങ്ങള്‍ കൂടി അതിലൂടെ നല്‍കാന്‍ സാധിച്ചാല്‍ മതി.
Comments