Prabodhanm Weekly

Pages

Search

2018 ജനുവരി 26

3036

1439 ജമാദുല്‍ അവ്വല്‍ 08

മനുഷ്യനെ കൊല്ലുന്ന രാഷ്ട്രീയത്തിനെതിരെ ഇനിയും നിശ്ശബ്ദത പാലിക്കുന്നത് കുറ്റകരമാണ്

സ്വാമി അഗ്നിവേശ്

അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ തുടങ്ങുകയാണ്. കാരണം ഈശ്വരനും അല്ലാഹുവും ദൈവവും പരമേശ്വരനും എല്ലാം ഒന്നാണ്. ഈ ഏതു പേരിലും അവനെ വിളിക്കാം. ഖുര്‍ആന്‍ ഒരൊറ്റ ദൈവത്തിന്റെ 99 പരിശുദ്ധ നാമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സ്വാമി ദയാനന്ദ സരസ്വതി തന്റെ സത്യാര്‍ഥ പ്രകാശില്‍ ഒരേ ഈശ്വരന്റെ 100 നാമങ്ങളെ കുറിച്ച് എഴുതുന്നുണ്ട്. വേദങ്ങളും ഇതുതന്നെയാണ് പറയുന്നത്. സത്യം ഒന്നാണുള്ളത്, ബുദ്ധിയുള്ളവര്‍ അതിനെ വ്യത്യസ്ത പേരുകളില്‍ വിളിക്കുന്നു എന്നാണ് വേദപാഠം. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിവരികയാണ്. ഞാന്‍ ഓം എന്ന് പറഞ്ഞാല്‍ ഹിന്ദുവെന്ന് എന്നെ വിലയിരുത്തും, അല്ലാഹു എന്നു പറഞ്ഞാല്‍ മുസ്ലിമെന്നും. ഒന്ന് സംസ്‌കൃതത്തിലും മറ്റേത് അറബിയിലുമാണെന്ന വ്യത്യാസമേയുള്ളൂ. ഭാഷയുടെ വ്യത്യാസം ദൈവസങ്കല്‍പത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നില്ല. 

ഇന്ന് നാം ജീവിക്കുന്നത് ചെറിയ കാര്യത്തിനു പോലും ആളുകള്‍ക്കിടയില്‍ വലിയ വിടവുണ്ടാക്കാന്‍ പറ്റുന്ന ഒരു കാലത്താണ്. അധികാരത്തിലുള്ളവര്‍ മുസ്ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കുമിടയില്‍ മനഃപൂര്‍വം മതിലുകളുണ്ടാക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കാരണം ഇവിടെ പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്ന സിദ്ധാന്തം ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ്. മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും ലിംഗത്തിന്റെയുമെല്ലാം പേരില്‍ ഇത്തരം വിഭജനങ്ങള്‍ നടക്കുന്നുണ്ട്. ആളുകളെ ഭിന്നിപ്പിക്കുകയും വോട്ടുകള്‍ ഏകീകരിക്കുകയുമാണ് ചെയ്യുന്നത്. ഇതാണ് ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളിയായ ഫാഷിസം. 

ഇന്ത്യയിലെ സംഘ് പരിവാര്‍ ഫാഷിസത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഹിന്ദു എന്ന വാക്ക് എവിടെ നിന്നാണ് വന്നതെന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. നാല് വേദങ്ങളിലോ 12 ഉപനിഷത്തുകളിലോ മറ്റു ഗ്രന്ഥങ്ങളിലോ ഒന്നും ഈ വാക്ക് വന്നിട്ടില്ല. തങ്ങള്‍ ഹിന്ദുക്കളാണെന്ന് അവകാശപ്പെടുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്; അപ്പോള്‍ ഹിന്ദു എന്ന വാക്ക് എവിടെനിന്ന് വന്നു? ആരാണ് ഹിന്ദുക്കള്‍? 

മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യര്‍ വിഭജിക്കപ്പെടുകയല്ല വേണ്ടത്. മാനുഷികതയുടെയും മാനവികതയുടെയും അടിസ്ഥാനത്തില്‍ അവര്‍ ഐക്യപ്പെടുകയാണ് വേണ്ടത്. ലോകത്ത് മാനവികവും മാനുഷികവുമായ എല്ലാ സങ്കല്‍പങ്ങളും താറുമാറായിരിക്കുകയാണ്. അമേരിക്കയുടെ കാര്യം നോക്കുക. ആരാണ് അവിടെ പ്രസിഡന്റായത്? പണക്കാരുടെയും ബിസിനസ്സുകാരുടെയും മാത്രം പിന്തുണയുണ്ടായിരുന്ന ഒരാളാണ് അവിടെ പ്രസിഡന്റായത്. അങ്ങനെ സംഭവിക്കുമെന്ന് നാം പ്രതീക്ഷിച്ചിരുന്നില്ലല്ലോ. അവിടെ വംശീയതയാണ് വിജയത്തിനായി ഉപയോഗിക്കപ്പെട്ടത്. ശുദ്ധമായ വെള്ള വംശീയതയാണ് അവിടെ തെരഞ്ഞെടുപ്പു കാലത്ത് ഉന്നയിക്കപ്പെട്ടത്. ഇതേ വലതുപക്ഷ വംശീയത തന്നെയാണ് പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സ്വാധീനം നേടിക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനം ഓസ്ട്രിയയിലും അതാണ് സംഭവിച്ചത്. ഇവിടെ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. 

ഇന്ത്യയും ഇതുപോലൊരു ഫാഷിസ്റ്റ് ആധിപത്യത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഒരു അഹങ്കാരിയുടെ ഏകാഭിനയമാണ് ഇവിടെ ഭരണമെന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത്. അദ്ദേഹം കൊലയെയും അക്രമങ്ങളെയും നിശ്ശബ്ദമായി പ്രോത്സാഹിപ്പിക്കുകയാണ്. മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകം നോക്കുക. ദാദ്രിക്കടുത്തുള്ള അഖ്ലാഖിന്റെ ചെറിയ വീട്ടില്‍ ഞാന്‍ പോയിരുന്നു. രാത്രി 10 മണിക്കു ശേഷം 250-ലധികം പേര്‍ പെട്ടെന്ന് അവരുടെ വീട്ടിലേക്ക് ഇരച്ചുകയറി. പശുവിനെ അറുത്തു എന്നാരോപിച്ചായിരുന്നു ഇത്. അവിടെ ഫ്രിഡ്ജില്‍ ബീഫുണ്ടെന്നും പറഞ്ഞു. ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വെച്ച് ഇഷ്ടിക കൊണ്ട് ഇടിച്ചാണ് അദ്ദേഹത്തെ കൊന്നത്. അഖ്ലാഖിന്റെ മകന്‍ സൈന്യത്തില്‍ രാജ്യത്തെ സേവിക്കുന്നയാളാണ്. അഖ്ലാഖിന്റെ വീട്ടില്‍നിന്ന് ലഭിച്ച ഇറച്ചി ഫോറന്‍സിക് ടെസ്റ്റിന് അയച്ചിട്ടുണ്ടെന്നാണ് സംഭവത്തിന് പോലീസ് നല്‍കിയ വിശദീകരണം. ഇവിടെ അഖ്ലാഖിന്റെ മകള്‍ ചോദിച്ചത് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ബീഫ് ഇറച്ചിയല്ല അതെന്ന് തെളിഞ്ഞാല്‍ എന്റെ ഉപ്പയെ തിരിച്ചുകൊണ്ടുവരാനാകുമോ എന്നാണ്. ഇവിടെ ചിന്തിക്കേണ്ടത്, ഒരാള്‍ക്ക് മറ്റൊരാള്‍ ബീഫ് കഴിച്ചു എന്നു സംശയിച്ചതിന്റെ പേരിലോ ഉറപ്പായതിന്റെ പേരിലോ കൊല്ലാനുള്ള അവകാശം ഏത് നിയമമാണ് വകവെച്ചുനല്‍കുന്നത് എന്നാണ്. ഇവിടെ എവിടെയാണ് നിയമവാഴ്ച? ഇതുവരെ അഖ്ലാഖിന്റെ കൊലയാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതൊരു വലിയ ദുരന്തമല്ലേ? ഇന്ത്യന്‍ ഭരണഘടനയുടെ തന്നെ കൊലപാതകമല്ലേ ഇവിടെ നടന്നത്! 

പെഹ്‌ലു ഖാന്‍, ജുനൈദ് പോലെ വേറെയും പേരുകള്‍ നാം കേള്‍ക്കുന്നു. അവസാനം നാം അഫ്രാസുല്‍ ഖാന്‍ എന്ന പേരും കേട്ടു, ബംഗാളില്‍നിന്നുള്ളൊരു പാവം കൂലിപ്പണിക്കാരന്‍. സംഘ് പരിവാര്‍ അക്രമങ്ങളില്‍നിന്ന് പ്രചോദനമുള്‍കൊണ്ട ഒരാള്‍ അഫ്രാസുല്‍ ഖാനെ ജോലിക്ക് വിളിക്കുന്നു. പിന്നെ മഴുകൊണ്ട് അടിച്ചുവീഴ്ത്തി വെട്ടിനുറുക്കി തീയിട്ടുകൊല്ലുന്നു. അതൊക്കെ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നു. ഇതെന്ത് രാഷ്ട്രീയമാണ്!?

ഇതെല്ലാം ആരാണ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഇവിടെ എനിക്ക് ചോദിക്കാനുള്ളതിതാണ്; മിസ്റ്റര്‍ മോദി, താങ്കള്‍ എവിടെ? എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ ഇനിയും നിശ്ശബ്ദത പാലിക്കുന്നത്? നമ്മുടെ പ്രധാനമന്ത്രി എല്ലായിടത്തും സംസാരിക്കുന്നു്. ഇന്ത്യക്കകത്തും പുറത്തും അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം. പക്ഷേ, പറയേണ്ട കാര്യങ്ങളൊന്നും പറയുന്നില്ല. ഇത് സൂക്ഷ്മവും മനഃപൂര്‍വവുമായ നിശ്ശബ്ദതയാണെന്നാണ് ഞാന്‍ പറയുക. ഈ മൗനത്തിന് വലിയ അര്‍ഥമുണ്ട്. ആ അര്‍ഥമെന്താണെന്ന് മിക്കവര്‍ക്കും അറിയുകയും ചെയ്യും. 

ഇതാണ് ഇവിടെയുള്ള ഏറ്റവും വലിയ ഭീഷണി. ചരിത്രത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ സൗഹര്‍ദത്തോടെയും ഐക്യത്തോടെയും കഴിഞ്ഞ രാജ്യമാണ് നമ്മുടേത്. ഇന്നതെല്ലാം ഭീഷണി നേരിടുകയാണ്. യഥാര്‍ഥത്തില്‍ ഇവിടെ സംഭവിക്കേണ്ടത്, പ്രശ്നമനുഭവിക്കുന്ന എല്ലാവരും പരസ്പരം സഹകരിക്കുകയെന്നതാണ്. മതവും ജാതിയുമൊന്നും അതിന് തടസ്സമാകരുത്. അപ്പോള്‍ മാത്രമേ രാജ്യത്തിന് രക്ഷയുണ്ടാകൂ. 

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ആളുകളില്ല, അവരുടെ മതത്തെയും മറ്റും കുറിച്ചാണ് സംസാരം. കൂടുതല്‍ ദരിദ്രരും പട്ടിണിക്കാരുമുള്ള രാജ്യമാണ് നമ്മുടേത്. മാനവ വിഭവശേഷി വികസന പട്ടികയില്‍ ലോകതലത്തില്‍ 136 ആണ് നമ്മുടെ സ്ഥാനം. പട്ടിണി ഇല്ലാതാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നാം ലോകത്ത് 100-ലധികം സ്ഥാനങ്ങള്‍ പിന്നിലാണ്. ഇന്ത്യയിലെ രണ്ടിലൊരു നവജാത ശിശു പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. ദിനംപ്രതി ഏഴായിരത്തോളം കുട്ടികള്‍ പട്ടിണി കാരണം നമ്മുടെ രാജ്യത്ത് മരിക്കുന്നു. ഇത് ഭീകരതയല്ലേ? ലോകത്താകമാനം ആത്മഹത്യാ സ്‌ക്വാഡുകളിലൂടെയും മറ്റു അക്രമങ്ങളിലൂടെയും ഇത്ര ആളുകള്‍ കൊല്ലപ്പെടുന്നുണ്ടോ? ഇവിടെ ഇതാണ് സാഹചര്യമെന്നിരിക്കെ നാം മിണ്ടാതിരിക്കരുത്. അപ്പോള്‍ നാം കുറ്റക്കാരായിത്തീരും. ഐക്യദാര്‍ഢ്യ സംഗമങ്ങളുടെയും പ്രതിഷേധങ്ങളുടെയും പ്രാധാന്യം അതാണ്. 

ഇവിടെ നാമെല്ലാവരും ഐക്യപ്പെടണം. ഈ ഫാഷിസത്തിനെതിരെ, അധീശത്വത്തിനെതിരെ, ഭിന്നിപ്പിക്കലിനെതിരെ ഒന്നിച്ച് ശബ്ദമുയര്‍ത്തണം. ഈ പകക്കും വിദ്വേഷത്തിനുമെതിരെ നാം ഒന്നിക്കണം. അവയെ പ്രതിരോധിക്കാന്‍ നമുക്കാവണം. അതിനെ അതിജീവിക്കാന്‍ ഇങ്ങനെ മാത്രമേ സാധിക്കൂ. 

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് പറഞ്ഞത് ഇന്ത്യയില്‍ വസിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ് എന്നാണ്. അപ്പോള്‍ അമേരിക്കയിലോ യൂറോപ്പിലോ മറ്റേതെങ്കിലും രാജ്യത്തോ താമസിക്കുന്ന ഹിന്ദുക്കളെ താങ്കള്‍ എന്ത് വിളിക്കുമെന്നാണ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്. അവിടെയെല്ലാം അവരുടെ മതാചാരങ്ങള്‍ കാരണം അവര്‍ ഹിന്ദു എന്ന് വിളിക്കപ്പെടുന്നു. ഇവിടെയും അങ്ങനെത്തന്നെ. ഇവിടെ ജീവിക്കുന്ന മുസ്ലിമിനെയും സിഖിനെയും മറ്റു മതക്കാരെയും ഹിന്ദു എന്ന് വിളിക്കുന്നത് നീതിയാണോ? ഇതാണ് രാജ്യം വിഭജിക്കുന്നതിന്, ഭിന്നിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന രീതി. 

നമ്മുടെ രാജ്യത്തെ വികസനത്തിലേക്ക് നയിക്കാനും ഉയര്‍ത്താനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് ഇതല്ല. ഇവിടെയുള്ള സാധാരണക്കാരെയും പാവങ്ങളെയും പരിഗണിക്കാനും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും ശ്രമിക്കണം. അതിലൂടെ മാത്രമേ ഈ രാജ്യത്തെ ഉന്നതിയിലെത്തിക്കാനാവൂ. ഏറ്റവും താഴെക്കിടയിലുള്ളവന്നും രാജ്യത്തെയും അതിലെ ഭരണത്തെയും ആസ്വദിക്കാനാവുമ്പോഴാണ് അത് സാധ്യമാവുക. 

ആളുകളെ ഭിന്നിപ്പിക്കുന്ന കളികളാണ് അധികാരത്തിലിരിക്കുന്നവര്‍ നടത്തുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി യു.പിയില്‍ പോയി. അവിടെ അദ്ദേഹം കണ്ട ഏറ്റവും വലിയ പ്രശ്നം, പട്ടിണിയോ ജനങ്ങളുടെ മറ്റു പ്രയാസങ്ങളോ അല്ല. യു.പിയില്‍ ശ്മശാനങ്ങളേക്കാള്‍ കൂടുതല്‍ ഖബ്ര്‍സ്ഥാനുകളുണ്ട് എന്നതായിരുന്നു! യോഗി അധികാരത്തിലേറി, ഇപ്പോള്‍ ഓരോ വീട്ടിലും ശ്മശാനമുണ്ടാക്കുകയാണ്. ഇത് നിര്‍ഭാഗ്യകരമായ കാര്യമാണ്. വിഭജിച്ചു ഭരിക്കുന്ന ഈ രാഷ്ട്രീയത്തെ നാം തിരിച്ചറിയണം. 

ഗുജറാത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചത് മൂന്നര വര്‍ഷങ്ങള്‍ക്കു മുമ്പ് മണിശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ പോയി മോദിയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു എന്നാണ്. അപ്പോള്‍ മൂന്നര വര്‍ഷം മുമ്പ് ചെയ്ത തെറ്റിന് മണിശങ്കര്‍ അയ്യരെ എന്തുകൊണ്ട് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തില്ല, വിചാരണ ചെയ്തില്ല? 'മുന്‍ പ്രധാനമന്ത്രിയും സൈനിക തലവനും ഞങ്ങള്‍ക്കെതിരെ പാകിസ്താനുമായി ഗൂഢാലോചന നടത്തി'യെന്നും പ്രധാനമന്ത്രി തട്ടിവിട്ടു. ഇതൊക്കെ ഒരു പ്രധാനമന്ത്രിക്ക് യോജിച്ചതാണോ? ആ പദവിക്ക് യോജിച്ച നിലപാടാണോ ഇതെല്ലാം? 

നമ്മുടെ പ്രധാനമന്ത്രി എന്നും പ്രസംഗിക്കുമ്പോള്‍ 130 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണ് താനെന്ന് പ്രഖ്യാപിക്കാറുണ്ട്. അതില്‍ മുസ്ലിംകള്‍ ഉള്‍പ്പെടില്ലേ? ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രണ്ടാമത്തെ രാജ്യമാണ്. ഇവിടെ സംഘ് പരിവാര്‍ പറയുന്നത് ഇത്രയും മുസ്ലിംകള്‍ക്ക് അവരുടെ രാജ്യസ്നേഹം തെളിയിക്കാന്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ്. അവരെല്ലാം വന്ദേമാതരം ചൊല്ലണം, ഭാരത് മാതാ വിളിക്കണം എന്നൊക്കെ പറയുന്നു. വന്ദേമാതരം പാടണമെന്ന് ശക്തിയായി ചാനല്‍ ചര്‍ച്ചയില്‍ വാദിച്ച ഒരു ബി.ജെ.പി ജനപ്രതിനിധിയോട് അവതാരകന്‍ വന്ദേമാതരം പാടാന്‍ പറഞ്ഞപ്പോള്‍ തനിക്കറിയില്ലെന്നായിരുന്നു മറുപടി. ഇതാണ് സംഘ് പരിവാര്‍ നേതാക്കളുടെതന്നെ അവസ്ഥ. 

1925-ലാണ് സംഘ്പരിവാര്‍ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇന്ത്യയിലെ സകല ജനങ്ങളും സ്വാതന്ത്ര്യത്തിനായി പോരാടുന്ന സമയമായിരുന്നു അത്. മതജാതിഭേദമന്യേ എല്ലാവരും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടത്തിലായിരുന്നു. ഓരോരുത്തരും ത്യാഗങ്ങള്‍ സഹിച്ചു, രാജ്യത്തിനു വേി പലരും രക്തസാക്ഷികളായി. അവിടെ പരസ്പര സഹകരണത്തിന്റെയും ഒന്നിച്ചുള്ള പോരാട്ടത്തിന്റെയും വലിയ ഉദാഹരണങ്ങളുണ്ടായിരുന്നു. ആര്യസമാജിലെ രാം പ്രസാദ് ബിസ്മല്‍ എന്നൊരു യുവാവും, അശ്ഫാഖുല്ലാ ഖാന്‍ എന്ന യുവാവും സമരത്തിനിടെ താമസിച്ചതും ഭക്ഷണം കഴിച്ചതുമെല്ലാം ഒന്നിച്ചായിയുന്നു. ശാഖാപൂരിലെ ആര്യസമാജത്തിന്റെ കേന്ദ്രത്തില്‍ ഒരേ മുറിയില്‍ അവര്‍ കിടന്നുറങ്ങി, ഒരേ തളികയില്‍ അവര്‍ ഭക്ഷിച്ചു. ഒരേ ദിവസമായിരുന്നു ബ്രിട്ടീഷുകാര്‍ അവരെ രണ്ടു പേരെയും വധശിക്ഷക്ക് വിധേയമാക്കിയത്, ഡിസംബര്‍ 19-ന്. ഈ യുവാക്കളെല്ലാം രാജ്യത്തെ ഏകീകരിക്കാനാണ് ജീവത്യാഗം ചെയ്തത്. ഇപ്പോള്‍ സ്വാതന്ത്ര്യം നേടി 70 വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ ഭരണാധികാരികള്‍ തന്നെ ആളുകളെ പരസ്പരം ഭിന്നിപ്പിക്കാനും വിഭജിക്കാനും ആരംഭിച്ചിരിക്കുന്നു. 

നാമെല്ലാവരും ഒന്നിച്ച് സംഘ് പരിവാറിന്റെ രാഷ്ട്രീയത്തിനെതിരെ പൊരുതണം. ലോകത്ത് ഏതു മതത്തിന്റെ പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിനെ നാം എതിര്‍ക്കണം, തുറന്നുകാട്ടണം. ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരില്‍ ചിലര്‍ ഇറങ്ങിയിരിക്കുന്നു. അവരില്‍ ഇസ്ലാമുമില്ല, സ്റ്റേറ്റുമില്ല. അവര്‍ അറവുകാര്‍ മാത്രമാണ്. മനുഷ്യരെ കൊലക്ക് കൊടുക്കുന്ന അറവുകാര്‍. മുഹമ്മദിന്റെ സൈനികര്‍ (ജയ്‌ശേ മുഹമ്മദ്) എന്നു പറഞ്ഞ് ചിലര്‍ രംഗത്തു വരുന്നു. അവര്‍ മുഹമ്മദ് നബി കാണിച്ച മാതൃകകള്‍ക്ക് എതിരു പ്രവര്‍ത്തിക്കുന്നു. അതുപോലെതന്നെ ഇന്ത്യയിലും. ബജ്റംഗ്ദള്‍ എന്നു പറഞ്ഞ് ഹനുമാന്റെ പേരില്‍ സംഘമുണ്ടാകുന്നു. അവരുയര്‍ത്തിയ മൂല്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. രാം സേനയും അതേ പ്രവൃത്തികള്‍ ചെയ്യുന്നു. ഇതിനെയെല്ലാം നാം ഒറ്റക്കെട്ടായി എതിര്‍ക്കണം, പ്രതിരോധിക്കണം. ആരാണ് ധബോല്‍ക്കറിനെ കൊന്നത്? കല്‍ബുര്‍ഗി, പന്‍സാരെ... ഇവരെല്ലാം ആരാലാണ് കൊല്ലപ്പെട്ടത്? അവസാനം ഗൗരി ലങ്കേഷിനെ തോക്കിനിയാക്കിയതാര്? അന്വേഷണങ്ങളില്‍ രാംസേനയാണ് ഇതെല്ലാം ചെയ്തതെന്ന് പറയുന്നു. ഇവിടെ നാമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ് സംഘ് പരിവാര്‍. പ്രവാചകന്മാരുടെയും മഹാന്മാരുടെയും പേരുകളുപയോഗിച്ച് അക്രമങ്ങള്‍ നടത്തുകയാണിവിടെ. 

മതസ്വാതന്ത്ര്യം എന്നതും ഇവിടെ പ്രധാനപ്പെട്ട വിഷയമാണ്. യഥാര്‍ഥത്തില്‍ എല്ലാവരും ഈ ലോകത്തേക്ക് വരുന്നത് മനുഷ്യരായാണ്. മതമോ ജാതിയോ ആധാരമാക്കി ജനനത്തില്‍ അവര്‍ക്കൊരു പ്രത്യേകതയും ഉണ്ടാവാറില്ല. പക്ഷേ ഇവിടെയുള്ള സാമൂഹികാവസ്ഥകളും മറ്റുമാണ് പിന്നീട് ഇതെല്ലാമുണ്ടാക്കുന്നത്. ഇവിടെ ഒരൊറ്റ പ്രപഞ്ചവും ഒരൊറ്റ സ്രഷ്ടാവും എന്ന സങ്കല്‍പമാണ് വളര്‍ന്നുവരേണ്ടത്. എല്ലാ വേദങ്ങളുടെയും ആശയവും അതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഹിന്ദുവാകുക എന്ന് വേദങ്ങളോ മറ്റോ പറയുന്നില്ല. പക്ഷേ മനുഷ്യനാവുക (മനുര്‍ഭവ) എന്നാണ് വേദം ഉണര്‍ത്തുന്നത്. 

ഖുര്‍ആന്‍ പറയുന്നത് എല്ലാ വേദങ്ങളെയും എല്ലാ നബിമാരെയും പിന്‍പറ്റാനാണല്ലോ. പക്ഷേ, പ്രശ്നം വരുന്നത് ഈ നബിമാരും പുണ്യപുരുഷന്മാരും ദൈവങ്ങളാക്കപ്പെടുകയും അവരുടെ ബിംബങ്ങള്‍ ആരാധിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. അവിടെയാണ് രോഗങ്ങള്‍ ജനിക്കുന്നത്. രാമനും കൃഷ്ണനുമെല്ലാം ദൈവത്തെ ആരാധിക്കുന്നവരായിരുന്നു, ദൈവങ്ങളല്ലായിരുന്നു. അവരാരും തങ്ങള്‍ ദൈവങ്ങളാണെന്നോ ദൈവത്തിന്റെ അവതാരങ്ങളാണെന്നോ വാദിച്ചിട്ടുമില്ല. എന്നാല്‍ അധികാരത്തിലുള്ളവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി അവരെ ദൈവങ്ങളും വിഗ്രഹങ്ങളുമാക്കി മാറ്റുകയാണ് ചെയ്തത്. ഇതെല്ലാം അന്ധവിശ്വാസങ്ങളാണ്. മുസ്ലിംകളിലും ഇതുപോലെ പ്രശ്നങ്ങള്‍ കാണാം.  എല്ലാവരും അല്ലാഹുവിന് ഇബാദത്ത് ചെയ്യണമെന്ന് ഖുര്‍ആന്‍ പറയുന്നു. പക്ഷേ, ചില മുസ്ലിംകള്‍ ഖബ്‌റുകളിലും ചിലര്‍ പുരോഹിതര്‍ക്കും ഇബാദത്ത് ചെയ്യുന്നു. ഇതും അന്ധവിശ്വാസമാണ്. അതുകൊണ്ട് നാമൊന്നായി ഇത്തരം അന്ധവിശ്വാസങ്ങളോട് പോരാടണം. 

എല്ലാ ആളുകളെയും ദൈവം ഏകനാണ് എന്ന തൗഹീദില്‍ ഒന്നിപ്പിക്കാനാകും. അതാണ് ഫാഷിസത്തോടുള്ള ഏറ്റവും വലിയ പ്രതിരോധവും വിമര്‍ശവും. ഇവിടെ ഒരു ദൈവത്തിലും അവന്റെ സമന്മാരായ സൃഷ്ടികളിലും വിശ്വസിച്ചാല്‍ പിന്നെ ജാതി വ്യവസ്ഥക്കും ജാതി വ്യത്യാസങ്ങള്‍ക്കും ഇടമില്ല. എല്ലാ കുട്ടികളും ജനിക്കുന്നത് ഒരേ പ്രകൃതിയിലാണ്. ഒരാള്‍ക്കും പ്രത്യേകതയോ പ്രാധാന്യമോ ഇല്ല. അപ്പോള്‍ ജനനത്തിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ ഉന്നതരെന്നും ചിലര്‍ താഴ്ന്നവരെന്നും പറയാനാവില്ല. എല്ലാവരും തുല്യരാണ്. അതാണ് ഭീം റാവു അംബേദ്കറും പറഞ്ഞത്. ജാതിയുടെ പൂര്‍ണ നശീകരണം (അനിഹിലേഷന്‍ ഓഫ് കാസ്റ്റ്) ആണ് നടക്കേണ്ടത്. ഹിന്ദുക്കളില്‍ മാത്രമല്ല ജാതിയുള്ളത്. മുസ്ലിംകളിലും അതിന്റെ സ്വാധീനങ്ങള്‍ കാണാനാകും. അവയെല്ലാം ഇല്ലാതാക്കാന്‍ നമുക്കാവണം. 

ഇപ്പോള്‍ നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ ചെറുക്കാന്‍ നാം മുന്നോട്ടുവരണം. ഈ കാമ്പയിനുകളില്‍പെട്ട് നാം ഭിന്നിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. ഉദാഹരണത്തിന്, ലൗ ജിഹാദ് എന്ന പ്രചാരണം നോക്കുക. ഇവിടെ ഹാദിയക്ക് ഇഷ്ടമുള്ള വിശ്വാസം തെരഞ്ഞെടുക്കാനും ഇണയെ തെരഞ്ഞെടുക്കാനും സൗകര്യവും സ്വാതന്ത്ര്യവും ഉണ്ടാകണം. ഹിന്ദുവിന് ക്രിസ്ത്യാനിയെയും മുസ്ലിമിനെയും തിരിച്ചുമൊക്കെ ഒരു തടസ്സവുമില്ലാതെ തെരഞ്ഞെടുക്കാനാകണം. ജാതിമതങ്ങള്‍ക്കതീതമായി ഈ സ്വാതന്ത്ര്യം ഉറപ്പാക്കണം. 

ഫാഷിസ്റ്റ് കാലത്ത് നാം പ്രത്യേകം ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ട മറ്റൊരു മൂല്യമാണ് അഭിപ്രായസ്വാതന്ത്ര്യം. ഗൗരിയെ പോലുള്ളവര്‍ കൊല്ലപ്പെടുന്നത് ഇതിന്റെ പേരിലാണ്. ഓരോ മനുഷ്യനും ഭൂമിയിലേക്ക് വരുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തോടെയാണ്. അവന് ദൈവം ജനനത്തില്‍ തന്നെ നല്‍കിയ പ്രത്യേകതയാണ് അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം. ചിന്തിക്കാനും പറയാനും എഴുതാനുമുള്ള ഈ കഴിവാണ് അവനെ മൃഗങ്ങളില്‍നിന്ന് വ്യതിരിക്തനാക്കുന്നത്.  നമ്മുടെ രാജ്യത്തെ ഭരണഘടന ഈ അവകാശത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇവിടെ ആരെയും വിമര്‍ശിക്കാന്‍ ആര്‍ക്കും സാധിക്കണം. അവരെ ആക്രമിക്കുന്നതിന് പകരം അവരോട് സംവാദങ്ങള്‍ നടത്താം, സമരങ്ങള്‍ നടത്താം. പക്ഷേ അവരെ ആക്രമിക്കുന്നതോടെ ഈ അവകാശങ്ങള്‍ പരസ്പരം നിഷേധിക്കുന്നതിലേക്ക് നയിക്കും. സിനിമയിലൂടെ, സാഹിത്യത്തിലൂടെ ഇങ്ങനെ ഏത് മാര്‍ഗത്തിലൂടെയും ഇത്തരം വിമര്‍ശനങ്ങള്‍ നടക്കാം. അത്തരം മാധ്യമങ്ങളിലൂടെ അതിനോട് പ്രതികരിക്കുക. അല്ലാതെ അവരെ ആക്രമിക്കുന്നതിലേക്ക് അത് എത്തരുത്. ആര്‍ക്കും വിമര്‍ശിക്കാനും വിയോജിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യം നിലനില്‍ക്കണം. അപ്പോഴാണ് നമ്മുടെ രാജ്യത്ത് ജനാധിപത്യവും അതിന്റെ മൂല്യങ്ങളും നിലനില്‍ക്കുക. 

എനിക്ക് രാജ്യത്തെ വിവിധ ജനവിഭാഗങ്ങളോട് പറയാനുള്ളത് ഒറ്റ കാര്യം മാത്രമാണ്. നമുക്കെല്ലാവര്‍ക്കും മാനവികതയുടെ അടിസ്ഥാനത്തില്‍ ഒന്നിക്കാം. ഇവിടെ എനിക്കും നിങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും ഒരേ സ്ഥാനമാണുള്ളത്. ഞാനും നിങ്ങളും അവനുമെല്ലാം തുല്യാവകാശമുള്ള അംഗങ്ങളാവുക. അങ്ങനെയുള്ള ഒരു മാനവിക കൂട്ടായ്മയിലൂടെ മാത്രമേ ഫാഷിസത്തെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും നമുക്ക് മറികടക്കാനാവൂ, അതിനോട് പ്രതികരിക്കാനാവൂ. ഈ പ്രതിരോധം ഇനിയും ഉയര്‍ത്തിയില്ലെങ്കില്‍ നാമാണ് കുറ്റക്കാര്‍. അതിന്റെ ഫലം നാമെല്ലാവരും നശിക്കുമെന്നതാണ്.

 വിവ: ജുമൈല്‍ കൊടിഞ്ഞി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ!
കെ.സി ജലീല്‍ പുളിക്കല്‍