Prabodhanm Weekly

Pages

Search

2018 ജനുവരി 26

3036

1439 ജമാദുല്‍ അവ്വല്‍ 08

ഹാജിമാര്‍ക്ക് കിട്ടാത്ത 'ഹജ്ജ് സബ്‌സിഡി'

'മുസ്‌ലിം പ്രീണന'ത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായി സംഘ് പരിവാര്‍ നിരന്തരം ഉയര്‍ത്തിക്കാട്ടാറുണ്ടായിരുന്ന ഹജ്ജ് സബ്‌സിഡി അവരുടെ ഭരണകൂടം തന്നെ നിര്‍ത്തല്‍ ചെയ്തിരിക്കുന്നു. ഈ തീരുമാനം ഹാജിമാരെയോ ഹജ്ജിനുള്ള മുന്നൊരുക്കങ്ങളെയോ പ്രതികൂലമായി ബാധിക്കാനിടയില്ല. കാരണം ഹജ്ജ് യാത്രികര്‍ക്ക് എന്ന പേരില്‍ ഗവണ്‍മെന്റ് നല്‍കിക്കൊണ്ടിരുന്ന സബ്‌സിഡി ഹജ്ജ് വിമാന യാത്ര കുത്തകയാക്കിവെച്ച എയര്‍ ഇന്ത്യക്കാണ് യഥാര്‍ഥത്തില്‍ കിട്ടിക്കൊണ്ടിരുന്നത്. എന്നിട്ടും ഹാജിമാരുടെ പോക്കറ്റില്‍ കൈയിട്ടുവാരുകയാണ് എയര്‍ ഇന്ത്യ ചെയ്തുകൊണ്ടിരുന്നത്. എല്ലാം ഒരു പുകമറ മാത്രം. ഇതിനു പിന്നിലെ കള്ളത്തരങ്ങള്‍ ഔട്ട്‌ലുക്ക് പോലുള്ള മാഗസിനുകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ദല്‍ഹിയില്‍നിന്ന് ജിദ്ദയിലേക്കുള്ള 'സബ്‌സിഡിയുള്ള' വിമാന ടിക്കറ്റ് നിരക്ക് 45,000 ആണ്. പക്ഷേ, മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആര്‍ക്കും ഈ ടിക്കറ്റ് 30,000 രൂപക്ക് തരപ്പെടുത്താവുന്നതേയുള്ളൂ. അപ്പോള്‍ സാദാ നിരക്കിനേക്കാള്‍ ഹാജിമാരില്‍നിന്ന് പതിനയ്യായിരം കൂട്ടി വാങ്ങുന്നതാണ് 'സബ്‌സിഡി'! ഗവണ്‍മെന്റ്, എയര്‍ ഇന്ത്യക്ക് നല്‍കുന്ന സബ്‌സിഡി വേറെയും. എയര്‍ ഇന്ത്യക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടങ്ങള്‍ ഇങ്ങനെയാണത്രെ നികത്താറുണ്ടായിരുന്നത്. പക്ഷേ, ഈ സത്യം പുറത്തുപറയാതെ വേറെ ന്യായങ്ങളാണ് എയര്‍ ഇന്ത്യ നിരത്തുക. ഹജ്ജ് യാത്രികരെ കയറ്റിപ്പോകുന്ന വിമാനം തിരിച്ചു പറക്കുന്നത് ആളുകളില്ലാതെയാണ്. അതില്‍ വരുന്ന നഷ്ടം കാരണമാണ് ടിക്കറ്റ് ചാര്‍ജ് കൂട്ടി ഈടാക്കുന്നത്. എന്നാല്‍, മറ്റു വിമാനക്കമ്പനികള്‍ ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍, സബ്‌സിഡികളൊന്നും പറ്റാതെ ഹജ്ജ് യാത്രികരെ കൊണ്ടുപോകാന്‍ തയാറാണെങ്കിലും, കുത്തക കൈവിടാന്‍ എയര്‍ ഇന്ത്യ ഒരുക്കമല്ല. ഹജ്ജ് സബ്‌സിഡി എന്നത് ചൂഷണത്തിന്റെ മറ്റൊരു പേരാണെന്നര്‍ഥം.

സകല പ്രീണനങ്ങളും ഒഴിവാക്കി ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കാനാണ് ഹജ്ജ് സബ്‌സിഡി ഒഴിവാക്കുന്നത് എന്നാണ് ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവന. പ്രീണനം എന്നാല്‍ ഹജ്ജ് സബ്‌സിഡി പോലുള്ളത്. അതിന്റെ യാഥാര്‍ഥ്യമാണ് നാമിപ്പോള്‍ പറഞ്ഞത്. മറ്റു മതവിഭാഗങ്ങളുടെ, പ്രത്യേകിച്ച് ഹൈന്ദവവിഭാഗങ്ങളുടെ തീര്‍ഥാടനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും എത്രയധികം വാരിക്കോരി കൊടുത്താലും അത് പ്രീണനമാവുകയുമില്ല! 2016-'17 കാലയളവില്‍ കേന്ദ്രം ഹജ്ജിനായി അനുവദിച്ചത് 450 കോടി രൂപ മാത്രമാണ്. ഹരിദ്വാറിലും അലഹബാദിലും നാസികിലും ഉജ്ജയ്‌നിലും മറ്റും നടക്കുന്ന കുംഭമേളകള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഉദാരമായി അനുവദിക്കുന്ന സാമ്പത്തിക സഹായങ്ങളെ ആരും പ്രീണനത്തിന്റെ പട്ടികയില്‍ പെടുത്താറില്ല. 2014-ല്‍ അലഹബാദ് കുംഭമേളക്ക് കേന്ദ്രം കൊടുത്തത് 1150 കോടി രൂപയാണ്. നാസിക് കുംഭക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കിവെച്ചത് 2500 കോടി. മധ്യപ്രദേശ് ഗവണ്‍മെന്റ് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഉജ്ജയ്‌നില്‍ നടക്കുന്ന സിംഹസ്ത മഹാ കുംഭക്ക് 2016-ല്‍ നല്‍കിയത് 3400 കോടി. അടുത്ത കുംഭമേളാ നടത്തിപ്പു ചെലവിലേക്ക് 5000 കോടി നല്‍കുമെന്ന് കേള്‍ക്കുന്നു. ഓരോ സംസ്ഥാന ഗവണ്‍മെന്റും പ്രാദേശിക ഉത്സവങ്ങള്‍ക്കും തീര്‍ഥാടനങ്ങള്‍ക്കും മറ്റും നീക്കിവെക്കുന്ന കോടികള്‍ വേറെയും. ഇതില്‍ ഹജ്ജിനു വേണ്ടി ഏതാനും ശതകോടികള്‍ നീക്കിവെച്ചാല്‍ മാത്രമാണ് പ്രീണനമാവുക! കേന്ദ്ര ഭരണകൂടത്തിന്റെ ഇരട്ടത്താപ്പും വിവേചനവും അസഹിഷ്ണുതയുമെല്ലാം ഒന്നിച്ച് വെളിപ്പെടുത്തുന്നുണ്ട് ഹജ്ജ് സബ്‌സിഡി നിര്‍ത്താനുള്ള തീരുമാനം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ!
കെ.സി ജലീല്‍ പുളിക്കല്‍