അഖീദ, മദ്ഹബ്, പാരമ്പര്യം
അല്‍ ജമാഅത്തും ദുര്‍വ്യാഖ്യാനങ്ങളും-3
ഒരാള്‍ക്ക് സുന്നിയാവാനുള്ള യോഗ്യത ഗ്രന്ഥകാരന്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു: ''അങ്ങനെ വിശ്വാസ കാര്യങ്ങളില്‍ അശ്അരി, മാതുരീദി എന്നീ സരണികളില്‍ മാത്രം അഹ്‌ലുസ്സുന്നത്തിന്റെ അവലംബം ഒതുങ്ങിനില്‍ക്കുകയും കര്‍മവിഷയങ്ങളില്‍ നാലാലൊരു മദ്ഹബ് പിന്‍പറ്റി മാത്രം ജീവിക്കുകയെന്ന രീതി വ്യാപകമാവുകയും ചെയ്തു. ആകയാല്‍ ഇപ്പോള്‍ അഹ്‌ലുസ്സുന്നത്ത് എന്നാല്‍ അശ്അരി, മാതുരീദി എന്നീ സരണികളിലൊന്ന് മാത്രം സ്വീകരിക്കുന്നവരും കര്‍മപരമായി നാലാലൊരു മദ്ഹബ് പിന്‍പറ്റുന്നവരുമാണ്. ഇതിന് വിരുദ്ധമായ നിലപാട് സുന്നത്ത് ജമാഅത്ത് എന്നീ പ്രമാണങ്ങള്‍ക്ക് നിരക്കാത്തതും ബിദ്അത്തുമാണെന്ന് വ്യക്തം'' (അഹ്‌ലുസ്സുന്ന, നജീബ് മൗലവി, പേജ് 48).
തുടര്‍ന്ന് മൗലവിയുടെ ഒരു പ്രാര്‍ഥനയുണ്ട്: 'അല്ലാഹു ബിദ്അത്തില്‍നിന്നും അതിന്റെ പാര്‍ട്ടികളില്‍നിന്നും നമ്മെ രക്ഷപ്പെടുത്തട്ടെ.'
അപ്പോള്‍ ബിദ്അത്തിന്റെ അര്‍ഥമെന്താണ്? ഹിജ്‌റ നാനൂറിനു ശേഷം ഇജ്തിഹാദ് ചെയ്യുകയോ ഇജ്തിഹാദ് ചെയ്യാമെന്ന് വാദിക്കുകയോ ചെയ്യുക, നാലിലൊരു മദ്ഹബിനെ തന്നെ പിന്‍പറ്റണമെന്നില്ലെന്നോ അറിവുള്ളവര്‍ക്ക് തഖ്‌ലീദ് അനുവദനീയമല്ലെന്നോ പറയുക- ഇവരൊക്കെ മുബ്തദിഉകള്‍! ബിദ്അത്തിന് മൗലവി നല്‍കുന്ന അര്‍ഥം എത്ര കുശാല്‍!
ഈ അര്‍ഥം എവിടെനിന്ന് കിട്ടിയെന്നോ ആരുടേതാണ് ഈ അര്‍ഥകല്‍പനയെന്നോ ഒന്നും ചോദിച്ചേക്കരുത്. ഉസ്താദ് പറഞ്ഞാല്‍ അത് അപ്പടി വിഴുങ്ങിയേ പറ്റൂ.
ഇനി ചോദിക്കട്ടെ, വിശ്വാസപരമായി ഒരാള്‍ സുന്നിയാവാന്‍ അശ്അരി, മാതുരീദി സരണികളില്‍ ഏതെങ്കിലുമൊന്ന് അംഗീകരിച്ചിരിക്കണമെന്നാണല്ലോ. ഈ രണ്ട് സരണികളും പച്ചമരുന്നാണോ അങ്ങാടി മരുന്നാണോ എന്നു പോലും അറിയാത്തവരെക്കുറിച്ച് എന്താവും വിധിപറയുക? ഒരാള്‍ മുഅ്മിനാവാന്‍, പരലോകത്ത് രക്ഷപ്പെടാന്‍ എന്തൊക്കെ അംഗീകരിച്ചിരിക്കണമെന്ന് അല്ലാഹുവും റസൂലും പറഞ്ഞിട്ടുണ്ട്. അതിലൊന്നും ഇത്തരം രണ്ട് സരണികളെക്കുറിച്ചുള്ള പരാമര്‍ശമില്ല. അതിനും പുറമെ ആ രണ്ട് സരണികളും ഇല്‍മുല്‍ കലാമിനെ (വചനശാസ്ത്രമെന്നോ ദൈവശാസ്ത്രമെന്നോ പറയാവുന്ന വിജ്ഞാനശാഖ) അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയതാണ്. അശ്അരീ സരണിയുടെ ഉപജ്ഞാതാവ് ഇമാം അബുല്‍ ഹസന്‍ അശ്അരിയുടെ കാലം മൂന്നാം നൂറ്റാണ്ടിന്റെ അവസാന ഘട്ടവും നാലാം നൂറ്റാണ്ടിന്റെ ആദ്യഘട്ടവുമാണ്. ഹിജ്‌റ 330/ക്രി. 942-ലാണ് അദ്ദേഹത്തിന്റെ മരണം. മാതുരീദിയുടെ മരണം ഹിജ്‌റ 333/ക്രി. 944-ലും. ഒരേ കാലഘട്ടത്തില്‍ ജീവിച്ച രണ്ട് മഹാരഥന്മാര്‍. ഈ രണ്ട് പണ്ഡിതന്മാര്‍ക്കും ശേഷമുള്ളവരൊക്കെ അവരുടെ വിശകലനം അനുസരിച്ചു വേണം ഇസ്‌ലാമിന്റെ അഖീദ ഉള്‍ക്കൊള്ളാന്‍ എന്നാണല്ലോ പറഞ്ഞതിന്റെ പൊരുള്‍. ഏതെങ്കിലും ഒരു പണ്ഡിതന്റെ കാഴ്ചപ്പാട് ഒരു കൂട്ടര്‍ അംഗീകരിക്കുന്നതും അംഗീകരിക്കാതിരിക്കുന്നതും മറ്റൊരു കാര്യമാണ്. നിങ്ങള്‍ക്ക് പരലോകത്ത് രക്ഷ കിട്ടണമെങ്കില്‍ അയാളുടെ കാഴ്ചപ്പാട് അംഗീകരിച്ചിരിക്കണമെന്ന് പറയുന്നത് തീര്‍ത്തും ഭിന്നമായ മറ്റൊരു കാര്യവും. അതുകൊണ്ടുതന്നെ അഹ്‌ലുസ്സുന്നയിലെ തന്നെ പലരും മുന്‍ചൊന്ന രണ്ട് പണ്ഡിതന്മാരുടെയും ചില കാഴ്ചപ്പാടുകളോടെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും അഹ്‌ലുസ്സുന്നത്തിലെ തന്നെ പ്രഗത്ഭ ഇമാമുമാരായി അവരെ ഇന്നും സമൂഹം അംഗീകരിക്കുന്നുമുണ്ട്. ഉദാഹരണത്തിന്, ഇമാം ബാഖില്ലാനി. ഹിജ്‌റ 403/ക്രി. 1013-ലാണ് അദ്ദേഹം മരിച്ചത്. അല്ലാഹുവിന്റെ ബഖാഅ് എന്ന ഇമാം അശ്അരി സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച വിശേഷണത്തെ അദ്ദേഹം നിഷേധിച്ചതായി ഇമാം ഗസാലി പറയുന്നുണ്ട്. ഇമാം ഗസാലിയുടെ തുടര്‍ന്നുള്ള ചോദ്യം ഏറെ പ്രസക്തമാണ്. അദ്ദേഹം ചോദിക്കുന്നു: ''അശ്അരിയുടെ അഭിപ്രായത്തിന്, അല്ലെങ്കില്‍ മുഅ്തസിലിയുടെ അഭിപ്രായത്തിന്, അതുമല്ലെങ്കില്‍ ഹമ്പലിയുടെ അഭിപ്രായത്തിന്, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും അഭിപ്രായത്തിന് വിരുദ്ധമാവുക എന്നതാണ് കുഫ്‌റിന്റെ അതിര് എന്നാണ് വാദമെങ്കില്‍ അറിഞ്ഞിരിക്കുക, അത്തരക്കാരന്‍ അനുഭവ ജ്ഞാനമില്ലാത്ത മന്ദബുദ്ധിയാണ്. അനുകരണം അവനെ കുരുക്കിക്കളഞ്ഞിരിക്കുന്നു. അവന്‍ അന്ധന്‍ കൂടിയാണ്. അവനെ നന്നാക്കിക്കളയാമെന്നു വെച്ച് വെറുതെ സമയം പാഴാക്കേണ്ട. അവന്റെ വാദവും പ്രതിയോഗിയുടെ വാദവും തമ്മില്‍ ഏറ്റുമുട്ടുന്നു എന്നത് തന്നെ മതി അവന്റെ നാവടപ്പിക്കാന്‍ പോന്ന തെളിവായി. കാരണം അവന്നും അവന്റെ എതിര്‍പക്ഷത്തുള്ളവര്‍ക്കും തമ്മില്‍ വ്യത്യാസമോ ഭേദമോ ഇല്ല.
''അയാളുടെ കൂട്ടാളി മറ്റു അഭിപ്രായങ്ങളൊക്കെ വിട്ട് അശ്അരിയുടെ അഭിപ്രായത്തോട് ചായ്‌വ് പുലര്‍ത്തി എന്നു വരാം. വരവിലും പോക്കിലുമൊക്കെ അശ്അരിയോട് വിയോജിക്കുക എന്നത് പ്രകടമായ കുഫ്‌റാണെന്ന് അയാള്‍ക്ക് വാദിക്കുകയും ചെയ്യാം. സത്യം അശ്അരിയില്‍ നിക്ഷിപ്തമാണെന്ന് തനിക്ക് തെളിഞ്ഞുകിട്ടിയത് എവിടെ നിന്നാണെന്ന് അയാളോട് ചോദിക്ക്. എങ്കിലല്ലേ അല്ലാഹുവിന്റെ ബഖാഅ് (നിത്യനിലനില്‍പ്) എന്ന വിശേഷണത്തിന്റെ കാര്യത്തില്‍ ബാഖില്ലാനിയെ കാഫിറാണെന്ന് അയാള്‍ക്ക് തീര്‍പ്പു കല്‍പിക്കാനാവൂ. അശ്അരിയോട് എതിരഭിപ്രായം പ്രകടിപ്പിക്കുക വഴി കാഫിറാവാന്‍, ബാഖില്ലാനിയോട് വിയോജിച്ച കാരണത്താല്‍ കാഫിറാവാന്‍ അശ്അരി അര്‍ഹനാവാതിരിക്കുംവിധം ബാഖില്ലാനിയെ യോഗ്യനാക്കുന്ന സംഗതി എന്താണെന്നും ചോദിക്ക്. മുന്‍കാലക്കാരനായി എന്നതാണോ? എങ്കില്‍ അശ്അരിക്ക് മുമ്പുള്ളവരല്ലേ മുഅ്തസിലികള്‍. മുന്‍ഗണന അവര്‍ക്കാവണമല്ലോ ലഭിക്കുന്നത്. അതോ ശ്രേഷ്ഠതയിലും അറിവിലുമുള്ള ഏറ്റക്കുറവാണോ? എങ്കില്‍ ഏതു ത്രാസും അളവുമനുസരിച്ചാണ് ശ്രേഷ്ഠതയുടെ പദവികള്‍ നിര്‍ണയിച്ചിരിക്കുന്നത്? അതനുസരിച്ചാവുമല്ലോ താന്‍ പിന്തുടര്‍ന്ന, താന്‍ അനുകരിച്ച മഹാനേക്കാള്‍ മഹത്വമുള്ളവനായി സൃഷ്ടികളില്‍ ആരും ഇല്ലെന്ന് അയാള്‍ക്ക് തെളിഞ്ഞുകിട്ടിയത്. ഇനി അശ്അരിയുമായുള്ള ഭിന്നതയില്‍ ബാഖില്ലാനിക്ക് ഇളവനുദിച്ചതാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അത് നിഷേധിക്കാനെന്താണ് കാരണം? ബാഖില്ലാനിയും കറാബീസിയും ഖലാന്‍സിയും മറ്റുള്ളവരുമൊക്കെ തമ്മിലുള്ള വ്യത്യാസമെന്താവും?...'' (ഫൈസലുത്തഫ്‌രിഖ: 39-41).
അശ്അരിയുമായുള്ള അഭിപ്രായ വൈജാത്യത്തിന്റെ പേരില്‍ മറ്റുള്ളവരെയൊക്കെ അഹ്‌ലുസ്സുന്നത്തില്‍നിന്നും അതുവഴി ഇസ്‌ലാമില്‍നിന്നും പുറത്താക്കി പിണ്ഡം വെച്ച് പടിയടക്കുന്നവരെ, അവരുടെ മറ്റു ന്യായീകരണങ്ങള്‍ എടുത്തു പറഞ്ഞ് സുദീര്‍ഘമായി കൈകാര്യം ചെയ്യുന്നുണ്ട് പിന്നീട് ഇമാം ഗസാലി.
ഇനി ഇല്‍മുല്‍ കലാമിന്റെ ഗ്രന്ഥങ്ങളില്‍ വിവരിച്ച രീതിയില്‍ തൗഹീദ് പഠിക്കുന്നത് സംബന്ധിച്ച് ഇമാം നവവി എന്തു പറഞ്ഞു എന്ന് നോക്കാം. അദ്ദേഹം എഴുതുന്നു: ''എന്നാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന ബാധ്യതയും ആദര്‍ശ(അഖാഇദ)വുമായി ബന്ധപ്പെട്ട കാര്യങ്ങളും അല്ലാഹുവിന്റെ ദൂതര്‍ കൊണ്ടുവന്ന കാര്യങ്ങളുമെല്ലാം സത്യപ്പെടുത്തുകയും സംശയരഹിതമായി അതില്‍ പൂര്‍ണമായി വിശ്വസിക്കുകയും മാത്രമേ വേണ്ടതുള്ളൂ. ഇത്രയും സാധ്യമായ ആള്‍ക്ക് വചനശാസ്ത്രകാരന്മാരുടെ തെളിവുകള്‍ പഠിക്കേണ്ട യാതൊരു ആവശ്യവുമില്ല. സലഫും ഫുഖഹാക്കളും നമ്മുടെ ആളുകളില്‍പെട്ട വചനശാസ്ത്രകാരന്മാരും മറ്റും ഏകകണ്ഠമായി പറഞ്ഞ സാധുവായ അഭിപ്രായമാണിത്. ഇതല്ലാത്ത മറ്റൊന്നും നബി(അ) ആരോടും ആവശ്യപ്പെട്ടിട്ടില്ല....
''ഖുലഫാഉര്‍റാശിദുകളും മറ്റു സ്വഹാബിമാരും ആദ്യതലമുറയിലെ മറ്റുള്ളവരുമൊക്കെ അങ്ങനെ തന്നെയാണ്. എന്നു മാത്രമല്ല, പൊതുജനത്തിനും ഫിഖ്ഹ് പഠിച്ചവരിലും ഫഖീഹുമാരിലും പെട്ട ഭൂരിപക്ഷത്തിനും നല്ലത് വചനശാസ്ത്രവുമായി ബന്ധപ്പെട്ട സൂക്ഷ്മവശങ്ങള്‍ ഉപേക്ഷിക്കുന്നതാണ്. രക്ഷപ്പെടാന്‍ പറ്റാത്തവിധം തങ്ങളുടെ ആദര്‍ശം വികലപ്പെട്ടേക്കുമോ എന്ന് ആശങ്കിക്കേണ്ടതുണ്ട്. എന്നല്ല, നാം പറഞ്ഞ ദൃഢവിശ്വാസം കൊണ്ട് മതിയാക്കുന്നതാണ് നല്ലത്. നമ്മുടെ ആളുകളിലും മറ്റും ഉള്‍പ്പെട്ട നിപുണരായ പണ്ഡിതന്മാര്‍ ഈ കാര്യം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്''(ശറഹുല്‍ മുഹദ്ദബിന്റെ മുഖവുര. ബാബു അഖ്‌സാമില്‍ ഇല്‍മിശ്ശറഈ, പേജ് 49).
പാരമ്പര്യത്തിന്റെ പ്രശ്‌നങ്ങള്‍
ഇനിയുള്ളത് പാരമ്പര്യമാണ്. താഴെ വരികള്‍ ശ്രദ്ധിക്കുക:
''പാരമ്പര്യമായി ഇസ്‌ലാമിക സമൂഹം ആചരിച്ചും അനുഷ്ഠിച്ചും വരുന്ന കാര്യങ്ങള്‍ പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. പരിഷ്‌കരണത്തിന്റെയും പുരോഗതിയുടെയും പേരില്‍ അവയെ തള്ളിപ്പറയുന്നതും കൈയൊഴിക്കുന്നതും അബദ്ധമാണ്. സനാതന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ മാത്രമേ സാമൂഹികവും സാംസ്‌കാരികവുമായ നവോത്ഥാനം സാധ്യമാവൂ'' (പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്, പേജ് 483).
പിതാവ്, പിതാമഹന്‍ മുതലായവരില്‍നിന്നോ ഗുരുക്കന്മാരില്‍നിന്നോ തുടര്‍ച്ചയായി ഗ്രഹിച്ച് ക്രമേണ നടന്നുവരുന്ന മുറ, അവകാശമുറ (പരമ്പരാഗതം), കീഴ്മര്യാദ. ഇതാണ് ശബ്ദ താരാവലിയില്‍ പാരമ്പര്യം എന്ന പദത്തിന് നല്‍കുന്ന അര്‍ഥം. സനാതനം എന്നതിനും പരമ്പരാഗതം എന്ന അര്‍ഥമുണ്ട്.
പാരമ്പര്യം എന്നതുകൊണ്ട് സാധാരണ അര്‍ഥമാക്കാറുള്ളത് നാട്ടുനടപ്പുകളാണ്. പല നാട്ടില്‍ പല പാരമ്പര്യങ്ങളാവും. ഇസ്‌ലാം ഒരുകാലത്തും പാരമ്പര്യം അംഗീകരിച്ചുതന്നിട്ടില്ല; ആദര്‍ശാനുഷ്ഠാന രംഗങ്ങളില്‍ വിശേഷിച്ചും. മുപ്പതോളം സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ ഈ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. അഹ്‌ലുസ്സുന്നത്തിന്റെ നിദാനങ്ങളില്‍ (ഉസ്വൂല്‍) പാരമ്പര്യത്തെ പ്രമാണത്തിലുള്‍പ്പെടുത്തിയതായി കാണുക സാധ്യവുമല്ല. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് ഏറക്കുറെ സുസമ്മതമായ പ്രമാണങ്ങള്‍. അതില്‍തന്നെ ളാഹിരികള്‍ ഖിയാസിനെ നിരാകരിക്കുന്നവരാണ്. ഖിയാസ് അംഗീകരിക്കുന്നവര്‍ തന്നെയും പുതിയ ആചാരാനുഷ്ഠാനങ്ങള്‍ രൂപപ്പെടുത്താനുള്ള ന്യായമായല്ല ഖിയാസ് കൈക്കൊണ്ടിട്ടുള്ളത്. നിയമനിര്‍മാണ രംഗത്താണ് അതിന്റെ പ്രയോഗം. ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനം പ്രവാചക മാതൃകയാണ്. അതുകൊണ്ടാണ് പല ആചാരങ്ങളെ സംബന്ധിച്ചും ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ബിദ്അത്ത് എന്ന് പേരിട്ട് വിളിച്ചിരിക്കുന്നത്.
കേരളീയ മുസ്‌ലിം പാരമ്പര്യം മാത്രമെടുത്താല്‍ അതില്‍ പലതും ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങള്‍ക്കു പോലും വിരുദ്ധമാണെന്നു കാണാം. പലരും പലപ്പോഴായി രൂപകല്‍പന നല്‍കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതിനൊക്കെ പുറമെയാണ്. അവയെയൊക്കെ വിശദീകരിക്കാന്‍ ഇവിടെ സന്ദര്‍ഭമില്ല.
ഈ രംഗത്ത് നമ്മുടെ സഹോദരങ്ങള്‍ കൈക്കൊള്ളുന്ന വലിയൊരബദ്ധം കൂടിയുണ്ട്. തങ്ങള്‍ അംഗീകരിക്കുന്നു എന്ന് പറയുന്ന പൗരാണികരും പ്രാമാണികരുമായ പണ്ഡിതന്മാര്‍ ഖുര്‍ആനും സുന്നത്തും ഉദ്ധരിച്ച് തള്ളിപ്പറഞ്ഞ പലതും വെള്ളപൂശി അവതരിപ്പിക്കാനും നാട്ടുനടപ്പുകളെയും ഖുര്‍ആനിനും സുന്നത്തിനും കടകവിരുദ്ധമായ കാര്യങ്ങളെപ്പോലും വ്യാഖ്യാനിച്ചൊപ്പിക്കാനും ശ്രമിച്ചുകളയുന്നു എന്നതാണത്. എന്നിട്ട് അത്തരം സമീപനങ്ങളും ആചാരങ്ങളും അംഗീകരിക്കാത്തവരെ മുബ്തദിഉകളെന്ന് മുദ്രകുത്തുകയും സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
എന്തിനാണ് സനദ്?
സനദാണ് ഇവര്‍ അവലംബിക്കുന്ന മറ്റൊരു തുരുപ്പുശീട്ട്. ഇന്ന ഉസ്താദിന്റെ ഗുരുശൃംഖല നബി(സ)യില്‍ എത്തിച്ചേരുന്നു. ഇതാണ് വാദം. അതുവഴി സ്ഥാപിക്കുന്നതോ, ആ ഉസ്താദിന്റെ പാരമ്പര്യം അംഗീകരിച്ച് ചെയ്യുന്നതെന്തും ശരിയും പ്രാമാണികവും എന്നും.
സനദ് എന്നത് തീര്‍ത്തും മറ്റൊരു കാര്യമാണ്. നബിയുമായി ബന്ധപ്പെടുത്തി ഉദ്ധരിച്ചുവരുന്നത് ശരിയോ തെറ്റോ എന്നറിയാന്‍ ഇസ്‌ലാമിക സമൂഹം, മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അഹ്‌ലുസ്സുന്നത്തിന്റെ ആദ്യ തലമുറ ആവിഷ്‌കരിച്ച ഒരു അടിസ്ഥാനമാണ് സനദ്. നബിസ)യിലെത്തിച്ചേരുന്ന ഗുരുപരമ്പര എന്നോ നിവേദക പരമ്പര എന്നോ പറയാവുന്ന ഒന്നാണ് സനദ്. ഇടക്ക് കണ്ണിമുറിയാതെ നബി(സ)യില്‍ എത്തിച്ചേര്‍ന്നു എന്നതുകൊണ്ടു മാത്രം സനദ് സ്വീകാര്യമാവണമെന്നില്ല. വേറെയും ഉപാധികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട് അത് സ്വീകാര്യമാവണമെങ്കില്‍. ഹദീസ് വിജ്ഞാനീയത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണത്. സനദിലെ ആളുകളുടെ ചൊല്ലും ചെയ്തിയും പോലും നബി(സ)യുടെ വാക്കും പ്രവൃത്തിയുമായി ഒത്തുനോക്കിയ ശേഷമേ തള്ളുകയോ കൊള്ളുകയോ ചെയ്യൂ എന്നതാണ് അഹ്‌ലുലുസ്സുന്നയുടെ തീരുമാനം. സനദ് ഏര്‍പ്പെടുത്തിയതു പോലും അത്തരം ഒരാവശ്യത്തിനു വേണ്ടിയാണ്. മുഹമ്മദുബ്‌നു സീരീന്‍ പറഞ്ഞതായി ഇമാം മുസ്‌ലിം തന്റെ സ്വഹീഹിന്റെ ആമുഖത്തില്‍ ഉദ്ധരിക്കുന്നു:
''അവര്‍ ഇസ്‌നാദ് അന്വേഷിച്ചിരുന്നില്ല. എന്നാല്‍ കലാപാനന്തരം അവര്‍ പറഞ്ഞു: നിങ്ങളുടെ പരമ്പരയിലെ ആളുകളുടെ പേര് പറയുക. അഹ്‌ലുസ്സുന്നയില്‍പെട്ടവരാണോ എന്ന് പരിശോധിക്കും. അവരുടെ ഹദീസ് സ്വീകരിക്കും. ബിദ്അത്തിന്റെ ആളുകളാണോ എന്ന് നോക്കും. അവരുടെ ഹദീസ് സ്വീകരിക്കുകയില്ല'' (ബാബു ബയാനി അന്നല്‍ ഇസ്‌നാദ... പേജ് 10,11).
ഇന്ന മഹാന്‍ പറഞ്ഞിരിക്കുന്നു, ആ മഹാന്റെ സനദ് നബി(സ)യില്‍ എത്തിച്ചേരുന്നതാണ്, അതിനാല്‍ ആ മഹാന്‍ പറഞ്ഞത് ശരിയാണ് എന്ന തര്‍ക്കശാസ്ത്രരീതി ഈ രംഗത്ത് സ്വീകാര്യമല്ല. ഗുരുപരമ്പര നബി(സ)യിലെത്തിച്ചേരുന്നുവോ എന്നതിലപ്പുറം, ഗുരു പറയുന്നത് ഖുര്‍ആനും സുന്നത്തുമായും സ്വഹാബിമാരുടെ സമീപനങ്ങളുമായുമൊക്കെ എത്രമാത്രം ഒത്തുപോവും എന്ന് കൂടി നോക്കി വേണം കൊള്ളുന്നതും തള്ളുന്നതും.
ഏതു മഹാ ഗുരുവിന്റെയും വാക്കും പ്രവൃത്തിയും സുന്നത്തിന് യോജിച്ചതല്ലെന്നു കണ്ടാല്‍ സബഹുമാനം ചോദ്യം ചെയ്യുകയും നിരാകരിക്കുകയും ചെയ്യുന്ന രീതിയായിരുന്നു നമ്മുടെ പൂര്‍വകാല നായകരുടേത്. അവര്‍ അവിടെ പാരമ്പര്യത്തില്‍ അള്ളിപ്പിടിച്ചുനിന്നിരുന്നില്ല. അത് ഗുരുനിന്ദയായി അവരാരും ഗണിച്ചിരുന്നുമില്ല. ഇമാം ശാഫിഈക്ക് ഇമാം മുസ്‌ലിമുബ്‌നു ഖാലിദുസ്സബീ, ഇമാം ഇബ്‌നു ജുറൈജ്, ഇമാം അതാഅ്, ഇബ്‌നു അബ്ബാസ്, റസൂലുല്ലാഹ് (സ) എന്ന ഒരു സനദ് മാത്രമായിരുന്നില്ല ഉള്ളത്. ഇമാം മാലിക് വഴിയും ഇമാം അബൂയൂസുഫ് വഴിയുമൊക്കെ നബി(സ)യില്‍ എത്തിച്ചേരുന്ന വേറെയും സനദുകളുണ്ട്. ഇമാം അബൂഹനീഫയുടെ നബി(സ)യിലേക്ക് എത്തിപ്പെടുന്ന ഒരു സനദാണ് ഇമാം മാലിക് വഴിയുള്ളത്. ഇവരൊക്കെ ഗുരുക്കന്മാരും ശിഷ്യന്മാരുമൊക്കെയായിട്ടും പാരമ്പര്യം പറയുന്നതിനു പകരം അവര്‍ പരസ്പരം അഭിപ്രായ വൈജാത്യം പുലര്‍ത്തിപ്പോന്നിരുന്നു. ആരും അപരനെ വഴിതെറ്റിയവനോ ഗുരുനിന്ദ നടത്തുന്നവനോ ആയി ആക്ഷേപിച്ചിരുന്നില്ല. കേരളത്തിലേക്ക് വരുമ്പോള്‍ പിന്നെ എന്തുകൊണ്ടാണ് ഖുര്‍ആനിലോ സുന്നത്തിലോ സ്വഹാബിമാരുടെ സമ്പ്രദായങ്ങളിലോ കാണാത്ത ചില സംഗതികള്‍ ഒരാള്‍ 'സുന്നി'യാവാനുള്ള മൗലിക കാര്യങ്ങളായി നിര്‍ണയിക്കുന്നതും, അവ അനുഷ്ഠിക്കാത്തവരെ സുന്നികളായി പരിഗണിക്കാവതല്ലെന്നും അവരെ തുടര്‍ന്ന് നമസ്‌കരിക്കുകയോ അവര്‍ക്കു വേണ്ടി മയ്യിത്ത് നമസ്‌കരിക്കുകയോ ചെയ്യരുതെന്നും പ്രമേയം പാസാക്കുന്നതും? അഹ്‌ലുസ്സുന്നത്തിന്റെ മൗലിക തത്ത്വങ്ങള്‍ ഇവിടെ ആരും തള്ളിപ്പറഞ്ഞിട്ടില്ലല്ലോ. നടന്നിട്ടുള്ളത് പാരമ്പര്യനിരാസം മാത്രമാണ്. ആ പാരമ്പര്യമാവട്ടെ പലതും ബിദ്അത്താണ്. ചിലത് കേരളീയ ഹൈന്ദവ പാരമ്പര്യത്തില്‍നിന്ന് പൂര്‍വികര്‍ കൂടെ കൊണ്ടുവന്നതാണ്. അത്തരം പാരമ്പര്യങ്ങളെ തള്ളിക്കളയുക എന്നത് അഹ്‌ലുസ്സുന്നത്തിന്റെ തന്നെ രീതിയുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ സനദിലുള്‍പ്പെട്ട ഉമര്‍ ഖാദി (വെളിയങ്കോട്) ഇങ്ങനെ പാടിയത്:
''അയാഫാഖിറന്‍ ബിന്നബി കൈഫത്തഫാഖുറൂ
വഅസ്വ്‌ലൂകുമൂ മിന്‍ ഖബ്‌ലു തിയ്യന്‍ വനായരൂ
വആശാരി മൂശാരി വമണ്ണാനുപാണരൂ
വ കൊയപ്പാനു ചെട്ടി വനായാടി പറയരൂ.''
ചുരുക്കത്തില്‍, നമ്മുടെ നാട്ടില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പാരമ്പര്യാധിഷ്ഠിത അഹ്‌ലുസ്സുന്നത്തും യഥാര്‍ഥ അഹ്‌ലുസ്സുന്നത്തും തമ്മില്‍ വലിയ അന്തരമുണ്ട്. സ്വയംകൃത തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ അസ്പൃശ്യത കല്‍പിച്ച് മുസ്‌ലിംകളെയും മുസ്‌ലിം സംഘടനകളെയും അകറ്റിനിര്‍ത്തുന്നവര്‍ ഓര്‍ത്തിരിക്കേണ്ട ചില ഖുര്‍ആനിക വചനങ്ങള്‍ അവരുടെ ശ്രദ്ധയില്‍പെടുത്തട്ടെ:
''അല്ലാഹുവിന്റെ ആയത്തുകളെ തള്ളിപ്പറയുകയും അന്യായമായി പ്രവാചകന്മാരെ കൊന്നുകളയുകയും മനുഷ്യരില്‍ നീതി നിര്‍ദേശിക്കുന്നവരെ കൊന്നുകളയുകയും ചെയ്യുന്നവര്‍ വേദനിപ്പിക്കുന്ന ശിക്ഷയെക്കുറിച്ച് അവര്‍ക്ക് സന്തോഷമറിയിച്ചേക്കുക'' (3:21).
''വേദത്തില്‍നിന്ന് വിഹിതം ലഭിച്ചവരെ കണ്ടില്ലേ, അവര്‍ ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നു. നിഷേധികളെക്കുറിച്ച് ഇവരാണ് വിശ്വാസികളേക്കാള്‍ നല്ല വഴി കൈക്കൊണ്ടവര്‍ എന്ന് പറഞ്ഞുകളയുകയും ചെയ്യുന്നു, അവര്‍. അവരെയാണ് അല്ലാഹു ശപിച്ചത്. അല്ലാഹു ശപിച്ചവന്‍, അവന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല'' (4:51,52).
(അവസാനിച്ചു)
Comments